Friday, November 24, 2023

ശരികളിലെ ശരി തേടുമ്പോള്‍ ...

 ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍ നിന്നകന്നു  പോകും. അപ്പോള്‍ കൂട്ടത്തില്‍ നിന്നും പെട്ടെന്ന് ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയുടെ നിസ്സഹായതയിലേക്ക് നാം വഴുതി വീഴും.... 

പിന്നെ, നമ്മുടെ മനസ്സിലൊരു കടല്‍ അലമുറയിട്ട് വല്ലാതെ തിരകളാര്‍ക്കും...  കാലവര്‍ഷത്തിന്‍റെ തീരാപ്പക പോലെ നോവുപെരുക്കത്തില്‍പ്പെട്ട് തന്നോടുതന്നെ ചിന്തകള്‍ കലഹിക്കും... . അകാരണമായൊരു അരക്ഷിതത്തിന്‍റെ കനംകൊണ്ട് ശ്വാസനിശ്വാസങ്ങളില്‍ ഓര്‍മ്മകളിഴഞ്ഞു നടക്കും ..

 തോറ്റു പോയിട്ടും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു വിചാരത്തിന്‍റെ നൂലറ്റത്ത് ഒരു ചിരി കോര്‍ത്ത്കെട്ടി നടക്കുമ്പോഴും തേടാറില്ലേ  നാം എവിടെ വച്ചാണ്അവന്‍റെ / അവളുടെ നാം കോര്‍ത്തുപിടിച്ച  വിരലടര്‍ന്നു  പോയതെന്ന്...

ഇവിടെ തെറ്റ് എന്നതുണ്ടോ..?. ഒന്നോര്‍ത്താല്‍ ഇരുപുറവും ശരി മാത്രമല്ലേയുള്ളൂ.. നിന്‍റെ  ഇഷ്ടത്തിന്‍റെ ....വിശ്വാസത്തിന്‍റെ....കരുതലിന്‍റെ ഇഴകളിലേക്ക് അവനെ / അവളെ കൂട്ടിച്ചേര്‍ത്തു കെട്ടാന്‍ ആരാണ് പറഞ്ഞത് ? കനവിലെ ഓരോ രാമഴയിലേക്കും ഇറങ്ങിച്ചെന്നു  അവനോടൊപ്പം /അവളോടൊപ്പം  നിന്‍റെ ഇല്ലായ്മയും വല്ലായ്മയും പങ്കു വയ്ക്കുമ്പോള്‍ അവന് /അവള്‍ക്ക് നിങ്ങളാണോ പ്രിയര്‍ എന്ന ഒരു ചോദ്യത്തിലേക്ക് ഒരുമാത്ര എങ്കിലും നീ കടന്നു പോയിരുന്നുവോ...? 

 സുഖം വേണോ ദുഃഖം വേണോ എന്നൊരു ചോദ്യവുമായി ഒരിക്കല്‍ ദൈവം നിനക്ക് മുന്നിലെത്തിയാല്‍ നീയെന്താവും സ്വീകരിക്കുക ? സന്തോഷം തന്നെയാവില്ലേ..എന്താ സംശയം അത് തന്നെ എന്നാവും ഉത്തരം ല്ലേ...

അതുതന്നെയാണ് ഈ ദുനിയാവിലെ ചില കൂട്ടുക്കെട്ടികളിലും സംഭവിക്കുക ...ഇവിടെ സ്വാര്‍ത്ഥതയാണ് ഓരോ മനസ്സുകളെയും ഭരിക്കുന്നത്.ചതിയും വഞ്ചനയും കൈമുതലാക്കിയ ഒരു കൂട്ടം നരകഴുകന്മാര്‍ നമുക്ക് ചുറ്റും റാകിപ്പറക്കുന്നുണ്ട്... കണ്ണുവേണം എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഉള്‍ക്കണ്ണ്‍,,

അവന്‍/അവള്‍ ഒപ്പം കൂട്ടുക്കൂടി നടക്കും...പലതും പറഞ്ഞു കിട്ടാവുന്നത്ര ആവോളം പിടുങ്ങും ....കൂടുതല്‍ മികച്ചത് എന്ന് മറ്റൊന്ന് കണ്ടാല്‍  മെല്ലെ കളം മാറ്റി ചവിട്ടും ... 

ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍   നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍ നിന്ന്‍ അകന്നു  പോകും. അപ്പോള്‍ കൂട്ടത്തില്‍ നിന്നും പെട്ടെന്ന് ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയുടെ നിസ്സഹായതയിലേക്ക് നാം വഴുതി വീഴും....

ഒന്നുമാത്രം കരുതുക. അവനില്‍ നിന്ന്/ അവളില്‍ നിന്ന് ... ഇഷ്ടത്തിന്‍റെ കിട്ടാക്കടം ചോദിച്ചു വാങ്ങാന്‍ പോകരുത്..നമ്മില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന അവനെ / അവളെ  അവരുടെ വഴിക്ക് വിടുക. അവന്‍റെ/ അവളുടെ സന്തോഷമായിരുന്നല്ലോ ഇത്രനാളും നമ്മുടെയും സന്തോഷം ..അതുപോല്‍ ആരൊപ്പമായിരുന്നാലും അവന്‍ /അവള്‍ എപ്പൊഴും സന്തോഷമായിരിക്കട്ടെ...ലോകാ സമസ്താ സുഖിനോ ഭവന്തു....





    .

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...