Saturday, January 16, 2016

ഓര്‍മ്മകള്‍ തൊട്ടുരുമ്മുമ്പോള്‍

എട്ടുകാലികളെ പോലെയാണ്
ചില ഓര്‍മ്മകള്‍ ..
മറക്കാന്‍ ശ്രമിക്കുന്തോറും
മനസ്സാകെ വലകൾ
തീർത്തു കൊണ്ടിരിക്കും

ഒരായിരം ചോദ്യങ്ങളുമായി
കുണുങ്ങി കുറുമ്പുകാട്ടുന്ന
ഒന്നാം ക്ലാസ്സുകാരിയെ പോലെ
ഏതു തിരക്കിലുമത്
മനസ്സിനെ തൊട്ടുരുമി നില്‍ക്കും

ഉത്തരത്തിൽ പകച്ചിരുന്ന്
ചിലയ്ക്കുന്ന പല്ലിയെ പോലെ,
ഓർക്കാപ്പുറത്ത് പോലുമത്
ഒളിഞ്ഞിരുന്ന് മറയാത്ത
ശബ്ദരൂപങ്ങളെയുണർത്തും

ആലയിൽ പുകഞ്ഞെരിയുന്ന
കെടാത്ത കനലു പോലെ
ഓരോ ശ്വാസനിശ്വാസത്തിലും
ഉണര്‍ന്നുണര്‍ന്ന് മിഴികളിലത്‌
തുളുമ്പി നില്‍ക്കും .

അങ്ങനെയങ്ങനെ
ഒത്തിരിയൊത്തിരി
മറക്കാൻ ശ്രമിക്കുമ്പോഴാണ്
ഓർമ്മകളോരോന്നും
പെയ്തൊഴിയാത്ത മഴയായ്
മനസ്സില്‍ നിറയുന്നത്....

Sunday, January 10, 2016

മൌനമേ.....

നീ വരൂ.....
ആകാശം
തൊട്ടുണരുന്ന
കിനാവുകളുടെ
വയലറ്റുപൂക്കൾ പൂക്കുന്ന 
കൊടുമുടികളിലേക്ക്
നമുക്ക് യാത്ര പോകാം


നിറങ്ങളൂറുന്ന മിഴികളിൽ നോക്കി
നോവിൻറെ ഊടുവഴികൾ
മറികടക്കാം


നിശ്വാസങ്ങൾ ഉണരുന്ന
അധരങ്ങളാൽ വാക്കുകളെ
ബന്ധിതരാക്കാം


തപിക്കുന്ന നിമിഷങ്ങളുടെ
മേഘരൂപങ്ങളിൽ ഒളിഞ്ഞിരുന്ന് 
തളരുമ്പോൾ


കുളിരിൻറെ ഗസലുകൾ
പാടിപ്പാടി കെട്ടിപുണരുന്ന
മഴത്തുള്ളികളെപോൽ
ജീവനിലലിഞ്ഞു ചേരാം....

Friday, January 8, 2016

മരണമെത്തുന്ന നേരത്ത് ....

മരണത്തിന്‍റെ
അരികു പറ്റിച്ചേർന്ന്
നടക്കുമ്പോഴാവും
പിണങ്ങിപ്പോയ
ഓർമ്മകൾ പോലും
ഉറുമ്പിൻ നിര പോലെ
വേഗം വേഗം മനസ്സിലേക്ക്
വന്നണയുന്നത്......


വെന്തു പൊള്ളിയതിനെയും
കനലായ് നീറ്റുന്നതിനെയും
വെയിലത്തെത്തുന്നൊരു
ചാറ്റൽ മഴ പോലെ
കണ്ണീരിൽ കുതിർത്തു വയ്ക്കും


കൊഴിഞ്ഞ ഇലകളോടും
പടർമര ചില്ലകളോടും
കാറ്റിൻറെ ചീളുകളോടും
ശംഖിലെ കടലിരമ്പം പോലെ
രഹസ്യമായ് കഥകൾ പറയും


കേട്ടു മറക്കാത്ത ശബ്ദങ്ങള്‍ക്കും
വായിച്ചു മടുക്കാത്ത അദ്ധ്യായങ്ങൾക്കും
എഴുതിത്തീരാത്ത ഏടുകൾക്കും
ശബ്ദം വറ്റിയ അധരങ്ങളാൽ
ചുട്ടുപൊള്ളിക്കാതെ
ചുടുചുംബനം നൽകും....


മരണത്തിന്‍റെ
അരികു പറ്റിച്ചേർന്ന്
നടക്കുമ്പോഴാവും
പിണങ്ങിപ്പോയ
ഓർമ്മകൾ പോലും
ഉറുമ്പിൻ നിര പോലെ
വേഗം വേഗംമനസ്സിലേക്ക്
വന്നണയുന്നത്......

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...