Thursday, March 29, 2018

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ
മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല.
തളരുന്നു വരളുന്നു നീരുറവകളെങ്ങും
വേനലോ ചുറ്റിപ്പടർന്നിടുന്നു

ജീവന്റെ അമൃതാം നീരൂറ്റി മന്നൻ
അതിമോഹദാഹം കെടുത്തിടുമ്പോൾ
മറയുന്നു പുഴകൾ, തെറ്റുന്നു ഋതുക്കൾ
ഹരിതങ്ങളെല്ലാം സ്മൃതിയായിടുന്നു

നവസൗധങ്ങളെങ്ങുംഉയർന്നിടുമ്പോള്‍
നീരിന്നുറവയാം മലനിരകള്‍ മാഞ്ഞിടുന്നു
നന്നല്ല മാനുഷാ നീയിതു തുടര്‍ന്നെന്നാല്‍
നാളെകളെങ്ങനെ പൈദാഹമകറ്റിടും.

വെട്ടിയും മാന്തിയും നികത്തിയും നീ
നല്ല നനവുകളെയാകയും വറ്റിച്ചിടുന്നു
വരള്‍ച്ചകള്‍ ചുറ്റിലുംതാണ്ഡവമാടുമ്പോള്‍
നീരിന്‍റെ മൂല്യം നീയറിയാത്തതെന്തേ.

ഓർക്കുക മര്‍ത്ത്യാ ,കാലമെത്രയാകിലും
ശാസ്ത്രത്തില്‍ നീയെത്ര മുന്നേറിലും
എന്തിനുമേതിനും തെളിനീരില്ലാതെ
താണ്ടുവതെങ്ങനെ നല്ല നാളെകൾ നീ.

മരങ്ങൾ നടാതെ കരുതലുകളില്ലാതെ
നഗ്നയാക്കുന്നതെന്തേ നീയീ ഭൂമിയെ
‍പ്രാണനു ജീവനമേകുവാനെപ്പോഴും 
അമൃതാണീ ജലമെന്നോര്‍ക്കണം നീ..



ബാക്കി വച്ച വാക്കിനോരത്ത്

കനവുകളിലൊരു
ഊഞ്ഞാലു കെട്ടിടാൻ
നിൻ മിഴിക്കോണിലെ
നോട്ടം ഞാനിറുത്തെടുത്തു

രാവറിഞ്ഞില്ല
രാക്കിളികളറിഞ്ഞില്ല
നിലാത്തുണ്ടു നിരന്നൊരാ നേരത്ത്

രാക്കാറ്റു മാത്രം
രാപ്പൂവിന്‍ കാതിലെന്തോ
മൊഴിഞ്ഞു മെല്ലെ..

ബാക്കി വച്ചൊരാ
വാക്കിന്റെയരികത്ത്
തുന്നിപ്പിടിപ്പിച്ച
പുഞ്ചിരിയലുക്കുകൾ
ഒരു വേള കാണാതെ,
നൽകാതെ നീ എങ്ങു പോയ്...




പുനർജനിയിൽ


വായിക്കപ്പെടാതെ
മാറ്റിവയ്ക്കപ്പെടുന്ന
സ്വപ്നങ്ങളിലേക്ക്
എനിക്കൊരു
മഴയായി
പെയ്തിറങ്ങണം.
പൊള്ളാതെ
പൊള്ളിക്കുന്ന
വെയിലേറ്റങ്ങളെല്ലാം
തന്നിലേക്കാവാഹിച്ച്
പുഞ്ചിരിച്ച്
ഒന്നുമറിയാത്തതുപോൽ
തലയാട്ടുന്ന
ദലങ്ങളിലേക്ക്
ഒരു മർമ്മരത്തിന്റെ
നനവായി ഒട്ടിച്ചേരണം.
ശലഭങ്ങൾ
വിരുന്നു വരാത്ത
കാട്ടുപൂവിന്റെ
നൊമ്പരത്തിലേക്ക്
ഒരു മഞ്ഞിൻ കുളിരായ്
ചേർന്നു കിടക്കണം.
വരളുന്ന മണ്ണിന്റെ
ഗർഭങ്ങളിൽ
കെട്ടിപ്പുണർന്നു കിടക്കുന്ന
വേരുകളിലേക്ക്
നീരായി
ഇറങ്ങിച്ചെല്ലണം.
മാറ്റിവരയാനാവാത്ത
മഴവില്ലിൻ
ചിറകിനഴകിലേക്ക്
വേർതിരിക്കാനാവാത്ത
ഒരു നിറമായി
ചേർന്നലിഞ്ഞ്
വീണ്ടും മറയണം.

ഇത് വെറും കാട്ടുപൂവ്

എന്നെ
ഓർക്കുമ്പോൾ
തിരക്കുകൾ മാറ്റിവച്ച്
നീയൊരു കടൽത്തീരത്തേക്ക്
ചെല്ലുക ,

എത്ര പ്രക്ഷുബ്ധമെങ്കിലും
നിന്റെ കാൽപാദങ്ങളെ തഴുകാൻ
പൊട്ടിച്ചിരിച്ച്
ഓടിയെത്തുന്നുണ്ടാകും
തിരമാലകൾ ,

പിന്തിരിയരുത്......മെല്ലെ ,
നിന്റെ കൈക്കുമ്പിളിൽ
ആ തിരമാലകളെ നീ
കോരിനിറയ്ക്കുക...

എന്നോടു സംസാരിക്കണമെന്ന്
നിന്റെ മനസ്സു തുടിക്കുമ്പോൾ,
നീയൊരു പുല്ലാങ്കുഴൽ വാങ്ങുക..

മേലാകെ നോവുതുളകളുണ്ടെങ്കിലും
നിന്റെ അധരസ്പർശത്താലത്
ഉതിർക്കുന്ന മധുരഗാനത്തിന്റെ
ആഴങ്ങളിലേക്ക് ,
നീ നിന്റെ കാതുകളെ
ഇത്തിരി നേരമെങ്കിലും
തുറന്നുവയ്ക്കുക ..

നീയെന്നെ മറക്കാൻ
ആഗ്രഹിക്കുമ്പോൾ,
രാവു വിഴുങ്ങിയ
ആകാശക്കീറിന്റെ
അരികിലേക്ക്
നിന്റെ നോട്ടമെത്തിക്കുക..

എത്ര ദൂരത്താകിലും,
എത്ര ഉരുകിപിടഞ്ഞാലും,
നിന്റെ കാഴ്ചകളുടെ
ഉള്ളനക്കങ്ങളിലേക്കെത്താൻ
മിന്നിത്തെളിയുന്ന
ഒരു നക്ഷത്രത്തെ
നിനക്കു കാണാനാകും .

ഇത് വെറുമൊരു
കാട്ടുപൂവിൻ മർമ്മരങ്ങൾ ,
നിന്റെ നോട്ടമെത്താത്ത
ഒരു മനസ്സിലെന്നും
വിടരുന്ന ഒരു കാട്ടുപൂവിൻ
വെറും ജല്പനങ്ങൾ......

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...