Friday, April 30, 2010

വഴിക്കണ്ണുമായ്.......

മതിലിനപ്പുറം നിരത്തില്‍ ചീറിപ്പായുന്ന വണ്ടികളുടെ നിലവിളികള്‍ മാത്രം...എല്ലാം കൂടി കേള്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു വിങ്ങല്‍ പോലെ ...ശ്വാസത്തിനു കനം പോലെ... മേയുന്ന ആട്ടിന്‍ പറ്റങ്ങളെ പോലെ ആകാശത്ത് ഭംഗിയുള്ള മേഘകൂട്ടങ്ങളും, ഇളം കാറ്റില്‍ നൃത്തം വയ്ക്കുന്ന വയലേലകളും കശുമാവുകള്‍ തണലൊരുക്കുന്ന ഇടവഴികളും ഒക്കെയുള്ള തന്റെ ചെമ്പേരി ഗ്രാമം എത്ര സുന്ദരമായിരുന്നു..


അതിരാവിലെ എഴുന്നേറ്റ് രാമേട്ടന്റെ കടയില്‍ ചെന്നു ഒരു ചൂടു ചായ കുടിക്കുന്നതും, ഉച്ചയൂണിനു ശേഷം ഒരു ഉറക്കവും, വൈകുന്നേരം പാടവരമ്പത്തു കൂടെ നടന്നു ചെന്ന് ക്ഷേത്രമുറ്റത്തെ അരയാലിന്‍ ചോട്ടില്‍ കൂട്ടുകാരുമായി നാട്ടു വിശേഷങ്ങള്‍ പങ്കിട്ടിരിയ്ക്കുലും..അതൊക്കെ ആയിരുന്നു വര്‍ഷങ്ങളായുള്ള ശീലങ്ങള്‍.....
ഇപ്പോള്‍ ,ആ പതിവുകളൊക്കെ നഷ്ടമായിരിക്കുന്നു.


തറവാടിന്റെ വരാന്തയില്‍ കിടക്കുന്ന ചാരു കസേരയില്‍ ഇരുന്നു കിളികളുടെയും ഇലകളുടെയും സംഗീതം കാതോര്‍ക്കാന്‍ കഴിഞ്ഞിരുന്ന നാളുകള്‍..വിശാലമായ പറമ്പിലൂടെ അപ്പുവിനെ കൈപിടിച്ചു നടത്തിയ കാലങ്ങള്‍..


തകര്‍ന്നടിഞ്ഞു വീണ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പെറുക്കിയെടുത്ത പൊട്ടാത്ത ഇഷ്ടികകള്‍ പോലെ അപ്പുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ രാഘവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു..


അപ്പുവിനു ആറു മാസം മാത്രം പ്രായമുള്ളപ്പോഴാണ് കടുത്ത ജ്വരം പിടിപെട്ട് അവന്റെ അമ്മ ജാനു മരിക്കുന്നത്...“കുട്ടിയ്ക്ക് ഒരു അമ്മയുടെ പരിചരണം വേണം, അതിനായി നീ ഒരു വിവാഹത്തിനു തയ്യാറാവൂ രാഘവാ” എന്ന് പറഞ്ഞ് എല്ലാവരും അന്ന് ഒരുപാട് തവണ നിര്‍ബന്ധിച്ചിരുന്നു...ജാനുവിന്റെ സ്ഥാനത്ത് മറ്റൊരാള്‍...അങ്ങനെ ഒരു ചിന്ത ഒരിക്കലും സഹിക്കാനാവുന്നതായിരുന്നില്ല, മാത്രമല്ല, ഇനി വരുന്നവര്‍ തന്റെ മകനെ സ്നേഹിച്ചില്ലെങ്കിലൊ എന്നൊക്കെയോര്‍ത്ത് വീണ്ടും ഒരു വിവാഹത്തിനു മനസ്സു വന്നില്ല. അപ്പൂവിന് അച്ഛനും അമ്മയും ഒക്കെ താന്‍ തന്നെയായിരുന്നു..


അമ്മയില്ലാത്തതിന്റെ വേദന അവനെ അലട്ടിയിരുന്നുവോ...
അപ്പുവിന്റെ ജന്മദിനങ്ങളീല്‍ അവന്റെ കൈപിടിച്ച് അമ്പല നടയില്‍ കൊണ്ടു പോയി അവന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി വഴിപാടുകള്‍ നടത്തിയതും, അറിവിന്റെ ആദ്യാക്ഷരങ്ങള്‍ അവന്റെ നാവില്‍ എഴുതിച്ചതും, പുത്തന്‍ ഉടുപ്പുകള്‍ അണിയിച്ച് ആദ്യമായി വിദ്യാലയത്തിലേക്ക് കൈപിടിച്ച് കൊണ്ടു പോയതും, പട്ടണത്തിലെ കലാലയത്തില്‍ ചേര്‍ന്നപ്പോള്‍ ഭയന്നു നിന്ന അപ്പുവിന്റെ കൈപിടിച്ചു കലാലയത്തിന്റെ പടികള്‍ കയറി ചെന്നതും, ഉദ്യോഗത്തില്‍ പ്രവേശിക്കാനുള്ള കടലാസ്സ് കിട്ടിയപ്പോള്‍ അച്ഛനെ ഒറ്റയ്ക്കാക്കി എങ്ങനെ ദൂരേക്ക് പോകുമെന്നു പറഞ്ഞ് പോകാന്‍ വിസമ്മതിച്ച അവന്റെ കൈപിടിച്ച് ഉദ്യോഗത്തിന്റെ പടവുകള്‍ കയറുന്നതിനായി യാത്രയാക്കിയതും , ജാനുവിന്റെ ശ്രാദ്ധകര്‍മ്മങ്ങള്‍ക്കൊന്നും ഒരു മുടക്കവും വരുത്താതെ അവന്റെ കൈകളില്‍ വച്ച് ബലിച്ചോറ് അര്‍പ്പിച്ചതുമായ നാളുകള്‍ ഓരോന്നായി രാഘവന്‍ ഓര്‍ത്തു....


അപ്പുവിന്റെ ഉയര്‍ച്ചയ്ക്കും ആഗ്രഹങ്ങള്‍ക്കും മാത്രമാണെന്നും രാഘവന്‍ മുന്‍തൂക്കം നല്‍കിയിരുന്നത്. ‘അച്ഛനിവിടെ ഒറ്റയ്ക്ക് കഴിഞ്ഞാല്‍ ശരിയാവില്ല.ഈ ഗ്രാമത്തില്‍ വന്ന് താമസിക്കാന്‍ ഞങ്ങള്‍ക്കും കഴിയില്ല , ഇവിടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടില്ല ..അതിനൊക്കെ പറ്റിയത് ടൌണ്‍ തന്നെയാണ്..എന്തു സൌകര്യമാണെന്നോ അവിടെ ..അതിനാല്‍ ഈ തറവാട് വിറ്റ് പുതിയ ഫ്ലാറ്റ് വാങ്ങാം..”എന്നൊക്കെ കാര്യകാരണങ്ങള്‍ നിരത്തി വളരെ ലാഘവത്തോടെ തറവാട് വില്‍ക്കുന്നതിനെ കുറിച്ചു പറഞ്ഞപ്പോള്‍ അവന്റെ ഓരോ വാക്കും നെഞ്ചിനകത്ത് കനലു കോരിയിടുന്ന പോലെയുള്ള നീറ്റലാണു ഉണ്ടാക്കിയത്..പിന്നീട് ,ആലോചിച്ചപ്പോള്‍ അവന്റെ മനസ്സു വേദനിപ്പിക്കാനും തോന്നിയില്ല....


ഫ്ലാറ്റിലേക്ക് താമസം മാറ്റിയാല്‍ പിന്നെ കൊച്ചുമക്കള്‍ക്കൊരു കൂട്ടായി, അവരുടെ കളിയും ചിരിയും കണ്ട് എന്നും എല്ലാവരുമൊപ്പം സന്തോഷമായി കഴിയാമല്ലോ എന്ന് ആലോചിച്ച് മനസ്സിനെ സമാധാനിപ്പിച്ചിരുന്നു....പക്ഷേ,


“ഫ്ലാറ്റിലെ ജീവിതം അച്ഛനു വല്ലാതെ മടുപ്പുണ്ടാക്കും .എല്ലാവരും സ്കൂളിലും ഓഫീസിലുമായി പോയാല്‍ അച്ഛനവിടെ ആരും കൂട്ടില്ലല്ലോ.ഒന്നു വയ്യാതായാല്‍ ആരാ ഉണ്ടാവുക..”എന്നൊക്കെ അപ്പു പറയുന്നത് കേട്ടപ്പോള്‍ ...അവന്റെ അഭിപ്രായത്തിനു എതിരു നില്‍ക്കാതെ, ഓണത്തിനു അവന്‍ നല്‍കിയ പുത്തന്‍ ഉടുപ്പും മുണ്ടും ധരിച്ച് വിങ്ങുന്ന മനസ്സുമായി അവനൊപ്പം പടികള്‍ ഇറങ്ങി ....മനസ്സില്‍ തികട്ടി വന്ന വേദന ഒട്ടും പുറത്തു കാട്ടാതിരിക്കാന്‍ നന്നേ പാടുപ്പെട്ടു..... തിരിഞ്ഞൊന്നു തൊടിയിലേക്ക് നോക്കുക കൂടി ചെയ്തില്ല....നോക്കിയിരുന്നെങ്കില്‍ വിങ്ങി പൊട്ടുമായിരുന്നു മനസ്സ് ..മുന്നിലേക്ക് നടക്കാന്‍ പാദങ്ങള്‍ക്ക് ശക്തി കിട്ടിയിരുന്നില്ല.. പടിപ്പുരയിറങ്ങുമ്പോള്‍ അവന്റെ കൈകള്‍ സഹായിച്ചിരുന്നുവോ....


അപ്പുവിനൊത്ത് അവന്റെ അരികിലിരുന്ന് യാത്ര ചെയ്തപ്പോള്‍ മനസ്സിനു എന്തോ ഒരു സന്തോഷം തോന്നി...യാത്രയ്ക്കൊടുവില്‍ വണ്ടിയില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടുന്ന തന്നെ സഹായിക്കാന്‍...ഇവിടേക്ക് പടികള്‍ ചവിട്ടി കയറുവാന്‍ വിഷമിക്കുന്ന തന്റെ പാദങ്ങള്‍ക്ക് ഊര്‍ജ്ജം പകരുവാന്‍ അപ്പുവിന്റെ കൈകള്‍ തനിക്ക് താങ്ങായതും... ഓര്‍ത്തപ്പോള്‍ രാഘവനു തന്റെ പൊന്നു മകന്‍ അപ്പുവിനെ വീണ്ടും കാണാന്‍ കൊതിയായി... .


ജീവിത തിരക്കുകളില്‍ ഓടീ നടക്കുന്ന മകന്‍ ഒരു മാത്ര എങ്കിലും ഒരു നോക്കു കാണാന്‍ ഈ വൃദ്ധസദനത്തിന്റെ പടികള്‍ കയറി വന്നിരുന്നെങ്കില്‍ എന്ന് ഓര്‍ത്തപ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.........




(‘പുനര്‍ജ്ജനി‘യില്‍ വച്ച് ഞാന്‍ പരിചയപ്പെട്ട ഒരു അപ്പൂപ്പന്റെ വേദനയില്‍ നിന്നൊരേട്.....)

Thursday, April 29, 2010

ജീവതാളം...

തുരുമ്പിച്ച ജനലഴികളില്‍ പിടിച്ച് അയാള്‍ അകലേക്ക് നോക്കിയിരുന്നു.അവിടേ സമാന്തരങ്ങളായി പോകുന്ന പാളങ്ങള്‍ അയാള്‍ക്ക് കാണാം.അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടികളും തന്റെ ജീവിതയാത്രയുടെ കാതം കുറയ്ക്കും പോലെ അയാള്‍ക്കു തോന്നി...


ഇതു പോലെ ഒരു തീവണ്ടി കടന്നു പോയപ്പോഴാണ് ,ബാല്യത്തില്‍ എങ്ങനെയോ ഒറ്റപ്പെട്ട് അയാള്‍ എത്തിയത് . ചൊവ്വയൂര്‍ ഗ്രാമത്തിലെ ആ റെയില്‍വേ സ്റ്റേഷനില്‍...


വിശന്നു പൊരിഞ്ഞ് ഒരു മൂലയില്‍ ഒതുങ്ങി കൂടിയിരുന്നു കരയുന്ന ആ ബാലനെ കണ്ടെത്തിയത് അവിടെ ഒരു ചെറിയ ഹോട്ടല്‍ നടത്തുന്ന സുപ്പയ്യ ആയിരുന്നു.സുപ്പയ്യയുടെ ചുവന്നു കലങ്ങിയ കണ്ണുകളും വലിയ മീശയും ഒക്കെ ആ ബാലനില്‍ പേടിയുണര്‍ത്തി എങ്കിലും ചൂടു പാറുന്ന ചായയുമായി സുപ്പയ്യ വിളിച്ചപ്പോള്‍ അവന്‍ കൂടെ ചെന്നു.


അയാള്‍ അവന് രാമു എന്നു പേരിട്ടു. വയറു നിറയെ ഭക്ഷണം നല്‍കി.തല ചായ്ച്ചു റങ്ങാന്‍ ഹോട്ടലിന്റെ പിറകില്‍ കുറച്ച് സ്ഥലവും ഒരു കീറ പായയും നല്‍കി.....
പിന്നീടു പയ്യെ പയ്യെ അവന്‍ കണ്ടു , ആ ചുവന്നു കലങ്ങിയ കണ്ണുകളില്‍ സ്നേഹത്തിന്റേയും വാത്സല്യത്തിന്റെയും തിളക്കം...


ദിവസങ്ങള്‍ കൊഴിഞ്ഞു വീഴവേ...ഏകനായ സുപ്പയ്യക്ക് രാമുവും ,രാമുവിനു സുപ്പയ്യയും ആരൊക്കെയോ ആയി മാറുകയായിരുന്നു...
അവന്‍ അയാളുടെ സഹായി ആയി മാറി.ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് ചായ എടുത്തു കൊടുക്കാനും ഗ്ലാസ് കഴുകാനും അവന്‍ ശീലിച്ചു.പിന്നെ, പിന്നെ , സ്റ്റേഷനില്‍ ഓരോ വണ്ടി എത്തുമ്പോഴും അവന്‍ പലഹാരങ്ങള്‍ വില്‍ക്കാന്‍ പോയി തുടങ്ങി....


ഒരു പ്രഭാതത്തില്‍ കടയില്‍ സുപ്പയ്യയെ കാണാനില്ല.അന്വേഷിച്ചു ചെന്ന രാമു കണ്ടത് വഴിയില്‍ എഴുന്നേല്‍ക്കാന്‍ വയ്യാതെ തളര്‍ന്നു കിടക്കുന്ന സുപ്പയ്യയെ ആണ്.സുപ്പയ്യ കിടപ്പിലായതോടെ കട നടത്തിപ്പിന്റെ ചുമതല രാമുവിനായ . സുപ്പയ്യയുടെ അവസ്ഥ അവനെ തളര്‍ത്തി എങ്കിലും സുപ്പയ്യയുടെ വാക്കുകള്‍ അവന് മനോബലം നല്‍കി...


“ ഈ പാളത്തിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയുമാണു നമ്മുടെ ജീവിതം..കടന്നു വരുന്ന ഓരോ തീവണ്ടിയിലുമാണു നാം നമ്മുടെ സ്വപ്നം വിതയ്ക്കേണ്ടത്.അതിന്റെ സംഗീതമാണ് നമ്മുടെ ജീവതാളം.ആ താളം കാതോര്‍ത്ത് നീ അവിടെ എത്തണം.പതിവു പോലെ ആഹാരം വില്‍ക്കാന്‍”


സുപ്പയ്യയുടെ ഈ വാക്കുകള്‍ ഒരു മന്ത്രം പോലെ അവന്റെ മനസ്സില്‍ പ്രതിധ്വനിച്ചു...


അന്നു മുതല്‍ ഓരോ തീവണ്ടി എത്തുന്ന സമയത്തും ആവശ്യമായ ആഹാര സാധനങ്ങളുമായി സ്റ്റേഷനില്‍ അവന്‍ എത്തി തുടങ്ങി....
ഒരു മകന്റെ വാത്സല്യത്തോടെ അവന്‍ സുപ്പയ്യെ ശുശ്രൂഷിച്ചു എങ്കിലും , അധികം താമസിയാതെ അവനെ തനിച്ചാക്കി സുപ്പയ്യ യാത്രയായി...


വീണ്ടും അനാഥനായി മാറിയ അവന്‍.സുപ്പയ്യയുടെ ഓര്‍മ്മകളില്‍ ആ കട നടത്തി വന്നു .
എന്നും നാലു മണിയ്ക്കുള്ള തീവണ്ടി കടന്നു പോകുന്ന ശബ്ദം കേട്ടാണ അവന്‍ ഉറക്കം ഉണരുക.
അന്നും അവന്‍ ഉണര്‍ന്നു.പക്ഷേ ,ശരീരം അനക്കാന്‍ കഴിയുന്നില്ല.മേലാസകലം വേദന കൊണ്ട് പുളയും പോലെ അവനു തോന്നി.


തീരെ അവശനായ അവന്‍ അന്നു തന്നെ അടുത്തുള്ള വൈദ്യരെ പോയി കണ്ടു.വൈദ്യരാണ് ടൌണിലെ വലിയ ആശുപത്രിയിലേക്ക് അവനെ വിട്ടത്.അവിടെ വച്ച് അവന്‍ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞു.


തനിക്കിനി ഈ യാത്ര അധികം ഇല്ല..ഏതു നേരത്തും മരിച്ചു പോകാം.തന്റെ മജ്ജയിലാകെ അര്‍ബുദം എന്ന മാരക രോഗം പടര്‍ന്നിരിക്കുന്നു എന്ന സത്യം അവനെ വേദനിപ്പിച്ചു.


ആശുപത്രി കിടക്കയിലായ അവന്‍ അവിടെ കിടന്ന് അവന്‍ അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടിയുടെ ചൂളം വിളിയിലൂടെയും തന്റെ ജീവിത ചക്രം നീങ്ങുന്നതറിഞ്ഞൂ.


കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ താളവും അവന്‍ തന്റേ നെഞ്ചിടിപ്പിന്റെ.....
ജീവന്റെ താളമായി അവനു തോന്നി....അവനത് ഏറ്റുവാങ്ങുകയായിരുന്നു.....

കൊഴിഞ്ഞു പോയവർ.........

കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ ചുവരില്‍ ജീവിക്കുന്ന ചുവപ്പു നിറമുള്ള ക്ലോക്കിലേക്ക് നോക്കി. ഓ..! മണി ആറു കഴിഞ്ഞിരിക്കുന്നു.


അവധി ദിനങ്ങളില്‍ ഇതു തന്നെയാണു പതിവ്. വൈകിയേ ഉണരാറുള്ളൂ.
ഉണര്‍ന്നാലും, വീണ്ടും അങ്ങനെ കുറച്ചു നേരം കൂടി കിടക്കും.ഒരുപാടു നാളുകള്‍ക്കു ശേഷം വീണു കിട്ടിയ അവധിയാണ്.അതും മൂന്നു ദിവസം അടുപ്പിച്ച് .അതിനാല്‍, ഇന്നലെ സ്കൂളില്‍ എല്ലാവരും വലിയ സന്തോഷത്തില്‍ ആയിരുന്നു.സന്തോഷത്തോടെ തന്നെയാണ് വൈകിട്ടു പിരിഞ്ഞതും.


ഇന്നിനി എന്താ പലഹാരം ഉണ്ടാക്കുക .. ? ചോറിനു എന്താ കറി വയ്ക്കുക..?
ഹോ! ഒരു വല്ലാത്ത ഒരു കുഴഞ്ഞ കാര്യം തന്നെയിത്. എന്നും ഇങ്ങനെ മാറ്റി മാറ്റി ഭക്ഷണം ഉണ്ടാക്കുക...എന്നിങ്ങനെ പലവിധ ചിന്തകള് കൊണ്ട് മനസ്സ് മാറാല നെയ്യാന്‍ തുടങ്ങിയപ്പോഴാണ്......


“മിന്നടി മിന്നടി മിന്നാമിനുങ്ങേ...മിന്നും നക്ഷത്രപെണ്ണേ..”എന്ന് മൊബൈല്‍ പാടി തുടങ്ങിയത്.
ഇത് ആരാണാവോ ഇത്ര രാവിലെ ? വല്ല മരണ അറിയിപ്പോ വല്ലതുമാണൊ? മൊബൈല്‍ എടുത്തു ആരാണ് വിളിക്കുന്നതു എന്ന് നോക്കാന്‍ തോന്നിയില്ല.കാള്‍ അറ്റന്‍ഡ് ചെയ്തു.അപ്പോഴാണ് അങ്ങേ തലയ്ക്കല്‍ നിന്നും റാമിന്റെ തിടുക്കത്തിലുള്ള ശബ്ദം കേട്ടത്..


“മീനാക്ഷി...താന്‍ ഇന്നു ഫ്രീ അല്ലേ ?
ഒരു ന്യൂസ് ഒന്നു റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമോ ?”


എവിടെയാ..? എന്താ കാര്യം...? ആകെ കാത്തിരുന്നു കിട്ടിയ അവധിയാ ഞാന്‍ തന്നെ പോകണോ...?


“അതെ, ഒരു രഹസ്യ റിപ്പോര്‍ട്ട് കിട്ടി,ഇന്നു രാവിലെ 10 മണിക്ക് മുന്‍പ് ആ റെയില്‍വേ സ്റ്റേഷനു സമീപത്തെ കടകള്‍ പൊളിച്ചു മാറ്റുന്നു എന്ന് , നീ തീര്‍ച്ചയായും ഉണ്ടാകണം അവിടെ. ക്യാമറയുമായി രോഹിത്ത് അവിടെയെത്തും.അതു പോലെ ഇന്നു സുധീര്‍ വരില്ല ന്യൂസ് റീഡിഗിനു. അവന്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പോയിരിക്കയാ..അതിനും നീ വരുമല്ലോ.ഓക്കെ...അപ്പോള്‍ എല്ലാം പറഞ്ഞ പോലെ” എന്നു പറഞ്ഞ്. മറുപടിക്കു കാത്തു നില്‍ക്കാതെ റാം മൊബൈല്‍ കട്ട് ചെയ്തു...


കേട്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി പോയി.കാരണം,
റെയില്‍വേ സ്റ്റേഷനു മുന്നിലെ ചെറിയ കടകള്‍ ....അവിടുത്തെ ആളുകള്‍....
എല്ലാവരേയും ഞാന്‍ എന്നും കാണുന്നതാണ്....
ആ കടകളൊന്നിന്റെ മുന്നില്‍ എന്നും കാണാറുള്ള ..“കിങ്ങിണി കുട്ടി“.....


“കിങ്ങിണി“ അതാണ് ഞാനും രേഖയും അവള്‍ക്കിട്ടിരിക്കുന്ന പേര്.രണ്ടോ ,മൂന്നോ വയസ്സേ ഉണ്ടാകൂ അവള്‍ക്ക്.കറുപ്പിനു ഏഴഴകാണെന്നു പറയുന്നത് ശരിയാണെന്നു എനിക്ക് തോന്നുന്നത് അവളെ കാണുമ്പോഴാണ്.എന്നും ഉണ്ടാകും അവള്‍ ആ കടയുടെ മുന്നിലോ സൈഡിലോ...


ട്രെയിനില്‍ വന്നിറങ്ങിയിട്ട് അവിടെ നിന്ന് സ്കൂള്‍ ബസ്സില്‍ കയറുന്ന രണ്ടു അധ്യാപികമാരുണ്ട്..അവര്‍ക്കു വേണ്ടി സ്കൂള്‍ ബസ്സ് നിര്‍ത്തുമ്പോഴാണ് ഞാനെന്നും അവളെ..ആ കിങ്ങിണിക്കുട്ടിയെ കാണുന്നത്..അത്ഭുതത്തോടെ അവള്‍ ഞങ്ങളെ നോക്കാറുണ്ട്....ചിലപ്പോഴൊക്കെ കൈവീശി ടാറ്റയും പറയാറുണ്ട് അവള്‍..ഇന്നലെ വൈകിട്ടു വരുമ്പോഴും കണ്ടിരുന്നു അവളെ..കൈയ്യില്‍ ഒരു ചെറിയ വടിയുമായി അവള്‍ ഓടി നടക്കുന്നത്.


ആ കടയില്‍ തടിച്ച് കുറുകിയ കറുത്ത മനുഷ്യനും.ഒരു മെലിഞ്ഞ സ്ത്രീയും , ഏഴെട്ടു വയസ്സ് പ്രായം തോന്നുന്ന മറ്റൊരു കുട്ടിയും ഉണ്ടാകും.എന്നും കാണുന്നതിനാല്‍ , കുറുകിയ മനുഷ്യന്റേതാണു ആ കടയെന്നും മെലിഞ്ഞ സ്ത്രീ അയാളുടെ ഭാര്യയാണെന്നും വലിയ കുട്ടി അവരുടെ മൂത്ത മകളും കിങ്ങിണി അവരുടെ ഇളയ കുട്ടിയാണെന്നും എനിക്കു തോന്നി. ഒരു ദിവസം ആ കടയും കിങ്ങിണീക്കുട്ടിയേയും കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ വല്ലാത്ത ഒരു നഷ്ടബോധം മനസ്സില്‍ തോന്നുമായിരുന്നു.....


ഞാന്‍ ആ കടയുടെ ചലനങ്ങള്‍ പലപ്പോഴും ഞാന്‍ നോക്കാറുണ്ട് ...
അപ്പോഴോക്കെ മനസ്സില്‍ സങ്കടവും ദേഷ്യവും തോന്നാറുണ്ട്.കാരണം,
രാവിലെ നല്ല തിരക്കായിരിക്കും അവിടെ.അപ്പോഴൊക്കെ കാണുന്നത്, ആ പാവം സ്ത്രീ ഗ്ലാസ്സ് കഴുകുന്നതും, ചായ ഒഴിക്കുന്നതും, എണ്ണയില്‍ പലഹാരങ്ങള്‍ വറുത്തു കോരുന്നതുമൊക്കെയാണ്....
ആ കുറുകിയ മനുഷ്യന്‍ ഒരിടത്തു ഇരിക്കയേ ഉള്ളൂ.അയാള്‍ ഇതു വരെ ആ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഒരു ചായ പോലും ഒഴിക്കുന്നതു കണ്ടിട്ടില്ല.എന്തൊരു മനുഷ്യനാണത് ...!ക്രൂരന്‍,ദുഷ്ടന്‍...കണ്ടില്ലേ ആ സ്ത്രീയെ കൊണ്ടു പണിയെടുപ്പിച്ചിട്ട് മുതലാളി ചമഞ്ഞ് ഇരിക്കുന്നത്.എങ്ങനെ തോന്നുന്നു ആ മനുഷ്യന് ഇത്ര ദയയില്ലാതെ പെരുമാറാന്‍.എവിടെയും ആധിപത്യം സ്ഥാപിക്കാന്‍ പുരുഷന്മാര്‍ക്ക് തന്നെ മിടുക്ക് എന്ന് പറഞ്ഞ് പലപ്പോഴും അയാളുടെ ആ സ്വഭാവത്തെ കുറിച്ച് രേഖയോട് ഞാന്‍ പരിഭവം പറയാറുണ്ട്....


കഴിഞ്ഞ ആഴ്ച രണ്ടു മൂന്നു ദിവസം ആ കട അടഞ്ഞു കിടന്നിരുന്നു.അന്ന് വല്ലാത്തെ ഒരു വേദന തോന്നി മനസ്സില്‍.അവര്‍ക്ക് എന്തു പറ്റി.പാവം സ്ത്രീ ..ആ സ്ത്രീക്ക് വല്ല അസുഖവുമായി കാണുമോ എന്ന ചിന്തയായിരുന്നു എന്റെ മനസ്സു നിറയെ.ആ ഓര്‍മ്മ ഒരു നീറ്റലോടെ മനസ്സില്‍ തങ്ങി നിന്നിരുന്നു.
അവര്‍ക്ക് എന്താ പറ്റിയത് ? ഒന്നും അറിയാന്‍ കഴിയുന്നില്ലല്ലോ.എന്ന് ഞാന്‍ സങ്കടം പറഞ്ഞപ്പോഴൊക്കെ “അവര്‍ നിന്റെ ആരാ ....അവരുമായി യാതൊരു ബന്ധവും ഇല്ലല്ലോ.പിന്നെ എന്തിനാ നിനക്ക് ആവശ്യമില്ലാത്ത കാര്യത്തിനു ടെന്‍ഷന്‍ ?”എന്നു പറഞ്ഞ് രേഖ എന്നെ ശാസിക്കുകയും ചെയ്തിരുന്നു.....


പിന്നെ ആ കട വീണ്ടും തുറന്നു കണ്ടപ്പോഴാ മനസ്സിനു ആശ്വാസമായത്..


ഇന്നിതാ, ദൈവമെ !അവരുടെ കടയും ഉണ്ടാകുമോ? എങ്കില്‍ അവര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് കിട്ടിയിട്ടുണ്ടാവില്ലേ ? അവര്‍ക്ക് ഒന്നും വരുത്തല്ലേ ദൈവമെ...എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ട്... വേഗം അടുക്കളയിലെത്തി ഭക്ഷണം ഉണ്ടാക്കി തീര്‍ത്തു.....


അപ്പോഴൊക്കെയും,കഞ്ഞി മുക്കാത്ത മുഷിഞ്ഞ സാരിയുടുത്ത കറുത്തു മെലിഞ്ഞ ആ സ്ത്രീ കഷ്ടപ്പാടിന്റെ പ്രതീകമെന്നോണം മനസ്സില്‍ നിറഞ്ഞു നിന്നു.


പത്തു മണിക്കു മുമ്പു തന്നെ ഒരിക്കല്‍ കൂടി റാമിനെ വിളിച്ച് ഉറപ്പു വരുത്തി.കേട്ടതില്‍ സത്യമുണ്ടോ എന്നു.“തന്നെ എളുപ്പം ചെല്ലൂ....അവിടെ പ്രശ്നസാധ്യത ഉണ്ട് ”എന്നു പറഞ്ഞ് വീണ്ടും ഫോണ്‍ കട്ടായപ്പോള്‍ പെട്ടെന്നു തന്നെ ഞാനും അവിടെക്ക് പാഞ്ഞു....


ഞാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച അതി ദയനീയമായിരുന്നു.....


റെയില്‍വേ സ്റ്റേഷനു മുന്നിലെ റോഡിന്റെ വശങ്ങളിലായി സ്ഥാപിച്ചിരുന്ന അഞ്ചാറു ചെറിയ കടകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുന്നു.പോലീസും , ഉദ്യോഗസ്ഥന്മാരും എല്ലാവരും ഉണ്ട്.
തങ്ങളുടെ ജീവിത മാര്‍ഗമായിരുന്ന ആ കടകള്‍ കുളം തോണ്ടുന്നത് കണ്ട് ആളുകള്‍ വാവിട്ടു മാറത്തടിച്ച് നിലവിളിക്കുന്നു. ചില പുരുഷന്മാര്‍ ആ ജെസിബിക്കു മുന്നില്‍ കയറി ‘ഞങ്ങളെ കൊന്നിട്ടു മതി ഇത്‘ എന്നു പറഞ്ഞ് ജെ സി ബി തടയാന്‍ ശ്രമിക്കുന്നു...അവരെ പോലീസുകാര്‍ ബലം പ്രയോഗിച്ച് മാറ്റുന്നു ...ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. ആ കടകളില്‍ നിന്നും ചില സാധനങ്ങള്‍ അവിടമാകെ ചിന്നി ചിതറി കിടക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ,നാട്ടുകാര്‍, വഴിപോക്കര്‍...അങ്ങ്നെ അവിടെ എല്ലാരും കൂടി നില്‍ക്കയാണ്..


അവധി ദിനം തന്നെ ഈ പൊളിച്ചു നീക്കലിനായി തെരഞ്ഞെടുത്തതിനാല്‍ ഒരു സ്റ്റേ ഓര്‍ഡര്‍ പോലും കിട്ടാനുള്ള സാധ്യത ഇല്ല എന്ന് പറഞ്ഞ് ആളുകള്‍ അടക്കം പറയുന്നുണ്ട്.


ആ ആളുകളുടെ കൂട്ടത്തിലേക്ക് എന്റെ കണ്ണുകള്‍ പരതി. ആ കൂട്ടത്തില്‍ കിങ്ങിണിയുടെ അമ്മയും ഉണ്ടോ? അവരുടെ കടയതാ നിലം പരിശായി കിടക്കുന്നു.അതാ ...കിങ്ങിണീയുടെ അമ്മ എന്തൊക്കെയോ പുലമ്പി കൊണ്ട് തലയില്‍ അടിച്ച് കരയുന്നു...


രോഹിത്ത് എല്ലാം ക്യാമറയില്‍ ഒപ്പിയെടുക്കുകയാണ്.എനിക്കെന്തോ,അവിടുത്തെ കാഴ്ച കണ്ടപ്പോള്‍ തല കറങ്ങുന്നതു പോലെ തോന്നി. പക്ഷേ, മനോബലം ഉണ്ടായേ തീരൂ.


എല്ലാം കണ്ടു മനസ്സിലാക്കി വേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍.സിറ്റി ന്യൂസ് ആളുകള്‍ കാത്തിരിക്കുകയാവും ഇന്ന്.അവര്‍ക്ക് സത്യസന്ധമായ റിപ്പോര്‍ട്ട് വേണം നല്‍കാന്‍.അതിനാല്‍ താന്‍ തളരാന്‍ പാടില്ല.
പോലീസുകാരോടും ഉദ്യോഗസ്ഥന്മാരോടും പൊളിച്ചു നീക്കലിനെ കുറിച്ചുള്ള വിശദ വിവരം തിരക്കി.ആളുകളുടെ വിവിധ പ്രതികരണങ്ങളും ചോദിച്ചറിഞ്ഞു.


അന്നേരമാണു നടുക്കുന്ന മറ്റൊരു വാര്‍ത്ത കൂടി ഞാന്‍ അറിഞ്ഞത്.ആ കടക്കാരെല്ലാം താമസിച്ചിരുന്നതും ആ കടയ്ക്കുള്ളില്‍ തന്നെയായിരുന്നു.കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി അതു തന്നെയാണു അവരുറ്റെ പാര്‍പ്പിടം.അവിടെ നില്‍ക്കുന്ന ഓരോ നിമിഷവും സ്ത്രീകളുടെയും പുരുഷന്മാരുടെയും വാവിട്ടുള്ള നിലവിളികള്‍ എന്റെ മനസ്സിനെ പിച്ചിച്ചീന്തുന്നതു പോലെ എനിക്കു തോന്നി.....


ആ കുട്ടികള്‍ എവിടെ...? കിങ്ങിണിയും അവളുടെ ചേച്ചിയും ? അവരെ അന്വേഷിച്ചു ചെന്നപ്പൊഴാണു ഞാന്‍ കാണുന്നത്....അതാ , കുറച്ചു മാറി....


കക്ഷത്ത് ഊന്നു വടികളുമായി , ഒരു കാല്‍ നഷ്ടപ്പെട്ട , ഒരു കുറുകിയ കറുത്ത മനുഷ്യന്‍...
നിസ്സഹായനായി , നിര്‍നിമേഷനായി അകലേക്ക് നോക്കി ഒരു മരത്തില്‍ ചാരി നില്‍ക്കുന്നു....
അരികത്ത് രണ്ടു കുട്ടികള്‍...കിങ്ങിണിയും അവളുടെ ചേച്ചിയും...അവര്‍ പേടിച്ചരണ്ടു ഇരിക്കുയാണ്.


ആ കാഴ്ച കണ്ട് ശരിക്കും ഞാന്‍ ഞെട്ടിപ്പോയി..ഞാന്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറയുകയായിരുന്നു.
ഇങ്ങനെയുള്ള ഒരു മനുഷ്യനെയാണോ ദൈവമേ എന്നും ഞാന്‍ വെറുപ്പോടെ നോക്കി കണ്ടിരുന്നത്.
പാവം അയാള്‍ ! എനിക്ക് കാണാനാവുന്നുണ്ട് .അയാള്‍ക്കു മുന്നില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നത്.
ഇനി, അവര്‍ എങ്ങോട്ടു പോകും...?അവര്‍ ഇനി എങ്ങനെ കഴിയും...
അവര്‍ ഇനി എവിടെ തല ചായ്ച്ചുറങ്ങും?


ബസ്സില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ പതിയുന്ന ധാരാളം കാഴ്ചകള്‍ ഉണ്ടെങ്കിലും , ഈ കുടുംബത്തിന്റെ അവസ്ഥകള്‍ മനസ്സില്‍ എവിടെയോ ആഴത്തില്‍ ഇടം നേടിയിരുന്നു.
വൈകിട്ട് ന്യൂസ് റീഡിംഗ് സമയത്ത് കണ്ടു ...നിസ്സഹയാനായ ആ മനുഷ്യന്റെ മുഖം...വീണ്ടും....
എന്തോ...വായിക്കാന്‍ കഴിഞ്ഞില്ല....
അവരോട് ഒരിക്കല്‍ പോലും മിണ്ടിയിട്ടില്ലായിരുന്നു എങ്കിലും നിത്യവുമുള്ള പരിചയം അവരെ എന്റെ സ്വന്തമാക്കിയിരുന്നു.അവരുടെ ഓര്‍മകളില്‍ നിന്നൂറിയ വേദന തൊണ്ടയില്‍ കുടുങ്ങി ...ശബ്ദത്തിനു ഇടര്‍ച്ചയും..കണ്ണൂകക്ക് നനവും ഉണ്ടായി...അന്നത്തെ വായനയില്‍ കൂടുതല്‍ കട്ടിംഗ് വന്നു ...


ഇന്നും സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഞാന്‍ ആ കടയുണ്ടായിരുന്ന ഭാഗത്തേക്ക് നോക്കും.
അപ്പോഴും മനസ്സില്‍ എവിടെയോ ഒരു തേങ്ങല്‍.ആ സ്ത്രീയുടെ നിലവിളി ഇപ്പോഴും എന്റെ മനസ്സില്‍ മുഴങ്ങും പോലെ.അവരുടെ പ്രാബ്ദങ്ങള്‍ നിത്യവും കണ്ട് അവരുടെ ഒരു നൊമ്പര ചിത്രം മനസ്സില്‍ ഇടം നേടിയിരുന്നു..ആ സ്ത്രീയുടെ വേദന ഞാന് അനുഭവിക്കുമായിരുന്നു.
അവരിപ്പോള്‍ എവിടെയാവും.....?
എങ്ങനെ കഴിയുന്നുണ്ടാകും.....?
ദൈവം എന്തിനു വേണ്ടിയാണിങ്ങനെ ജന്മങ്ങള്‍ നല്‍കുന്നത്....?
പാവങ്ങള്‍ അവര്‍ !

Monday, April 26, 2010

എന്‍ കിനാക്കള്‍.........

ഓര്‍മ്മകളെ തോല്പിച്ചു വേണ-
മെനിക്കെന്റെ വിലയെഴാ
കിനാക്കളെ തിരിച്ചെടുക്കാന്‍...

പെറ്റു പെരുകുമെന്നുറച്ചു
മാനം കാണാതെ ഒളിപ്പിച്ച 
മയിപ്പീലി പോലവേ..

അന്ധകാരമേല്‍കാതെ 
നേരിന്‍ തൂവെണ്മയേകി 
മനക്കാമ്പില്‍ നിധി പോല്‍ 
കാത്തു വച്ചൊരാ കിനാക്കളെ 
കട്ടെടുത്തു ഞാനിന്നെന്‍
ഓര്‍മ്മകള്‍ക്ക്
വിലപേശലിനു നല്‍കി....

ഇന്നെവിടെന്‍ കിനാക്കള്‍....?
നറുതിരി മണമോലും 
എന്‍ കിനാക്കള്‍...

തച്ചുടയ്ക്കുവാന്‍ പാഞ്ഞടുക്കും
നീരാളി പോല്‍ മാ‍നവര്‍ ചുറ്റും
ശില പോല്‍ മാനസം തീര്‍ത്തതില്‍
സ്വാര്‍ഥമോഹങ്ങള്‍ വിതച്ചു രസിക്കെ..

ദൈന്യതയോലും യാചനാ
മിഴികളുമായി ഓരോ മുഖങ്ങളിലും
ഉറ്റു നോക്കുന്നു ഞാന്‍

കാണ്മതിലൊരിടത്തും 
നേരിന്‍ നിശ്ശബ്ദ ദീപ്തം

ഓരോ മനസ്സും ചികഞ്ഞു നോക്കി
നേരിന്‍ ഗന്ധമാം നറു സുഗന്ധം

കാണുന്നു ഞാനെവിടെയും

കഠോര മാനസം തീര്‍ത്തൊരാ
മൃഗതൃഷ്ണ ഗര്‍ഭം ധരിച്ചതാം
ഉന്മാദത്തിന്‍ നൃത്തം മാത്രം!!

മരീചിക പോല്‍ ഭ്രമിപ്പിക്കും ചതി
തന്‍ പൊയ്മുഖങ്ങള്‍ മാത്രം!!

ഞെട്ടി പിന്തിരിഞ്ഞു നടകൊള്ളവെ
നല്‍കി ഞാനെന്‍ കിനാക്കളെ
ഓര്‍മ്മകള്‍ക്ക് സമ്മാനമായി

ഓര്‍മ്മകളെ തോല്പിച്ചു
വേണമിനി എനിക്കെന്റെ
വിലയെഴാ കിനാക്കളെ
തിരിച്ചെടുക്കാന്‍...

വിഷുപ്പക്ഷി കൺ തുറന്നപ്പോൾ......

വീണ്ടും തിരിച്ചു പോകാനുള്ള ടിക്കറ്റ് ഓക്കെ ആയി കിട്ടിരിക്കുന്നു....കൈനീട്ടി ആ ടിക്കറ്റ് വാങ്ങിയപ്പോള്‍ എന്തിനാണ് തന്റെ കൈകള്‍ വിറച്ചിരുന്നത്...മനസ്സിന് ഒരു വിങ്ങല്‍ അനുഭവപ്പെട്ടിരുന്നത് എന്തുകൊണ്ടാവാം......?


എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോയത്..രണ്ടു മാസത്തെ ലീവിനാണ് ആഗ്രഹിച്ചത് .. അതു കിട്ടുമെന്നു തന്നെയായിരുന്നു വിശ്വാസവും.. എന്നാല്‍, കിട്ടിയതോ വെറും നാല്പത് ദിവസത്തെ അവധി മാത്രം... സങ്കടം തോന്നിയെങ്കിലും ലീവ് അനുവദിച്ചു കിട്ടാതെ വിഷമിക്കുന്നവരെ കുറിച്ച് ഓര്‍ത്തപ്പോള്‍ കിട്ടിയ നാല്പതു ദിവസത്തില്‍ സന്തോഷം തോന്നി...
ഇതാ ദിവസങ്ങള്‍ പെട്ടെന്ന് വെറും നാലു മണിക്കൂര്‍ പോലെ കടന്നു പോയിരിക്കുന്നു....


തിരിച്ചു പോകാന്‍ മനസ്സു അനുവദിക്കുന്നതേയില്ല......അമ്മുവിന്റെ പഠിപ്പ്.. അവളുടെ വിവാഹം...വീടിന്റെ പുതുക്കി പണിയല്‍...അങ്ങനെ ചെയ്തു തീര്‍ക്കാന്‍ ഒരു പാടു കാര്യങ്ങള്‍........ .പിന്നെ എങ്ങനെയാ തിരിച്ചു പോകാതിരിക്കുക....


വീണ്ടും ,നിശ്വാസങ്ങള്‍ ഉതിരുന്ന... മടുപ്പ് തോന്നുന്ന ദിനങ്ങളാണിനി എന്നെയും കാത്തിരിക്കുന്നത്..


അവിടെ, ചെറിയ മുറികളില്‍ പത്തും പതിനഞ്ചും പേര്‍ ഒരുമിച്ച് ....എല്ലാവരും പല നാട്ടുകാര്‍...പ്രാരബ്ദങ്ങളിലും കെട്ടുപാടുകളിലുമായി കുരുങ്ങി കിടക്കുന്നവരാണധികം...


എല്ലാവര്‍ക്കുമുണ്ട് സ്വപ്നങ്ങള്‍..പക്ഷേ, ഓരോരുത്തരുടെയും കിനാവില്‍ തെളിയുന്നത് ...സഹോദരങ്ങളുടെയോ കുട്ടികളുടെയോ പഠിത്തവും, സഹോദരിയുടെയെ വിവാഹവും,കടകെണിയില്‍ നിന്നു മുക്തരാകുന്ന ഒരു ദിവസവും, സ്വന്തമായി ഒരു കിടപ്പാടം തന്റെ കുടുംബത്തിനായി കെട്ടിപ്പടുക്കുന്നതിന്റെയും ചിത്രങ്ങള്‍ മാത്രമല്ലേ...


അധ്വാനത്തിന്റെ പങ്കു കൊണ്ട് കെട്ടിപ്പടുക്കുന്ന മണിമാളികയില്‍ അന്തിയുറങ്ങി കൊതി തീര്‍ന്നവരായ ഒരു പ്രവാസിയെങ്കിലും ഉണ്ടാകുമോ...?കുടുംബത്തിനായി തന്റെ ഇഷ്ടങ്ങള്‍ മാറ്റി വയ്ക്കുന്നവരായ പ്രവാസികള്‍ക്ക് എങ്ങനെയാണ് സ്വന്തം ജീവിതത്തിനെപ്പറ്റി സ്വപ്നം കാണാന്‍ കഴിയുക...നഷ്ടമാകുന്ന ജീവിതത്തിന്റെ നിശ്വാസങ്ങള്‍ മാത്രം സ്വന്തമായുള്ളവര്‍....


മുറിയില്‍ കൂട്ടുകര്‍ അധികമുണ്ടെങ്കിലും ഓരോരുത്തര്‍ ഓരോ ഷിഫ്റ്റ് വര്‍ക്ക് ചെയ്യുന്നവരായതിനാല്‍ ജോലി ചെയ്ത് തളര്‍ന്ന് വന്നപാടെ ചിലര്‍ കിടന്നുറങ്ങും.അവരുടെ ഉറക്കത്തിനു ഭംഗം വരാതെയിരിക്കാനായി ഒരു മൂളി പാട്ടു പോലും പാടാതെ മറ്റുള്ളവര്‍ കരുതേണ്ടതുണ്ട്....


ആകെ ഒഴിവു കിട്ടുന്നത് വെള്ളിയാഴ്ചയാണ്....അന്നാണ് കൂട്ടുകാരുമായി ഒന്നു ഒത്തു കൂടുക...ആ ദിവസം മാത്രമേയുള്ളൂ മനസ്സു തുറന്ന് ഒന്ന് സന്തോഷിക്കാന്‍ കഴിയുന്നുള്ളൂ.....കൂട്ടുകാരുമായി പോയി ചിലപ്പൊള്‍ ഒരു സിനിമയും കണ്ട് അവരുടെ താവളങ്ങളില്‍ ചെന്ന് ഒരു പാര്‍ട്ടിയും കൂടി തിരിച്ചു വരുമ്പോഴേക്ക് ആ ദിവസവും തീര്‍ന്നിരിക്കും...


ജോലി ചെയ്ത് തളര്‍ന്നു വന്ന് ആഹാരം ഉണ്ടാക്കുമ്പോഴോ, ചെയ്തു തുടങ്ങുന്നത് സാമ്പാര്‍ മനസ്സില്‍ കണ്ടു കൊണ്ടാവും പക്ഷേ ഒടുവിലത് രസം പോലെ ആവും ആയി തീരുക....അങ്ങനെ പുളിയും എരിവും ഉപ്പും ചേരാത്ത കറി കൂട്ടി ഓരോ ഉരുള ചോറും വായിലെത്തിക്കുമ്പോള്‍ എത്ര ചിത്രങ്ങളാണ് മനസ്സിന്റെ ചില്ലു പാളിയില്‍ തെളിയുക..


കുട്ടിക്കാലത്ത് സ്വാദുള്ള കറികളുമായി അമ്മ ചോറു വാരി തരുന്നതും, ചോറും കറിയും വിളമ്പി അമ്മ കാത്തിരിക്കുന്നതും അമ്മയോട് കറികള്‍ നന്നായില്ല എന്ന പരാതി നിരത്തുന്നതും ..അങ്ങനെ ...അങ്ങനെ...


വിഷുവിനു നാട്ടില്‍ ഉണ്ടാവണം എന്നു നേരത്തെ നിശ്ചയിച്ചതായിരുന്നു ..അതിനു വേണ്ടി തന്നെ രണ്ടു വര്‍ഷം ലീവെടുക്കാതെ പണിയെടുക്കേണ്ടി വന്നു. ലീവ് അപ്രൂവ് ആയി എന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ എന്തു സന്തോഷമായിരുന്നു...ഓരോ ശ്വാസത്തിലും പിന്നെയങ്ങോട്ട് നാടും വീടും മാത്രമായിരുന്നു.....


ഒരു മഴ കാണാന്‍ കൂടി കൊതിച്ച് വന്ന തനിക്ക് എന്തായാലും ഈ യാത്രയില്‍ ആ ഭാഗ്യവും
ഉണ്ടായിരിക്കുന്നു..വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയപ്പോള്‍ എന്തായാലും തിമിര്‍ത്തു പെയ്തിറങ്ങിയ മഴ നനയാനും ആസ്വദിക്കാനും കഴിഞ്ഞു...


നാട്ടിലെത്തിയപ്പോള്‍ ഏറ്റവും അതിശയിപ്പിച്ചത് നേരത്തേ പൂത്ത് വിഷുവിന്റെ ആഗമനം കാത്തു നിന്ന കണിക്കൊന്നകള്‍ തന്നെയാണ്... വിഷു കൂടാന്‍ വന്ന തന്നെ സ്വീകരിക്കാന്‍ നില്‍ക്കും
പോലെയായിരുന്നു കണിക്കൊന്നകള്‍ പാതയോരത്ത് മഞ്ഞപന്തല്‍ ഒരുക്കിയിരുന്നത്...


വിഷുകാലത്തിന്റെ ഓര്‍മ്മകള്‍ നിരവധിയാണ്...
പണ്ട്, കൂട്ടുകാരുമൊത്ത് കണി ഒരുക്കുന്നതിനായി കണിക്കൊന്ന കൈക്കലാകാന്‍ വേണ്ടി ഓടി നടക്കുമായിരുന്നു...തൊടിയിലും വഴിയോരത്തും ധാരാളം കൊന്ന പൂത്തു കിടന്നാലും വിഷുവിന്റെ തലേന്ന് അതെല്ലാം ആളുകള്‍ പറിച്ചു കൊണ്ടു പോയിരിക്കും...വിഷുക്കണി ഒരുക്കുന്നത് അമ്മയാണ്.. ഞങ്ങള്‍ കുട്ടികള്‍ അമ്മയെ സഹായിക്കാന്‍ ചെല്ലും...‘ഒരു സഹായവും വേണ്ടാട്ടൊ‘ എന്നു പറഞ്ഞ് അമ്മ പായിക്കും ഞങ്ങളെ.... ..കാരണമെന്തെന്നോ, കണിയൊരുക്കാന്‍ വാങ്ങുന്ന ആപ്പിള്‍, ഓറഞ്ച്, പഴുത്ത മാമ്പഴം, മുന്തിരി ,പഴം...എന്നിവയിലൊക്കെയാവും എന്റെയും ഏട്ടന്റെയും അമ്മുവിന്റെയും കണ്ണുകള്‍...
“കണികണ്ടു കഴിഞ്ഞേ ഇതില്‍ നിന്നും എന്തും എടുത്തു കഴിക്കാവ്വൂ ട്ടോ”എന്നു അമ്മ
പറഞ്ഞാലും എട്ടന്‍ അമ്മ കാണാതെ മുന്തിരി കൈക്കലാക്കും ..അമ്മയോടു പറയാതിരിക്കാന്‍
എനിക്കും അമ്മൂന്നും കൂടി മുന്തിരികള്‍ തരാറുണ്ടായിരുന്നു..


വിഷു ദിവസം അതിരാവിലെ അമ്മ ആദ്യം വിളിച്ചുണര്‍ത്തുന്നത് എന്നെ തന്നെയായിരുന്നു..പിന്നെയാണ് അമ്മൂനെ വിളിക്കുക ..അതു കഴിഞ്ഞേ ഏട്ടനെ വിളിച്ചുണര്‍ത്തൂ ..കാരണം,അതി രാവിലെ എഴുന്നേല്‍ക്കുക എന്നത് ഏട്ടനു ഇഷ്ടമായിരുന്നില്ല..ഒരുപാടു പണിപ്പെട്ടായിരുന്നു അമ്മ ഏട്ടനെ ഉണര്‍ത്തിയിരുന്നത്..


അമ്മയുടെ നനുത്ത കൈകള്‍ കൊണ്ട് എന്റെ കണ്ണുകള്‍ പൊത്തിയതിനു ശേഷമേ അമ്മ എന്നെ
വിളിച്ചുണര്‍ത്താറുള്ളൂ...എങ്ങും തട്ടാതെ, സൂക്ഷിച്ചു കണികാണിക്കാന്‍ കൊണ്ടു പോകുമായിരുന്നു ....അമ്മയുടെ ആ നനുത്ത വിരലുകളുടെ സ്പര്‍ശം ഇപ്പൊഴും കണ്‍ തടങ്ങളില്‍ ഉള്ളതു പോലെ.....


കുളിച്ച് വിഷുക്കോടിയണിഞ്ഞ് അമ്മയില്‍ നിന്നും കൈനീട്ടം വാങ്ങിയ ശേഷം ഞങ്ങള്‍ മൂവരും നേരെ പോകുന്നത് അമ്മാവന്റെ വീട്ടിലേക്ക് ആയിരുന്നു...അവിടെചെല്ലുമ്പോള്‍ അമ്മാവന്റെയും അമ്മായിയുടെയും വക വിഷുകൈനീട്ടം കിട്ടിയിരുന്നു .പിന്നെ, മൂവരും കൈനീട്ടമായി കിട്ടിയ ചില്ലറകളുടെ ഗമയിലാവും അന്ന്...അന്ന് വിഷു ...മനസ്സിന്റെ ഉത്സവമായിരുന്നു....


ഏട്ടന്‍ പാവമായിരുന്നു...നല്ലതു പോലെ പഠിക്കുകയും ചെയ്യുമായിരുന്നു...അതുകൊണ്ടാണല്ലോ പഠിച്ചിറങ്ങിയ ഉടന്‍ തന്നെ ഏട്ടന് ജോലി ലഭിച്ചതും...ഏട്ടനു നിയമന ഉത്തരവു ലഭിച്ച ദിവസം എന്തു സന്തോഷമായിരുന്നു എല്ലാവര്‍ക്കും...


”രഘുവിനു ജോലി ആയില്ലേ, ഇനി ഭാനുവമ്മ രക്ഷപ്പെട്ടുവല്ലോ ‘എന്ന് പലരും അമ്മയോടു പറഞ്ഞു കേട്ടിട്ടുണ്ട്...അപ്പോഴെല്ലാം അത് ശരിയാണെന്ന് തനിക്കും തോന്നിയിരുന്നു...കാരണം അച്ഛന്‍ മരിച്ചതില്‍ പിന്നെ, പശുക്കള്‍, കോഴി എന്നിവയൊക്കെ വളര്‍ത്തിയും പറമ്പില്‍ നിന്നു ലഭിക്കുന്ന
തുച്ഛമായ വരുമാനവും കൊണ്ടാണ് അമ്മ ഞങ്ങളെ മൂന്നു പേരെയും ഒരു അല്ലുമറിയിക്കാതെ പോറ്റിയിരുന്നത്...


വിധിയെ തടുക്കാന്‍ ആര്‍ക്കാ കഴിയുക...അല്ലെങ്കില്‍ , ജോലിക്കു പോകാനായി ഏട്ടന്‍ ബസ് കാത്തു നിന്ന സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട വണ്ടി പാഞ്ഞ് കയറുമായിരുന്നോ...


ഏട്ടന്റെ വേര്‍പാടാണ് കുടുംബത്തിന്റെ ചുമതല എന്നില്‍ ഏല്പിച്ചത്..ഗള്‍ഫിലേക്ക് ഒരു വിസ തരപ്പെടുത്തി തരാന്‍ സഹായിച്ചതും അമ്മാവന്‍ തന്നെയായിരുന്നു..അമ്മയേയും അമ്മൂനെയും ഒറ്റയ്ക്കാക്കി പോകാന്‍ വിഷമം ഉണ്ടായിരുന്നു എങ്കിലും..പോകേണ്ടി വന്നു....


“എവിടെക്കാ കുട്ടിയ്യ്യ് ഈ വെയിലത്ത് പോയി വരുന്നത്“ നാണിത്തള്ളയുടെ ചോദ്യം കേട്ടപ്പോഴാണ് നന്ദന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.


ഗള്‍ഫിലേക്കു മടങ്ങാനുള്ള ടിക്കറ്റ് ഓക്കെയായി കിട്ടി ..ഇനി മൂന്നു ദിവസത്തിനകം
പോകും എന്നു അമ്മയോടു പറയാന്‍ തന്നെ ഒരു വിഷമം...എങ്ങെന്യാ പറയുക കേള്‍ക്കുമ്പോള്‍ അമ്മയുടെ കണ്ണു നിറയും അതു തീര്‍ച്ച....എന്ന് ഓരോന്ന് ആലോചിച്ച് വീട്ടിലേക്കുള്ള ഒറ്റയടി പാതയിലൂടെ അയാള്‍ നടന്നു......

Tuesday, April 20, 2010

ഇവൾ നന്ദിനിക്കുട്ടി.....

നേരം സന്ധ്യ മയങ്ങി തുടങ്ങീയിരിക്കുന്നു...ഇന്നും താന്‍ വൈകിയോ...?
എത്ര ശ്രമിച്ചിട്ടും കാലുകള്‍ക്ക് വേഗത കിട്ടുന്നില്ല......ഇനി വേണം നാളത്തേക്കുള്ള പച്ചക്കറികള്‍ വാങ്ങേണ്ടത്...പെട്ടെന്ന് മനസ്സു ബാഗില്‍ കിടക്കുന്ന ചെറിയ പേഴ്സിലേക്ക് പായിച്ചു...അതിനും കൂടി ഉണ്ടാവണം ഇനി ചില്ലറകള്‍ ബാക്കി...ചെലവുകള്‍ അനുദിനം കൂടി കൂടി വരികയാണ്..ഒപ്പം തന്റെ ദീര്‍ഘനിശ്വാസങ്ങളും....


‘’ഇപ്പോഴാണോ കുട്ടിയേ ജോലി കഴിഞ്ഞു മടങ്ങുന്നത്’‘ ചോദ്യം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത് ..
താന്‍ കടയ്ക്കു മുന്നില്‍ എത്തിയിരിക്കുന്നു..അടുത്ത വീട്ടിലെ രാമേട്ടനാണ്....രാമട്ടേനോട് ലേശം ദേഷ്യം മനസ്സില്‍ തോന്നിയോ..എന്തെല്ലാമാണ് അറിയേണ്ടത്...അന്യരുടെ ജീവിതത്തിലെക്ക് ഉള്ള എത്തി നോട്ടം ചിലര്‍ക്ക് ഒരു ഹോബി തന്നെയാന്..അല്ലെങ്കില്‍ എന്തിനു ദേഷ്യപ്പെടണം...ശരിയല്ലേ വെളുക്കുമ്പോള്‍ പുറപ്പെടുന്നതാണു താന്‍.. കൂടെ ജോലി ചെയ്യുന്നവരെല്ലാം ഇപ്പോള്‍ വിളക്കു കൊളുത്തി നാമം ജപിക്കുന്നുണ്ടാകും.. ടിവിക്കു മുന്നിലിരുന്ന് സീരിയല്‍ കാണുന്നുണ്ടാകും...മക്കളോടൊപ്പം ഇരുന്ന് പഠിപ്പിക്കുന്നുണ്ടാവാം...
താന്‍ മാത്രം...തനിക്കു മാത്രം ....എന്തിനു വേണ്ടിയാണീ കഷ്ടപ്പാട്!


മുറ്റത്തെ മാവില്‍ കൂടുകൂട്ടിയിരിക്കുന്ന കിളികളുടെ കലപില ശബ്ദമാണു എന്നും തന്നെ വിളിച്ചുണര്‍ത്തുന്നത്.എന്താവാം അവ ഇത്ര രാവിലെ പറയുന്നത്..? അവയും ആ ദിവസം കഴിച്ചു കൂട്ടുന്നതിന്റെ ആവലാതികള്‍ പറയുന്നതാവാം ...മിക്കവാറും പ്രാതല്‍ ഉണ്ടാക്കി കഴിയുമ്പോഴാവും അമ്പലനടയില്‍ നിന്നും സുപ്രഭാതം കേട്ടു തുടങ്ങുക.പിന്നെ പെട്ടെന്നു തന്നെ ചോറും കറികളും വച്ചുണ്ടാക്കുന്ന തിരക്കിലായി..അമ്മയ്ക്ക് വയ്യാകയായതില്‍ പിന്നെ ഒക്കെ തയ്യാറാക്കി വച്ചിട്ടേ പോകാറുള്ളൂ.അടുക്കളയിലെ ജീവിതത്തിനിടയില്‍ സമയമറിയിക്കാനായി കൂട്ടിനെത്തുക എഫ് എം സ്റ്റേഷനാണ്...അതിലൂടെ ഒഴുകിയെത്തുന്ന ഭക്തിഗാനങ്ങളിലൂടെ മനസ്സ് എല്ലാ അമ്പലനടയിലും എത്തി പ്രദക്ഷിണം വയ്ക്കും..ഒറ്റയ്ക്കു നിന്ന് ജോലി ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ അറിയാതെ എഫ് എമിനും, മിക്സിയ്ക്കും, ഗ്യാസ് സ്റ്റവിനും ഒക്കെ നന്ദി പറയാറുണ്ട്..കാരണം ,ആ ഏകാന്തതയില്‍ തനിക്കു കൂട്ടുകാര്‍ അവര്‍ മാത്രമാണല്ലോ......


ജോലിയൊക്കെ ഒതുക്കി ഓടി ചെന്നു കുളിച്ച് ഒരുങ്ങിയിറങ്ങുമ്പോഴേക്ക് സമയം ആറു മണി കഴിഞ്ഞിട്ടുണ്ടാകും..പിന്നെ,ഒരോട്ടം തന്നെയാണു ട്യൂട്ടോറിയലിലേക്ക്...
കൃത്യം 6.30 നു തന്നെ ക്ലാസ്സുകള്‍ തുടങ്ങീയിരിക്കണമെന്നതാണ് അവിടെ നിയമം...
ഇതു വരെ താന്‍ വൈകീയിട്ടുമില്ല...അവിടുന്നു പിന്നെ സ്കൂളിലെത്താന്‍ മറ്റൊരോട്ടം......


അമ്മയെ കാണാന്‍ വന്ന മാലിനിയേട്ടത്തി മക്കളുടെ പഠിത്തത്തിനെ കുറിച്ച് വിഷമം പറയുകയും വൈകുന്നേരങ്ങളില്‍ കുറച്ചു നേരം കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ നന്ദിനിയ്ക്ക് സമയം ഉണ്ടാകുമോ എന്നു കൂടി ചോദിച്ചപ്പോള്‍ ..ആ ജോലിയും സ്വമനസ്സാലെ ഏറ്റെടുക്കയായിരുന്നില്ലേ താന്‍..അപ്പോഴും തന്റെ ബദ്ധപ്പാടിനെ കുറിച്ച് ചിന്തിച്ചില്ല..വീട്ടിന്റെ വാടക, മാളുവിന്റെ പഠിത്തം, ഇതിനൊക്കെ താന്‍ ഇത്തിരി കഷ്ടപ്പെട്ടേ മതിയാകൂ...എന്നേ ചിന്തിച്ചുള്ളൂ...അല്ലെങ്കിലും ...വെറുതെയിരിക്കുമ്പോള്‍ ഓര്‍ക്കാന്‍ നല്ല ഓര്‍മ്മകള്‍ ഇല്ലാത്തതു കൊണ്ടാവാം എപ്പോഴും തിരക്കുകളില്‍പ്പെട്ട് ഓടി നടക്കാനാണിഷ്ടം മനസ്സിനുണ്ടാകുന്നത്..


എങ്കിലും,വിധിയുടെ വിളയാട്ടത്തെപ്പറ്റി ഈയിടെയായി പലപ്പോഴും ഓര്‍ത്തു പോകുന്നു...
വായനയ്ക്കും നൃത്തത്തിനും സംഗീതത്തിനും മാത്രം ഏറെ പ്രാധാന്യം കൊടുത്തിരുന്ന താന്‍,ഒരിക്കലും ഒരു അദ്ധ്യാപിക ആകുമെന്നു പ്രതീക്ഷിച്ചിരുന്നുവോ.. പരീക്ഷ എത്തുമ്പോള്‍ മാത്രം പഠിക്കുന്ന ആളായിരുന്ന താന്‍.. കലാലയത്തില്‍ എത്തിയപ്പോഴും പഠിത്തത്തേക്കാള്‍ പ്രാധാന്യം നല്‍കിയത് നൃത്തത്തിനു തന്നെയായിരുന്നില്ലേ.. സമ്മാനങ്ങള്‍ വാങ്ങി കൂട്ടുക എന്നതും കൂട്ടുകാരികളുമായി തമാശയും പൊട്ടിച്ചിരികളുമായി കഴിയുക എന്നതു മാത്രമായിരുന്നു അന്നത്തെ ഹരം...


വീട്ടിലെത്തിയാല്‍ എന്നും തനിച്ചായിരുന്നു..വായനയുടെ ലോകത്തിലും ഇഷ്ടഗാനങ്ങള്‍ കേട്ടും വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലെ ഏകാന്തതയെ തോല്പിക്കാന്‍ ആയിരുന്നു ഇഷ്ടം..


പക്ഷേ, ആഞ്ഞടിച്ച കൊടുംകാറ്റില്‍ അകപ്പെട്ടതു പോലെ ജീവിതം പെട്ടെന്നു മാറിമറിയുകായിരുന്നു.ഒരു കൊച്ചു താലി ചരടില്‍ നിന്നും ശകാരവും പ്രഹരവും വേദനയും ഏറ്റു വാങ്ങിയ നാളുകള്‍.പലപ്പോഴും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ ബലിഷ്ടകരങ്ങള്‍ കഴുത്തില്‍ മുറുകുമ്പോള്‍ ഒരിറ്റ് ശ്വാസത്തിനായി താന്‍ പിടഞ്ഞിട്ടുണ്ട്.രണ്ടു മൂന്നു ദിനങ്ങള്‍ മരണവുമായി മല്ലിട്ടപ്പോള്‍ ...കിട്ടിയതാണു വീണ്ടുമീ പുനര്‍ജന്മം....
ഒടുവില്‍..എല്ലാ ബന്ധങ്ങളില്‍ നിന്നും മോചനം നേടിയപ്പോള്‍ മനസ്സു കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു തുടര്‍പഠനം..എന്തിനായിരുന്നു .. ഒരിറ്റു ശ്വാസത്തിനായി താന്‍ അന്ന് കാത്തു കിടന്നത്...
വീണ്ടും ഈ ഭൂമിയില്‍ ശ്വസിച്ചു മരിക്കുന്നതിനോ...?


‘’എന്താ നന്ദിനിക്കുട്ടി..ഇന്നു ഒരുപാടു വൈകിയല്ലോ നീ‘’..അമ്മയുടെ ശബ്ദം കേട്ടാണ് ചിന്തകളുടെ മാറാലയില്‍ നിന്നും മനസ്സു ഉണര്‍ന്നത്......ഓ...വീടെത്തിയിരിക്കുന്നു...
സന്ധ്യാദീപത്തിനു മുന്നില്‍ ഒരു നിമിഷം കണ്ണടച്ച് അകത്തേക്ക് കടന്നു......
മറ്റൊരു പകലിനായി....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...