Thursday, April 29, 2010

കൊഴിഞ്ഞു പോയവർ.........

കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ ചുവരില്‍ ജീവിക്കുന്ന ചുവപ്പു നിറമുള്ള ക്ലോക്കിലേക്ക് നോക്കി. ഓ..! മണി ആറു കഴിഞ്ഞിരിക്കുന്നു.


അവധി ദിനങ്ങളില്‍ ഇതു തന്നെയാണു പതിവ്. വൈകിയേ ഉണരാറുള്ളൂ.
ഉണര്‍ന്നാലും, വീണ്ടും അങ്ങനെ കുറച്ചു നേരം കൂടി കിടക്കും.ഒരുപാടു നാളുകള്‍ക്കു ശേഷം വീണു കിട്ടിയ അവധിയാണ്.അതും മൂന്നു ദിവസം അടുപ്പിച്ച് .അതിനാല്‍, ഇന്നലെ സ്കൂളില്‍ എല്ലാവരും വലിയ സന്തോഷത്തില്‍ ആയിരുന്നു.സന്തോഷത്തോടെ തന്നെയാണ് വൈകിട്ടു പിരിഞ്ഞതും.


ഇന്നിനി എന്താ പലഹാരം ഉണ്ടാക്കുക .. ? ചോറിനു എന്താ കറി വയ്ക്കുക..?
ഹോ! ഒരു വല്ലാത്ത ഒരു കുഴഞ്ഞ കാര്യം തന്നെയിത്. എന്നും ഇങ്ങനെ മാറ്റി മാറ്റി ഭക്ഷണം ഉണ്ടാക്കുക...എന്നിങ്ങനെ പലവിധ ചിന്തകള് കൊണ്ട് മനസ്സ് മാറാല നെയ്യാന്‍ തുടങ്ങിയപ്പോഴാണ്......


“മിന്നടി മിന്നടി മിന്നാമിനുങ്ങേ...മിന്നും നക്ഷത്രപെണ്ണേ..”എന്ന് മൊബൈല്‍ പാടി തുടങ്ങിയത്.
ഇത് ആരാണാവോ ഇത്ര രാവിലെ ? വല്ല മരണ അറിയിപ്പോ വല്ലതുമാണൊ? മൊബൈല്‍ എടുത്തു ആരാണ് വിളിക്കുന്നതു എന്ന് നോക്കാന്‍ തോന്നിയില്ല.കാള്‍ അറ്റന്‍ഡ് ചെയ്തു.അപ്പോഴാണ് അങ്ങേ തലയ്ക്കല്‍ നിന്നും റാമിന്റെ തിടുക്കത്തിലുള്ള ശബ്ദം കേട്ടത്..


“മീനാക്ഷി...താന്‍ ഇന്നു ഫ്രീ അല്ലേ ?
ഒരു ന്യൂസ് ഒന്നു റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമോ ?”


എവിടെയാ..? എന്താ കാര്യം...? ആകെ കാത്തിരുന്നു കിട്ടിയ അവധിയാ ഞാന്‍ തന്നെ പോകണോ...?


“അതെ, ഒരു രഹസ്യ റിപ്പോര്‍ട്ട് കിട്ടി,ഇന്നു രാവിലെ 10 മണിക്ക് മുന്‍പ് ആ റെയില്‍വേ സ്റ്റേഷനു സമീപത്തെ കടകള്‍ പൊളിച്ചു മാറ്റുന്നു എന്ന് , നീ തീര്‍ച്ചയായും ഉണ്ടാകണം അവിടെ. ക്യാമറയുമായി രോഹിത്ത് അവിടെയെത്തും.അതു പോലെ ഇന്നു സുധീര്‍ വരില്ല ന്യൂസ് റീഡിഗിനു. അവന്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പോയിരിക്കയാ..അതിനും നീ വരുമല്ലോ.ഓക്കെ...അപ്പോള്‍ എല്ലാം പറഞ്ഞ പോലെ” എന്നു പറഞ്ഞ്. മറുപടിക്കു കാത്തു നില്‍ക്കാതെ റാം മൊബൈല്‍ കട്ട് ചെയ്തു...


കേട്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി പോയി.കാരണം,
റെയില്‍വേ സ്റ്റേഷനു മുന്നിലെ ചെറിയ കടകള്‍ ....അവിടുത്തെ ആളുകള്‍....
എല്ലാവരേയും ഞാന്‍ എന്നും കാണുന്നതാണ്....
ആ കടകളൊന്നിന്റെ മുന്നില്‍ എന്നും കാണാറുള്ള ..“കിങ്ങിണി കുട്ടി“.....


“കിങ്ങിണി“ അതാണ് ഞാനും രേഖയും അവള്‍ക്കിട്ടിരിക്കുന്ന പേര്.രണ്ടോ ,മൂന്നോ വയസ്സേ ഉണ്ടാകൂ അവള്‍ക്ക്.കറുപ്പിനു ഏഴഴകാണെന്നു പറയുന്നത് ശരിയാണെന്നു എനിക്ക് തോന്നുന്നത് അവളെ കാണുമ്പോഴാണ്.എന്നും ഉണ്ടാകും അവള്‍ ആ കടയുടെ മുന്നിലോ സൈഡിലോ...


ട്രെയിനില്‍ വന്നിറങ്ങിയിട്ട് അവിടെ നിന്ന് സ്കൂള്‍ ബസ്സില്‍ കയറുന്ന രണ്ടു അധ്യാപികമാരുണ്ട്..അവര്‍ക്കു വേണ്ടി സ്കൂള്‍ ബസ്സ് നിര്‍ത്തുമ്പോഴാണ് ഞാനെന്നും അവളെ..ആ കിങ്ങിണിക്കുട്ടിയെ കാണുന്നത്..അത്ഭുതത്തോടെ അവള്‍ ഞങ്ങളെ നോക്കാറുണ്ട്....ചിലപ്പോഴൊക്കെ കൈവീശി ടാറ്റയും പറയാറുണ്ട് അവള്‍..ഇന്നലെ വൈകിട്ടു വരുമ്പോഴും കണ്ടിരുന്നു അവളെ..കൈയ്യില്‍ ഒരു ചെറിയ വടിയുമായി അവള്‍ ഓടി നടക്കുന്നത്.


ആ കടയില്‍ തടിച്ച് കുറുകിയ കറുത്ത മനുഷ്യനും.ഒരു മെലിഞ്ഞ സ്ത്രീയും , ഏഴെട്ടു വയസ്സ് പ്രായം തോന്നുന്ന മറ്റൊരു കുട്ടിയും ഉണ്ടാകും.എന്നും കാണുന്നതിനാല്‍ , കുറുകിയ മനുഷ്യന്റേതാണു ആ കടയെന്നും മെലിഞ്ഞ സ്ത്രീ അയാളുടെ ഭാര്യയാണെന്നും വലിയ കുട്ടി അവരുടെ മൂത്ത മകളും കിങ്ങിണി അവരുടെ ഇളയ കുട്ടിയാണെന്നും എനിക്കു തോന്നി. ഒരു ദിവസം ആ കടയും കിങ്ങിണീക്കുട്ടിയേയും കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ വല്ലാത്ത ഒരു നഷ്ടബോധം മനസ്സില്‍ തോന്നുമായിരുന്നു.....


ഞാന്‍ ആ കടയുടെ ചലനങ്ങള്‍ പലപ്പോഴും ഞാന്‍ നോക്കാറുണ്ട് ...
അപ്പോഴോക്കെ മനസ്സില്‍ സങ്കടവും ദേഷ്യവും തോന്നാറുണ്ട്.കാരണം,
രാവിലെ നല്ല തിരക്കായിരിക്കും അവിടെ.അപ്പോഴൊക്കെ കാണുന്നത്, ആ പാവം സ്ത്രീ ഗ്ലാസ്സ് കഴുകുന്നതും, ചായ ഒഴിക്കുന്നതും, എണ്ണയില്‍ പലഹാരങ്ങള്‍ വറുത്തു കോരുന്നതുമൊക്കെയാണ്....
ആ കുറുകിയ മനുഷ്യന്‍ ഒരിടത്തു ഇരിക്കയേ ഉള്ളൂ.അയാള്‍ ഇതു വരെ ആ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഒരു ചായ പോലും ഒഴിക്കുന്നതു കണ്ടിട്ടില്ല.എന്തൊരു മനുഷ്യനാണത് ...!ക്രൂരന്‍,ദുഷ്ടന്‍...കണ്ടില്ലേ ആ സ്ത്രീയെ കൊണ്ടു പണിയെടുപ്പിച്ചിട്ട് മുതലാളി ചമഞ്ഞ് ഇരിക്കുന്നത്.എങ്ങനെ തോന്നുന്നു ആ മനുഷ്യന് ഇത്ര ദയയില്ലാതെ പെരുമാറാന്‍.എവിടെയും ആധിപത്യം സ്ഥാപിക്കാന്‍ പുരുഷന്മാര്‍ക്ക് തന്നെ മിടുക്ക് എന്ന് പറഞ്ഞ് പലപ്പോഴും അയാളുടെ ആ സ്വഭാവത്തെ കുറിച്ച് രേഖയോട് ഞാന്‍ പരിഭവം പറയാറുണ്ട്....


കഴിഞ്ഞ ആഴ്ച രണ്ടു മൂന്നു ദിവസം ആ കട അടഞ്ഞു കിടന്നിരുന്നു.അന്ന് വല്ലാത്തെ ഒരു വേദന തോന്നി മനസ്സില്‍.അവര്‍ക്ക് എന്തു പറ്റി.പാവം സ്ത്രീ ..ആ സ്ത്രീക്ക് വല്ല അസുഖവുമായി കാണുമോ എന്ന ചിന്തയായിരുന്നു എന്റെ മനസ്സു നിറയെ.ആ ഓര്‍മ്മ ഒരു നീറ്റലോടെ മനസ്സില്‍ തങ്ങി നിന്നിരുന്നു.
അവര്‍ക്ക് എന്താ പറ്റിയത് ? ഒന്നും അറിയാന്‍ കഴിയുന്നില്ലല്ലോ.എന്ന് ഞാന്‍ സങ്കടം പറഞ്ഞപ്പോഴൊക്കെ “അവര്‍ നിന്റെ ആരാ ....അവരുമായി യാതൊരു ബന്ധവും ഇല്ലല്ലോ.പിന്നെ എന്തിനാ നിനക്ക് ആവശ്യമില്ലാത്ത കാര്യത്തിനു ടെന്‍ഷന്‍ ?”എന്നു പറഞ്ഞ് രേഖ എന്നെ ശാസിക്കുകയും ചെയ്തിരുന്നു.....


പിന്നെ ആ കട വീണ്ടും തുറന്നു കണ്ടപ്പോഴാ മനസ്സിനു ആശ്വാസമായത്..


ഇന്നിതാ, ദൈവമെ !അവരുടെ കടയും ഉണ്ടാകുമോ? എങ്കില്‍ അവര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് കിട്ടിയിട്ടുണ്ടാവില്ലേ ? അവര്‍ക്ക് ഒന്നും വരുത്തല്ലേ ദൈവമെ...എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ട്... വേഗം അടുക്കളയിലെത്തി ഭക്ഷണം ഉണ്ടാക്കി തീര്‍ത്തു.....


അപ്പോഴൊക്കെയും,കഞ്ഞി മുക്കാത്ത മുഷിഞ്ഞ സാരിയുടുത്ത കറുത്തു മെലിഞ്ഞ ആ സ്ത്രീ കഷ്ടപ്പാടിന്റെ പ്രതീകമെന്നോണം മനസ്സില്‍ നിറഞ്ഞു നിന്നു.


പത്തു മണിക്കു മുമ്പു തന്നെ ഒരിക്കല്‍ കൂടി റാമിനെ വിളിച്ച് ഉറപ്പു വരുത്തി.കേട്ടതില്‍ സത്യമുണ്ടോ എന്നു.“തന്നെ എളുപ്പം ചെല്ലൂ....അവിടെ പ്രശ്നസാധ്യത ഉണ്ട് ”എന്നു പറഞ്ഞ് വീണ്ടും ഫോണ്‍ കട്ടായപ്പോള്‍ പെട്ടെന്നു തന്നെ ഞാനും അവിടെക്ക് പാഞ്ഞു....


ഞാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച അതി ദയനീയമായിരുന്നു.....


റെയില്‍വേ സ്റ്റേഷനു മുന്നിലെ റോഡിന്റെ വശങ്ങളിലായി സ്ഥാപിച്ചിരുന്ന അഞ്ചാറു ചെറിയ കടകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുന്നു.പോലീസും , ഉദ്യോഗസ്ഥന്മാരും എല്ലാവരും ഉണ്ട്.
തങ്ങളുടെ ജീവിത മാര്‍ഗമായിരുന്ന ആ കടകള്‍ കുളം തോണ്ടുന്നത് കണ്ട് ആളുകള്‍ വാവിട്ടു മാറത്തടിച്ച് നിലവിളിക്കുന്നു. ചില പുരുഷന്മാര്‍ ആ ജെസിബിക്കു മുന്നില്‍ കയറി ‘ഞങ്ങളെ കൊന്നിട്ടു മതി ഇത്‘ എന്നു പറഞ്ഞ് ജെ സി ബി തടയാന്‍ ശ്രമിക്കുന്നു...അവരെ പോലീസുകാര്‍ ബലം പ്രയോഗിച്ച് മാറ്റുന്നു ...ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. ആ കടകളില്‍ നിന്നും ചില സാധനങ്ങള്‍ അവിടമാകെ ചിന്നി ചിതറി കിടക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ,നാട്ടുകാര്‍, വഴിപോക്കര്‍...അങ്ങ്നെ അവിടെ എല്ലാരും കൂടി നില്‍ക്കയാണ്..


അവധി ദിനം തന്നെ ഈ പൊളിച്ചു നീക്കലിനായി തെരഞ്ഞെടുത്തതിനാല്‍ ഒരു സ്റ്റേ ഓര്‍ഡര്‍ പോലും കിട്ടാനുള്ള സാധ്യത ഇല്ല എന്ന് പറഞ്ഞ് ആളുകള്‍ അടക്കം പറയുന്നുണ്ട്.


ആ ആളുകളുടെ കൂട്ടത്തിലേക്ക് എന്റെ കണ്ണുകള്‍ പരതി. ആ കൂട്ടത്തില്‍ കിങ്ങിണിയുടെ അമ്മയും ഉണ്ടോ? അവരുടെ കടയതാ നിലം പരിശായി കിടക്കുന്നു.അതാ ...കിങ്ങിണീയുടെ അമ്മ എന്തൊക്കെയോ പുലമ്പി കൊണ്ട് തലയില്‍ അടിച്ച് കരയുന്നു...


രോഹിത്ത് എല്ലാം ക്യാമറയില്‍ ഒപ്പിയെടുക്കുകയാണ്.എനിക്കെന്തോ,അവിടുത്തെ കാഴ്ച കണ്ടപ്പോള്‍ തല കറങ്ങുന്നതു പോലെ തോന്നി. പക്ഷേ, മനോബലം ഉണ്ടായേ തീരൂ.


എല്ലാം കണ്ടു മനസ്സിലാക്കി വേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍.സിറ്റി ന്യൂസ് ആളുകള്‍ കാത്തിരിക്കുകയാവും ഇന്ന്.അവര്‍ക്ക് സത്യസന്ധമായ റിപ്പോര്‍ട്ട് വേണം നല്‍കാന്‍.അതിനാല്‍ താന്‍ തളരാന്‍ പാടില്ല.
പോലീസുകാരോടും ഉദ്യോഗസ്ഥന്മാരോടും പൊളിച്ചു നീക്കലിനെ കുറിച്ചുള്ള വിശദ വിവരം തിരക്കി.ആളുകളുടെ വിവിധ പ്രതികരണങ്ങളും ചോദിച്ചറിഞ്ഞു.


അന്നേരമാണു നടുക്കുന്ന മറ്റൊരു വാര്‍ത്ത കൂടി ഞാന്‍ അറിഞ്ഞത്.ആ കടക്കാരെല്ലാം താമസിച്ചിരുന്നതും ആ കടയ്ക്കുള്ളില്‍ തന്നെയായിരുന്നു.കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി അതു തന്നെയാണു അവരുറ്റെ പാര്‍പ്പിടം.അവിടെ നില്‍ക്കുന്ന ഓരോ നിമിഷവും സ്ത്രീകളുടെയും പുരുഷന്മാരുടെയും വാവിട്ടുള്ള നിലവിളികള്‍ എന്റെ മനസ്സിനെ പിച്ചിച്ചീന്തുന്നതു പോലെ എനിക്കു തോന്നി.....


ആ കുട്ടികള്‍ എവിടെ...? കിങ്ങിണിയും അവളുടെ ചേച്ചിയും ? അവരെ അന്വേഷിച്ചു ചെന്നപ്പൊഴാണു ഞാന്‍ കാണുന്നത്....അതാ , കുറച്ചു മാറി....


കക്ഷത്ത് ഊന്നു വടികളുമായി , ഒരു കാല്‍ നഷ്ടപ്പെട്ട , ഒരു കുറുകിയ കറുത്ത മനുഷ്യന്‍...
നിസ്സഹായനായി , നിര്‍നിമേഷനായി അകലേക്ക് നോക്കി ഒരു മരത്തില്‍ ചാരി നില്‍ക്കുന്നു....
അരികത്ത് രണ്ടു കുട്ടികള്‍...കിങ്ങിണിയും അവളുടെ ചേച്ചിയും...അവര്‍ പേടിച്ചരണ്ടു ഇരിക്കുയാണ്.


ആ കാഴ്ച കണ്ട് ശരിക്കും ഞാന്‍ ഞെട്ടിപ്പോയി..ഞാന്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറയുകയായിരുന്നു.
ഇങ്ങനെയുള്ള ഒരു മനുഷ്യനെയാണോ ദൈവമേ എന്നും ഞാന്‍ വെറുപ്പോടെ നോക്കി കണ്ടിരുന്നത്.
പാവം അയാള്‍ ! എനിക്ക് കാണാനാവുന്നുണ്ട് .അയാള്‍ക്കു മുന്നില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നത്.
ഇനി, അവര്‍ എങ്ങോട്ടു പോകും...?അവര്‍ ഇനി എങ്ങനെ കഴിയും...
അവര്‍ ഇനി എവിടെ തല ചായ്ച്ചുറങ്ങും?


ബസ്സില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ പതിയുന്ന ധാരാളം കാഴ്ചകള്‍ ഉണ്ടെങ്കിലും , ഈ കുടുംബത്തിന്റെ അവസ്ഥകള്‍ മനസ്സില്‍ എവിടെയോ ആഴത്തില്‍ ഇടം നേടിയിരുന്നു.
വൈകിട്ട് ന്യൂസ് റീഡിംഗ് സമയത്ത് കണ്ടു ...നിസ്സഹയാനായ ആ മനുഷ്യന്റെ മുഖം...വീണ്ടും....
എന്തോ...വായിക്കാന്‍ കഴിഞ്ഞില്ല....
അവരോട് ഒരിക്കല്‍ പോലും മിണ്ടിയിട്ടില്ലായിരുന്നു എങ്കിലും നിത്യവുമുള്ള പരിചയം അവരെ എന്റെ സ്വന്തമാക്കിയിരുന്നു.അവരുടെ ഓര്‍മകളില്‍ നിന്നൂറിയ വേദന തൊണ്ടയില്‍ കുടുങ്ങി ...ശബ്ദത്തിനു ഇടര്‍ച്ചയും..കണ്ണൂകക്ക് നനവും ഉണ്ടായി...അന്നത്തെ വായനയില്‍ കൂടുതല്‍ കട്ടിംഗ് വന്നു ...


ഇന്നും സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഞാന്‍ ആ കടയുണ്ടായിരുന്ന ഭാഗത്തേക്ക് നോക്കും.
അപ്പോഴും മനസ്സില്‍ എവിടെയോ ഒരു തേങ്ങല്‍.ആ സ്ത്രീയുടെ നിലവിളി ഇപ്പോഴും എന്റെ മനസ്സില്‍ മുഴങ്ങും പോലെ.അവരുടെ പ്രാബ്ദങ്ങള്‍ നിത്യവും കണ്ട് അവരുടെ ഒരു നൊമ്പര ചിത്രം മനസ്സില്‍ ഇടം നേടിയിരുന്നു..ആ സ്ത്രീയുടെ വേദന ഞാന് അനുഭവിക്കുമായിരുന്നു.
അവരിപ്പോള്‍ എവിടെയാവും.....?
എങ്ങനെ കഴിയുന്നുണ്ടാകും.....?
ദൈവം എന്തിനു വേണ്ടിയാണിങ്ങനെ ജന്മങ്ങള്‍ നല്‍കുന്നത്....?
പാവങ്ങള്‍ അവര്‍ !

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...