Monday, April 26, 2010

വിഷുപ്പക്ഷി കൺ തുറന്നപ്പോൾ......

വീണ്ടും തിരിച്ചു പോകാനുള്ള ടിക്കറ്റ് ഓക്കെ ആയി കിട്ടിരിക്കുന്നു....കൈനീട്ടി ആ ടിക്കറ്റ് വാങ്ങിയപ്പോള്‍ എന്തിനാണ് തന്റെ കൈകള്‍ വിറച്ചിരുന്നത്...മനസ്സിന് ഒരു വിങ്ങല്‍ അനുഭവപ്പെട്ടിരുന്നത് എന്തുകൊണ്ടാവാം......?


എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോയത്..രണ്ടു മാസത്തെ ലീവിനാണ് ആഗ്രഹിച്ചത് .. അതു കിട്ടുമെന്നു തന്നെയായിരുന്നു വിശ്വാസവും.. എന്നാല്‍, കിട്ടിയതോ വെറും നാല്പത് ദിവസത്തെ അവധി മാത്രം... സങ്കടം തോന്നിയെങ്കിലും ലീവ് അനുവദിച്ചു കിട്ടാതെ വിഷമിക്കുന്നവരെ കുറിച്ച് ഓര്‍ത്തപ്പോള്‍ കിട്ടിയ നാല്പതു ദിവസത്തില്‍ സന്തോഷം തോന്നി...
ഇതാ ദിവസങ്ങള്‍ പെട്ടെന്ന് വെറും നാലു മണിക്കൂര്‍ പോലെ കടന്നു പോയിരിക്കുന്നു....


തിരിച്ചു പോകാന്‍ മനസ്സു അനുവദിക്കുന്നതേയില്ല......അമ്മുവിന്റെ പഠിപ്പ്.. അവളുടെ വിവാഹം...വീടിന്റെ പുതുക്കി പണിയല്‍...അങ്ങനെ ചെയ്തു തീര്‍ക്കാന്‍ ഒരു പാടു കാര്യങ്ങള്‍........ .പിന്നെ എങ്ങനെയാ തിരിച്ചു പോകാതിരിക്കുക....


വീണ്ടും ,നിശ്വാസങ്ങള്‍ ഉതിരുന്ന... മടുപ്പ് തോന്നുന്ന ദിനങ്ങളാണിനി എന്നെയും കാത്തിരിക്കുന്നത്..


അവിടെ, ചെറിയ മുറികളില്‍ പത്തും പതിനഞ്ചും പേര്‍ ഒരുമിച്ച് ....എല്ലാവരും പല നാട്ടുകാര്‍...പ്രാരബ്ദങ്ങളിലും കെട്ടുപാടുകളിലുമായി കുരുങ്ങി കിടക്കുന്നവരാണധികം...


എല്ലാവര്‍ക്കുമുണ്ട് സ്വപ്നങ്ങള്‍..പക്ഷേ, ഓരോരുത്തരുടെയും കിനാവില്‍ തെളിയുന്നത് ...സഹോദരങ്ങളുടെയോ കുട്ടികളുടെയോ പഠിത്തവും, സഹോദരിയുടെയെ വിവാഹവും,കടകെണിയില്‍ നിന്നു മുക്തരാകുന്ന ഒരു ദിവസവും, സ്വന്തമായി ഒരു കിടപ്പാടം തന്റെ കുടുംബത്തിനായി കെട്ടിപ്പടുക്കുന്നതിന്റെയും ചിത്രങ്ങള്‍ മാത്രമല്ലേ...


അധ്വാനത്തിന്റെ പങ്കു കൊണ്ട് കെട്ടിപ്പടുക്കുന്ന മണിമാളികയില്‍ അന്തിയുറങ്ങി കൊതി തീര്‍ന്നവരായ ഒരു പ്രവാസിയെങ്കിലും ഉണ്ടാകുമോ...?കുടുംബത്തിനായി തന്റെ ഇഷ്ടങ്ങള്‍ മാറ്റി വയ്ക്കുന്നവരായ പ്രവാസികള്‍ക്ക് എങ്ങനെയാണ് സ്വന്തം ജീവിതത്തിനെപ്പറ്റി സ്വപ്നം കാണാന്‍ കഴിയുക...നഷ്ടമാകുന്ന ജീവിതത്തിന്റെ നിശ്വാസങ്ങള്‍ മാത്രം സ്വന്തമായുള്ളവര്‍....


മുറിയില്‍ കൂട്ടുകര്‍ അധികമുണ്ടെങ്കിലും ഓരോരുത്തര്‍ ഓരോ ഷിഫ്റ്റ് വര്‍ക്ക് ചെയ്യുന്നവരായതിനാല്‍ ജോലി ചെയ്ത് തളര്‍ന്ന് വന്നപാടെ ചിലര്‍ കിടന്നുറങ്ങും.അവരുടെ ഉറക്കത്തിനു ഭംഗം വരാതെയിരിക്കാനായി ഒരു മൂളി പാട്ടു പോലും പാടാതെ മറ്റുള്ളവര്‍ കരുതേണ്ടതുണ്ട്....


ആകെ ഒഴിവു കിട്ടുന്നത് വെള്ളിയാഴ്ചയാണ്....അന്നാണ് കൂട്ടുകാരുമായി ഒന്നു ഒത്തു കൂടുക...ആ ദിവസം മാത്രമേയുള്ളൂ മനസ്സു തുറന്ന് ഒന്ന് സന്തോഷിക്കാന്‍ കഴിയുന്നുള്ളൂ.....കൂട്ടുകാരുമായി പോയി ചിലപ്പൊള്‍ ഒരു സിനിമയും കണ്ട് അവരുടെ താവളങ്ങളില്‍ ചെന്ന് ഒരു പാര്‍ട്ടിയും കൂടി തിരിച്ചു വരുമ്പോഴേക്ക് ആ ദിവസവും തീര്‍ന്നിരിക്കും...


ജോലി ചെയ്ത് തളര്‍ന്നു വന്ന് ആഹാരം ഉണ്ടാക്കുമ്പോഴോ, ചെയ്തു തുടങ്ങുന്നത് സാമ്പാര്‍ മനസ്സില്‍ കണ്ടു കൊണ്ടാവും പക്ഷേ ഒടുവിലത് രസം പോലെ ആവും ആയി തീരുക....അങ്ങനെ പുളിയും എരിവും ഉപ്പും ചേരാത്ത കറി കൂട്ടി ഓരോ ഉരുള ചോറും വായിലെത്തിക്കുമ്പോള്‍ എത്ര ചിത്രങ്ങളാണ് മനസ്സിന്റെ ചില്ലു പാളിയില്‍ തെളിയുക..


കുട്ടിക്കാലത്ത് സ്വാദുള്ള കറികളുമായി അമ്മ ചോറു വാരി തരുന്നതും, ചോറും കറിയും വിളമ്പി അമ്മ കാത്തിരിക്കുന്നതും അമ്മയോട് കറികള്‍ നന്നായില്ല എന്ന പരാതി നിരത്തുന്നതും ..അങ്ങനെ ...അങ്ങനെ...


വിഷുവിനു നാട്ടില്‍ ഉണ്ടാവണം എന്നു നേരത്തെ നിശ്ചയിച്ചതായിരുന്നു ..അതിനു വേണ്ടി തന്നെ രണ്ടു വര്‍ഷം ലീവെടുക്കാതെ പണിയെടുക്കേണ്ടി വന്നു. ലീവ് അപ്രൂവ് ആയി എന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ എന്തു സന്തോഷമായിരുന്നു...ഓരോ ശ്വാസത്തിലും പിന്നെയങ്ങോട്ട് നാടും വീടും മാത്രമായിരുന്നു.....


ഒരു മഴ കാണാന്‍ കൂടി കൊതിച്ച് വന്ന തനിക്ക് എന്തായാലും ഈ യാത്രയില്‍ ആ ഭാഗ്യവും
ഉണ്ടായിരിക്കുന്നു..വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയപ്പോള്‍ എന്തായാലും തിമിര്‍ത്തു പെയ്തിറങ്ങിയ മഴ നനയാനും ആസ്വദിക്കാനും കഴിഞ്ഞു...


നാട്ടിലെത്തിയപ്പോള്‍ ഏറ്റവും അതിശയിപ്പിച്ചത് നേരത്തേ പൂത്ത് വിഷുവിന്റെ ആഗമനം കാത്തു നിന്ന കണിക്കൊന്നകള്‍ തന്നെയാണ്... വിഷു കൂടാന്‍ വന്ന തന്നെ സ്വീകരിക്കാന്‍ നില്‍ക്കും
പോലെയായിരുന്നു കണിക്കൊന്നകള്‍ പാതയോരത്ത് മഞ്ഞപന്തല്‍ ഒരുക്കിയിരുന്നത്...


വിഷുകാലത്തിന്റെ ഓര്‍മ്മകള്‍ നിരവധിയാണ്...
പണ്ട്, കൂട്ടുകാരുമൊത്ത് കണി ഒരുക്കുന്നതിനായി കണിക്കൊന്ന കൈക്കലാകാന്‍ വേണ്ടി ഓടി നടക്കുമായിരുന്നു...തൊടിയിലും വഴിയോരത്തും ധാരാളം കൊന്ന പൂത്തു കിടന്നാലും വിഷുവിന്റെ തലേന്ന് അതെല്ലാം ആളുകള്‍ പറിച്ചു കൊണ്ടു പോയിരിക്കും...വിഷുക്കണി ഒരുക്കുന്നത് അമ്മയാണ്.. ഞങ്ങള്‍ കുട്ടികള്‍ അമ്മയെ സഹായിക്കാന്‍ ചെല്ലും...‘ഒരു സഹായവും വേണ്ടാട്ടൊ‘ എന്നു പറഞ്ഞ് അമ്മ പായിക്കും ഞങ്ങളെ.... ..കാരണമെന്തെന്നോ, കണിയൊരുക്കാന്‍ വാങ്ങുന്ന ആപ്പിള്‍, ഓറഞ്ച്, പഴുത്ത മാമ്പഴം, മുന്തിരി ,പഴം...എന്നിവയിലൊക്കെയാവും എന്റെയും ഏട്ടന്റെയും അമ്മുവിന്റെയും കണ്ണുകള്‍...
“കണികണ്ടു കഴിഞ്ഞേ ഇതില്‍ നിന്നും എന്തും എടുത്തു കഴിക്കാവ്വൂ ട്ടോ”എന്നു അമ്മ
പറഞ്ഞാലും എട്ടന്‍ അമ്മ കാണാതെ മുന്തിരി കൈക്കലാക്കും ..അമ്മയോടു പറയാതിരിക്കാന്‍
എനിക്കും അമ്മൂന്നും കൂടി മുന്തിരികള്‍ തരാറുണ്ടായിരുന്നു..


വിഷു ദിവസം അതിരാവിലെ അമ്മ ആദ്യം വിളിച്ചുണര്‍ത്തുന്നത് എന്നെ തന്നെയായിരുന്നു..പിന്നെയാണ് അമ്മൂനെ വിളിക്കുക ..അതു കഴിഞ്ഞേ ഏട്ടനെ വിളിച്ചുണര്‍ത്തൂ ..കാരണം,അതി രാവിലെ എഴുന്നേല്‍ക്കുക എന്നത് ഏട്ടനു ഇഷ്ടമായിരുന്നില്ല..ഒരുപാടു പണിപ്പെട്ടായിരുന്നു അമ്മ ഏട്ടനെ ഉണര്‍ത്തിയിരുന്നത്..


അമ്മയുടെ നനുത്ത കൈകള്‍ കൊണ്ട് എന്റെ കണ്ണുകള്‍ പൊത്തിയതിനു ശേഷമേ അമ്മ എന്നെ
വിളിച്ചുണര്‍ത്താറുള്ളൂ...എങ്ങും തട്ടാതെ, സൂക്ഷിച്ചു കണികാണിക്കാന്‍ കൊണ്ടു പോകുമായിരുന്നു ....അമ്മയുടെ ആ നനുത്ത വിരലുകളുടെ സ്പര്‍ശം ഇപ്പൊഴും കണ്‍ തടങ്ങളില്‍ ഉള്ളതു പോലെ.....


കുളിച്ച് വിഷുക്കോടിയണിഞ്ഞ് അമ്മയില്‍ നിന്നും കൈനീട്ടം വാങ്ങിയ ശേഷം ഞങ്ങള്‍ മൂവരും നേരെ പോകുന്നത് അമ്മാവന്റെ വീട്ടിലേക്ക് ആയിരുന്നു...അവിടെചെല്ലുമ്പോള്‍ അമ്മാവന്റെയും അമ്മായിയുടെയും വക വിഷുകൈനീട്ടം കിട്ടിയിരുന്നു .പിന്നെ, മൂവരും കൈനീട്ടമായി കിട്ടിയ ചില്ലറകളുടെ ഗമയിലാവും അന്ന്...അന്ന് വിഷു ...മനസ്സിന്റെ ഉത്സവമായിരുന്നു....


ഏട്ടന്‍ പാവമായിരുന്നു...നല്ലതു പോലെ പഠിക്കുകയും ചെയ്യുമായിരുന്നു...അതുകൊണ്ടാണല്ലോ പഠിച്ചിറങ്ങിയ ഉടന്‍ തന്നെ ഏട്ടന് ജോലി ലഭിച്ചതും...ഏട്ടനു നിയമന ഉത്തരവു ലഭിച്ച ദിവസം എന്തു സന്തോഷമായിരുന്നു എല്ലാവര്‍ക്കും...


”രഘുവിനു ജോലി ആയില്ലേ, ഇനി ഭാനുവമ്മ രക്ഷപ്പെട്ടുവല്ലോ ‘എന്ന് പലരും അമ്മയോടു പറഞ്ഞു കേട്ടിട്ടുണ്ട്...അപ്പോഴെല്ലാം അത് ശരിയാണെന്ന് തനിക്കും തോന്നിയിരുന്നു...കാരണം അച്ഛന്‍ മരിച്ചതില്‍ പിന്നെ, പശുക്കള്‍, കോഴി എന്നിവയൊക്കെ വളര്‍ത്തിയും പറമ്പില്‍ നിന്നു ലഭിക്കുന്ന
തുച്ഛമായ വരുമാനവും കൊണ്ടാണ് അമ്മ ഞങ്ങളെ മൂന്നു പേരെയും ഒരു അല്ലുമറിയിക്കാതെ പോറ്റിയിരുന്നത്...


വിധിയെ തടുക്കാന്‍ ആര്‍ക്കാ കഴിയുക...അല്ലെങ്കില്‍ , ജോലിക്കു പോകാനായി ഏട്ടന്‍ ബസ് കാത്തു നിന്ന സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട വണ്ടി പാഞ്ഞ് കയറുമായിരുന്നോ...


ഏട്ടന്റെ വേര്‍പാടാണ് കുടുംബത്തിന്റെ ചുമതല എന്നില്‍ ഏല്പിച്ചത്..ഗള്‍ഫിലേക്ക് ഒരു വിസ തരപ്പെടുത്തി തരാന്‍ സഹായിച്ചതും അമ്മാവന്‍ തന്നെയായിരുന്നു..അമ്മയേയും അമ്മൂനെയും ഒറ്റയ്ക്കാക്കി പോകാന്‍ വിഷമം ഉണ്ടായിരുന്നു എങ്കിലും..പോകേണ്ടി വന്നു....


“എവിടെക്കാ കുട്ടിയ്യ്യ് ഈ വെയിലത്ത് പോയി വരുന്നത്“ നാണിത്തള്ളയുടെ ചോദ്യം കേട്ടപ്പോഴാണ് നന്ദന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.


ഗള്‍ഫിലേക്കു മടങ്ങാനുള്ള ടിക്കറ്റ് ഓക്കെയായി കിട്ടി ..ഇനി മൂന്നു ദിവസത്തിനകം
പോകും എന്നു അമ്മയോടു പറയാന്‍ തന്നെ ഒരു വിഷമം...എങ്ങെന്യാ പറയുക കേള്‍ക്കുമ്പോള്‍ അമ്മയുടെ കണ്ണു നിറയും അതു തീര്‍ച്ച....എന്ന് ഓരോന്ന് ആലോചിച്ച് വീട്ടിലേക്കുള്ള ഒറ്റയടി പാതയിലൂടെ അയാള്‍ നടന്നു......

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...