Monday, March 29, 2010

ഒരു യാത്രാമൊഴി....

കാര്‍മേഘത്തിന്റെ പുതപ്പണിഞ്ഞ് പകല്‍ ചലനമറ്റത്തു പോലെ .....മുറ്റത്ത് ആളുകള്‍ കൂടി കൂടി വരുന്നു...എത്ര പെട്ടെന്നാണ് എല്ലാവരും അറിഞ്ഞത്...ഇവരെല്ലാം ആരെല്ലാമാണ്..?അറിയുന്നതും ...അറിയാത്തതുമായ... ഏറെ മുഖങ്ങള്‍...
ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് മാവിന്‍ ചുവട്ടിലേക്ക് മാറി നിന്നപ്പോഴാണു ശ്രദ്ധിച്ചത്...സുജയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നു നട്ടു പിടിപ്പിച്ച പനിനീര്‍ച്ചെടി അവിടെ കാണുന്നില്ല..അത് എവിടേക്കു മാറ്റി....ഓ...മുറ്റത്ത് പന്തലിടാന്‍ വന്നവര്‍ അത് പിഴുത് കളഞ്ഞുവൊ...ആശിച്ചു വളര്‍ത്തിയതാണത്...ആ പനിനീര്‍ച്ചെടി ..എന്നും സൌഹൃദത്തിന്റെ നനുത്ത ഓര്‍മ്മകളേകി.. അവളുടെ ഓര്‍മ്മകള്‍ക്ക് പച്ചപ്പു നല്‍കുമായിരുന്നു.......

അതാ...ബീനാമ്മയും മക്കളും ഒക്കെ വരുന്നുണ്ട്...ഓടിച്ചെന്നു അരികത്തണയാനും വിശേഷങ്ങള്‍ തിരക്കാനും തോന്നുന്നു ...പക്ഷേ.....എത്ര നാളായി കൊതിക്കുന്നു ബീനാമ്മയെ കാണാന്‍...ഒന്നു പോയി കാണാനുള്ള സമയം വേണ്ടേ....സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല എന്നതു എത്ര ശരിയാ... ജോലി കിട്ടിയതില്‍ പിന്നെ ജോലി തിരക്കു തന്നെയായിരുന്നല്ലോ...എവിടെയും പോകാന്‍ കഴിഞ്ഞിട്ടില്ല..പിന്നെയെങ്ങനെ കാണാനാ ബന്ധുക്കളെ ഒക്കെ...എല്ലവരും ഇന്ന് വന്നിട്ടുണ്ട്...
പക്ഷേ...ഒന്നും മിണ്ടാന്‍ പോലും കഴിയുന്നില്ല....

ചാറ്റല്‍മഴ തുടങ്ങീയിരിക്കുന്നു...
എന്നും പ്രിയപ്പെട്ടതായിരുന്നു മഴ...മഴയത്ത് കുട എടുക്കാതെ മനപൂര്‍വ്വം സ്കൂളിലേക്കും മറ്റും പോകുമായിരുന്നു....മഴ നനയുന്നതിനു പലപ്പോഴും അമ്മയുടെ ശകാരം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്......

കാറിന്റെ ഡോര്‍ അടയുന്ന ശബ്ദം കേട്ടപ്പോള്‍ എല്ലാവരുടെയും നോട്ടം ചെമ്മണ്‍ പാതയിലേക്കായി...പാതയുടെ ഇരുവശവും നിറയെ തുമ്പപ്പൂക്കളുമായി തുമ്പച്ചെടി ഉണ്ടായിരുന്നു...ഇന്നിനി വരുന്ന വണ്ടികള്‍ അവയെ നശിപ്പിക്കുമൊ...പാവം തുമ്പച്ചെടികള്‍....
ഗേറ്റ് കടന്നു വരുന്നവരെ നല്ല പോലെ കാണാന്‍ കഴിയുന്നില്ല...ആരോ പറയുന്നതു കേട്ടു...“ശേഖരനാണ്...അവര്‍ക്ക് വേണ്ടിയാണിതു വരെ കാത്തത്” എന്ന്...

ശേഖരമ്മാവനോ...ലക്ഷ്മിയമ്മായിയും വന്നിട്ടുണ്ടാകും...അടുത്തെത്തിയപ്പോള്‍ കണ്ടു.. അമ്മായി കൈലേസ് കൊണ്ട് കണ്ണുകള്‍ തുടയ്ക്കുന്നു...അമ്മാവന്റെ മുഖത്ത് ഇപ്പൊഴും കാര്‍ക്കശ്യഭാവം തുളുമ്പി നില്‍ക്കുന്നു....ശേഖരമ്മാവന്‍ ഒരിക്കലും ചിരിച്ചു കണ്ടിട്ടേയില്ല...വലിയ മീശയും സ്വര്‍ണ്ണ കണ്ണടയും വച്ചുള്ള ആ വരവും...“എന്താടീ, നിന്റെ പഠിത്തമൊക്കെ എങ്ങനെ..?നല്ല മാര്‍ക്ക് വാങ്ങിച്ചോണം” എന്നൊക്കെ വളരെ കനത്തില്‍ ശബ്ദത്തില്‍ അന്വേഷിക്കുമ്പോള്‍...എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു മനസ്സില്‍ തോന്നിയിരുന്നത്...”എന്താമ്മേ ശേഖരമ്മാവന്‍ ഇങ്ങനെ...” എന്ന് അമ്മയോട് പരിഭവം പറയുമ്പോള്‍ “ശേഖരേട്ടന്‍, പാവമാ...എല്ലാരോടും സ്നേഹം തന്നെയാ ആ മനസ്സില്‍ ....” എന്നാവും അമ്മയുടെ പ്രതികരണം..
അമ്മ....എന്റെ പാവം അമ്മ....ആ മനസ്സില്‍ എല്ലാവരും നല്ല പ്രകൃതക്കാരാ....എല്ലാവരോടും സൌമ്യമായേ അമ്മ സംസാരിക്കാറുള്ളൂ... ഒറ്റയ്ക്കിരുന്നു മനസ്സിലെ വിഷമങ്ങള്‍ എല്ലാം സാരിത്തുമ്പില്‍ ഒപ്പിയെടുക്കുന്നത് പലകുറി കണ്ടിട്ടുണ്ട്....

അകത്ത് ജനാലയ്ക്കരികില്‍ നില്‍ക്കുന്നത് സുജ അല്ലേ....അവളുടെ വിഷമം കാണണ്ട എനിക്ക്...സ്കൂളില്‍ ചേര്‍ന്ന നാള്‍ മുതലുള്ള കൂട്ടായിരുന്നു....... ഇനി ആരാ അവള്‍ക്ക് കൂട്ട്..?എന്തു സ്നേഹമാ സുജയ്ക്കും അവളുടെ അമ്മയ്ക്കും.....വീടിനകത്തേക്ക് കയറി അമ്മയേയും സുജയേയും ആശ്വസിപ്പിക്കണമെന്നുണ്ട്...

പക്ഷേ...അവിടെ...ദേവകിയമ്മ ഇരുന്നു ഉറക്കെ ഭാഗവതം വായിക്കുന്നുണ്ട്...ആ ശബ്ദവും ...ചന്ദനത്തിരികളുടെ ഗന്ധവും ...കരഞ്ഞു കലങ്ങിയ അമ്മയുടെ മുഖവും...ഹോ! വയ്യ.....അതൊന്നും കാണാന്‍ എനിക്കു വയ്യ.....

ഏട്ടന്‍ പന്തലില്‍ തന്നെ ഒരു കസേരയില്‍ തലയ്ക്കു കൈയും കൊടുത്ത് ഇരിക്കയാണ്...കൂട്ടുകാര്‍ ചുറ്റും ഇരുന്ന് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്.....
ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷമാണ് അകലെയുള്ള സ്കൂളില്‍ ജോലി കിട്ടുന്നത്...അന്ന്, തന്നെക്കാള്‍ ഏറെ സന്തോഷിച്ചത് ഒരു പക്ഷേ അമ്മയും ഏട്ടനും ആണെന്നു തോന്നുന്നു..അതിരാവിലെ എഴുന്നേറ്റ് സുജയോടൊത്ത് ഭഗവതിക്കാവില്‍ പോയി തൊഴുതു...ആദ്യമായി ജോലിക്ക് പോകുന്നതോര്‍ത്ത് പരിഭ്രമിച്ചിരുന്നപ്പോള്‍ ..“ഒറ്റയ്ക്ക് പോകണ്ട ..ഞാന്‍ കൂടെ വരാം..” എന്ന് ഏട്ടന്‍ പറഞ്ഞപ്പോള്‍ എന്തു ആശ്വാസമായിരുന്നു....പാവം ഏട്ടന്‍...ഏട്ടനും ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുന്നുണ്ടാകും...

ആരൊക്കെയോ രണ്ടു മൂന്നു പേര്‍ തെക്കേ മുറ്റത്തേക്കു പോകുന്നു... അമ്മയുടെ ദുഃഖസഞ്ചാരത്തിന്റെ അടയാളമെന്നോണം തെക്കേ പറമ്പിലേക്ക് ഒരു വഴി തെളിഞ്ഞു കാണാം..വഴി ചെന്നവസാനിക്കുന്നിടത്താണ് അച്ഛന്‍ അന്ത്യവിശ്രമം കൊള്ളുന്നത്....അച്ഛന്റെ അസ്ഥിത്തറയില്‍ എന്നും വിളക്കു കൊളുത്താന്‍ പോകുന്നത് അമ്മയാണ്....

കുമാരന്‍ മാഷും മറ്റ് മാഷുമാരും തെക്കേപറമ്പിലേക്ക് നോക്കി നില്‍ക്കയാണ്...മാഷിന്റെ മുഖം കണ്ടാലറിയാം,ആ മനസ്സില്‍ ഒരു ദുഃഖ സാഗരം ആര്‍ത്തിരമ്പുന്നുണ്ട്......കുട്ടികളോടൊപ്പം പോകാന്‍ മടിച്ചു നിന്നപ്പോള്‍ കുമാരന്‍ മാഷാണ് “ യാതൊരു ഒഴിവുകഴിവുകളും എനിക്കു കേള്‍ക്കണ്ട ..ഗായത്രി കൂടി പോയേ പറ്റൂ...” എന്ന് താക്കീതായി പറഞ്ഞത്...“ഹെഡ് മാസ്റ്റര്‍ അല്ലേ പറയുന്നത് നീ കൂടി പോയി വാ“
എന്ന് ഏട്ടന്‍ പറഞ്ഞപ്പോഴും മനസ്സില്‍ എവിടെയോ ഒരു വിഷമം ഉണ്ടായിരുന്നു...
എങ്കിലും ബസ്സില്‍ കുട്ടികള്‍ക്ക് ഒപ്പം കളിച്ച് പാട്ടും പാടി യാത്ര തുടങ്ങിയപ്പോള്‍ വിഷമം ഒക്കെ മാറിയിരുന്നു....

ആതിരപ്പിള്ളിയില്‍ ബസ്സ് ചെന്നപ്പോഴേക്ക് കുട്ടികള്‍ സന്തോഷതിമര്‍പ്പില്‍ ആയിരുന്നു.. ആ പ്രകൃതി ഭംഗിയില്‍ സന്തോഷിക്കാത്തതവരില്ലല്ലോ.....പാറക്കെട്ടുകളെ തൊട്ടുരുമ്മി ചിന്നി ചിതറി പാഞ്ഞ് ചെന്ന് ആഴത്തിലേക്കു വെണ്‍ നുരകളായി പതിക്കുന്ന കാട്ടരുവി....ആരും വെള്ളത്തിലിറങ്ങരുത് എന്ന ജാഗ്രതാ നിര്‍ദ്ദേശം പലയിടത്തായി കണ്ടപ്പോഴെല്ലാം മനസ്സ് പിടഞ്ഞിരുന്നുവോ...?

ഒരുപാട് സൂക്ഷിക്കേണ്ട ദിക്കിലേക്കാണു പോകുന്നതെന്നും..എല്ലാവരും നല്ല കരുതലോടെയാവണം അവിടെ നടക്കേണ്ടതെന്നും ഒക്കെയുള്ള മുന്നറിയിപ്പ് കുട്ടികള്‍ക്ക് ബസില്‍ നിന്നിറങ്ങും മുമ്പ് തന്നെ വേണ്ടതിലധികം നല്‍കിയിരുന്നു..വെള്ളത്തിലാരും ഇറങ്ങരുത്..മാറി നിന്നു കണ്ടാല്‍ മതി എന്ന് പല തവണ പറഞ്ഞിരുന്നു...എന്നിട്ടും, ആ കുട്ടികള്‍ എന്തിനു വേണ്ടിയായിരുന്നു വെള്ളത്തിലേക്ക് ഇറങ്ങിയത്...
കണ്ണന്റെ നിലവിളിയാണ് കേട്ടത്..അപ്പോഴാണ് കണ്ടത്..അവന്‍ മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന്..ആരാണ് വെള്ളത്തില്‍ വീണത് എന്ന് അറിയാന്‍ കഴിഞ്ഞില്ല..മറ്റൊന്നും ചിന്തിക്കാന്‍ തോന്നിയില്ല...ഓടി ചെന്ന് അവരെ പിടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കണ്ണന്റെ കാല്‍ വഴുതി വീണു പോവുകയായിരുന്നു...അവന്‍ കൈയില്‍ മുറുക്കി പിടിച്ചതിനാല്‍ മൂന്നു പേരും ഒഴുക്കില്‍പ്പെട്ടു പോവുകയായിരുന്നു....

അതാ..വീടിനകത്തു നിന്നു നിലവിളികള്‍ ഉയരുന്നു....അവിടേക്ക് ഓടി കയറാന്‍ എനിക്കു കഴിയുന്നില്ല...ആളുകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കയാണ്...അമ്മയുടെ നിലവിളി കേട്ടു നില്‍ക്കാന്‍ എന്നെ കൊണ്ടു കഴിയുന്നില്ല...അമ്മയുടെ അരികിലേക്ക് ഓടി ചെല്ലാനും അമ്മയെ ആശ്വസിപ്പികാനും എനിക്ക് കഴിഞ്ഞെങ്കില്‍...

തിരക്കില്‍ നിന്നും നാലഞ്ചു പേര്‍ താങ്ങിയെടുത്തു കൊണ്ടു വരുന്ന വെള്ള പുതച്ച ഒരു തുണിക്കെട്ട്...
അവരതുമായി തെക്കേ മുറ്റത്തേക്ക് പോവുകയാണ്...ഏതാനും സമയത്തിനകം എന്റെ ശരീരം ഒരു മണ്‍ക്കൂനയ്ക്കുള്ളിലായ് തീരും....പിന്നെ ...പിന്നെ...നാളുകള്‍ കഴിയവേ...ആ മണ്‍ക്കൂന ഇടിഞ്ഞു നിരപ്പാകും...അതുപോലെ തന്നെ എന്നെ കുറിച്ചുള്ള ഓര്‍മ്മകളും എല്ലാ മനസ്സുകളില്‍ നിന്നും മാഞ്ഞു മാഞ്ഞില്ലാതെയാവും....

Saturday, March 27, 2010

മഴമേഘമായ് പൊഴിഞ്ഞിരുന്നെങ്കിലീ ഞാന്‍......

എല്ലാ ജോലിയും തീര്‍ത്തു കഴിഞ്ഞപ്പോള്‍ സമയം പോയതറിഞ്ഞില്ല.അടുത്തത് വായനയാണ്.
പതിവു പത്രപാരായണം പോലും കുടുഃബസ്ഥ ആയതിന്റെ ഭാഗമായി മാറ്റിവെക്കേണ്ടി വന്നിരിക്കുന്നു....


മുന്‍പ് അതിരാവിലെ എഴുന്നേറ്റാലുടന്‍ ആദ്യം ഓടുന്നത് പടിക്കലേക്കാണ്. ദിനചര്യകള്‍ പത്ര പാരായണത്തിനൊപ്പം താന്‍ പോലും അറിയാതെ കടന്നു പോയിരുന്ന ആ നാളുകള്‍ ഇന്ന് അന്യമായിരിക്കുന്നു.....


ഇപ്പോള്‍, അടുക്കള ജോലികള്‍ തരുന്ന വേദനയും ക്ഷീണവും മാറ്റാന്‍ ഉപയോഗിക്കുന്ന ഔഷധമായി മാറിയിരിക്കുന്നു പത്രപാരായണം. മനസ്സിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ സഹായിച്ചിരുന്ന പത്രപാരായണം പക്ഷേ, ഇന്നിന്റെ മലീമസത നിറഞ്ഞ ലോകത്തിനു നേരെ പിടിച്ച കണ്ണാടി ആകുമ്പോള്‍ “അതിനു എന്നെ തൃപ്തിപ്പെടുത്താന്‍ തനിക്ക് എത്രമാത്രം സാധിക്കുന്നുണ്ട്” എന്ന മറുചോദ്യം മനസ്സും ചോദിക്കാറുണ്ട് എന്നതാണ് സത്യം.


അച്ഛന്റെ നന്മനിറഞ്ഞ ഓര്‍മ്മകളുടെ തിരുശേഷിപ്പായി, പൂമുഖത്തേയും, തന്റെ മനസ്സിനേയും അനാഥയല്ല എന്നിടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുള്ള പഴയ പിഞ്ചിത്തൂങ്ങിയ ചാരു കസേരയിലേക്ക് ചായുമ്പോള്‍ പകലോനെ പോലും ഞെട്ടിക്കുമാറ് വേനല്‍മഴയുടെ ആഗമനം വിളിച്ചറിയിച്ചുകൊണ്ടുള്ള ഇടിമുഴക്കം.


ഇത് വേനല്‍മഴയുടെ കേളികൊട്ടോ? മീനച്ചൂടിന്റെ നീരാളികൈകളില്‍ നിന്ന് ഒരു മോചനമാകുമോ ദൈവമെ? അതെ.... ഇതൊരു മഴയുടെ വരവു തന്നെ......


ആദ്യതുള്ളി ഏറ്റുവാങ്ങാനായി മുറ്റത്തേക്ക് കൈനീട്ടി..... മൂവാണ്ടന്‍ മാവിനു പക്ഷെ അത് ഇഷ്ടമായില്ല .... അവന്‍ ചില്ലകള്‍ നീട്ടി ആ തുള്ളികള്‍ തന്നിലേക്ക് ഏറ്റുവാങ്ങി പുളകത്തോടെ തെന്നലിനൊപ്പം മന്ദഹാസത്തോടെ ഒന്നു ചാഞ്ചാടി... ആ മന്ദഹാസം എവിടെയോ കണ്ടുമറന്ന ആ മന്ദഹാസം....


“മീനൂ കുടയെടുക്കാന്‍ മറക്കരുതെ...... വൈകുന്നേരം സ്കൂള്‍ വിടുമ്പോള്‍ മഴനനയരുതെ...”


അമ്മയുടെ മന്ദഹാസം നിറഞ്ഞതും ഉത്കണ്ഠാകുലവുമായ പിന്‍‌വിളി.....


മഴയെ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് അമ്മയുടെ മന്ദഹാസത്തിന്റെ ഓര്‍മ്മകളിലാണ്.... എന്നും വിഷാദവതിയായി കണ്ടിരുന്ന അമ്മയുടെ മുഖം ഒരു പനിനീര്‍ദളം പോലെ വിടരുന്നത് വേനല്‍മഴയുടെ സുഗന്ധം ഏല്‍ക്കുമ്പോഴാണ്...അമ്മക്ക് ഏറ്റവും ഇഷ്ടമൂള്ള ഗന്ധം.... തനിക്കും....


അമ്മയുടെ ഉത്കണ്ഠകള്‍ക്ക് അത്രവലിയ പ്രാധാന്യം ഒന്നും നല്‍കാതെ ചെറുമഴ നനഞ്ഞ്, കുഴികളില്‍ നിറഞ്ഞു കിടക്കുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച്, പവിഴം വിതറും പോലെയുള്ള ആ കണികകളുടെ ഭംഗി ആസ്വദിച്ച്.... അങ്ങനെ....അങ്ങനെ......കൂട്ടുകാരുമൊത്ത് കളി പറഞ്ഞു നടന്ന കാലം...


മത്സരബുദ്ധിയില്ലാത്ത ഒരു നല്ല കാലത്തിന്റെ സുദീര്‍ഘമായ ഓര്‍മ്മകള്‍.....


എല്ലാ കള്ളത്തരങ്ങള്‍ക്കും ഒരു നിശ്ചിതകാലം ദൈവം നിശ്ചയിച്ചുണ്ട് എന്നു പറയുന്നത് എത്ര ശരി.. ചാറ്റല്‍മഴയേറ്റു വാങ്ങി കൂട്ടരുമൊത്ത് നടന്നു നീങ്ങിയപ്പോള്‍.. ഗ്രാമത്തിന്റെ ചൂട് തന്റെ കുന്നായ്മയിലൂടെ ശമിപ്പിക്കുന്ന പാറുവമ്മയുടെ മുന്നില്‍ ചെന്നു പെട്ടതും അതുവഴി അമ്മയുടെ ശകാരമഴ അനുഭവിച്ചതും ഒരു കുളിര്‍മഴയൂടെ അനുഭൂതി തീര്‍ക്കുന്നു ഇന്നും......


ഓര്‍മ്മ വന്ന നാള്‍ മുതല്‍ എന്നും മഴ ഒരുഅനുഭൂതിയായിരുന്നു... ആഘോഷമായിരുന്നു..... അനുഭവമായിരുന്നു.... വീടിന്റെ ഉമ്മറത്ത്... തൊടിയില്‍.... മച്ചിനുമുകളില്‍ ഇറ്റ് വരുന്ന തുള്ളികളില്‍..... മഴ ചൊല്ലി തിരാത്ത ഒരു കവിതയായി, പറഞ്ഞു മുഴുപ്പിക്കാത്ത കഥയായി, വരച്ചു തീരാത്ത ഒരു ചിത്രമായി.... കണ്ടു തീരാത്ത ഒരു സ്വപ്നമായി..... അനുഭവത്തിന്റെ ആകാംഷകള്‍ ബാക്കി വച്ച് എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു....
ഇന്നു വീണ്ടുമൊരു വേനല്‍മഴ... പുതുമണ്ണിന്റെ സുഗന്ധവും പേറി.... ചെറു ചൂടിന്റെ ആലസ്യവും പേറി....
മീനചൂടിന്റെ അസഹിഷ്ണത പേറുന്ന സസ്യജാലങ്ങളെ ഒന്നു കുളിര്‍പ്പിച്ചിരുന്നെങ്കില്‍ ...
തനിക്കും ഒരു മഴത്തുള്ളിയായ് മാറാന്‍ കഴിഞ്ഞെങ്കില്‍......


കളകളം പാടികൊണ്ടൊഴുകുന്ന ഒരു ചെറു ചോലയായ് തീരാന്‍ കഴിഞ്ഞെങ്കില്‍......


ഊഷരഭൂമിയെയും മണ്ണിനേയും മനസ്സിനെയും മുഴുവന്‍ കുളുര്‍പ്പിച്ച് അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങാന്‍ കഴിഞ്ഞെങ്കില്‍......

Sunday, March 14, 2010

നിലാപ്പൂക്കള്‍ കൊഴിയുമ്പോള്‍....

നിലാവേ,
നിന്‍ കലൊച്ച കാതോര്‍ക്കവേ
അറിയുന്നു ഞാന്‍...

പ്രണയാതുരമാം രാവുകള്‍
നീയെനിക്കായി തീര്‍പ്പതും
വിഷാദത്തിന്‍ തിരശ്ശീല
താഴ്ത്തുവതും....

ഒരു വിളിപ്പാടകലെയായി
ഇതാ കാണ്മൂ ഞാന്‍....

പൂത്തിലഞ്ഞി പോല്‍
പൂക്കുമെന്‍ കൌമാരവും
കവിളിന്‍ തുടുപ്പും
കനവുകളാം മാരിയും ...

തേടുന്നിതാ യൌവ്വനം
മുത്തശ്ശി തന്‍ ചൊല്ലില്‍
നിഷ്ഠകള്‍ ആചാരത്തിന്‍
സമവാക്യങ്ങള്‍....

വാക്കുകള്‍ കോറി വീണൊരീ
മനമിതില്‍ നിന്‍ ഓര്‍മ്മകള്‍
ചെന്താമര പോല്‍ വിരിയുമ്പോള്‍
കനവുകളാം വര്‍ണ്ണങ്ങളുതിര്‍ത്തും
അധരം സസ്മിതമഴകു ചാര്‍ത്തിയും
കാന്തിയേറും മിഴികളും വന്നെത്തീ
എനിക്കേകി പുത്തന്‍ ദിനങ്ങള്‍..

നൂപുര ധ്വനിയുതിര്‍ക്കും സപ്ത താള
ലയമാര്‍ന്നു ചിലങ്ക കെട്ടും കാലം
ഇന്ന് ഒരുമ്മവെച്ച് പായുമ്പോള്‍...

കാണുന്നുവോ നിങ്ങളിതാ
ഓരോ നിലാവകലുമ്പോഴും
ഒരു കുഞ്ഞു താരകത്തിന്‍
ഗാനം നിലപ്പതും ..
ഗഗനം നിശ്ശബ്ദതയിലാണ്ടതും..

നിലാവേ...
എന്തിനായി നീ
എനിക്കായ് പ്രണയമേകിയതും
എന്നില്‍ പ്രണയം നിറച്ചതും

മിഴിനീരാം വാര്‍മഴവില്ലു തീര്‍പ്പതിനോ??
ഓര്‍മ്മകളാം അലയൊലിയേകാനോ??
ഒരു തുളസിദലമായി തളിര്‍ക്കാനോ??
കൊഴിഞ്ഞു വീഴുമീ പൂക്കളാകനോ??

Tuesday, March 2, 2010

മാറാപ്പ്................

 ശിരോ ലിഖിതം
തന്‍ താളുകള്‍ വെറുതെ
മറിച്ചു നോക്കിടവേ 
കണ്ടു ഞാന്‍

മാറാപ്പുകളേതും കൂടാതെ
യാത്ര തിരിച്ചോരെന്നെ...

കാലത്തിന്‍ രഥമുരുണ്ടു
പോകവേ, വന്നുപ്പെട്ടതാം
മാറാപ്പുകള്‍ എന്‍ ചുമലില്‍

കനം പേറി കയറ്റം കയറു-
ന്നൊരു വൃഷഭം പോലവേ
എന്‍ യാത്ര തന്‍ വേഗമോ
കുറയുന്നതീ മാറാപ്പിനാല്‍....

അകലമുണ്ടെനിക്കിനിയും
യാത്ര ചെയ്യാന്‍ നേരമോ
ഒട്ടധികമില്ലതാനും....

ചിന്തിച്ചു ഞാനെന്‍ മേല്‍
കാണുമീ മാറാപ്പ് ചികഞ്ഞു
നോക്കീയീ ഭാരം കുറച്ചീടാന്‍....

ഓരോന്നെടുത്തു നോക്കീടവേ
തരിച്ചു ഞാന്‍ നിന്നു പോയ്

എന്‍ മോഹങ്ങള്‍ ,സ്വപ്നങ്ങള്‍
കണ്ണീരുകള്‍, ആവലാതികള്‍!

കളയുവതെങ്ങനെ ഞാനിവയെ
എന്‍ ഭാരം ഞാന്‍ കുറച്ചീടാന്‍....

ഓരോന്നും ഓര്‍മ്മകള്‍
ഉണര്‍ത്തി മെല്ലെ ...

കണ്ണീരാല്‍ കഴുകി ഞാനവയെ
മാറാപ്പില്‍ വച്ചു വീണ്ടും...

സ്വന്തമായുള്ളൊരീ മാറാപ്പും
ചുമലില്‍ പേറി ഞാന്‍....

കാലത്തിന്‍ യവനിക നീക്കി
ഇനി നടക്കാം മെല്ലെ മെല്ലെ.....

എന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...