Saturday, March 27, 2010

മഴമേഘമായ് പൊഴിഞ്ഞിരുന്നെങ്കിലീ ഞാന്‍......

എല്ലാ ജോലിയും തീര്‍ത്തു കഴിഞ്ഞപ്പോള്‍ സമയം പോയതറിഞ്ഞില്ല.അടുത്തത് വായനയാണ്.
പതിവു പത്രപാരായണം പോലും കുടുഃബസ്ഥ ആയതിന്റെ ഭാഗമായി മാറ്റിവെക്കേണ്ടി വന്നിരിക്കുന്നു....


മുന്‍പ് അതിരാവിലെ എഴുന്നേറ്റാലുടന്‍ ആദ്യം ഓടുന്നത് പടിക്കലേക്കാണ്. ദിനചര്യകള്‍ പത്ര പാരായണത്തിനൊപ്പം താന്‍ പോലും അറിയാതെ കടന്നു പോയിരുന്ന ആ നാളുകള്‍ ഇന്ന് അന്യമായിരിക്കുന്നു.....


ഇപ്പോള്‍, അടുക്കള ജോലികള്‍ തരുന്ന വേദനയും ക്ഷീണവും മാറ്റാന്‍ ഉപയോഗിക്കുന്ന ഔഷധമായി മാറിയിരിക്കുന്നു പത്രപാരായണം. മനസ്സിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ സഹായിച്ചിരുന്ന പത്രപാരായണം പക്ഷേ, ഇന്നിന്റെ മലീമസത നിറഞ്ഞ ലോകത്തിനു നേരെ പിടിച്ച കണ്ണാടി ആകുമ്പോള്‍ “അതിനു എന്നെ തൃപ്തിപ്പെടുത്താന്‍ തനിക്ക് എത്രമാത്രം സാധിക്കുന്നുണ്ട്” എന്ന മറുചോദ്യം മനസ്സും ചോദിക്കാറുണ്ട് എന്നതാണ് സത്യം.


അച്ഛന്റെ നന്മനിറഞ്ഞ ഓര്‍മ്മകളുടെ തിരുശേഷിപ്പായി, പൂമുഖത്തേയും, തന്റെ മനസ്സിനേയും അനാഥയല്ല എന്നിടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുള്ള പഴയ പിഞ്ചിത്തൂങ്ങിയ ചാരു കസേരയിലേക്ക് ചായുമ്പോള്‍ പകലോനെ പോലും ഞെട്ടിക്കുമാറ് വേനല്‍മഴയുടെ ആഗമനം വിളിച്ചറിയിച്ചുകൊണ്ടുള്ള ഇടിമുഴക്കം.


ഇത് വേനല്‍മഴയുടെ കേളികൊട്ടോ? മീനച്ചൂടിന്റെ നീരാളികൈകളില്‍ നിന്ന് ഒരു മോചനമാകുമോ ദൈവമെ? അതെ.... ഇതൊരു മഴയുടെ വരവു തന്നെ......


ആദ്യതുള്ളി ഏറ്റുവാങ്ങാനായി മുറ്റത്തേക്ക് കൈനീട്ടി..... മൂവാണ്ടന്‍ മാവിനു പക്ഷെ അത് ഇഷ്ടമായില്ല .... അവന്‍ ചില്ലകള്‍ നീട്ടി ആ തുള്ളികള്‍ തന്നിലേക്ക് ഏറ്റുവാങ്ങി പുളകത്തോടെ തെന്നലിനൊപ്പം മന്ദഹാസത്തോടെ ഒന്നു ചാഞ്ചാടി... ആ മന്ദഹാസം എവിടെയോ കണ്ടുമറന്ന ആ മന്ദഹാസം....


“മീനൂ കുടയെടുക്കാന്‍ മറക്കരുതെ...... വൈകുന്നേരം സ്കൂള്‍ വിടുമ്പോള്‍ മഴനനയരുതെ...”


അമ്മയുടെ മന്ദഹാസം നിറഞ്ഞതും ഉത്കണ്ഠാകുലവുമായ പിന്‍‌വിളി.....


മഴയെ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് അമ്മയുടെ മന്ദഹാസത്തിന്റെ ഓര്‍മ്മകളിലാണ്.... എന്നും വിഷാദവതിയായി കണ്ടിരുന്ന അമ്മയുടെ മുഖം ഒരു പനിനീര്‍ദളം പോലെ വിടരുന്നത് വേനല്‍മഴയുടെ സുഗന്ധം ഏല്‍ക്കുമ്പോഴാണ്...അമ്മക്ക് ഏറ്റവും ഇഷ്ടമൂള്ള ഗന്ധം.... തനിക്കും....


അമ്മയുടെ ഉത്കണ്ഠകള്‍ക്ക് അത്രവലിയ പ്രാധാന്യം ഒന്നും നല്‍കാതെ ചെറുമഴ നനഞ്ഞ്, കുഴികളില്‍ നിറഞ്ഞു കിടക്കുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച്, പവിഴം വിതറും പോലെയുള്ള ആ കണികകളുടെ ഭംഗി ആസ്വദിച്ച്.... അങ്ങനെ....അങ്ങനെ......കൂട്ടുകാരുമൊത്ത് കളി പറഞ്ഞു നടന്ന കാലം...


മത്സരബുദ്ധിയില്ലാത്ത ഒരു നല്ല കാലത്തിന്റെ സുദീര്‍ഘമായ ഓര്‍മ്മകള്‍.....


എല്ലാ കള്ളത്തരങ്ങള്‍ക്കും ഒരു നിശ്ചിതകാലം ദൈവം നിശ്ചയിച്ചുണ്ട് എന്നു പറയുന്നത് എത്ര ശരി.. ചാറ്റല്‍മഴയേറ്റു വാങ്ങി കൂട്ടരുമൊത്ത് നടന്നു നീങ്ങിയപ്പോള്‍.. ഗ്രാമത്തിന്റെ ചൂട് തന്റെ കുന്നായ്മയിലൂടെ ശമിപ്പിക്കുന്ന പാറുവമ്മയുടെ മുന്നില്‍ ചെന്നു പെട്ടതും അതുവഴി അമ്മയുടെ ശകാരമഴ അനുഭവിച്ചതും ഒരു കുളിര്‍മഴയൂടെ അനുഭൂതി തീര്‍ക്കുന്നു ഇന്നും......


ഓര്‍മ്മ വന്ന നാള്‍ മുതല്‍ എന്നും മഴ ഒരുഅനുഭൂതിയായിരുന്നു... ആഘോഷമായിരുന്നു..... അനുഭവമായിരുന്നു.... വീടിന്റെ ഉമ്മറത്ത്... തൊടിയില്‍.... മച്ചിനുമുകളില്‍ ഇറ്റ് വരുന്ന തുള്ളികളില്‍..... മഴ ചൊല്ലി തിരാത്ത ഒരു കവിതയായി, പറഞ്ഞു മുഴുപ്പിക്കാത്ത കഥയായി, വരച്ചു തീരാത്ത ഒരു ചിത്രമായി.... കണ്ടു തീരാത്ത ഒരു സ്വപ്നമായി..... അനുഭവത്തിന്റെ ആകാംഷകള്‍ ബാക്കി വച്ച് എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു....
ഇന്നു വീണ്ടുമൊരു വേനല്‍മഴ... പുതുമണ്ണിന്റെ സുഗന്ധവും പേറി.... ചെറു ചൂടിന്റെ ആലസ്യവും പേറി....
മീനചൂടിന്റെ അസഹിഷ്ണത പേറുന്ന സസ്യജാലങ്ങളെ ഒന്നു കുളിര്‍പ്പിച്ചിരുന്നെങ്കില്‍ ...
തനിക്കും ഒരു മഴത്തുള്ളിയായ് മാറാന്‍ കഴിഞ്ഞെങ്കില്‍......


കളകളം പാടികൊണ്ടൊഴുകുന്ന ഒരു ചെറു ചോലയായ് തീരാന്‍ കഴിഞ്ഞെങ്കില്‍......


ഊഷരഭൂമിയെയും മണ്ണിനേയും മനസ്സിനെയും മുഴുവന്‍ കുളുര്‍പ്പിച്ച് അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങാന്‍ കഴിഞ്ഞെങ്കില്‍......

6 comments:

 1. എനിക്ക് പഴയ ഓർമ്മകളിൽ ജീവിക്കാൻ ഇപ്പ ഇഷ്ടമില്ല.... അതാ ഞാൻ ഞാനല്ലതായിക്കൊ\ണ്ടിരിക്കുവാ

  ReplyDelete
 2. real nostalgic feel .......chechi ,,, nice kollaam tto ...

  ReplyDelete
 3. venal mazha peyythappol mannninu kuliru....mazhaye kurichu enthu ezhuthiyalum enikku ishtam anu....rajith.

  ReplyDelete
 4. മഴ എന്നത് എപ്പോഴും എവിടെയും ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ തന്നെ......!! മരണം വരെയും ഓര്‍മ്മകള്‍ തന്നു കോണ്ടേയിരിക്കുന്നു..... ഓര്‍മ്മകള്‍ മഴയായ് ഇനിയും പെയ്തു കൊണ്ടേയിരിക്കട്ടേ....!!

  ReplyDelete
 5. അപാരം ഇവിടെയും ഉണ്ടല്ലേ ............

  ReplyDelete

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...