Tuesday, April 15, 2014

കാറ്റിന്‍റെ വാചാലതയില്‍


ഒരു നേരിയ 
കാറ്റിന്‍റെ

വാചാലതയില്‍

ഒരു ശ്വാസത്തിന്‍റെ 
കുഞ്ഞു ചിറകില്‍ 
ദിശ അറിയാതെ
ഒറ്റ ബീജത്തിന്‍റെ 
ഉള്‍ത്തുടിപ്പില്‍ 
ദൂരം കൊതിക്കുന്ന 
അപ്പൂപ്പന്‍ താടി
എന്നുമെന്നും 
വിസ്മയങ്ങളുടെ 
മാറാലയില്‍ 
തുടിക്കുന്ന
പ്രണയം 
പങ്കു വയ്ക്കുന്നു. 


ആണ്‍നോട്ടത്തിന്‍റെ 
മീന്‍ കൊത്തികള്‍ 
എന്നും 
നോവിന്‍ 
പെരുക്കങ്ങള്‍ 
കഥ പറയുന്ന 
വയലേലകളില്‍ 
ഊറി ചിരിച്ചു 
തുടിക്കുന്ന 
ചെറു മീനുകളുടെ 
നെഞ്ചിലേക്ക്
ആര്‍ത്തിയോടെ 
ഒളിക്കണ്ണെറിയുന്നു.. 


രാത്രിയുടെ 
മൌനവേഗങ്ങളില്‍ 
ആരേയോ തേടുന്ന 
നിഴലനക്കങ്ങളെ 
കണ്ടില്ലെന്നു നടിച്ച് 
സദാചാരത്തിന്‍റെ 
പുറന്തോടിനുള്ളില്‍ 
കൂട് തേടുന്ന 
ആമകള്‍.. എന്നും 
മാധ്യമ പൊത്തുകളില്‍ 
ഇടം നേടുന്നു.. 


വാക്കുകളില്‍ 
കാട്ടു തീയുടെ 
നേര് 
ഊതികെടുത്തി 
ചിന്തകളില്‍ 
ഗര്‍വ്വിന്‍റെ 
അഗ്നിനാളങ്ങള്‍ക്ക് 
തിരികൊളുത്തുന്നു 
മേലാള സര്‍പ്പത്തിന്‍റെ 
കറുത്ത കണ്ണുകള്‍.. 

ഇനി യാത്ര



ഇനി യാത്ര 


കവിതയുടെ

തായ് വേരുകള്‍

തേടിയാണ് 

ഹൃദയത്തിന്‍റെ 
അടുപ്പുക്കല്ലില്‍ 
തിളച്ചു പൊന്തുന്ന 
കിനാക്കളുടെ
വേവു നോക്കി
എപ്പോഴും
പകച്ചിരിപ്പുണ്ട്
ദൂരം കൊതിക്കുന്ന
ഒരു കൊടുങ്കാറ്റ് .

പുകപിടിച്ച
ചുമരുകള്‍ക്കുള്ളില്‍
ചുടു നിശ്വാസങ്ങളുടെ
വിയര്‍പ്പകറ്റാന്‍
ജീവനൂതി പുകച്ച
പ്രണയത്തിന്റെ
കനലുകള്‍
നക്കി തുടയ്ക്കുന്നു
ഒരു ഭാഗ്യ ജാതകം .

ചെമ്പക ചോട്ടില്‍
മുളപൊട്ടിയ
കാട്ടു ചെടിയുടെ
ഇലത്തുമ്പില്‍
മുത്തമിടുന്ന
നിറമുള്ള
തുമ്പിപ്പെണ്ണിനു
വിരുന്നെത്തിയ
തെന്നലിന്‍റെ
സാരോപദേശം..

ഇരുളിന്‍റെ
മറവിലെന്നോ
ക്ലാവ് ചുംബിച്ച
ഒട്ടു കിണ്ടിയിലെ
വിഷാദം തേടുന്നു
അകത്തളത്തില്‍
എവിടെയോ
ഇലക്കുമ്പിളില്‍
ചൂടാറ്റുന്ന
നരച്ച ഓര്‍മ്മകള്‍

ഇരുളും
വെളിച്ചവും
ഊറി ചിരിക്കുന്ന
നദിയോരത്ത്
ഇണ ചേര്‍ന്ന്‍
ഭാഷയില്ലാത്ത
നുണകളുടെ
ഒഴുക്കില്‍പ്പെട്ട്
ഒരു കടലിരമ്പം
കാത്ത് കാത്ത്
വെറുതെ
വേനല്‍പ്പാതകളില്‍
മരിച്ചു വീഴുന്നു
പുനര്‍ജ്ജനി
തേടാത്ത
തണല്‍ മരങ്ങള്‍ ...

Wednesday, April 9, 2014

പനി കാലം ...

ഇരുളിന്‍റെ അറ കടന്ന്‍ 
എപ്പോഴാണ് നീ വന്നത് 

നിദ്രയുടെ ഏതു 
താഴ്വരയില്‍ നിന്നാണ്
ജാലകപ്പഴുതിലൂടെ
പദസ്വനമില്ലാതെ 
നീ എത്തിയത് 

നിശാഗന്ധിയുടെ 
പേറ്റു നോവറിയാതെ
ഇനിയുമൊരു
പകല്‍ കൊതിച്ചുറങ്ങുന്നയീ
മുഖം ആരാണ്
നിനക്ക് കാട്ടിതന്നത്

ആരും കാണാതെയെത്തി
ഒറ്റ ചുംബനം കൊണ്ട്
നീ തൊട്ടുണര്‍ത്തുമ്പോള്‍
പാതിമയക്കത്തിലും
അറിയുന്നുണ്ടായിരുന്നു

പുണര്‍ന്ന്‍ പുണര്‍ന്ന്‍
സിരയിലാകെ പടര്‍ന്നിറങ്ങി
നീ ഉഷ്ണം ചുരത്തുകയാണെന്ന്

വാക്കിലും നോക്കിലും
നിന്‍റെ പ്രണയാഗ്നിയാളുന്നത്
അറിയുന്നുണ്ടെന്നാലും

ജാരനെ പോലെ
മെല്ലെ പതുങ്ങിയെത്തി
ഇഷ്ടം കൂടുമ്പോള്‍
എങ്ങനെയാണ്
ഒരു സുചി മുനയാല്‍
നിന്നെ ഞാന്‍ നോവിക്കുക...

(ജാരനല്ല ട്ടാ ജ്വരമാണ് ..... )

Wednesday, April 2, 2014

നിഴലനക്കങ്ങള്‍ ഇല്ലാതെ....


നീലാകാശവും താരകങ്ങളും


ഒരു വിളിപ്പാടകലെ

കൈനീട്ടുകയാണ്...

തുള വീണ ഹൃദയധമനിയെ

മുരളികയാക്കി ഋതുക്കള്‍ 

പാടി തുടങ്ങുകയായി...


മുഖത്ത് തേച്ച ചായങ്ങളും

പുഞ്ചിരിയുടെ പടച്ചട്ടയും

അഴിച്ചു വയ്ക്കാന്‍ നേരമായി.......


വിധി വിതറിയ മുള്ളാണിയില്‍

ചവിട്ടി നിന്ന് ശ്വാസത്തിന്റെ

അവതാളത്തിനൊത്ത്

ആടി തിമിര്‍ക്കണം


ഓര്‍മ്മകളും സ്വപ്നങ്ങളും

കെട്ടടങ്ങുന്ന ധൂമത്തിലൂടെ

നിഴലനക്കങ്ങള്‍ ഇല്ലാതെ

കണ്ണീര്‍മഴയില്‍ ഈറനണിഞ്ഞ്

മേഘഗര്‍ജ്ജനവും മിന്നല്‍പ്പിണരും

സാക്ഷിയാക്കിയിനി അരങ്ങൊഴിയണം....




ഒരു മടക്കയാത്ര......


മടക്കയാത്ര ചൊല്ലുകയാണ്...


എനിക്കായ് പിറന്ന് മരിച്ച ദിനങ്ങളോടും,

തണല്‍ വീശി നടന്നു തളര്‍ന്ന ഹൃദയങ്ങളോടും,

നടന്നകന്ന അന്യമായ ജീവിത പാതകളോടും,

കുളിരേകാതെ പോയ ചാറ്റല്‍ മഴയോടും,


പേടിച്ചുണര്‍ത്തിയ മേഘനാദത്തോടും,

ഒഴുകി പരന്നു വരണ്ട് മരിച്ച നദികളോടും,

കാലം തെറ്റി വന്നെത്തിയ വര്‍ഷത്തോടും

തൊട്ടുരുമ്മി ചുംബിച്ച് പൊടുന്നനെ

പിണങ്ങിപ്പോയ തിരമാലകളോടും,

ഇനി യാത്ര ചൊല്ലുകയാണ്...


പറയാതെ കാത്തു വച്ച ഇത്തിരി വാക്കുകളും,

നല്‍കാതെ ഒളിപ്പിച്ച പുഞ്ചിരിയും,

നിറം മങ്ങിയ വര്‍ണ്ണ സ്വപ്നങ്ങളും,

കൈക്കുമ്പിളില്‍ നിറച്ച്....

ഓര്‍മ്മകളുടെ നൈര്യന്തരത്തില്‍

കണ്ണീരുപ്പിന്റെ രുചി നിറച്ച്,

ഇനി യാത്ര ചൊല്ലുകയാണ്...

ഒരു മടക്കയാത്ര......


മരണത്തിനോട്...

നീ എപ്പോഴും 

ചിന്തകളുടെ അരികുകളില്‍


എവിടെയോ മറഞ്ഞിരിപ്പുണ്ട്‌

കടലിനെയുമ്മ വയ്ക്കുന്ന


 നീലാകാശത്തിലും


തിരയുടെ വരവിനായി


കാത്തിരിക്കുന്ന 


തീരത്തിന്‍റെ ഇടവേളകളിലും 

ആയുസ്സിന്‍റെ കെട്ടടങ്ങുന്ന


മഞ്ഞുത്തുള്ളിയിലും


പിന്തിരിഞ്ഞു നോക്കാതെ


ഓടി  മറയുന്ന സമയവേഗങ്ങളിലും


എനിക്ക് നിന്നെ തൊടാന്‍ കഴിയുന്നുണ്ട്

എന്നാലും ഇത്തിരി നുറുങ്ങു വെട്ടത്തില്‍ 

നിന്‍റെ മുഖം കാണാന്‍ ആഗ്രഹിക്കട്ടെ ഞാന്‍ !!

നിറനിലാ പോലൊരു കൂട്ടുകാരി....

ഇന്നും ഓര്‍മ്മയിലുണ്ടൊരു കൂട്ടുകാരി
നിറനിലാ പോലൊരു കൂട്ടുകാരി..

കളിവാക്കൊന്നു ഞാന്‍ ചൊല്ലുമ്പോള്‍
കാണാതെയെത്തി മിഴിയിണ പൊത്തുമ്പോള്‍ 
കവിളില്‍ നുണക്കുഴി തെളിയുന്ന കൂട്ടുകാരി

കളിയായി പിണങ്ങുമ്പോള്‍ ഇഷ്ടത്തില്‍
ഇണങ്ങുമ്പോള്‍ കൊഞ്ചുമ്പോള്‍
കടമിഴിയാല്‍ പായാരമോതുന്ന കൂട്ടുകാരി...

ചവര്‍പ്പും കയര്‍പ്പും അറിഞ്ഞിടാതെ
വിരല്‍കോര്‍ത്ത് നടന്നോരാ വഴികളില്‍
തോളുരുമ്മി തണലായ്‌ തീര്‍ന്നൊരു കൂട്ടുകാരി..

അമ്പലപ്രാവുകള്‍ കുറുകും നേരം
ആലിലകള്‍ കഥകള്‍ ചൊല്ലും നേരം
മിഴികളില്‍ നിറദീപമായി തെളിയുന്ന കൂട്ടുകാരി

ഇന്നും ഓര്‍മ്മയിലുണ്ടൊരു കൂട്ടുകാരി
നിറനിലാ പോലൊരു കൂട്ടുകാരി....

നിഴല്‍ മരിച്ച കാഴ്ചകള്‍ .....



പുഴയില്‍ 

മൃതിയടയുന്ന

വെയില്‍ നാളങ്ങളെ 

ചുംബിച്ച കാറ്റ്

എവിടേക്കാവും 


മറഞ്ഞത് ..


ഉറക്കം നഷ്ടപ്പെട്ട 

ഉന്മാദത്തിന്‍റെ 

ചില്ലു വാക്കുകളില്‍

പതിയിരിക്കുന്നു

നിഴല്‍ മരിച്ച  


കാഴ്ചകള്‍..


ഒറ്റ ജനാല തുറന്നിട്ട 


ഇരുള്‍മുറിയുടെ 

ഗന്ധത്തില്‍ 

ഇണ ചേരുന്നു 

പാതിരാവിന്‍റെ 

ഒളിക്കണ്ണില്‍ 

വിരിഞ്ഞ  


പാരിജാതകം...


പ്രാണന്‍റെ 

ശ്വാസധാരയില്‍ 

ഓലിയിട്ടകലുന്ന

മൃത്യു രചിക്കുന്നു 

കാലത്തിന്‍റെ 


സാക്ഷിപ്പത്രം.....



അസ്വസ്ഥത തീണ്ടുമ്പോള്‍.........



കണ്ണാടി നോക്കാതെ


കവിടി നിരത്താതെ 


അസ്വസ്ഥതയുടെ 

പടവുകള്‍ 

പറഞ്ഞു തരും 

ഒറ്റ ദ്വീപിന്‍റെ 

നടുവിലാണെന്ന്


ആരോടെന്നില്ലാതെ

കയര്‍ക്കും 

കല്ലുകള്‍ നുള്ളിയെടുത്ത്

ദൂരേക്ക് ഏറിയും


നിസ്സഹായതയുടെ 

തുമ്പുക്കെട്ടി 

കൃഷ്ണതുളസിക്കതിര്‍

പോലൊരു 

നനുത്ത പുഞ്ചിരി

അണിയും 


വെയില്‍ ചൂടില്‍

നീരാടുന്ന 

തണല്‍ മരങ്ങളെ

മനസ്സ് കൊണ്ടു 

തൊട്ടറിയും


ഒറ്റ തുരുത്തിന്‍റെ

ഈറന്‍ തീരങ്ങളില്‍

മുത്തുകളില്ലാതെ

വിശ്രമിക്കുന്ന 

ചിപ്പികളെ 

ആര്‍ദ്രമായി കണ്ടറിയും 


അവ്യക്ത

മര്‍മ്മരങ്ങള്‍ 

തലച്ചോറിനുള്ളില്‍ 

കരിവണ്ടുകളായി

പറന്നു നടക്കും 


വേരുകള്‍ തേടുന്ന 

ചിന്തകളുടെ

എട്ടുകാലികള്‍

മനസ്സിലാകെ 

പരക്കം പാഞ്ഞ്‍ 

വലകള്‍ തിര്‍ക്കും


അന്ന്

ഉന്മാദത്തിന്‍റെ

ഇറയത്ത്‌

ഉണക്കാനിട്ടിരിക്കുന്ന

ഒരു ഹൃദയമാവും 

നീലിച്ച ഞരമ്പുകളില്‍ 

സ്പന്ദനം തേടി 

അലയുന്നത്.....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...