Friday, April 26, 2013

കാലം നിശ്ശബ്ദമായി കടന്നു പോകയാണ്!!

ചങ്ങാതി,
കാലം നിശ്ശബ്ദമായി കടന്നു പോകയാണ്!!
ആയുസ്സിന്റെ വസന്തത്തെ ഗ്രസിക്കാനായി
കൊടിയ ഗ്രീഷ്മം
പാഞ്ഞടുക്കുകയാണ്....
നീ ഓര്‍മ്മിക്കുക,
നൊമ്പരത്തിന്റെ ചോരയില്‍ കുതിര്‍ന്ന
വാക്കിന്റെ പൊരുളും
വിരഹത്തിന്റെ തീയില്‍ സ്ഫുടം ചെയ്ത
മനസ്സിലെ ആര്‍ദ്രവും
പാതിയടഞ്ഞ വാതില്‍പ്പടിയില്‍
വളപ്പൊട്ടുകള്‍ വിതറി
മാനം കാണാതെ കാത്തു കാത്തു വച്ച
മയില്‍പ്പീലിതുണ്ടു പോലെ
നിനക്കായി ദീപങ്ങള്‍
ചാര്‍ത്തുകയാണ്...
പകലിന്റെ ജലരാശിയില്‍
ഞാന്‍ മുങ്ങി നിവരട്ടെ..
ഇനിയും ആര്‍ദ്രമായി നീ നീട്ടും
മിഴികോണുകള്‍ അടയ്ക്കുക...
കാലം നിശ്ശബ്ദമായി കടന്നു പോകയാണ്!!!!!!

Wednesday, April 24, 2013

ഇനിയും യാത്രയാവാം.....

നിശ്ശബ്ദതയുടെ
കയത്തിലേക്ക്
അടുത്തപ്പോഴും
ഓര്‍മ്മകള്‍
നെരിപ്പോടു പോലെ
മനസ്സില്‍ പുകയുകയായിരുന്നു

ഉണരാത്ത യാത്രയില്‍
എപ്പോഴോ,
കാണുന്നുണ്ടായിരുന്നു
നിരാസത്തിലൂന്നിയ
നിന്നിലെ പ്രണയം ..
പ്രഭാതങ്ങളില്‍
സായാഹ്നങ്ങളില്‍
പുതുമലരുകള്‍ തേടിയുഴന്ന
നിന്നിലെ ഭ്രമരം
മന്ദസ്മിതം, ആഹ്ലാദം...

നിന്റെ വഴികളില്‍
തണലുകള്‍ക്ക് മേല്‍
മീനചൂട് പാകാന്‍
ഇനിയും കടന്നു വരില്ല..

മരണത്തിന്റെ കൈകള്‍
സ്വീകരിക്കാത്ത ഒരു
കരിമുകിലായി മാത്രം
നൊമ്പരഭാണ്ഡവുമായി
ഇനിയും യാത്രയാവാം.....

പുഴ മരിച്ചു

പുഴ മരിച്ചു
ആഴിയെ കിനാവു കണ്ടു കണ്ട്
നാണം കുണുങ്ങി കുണുങ്ങി
പാറക്കെട്ടുകളെയുമ്മ വച്ച്
നുര മുത്തുകള്‍ വാരിയണിഞ്ഞ്
തെന്നലില്‍ ആനന്ദനൃത്തമാടി
ഒഴുകിയൊഴുകി
പുഴ മരിച്ചു

ഇനിയും നീ വരും യാത്രയില്‍..

നല്‍കുവാന്‍ മറക്കും
ചുംബനം പോല്‍
വിറയാര്‍ന്ന നില്‍ക്കുന്നു
നിന്നോര്‍മ്മകള്‍..
പാതിയടയും
ജാലകപ്പാതിയില്‍
വന്നെത്തി നില്‍ക്കുന്നു

നമ്മള്‍ തന്‍
ഇന്നലെകള്‍...

നഷ്ടങ്ങള്‍ ഏറ്റു വാങ്ങും
കൈവെള്ള പാതി 

തുറന്നു നോക്കവേ 
കാണുന്നു
വിരല്‍ത്തുമ്പില്‍
കോര്‍ത്ത വാക്കുകള്‍
തിരിച്ചെടുത്ത
കിനാക്കളിന്‍ ദുഃഖരേണുക്കള്‍

കാത്തു കാത്തും വയ്ക്കും
മഞ്ചാടിമണി പോലെ
നൊമ്പരപ്പാടുകള്‍
കൂട്ടി വച്ചീടവേ
വിഷാദം സ്പന്ദിക്കും
ഒരു പുഞ്ചിരി മാത്രം
നിനക്കേകാം..
ഇനിയും നീ വരും യാത്രയില്‍..

ഇല പൊഴിച്ച കാലങ്ങള്‍.....

നീല വിരിയിട്ട ജാലകം
ഉള്ളറകളില്‍ മഴ
നഷ്ടബാല്യം..

മണ്ണിന്റെ ഗന്ധം
ഊറ്റിക്കുടിച്ച മഴ
വിടര്‍ന്ന ചിരികള്‍
ഓടി രസിക്കുന്ന
പൂത്തുമ്പികള്‍
സ്കൂള്‍ മുറ്റം.

ഒറ്റപ്പെടലിന്റെ
മടുപ്പിക്കുന്ന ഗന്ധം
നിസ്സഹായതയുടെ
വേരറ്റ വിങ്ങല്‍
ഹോസ്റ്റല്‍ മുറി..

ഓരോ മഴമേഘം
എടുത്തെറിഞ്ഞ
ഒറ്റപ്പെടലിന്റെ
ഓര്‍മ്മപ്പെടുത്തല്‍
ഭൂതകാലം..

കാല്‍ച്ചിലങ്ക
പൊട്ടിച്ചെറിഞ്ഞ്
നൊമ്പരമന്ത്രം ചൊല്ലി
ചരടില്‍ കോര്‍ത്തു കെട്ടി
നല്‍കി കണ്ണീര്‍ മുത്ത്
ഇല പൊഴിച്ചിട്ട
കാലങ്ങള്‍..

കുപ്പിവള
പൊട്ടിച്ചിരിക്കാത്ത
പ്രളയം പോല്‍ ഇരച്ചു
പാഞ്ഞു വരുന്ന
മൌനക്കടവിലേക്ക്

വിരല്‍ കോര്‍ക്കാതെ
ദിക്കറിയാതെ
മനമറിയാതെ
ഇനി മറയാം
ദിക്കു മാറി
തെക്കോട്ടു പറക്കാം..

വീണ്ടുമൊരു കാട്ടുചെമ്പകം...

ചിന്തകള്‍
വര്‍ണ്ണക്കാഴ്ചകളുടെ

കുപ്പായം ഉപേക്ഷിച്ച്
മനസ്സിന്റെ അറകളിലെ

പൊത്തുകളില്‍
ചേക്കേറുമ്പോള്‍
നിറമില്ലാത്ത 

സുഗന്ധമില്ലാത്ത
മൌനങ്ങള്‍
പൂക്കുന്നു....

പിഴുതെറിയപ്പെട്ട
വാക്കുകളുടെ 

ചതഞ്ഞ മുറിവുകള്‍
നീരു വറ്റാത്ത നീറ്റലായി
പെയ്തു തോരാത്ത
മഴത്തുള്ളിയായി
ഇലത്തുമ്പുകളില്‍
അവശേഷിക്കുന്നു.

തീരാവ്യഥയുടെ കൊടുങ്കാട്ടില്‍
കൊഴിഞ്ഞ ഇലകള്‍
വിരിച്ച മെത്തയില്‍
വേരൂന്നി നിവര്‍ന്നു

പൂവിടുന്നു
വിടര്‍ന്നു കൊഴിയാന്‍
വീണ്ടുമൊരു കാട്ടുചെമ്പകം...

മഴ....

മഴ....
പൊള്ളുന്ന
നെഞ്ചകത്തില്‍
ചാഞ്ഞു പെയ്ത്
ചിണുങ്ങി പെയ്ത്
ഒളിഞ്ഞും തെളിഞ്ഞും

ചരിഞ്ഞും വീശിയും
നിര്‍ത്താതെ
പെയ്തുപെയ്ത്
മഴകൈകളാല്‍
മനസ്സിന്റെ
ഗോവണിപടിയിലെ
ജാലകപാളിയില്‍
അവ്യക്ത ചിത്രം കോറി

ഇന്നലെയുടെ
ഇന്നിന്റെ
നാളെയുടെ
അവ്യക്തമാം
ഇടവഴികളിലേക്ക്
തിരിച്ചു പോകും 

മഴ....

Thursday, April 18, 2013

കിനാവിന്റെ താഴുകളില്‍

ആയുസ്സിന്റെ കരിമൂര്‍ഖന്‍
പിമ്പേ പാഞ്ഞെത്തുന്നു
ഒരുമ്മ കൊണ്ട് സ്വന്തമാക്കാതെ
നൊമ്പരപ്പാടു വീഴ്ത്തി
വീണ്ടും വരിഞ്ഞു മുറുക്കുന്നു....

കൂര്‍ത്തു മൂര്‍ത്ത
വാക്ക് ശരങ്ങള്‍ ഇന്നും
ശരപഞ്ജരത്തില്‍ കുരുക്കി
നിശ്വാസതാളം മുറുക്കുന്നു.

വീണ്ടുമൊരു പേമാരി
എങ്ങോ ആര്‍ത്തലയ്ക്കുന്നു..
തീതുപ്പി പായാത്ത
ഇന്നിന്റെ തീവണ്ടികള്‍
അവ്യക്തമായി ആക്രോശിക്കുന്നു..

കിനാവിന്റെ താഴുകളില്‍
നാളെകള്‍ ഇടിനാദം മുഴക്കുന്നു
തുഴഞ്ഞു തുഴഞ്ഞു തളര്‍ന്ന് തളര്‍ന്ന്‍
ജീവിത നൌക പങ്കായം നഷ്ടപ്പെട്ട്
വിധിക്കാറ്റില്‍ ആടിയുലയുന്നു..

Friday, April 5, 2013

നിനക്കായ് ഒരു പുഞ്ചിരിയൊരുക്കാന്‍...

കരിനീല കണ്‍കളില്‍ വിടര്‍ന്ന സ്നേഹമോ
വാക്കുകളുടെ മാസ്മരികതയില്‍ നീ പകര്‍ന്ന കിനാക്കളോ
പാതിയില്‍ അടര്‍ന്നു പോയ പ്രണയത്തിന്റെ കണ്ണീരോ
ഗുല്‍മോഹര്‍പ്പൂക്കള്‍ ഒരുക്കിയ സായന്തനമോ
നിനക്കായിവിടെ ഞാന്‍ കാത്തുവെച്ചിട്ടില്ല


വെളിച്ചത്തെ കണ്ട് 

ജീവിതസ്വപ്നങ്ങള്‍ തേടി പറന്നുയര്‍ന്ന്‍
ചിറകറ്റ ഈയാമ്പാറ്റകളുടെ 

പട്ടു ചിറകുകള്‍ മാത്രം ഞാന്‍ കാത്തു വയ്ക്കുന്നു....
നീ വരുമ്പോള്‍ നിനക്കായ് ഒരു പുഞ്ചിരിയൊരുക്കാന്‍...

എന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...