Thursday, August 27, 2015

തോണിക്കാരന്‍ .....




നനഞ്ഞിട്ടും
ഒട്ടും നനയാതെ
പുഞ്ചിരികള്‍
നട്ടു നനച്ചൊരാള്‍

ദാരിദ്ര്യം നീറ്റുന്ന
കിനാവ്രണങ്ങളിലേക്ക്
നേര്‍ത്ത വിളികള്‍
കാത്തു കാത്ത്

വെയിലേറ്റങ്ങളെ
ഒന്നൊന്നായ്
തോളിലേറ്റി

കരുതലായൊരു
തോണിയും
കാവലായൊരു
തുഴയും
കാത്തു വച്ചൊരാള്‍

ഒറ്റ തുഴയുടെ
സ്പന്ദനങ്ങളില്‍
എന്നെന്നും
വിശപ്പിന്‍റെ ആഴം
കാക്കുന്ന കയങ്ങള്‍,
തുള്ളിക്കളിക്കുന്ന
കുഞ്ഞു മത്സ്യങ്ങള്‍,

എന്നാലും ,

കറപുരണ്ട
കറുത്ത ചുണ്ടില്‍
ചിരി പടര്‍ത്തി
വിധിയുടെ
കൊടുംകാറ്റില്‍
ആടിയുലഞ്ഞ്
കരുതലുകള്‍
കാത്തുകാത്തു വച്ച്
അയാള്‍ പോകയാണ്
തോണിക്കാരന്‍!!!

കുട





കുടയൊന്നു വാങ്ങണം
കൂട്ടിനായ് കരുതണം

കരിമേഘമൊന്നിങ്ങു
കൂടെ പോന്നെങ്കിലോ

കടും വെയില്‍ നീളെ
കാത്തു നിന്നീടിലോ

കരുതലായ്‌ തണലായാ
കുടയൊന്നു നിവര്‍ത്തണം

കാത്തിടുക.....

കനവിലെഴുതുന്ന വാക്കല്ല 
കരളുടക്കുന്ന പൊരുളാണ് 
കരം കോര്‍ത്തു പോകെ നീ 
കാതരമായ് കാത്തിടേണ്ടത്...

എഴുതാന്‍ വേണ്ടി ......

എഴുതാന്‍ വേണ്ടി
എഴുതിയതായിരുന്നില്ല
പറയാന്‍ വേണ്ടി പറഞ്ഞതും

എന്നിട്ടും,


കാടു കയറാത്ത
ഓര്‍മ്മകളുടെ
നോവിറ്റിച്ച നിസ്സംഗതകള്‍

ശൂന്യത
തിന്നു മടുത്ത
ചിന്തകളുടെ വേരാഴങ്ങള്‍

നിശ്ശബ്ദതകള്‍
കൈകോര്‍ത്ത് നടക്കുന്ന
നിമിഷങ്ങളുടെ ഒച്ചിഴച്ചിലുകള്‍

ഉല്‍ക്കട ക്ഷോഭങ്ങളുടെ
സുനാമി തിര
ബാക്കി വച്ച
കണ്ണീര്‍ത്തിളക്കങ്ങള്‍

എഴുതി മായ്ച്ചും
വായിച്ചു മറന്നും
കണ്ടു കേട്ടും
അറിഞ്ഞുമറിയാതെയും
പരസ്പരം കലഹിക്കുമ്പോള്‍

എഴുതാന്‍ വേണ്ടി
എഴുതിയതായിരുന്നില്ല
പറയാന്‍ വേണ്ടി പറഞ്ഞതും
എന്നിട്ടും........

മഴ മുകിലിനോട്.....

സ്നേഹിക്കയാണ് മഴമുകിലേ നിന്നെ ഞാന്‍ ...
നാളെയെന്‍ ,മണ്‍കൂനയിലായിരം
പുല്‍ നാമ്പുകള്‍ വിടര്‍ത്തുന്നവള്‍ നീ മാത്രം......

ഓര്‍ത്തു വയ്ക്കുവാന്‍ .......

ഓര്‍ത്തു വയ്ക്കുവാനൊരു 
കടലിന്‍ ആഴം തേടേണ്ടതില്ല നീ 
കാണുക ,ഒരു തുള്ളി കണ്ണീരിന്‍ തിളക്കം മാത്രം

കത്ത് .....

കണ്ടെടുക്കപ്പെടുമ്പോള്‍
നിറം മങ്ങിയ
പുസ്തകത്താളില്‍ 
മുഖമൊളിപ്പിച്ച്
മയങ്ങുകയായിരുന്നു

ഒരു വേളയെങ്കിലും

തപാല്‍ പെട്ടിയുടെ
ഇത്തിരി ഇരുളോ
മുദ്രണത്തിന്‍റെ
കനത്ത പ്രഹരമോ
വിയര്‍ത്ത കൈത്തണ്ടയുടെ
ഞെരിഞ്ഞമരലോ
കൊതിച്ചുണ്ടാകുമോ

ഏകാന്തതയുടെ

വിരസതകളെ
ഉറുമ്പിന്‍ നിര പോലെ
എത്ര നിറവോടെയാണെന്നോ
മനസ്സു നിറച്ച് മിഴി നിറച്ച്
അക്ഷരത്തിലൊതുക്കിയത്

എത്ര പ്രിയപ്പെട്ടവളായിരുന്നു

നീയെനിക്ക്,
വരികളിലോരോന്നിലും
ആദ്യാവസാനം വരെയും
കണ്ണീരിന്‍റെ ഭൂപടം വരഞ്ഞ്‌
മനസ്സ് പകര്‍ത്തിയെഴുതിയ പോലെ

എന്നിട്ടും ,

മനസ്സു നിറയാത്ത
പ്രണയം പോലെ
ഉച്ച വെയിലേറി
നിന്നിലെക്കെത്താന്‍
ഒരിക്കലും കഴിഞ്ഞില്ലല്ലോ

ഇനിയൊരിക്കലും

ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കാന്‍
കണ്ണും മനസ്സും ഉണര്‍ത്തി
എന്നെ വായിച്ചറിയാന്‍
നിനക്കായി എഴുതി വയ്ക്കാന്‍
ഇനി കത്തുകളും ഇല്ലല്ലോ ....





നിന്നിലെ ഞാന്‍ .....

ഒരു വാക്കിനാല്‍ നിറയുന്ന
ഹൃദയത്തിലൊരു കവിതയാകണം..
ഒരു നോക്കിനാല്‍ തെളിയുന്ന 
മിഴികളില്‍ കടലാഴം തീര്‍ക്കണം..

ഒരു പുഞ്ചിരിയാല്‍ വിടരുന്ന
ഓര്‍മ്മകളില്‍ മായാത്ത ചിത്രമാകേണം ..
ചന്ദനചുരുളായ്
കവിയുന്ന സുഗന്ധമായ്‌
നിന്‍റെ നാളെകളില്‍
നിനവുകളില്‍ ജ്വലിക്കുന്ന
ചെരാതായി മാറിടേണം..

എനിക്ക്......

നോക്കുകള്‍ക്കുള്ളില്‍
പൂക്കുന്ന കുറിഞ്ഞികളാകണം
വാക്കുകള്‍ക്കുള്ളില്‍ 
വിടരുന്ന ഗുല്‍മോഹറുകളാകണം


മറവികള്‍ക്കുള്ളില്‍
മയങ്ങുന്ന തൊട്ടാവാടിയാകണം

ഓര്‍മ്മകള്‍ക്കുള്ളില്‍
ഉണരുന്ന തുമ്പയായി മാറണം

അക്ഷര കൂട്

സ്വരാക്ഷരങ്ങളാലൊരു
ഇല്ലം പണിയണം
വ്യഞ്ജനങ്ങളാം ബാല്യങ്ങളതില്‍
കുറുമ്പുമായി ഓടി നടക്കണം

ചില്ലുകളാലൊരു
പൂന്തോട്ടം തീര്‍ക്കണം
ചിഹ്നങ്ങളാം
ജാലകത്തിലൂടെ നോക്കുമ്പോള്‍
വാക്കുകള്‍ കൈകോര്‍ത്ത്
നടക്കുന്നതും കാണണം

ഓരോ കാഴ്ചകളും.......

ഓരോ കാഴ്ചകളും
ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്

സമയ ചതുരങ്ങളില്‍
വേറിട്ട കാഴ്ചകളെയോരോന്നും
മനസ്സിലുടക്കിയും മിഴി നനച്ചും
കണ്ടു കാണാതെയും പിന്നിടുമ്പോള്‍


ഓരോ കാഴ്ചകളും
ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്

മഴ മേഘങ്ങളൊഴിയുമ്പോള്‍
വെയിലിന്‍ നൂലുകള്‍ വരയുന്ന
മഴവില്ലിനഴക് മിഴികളില്‍
നിറയാതെ മറയുമ്പോള്‍

ഓരോ കാഴ്ചകളും
ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്

ഒറ്റ ചുംബനത്താല്‍ കൊതി തീര്‍ത്ത്
തിരികെ പോകുമോരോ തിരയും
ബാക്കി വയ്ക്കുന്ന സ്പന്ദനങ്ങളില്‍
കാഴ്ച്ചകളുടക്കുമ്പോള്‍

ഓരോ കാഴ്ചകളും
ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്

നീ .....

ഒരു മഴനീര്‍കണമായ്
മാറിടേണം നീ 
കിനാവസ്തമിച്ചിടുമ്പോള്‍ 
നോവില്‍ അലിഞ്ഞുചേരാന്‍

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...