Thursday, January 31, 2013

ആരു തന്‍ മിഴികള്‍ നനഞ്ഞിടും..?

മാനത്തിന്റെ വിരിമാറില്‍
ഉണര്‍ന്നുത്സവമേകും മഴവില്ലു
മാഞ്ഞു പോയോരു നേരം
മുകിലോ ഭൂമിപ്പെണ്ണോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും..?

കുങ്കുമവര്‍ണ്ണം ചാര്‍ത്തിയെത്തും
സന്ധ്യയും പശ്ചിമാദ്രിയില്‍
പൊടുന്നനെ മുങ്ങിടുമ്പോള്‍
പകലോ വിടര്‍ന്ന താമരയോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും...?

ഇളംതെന്നലിനെയുമ്മവച്ചു ചാഞ്ചാടും
ഇലകള്‍ നാളെ പൊഴിഞ്ഞിടുമ്പോള്‍
തെന്നലോ കൊഴിയും ദലങ്ങളോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും...?

തണല്‍ നീട്ടി നിന്നൊരു വൃക്ഷം
നാളെ തച്ചന്റെ കരങ്ങള്‍ പുല്‍കുമ്പോള്‍
കെട്ടിപുണര്‍ന്നു കിടക്കും വേരുകളോ
കുശലം ചൊല്ലിയ ഇലകളോ
ആരു തന്‍ 
മിഴികള്‍ നനഞ്ഞിടും....?


Wednesday, January 30, 2013

മേഘക്കാടുകളീല്‍....

അപ്പൂപ്പന്‍താടിയുടെ ചിറകിലേറി
മഴ പൂക്കുന്ന മേഘക്കാടുകളീല്‍
നമുക്കൊരുമിച്ച് വിരുന്നു പോകാം

മേഘ പൊയ്കയിലുള്ളൊരു
കിനാവിന്‍ തോണിയിലേറി
കഥകള്‍ പറഞ്ഞു രസിക്കാം..

താരകപ്പൂക്കളിറുത്ത് മെല്ലെ
സ്നേഹനൂലില്‍ കോര്‍ത്ത്
പ്രണയഹാരമണിയിക്കാം..

നിലാവിന്‍ നാട്ടിലെ സ്നേഹ-
തീരത്തില്‍ നിന്നടരുമൊരു
മഴത്തുള്ളിയായി നമുക്കീ
ഭൂമിയെ കുളിരണിയിക്കാം...

Tuesday, January 29, 2013

സ്നേഹസമ്മാനമാണിത്

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക....

വെറും ബലൂണ്‍
എന്ന് വിസ്മയിക്കരുത്..
ഇതെന്റെ ജീവശ്വാസം...
നിന്റെ കിനാവില്‍
നീയിതിനെ കാത്തുകൊള്ളുക...

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക..

വെറും കടലാസ്സു പട്ടം
എന്ന് പരിഹസിക്കരുത്
ഇതെന്റെ കിനാക്കള്‍..
നിന്റെ ഹൃദയാകാശത്തില്‍
സ്നേഹത്തിന്‍ ചിറക് നല്‍കി
നീയിത് കല്പാന്തകാലം കാക്കുക...

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക....
വെറും മഴനീര്‍ത്തുള്ളികള്‍
എന്ന് പരിഹസിക്കരുത്
ഇതെന്റെ പ്രണയം...
നിന്റെ കൈക്കുമ്പിളില്‍
നിന്നൂര്‍ന്ന് പോകാതെ 
നിന്റെ മിഴികളില്‍ നിറയ്ക്കുക..

Sunday, January 27, 2013

പുഴയും മണ്‍ത്തരിയും

നേര്‍ത്ത് നേര്‍ത്ത് മെല്ലെ മെല്ലെ
അരികിലേക്ക്  ഒഴുകിയെത്തും
പുഴ ദിശ മാറി ഒഴുകുന്നതു കാണ്‍കെ

മണ്‍ത്തരിയിലും വേദന തളിരിടാറുണ്ടോ...

Tuesday, January 22, 2013

ജീവനേരത്തിന്‍ ചില്ലയില്‍.....

മനസ്സിന്റെ
ഉള്‍ത്തളങ്ങളില്‍
പൊള്ളുന്ന ഓര്‍മ്മ
മൌനം...

മിഴിയിണയില്‍
ഇമകള്‍ക്കുള്ളില്‍
ഒളിപ്പിച്ച വേദന
പ്രണയം....

ഗ്രീഷ്മത്തിന്റെ
തൂശനിലയില്‍
വിളമ്പിയത്
നഷ്ടകിനാക്കള്‍...

ജീവനേരത്തിന്റെ
ചില്ലയില്‍
കൊഴിയുന്നത്
ഋതുഭേദങ്ങള്‍...

Sunday, January 20, 2013

നിശാഗന്ധികള്‍ വിടരുന്നു...

മറവു ചെയ്യപ്പെട്ട കിനാക്കളുടെ
ശവമഞ്ചം തുറന്നാണ് വീണ്ടുമവന്‍
മുന്നില്‍ എത്തിയത്..

ഒരുമിച്ചു പങ്കിട്ട കിനാനിലാവ്
വാതില്‍പ്പടിയില്‍ മടിച്ചു നില്‍ക്കുന്നു..

മഴനൂലുകള്‍ വലനെയ്ത ജാലകപ്പാളിയിലൂടെ
തെന്നല്‍ കുളിരു വില്‍ക്കുന്നു...


നിദ്രയില്‍ ചേക്കേറിയ കിനാശലഭം
രാപ്പാടിയുടെ ഗീതം കാതോര്‍ക്കുന്നു...


പ്രണയത്തിന്റെ താഴ്വാരയില്‍
നിശാഗന്ധികള്‍ വിടരുന്നു...

തമ്മില്‍ത്തമ്മില്‍ അറിയാതെ
അകലെ അകലെ എവിടെയോ
നിദ്ര പൂക്കുന്ന കാടുകളില്‍
വിരലുകള്‍ കോര്‍ക്കാതെ
നീയും ഞാനും കിനാക്കളും
നാളെയുടെ ഇലത്തുമ്പില്‍
ഹിമകണമായി പൊഴിയുന്നു...

Thursday, January 17, 2013

വാക്കുകള്‍ക്കതീതമായി...

വാക്കുകള്‍ക്കതീതമായി
ഒരു പ്രണയമുണ്ടെങ്കില്‍
അത് മരണമായിരിക്കും....

കാലങ്ങള്‍ മായ്ക്കാത്ത
ഒരു ഓര്‍മ്മയുണ്ടെങ്കില്‍
അത് പ്രണയമായിരിക്കും...

പ്രണയത്തിനും മരണത്തിനും
സ്വന്തം ഇന്നലെകളുടെ
സാക്ഷ്യത്തിന്റെ

ബാക്കിപ്പത്രം....

Sunday, January 13, 2013

കാലചക്രത്തിലൂടെ...

ഒരു ശിശിരകാല പ്രണയത്തിന്‍
ഗുല്‍മോഹറുകള്‍ വിരിയിച്ച്,
പിന്‍വിളിയ്ക്ക് കാതോര്‍ക്കാതെ
പിന്തിരിഞ്ഞൊരു നോക്കീടാതെ
ആകാശച്ചെരുവുകളിറങ്ങുക-
യാണൊരു ഋതുസുന്ദരി.

Thursday, January 10, 2013

വഴിത്താരയില്‍..


"അന്നും വേനല്‍ മഴ പോലെ 
ഓര്‍മ്മകള്‍ നിന്നില്‍ 
നിറയുന്നുണ്ടാകും...
ജനലഴിയില്‍ മുഖം ചേര്‍ത്ത് 
വിദൂരങ്ങളില്‍ എവിടെയോ 
പായുന്ന നിന്റെ മിഴികളില്‍ ,
ഒരു യാത്രയില്‍ നീക്കി വച്ച 
ഏതോ പാതി നിമിഷങ്ങള്‍ 
അറിയാതെ നിറഞ്ഞ സ്വപ്നങ്ങള്‍ ..
ഒക്കെയുമൊക്കെയും ഇരുണ്ട ആകാശത്ത് 
മിന്നുന്ന നക്ഷത്രങ്ങളെ പോലെ 
നിന്റെ മിഴികള്‍ക്ക് തെളിഞ്ഞു കാണാം...
അപ്പോള്‍ ,
ഓര്‍മ്മയുടെ നീലിച്ച ഞരമ്പിലൂടെ 
ഊറി വന്നെത്തുന്ന 
സ്നേഹത്തിന്റെ കൈയ്യൊപ്പു പതിച്ച 
ഒരു മിഴിനീര്‍ത്തുള്ളി നീ എനിക്കായ് മാറ്റി വയ്ക്കുക.."

എനിക്കിനി,,,,,

എനിക്കിനി ഒരു കാഴ്ചയോളം ദൂരത്തായി ആകാശംവേണം എന്റെ നിറകണ്ണോളം ആഴത്തിൽ നക്ഷത്രങ്ങളെ തുന്നിപ്പിടിപ്പിക്കണം ഒരു നെടുവീർപ്പിനാൽ ഉള്...