Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, January 21, 2018

കനലെരിയുന്ന മനസ്സുകൾ.....




ഇന്നും വൈകുമോ ദൈവമേ. എന്തു കഷ്ടമാണിത്. വെളുപ്പിനു നാലുമണിക്കു ഉണർന്നതല്ലേ താൻ പ്രാതലും ഉച്ചഭക്ഷണവും ഒക്കെ ഒരുക്കി വച്ചു .. അമ്മയ്ക്കു കഴിക്കാനുള്ള മരുന്നും എടുത്തു വച്ചു .കുട്ടനെ സ്കൂളിൽ വിടാൻ ഒരുക്കാനാ പെടാപ്പാട് .. ഇങ്ങോട്ടു വിളിച്ചാൽ ചെക്കൻ അങ്ങോട്ടു ഓടും ... എന്താ ചെയ്ക .കുളിപ്പിച്ചു കൊണ്ടു വന്നു ഭക്ഷണം നല്കി കഴിയുമ്പോഴേക്ക് സമയം ഓടിയങ്ങു പോകും.

           ഇതു വല്ലതും രവിയേട്ടന് അറിയണോ ... ഉണർന്നു വന്നാലുടൻ ചൂടുചായ കൈയിൽ കിട്ടണം .പിന്നെ പേപ്പറിലേക്ക് മിഴിയും നട്ടിരിക്കുന്നതു കാണുമ്പോ ഇരച്ചു വരും തനിക്കു ദേഷ്യം..'പരീക്ഷ എഴുതാൻ പോകുവാണോ രവിയേട്ടാ ഇങ്ങനെ ന്യൂസ് പഠിച്ചിട്ട് .ആ ചെക്കനെ ഒന്നുണർത്തി കുളിപ്പിച്ച് ഒരുക്കരുതോ 'എന്നൊക്കെ അരിശംമൂത്തു അടുക്കളയിൽ നിന്നു താൻ പിറുപിറുത്താലും ആരു കേൾക്കാൻ ...


                     ദൈവമേ! ഇങ്ങനെയൊരു തലവിധി എന്നു പറഞ്ഞാവും പിന്നെ താൻ തനിയെ സമാധാനിക്കുക... ഇന്നു ചെക്കനെ കുളിപ്പിച്ച് ഒരുക്കാൻ നേരമാ രവിയേട്ടൻ പുതിയ ആവശ്യവുമായി വന്നത് .ചലച്ചിത്രോത്സവം കാണാൻ പോകണംപോലും .. അവിടെ കൂട്ടുകാരൊക്കെ ഉണ്ടാകും ചെലവുണ്ടാകും അതിനായിത്തിരി രൂപ വേണംന്ന് .

                           ആവശ്യം കേട്ടപ്പോൾ നെഞ്ചിനുള്ളിലൊരു ആളലാ ഉണ്ടായത് .കറന്റ് കാശ് അടയ്ക്കാനുള്ളത് ബാഗിലുണ്ട്.ഏട്ടനതു കണ്ടാല്‍ എടുത്തതു തന്നെ.. .അതെങ്ങനെയാ കാണാണ്ട് ഒളിച്ചുവയ്ക്കുക. ഹൃദയമിടിപ്പുകൂടുംപോലെ..

എങ്ങനെയെങ്കിലും ആ രൂപ കുട്ടന്‍റെ ബാഗില്‍ ഒളിപ്പിച്ചപ്പോഴാ സമാധാനമായത് ..
         
                  " ഒരു ഉത്തരവാദിത്തവുമില്ലാതെ കൂട്ടുകാരുമായി തിമിർത്തു നടക്കുന്ന ഒരാളെ എന്തിനാ ഇങ്ങനെ നീ ചുമക്കുന്നത് " എന്ന് രാധു എപ്പോഴും തന്റെ സങ്കടങ്ങൾ കേൾക്കുമ്പോ ചോദിക്കാറുണ്ട്..ഒക്കെ വിധി.. സഹിക്കാണ്ട് ഞാനെന്താ ചെയ്കാന്നുള്ള തന്റെ മറുപടി കേൾക്കുമ്പോ അവൾക്കു അരിശമാ വരിക ...

                        "മണിമംഗലത്തു നിന്നു വന്ന ആലോചനയാ നമുക്കിതു ഗൗരിക്കു എങ്ങനെയെങ്കിലും നടത്താം ഭാനു" എന്നമ്മയോടു അച്ഛൻ പറയുന്നതു കേട്ടപ്പോഴെ താൻ പറഞ്ഞതാ 'ഇപ്പോ വേണ്ടച്ഛാ, അച്ഛനിനിയും കൂടുതൽ കടക്കാരനാകണ്ട .ചേച്ചിയുടെ കല്യാണാവശ്യത്തിനായി വല്യമ്മയുടെ കൈയിൽ നിന്നു വാങ്ങിയതുപോലും കൊടുത്തു തീർക്കാൻ അച്ഛനു കഴിഞ്ഞിട്ടില്ല അതിന്റെ കൂടെ ഇതെങ്ങനെയാ .. ഇപ്പോ വേണ്ട കല്യാണം 'ന്ന് ..

                          എത്ര താനന്നു എതിർപ്പു പറഞ്ഞു .എന്നിട്ടും അച്ഛൻ വീടു വല്യമ്മയ്ക്ക് എഴുതി കൊടുത്തു ബാക്കി രൂപകൂടി വാങ്ങിയാണീ കല്യാണം നടത്തിയത് .
കല്യാണം കഴിഞ്ഞയുടൻ തന്നെ വീടു മാറാൻ വല്യമ്മ ആവശ്യപ്പെട്ടില്ലേ.. അച്ഛന്റെ കാലം വരെ അവിടെ താമസിക്കാൻ വല്യമ്മ അനുവദിക്കുമെന്ന അച്ഛന്റെ കണക്കുകൂട്ടൽ തെറ്റിയപ്പോ.. ആരോടും മിണ്ടാതെ തലയ്ക്കുകൈയും കൊടുത്തിരുന്നു അച്ഛന്റെ മനസ്സെരിഞ്ഞുള്ള ആ ഇരിപ്പ്... ഇപ്പോഴും വല്ലാതെ നീറ്റുന്ന ഒരോർമ്മയാണത് ....
                     
                  കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ബന്ധങ്ങളിലും വിള്ളൽ വീഴുമെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ അച്ഛനും അമ്മയുമന്ന് എത്ര സങ്കടപ്പെട്ടു . "ഞങ്ങളുടെ നെഞ്ചിലെയീ നീറ്റൽ പെൺമക്കളുള്ള ഓരോ അച്ഛനമ്മമാരുടെയും നീറ്റലാണു മോളേ.. വരുന്ന ധനുവിൽ നിനക്ക് ഇരുപത്തിയൊമ്പത് വയസ്സാവും .. ഇനിയും നടന്നില്ലെങ്കിൽ ശരിയാവില്ല ഗൗരി "എന്നായിരുന്നന്ന് അമ്മയുടെ പക്ഷം .

                       വിവാഹം കഴിഞ്ഞേറെ കഴിയും മുമ്പ് തന്നെ മനസ്സിലായി രവിയേട്ടന്റെ സ്വഭാവം .എന്തിനുമേതിനും ദേഷ്യം , ട്രാസ്പോര്‍ട്ട് ബസിലെ കണ്ടക്ടര്‍ അല്ലേ...ഇടയ്ക്കു കിട്ടുന്ന അവധിയൊക്കെ കൂട്ടുകാരുമായി കറങ്ങിനടന്നു കാശൊക്കെ തീര്‍ക്കും ..വീട്ടുകാര്യങ്ങളെക്കുറിച്ചു ചിന്തയേയില്ല...കഴിക്കാന്‍ വന്നിരിക്കുമ്പോള്‍ വിഭവങ്ങള്‍ ഇല്ലെങ്കില്‍ എല്ലാം വലിച്ചെറിഞ്ഞു ഇല്ലാത്ത ബഹളം തുടങ്ങും ..'ഒക്കെ വാങ്ങി വാ സദ്യ തന്നെ ആവാല്ലോന്ന്‍ ' ഒരിക്കല്‍ പറഞ്ഞതിന് മുടിക്ക് കുത്തിപ്പിടിച്ച് എത്രയാ അന്നു തല്ലിയത്..കുട്ടനെപ്പോലുമൊന്നു ശ്രദ്ധിക്കുകയില്ല ..രവിയേട്ടന്റെ അച്ഛനുംഅമ്മയും പ്രായമേറിയവരാണ് .. ഏട്ടനോടു അവരെന്തു പറഞ്ഞാലും പിന്നെ വലിയ വഴക്കിലെ കലാശിക്കൂ ...

                                 ഇതൊന്നും തന്‍റെ അച്ഛനെയും അമ്മയെയും ഇതുവരെ അറിയിച്ചിട്ടില്ല ..അവിടെ രണ്ടു വയറിനു കഴിഞ്ഞു കൂടാനുള്ളതും വീട്ടു വാടകയ്ക്കുള്ളതുമുണ്ടാക്കാന്‍ അച്ഛന്‍ ഇപ്പോഴും പണിക്ക് പോകയാണ് ..അവരെ ഒന്ന് കാണാന്‍ പോകാനുള്ള അനുവാദം പോലുമില്ല ...അവരെ ഓര്‍ക്കുമ്പോള്‍ അറിയാണ്ട് കണ്ണുകൾ നിറയുകയാണ് ..

                             ഓരോന്നോര്‍ത്തു നടന്നപ്പോ സ്കൂളില്‍ എത്തിയതു അറിഞ്ഞതേയില്ല ..ഓഹ്! ആശ്വാസം ബെല്ലടിക്കാറാകുന്നതേയുള്ളൂ ..ഈ ജോലി കൂടി ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ദൈവമേ എന്റെ ജീവിതം...

                               ആശടീച്ചർ പറയുമ്പോലെ .. "ഓരോ മനസ്സും ഇവിടെ പ്രകാശം വിതറി എരിഞ്ഞുതീരുന്ന മെഴുകുതിരി പോലെയാണ് ഗൗരി ..മനസ്സെരിഞ്ഞു നീറുമ്പോഴും എത്ര നന്നായി ചിരിച്ചു അഭിനയിച്ചു എല്ലാവരുടെയും മുന്നിലൂടെ നീ മുന്നോട്ടു പോകുന്നു ,എത്ര വെയിലേറ്റങ്ങളെ ശിരസ്സില്‍ വഹിച്ചിട്ടാ വൃക്ഷം മറ്റുള്ളവയ്ക്ക് തണലു നല്‍കുന്നത് .. അങ്ങനെയാണിവിടെ ഓരോ ജീവിതവും ...ഇവിടെ ഓരോരുത്തരും ഒപ്പമുള്ളവരുടെ സന്തോഷത്തിനായി എരിയുന്ന മനസ്സിലും പുഞ്ചിരി പൊഴിച്ചു പോകയാണ് ..തനിക്ക് വേണ്ടിയല്ല ...ഒപ്പമുള്ളവര്‍ക്കായ്...

                         ആശടീച്ചറിന്റെ വാക്കുകളെത്ര സത്യമാ... ടീച്ചറിനെപോലുള്ള കൂട്ടുകാർ ഒരു ഭാഗ്യം തന്നെയാ .. ഓ ,ബെല്ലടിച്ചു ഇനി എല്ലാ വേദനകൾക്കുമൊരു ചെറിയ ഇടവേള നല്കി കുട്ടികളോടൊപ്പം കഴിയാം .. "എന്താ ഗൗരി പോകുന്നില്ലേ ക്ലാസ്സിലേക്ക് "ദേ ,വരുന്നു ന്ന് പറഞ്ഞ് ആശടീച്ചർക്കൊപ്പം ക്ലാസ്സിലേക്കു പോകുമ്പോഴും മനസ്സിലൊരു കനമങ്ങനെ........



Saturday, September 30, 2017

കടല്‍ കാണുന്നവര്‍....





വീണ്ടും നോവാഴങ്ങളിലേക്ക് മുങ്ങുകയാണെന്ന് അറിയാതല്ലയീ നടത്തം ..
ഇപ്പോള്‍ ,പ്രിയരെല്ലാം കൂടുതൽ മിഴിവോടെ
ഓര്‍മ്മയില്‍ തെളിയുകയാണ്.. ഒന്നും ഓര്‍ക്കരുതെന്നും ബാക്കിപ്പോന്ന ഇത്തിരി ദൂരത്തിലേക്ക് നടന്നു ചെല്ലാന്‍ ആരുടെയും ഓര്‍മ്മകളൊന്നും ആവശ്യമില്ലാന്നു എത്രവട്ടമീ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതാണ് ..എന്നിട്ടും,
കൂട്ടുകാരുമൊത്തു കഴിഞ്ഞ ഓരോനിമിഷങ്ങളും.. അന്ന്, ഞങ്ങള്‍ക്കിടയിലേക്ക് അറിയാതെ വിരുന്നെത്തുന്ന പൊട്ടിച്ചിരികളും കൂടുതൽ തെളിമയോടെ മനസ്സിലങ്ങനെ ചിത്രം വരയുകയാണ് .. എവിടെയാവും ഇപ്പോള്‍ എല്ലാവരും ,,,
പിരിയുമ്പോള്‍ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു..
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൂടണം ..വിശേഷങ്ങള്‍ അറിയാന്‍ കൂടെക്കൂടെ വിളിക്കണം ...ആദ്യമൊക്കെ വിളിയും വിശേഷങ്ങളും ഒക്കെ അറിഞ്ഞിരുന്നു ..ഇപ്പൊ വിളിയുമില്ല ...കൂടലുമില്ല ...


ഒറ്റയ്ക്കാവുന്ന നേരങ്ങളിൽ എന്‍റെ മൗനങ്ങൾക്ക് ആയിരം നാവുമുളയ്ക്കുന്നുവോ .. വെറുതെയെങ്കിലും നഷ്ടങ്ങളെയെല്ലാം മനസ്സിലേക്ക് ഉരുട്ടിക്കയറ്റി വീണ്ടും ഉപ്പു രുചിക്കുന്നുവോ... മറവിയിലേക്ക് മനപ്പൂര്‍വം ഉപേക്ഷിച്ച എത്ര വാക്കുകള്‍ ....സ്വരങ്ങള്‍ ...ഇതൊക്കെയാരാണിപ്പോള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത് ...


കൺമുനകോർക്കുന്ന ഓരോ വസ്തുവിലും ഇത്ര കൂടുതൽ ദൃശ്യഭംഗി പണ്ട് തോന്നാതിരുന്നതെന്താണ് ..?
ഈ നോവിന്റെ സഹനത്തിലും ഇഷ്ടസ്വരങ്ങളെയും മുഖങ്ങളെയും വീണ്ടും കേൾക്കാനും കാണാനും കൊതിക്കുന്നതെന്തിനാണ് ഇനിയും.?
ചെറിയൊരു ഇരുൾപാതിയെയും നിഴലുകളെയും താനിപ്പോള്‍ വല്ലാതെ ഭയന്നു തുടങ്ങിയോ ...?
എന്തിനാണിപ്പോൾ ഓരോ ശ്വാസനിശ്വാസവേഗങ്ങളിലേക്കും കാതുകളിങ്ങനെ ഒരു ഭയപ്പാടോടെ ചേര്‍ത്തുവയ്ക്കുന്നത് ...

യാത്രയുടെ നാൾവഴികള്‍ അവസാനിക്കാറായെന്ന് അറിഞ്ഞപ്പോഴും എന്താണ് മിഴികള്‍ തുളുമ്പാതിരുന്നത്..ഒരു കണ്ണീര്‍ നനവിലൂടെ പോലും ഇനിയും തോല്‍ക്കരുതെന്നു ആരെങ്കിലും മനസ്സിലിരുന്ന് പിറുപിറുക്കുന്നുണ്ടോ...

ഓരോ ദിനവും അവസാനിക്കുമ്പോൾ നോവുകൾ പടര്‍ന്നേറുകയാണ് ..ആരോടാണ് എല്ലാമൊന്നു പറയുക...തിരക്കിന്‍റെയും വെട്ടിപ്പിടിക്കലിന്‍റെയും നെട്ടോട്ടത്തിനിടയില്‍ ആര്‍ക്കാണ് ഇതൊക്കെ കേള്‍ക്കാന്‍ നേരവും മനസ്സും ...

ഇന്നൊരു കടല്‍ കാണണം ....കടല്‍ പോലെ ഒന്നുറക്കെ കരയാന്‍ ശ്രമിക്കണം ...ഇനിയുമേറുന്ന നോവുകളെ കാത്തിരിക്കേണ്ടതുണ്ട് ...ഒന്നുമില്ലാത്തവന്റെ നിസ്സഹായതയില്‍ തലചായ്ച്ച് ഒരു പുഞ്ചിരി വെട്ടത്തിന്‍റെ കരളുറപ്പില്‍ ഇനിയും പോകേണ്ടതുണ്ട് ... ....

Wednesday, February 22, 2017

ഉണ്ണ്യേട്ടനും മീരയും പിന്നെ കത്തും ,....



ഉണ്ണ്യേട്ടാ ,


ഇന്ന് കത്ത് കിട്ടിയപ്പോ എല്ലാരും എന്നെ കളിയാക്കിട്ടോ . "നിങ്ങക്ക് പറയാനുള്ളത് ഫോണിലൂടെ പറഞ്ഞൂടെ എന്തിനാ കത്ത് " ന്ന്പറഞ്ഞിട്ട് .
കത്ത് വായിക്കുന്നതിന്റെ സുഖമൊന്നു വേറെയാന്ന് പറഞ്ഞ് ഞാനവർക്ക് മറുപടി കൊടുത്തു.

അല്ല പിന്നെ,അവർക്കറിയോ ഉണ്യേട്ടന്റെ കത്തിനായുള്ള ന്‍റെ കാത്തിരിപ്പും,കത്ത് വീണ്ടുംവീണ്ടും വായിക്കുമ്പോഴുള്ള സന്തോഷവും ഒക്കെ. സന്തോഷം മാത്രമല്ലട്ടാ എന്തു ആത്മബലവുമാണെന്നോ ഉണ്യേട്ടന്റെ വാക്കുകൾ നൽകുന്നത്.ഒറ്റയ്ക്കല്ലാന്നൊരു തോന്നൽ,ഏതു സങ്കടങ്ങളുംപങ്കുവയ്ക്കാനൊരു ആൾ.. ശരിക്കും ഉണ്യേട്ടാ ,സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുകന്നത് ഒരു ഭാഗ്യം തന്ന്യാല്ലേ...


ദേ ,ഇന്നുംസ്കൂളിലെത്താൻ വൈകിട്ടാ. എന്താചെയ്ക എല്ലാ പണികളും തീർത്ത് ഓടിക്കിതച്ചു ചെന്നപ്പോ എട്ടിന്റെ ലൗലി പോയി പിന്നെ വന്നത് മോളിക്കുട്ടിയാ. എന്തു തിരക്കായിരുന്നുവെന്നോ. എങ്ങനെയെങ്കിലും തൂങ്ങിപ്പിടിച്ചങ്ങു ചെന്നപ്പോഴേക്കും ഹെഡ്മാസ്റ്റർ വക ശകാരം.

വൈകിട്ട് വരുംവഴി അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ ചെന്നപ്പോഴാ കുട്ടേട്ടനെ കണ്ടത്. അച്ഛൻ ഇന്നലെയും മദ്യപിച്ച് കവലയിൽ ബഹളം കൂട്ടി പോലും. കേട്ടപ്പോ ഭൂമിപ്പിളർന്ന് ഞാനങ്ങ് താഴ്ന്നുപോകണപോലെ തോന്നി. ഇപ്പോ സമയം 9 ആകുന്നു ഇതുവരെ സനു എത്തിട്ടില്ല.അവനീയിടെയായി കൂട്ടുകാരൊടൊപ്പം കറക്കംതന്നെ.ഞാൻ പറഞ്ഞാലവൻ ഒന്നും കേൾക്കില്ല.

മിന്നാമിന്നികൾ നൃത്തംവയ്ക്കണ മുറ്റം പോലുമില്ലാന്ന് എഴുതി കണ്ടല്ലോ .എന്തിനാ മിന്നാമിന്നി. ഒന്നു കണ്ണടച്ചിരുന്നപ്പോരേ.ഈറൻമുടിത്തുമ്പിൽ തുളസിക്കതിർച്ചൂടി, നെറ്റിമേൽ ഭസ്മക്കുറി തൊട്ട മീര ..... ദേ നോക്ക്, മുന്നിലെത്തില്ലേ....ങേ.
അതേ ഒറ്റയ്ക്കാണെന്നു കരുതി അലസതയൊന്നും വേണ്ട ട്ടാ. സമയത്ത് ഭക്ഷണമൊക്കെ കഴിക്കണം.

അതേ ഇപ്പോ അമ്മക്ക് ഭക്ഷണവുംമരുന്നും ഒക്കെ കൊടുക്കാനുള്ള നേരായി. ബാക്കി പിന്നെ അടുത്ത കത്തിൽ എഴുതാം ട്ടാ..


സ്നേഹപൂർവം,
 ഉണ്യേട്ടന്റെ മീര.

രക്തസാക്ഷി ..



തിരക്കിന്റെ ലോകത്ത് പേരുകേട്ട പിടിയാട്രിഷ്യന്റയും മന:ശസ്ത്രവിദഗ്ദ്ധയുടെയും ഏകമകളാണവൾ... ഒറ്റപ്പെടലിൻറെ നാലു ചുമരുകൾക്കുള്ളിൽ നിന്നവൾ പാറി വീണത്, അച്ഛൻ നൽകിയ കമ്പ്യൂട്ടറിനുള്ളിലെ വിശാലമായ സൗഹൃദയവലയത്തിലേക്കായിരുന്നു.... വർണശലഭം പോലവൾ അവിടെ പാറിപ്പറന്നു....
സൗഹൃദങ്ങൾ ചിലന്തികളെ പോലെയവിടെ കെണികളൊരുക്കി കാത്തിരിപ്പുണ്ടായിരുന്നു.. ദിവസങ്ങള്‍ പോകെ വലയിൽകുടുങ്ങിപ്പോയ നിസ്സഹായയായ ചെറുപ്രാണിയെപ്പോലെയായി അവൾ... ... ഒന്നുറക്കെ കരയാനാവാതെ, വല്ലാതെ ശ്വാസംമുട്ടിയ നാൾ.... തനിക്ക് വാത്സല്യം നിഷേധിച്ച് ഒറ്റപ്പെടുത്തിയവരോട് ഉള്ളിൻറെയുള്ളിൽ അവൾ പ്രതിഷേധത്തിന്റെ ജ്വാലയായി..... രക്ഷനേടാനായി ഉറച്ച മനസ്സുമായി മേഘപാളികളിലേക്കവൾ പറന്നകന്നു..... വരും നാളിലെ ഓര്‍മ്മകളിലേക്ക് മഹാപ്രളയമായി പെയ്തൊഴിയാൻ.....

Friday, June 1, 2012

ഒരു കൈയ്യൊപ്പിലൂടെ....




അലീനാ ,
നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു...
പിന്നെ, ഞാന്‍ പേടിച്ചിരുന്നു, ഒരു പക്ഷേ, മൊബൈലില്‍ കൂടി നിന്റെ നേര്‍ത്ത സ്വരമായിരിക്കുമോ എന്നെ തേടിയെത്തുന്നതെന്ന്.. .

കാരണം ,അല്പ നിമിഷത്തേക്ക് നിന്റെ സ്വരം കേള്‍ക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് നിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക്  വിരല്‍ത്തുമ്പു കൊണ്ട് നീയെനിക്കായി നിന്റെ ഹൃദയഭാഷയില്‍ പകര്‍ന്നു തരുന്നത് തന്നെയാണ്..അങ്ങനെ എങ്കില്‍ ആ വരികളിലൂടെ   കൂടെ കൂടെ എനിക്ക് കണ്ണോടിക്കാമല്ലോ.....


പ്രതീക്ഷിച്ചതു പോലെ ഇന്ന്, നിന്റെ കത്ത് കിട്ടിയപ്പോള്‍ ഇനിയും മരിക്കാത്ത കുറെ ഓര്‍മ്മകളും സൌഹൃദത്തിന്റെ മധുരിമയും വീണ്ടും എന്റെ മനസ്സിലേക്ക് കടന്നു വരും പോലെ...
 നമ്മള്‍ നടന്നു പതിഞ്ഞ പാതകള്‍ ഇന്ന് എനിക്ക് വല്ലാതെ അന്യമായിരിക്കുന്നു., ഇവിടെ, ഈ  തിരക്കില്‍ ഞാനും അറിയാതെ ഒഴുകി പോകും പോലെ...
അമ്പലക്കുളവും ആല്‍ത്തറയും ആലിലകളും നമ്മോടു കഥ പറഞ്ഞ കാലം എത്ര സുന്ദരമായിരുന്നൂന്ന് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്..

പലപ്പോഴും പല നൊമ്പരങ്ങളും എന്നെ തേടി വീണ്ടും
എത്തുമ്പോഴെല്ലാം ആ വേദനകള്‍ ഞാന്‍ മറക്കുന്നത് നാം ഒരുമിച്ചു പങ്കിട്ട സായന്തനങ്ങളുടെ ഓര്‍മ്മയിലാണ്..

അന്ന് ,ജീവിതഭാരങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഭാണ്ഡക്കെട്ടുകളുമായി  എന്നെ തിരഞ്ഞു വന്നപ്പോള്‍..
ആ ഭാണ്ഡക്കെട്ടുകള്‍  എത്രയോ തവണ നമ്മള്‍ ഒരുമിച്ചിരുന്നു ചികഞ്ഞു നോക്കിയിരിക്കുന്നു.

അപ്പോഴെല്ലാം  ആലിലകള്‍ അവയുടെ   ഇളം കാറ്റിന്റെ തലോടലിലൂടെ നമ്മുടെ വേദനകള്‍ ഒപ്പിയെടുത്തിരുന്നില്ലേ ...

ഇവിടെയിപ്പോള്‍, ഈ നാലു ചുമരുകള്‍ക്കുള്ളില്‍  ജീവിതം തളച്ചിടുമ്പോള്‍ ആകാശത്തെയും നക്ഷത്രങ്ങളെയും കാണാന്‍ അനുവാദമില്ലാതെ  ,ഒന്നു പൊട്ടിച്ചിരിക്കാനാവാതെ..ഒരു  മൂളിപാട്ടുപാടാതെ... തമാശ പറയാതെ ..നിശ്ശബ്ദമായ് ..യാന്ത്രികമായ  ഈ ജീവിതത്തില്‍ പണ്ടേപ്പോലെ നിമിഷങ്ങള്‍ കൊണ്ടു സൌഹൃദം പണിയാന്‍ എനിക്ക് കഴിയുന്നില്ല ...

എപ്പോഴൊക്കെയോ എന്തൊക്കെയോ എന്നില്‍ നിന്ന് ഞാനറിയാതെ എനിക്ക് നഷ്ടമായിരിക്കുന്നു..
ആ നല്ല സായാഹ്നങ്ങളും പ്രസരിപ്പാര്‍ന്ന പുലരികളും..

നാട്ടിലെ പോലെ അല്ല ഇവിടം...അസഹ്യമായ ചൂടില്‍ വെന്തുരുകുമ്പോള്‍ ശരീരത്തു നിന്നുയരുന്നത് വിയര്‍പ്പാണെന്ന് പറയുന്നതെങ്ങനെ..സത്യത്തില്‍ അതു കണ്ണുനീരു തന്നെയാണ്...

ആരും കാണാതെ ആ കണ്ണീര് മറയ്ക്കുമ്പോള്‍ തോന്നാറുണ്ട് ആ കണ്ണീരിന്റെ നനവു മാറ്റുന്നത് ചില മുഖങ്ങളുടെയും പ്രതീക്ഷകളുടെയും തലോടലാണെന്ന്.
“നീ പോയി രക്ഷപ്പെട്ടാല്‍ ഒക്കെ ശരിയാവും ..എന്ന്‍ നല്ല നാളെ സ്വപ്നം കണ്ട് എന്നില്‍ എല്ലാ പ്രതീക്ഷയും കാത്തു വയ്ക്കുന്ന  അമ്മയുടെ കണ്ണിലെ ഈറനും വാക്കുകളും ,  ചിരിക്കുന്ന കൂടപ്പിറപ്പുകളുടെ മുഖങ്ങളുമാണെന്ന്..മഴയും വെയിലും കൊള്ളാതെ കയറി കിടക്കാനായി മനസ്സില്‍ കൂടുകെട്ടിയ   ഒരു കുഞ്ഞു വീടിന്റെ ചിത്രമുണ്ട് ഇപ്പോഴും ഇനിയും വരച്ചു തീര്‍ക്കാന്‍ കഴിയാതെ...

പണ്ട്, വിശപ്പിന്റെ മുറവിളി എന്നെ തേടിയെത്തുമ്പോള്‍ അമ്മ വിളമ്പിത്തന്ന കഞ്ഞിയുടെ സ്വാദ്  ഏറ്റവും ഞാനറിയുന്നത് ഇപ്പോഴാണെന്ന് പറയാം...

 ജോലി ചെയ്ത്  തളര്‍ന്ന് മടങ്ങി വന്ന് ഒരു കുളിയും  കഴിഞ്ഞു വരുമ്പോഴാണ് അടുത്ത മല്ലയുദ്ധം തുടങ്ങുന്നത് കുബ്ബൂസുമായി..  ഒക്കെ കഴിച്ചു കഴിച്ചു മടുത്തു....

 ഇതൊക്കെ വായിക്കുമ്പോള്‍ നിനക്കെന്റെ മനസ്സ് വായിക്കാന്‍ കഴിയും എന്നോര്‍ക്കുമ്പോള്‍ വല്ലാത്തെ ആശ്വാസമുണ്ട്..


എല്ലാ വേദനകള്‍ക്കും മുന്നില്‍ പതറാതിരിക്കാന്‍ നീയെനിക്ക് ആത്മവിശ്വാസം പകര്‍ന്നു തരണം.. എന്റെ സ്വപ്നങ്ങള്‍ എനിക്ക് ശരശയ്യ ഒരുക്കുമ്പോള്‍ നീയെനിക്ക് തുണയായി നില്‍ക്കുമല്ലോ..മറ്റൊന്നും ഞാന്‍ ചോദിക്കുന്നില്ല ..നിന്റെ സൌഹൃദം ഒഴികെ..

അറിയാതെ എങ്കിലും നിന്നെയും ഞാന്‍ വേദനിപ്പിച്ചുവല്ലോ എന്നോര്‍ക്കുമ്പോള്‍ എവിടെയോ  നോവുന്നുണ്ട് ഇന്നും...
 ഞാനിവിടം പരിചയപ്പെട്ടു വരുന്നേയുള്ളൂ..നീയെനിക്കിനിയും മുടങ്ങാതെ എഴുതണേ...നീ ഉത്സവം കാണാന്‍ പോകാറുണ്ടോ...
ഞാനില്ലാത്ത എത്ര ഉത്സവങ്ങള്‍ കടന്നു പോയി ല്ലേ...

നീയും സുജയും കൂടി എന്നെ പറ്റി എന്തു പറഞ്ഞു ചിരിച്ചൂന്നാ നീ എഴുതീരിക്കുന്നത്...പരദൂഷണം നിന്റെ നിഘണ്ടുവില്‍ സ്ഥാ‍നം പിടിച്ചുവോ..മറുപടിയ്ക്കു കാത്തിരിക്കുന്നു...വൈകിപ്പോകരുതേ...
                      
                        എന്ന്,
സ്നേഹപൂര്‍വം,
.................

Friday, May 25, 2012

നിലാവ് മൌനം പുതച്ചുറങ്ങുമ്പോള്‍......

അസ്തമയത്തിന്റെ ആകാശമേലാപ്പിലേക്ക് നോക്കിയിരുന്നപ്പോള്‍ രവിയുടെ മനസ്സില്‍ ഒടുക്കവും തുടക്കവുമില്ലാത്ത ഓര്‍മ്മകളുടെ മേഘക്കീറുകള്‍ ഒഴുകി നടക്കയായിരുന്നു..

ഗീതുവിനെ ആദ്യമായി കണ്ട നിമിഷം ഇപ്പോള്‍ കൂടുതല്‍ തെളിമയോടെ ഉണരുകയാണ്... അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം പീലി നിവര്‍ത്തിയതെപ്പോഴാണ്....

പ്രണയകാലത്തെ ദിനങ്ങള്‍ ..ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവസുറ്റ ദിനങ്ങളായിരുന്നു അന്ന്...എപ്പോഴും ശ്വാസനിശ്വാസങ്ങളുടെ ഓരോ മാത്രയിലും അവള്‍ നിറഞ്ഞു നിന്നു...ചെറുകാറ്റില്‍ പോലും പാറി പറക്കുന്ന അവളുടെ അലസമായ മുടിയിഴകള്‍..വിടര്‍ന്ന കണ്ണുകള്‍...വശ്യതയാര്‍ന്ന ചിരി, ഇമ്പമാര്‍ന്ന സ്വരം ഒക്കെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...

ഒരു ദിവസം അവളെയൊന്നു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മനസ്സാകെ വീര്‍പ്പുമുട്ടലിന്റെ കാര്‍മേഘങ്ങള്‍ നൊമ്പരം വര്‍ഷിക്കുമായിരുന്നു...സ്നേഹം വന്നു പൊതിയുമ്പോഴും ,പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും പിണക്കങ്ങളുടെ കുത്തിയൊലിപ്പിലും അകപ്പെട്ടിട്ടുണ്ട്..
പക്ഷേ, ആ പിണക്കങ്ങളൊക്കെ വീണ്ടുമൊരു സ്നേഹത്തിന്റെ വലയില്‍ വീഴ്ത്താന്‍ ഒരു നോട്ടമോ ഒരു കണ്ണീര്‍ത്തുള്ളിയോ മാത്രം മതിയായിരുന്നു...

അന്ന്, പൊള്ളുന്ന വേനല്‍ പ്രതീക്ഷിക്കാത്തൊരു മഴയായി തീരും പോലെയായിരുന്നു വീട്ടുകാരോട് എത്ര പൊരുതിയിട്ടും കൂട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ ഒരു താലി ചരടില്‍ കോര്‍ത്ത് അവളെ സ്വന്തമാക്കിയത്  ... 
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെ നിര്‍വൃതിയുടെയും മേഘപഞ്ഞിക്കെട്ടുകള്‍  തെളിഞ്ഞ ആകാശത്ത്  ഒഴുകി നടക്കുന്നതു പോലെ ദിനങ്ങളങ്ങനെ ഓടി മറയുകയായിരുന്നു.. 

 മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ വിരുന്നെത്തുന്ന അണ്ണാറക്കണ്ണന്മാരെ കുറിച്ചും ആദ്യമായി വിരിഞ്ഞ പനിനീര്‍പൂവിനെ കുറിച്ചും അവള്‍ വാചാ‍ലയാകുന്നത്...  ഓര്‍ക്കാപ്പുറത്ത് വിരുന്നെത്തുന്ന മഴയില്‍ കളിവള്ളമുണ്ടാക്കി അവള്‍ രസിക്കുന്നത് കാണുമ്പോള്‍ അവളെ കളിയാക്കുന്നത്..അങ്ങനെയങ്ങനെ ഓര്‍മ്മകളുടെ പടവുകള്‍ കയറിയിറങ്ങുമ്പോള്‍ എന്തെല്ലാം ചിത്രങ്ങളാ മനസ്സില്‍ മറഞ്ഞു കിടക്കുന്നത് കാണുന്നത്...

എല്ലാം എത്ര വേഗമാണ് മാറി മറിഞ്ഞത്...ശ്രീക്കുട്ടിയുടെ വരവാണോ അവളെ തന്നില്‍ നിന്നും അകറ്റിയത്..അമ്മയായപ്പോള്‍ അവളുടെ സ്നേഹം നഷ്ടപ്പെട്ടിരുന്നോ തനിക്ക്...അങ്ങനെ പറഞ്ഞൊഴിയാന്‍ കഴിയുമോ.? ഓഫീസില്‍ നിന്നും കൊണ്ടു വരുന്ന ഫയലുകളുടെയും കമ്പ്യൂട്ടറിന്റെയും  ടി വിയുടെയും മുന്നിലായി സമയം മാറ്റി വച്ചപ്പോള്‍ അവളെ കുറിച്ച് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നതല്ലേ വാസ്തവം..
അപ്പോഴൊക്കെ,  അവള്‍ വിശേഷങ്ങള്‍ പങ്കിടാന്‍ അടുത്ത് എത്തുമ്പോള്‍ ഒരു തരം ഈര്‍ഷ്യായിരുന്നില്ലേ മനസ്സില്‍ തോന്നിയിരുന്നത്.സ്നേഹമൊക്കെ കാറ്റിലൊരില പോലെ പറന്നകലുകയായിരുന്നില്ലേ.... “ഈ കുഞ്ഞിനെ എങ്കിലും ഇത്തിരി നേരം നോക്കരുതോ രവിയേട്ടാ“ എന്നവള്‍ പരിഭവം പറയുമ്പോഴൊക്കെ “നിനക്ക് പിന്നെയെന്താ പണി” എന്ന് പകരത്തിനു പകരമായി നല്‍കിയല്ലേ അവളെ നിശ്ശബ്ദയാക്കിരുന്നത്.

വല്ലാത്ത ക്ഷീണം തീരെ വയ്യാത്തതു പോലെ നമുക്കൊന്ന് ആശുപത്രി വരെ പോയാലോ  രവിയേട്ടാ എന്നവള്‍ ആവശ്യപ്പെട്ടപ്പോഴും “എനിക്ക് ലീവെടുക്കാന്‍ കഴിയില്ല നീ അപ്പുറത്തെ ശാന്തചേച്ചിയുമായി പോയി വാ” എന്നല്ലേ അന്ന് മറുപടി നല്‍കിയത്..പിന്നെ , അസുഖത്തെ കുറിച്ച് അവള്‍ പറയുമ്പോഴൊക്കെ “ഒക്കെ നിന്റെ തോന്നലാ നിനക്കൊന്നും ഇല്ല” എന്ന് പറഞ്ഞൊഴിഞ്ഞത് എന്തിനായിരുന്നു....അതില്‍ പിന്നെ ഒന്നും അവള്‍ പറഞ്ഞതുമില്ലല്ലോ..അല്ല, അവളോട് തിരക്കിയതുമില്ല എന്ന് പറയുന്നതാവില്ലേ അതിന്റെ ശരി...

പ്രണയത്തിന്റെ നാളുകളില്‍ അവള്‍ക്ക് ഒരു ചെറിയ തല വേദന എന്ന് കേട്ടാല്‍ പോലും ഉടനെ ഡോക്ടനെ കാണാന്‍ പോകാമെന്ന് പറഞ്ഞ് വാശി പിടിച്ചയാളായിരുന്നില്ലേ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ഒരു സങ്കടവും കുറ്റബോധവും കലര്‍ന്ന മലവെള്ളപാച്ചിലില്‍ അകപ്പെട്ടപോലെയായി...

ചെറിയ കാര്യങ്ങള്‍ക്ക് പോലും തുടരെ തുടരെ ഓഫീസിലേക്ക് വിളിക്കുന്ന ശീലം അവള്‍ക്ക്  പിടിപ്പെട്ടപ്പോഴാണ് വീട്ടിലെ നമ്പര്‍ കണ്ടാലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ ആയത്..രണ്ടു വിളിയില്‍ കൂടുതല്‍ വരുമ്പോള്‍ ഫോണ്‍ സൈലന്റിലേക്ക് മാറ്റുകയായിരുന്നു പതിവ്...

വൈകിട്ട് ഒരു മീറ്റിങില്‍ പങ്കെടുക്കുമ്പോഴാണ് അവളുടെ വിളി വന്നത്. പെട്ടെന്ന് ഫോണ്‍ സൈലന്റിലേക്ക് മാറ്റി.. മീറ്റിംഗ് തീര്‍ന്ന ശേഷവും വീട്ടിലേക്ക് ഒന്ന് തിരിച്ചു വിളിക്കാന്‍ ഓര്‍ത്തില്ല...അവള്‍ തന്നു വിടുന്ന ലിസ്റ്റിലെ സാധങ്ങളോ മരുന്നോ വാങ്ങാന്‍ പറയാ‍നാവും വിളിച്ചതെന്നു മനസ്സില്‍ കണ്ടു..“അല്ലെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വീട്ടിലുള്ളവരെപ്പറ്റി ഒരു ചിന്തയുമില്ല“ എന്നുള്ളൊരു  പരിഭവം അവള്‍ക്ക് നിലവിലുണ്ടായിരുന്നല്ലോ എപ്പോഴും ..

വീട്ടുവാതിക്കല്‍ എത്തിയപ്പോഴെ അവളോട് വല്ലാത്ത ദേഷ്യമാ തോന്നിയത്..സന്ധ്യ കഴിഞ്ഞിട്ടും വിളക്ക് തെളിയിക്കാതെ ഇവള്‍ ശാന്ത ചേച്ചിയോട് കാര്യം പറഞ്ഞിരിക്കുന്നുണ്ടാവും ..അപ്പോഴാണ് ഗായത്രി  ഓടി വന്നു പറയുന്നത് “അമ്മയും ഗീത്വേച്ചിയും വൈകിട്ട് എ കെ ആശുപത്രിയില്‍ പോയതാ ഇതു വരെ വന്നില്ല”..വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ തൊണ്ട ഇടറി പോയിരുന്നുവോ...അവരിപ്പോഴിങ്ങെ
ത്തും എന്ന ചിന്തയായിരുന്നുവോ എന്നിട്ടും അവിടം വരെ ഒന്നു പോകാന്‍ വീണ്ടും വൈകിയത്...

ഐ സി യൂവിനു മുന്നില്‍ വിതുമ്പി നില്‍ക്കുന്ന ശാന്തചേച്ചി “എനിക്കൊന്നും അറിയില്ല മോനേ“ എന്ന് പറഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചുകുട്ടിയുടെ ഭാവത്തില്‍ പകച്ചു  നില്‍ക്കാനേ കഴിഞ്ഞുള്ളൂ...

”രോഗത്തിന്റെ അവസ്ഥ നിങ്ങളെ അറിയ്ക്കാന്‍ വേണ്ടിയാണ് നിങ്ങളെ കാണണം, നിങ്ങളെയും കൂട്ടിയേ ഇനി വരാവൂ എന്ന് ഞാന്‍ ഗീതുവിനോട് പറഞ്ഞത് , മരുന്ന് പോലും മുടങ്ങരുത് എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നതാണല്ലോ...“ ഡോക്ടര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ വാടിത്തളര്‍ന്ന് ഒരു പരാതി പോലും പറയുവാന്‍ ശക്തിയില്ലാതെ അവള്‍ കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സ് കുറ്റബോധത്തിന്റെ ശരപഞ്ജരത്തില്‍ കുടുങ്ങി പോയി കഴിഞ്ഞിരുന്നു .

തിരക്കുകള്‍ക്കിടയ്ക്ക് പലപ്പോഴും അവളോടു കാണിച്ച അവഗണനയാവും ഒന്നും പറയാതെ സ്വയം സഹിച്ച് അവളെ നിശ്ശബ്ദയാക്കിയത് ..ഓര്‍ക്കുമ്പോള്‍ അവളോട് അകാരണമായ ഒരു ദേഷ്യം തോന്നും പോലെ..ഒന്നുറക്കെ കരയാന്‍ പോലും കഴിയുന്നില്ലല്ലോ  ഇപ്പോള്‍... കത്തിയെരിയുന്ന ഓര്‍മ്മകള്‍ ഒരു ആര്‍ത്തനാദമായി മാറുമ്പോള്‍ അങ്ങ് അകലെ നിലാപുഞ്ചിരി തൂകി ആകാശത്തിലെ  നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ ഗീതു എന്ന നക്ഷത്രവും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു....

Wednesday, May 2, 2012

‘വേനലില്‍‘ മഞ്ഞു പെയ്യുമ്പോള്‍....

യാത്രയില്‍ പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള്‍ മനസില്‍ വീണ്ടും വല്ലാത്തൊരു  ഭയം നിഴലിക്കും പോലെ..മനസ്സില്‍ മരിച്ചു കിടക്കുന്ന മുഖങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും ജീവന്‍ വയ്ക്കുകയാണോ..ട്രെയിനിന്റെ ചൂളം വിളി ഒരു നേര്‍ത്ത തേങ്ങലായി തീരും പോലെ....

എന്റെ മനസ്സില്‍ വല്ലാത്തൊരു ബലം നിറച്ച് പതച്ചു പൊന്തുന്നത് നിന്റെ വാക്കുകളാണ്..
“ നീ , നോക്ക് ...എല്ലാം ഭേദമായിരിക്കുന്നു..ഇനി പഴയതു പോലെ തിരിച്ചു വരണം നീ...ഇനിയും ഈ മൌനവ്രതം നിനക്ക് ഒട്ടും ചേരുന്നതല്ല..വീണ്ടും നീയെന്താണിത്ര ആലോചിച്ചു കൂട്ടുന്നത്..നോക്ക്, ആരുമില്ലാന്ന നിന്റെ വിചാരം വെറുതെയായില്ലേ , ഞാനുണ്ടായിരുന്നില്ലേ നിനക്കൊപ്പം എപ്പോഴും..ഇനിയുമുണ്ടാകും ..ഒരു നിഴലു പോലെ എന്നും....”അവളുടെ വാക്കുകള്‍ മറക്കാന്‍ കഴിയുന്നില്ല..ശരിയാണ് നിന്നെ പോലൊരു കൂട്ടുകാരി..ഏതു പുണ്യപ്രവര്‍ത്തിയുടെ തീരത്തു നിന്നാവും നിന്നെ ഞാന്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും...തീര്‍ച്ചയായും ഞാന്‍ അര്‍ഹിക്കാത്ത ഒരു മഹാഭാഗ്യമാണു നീ...

 മാഞ്ഞു പോയ ഓരോ നിമിഷങ്ങളും പെയ്തൊഴിയുന്ന മഴയുടെ ബാക്കിയെന്ന പോലെ മനസ്സിലിപ്പോഴും ഇറ്റിറ്റ് നില്‍ക്കയാണ്..

വേദനയുടെ ഏതോ ഒരു നിമിഷത്തിലെ പാതിമയക്കത്തിലാണ് അടഞ്ഞു പോകുന്ന വാതിലിന്റെ പിന്നാമ്പുറത്ത് നിന്റെ മുഖം ഞാന്‍ കണ്ടത്...നീയും എന്നെ കണ്ടിരുന്നുവോ..ബോധം മങ്ങി തുടങ്ങിയ വേളയിലും നിന്റെ മുഖം നേരിയ ഒരു നൂലായി മനസ്സില്‍ ഇഴഞ്ഞു നീങ്ങിയിരുന്നു...
സ്വബോധത്തിലേക്ക് തിരിച്ചു വന്നപ്പോഴും നിന്റെ ഓര്‍മ്മകളുടെ തരികളാണ് എന്റെ കണ്‍പീലികളെ തട്ടി ഉണര്ത്തിയത്.അപ്പോഴാണ് ആര്‍ദ്രമായൊരു വിളിയും പുഞ്ചിരിയുമായി നീയെന്റെ അരികിലെത്തിയത്..

വേദനയുടെ കൊടുമുടി കീഴടക്കി ഞാന്‍ കഴിഞ്ഞ  അവസ്ഥയിലും എന്റെ നേര്‍ക്ക് വന്ന നിന്റെ തെളിയുന്ന പുഞ്ചിരിയെ കെട്ടു പോകാന്‍  തുടങ്ങുന്ന ഒരു തിരിനാളത്തിന്റെ അരികില്‍ നില്‍ക്കുന്ന കൊച്ചു കുട്ടിയുടെ വിസ്മയങ്ങളായിട്ടാ എനിയ്ക്ക് തോന്നിയിരുന്നത്..

അന്നെല്ലാം  ഒരു കരച്ചിലിന്റെ വക്കിലൂടെ മരുന്നുകളുടെ മണമോടെ ഉറങ്ങുകയും ഉറക്കമുണരുകയും ചെയ്യുന്ന എന്നിലേക്ക് പുഞ്ചിരിയും ചാഞ്ഞിരുന്ന് ആശ്വാസം പകര്‍ന്ന ഒരു തോളും പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഒരു  കൈവിരല്‍ത്തുമ്പും നീയെനിക്കേകിയപ്പോള്‍ അതാണെന്നെ വീണ്ടും വീണ്ടും ജീവിതത്തിലേക്ക് ഉണരാന്‍ പ്രേരിപ്പിച്ചത്... ....

നീ പറഞ്ഞതു പോലെ രോഗത്തിന്റെ വേദനകള്‍ കെട്ടി വരിഞ്ഞ് ശ്വാസം മുട്ടിച്ച  രാത്രികള്‍ ഇന്നെന്നെ വിട്ടു പോയിരിക്കുന്നു...നീയും നിന്റെ കൂട്ടുകാരും പലപ്പോഴായി പകര്‍ന്നു തന്ന ജീവരക്തത്തിന്റെ തണലില്‍ ഞാനിന്ന് ഉന്മേഷവതിയാണ്...

ഇപ്പോഴെന്റെ ഓര്‍മ്മകള്‍ സമ്പന്നമാകുന്നത് അടുത്ത ദിനം പഠിപ്പിക്കേണ്ട പാഠങ്ങളിലെ കഥാപാത്രങ്ങളും കവികളും നിരന്നാണ്...കഴിഞ്ഞു പോയ നാളുകളിലെ വേദനയുടെ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ പണിപ്പെട്ടൊരു ചിരി പടുത്തുയര്‍ത്താന്‍ ഞാന്‍ ശ്രമിക്കയാണ്...എങ്കിലും നീ പറഞ്ഞതു പോലെ , സ്വപ്നങ്ങളുടെ വളകിലുക്കം എനിക്കിന്ന് കേള്‍ക്കാന്‍ കഴിയുന്നു....

രോഗത്തിന്റെ ഭാണ്ഡക്കെട്ടിറക്കി വച്ച എന്നെ ഒരു മഹാത്ഭുതമായി വരവേല്‍ക്കുന്ന കണ്ണുകളെയും കഴിഞ്ഞതിനെ കുറിച്ച് അറിയാവുന്നതും അറിഞ്ഞുകൂടാത്തതുമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നവരെ  എനിക്ക് ചുറ്റും പലപ്പോഴും കാണുന്നുണ്ട്..അവരറിയാതെ അവര്‍ക്ക് നേരേ ഗൂഢസ്മിതം ഉതിര്‍ത്ത് അവരില്‍  ഒരാളായി ഞാനും മാറുമ്പോള്‍ ഇനിയും ഒരു തിരിച്ചു പോക്ക് വീണ്ടും ഞാന്‍ കാതോര്‍ക്കുന്നില്ല....

ഇന്ന് , എന്നെ വലം വയ്ക്കുന്ന നിന്റെ ഓര്‍മ്മകളും , ഏകാന്തതയില്‍ എന്നെ തേടിയെത്തുന്ന നിന്റെ സ്വരവും ജനാലയിലൂടെ കടന്നു വന്ന് എന്നെ   തൊട്ടു തലോടുന്ന ഇളം കാറ്റും, ഓടി നടക്കുന്ന മേഘകീറുകളും, തൊടിയില്‍ മുഴങ്ങി കേള്‍ക്കുന്ന കുഞ്ഞാറ്റക്കിളികളുടെ സംഗീതവും കേട്ടും കണ്ടും അറിഞ്ഞും ഞാനുമുണ്ടാകും ഇനിയുമെന്നും..

Wednesday, January 11, 2012

പെയ്തൊഴിയാതെ...


ഇനിയും പച്ചപ്പുമാറാത്ത ചില ഓര്‍മ്മകളുടെ വല കൊണ്ട് മനസ്സിനെ തളച്ചിട്ടിരിക്കയാണ് എപ്പോഴും..കരിമഷി പുരളാത്ത കണ്ണുകളില്‍ വിഹ്വലതയുടെ നേരിയ ഭയം നിഴലിക്കും പോലെ..ചിന്തകളില്‍ വേദനയുടെ വേലിയേറ്റവും..

പുഞ്ചിരിയോടെ കടന്നു വന്ന്‍ ക്ഷേമാന്വേഷണങ്ങള്‍ക്കൊടുവില്‍ സ്നേഹത്തോടെ കൈപിടിച്ച് ഒരു ഇഞ്ചക്ഷനും നല്‍കി നഴ്സ് തിരികെ നടന്നപ്പോള്‍  വേദനയില്‍ നിന്ന് മോചനം നേടാനാണ്  ജനാലയിലൂടെ റോഡിലേക്ക് ശ്രദ്ധിച്ചത്.

അവിടെ എവിടെക്കോ ഓടിയോടി പാഞ്ഞു നടക്കുന്ന ആളുകളെ നോക്കിയിരുന്നപ്പോള്‍ മെല്ലെ മെല്ലെ മനസ്സ് മറ്റൊരു ലോകത്തേക്ക് പിന്തിരിഞ്ഞു നടക്കയായിരുന്നു..

ഒരിക്കല്‍ ഇതുപോലെ പാഞ്ഞു പോകുന്ന കൂട്ടത്തില്‍ ഒരാളായിരുന്നല്ലോ .ജോലി കിട്ടിയപ്പോള്‍ എന്തു സന്തോഷമായിരുന്നു. അതിരാവിലെ എഴുന്നേറ്റ് പ്രാതലും ഉച്ചഭക്ഷണവും ഒരുക്കി പെട്ടെന്ന് ഒരുങ്ങീ ഒരോട്ടമായിരുന്നു ബസ് സ്റ്റോപ്പിലേക്ക് .
നഗര തിരക്കിലൂടെ ഓടി നടക്കുന്ന ഈ ആളുകളും  അതു പോലെ തന്നെയാകുമോ? പ്രാരാബ്ദകെട്ടുകളെ അല്പം മറന്ന് സമയത്തിനു ഓഫീസിലെത്താന്‍ കഴിയുമോ എന്ന ഒറ്റ ചിന്തയുടെ ഊഞ്ഞാലായത്തില്‍ ആയിരിക്കുമോ ഇപ്പോള്‍ ഇവരുടെ മനസ്സും..

രേണുവിന്റെ ചിരിക്കുന്ന മുഖമാണപ്പോള്‍ മനസ്സിലെത്തിയത്..അവളുടെ അമ്മയാണവള്‍ക്ക്  പാചകം ചെയ്ത് ഭക്ഷണം പാത്രത്തിലാക്കി കൊടുത്തു വിടുന്നത് .വീട്ടിലെ ഒരു ജോലിയും ചെയ്യാതിരുന്നിട്ടും രേണുവും ഓടി കിതച്ച് തന്നെയാണല്ലോ ബസ് സ്റ്റോപ്പിലെത്തുക.അമ്മ പൊതിക്കെട്ടി കൊടുക്കുന്ന ഉച്ചഭക്ഷണത്തിന്റെ രുചിയെ കുറിച്ച് അവള്‍ പലപ്പോഴും വാചാലയാകാറുണ്ട്. അപ്പോഴൊക്കെ അകാരണമായ ഒരു അസൂയ അവളോട് തോന്നിയിരുന്നു..

അവളിപ്പോള്‍ എന്തു ചെയ്യുകയാവും..വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതകാരിയായിരുന്നു രേണു..അവളുടെ സംസാരശൈലിയോടു തോന്നിയ ഇഷ്ടമായിരുന്നു അവളുടെ കൂട്ടുകാരിയാക്കി മാറ്റിയത്.ചെറിയ ഒരു മഴയില്‍ പോലും വീണു പോകാവുന്ന ഒരു കാട്ടുപുല്‍ച്ചെടിയായിരുന്നു രേണുവിനെ കണ്ടുമുട്ടും വരെ എന്നു വേണമെങ്കില്‍ പറയാം.


“ആളിക്കത്തുന്ന അഗ്നിയിലേക്ക് മനുഷ്യന്‍ കല്‍ക്കരി വാരിയിടുമ്പോള്‍ കൂടുതല്‍ വേഗതയില്‍ മുന്നോട്ടു പോകുന്ന തീവണ്ടിയെ നീ കണ്ടിട്ടില്ലേ , അതു പോലെ നിന്റെ മനസ്സിന്റെ സങ്കടങ്ങളെ പെരുപ്പിക്കുന്ന സങ്കടങ്ങള്‍ ഒന്നിനു പിറകെ വന്നു ചേരുമ്പോള്‍ തളര്‍ന്നു വീഴാതെ മുന്നോട്ടു തന്നെ പോകണം ,ലക്ഷ്യം കണ്ടെത്തണം.” 

തളര്‍ന്നു പോകുന്ന പല ഘട്ടങ്ങളിലും അവളുടെ വാക്കുകളുടെ സാമിപ്യത്തിനു മനസ്സിനു ധൈര്യം തരാന്‍ സാധിച്ചിട്ടുണ്ട്.
പക്ഷേ,ഇപ്പോള്‍ അവള്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് നടുവില്‍ നിശ്ശബ്ദത ഭിത്തി കെട്ടിരിക്കുന്നതു പോലെ..

അന്ന് പതിവിലും നേരത്തെ ഓഫീസിലെത്തിയ ആശ്വാസമായിരുന്നു..
'ആഹാ !! ഗുഡ് മോര്‍ണിംഗ് ,എന്തേ പതിവില്ലാതെ രാവിലെ തന്നെ ?' രേണുവിന്റെ  ചോദ്യം കേട്ടാണ് മുഖമുയര്‍ത്തി നോക്കിയത്.നീയും ഇന്ന് എന്തേ നേരത്തെ എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ്


‘ഹും! വേണ്ട മോളെ, ചോദ്യം ഒന്നും ഇങ്ങോട്ടു വേണ്ട അതെ, ഇന്നു  വ്യാഴാഴ്ചയല്ലേ നമ്മടെ സ്വന്തം കൃഷ്ണന്‍ കുട്ടീനെ കാണുന്ന ദിവസം .അതിനാല്‍ മൂപ്പരെ ചെന്നു കണ്ട് ഒരു തൂളസി മാലയും വാങ്ങി ആ കഴുത്തിലണിയിച്ചിട്ടാ ഈ രേണു വരുന്നത്’ എന്ന് അവള്‍ പറഞ്ഞപ്പോള്‍ കൌതുകത്തോടെ അവളെ തന്നെ നോക്കിയിരുന്നു പോയി..

എപ്പോഴും അവള്‍ അങ്ങനെതന്നെയാണല്ലോ..മനസ്സ് വായിച്ചെടുക്കാന്‍ മിടുക്കി തന്നെയാണവള്‍...
പലപ്പോഴും മുഖഭാവത്തില്‍ നിന്നു തന്നെ  മനസ്സ് രേണു വായിച്ചെടുക്കും.
ഇത്തിരി ചന്ദനം ഈ നെറ്റിയിലും കിടക്കട്ടെ എന്ന് പറഞ്ഞ് അവള്‍ ചന്ദനമിട്ടു തന്നപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് അടുത്ത ചോദ്യം അവള്‍ തൊടുത്തു വിട്ടത്..‘എന്തേ,മുഖം വല്ലതെ ..വയായ്ക വല്ലതും '..
പെട്ടെന്ന് ഒന്നുമില്ലാന്ന് പറഞ്ഞൊഴിയാനാ തോന്നിയത്.


അവളുടെ വാക്കുകളില്‍ സ്നേഹമാണെങ്കിലും ആ ചോദ്യം  കൂടുതല്‍ സങ്കടത്തിലാക്കുകയാണ് ചെയ്തത്..
കിട്ടിയ മറുപടിയില്‍ വിശ്വസിച്ചതു കൊണ്ടാകുമോ വീണ്ടും ജോലി ഭാരത്തെ കുറിച്ചും ഒരിക്കലും കൂട്ടി കിട്ടാത്ത ശമ്പളത്തെ കുറിച്ചും  പിന്നെയും എന്തൊക്കെയോ രേണു പറഞ്ഞു കൊണ്ടിരുന്നത്...അവള്‍ പറയുന്നതൊന്നും ശ്രദ്ധിക്കാനുള്ള മനസ്സായിരുന്നില്ല അപ്പോള്‍..
അതുകൊണ്ടു തന്നെയാണല്ലോ പ്രിയ സുഹൃത്തായിരുന്നിട്ടും രേണുവില്‍ നിന്നു പോലും അന്നത് മറച്ചു വച്ചത് എന്നിട്ടും.....

മനസ്സിലപ്പോഴും അലയടിച്ചു കൊണ്ടിരുന്നത് തന്നെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ഒരു ദുരന്തത്തിന്റെ നിമിഷങ്ങളായിരുന്നു....ഇനി എത്ര നാള്‍ ഇങ്ങനെ... എന്ന ചിന്ത മാത്രമായിരുന്നു..വല്ലാത്ത ഒരു വിങ്ങലില്‍ കുടുങ്ങി പിടയുകായിരുന്നു അപ്പോള്‍ മനസ്സ്...  


എപ്പോഴാണ് ഈ നാലു ചുമരുകള്‍ക്കുളളില്‍ എത്തപ്പെട്ടതെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മ്മയില്‍ എത്തുന്നില്ല..
‘ഇനി പറയാന്‍ പോകുന്നത്  മീര മനസ്സിരുത്തി കേള്‍ക്കണം. എത്രയും വേഗം ഒരു ഓപ്പറേഷന്‍ കൂടിയേ തീരൂ. ഒരു അത്ഭുതം സംഭവിക്കാം, ഇന്നത്തെ അവസ്ഥയില്‍ നിന്ന് മീരയ്ക്ക് ഓവര്‍കം ചെയ്യാന്‍ കഴിയും, അതിനു മീരയുടെ മനസ്സാന്നീധ്യമാണ് ആവശ്യം , എന്നാലേ മരുന്നുകള്‍ക്ക് ഗുണമുണ്ടാകൂ‘ എന്ന ഡോക്ടറുടെ ആമുഖം കേട്ടപ്പോള്‍ നില തെറ്റിയ ഒരു സങ്കടം മുന്നില്‍ കണ്ട്  എന്തും സഹിക്കാനുള്ള ഒരു ഉള്‍ക്കരുത്ത് തേടുകയായിരുന്നു മനസ്സ്..

ചെയ്തു പോയ ഏതു അപരാധത്തിന്റെ നിഴലാകാം ഇപ്പോഴും പിന്തുടരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടി  മനസ്സ് നടന്നകന്നു പോയ നാളുകളീലേക്ക് പലവട്ടം തിരിച്ചു പോയി..
പക്ഷേ, ഒറ്റപ്പെടലിന്റെ പല തുരുത്തുകളില്‍ പോലും പകച്ചു നിന്നതല്ലാതെ ആരോടും ഒരു വെറുപ്പിന്റെയോ ദേഷ്യത്തിന്റെയോ ശേഷിപ്പുകള്‍ ഒന്നും  ഇന്നു വരെ മനസ്സില്‍ പറ്റി ചേര്‍ന്നതായി  കണ്ടെത്താനായില്ല....

എല്ലാവരെയും ഒന്നും അറിയിക്കണ്ടാന്ന് കരുതി ഇത്ര നാള്‍ ഒളിപ്പിച്ച ഒരു സങ്കടം പെട്ടെന്ന് കടലായി വന്ന് കടപുഴക്കി കൊണ്ടു പോയ ദിനങ്ങളാണിത്,

എന്നിട്ടും കണ്ണുകളെ വിടര്‍ത്തി പിടിച്ച് കണ്ണുനീരൊളിപ്പിച്ചു മറ്റുള്ളവര്‍ക്ക് നേരെ പുഞ്ചിരി നല്‍കാന്‍ കഴിയുന്നൂ എന്ന് ഓര്‍ത്തപ്പോള്‍ വല്ലാത്ത ഒരാശ്വാസം തന്നെ, എന്നാലും ,കുറച്ചു നാളായി വേദന ഉരുകുന്ന മനസ്സില്‍ വളര്‍ന്നു വന്ന മൌനത്തെ തെറ്റിദ്ധരിച്ച ചില മുഖങ്ങള്‍ ഒരു വിങ്ങലായി നിറയാറുണ്ട് പലപ്പോഴും.

സൂചി മുനകള്‍ നല്‍കുന്ന മയക്കമാണ് ഓര്‍മ്മകളെ താഴിട്ട് പൂട്ടാന്‍ ഇന്നു സഹായവുമായെത്തുന്നത്.. എന്നിട്ടും, കണ്ണുകള്‍ അടയ്ക്കാന്‍ തീരെ കഴിയാത്തത് പോലെ..പീലികള്‍ക്കിടയില്‍ ഭാരം കണക്കെ കുറേയേറെ ഓര്‍മ്മകളെ തിരുകി വച്ചിരിക്കയല്ലേ..
തുന്നിക്കെട്ടിയ ഹൃദയധമനികളുമായി പിന്നിട്ട വഴികളിലൂടെ ഒരു മാനസ സഞ്ചാരം...

അതും ഇനി എത്രനാള്‍ ..മെല്ലെ മെല്ലെ കണ്ണുകള്‍ അടഞ്ഞു പോകയാണ്...ദൈവമെഴുതിയ ഒരു  കണ്ണീര്‍ത്തുള്ളിക്കഥയായി വീണ്ടും....

Tuesday, September 13, 2011

ഒരു മയില്‍പ്പീലി തുണ്ടും വളപ്പൊട്ടുകളും.....

നിര്‍മ്മലയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി . തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങീട്ട് നേരം എത്രയായെന്നോ...?

ഉറക്കം കിട്ടുന്നേയില്ല..സ്ഥലം മാറി കിടന്നതു കൊണ്ടാണെന്ന് പറയാന്‍ കഴിയുമോ..ഇതിനു മുമ്പ് എത്രയോ തവണ ഈ വീട്ടില്‍ അന്തിയുറങ്ങീയിരിക്കുന്നു.


പക്ഷേ, അന്നൊക്കെ , ഈ വീടിന്റെ ഇടനാഴികളില്‍ , അകത്തളങ്ങളില്‍ നിശ്ശബ്ദതയും ഇരുട്ടും ഇങ്ങനെ കട്ടിപിടിച്ചിട്ടുണ്ടായിരുന്നില്ല..അന്നൊന്നും ഒരിക്കലും ശ്വാസത്തിനിത്ര കനം തോന്നിയിരുന്നുമില്ല..
ഒരാശ്വാസത്തിനായി ജനാല മെല്ലെ തുറന്നു..

മുറ്റം നിറയെ ഭാമേടത്തിയുടെ കൂട്ടുകാരായ പരിജാതവും കുടമുല്ലയും നമ്പ്യാര്‍വട്ടവും കനകാംബരവും എന്തിനോടോ പിണങ്ങി നില്‍ക്കും പോലെ...


കണ്ണുകളെ മെല്ലെ ആകാശത്തിലേക്ക് പായിച്ചു . 

ഒഴുകി നടക്കുന്ന മേഘചിന്തുകളില്‍ ആട്ടിന്‍ കൂട്ടങ്ങളെയും ആനക്കൂറ്റന്മാരെയും കുതിരയെയും കാണാന്‍ പഠിപ്പിച്ചത് പണ്ട് ഭാമേടത്തിയായിരുന്നു... 

ഇന്ന് അവയെ ഒന്നും കാണാന്‍ കഴിയുന്നേയില്ല...ആകാശത്തും മേഘക്കീറുകള്‍ ചെന്നായയുടെ രൂപം കൊത്തി മിനുക്കും പോലെയാ തോന്നുന്നത്..
വല്ലാത്തൊരു സങ്കടം തോന്നി നിര്‍മ്മലയ്ക്ക്..
കരച്ചിലിന്റെ വക്കിലൂടെ മനസ്സ് നടന്നു പോകുമ്പോള്‍ കാണുന്നത് ഭാമേടത്തിയുടെ മുഖമാണ്..

പുറം കവിഞ്ഞു കിടക്കുന്ന ഈറന്‍ തലമുടി വിടര്‍ത്തിയിട്ട് തുമ്പു മാത്രം കെട്ടി അതിലൊരു കൃഷ്ണതുളസി ചൂടി, നെറ്റിയില്‍ ഭസ്മം കൊണ്ടൊരു കുറി വരച്ച് , ചിരിയ്ക്കുമ്പോള്‍ നുണക്കുഴികള്‍ തെളിയുന്ന കവിളുകളുള്ള  ഭാമേടത്തി. 

വല്ലപ്പോഴുമെത്തുമ്പോള്‍ ഭാമേടത്തി പറയുന്ന കഥകളിലൂടെയും കവിതകളിലൂടെയും പിച്ച വച്ചാണ് താനിന്ന് സാഹിത്യ ലോകത്ത് പാറിക്കളിക്കുന്നത് എന്നു കൂടി ഓര്‍ത്തപ്പോള്‍ നിര്‍മ്മലയ്ക്ക് സങ്കടം സഹിക്കാനായില്ല..ആ ഓര്‍മ്മകളില്‍ കണ്ണുകള്‍ കൂടുതല്‍ കൂടുതല്‍ ഈറനണിയുകയാണ്.
ഒരിക്കല്‍ വല്ലാതെ മോഹിച്ച ഒരു ജോലി നഷ്ടപ്പെട്ടു പോയതിനെ കുറിച്ച്  പറഞ്ഞ് സങ്കടപ്പെട്ടപ്പോള്‍ ഭാമേടത്തി നല്‍കിയ ഉപദേശത്തെ കുറിച്ച് നിര്‍മ്മല ഓര്‍ത്തു....
“ഒക്കെ ഓരോ ജീവിതമാണ് കുട്ടിയേ, ഇതിനൊന്നും ഒരിക്കലും കരയേണ്ട കാര്യമേയില്ല..എന്തിനെയും മുന്‍ കൂട്ടി കാണാന്‍ പഠിക്കണം .എന്നിട്ട്, മനസ്സിനെ ധൈര്യപ്പെടുത്തണം..നമ്മുടെ കണ്ണുനീര്‍ അത് വെറുതെ കളയാനുള്ളതല്ല..നമ്മുടെ ജീവിതത്തില്‍ എന്നും നമുക്ക് കൂട്ടായി സന്തോഷത്തിലും സങ്കടത്തിലും ഒപ്പം ഉണ്ടാവുക കണ്ണുനീരു മാത്രമാ..സ്വന്തംനിഴല്‍ പോലും കണ്ണീരിനൊപ്പമാകില്ല..കാരണം നിഴലിനു കൈതാങ്ങായി വെളിച്ചമുണ്ടാകണ്ടേ..അതുകൊണ്ട് കണ്ണീരിനു മുന്തിയ സ്ഥാനം തന്നെ നീ നല്‍കണം..അതങ്ങനെ പാഴാക്കരുത്.. സ്വപ്നങ്ങള്‍ ധാരാളം കാണണം. സ്വപ്നങ്ങളെ ഉളം കൈയിലിട്ട് നീ അമ്മാനമാടണം. ഒരിക്കല്‍  കണ്ട സ്വപ്നങ്ങള്‍ തന്നെ വീണ്ടും കണ്ടെന്ന് വരില്ല..അതിനാല്‍ ഓരോ സ്വപ്നങ്ങളേയും മനസ്സു കൊണ്ട് താലോലിക്കണം...
 ചില സ്വപ്നങ്ങള്‍  കൈയില്‍ നിന്ന് വഴുതി വീണ് നഷ്ടപ്പെട്ടേക്കാം . എങ്കിലും ,അവയ്ക്കായി കണ്ണീര്‍ പൊഴിക്കരുത്...”
ഭാമേടത്തി അന്ന് ഇതൊക്കെ പറയുമ്പോള്‍ എന്ത് മൂര്‍ച്ചയായിരുന്നു ആ സ്വരത്തിന്...എന്തു തെളിച്ചമായിരുന്നു ആ കണ്ണുകള്‍ക്ക് ...


എന്നും ഭാമേടത്തിയുടെ ആശ്വാസവചനങ്ങള്‍ക്ക് ഒരു ചാറ്റല്‍ മഴ നനയുന്നതിന്റെ സുഖമുണ്ടായിരുന്നു.ഇന്ന് ഭാമേടത്തിയുടെ മനസ്സിനു ആശ്വാസത്തിന്റെ ഒരു കുളിര്‍മ കോരിയിടാന്‍  ഒരു പേമാരി  പെയ്യിച്ചാലും മതിയാകില്ലല്ലോ...
“ഭാമേടത്തിക്ക് ന്റെ നിമ്മിക്കുട്ടീയെ ഒന്നു കാണണം നീ വരില്ലേ താമസിയാതെ.” എന്ന് രണ്ടു വരിയില്‍ ഒതുക്കിയ കത്ത് കിട്ടിയപ്പോള്‍ മനസ്സിനൊരു ആധിയായിരുന്നു എന്താവാം കാര്യമെന്ന് പലവുരു ചിന്തിച്ചു ... 
ലീവ് കിട്ടണമെങ്കില്‍ പ്രയാസം തന്നെ. അന്നു മുതല്‍ പിന്നെ ആഴ്ചാവസാനം ആവാനുള്ള കാത്തിരിപ്പായിരുന്നു...
ചാരിയിരുന്ന വാതില്‍ മെല്ലെ  തുറന്ന് നിര്‍മ്മല  ശബ്ദം വയ്ക്കാതെ വീടിനുളളിലേക്ക് കയറിയത് ഭാമേടത്തിയെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി തന്നെയായിരുന്നു...
 തെക്കേ മുറിയുടെ അടുത്ത് ഒച്ചയുണ്ടാക്കാതെ നടന്നത് കണ്ടിട്ട് ഭാമേടത്തിയുടെ ഓമനപ്പൂച്ച വരെ അസൂയയോടെ നോക്കും പോലെ നിര്‍മ്മലയ്ക്ക് തോന്നി . തെക്കേമുറിയിലേക്ക് പതിയെ നോക്കിയപ്പോള്‍ കണ്ട രൂപം....
ഹോ ! അത് മനസ്സില്‍ നിന്ന് പറിച്ചു കളയാന്‍ പറ്റണില്ല  ..    ‘ന്താ ഇങ്ങനെ’   ‘ എന്താ പറ്റിയത് ന്റെ ഭാമേടത്തിയേ ’എന്ന് അലറി വിളിക്കയായിരുന്നു നിര്‍മ്മല...
“ഒന്നുമില്ലെന്റെ കുട്ടിയ്യ്യേ. ശാസ്ത്രത്തിന്റെ  ചില കൈവേലകളാണ്..രണ്ടു മൂന്ന് കീമോ കഴിഞ്ഞപ്പോള്‍ ഇങ്ങനെയായതാണ്. 

അല്ലേലും ഇനി എന്തിനാണെന്റെ  കുട്ടിയേ പഴുത്തു തുടങ്ങുന്ന ഈ തലയ്ക്ക് അലങ്കാരമായി തലമുടിയൊക്കെ.. ഒക്കെ കൊഴിഞ്ഞു പോകയാണ് ന്റെ കുട്ടിയേ ,ദിനങ്ങളും സമയവും എല്ലാം . നീ വന്നൂല്ലോ...എനിക്ക് കാണാന്‍ കഴിയൂന്ന് നിരീച്ചതല്ല. യാത്രാക്ഷീണമുണ്ടാകും ന്റെ കുട്ടിക്ക്, പോയി കുളിച്ച് ആഹാരം കഴിച്ചു വരൂ..എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണം .”


  

നിറഞ്ഞു കവിയുന്ന കണ്ണുകളെ ഒളിപ്പിക്കാനായി...പെട്ടെന്ന് മനസ്സിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടാനായി ..നിര്‍മ്മലയെ  അവിടുന്ന് ഒഴിവാക്കാന്‍ പറയുന്നതു പോലെ തോന്നി ആ വാക്കുകള്‍ 
എങ്കിലും , കരയുന്ന മുഖം പിടിച്ചുയര്‍ത്തിയ ഭാമേടത്തിയില്‍ നിര്‍മ്മല കണ്ടു , ആദ്യമായി ഭാമേടത്തിയുടെ കണ്ണുകള്‍ നനയുന്നത്.
വടക്കിനിയില്‍ ചെന്നപ്പോള്‍ ദേവകിയമ്മയാണ് ഭാമേട്ടത്തിയുടെ അവസ്ഥയെ കുറിച്ച് വിസ്തരിച്ച് പറഞ്ഞത്..‘ഒക്കെ അറിഞ്ഞിട്ടും കൊണ്ടു നടക്കായായിരുന്നൂന്ന് ആരോടും പറയാതെ..ഒക്കെ വൈകി പോയീന്നാ ഡോക്ടര്‍ പറയുന്നേ ’എന്ന് കൂടി കേട്ടപ്പോള്‍  ദൈവങ്ങള്‍ കാട്ടുന്ന ക്രൂരതയോര്‍ത്ത് അവിടിരുന്ന് കരയുകയായിരുന്നു നിര്‍മ്മല..
കുറെ കഴിഞ്ഞ് മനസ്സൊന്ന് പാകപ്പെടുത്തി കുളിച്ച് വന്നപ്പോഴേക്കും ഭാമേടത്തി മയക്കത്തിലായി...
വിളിച്ചുണര്‍ത്താന്‍ തോന്നിയില്ല...
ഇപ്പോഴും ഭാമേട്ടത്തി സ്വപ്നങ്ങള്‍ കാണുന്നുണ്ടാകുമോ....?? 
ഇനിയും ദേശാടനപക്ഷികളെ പോലെ സ്വപ്നങ്ങള്‍ പറന്ന് വന്ന് ആ മനസ്സിലിപ്പോഴും കൂടു കൂട്ടി തിരിച്ചു പോയിരിക്കുമോ  തിരിച്ചു വരാത്ത അതിഥികളെ പോലെ..പാവം ഭാമേടത്തി ഇന്ന്  മരണത്തിലേക്ക് ഒഴുകി പോകുന്ന ഒരു രൂപമായി മാറിയ പോലെ.. ...


Sunday, August 14, 2011

സ്വപ്നനൂലില്‍ കോര്‍ത്ത നൊമ്പരങ്ങള്‍.......




എന്ത് ഉറക്കമാണിത്...? എപ്പോഴും ഇങ്ങനെ കണ്ണടച്ച് കിടന്നാലെങ്ങന്യാ കുട്ടിയ്യ്യേ ..ഇടയ്ക്ക് ഇത്തിരി വായിച്ചും മറ്റും ഇരുന്നൂടെ....സിസ്റ്റര്‍ ജെസീന്തയുടെ ചോദ്യങ്ങളാണ് മയക്കത്തെ അകറ്റിയത്..

സിസ്റ്റര്‍ക്ക് അറിയ്യ്യോ, വേദനകളില്‍ നിന്ന് രക്ഷ നേടാനായി എത്ര ശ്രമിച്ചിട്ടാ ഇത്തിരി മയക്കം കിട്ടിയതെന്ന് ....ഈ മയക്കമാണ് വേദനകളില്‍ നിന്നുള്ള ന്റെ രക്ഷയെന്ന് ..

ശരീരമാസകലം വേദന കൂടാരമടിച്ചിരിക്കയാണ്..

ഇഞ്ചെക്ഷന്‍ സൂചികളിലൂടെ കിനിഞ്ഞിറങ്ങുന്ന  ഔഷധം ഈ കൂടാരത്തെ തകര്‍ക്കാന്‍ പോരാ എന്നതു പോലെയാ ഇപ്പൊഴത്തെ അവസ്ഥ..

പണ്ട് , തെര്‍മോമീറ്ററില്‍ തെളിയുന്ന പനിനിരപ്പ് കാണുമ്പോള്‍ കളിയായി പറഞ്ഞിട്ടുണ്ട്...

“ഒറ്റയ്ക്കല്ലേ , ഇത്തിരി പനി കൂടി കൂട്ടിനിരുന്നോട്ടെ ” എന്ന്..
പക്ഷേ , ഇന്ന്..എത്ര പറഞ്ഞാലും തീരാത്ത ഉപകഥകള്‍ പോലെയായി തീര്‍ന്നിരിക്കുന്നു ഈ രോഗങ്ങളും വേദനകളും ആശുപത്രിവാസവുമെല്ലാം...
വേദനകള്‍ ഇല്ലാത്ത ആശ്വാസത്തിന്റെ  സ്നേഹത്തിന്റെ ഒരു കാലം....അങ്ങനെ ഒരു കാലം....അത് എന്നും ഒരു സ്വപ്നം മാത്രമായിരുന്നല്ലോ..

നുണയാന്‍ ഒരു നിമിഷത്തിന്റെ മധുരവുമില്ലാതെ കടന്നു പോയ ബാല്യം...
ഹോസ്റ്റലിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ എന്നും ഒരു നിഴലായി സൂസി സിസ്റ്റര്‍ ഒപ്പം ഉണ്ടായിരുന്നു...

നന്മയുടെയും ത്യാഗത്തിന്റെയും കഥകള്‍ പറഞ്ഞു തരുമ്പോള്‍ വേദനിക്കുന്നവര്‍ക്കൊപ്പമാണ് ദൈവം എപ്പോഴും ഉണ്ടാവുക എന്ന് പല തവണ സൂസിസിസ്റ്റര്‍ പറഞ്ഞപ്പോള്‍

 “ എനിക്കും വേദനയുണ്ട് സിസ്റ്റര്‍,  അച്ഛനും അമ്മയും എന്നെ അവര്‍ക്കൊപ്പം വിദേശത്തേക്ക് കൊണ്ടു പോയില്ലല്ലോ  , അപ്പോള്‍ ദൈവം ന്റെ ഒപ്പവും ഉണ്ടാകുമോ സിസ്റ്റര്‍ ” എന്ന് ചോദിച്ചതും   ‘‘ഉണ്ടാകുമല്ലോ...കുട്ടി എന്തിനാ വിഷമിക്കുന്നേ,സിസ്റ്റര്‍ ഇല്ലേ എപ്പോഴും കൂടെ...ദൈവമാ പറഞ്ഞത് എന്നോട് എപ്പോഴും മാലൂട്ടിയ്ക്കു കൂട്ടായി ഒപ്പം നടക്കണമെന്ന് ’’ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നതും മനസ്സില്‍ ഇപ്പോഴും പച്ച പുതച്ചു കിടക്കുന്ന ഓര്‍മ്മകള്‍ തന്നെയാ ...

ആര്‍ത്തുല്ലസിക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ പലപ്പോഴും അവര്‍ക്കൊപ്പം ഒരു ചിരി തുന്നി ചേര്‍ക്കാന്‍ എത്ര പ്രയാസപ്പെട്ടിരിക്കുന്നു...

എന്നിട്ടും, ഇത്തിരി വയ്യാണ്ടായപ്പോള്‍ ഒരു സ്നേഹാന്വേഷണത്തിനു പോലും കാത്തു നില്‍ക്കാതെ  എവിടെയോ പോയി അകന്നിരിക്കുന്നു പല കൂട്ടുകാരും.......

ഇപ്പോള്‍, ഈ മരുന്നുകളോട് മല്ലിടുമ്പോള്‍ വീണ്ടും ഒറ്റയ്ക്കായ പോലെ...
ഒരു സ്നേഹാന്വേഷണത്തിന്റെ ഒരു മേഘതുണ്ട് എങ്കിലും ഇവിടേക്ക് വന്നിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കും പോലെ ഈ മനസ്സ്..

ജനാല പഴുതിലൂടെ അരിച്ചിറങ്ങിയ നേരിയ വെളിച്ചത്തെ കാര്‍മേഘങ്ങള്‍ മറയ്ക്കും പോലെ...മഴയുടെ വരവാകും..

വല്ലപ്പോഴുമെത്തുന്ന ഈ ചാറ്റമഴ ന്റെ സുഖവിവരങ്ങള്‍ അറിയാന്‍ വരുന്നതാകുമോ..
പണ്ട് എത്ര മഴത്തുള്ളികളെയാ ഈ കൈക്കുമ്പിളില്‍ ഏറ്റു വാങ്ങിയിട്ടുള്ളത്..ഇനി എന്നാണ് എനിക്കാവുക വീണ്ടും ഈ മഴയെ ഒന്നു തൊട്ടു തലോടി നടക്കാന്‍.....

ഓര്‍ക്കുമ്പോള്‍ ചിരി തോന്നുകയാ...ഈ വേദനകള്‍ക്കിടയിലും സ്വപ്നം കാണുന്ന ഒരു പാഴ്ജന്മം തന്നെയിത്...
ന്റെ ശ്വാസത്തില്‍ പോലും ഇപ്പോള്‍ മരുന്നിന്റെ ഗന്ധമാ എന്നിട്ടും ഇപ്പോഴും കൂരിരുട്ടില്‍ മിന്നുന്ന നക്ഷത്രങ്ങളെ പോലെ എത്രയാ ന്റെ എണ്ണിയാലൊടുങ്ങാത്തെ സ്വപ്നങ്ങള്‍.....

വാതിലിനരികില്‍ ഒരു കാല്‍ പെരുമാറ്റം കേട്ടാല്‍ വെറുതെ തോന്നും ന്റെ വിശേഷങ്ങള്‍ തിരക്കാന്‍ വരുന്ന സ്നേഹമുള്ള ഒരാളാകുമെന്ന്...

കൈനിറയെ പുഷ്പങ്ങളുമായി വന്ന്, ഒക്കെ പെട്ടെന്ന് ഭേദമാകും എന്ന് പറഞ്ഞ് നെറ്റിയില്‍ ഒന്ന് മൃദുവായി തലോടി പോകുന്ന ഒരു സ്നേഹസ്വരം മനസ്സിലെവിടെയോ കേള്‍ക്കും പോലെ...

ഇഷ്ടവിഭവങ്ങളുമായി വന്നെത്തുന്ന ,സ്നേഹത്തോടെ ഇറ്റു കണ്ണീര്‍ മാറ്റി വയ്ക്കുന്ന  അച്ഛനും അമ്മയും.....
 ഒക്കെ വെറും സ്വപ്നങ്ങളാണെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പലപ്പോഴും എല്ലാറ്റിനോടും .....എല്ലാവരോടും ദേഷ്യം തോന്നാറുണ്ട്..

അപ്പോള്‍, മേശ മേലിരുന്ന് തുറിച്ചു നോക്കി കൊഞ്ഞനം കാട്ടുന്ന പല നിറത്തിലും മണത്തിലുമുള്ള ഗുളികകള്‍ എടുത്ത് ഈ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിയും ..

ആരോടെന്നില്ലാതെ മനസ്സില്‍ പിണങ്ങും...


എന്നിട്ട്, ഇത്തിരി കണ്ണീര്‍ പൊടിയുമ്പോള്‍ വെറുതെ നഷ്ടങ്ങളെ ഏറ്റുവാങ്ങുന്ന ഈ കൈവെള്ളയിലേക്ക് നോക്കിയിരിക്കും..

അപ്പോള്‍ മനസ്സില്‍ തെളിയുന്നത് ശാലൂന്റെ മുഖമാ ..എന്നോ അവള്‍ പറഞ്ഞ ...അവളുടെ ശബ്ദമാ അപ്പോള്‍ കൂട്ടിനു വരിക..

“നിന്റെ കൈവെള്ള നിറയെ നേരിയ വരകളാ...കണ്ടാല്‍ ദൈവം തെറ്റും ശരിയും ഇട്ടു കളിച്ച പോലെ ചിതറിയ വരകള്‍..അതാവും ഈ ഒറ്റപ്പെടലിന്റെയും വേദനയുടെയും  വലയില്‍ കുടുങ്ങി മാലൂ നീയിങ്ങനെ ജന്മം തീര്‍ക്കണത്” എന്ന്  അവള്‍ വീണ്ടും അടുത്തിരുന്ന് പറഞ്ഞ് ആശ്വസിപ്പിക്കും പോലെ തോന്നും...

ഒറ്റപ്പെടലും വേദനകളും ഇല്ലാഞ്ഞിട്ടും അവള്‍ എന്തിനാ .പോകണമെന്ന് തോന്നിയപ്പോള്‍ പോയത്...ഒരു ഷാളിന്റെ തുമ്പത്ത് ഇത്തിരി വേദനയുടെ കുരുക്കിട്ട്...അവളും ഇപ്പോള്‍ മറ്റൊരു വേദനാവുകയാ ഓര്‍ക്കുമ്പോള്‍.....

സിസ്റ്റര്‍ ജെസീന്തയുടെ ശബ്ദമാണ് വീണ്ടും ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്...“ആഹാ! എന്താ ജനാലയിലൂടെ കാണുന്നത്..ഇന്നും വന്നുവോ  കിന്നാരം പറയാന്‍ മേഘങ്ങളും പറവകളും..അവ എന്താണു പറഞ്ഞത് ....വിഷമിക്കണ്ട ഒരു കാറ്റടിച്ചു പോകുന്ന മഴ മേഘം പോലെ ഈ അസുഖമൊക്കെ മാറൂന്നു തന്നെയല്ലേ....”

ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ പോലെ സിസ്റ്ററുടെ  വാക്കുകള്‍ തൊട്ടുരുമ്മിയപ്പോള്‍ , അസ്തമയത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നട്ടം തിരിയുന്ന മനസ്സിനു ഒരു കാട്ടു വള്ളിപ്പടര്‍പ്പ് ഇട്ടു തരും പോലെ ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന സിസ്റ്ററിനെയാണ്കണ്ടത് ....

കടുത്ത വേനലിലെ മഴചാറ്റല്‍ പോലെ വന്നെത്തുന്ന സിസ്റ്ററുടെ ഈ വാക്കുകള്‍ക്ക് പകരം നല്‍കാന്‍ മുഖത്ത് ഒരു ചിരി തുന്നിച്ചേര്‍ക്കാന്‍ പ്രയാസപ്പെടുകയായിരുന്നു അപ്പോള്‍ മാലുവും.........

Wednesday, July 27, 2011

ഇവര്‍ പാവം മിന്നാമിന്നികള്‍.....

സന്ധ്യാനേരത്ത് തങ്ങളില്‍ തങ്ങളില്‍ സല്ലപിച്ച് പറന്നു നടക്കുന്ന മിന്നാ‍മിന്നികളെ തേടിയാണ് മിഴികള്‍ ജന്നാലയിലൂടെ ഇറങ്ങി പോയത്..
ഇന്നലെ വരെ മൂളിപ്പാട്ടുമായി ചുറ്റി നടന്ന ചാറ്റല്‍മഴ ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു..
കരിമേഘങ്ങള്‍ ഇപ്പോഴും മടങ്ങിയിട്ടുണ്ടാവില്ല..അതാവും കനത്ത ഇരുട്ട് മുറ്റത്തെ മൂവാണ്ടന്‍ മാവിനെ കരിമ്പടം പുതച്ചിരിക്കുന്നത്..
ഇരുട്ട് .വല്ലാതെ ഭയപ്പെടുത്തും പോലെ...
കാണാമറയത്ത് ഇരുന്ന് തവളകള്‍ വല്ലാതെ സംഗീതം ആലപിക്കുന്നുണ്ട്..
ഇരുട്ടിനെ വകഞ്ഞു മാറ്റി അതാ മിന്നാമിന്നികള്‍ ഇത്തിരി വെട്ടം മിന്നിച്ച് പാറി പറക്കയാണ്..
അവ സ്വപ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പങ്കു വയ്ക്കയായിരിക്കുമോ...
അവയെ തന്നെ നോക്കി നില്‍ക്കാന്‍ എന്തു രസമാ...
അവ ഇങ്ങനെ പാറി നടക്കുന്നതു കാണുമ്പോഴാണ് ഒരിക്കലും ഞാന്‍ ഒറ്റയ്ക്കല്ലാ എന്ന് നന്ദിനിക്കുട്ടിക്ക് തോന്നി പോകുന്നത്...മുന്നില്‍ മിന്നാമിനികള്‍ പാറി പറന്നു നടക്കുമ്പോള്‍ നന്ദിനിക്കുട്ടിയെങ്ങനെയാ ഒറ്റയ്ക്കാവുക..
അതാ..ചാറ്റല്‍മഴ സംഗീതവുമായി വന്നെത്തിരിക്കുന്നു..
കനത്ത ഇരുട്ട് വീണ്ടും ഭയപ്പെടുത്തും പോലെ ...
ഈ ചാറ്റല്‍ മഴ  മിന്നാമിന്നികളെയും ഭയപ്പെടുത്തുമോ ആവോ.....
പാവം മിന്നാമിന്നികള്‍...അവ എവിടെയാവാം ഒളിച്ചിരിക്കയാ ഇപ്പോള്‍....

Wednesday, April 6, 2011

ഇന്നലെ പെയ്ത മഴയിൽ....


മഴയുടെ കേളിക്കൊട്ട് സന്ധ്യയ്ക്ക് തന്നെ തുടങ്ങിയിരുന്നു.എവിടെയോ  മഴ പെയ്തു തുടങ്ങിയിട്ടുണ്ട്.മീന സൂര്യന്റെ ചൂടില്‍ ആലസ്യത്തിലാണ്ട  മനസ്സിനു തെല്ലൊരു ആശ്വാസം തന്നെയാണീ  മേഘനാദം..

ഒന്നു തിമിര്‍ത്തു പെയ്തെങ്കില്‍!!!

മഴ എത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ജാലകത്തിലൂടെ മിഴികള്‍ പായിച്ചു..
ഇല്ല്യാ ഇനിയും ഇങ്ങ് എത്തിയിട്ടില്ലല്ലോ.ചെറുങ്ങനെയെങ്കിലും ഇത്തിരി മഴ പെയ്തിരുന്നെങ്കില്‍!!!

മഴകാണാന്‍ പണ്ടെങ്ങും തോന്നിയിട്ടില്ലാത്ത പോലെ വല്ലാത്ത ഒരു ആവേശം തോന്നുന്നു  മനസ്സിനു...അല്ലെങ്കിലും കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഞാനിപ്പോള്‍ കൂടുതല്‍ ആസ്വാദ്യതയോടെ വരവേല്‍ക്കുയാണല്ലോ..

മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെ മിന്നാമിനുങ്ങുകള്‍ പാറി നടക്കുകയാണ്..ഈ മഴയുടെ വരവ് അവയെ പേടിപ്പെടുത്തുന്നുണ്ടാകുമോ.എന്താകാം തങ്ങളില്‍ തങ്ങളില്‍ അവര്‍  പറയുന്നത്...ഒരു തുള്ളി വെളിച്ചം മിന്നിച്ച്  തമ്മില്‍ത്തമ്മില്‍ സ്നേഹമാകുമോ പങ്കു അവര്‍  വയ്ക്കുന്നത്..അവര്‍ക്കും ഉണ്ടാകുമോ പിണക്കങ്ങളും ഇണക്കങ്ങളും...

കുട്ടിക്കാലത്ത് മിനാമിങ്ങുകളെ കണ്ടാലുടന്‍ അവയെ പിടിക്കാന്‍ ഇരുട്ടിനെ വക വയ്ക്കാതെ വേലിക്കലേക്ക് പാഞ്ഞിരുന്ന എന്നെ പിടിച്ചു നിര്‍ത്തിയത്   മുത്തശ്ശി പറഞ്ഞ കഥയാണ്..

ജീവിച്ച്  കൊതി തീരാതെ മരിച്ചവരുടെ ആത്മാക്കളാണ് മിന്നാമിന്നികാളായി പുനര്‍ജ്ജനിക്കുക. രാത്രി കാലങ്ങളില്‍ അവ ഇഷ്ടമുള്ളവരുടെ വീട്ടുമുറ്റത്തത്   പാറി പറന്നെത്തും ..ഇങ്ങനെ ആ മുത്തശ്ശി പറഞ്ഞതു  കേട്ടതില്‍ പിന്നെ  എന്തു പേടിയായിരുന്നു  സന്ധ്യ ആയാല്‍ പുറത്തേക്ക്  ഒന്നു നോക്കാന്‍ പോലും ..രാത്രിയെ തന്നെ അന്ന് ഭയപ്പെട്ടിരുന്നു എന്നു വേണമെങ്കില്‍ പറയാം...

“അതൊക്കെ മുത്തശ്ശി വെറുതെ കഥ പറഞ്ഞതല്ലെ  കുട്ട്യെ..ന്റെ കുട്ടി അതൊന്നും കേട്ട് പേടിക്കാണ്ടാട്ടൊ....ആ മിന്നാമിനുങ്ങുകള്‍ പാവങ്ങളാ.. “ എന്ന് പറഞ്ഞ് അമ്മ എത്ര തവണ സമാധാനിപ്പിച്ചിരുന്നു....എന്നാലും ആത്മാക്കളുടെ കഥ ഒരിക്കലും മനസ്സില്‍ നിന്ന് മാറിയിട്ടുണ്ടായിരുന്നില്ല...

ഓര്‍മ്മകളെ ഈറനണിയിക്കും പോലെ  ചാറ്റല്‍ മഴ മുഖത്ത് വീണപ്പോഴാണ് മഴയുടെ വരവ് അറിഞ്ഞത്....എന്തോ, മനസ്സിലെവിടെയോ ആ ചാറ്റലിനോട്  ഇത്തിരി ദേഷ്യം തോന്നി...“എന്തേ , ഈ മഴ കുറച്ച് നേരത്തെ വന്നില്ല....ഈ മഴയില്‍ ഭൂമിയെ പോലെ ന്റെ മനസ്സിനെയും കുളുര്‍പ്പിക്കാമായിരുന്നില്ലേ...

മഴയത്ത് വീശിയടിക്കുന്ന കാറ്റില്‍  മൂവാണ്ടന്‍ മാവിന്റെ ശിഖരങ്ങള്‍ നൃത്തമാടുന്നതു കാണാന്‍  എന്തൊരു ഭംഗിയാ.....ഇലകള്‍ മര്‍മ്മരത്തിലുടെ മഴയുടെ സംഗീതത്തിനൊത്ത് ഗാനം ആലപിക്കുന്നുണ്ടാകുമോ.... അതു കേട്ട് ആ തളിരലകള്‍ കുണുങ്ങി ചിരിക്കുകയാവാം ല്ലേ....അതൊ, മഴ ഏറ്റു വാങ്ങാതെ അപരിചിതയെ പോലെ  മാറി നില്‍ക്കുന്ന എന്നെ  കളിയാക്കുകയാണോ...

ഇരുട്ടില്‍ ഒളിച്ചു കളി നടത്തിരുന്ന  ആ മിന്നാമിനുങ്ങുകള്‍ എവിടെ...? കഷ്ടം! തന്നെ ആ പാവങ്ങള്‍  ഇപ്പോള്‍ എവിടെ പോയി ഒളിച്ചിട്ടുണ്ടാവും..സന്ധ്യാനേരങ്ങളില്‍ ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ എനിക്കെന്നും കൂട്ടിനുണ്ടാവുന്നത് അവരാണ് ..മിന്നിമിന്നി പറന്നു നടക്കുന്ന  അവയെ നോക്കിയിരിക്കുമ്പോള്‍ മനസ്സ് മറ്റൊരു ലോകത്താവും....അവയോടൊത്ത് പലപ്പോഴും ഞാനും മിന്നിമിന്നി പറന്നു നടക്കാറുണ്ട്...

മഴ കൂടി കൂടി വരികയാണ്..... ഈ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് ഓടിയിറങ്ങി ചെന്ന്  മഴയെ ഏറ്റു വാങ്ങാനാ ഇപ്പോള്‍ ന്റെ മനസ്സ് കൊതിക്കുന്നത്....

ഭൂമിപെണ്ണിനോട്  വെറുതെ ഒരു  അസൂയ  തോന്നും പോലെ.....മെല്ലെ കതകു തുറന്ന് ബാല്‍ക്കണിയില്‍ ചെന്നു നിന്ന് കൈകള്‍ നീട്ടി ഞാന്‍ ആ മഴയെ തൊട്ടു നോക്കി.

“വയ്യാത്ത കുട്ടിയല്ല്യോ നീയ്...ന്തിനാ പ്പോ ഈ മഴയത്ത് വന്നു നില്‍ക്കണത് ..
ചാറല്‍ വീഴും അകത്തു വാ കുട്ടിയ്യേ...മഴ കണ്ട് അധിക നേരം നില്‍ക്കണ്ടാ” ഉണ്ണിയമ്മയുടെ ശബ്ദം..
”ഇത്തിരി മഴ ഞാന്‍ എന്റെ കൈക്കുമ്പിളില്‍ വാങ്ങട്ടെന്റെ ഉണ്ണിയമ്മ്യേ..നി എനിക്കിതിനു കഴിഞ്ഞില്ലങ്കില്ലോ...ഉണ്ണിയമ്മ കണ്ടില്ലേ ...എനിക്ക് വേണ്ടിയാ ഇന്ന് ഈ മഴ പെയ്യണത് ..ഉണ്ണിയമ്മ കിടന്നോള്ളൂ ..ഞാന്‍ വന്നേക്കാം”

“ശിവ! ശിവ! ന്റെ കുട്ടി പറേണത് നീ കേള്‍ക്കണില്ലേ...ന്റെ കുട്ടിക്കൊന്നും വരുത്തല്ലേ ഭഗവാനേ“....എന്ന് പറഞ്ഞ് ഉണ്ണിയമ്മ തിരിഞ്ഞ് നടന്ന് പോയപ്പോള്‍ മനസ്സിലെവിടെയോ വല്ലാത്ത ഒരു വിങ്ങല്‍ തോന്നി.

എന്റെ വാക്കുകള്‍ ഉണ്ണിയമ്മയെ വേദനിപ്പിച്ചുവോ...ഒന്നും മനഃപൂര്‍വ്വം പറയുന്നതല്ല..വാക്കുകള്‍ കൊണ്ടു പോലും ആരേയും വേദനിപ്പിക്കരുതെന്നാ എപ്പോഴും വിചാരിക്കുക...പക്ഷേ, എന്നിട്ടും...???

അപ്പോഴും ഇനിയും എനിക്കായി പെയ്തു തോരാത്ത ആ മഴയെ വീണ്ടും ഞാന്‍ കൈകള്‍ നീട്ടി ഒരു പെരുമഴയായി എന്റെ മനസ്സിലേക്ക് ഏറ്റു വാങ്ങുകയായിരുന്നു.....


Friday, March 25, 2011

ഒരു കാശിത്തുമ്പയുടെ ഓർമ്മയ്ക്ക്... ..(കഥ)



ചിന്തകള്‍ കനക്കുന്ന മുഷിഞ്ഞ മനസ്സുമായിട്ടാണ് എന്നുമിപ്പോള്‍ ഓരോ ദിനവും കടന്നു പോകുന്നത്.. .നാളെ അതിരാവിലെ തന്നെ അമ്മയെ  കാണാന്‍ പോകണം..എന്നും സമാധാനത്തിന്റെ സന്ദേശം നല്‍കിയിരുന്ന അമ്മയുടെ കണ്ണുകളിലെ നനവ്  ഇനിയും  മാഞ്ഞു കാണില്ല..

ചിന്തകള്‍ മുറിഞ്ഞു മുറിഞ്ഞ് പിന്നിലേക്കു പോകുമ്പോള്‍ അവിടെ തെളിഞ്ഞു വരുന്നത് പടിപ്പുരയും ഊട്ടുപുരയുമുള്ള തറവാടാണ്.നിറഞ്ഞ പത്തായങ്ങള്‍.നിശ്ശബ്ദതയുടെ ഇരുട്ടു മൂടിയ അകത്തളങ്ങള്‍ ..ദൈവങ്ങള്‍ അന്തിയുറങ്ങിയിരുന്ന മച്ചകങ്ങള്‍. അവിടെ...അവിടെ  എന്റെ ദുര്‍വാശികള്‍ തല്ലി കെടുത്തിയ ചിരികള്‍,ഉയര്‍ന്നു കേള്‍ക്കേണ്ടിയിരുന്ന എത്രയോ കവിതകള്‍,കഥകള്‍...

ഒഴിവു ദിനങ്ങളില്‍ തറവാട്ടിലെത്തുമ്പോള്‍ അമ്മയ്ക്കെന്നും പറയാനുണ്ടായിരുന്നത് മാലുവിനെ കുറിച്ച് മാത്രമായിരുന്നു. അമ്മയുടെ  സഹോദരന്റെ മകളാണ് മാലിനിയെന്ന മാലു.“ഒന്നു പോകരുതോ നിനക്കവിടെ വരെ...നാളെ തന്നെ ഗോവിന്ദനെയും കൂട്ടി അവിടം വരെ ഒന്നു പോയി വാ.ഒറ്റയ്ക്ക് പോകാന്‍ മടിയാണെന്നുണ്ടെങ്കില്‍ ഞാന്‍ കൂടി വരാം..”

ആ വരട്ടെ,നമുക്ക് പോകാം.. എന്ന് അലസമായി മറുപടി നല്‍കുമെങ്കിലും അമ്മയുടെ നിര്‍ബന്ധം നാള്‍ക്ക് നാള്‍ മുറുകി വന്നപ്പോഴാണ് എല്ലാറ്റിനും സമ്മതം നല്‍കേണ്ടി വന്നത്....

പഠിത്തം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ അമ്മയുടെ പ്രാര്‍ഥനകളുടെ ഫലമാവാം ഐ ടി കമ്പനിയില്‍ ഒരു നല്ല ജോലി എനിക്ക് ലഭിച്ചത്.ജോലി കഴിഞ്ഞ് എന്നും കൂട്ടുകാരുമൊത്ത് ഒരു കൂടല്‍..പരിചയപ്പെട്ടത്തിന്റെ ആദ്യനാളുകളില്‍ തന്നെ തുടങ്ങിയ ശീലമായിരുന്നു മദ്യപാനവും കഞ്ചാവും.. സൌഹൃദത്തിന്റെ പളുങ്കു പാത്രത്തെ എന്നും ഞങ്ങളുടെ സംഘം മദ്യത്തിന്റെ ഈര്‍പ്പം കൊണ്ട് ഈറനണിയിച്ചു കൊണ്ടേയിരുന്നു....എല്ലാ ദിവസങ്ങളിലും സന്ധ്യ കനക്കുന്നതു വരെ അതു തന്നെയായിരുന്നു ഞങ്ങളുടെ വിനോദവും...ഇതൊന്നും അമ്മയ്ക്കറിയില്ലല്ലോ
മാസത്തിലൊരുനാള്‍ തറവാട്ടിലെത്തുമ്പോള്‍ എന്നും അമ്മയ്ക്ക് ഞാനൊരു നല്ല കുട്ടി തന്നെയായിരുന്നു ..

എന്റെയും മാലുവിന്റെയും വിവാഹം എത്രയും വേഗം നടത്തണമെന്ന ആഗ്രഹം അമ്മയെ പോലെ തന്നെ രാഘവമ്മാവനും ഉള്ളതു പോലെ തോന്നി..“അമ്മയില്ലാതെ വളര്‍ന്ന കുട്ടിയാ എന്റെ മാലു..അവളെ അങ്ങോട്ട് ഏല്പിച്ചു കഴിഞ്ഞാലേ എനിക്ക് ആശ്വാസമാകൂ” എന്നാണ് രാഘവനമ്മാവന്‍ അന്ന് പറഞ്ഞത്...

മനസ്സു കൊണ്ട് ഒട്ടും ഇഷ്ടമായിരുന്നില്ല  ഉടന്‍ ഒരു വിവാഹം.. കൂട്ടുകാരൊക്കെ അതുമിതും പറഞ്ഞ് വല്ലാതെ കളിയാക്കിയിരുന്നു.എങ്കിലും, അമ്മയുടെ നിര്‍ബന്ധത്തിനു വിട്ടു കൊടുത്തു എല്ലാം..

വിവാഹത്തിന് എല്ലാവരും വന്നെത്തിയപ്പോള്‍ പരിചയത്തിന്റെയും ബന്ധത്തിന്റെയും ചില്ലകളില്‍ തളിരുകള്‍ നിറയുകയും ഇലകളുടെ കവരത്തില്‍ മൊട്ടുകളുയരുകയും ചെയ്തു.ബന്ധുക്കളെയെല്ലാം തന്നെക്കാള്‍ കൂടുതല്‍ അറിയുന്നത് മാലുവിനാണെന്ന് കണ്ടപ്പോള്‍ അവളോട് ആദ്യമായി ലേശം അസൂയ തോന്നി..

അവളുടെ സംസാരം മാറി നിന്ന് നോക്കി കാണുകയായിരുന്നു.കഥയും കവിതയും വിടരുന്ന തിളങ്ങുന്ന കണ്ണുകളും ചിരിയ്ക്കുമ്പോള്‍ കവിളില്‍ തെളിയുന്ന നുണക്കുഴിയും അവളുടെ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നതു പോലെ തോന്നിയെങ്കിലും മനസ്സിന്റെ ഒരു കോണില്‍ അപ്പോഴും ഒളി മങ്ങാതെ മറ്റു ചില മുഖങ്ങള്‍ നിറഞ്ഞു നിന്നു...അവരെ പോലെ തന്നെയാകുമോ ഇവളും.മനസ്സിലെവിടെയോ അശാന്തിയുടെ വിത്തുകള്‍ മുളപൊട്ടിയ പോലെ...

വിവാഹത്തിന്റെ ആദ്യനാളുകളില്‍ തന്നെ പിണക്കത്തിന്റെ വേലിയേറ്റവുമുണ്ടായി തുടങ്ങി.
എന്തോ, മനസ്സു കൊണ്ട് അവളുമായി പെരുത്തപ്പെടാന്‍ അവളെ സ്നേഹിക്കാന്‍ എനിക്കായില്ല..എന്തിനും ഏതിനും കുറ്റപ്പെടുത്തലുകളായിരുന്നു ഞാനവള്‍ക്ക് വിധിച്ചത്. എന്തെങ്കിലും മറുപടി അതിനവള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മിണ്ടരുത് എന്ന താക്കീതോടെ ഞാനവളെ മര്‍ദ്ദിച്ചിരുന്നു.

സിഗററ്റിന്റെ ഗന്ധം ശ്വാസം മുട്ടിക്കുന്നു എന്ന് പറഞ്ഞ് എന്നോടവള്‍ വെറുപ്പ് പ്രകടിപ്പിച്ചപ്പോള്‍ അവളോട് വല്ലാത്ത പകയാണ് തോന്നിയത് ..അപ്പോള്‍ മദ്യത്തിന്റേതായാലോ എന്ന് പറഞ്ഞ് ഒളിപ്പിച്ചു വച്ചിരുന്ന മദ്യക്കുപ്പി  പുറത്തെടുക്കുന്നതു കണ്ട് അമ്മയ്ക്കരികിലേക്ക് ഓടി പോകുന്ന അവളെ കണ്ടപ്പോള്‍ .. അതായിരുന്നു ആദ്യമായി അവളെന്നെ തോല്പിച്ച നിമിഷം..

എല്ലാവരുടെയും മുന്നില്‍ എന്നെ തോല്പിക്കുവാന്‍ എത്തിയിരിക്കുന്ന ഒരുവള്‍ എന്ന ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി.അന്ന്, ആദ്യമായാണ് ഞാനൊരു മദ്യപാനിയാണെന്ന് അമ്മ അറിഞ്ഞത് .. അമ്മയുടെ കണ്ണീരിനു മുമ്പില്‍ തലകുനിച്ചു നിന്നപ്പോള്‍ എന്റെ മനസ്സില്‍ അവളോടുള്ള പകയുടെ പന്തം ആളി കത്തുകയായിരുന്നു...

ആര്‍ക്ക് മുന്നിലും തോല്‍ക്കാത്ത എന്നെ തോല്പിക്കാനെത്തിയ  അവളെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ആവേശത്തോടെയാണ് ഞാനെന്റെ വിരലുകള്‍ അവളുടെ  കഴുത്തില്‍ ആഴ്ന്നിറക്കിയത്...പക്ഷേ, അന്ന് അമ്മയുടെ ഇടപെടല്‍ അവളെ രക്ഷിച്ചു..

എങ്കിലും, ഇത്തിരി ശ്വാസത്തിനായുള്ള ആ പിടച്ചിലില്‍ അവള്‍ക്ക് നഷ്ടമായത് കവിതയ്ക്കും സംഗീതത്തിനുമായി അവള്‍ കാത്തു സൂക്ഷിച്ച അവളുടെ ശബ്ദമായിരുന്നു..ഏറെ നാളിലെ ചികിത്സയ്ക്കു ശേഷവും “ഇനി പഴയ പോലെ  പാട്ടും കവിതയും ഒന്നും പാടില്ല, ശബ്ദത്തിന് ആയാസം ഒട്ടും കൊടുക്കരുത് കൊടുത്താല്‍ വീണ്ടും ശബ്ദം നഷ്ടപ്പെടാം” എന്ന ഡോക്ടറുടെ നിര്‍ദ്ദേശം കേട്ടപ്പോള്‍ അവള്‍ ഇത്തിരി മൌനത്തിന്റെ പേടകത്തിലായി എന്ന് അറിഞ്ഞ നിമിഷം അന്നെന്റെ മനസ്സ് എത്രയെന്നോ സന്തോഷിച്ചത്..

ഒരു സിനിമയ്ക്കോ പാര്‍ക്കിലോ ഒരു ഷോപ്പിംഗിനു  പോലുമോ അവളെ ഞാന്‍ ഒരിക്കല്‍ പോലും കൊണ്ടു പോയിട്ടില്ല.. ബൈക്കില്‍ കൂട്ടുകാരുമായി ചെത്തി പാഞ്ഞു നടക്കുന്ന ഞാന്‍ ഒരുവളുടെ ഭര്‍ത്താവാണെന്ന് ആരും അറിയണ്ട എന്ന വിചാരമായിരുന്നു മനസ്സില്‍.സ്വന്തമാക്കിയ അന്നു മുതല്‍ ഞാന്‍ പറയുന്നത് അനുസരിച്ച്  എനിക്ക് വേണ്ടി മാത്രം ജീവിക്കേണ്ടവളാണവള്‍.ഞാന്‍ വരയ്ക്കുന്ന ഒരു വൃത്തത്തിനപ്പുറം അവളെ കടത്തി വിടരുത് എന്ന  വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ആ നാലുക്കെട്ടിന്റെ ചുവരുകള്‍ കടന്ന് അവള്‍ക്കൊരു യാത്ര ഞാന്‍ വിധിച്ചിട്ടില്ലായിരുന്നു. അവളുടെ  നോട്ടമോ ചിരിയോ മറ്റുള്ളവരില്‍ എത്തുന്നത് കാണുന്നത് തന്നെ എന്റെ മനസ്സിനെ എന്തുകൊണ്ടോ പൈശാചികമാക്കിയിരുന്നു..അതു കൊണ്ടു തന്നെ തുടര്‍ന്ന് പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനും ഞാന്‍ തിരശ്ശീലയിട്ടു....അതില്‍ അമ്മയ്ക്കും രാഘവമ്മാവനും എന്നോട് നീരസം ഉളവാക്കിയെങ്കിലും എന്റെ വാശിയില്‍ എല്ലാവരും നിശ്ശബ്ദരാവുകയായിരുന്നു..

“ശേഖരനു സുഖമില്ല അവളൊന്ന് പോയി നില്‍ക്കട്ടെ കുറച്ചു ദിവസം”എന്ന് അമ്മ ചോദിച്ചപ്പോള്‍ തന്നെ മനസ്സിലായി ആ ചോദ്യത്തിനു പിന്നില്‍ അവളാണെന്ന്... അതു കൊണ്ടു തന്നെ കര്‍ശനമായി പറഞ്ഞു   “അങ്ങനെ നില്‍ക്കണ്ട.അമ്മയുമൊത്ത് പോയി കണ്ടു വരൂ” എന്ന് .എന്നിട്ടും തിരിച്ച് അമ്മയുമൊത്ത് അവള്‍ വന്നില്ല എന്നറിഞ്ഞ നിമിഷം ഞാനൊരു കാട്ടാളനാവുകയായിരുന്നു..

അന്ന്, പതിവില്‍ കവിഞ്ഞ് കൂടുതല്‍ മദ്യപിച്ചു..അവളെ കൊണ്ടു ചെന്നാക്കിയ അമ്മ തന്നെ അവളെ തിരിച്ചു കൊണ്ടു വരണമെന്ന എന്റെ അലര്‍ച്ച  കേട്ട് അമ്മ നടുങ്ങി പോയി...സിംഹകൂട്ടിലകപ്പെട്ട പേടമാനിനെ പോലെ പേടിച്ചു വിറച്ചു എന്റെ മുന്നിലെത്തിയ മാലുവിനെ കണക്കില്ലാതെ ഉപദ്രവിച്ചു...തടയാനെത്തിയ അമ്മയെ പിടിച്ചു തള്ളി മാറ്റി.അമ്മയുടെ വീഴ്ച കൂടി കണ്ടപ്പോള്‍ എന്റെ ദേഷ്യം പതിന്മടങ്ങു വര്‍ദ്ധിച്ചു.

അവളെ കൊല്ലാനാണ് തോന്നിയത്.അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവളുടെ മുടിക്കെട്ടിലാണ് പിടി കിട്ടിയത്.മുടിക്കെട്ടില്‍ പിടിച്ച് അവളുടെ തല ഞാന്‍ ഭിത്തിയില്‍ ആഞ്ഞിടിച്ചു. ശക്തമായ ആ ഇടിയില്‍ അവളുടെ നെറ്റി പൊട്ടി രക്തം വന്നു...

അന്നും, അമ്മ എന്റെ കാലു പിടിച്ച് കേണു കരഞ്ഞിട്ടാണ് അവളെ ഞാന്‍ വെറുതെ വിട്ടത്.അവളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അമ്മ പറഞ്ഞിട്ടും ഞാനത് കേട്ടതായി ഭാവിച്ചില്ല...“ എന്റെ വാക്ക് കേള്‍ക്കാത്തവര്‍ ചത്തു തുലയട്ടെ ” എന്നായിരുന്നു അപ്പോള്‍ അമ്മയ്ക്ക് ഞാന്‍ നല്‍കിയ മറുപടി.

അടുത്ത ദിനം രാധേട്ടത്തി വന്നപ്പോള്‍ “കോലായ കഴുകിയപ്പോള്‍ കാലു തെറ്റി വീണതാ രാധേട്ടത്തി, നെറ്റി ഇത്തിരി പൊട്ടി..വീണതിന്റെ മേലുവേദന” എന്നെക്കെയവള്‍ പറയുന്നത് കേട്ട് അമ്മയും നിശ്ശബ്ദയായി നില്ക്കുന്നതു കണ്ടപ്പോള്‍.. ഹോ! രക്ഷപ്പെട്ടു എന്ന ആശ്വാസമായിരുന്നു മനസ്സില്‍......

പിറ്റേന്ന്,ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞ് വരുന്ന വഴി എന്തോ ഒന്ന് വണ്ടിയ്ക്ക് മുന്നിലൂടെ എടുത്തു ചാടിയ പോലെ തോന്നിയാണ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് .ബൈക്കില്‍ നിന്ന് തെറിച്ചു വീണ എനിക്ക് ബോധം കിട്ടിയപ്പോള്‍ ആദ്യം കണ്ടത് ആശുപത്രി കിടക്കയില്‍ എനിക്കരികിലിരുന്നു കരയുന്ന മാലുവിനെയാണ്.


അപകടം നടന്നതിന്റെ ആദ്യ ദിവസങ്ങളില്‍ ഒന്നു വന്ന് പോയ കൂട്ടുകാര്‍ ആരും തന്നെ പിന്നെയൊന്ന് അന്വേഷിച്ചു വരിക പോലുമുണ്ടായില്ല. വേദന നിറഞ്ഞ ആ ദിവസങ്ങളില്‍ മാലു മാത്രമായിരുന്നു ഏക ആശ്വാസം...കൂടെകൂടെ അവളും വല്ലാതെ തലവേദന അനുഭവിക്കുന്നതു പോലെ തോന്നിയിരുന്നു..എന്നാലും, ഞാന്‍ നിമിത്തമുണ്ടായ മുറിവിനെ കുറിച്ച് ചോദിക്കാന്‍ മനസ്സ് അനുവദിച്ചില്ല..ആശുപത്രിയില്‍ പലരും അവളുടെ തലയിലെ മുറിവിനെ കുറിച്ചും തിരക്കിയപ്പോഴൊക്കെ രാധേട്ടത്തിയോട് പറഞ്ഞ കള്ളക്കഥ തന്നെ അവള്‍ ആവര്‍ത്തിച്ചു.

അവളെ ആദ്യമായി സ്നേഹിച്ചു തുടങ്ങുകയായിരുന്നു ഞാന്‍.അവളറിയാതെ എന്റെ മനസ്സില്‍ അവളോടുള്ള സ്നേഹത്തിന്റെ വാര്‍മഴവില്ല് വിരിയുകയായിരുന്നു.പലപ്പോഴും ജനലഴികളിലൂടെ പഞ്ഞിക്കൂടു പോലെ നീങ്ങുന്ന മേഘക്കീറുകളെ നിര്‍നിമേഷയായി അവള്‍ നോക്കി നില്‍ക്കുന്നത് കാണാം..“മേഘങ്ങളോട് എന്ത് കഥയാണ് നീ പറയുന്നതെന്ന് ചോദിക്കാന്‍ നാവ് തുടിച്ചെങ്കിലും... പെട്ടെന്ന് ആ സ്നേഹം പുറത്തു കാട്ടാന്‍ എനിക്ക് അന്ന് എന്തോ തോന്നിയില്ല...

“വീട്ടില്‍ പോയി ഭക്ഷണം എടുത്തു വരട്ടെ ? “ എന്ന് ചോദിക്കുന്നതു പോലും പേടിച്ചാണ് ..“എന്തിനാ നിനക്കിത്ര പേടി മാലൂ,..നീ പോയി വാ” എന്ന് അവളെ സ്നേഹത്തോടെ യാത്രയയ്ക്കണമെന്ന് തോന്നി...എന്നാലും വേണ്ട ഇപ്പോള്‍ വേണ്ട...ഒരു ആഴ്ച കൂടി കഴിഞ്ഞാല്‍ ആശുപത്രി വിട്ടു വീട്ടിലെത്താം. അതിനു ശേഷം വേണം മാലുവിനെ സ്നേഹം കൊണ്ട് പൊതിയാന്‍ ...

ഒരു തുമ്പപ്പൂ പോലെ പരിശുദ്ധയാണവള്‍..അവള്‍ക്ക് നഷ്ടപ്പെടുത്തിയ നല്ല ദിനങ്ങള്‍ തിരിച്ചു നല്‍കാന്‍ ,അവളെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കാന്‍,എനിക്ക് കൊതിയായി...അവളുടെ പഴയ ദിനങ്ങളിലേക്ക് അവളെ കൂട്ടികൊണ്ടു വരണം. കഥയും കവിതകളും എഴുതുന്ന പാവം കുട്ടിയായിരുന്നു അവള്‍ ....അവളെ വീണ്ടും പഠിപ്പിക്കണം. അവള്‍ ആഗ്രഹിച്ച പോലെ ഒരു യാത്ര അമ്മയും അവളുമായി ഗുരുവായൂര്‍ക്ക് ... നല്ല ഒരു ഡോക്ടറെ കാണിച്ച് അവള്‍ക്ക് താന്‍ നഷ്ടപ്പെടപ്പെടുത്തിയ ശബ്ദം തിരികെ നല്‍കണം....എന്നൊക്കെ മനസ്സില്‍ കണ്ടു കിടന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല..

ഭക്ഷണം എടുത്തു വരേണ്ട സമയം കഴിഞ്ഞിട്ടും മാലുവിനെ കാണുന്നില്ലല്ലോ എന്നോര്‍ത്ത് അവളുടെ പദനിസ്വനത്തിനു കാതോര്‍ത്ത് കിടന്ന് മയങ്ങി പോയി..“മോനെ , എഴുന്നേല്‍ക്ക് ഭക്ഷണം കഴിക്ക്..”എന്ന ഗോവിന്ദമാമയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. മാലു എവിടെ...?  അവളെവിടെ..? മുന്‍പൊന്നും തോന്നാത്ത രീതിയില്‍ അവളെ കാണാന്‍ എന്റെ കണ്ണുകള്‍ വല്ലാതെ കൊതിക്കും പോലെ..

“നീയാരെയാ നോക്കുന്നത് ഇല്ല ...മാലു വന്നിട്ടില്ല..ഇവിടുന്ന് വന്നപ്പോള്‍ കയറി കിടന്നതാ തലവേദനിക്കുന്നൂന്നും പറഞ്ഞ്  ഞാനിങ്ങോട്ട് ഇറങ്ങിയപ്പോള്‍ ശാരദയും രാഘവനും കൂടി അവളെ കരുണാകരന്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോയി..നീ ആഹാരം കഴിക്ക്..ഇന്നിനി എന്നോട് ഇവിടെ നില്‍ക്കാന്‍ പറഞ്ഞിരിക്കയ  ശാരദ.”..

അമ്മയോട് വല്ലാത്ത ദേഷ്യം തോന്നി..എന്തിനാ അവളെ മറ്റൊരിടത്തേക്ക് കൊണ്ടു പോയത് ഇവിടെയും ഉണ്ടായിരുന്നില്ലേ ഡോക്ടര്‍മാര്‍ ഇവിടേക്ക് കൊണ്ടു വരാമായിരുന്നില്ലേ..മനസ്സ് വല്ലാതെ അസ്വസ്ഥമാകും പോലെ..രാത്രിയിലെ നിശ്ശബ്ദതയിലേക്ക് ആശുപത്രിയും പരിസരവും അലിഞ്ഞു ചേര്‍ന്നപ്പോള്‍ മനസ്സില്‍ അവളുടെ ഓര്‍മ്മകള്‍ വല്ല്ലാതെ ശ്വാസതടസ്സം സൃഷ്ടിക്കും പോലെ അനുഭവപ്പെട്ടു....

പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ മനസ്സില്‍ നിറഞ്ഞത് മാലുവായിരുന്നു ..ഇന്ന് മാലു വരുമ്പോള്‍ ആ നെറ്റിയിലെ മുറിവില്‍ തലോടി  ആശ്വസിപ്പിച്ച്, ചെയ്തു പോയ തെറ്റുകള്‍ക്കെല്ലാം അവളോട് മാപ്പു ചോദിച്ച്, ആ മടിയില്‍ തലചായ്ച്ച് ഒന്നു മയങ്ങണം ഇനിയും അവള്‍ക്ക് എന്റെ സ്നേഹം നിഷേധിച്ചു കൂടാ .അവള്‍ക്കും എനിയ്കും ഇടയിലുള്ള മൌനത്തിന്റെ തിരശ്ശീല എന്റെ സ്നേഹം കൊണ്ട് ഇല്ലാതാക്കണം....

“ആരോ വാതിലില്‍ മുട്ടുന്നുണ്ടല്ലോ..ആരാ ഇത്ര രാവിലെ...?” എന്ന് ചോദിച്ച് അല്പം ഈര്‍ഷ്യയോടെ ഗോവിന്ദമാമന്‍ വാതില്‍ തുറന്നപ്പോഴാണ് കാണുന്നത്   രാഘവനമ്മാവന്‍ .“മോനെ, മാലൂനു തീരെ വയ്യ..അവളെ അവിടെ അഡ്മിറ്റ് ചെയ്തിരിക്കയാണ്.കോലായില്‍ കാലു തെറ്റി അവള്‍ വീണീരുന്നില്ലേ..ആ വീഴ്ചയില്‍ അവള്‍ക്ക് പറ്റിയ തലയിലെ മുറിവ് ..അത് ചെറുതായിരുന്നില്ല മോനേ, അവിടെ രക്തം കട്ട പിടിച്ച് കിടക്കയാ..എന്റെ കുട്ടി ഇത്ര ദിവസം ആ വേദന അനുഭവിക്കയായിരുന്നു.ഞാന്‍ ആശുപത്രിയിലേക്ക് പോവ്വാണ്. അവിടെ തന്നെയായിരുന്നു രാത്രിലും ശാരദ അവിടെയുണ്ട് നിങ്ങളോട് വിവരം അറിയ്ക്കാന്‍ വന്നതാ  ”എന്ന് പറഞ്ഞ് ഉടന്‍ തന്നെ യാത്ര പറഞ്ഞ് രാഘവനമ്മാവന്‍ പോയപ്പോള്‍ എന്റെ നെഞ്ചിലെ സ്വപ്നങ്ങളിലേക്ക് ആരോ കനല്‍ വാരിയിടും പോലെയുള്ള നീറ്റലാണ് ഉണ്ടായത്.എല്ലായ്പോഴും എന്റെ ചിന്തകള്‍ക്ക്  നടുവിലേക്ക് ഏതെങ്കിലും ഒരു തടസ്സം ഞാനറിയാതെ വന്നു വീഴുന്നത് എന്റെ ഒരു നിയോഗം തന്നെയാവാം...

അവളുടെ അരികിലെത്താന്‍ മനസ്സ് വല്ലാതെ വിതുമ്പി..പക്ഷേ...എന്റെ ഈ അവസ്ഥയില്‍ ഞാനെങ്ങനെ അവള്‍ക്കരികിലെത്തും..രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ടും അവളെ കാണാനാകാതെ സ്വസ്ഥത നശിച്ചപ്പോള്‍ അവളുടെ ഓര്‍മ്മകള്‍ ശലഭങ്ങളായി എനിക്ക് ചുറ്റും പറന്ന് എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു....

ആശുപത്രിയില്‍ എന്നെ തനിച്ചാക്കി പോകാന് അന്ന് അവള്‍ക്ക്  ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മനസ്സില്ലാമനസ്സോടെ അവള്‍ വീട്ടിലേക്ക് പോയത്. തുടര്‍ച്ചയായ് കുറെയേറെ ദിവസങ്ങളായി ഊണും ഉറക്കവും കൃത്യമായി ഇല്ലാതെ.വല്ലാതെ ക്ഷീണിച്ചിരുന്നു പാവം.
ഒരു സന്ധ്യാ നേരത്ത്  അജിയും മഹിയും  വന്ന് “നമുക്ക് വീട്ടില്‍ പോകാമെടാ എന്ന്  അജി പറഞ്ഞപ്പോള്‍ ...”മനസ്സില്‍ സന്തോഷം തോന്നിയെങ്കിലും പെട്ടെന്നാണ് ഓര്‍ത്തത് “അതെന്താ ഈ നേരത്ത്? ഇപ്പോഴെന്താ? എവിടേക്കാ? നമുക്ക് മാലുവിന്റെ അടുത്തേക്ക് പോയിട്ട് വീട്ടിലേക്ക് പോകാം ..എനിക്കവളെ ഒന്നു കാണണം ...”അപ്പോഴാണ് കണ്ടത് ഗോവിന്ദമാമ ഭിത്തിയില്‍ ചാരി നിന്ന് മുഖമമര്‍ത്തി കരയുന്നു...എല്ലാവരുടെയും മുഖം വല്ലാതെ വിങ്ങുന്നത് കണ്ടപ്പോള്‍ തന്നെ തോന്നി എന്തോ  അഹിതം സംഭവിച്ചു എന്ന്....പിന്നെ ഒന്നും ചോദിച്ചില്ല..മനസ്സില്‍ ചിന്തകള്‍ അലയാഴി പൊലെ ആര്‍ത്തലയ്ക്കും പോലെ... ഒന്നും ഉരിയാടാനാകാതെ അവര്‍ക്കൊപ്പം യാത്രയായി...

വീട്ടിനു മുന്നില്‍ വണ്ടി എത്തിയപ്പോള്‍ കണ്ടു അവിടവിടെയായി എല്ലാരും കൂടി നില്‍ക്കുന്നു...എന്താണ് സംഭവിച്ചത് മഹി...? എന്ന ചോദ്യത്തിനു ഉയര്‍ന്നു കേട്ടത് അമ്മയുടെ നിലവിളിയായിരുന്നു.

“മേനേ, പോയെടാ ...മാലൂ പോയെടാ....” എന്താ ഈ കേള്‍ക്കുന്നത് ....പെട്ടെന്ന്  വല്ലാത്ത ഒരു മരവിപ്പ് ശരീരമാകെ തോന്നി....

“എന്റെ മാലൂ...അവള്‍ക്കെന്താ പറ്റിയത്...? ആരെങ്കിലും ഒന്നു പറയൂ...അവള്‍ എവിടെ..?” വിങ്ങിപൊട്ടുന്ന ശബ്ദത്തില്‍ ഭാസ്കരേട്ടനാണ് പറഞ്ഞത്..“അന്നത്തെ  വീഴ്ചയില്‍ അവള്‍ക്ക് തലയ്ക്കക്കത്ത് ക്ഷതം പറ്റിയിരുന്നു മോനേ..രണ്ടു ദിവസമായി അബോധാവസ്ഥയിലായിരുന്ന മാലൂട്ടി കുറച്ച്  മുമ്പ്....”.

ആ വാക്കുകള്‍ മുള്ളാണി പോലെ മനസ്സില്‍ തറഞ്ഞു കയറി...“യ്യോ! എന്റെ മാലൂ....അവളെ ഞാന്‍ .....” വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങുകയാണ്..ഇത്ര വേദന ഉള്ളിലൊതുക്കിയിട്ടും ഒരക്ഷരം പോലും അവള്‍ എനിക്കെതിരായി ആരോടും പറഞ്ഞിട്ടില്ല. സ്നേഹിക്കയായിരുന്നു അവള്‍ എന്നെ. സ്നേഹം കൊണ്ട് തോല്പിച്ചു അവളെന്നെ...

മാലൂനെ കുറിച്ചോര്‍ക്കുമ്പോള്‍....എന്റെയീ കൈകളില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുന്ന അവളുടെ  ദയനീയമായ മുഖം...സ്വപ്നങ്ങളെല്ലാം ഉള്ളിലൊതുക്കി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നടുമുറ്റത്ത് അകലേക്ക് നോക്കിയിരിക്കുന്ന മാലുവിന്റെ മുഖം ..അതാണ് ഓര്‍മ്മയില്‍ നിറയുന്നത്....എന്റെ മനസ്സിനെ ശ്വാസം മുട്ടിക്കുന്നത്...അവളുടെ ചിരി കെടുത്തിയത് എന്റെയീ കരങ്ങളാണ് ...ഞാനാണവളെ കൊന്നത്....ഇത്തിരി സ്നേഹം പോലും നല്‍കാതെ എന്റെ മാലൂനെ ഞാന്‍ കൊന്നു...ആഴത്തില്‍ ഞാനവള്‍ക്ക് വേദനയുണ്ടാക്കിയിട്ടും ആരോടും എന്നെ കുറിച്ച് ഒരു പരിഭവവും പറയാതെ എന്നെ സ്നേഹിച്ച് സ്നേഹിച്ച്  അവള്‍ പോയി...

എന്റെ സ്വപ്നങ്ങള്‍ക്ക് കറുപ്പ് വര്‍ണ്ണം ചാലിച്ചെഴുതിയത് എന്റെ  കരങ്ങളാണ്..ദുഃഖങ്ങളുടെ വലിയ പായ നിവര്‍ത്തി വച്ച് കാറ്റിന്റെ ഗതിക്കൊപ്പം ഇനി എനിക്ക്  എന്റെ യാത്ര തുടരാം.. കണ്ണീരിന്റെ  ഉപ്പുള്ള ചോരപുരണ്ട മനസ്സുമായി ഈ ജന്മശാപമീ കരങ്ങളില്‍ പേറിയിനി എത്രനാള്‍ ഞാന്‍ ജീവിക്കണം...........

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...