Sunday, August 14, 2011

സ്വപ്നനൂലില്‍ കോര്‍ത്ത നൊമ്പരങ്ങള്‍.......
എന്ത് ഉറക്കമാണിത്...? എപ്പോഴും ഇങ്ങനെ കണ്ണടച്ച് കിടന്നാലെങ്ങന്യാ കുട്ടിയ്യ്യേ ..ഇടയ്ക്ക് ഇത്തിരി വായിച്ചും മറ്റും ഇരുന്നൂടെ....സിസ്റ്റര്‍ ജെസീന്തയുടെ ചോദ്യങ്ങളാണ് മയക്കത്തെ അകറ്റിയത്..

സിസ്റ്റര്‍ക്ക് അറിയ്യ്യോ, വേദനകളില്‍ നിന്ന് രക്ഷ നേടാനായി എത്ര ശ്രമിച്ചിട്ടാ ഇത്തിരി മയക്കം കിട്ടിയതെന്ന് ....ഈ മയക്കമാണ് വേദനകളില്‍ നിന്നുള്ള ന്റെ രക്ഷയെന്ന് ..

ശരീരമാസകലം വേദന കൂടാരമടിച്ചിരിക്കയാണ്..

ഇഞ്ചെക്ഷന്‍ സൂചികളിലൂടെ കിനിഞ്ഞിറങ്ങുന്ന  ഔഷധം ഈ കൂടാരത്തെ തകര്‍ക്കാന്‍ പോരാ എന്നതു പോലെയാ ഇപ്പൊഴത്തെ അവസ്ഥ..

പണ്ട് , തെര്‍മോമീറ്ററില്‍ തെളിയുന്ന പനിനിരപ്പ് കാണുമ്പോള്‍ കളിയായി പറഞ്ഞിട്ടുണ്ട്...

“ഒറ്റയ്ക്കല്ലേ , ഇത്തിരി പനി കൂടി കൂട്ടിനിരുന്നോട്ടെ ” എന്ന്..
പക്ഷേ , ഇന്ന്..എത്ര പറഞ്ഞാലും തീരാത്ത ഉപകഥകള്‍ പോലെയായി തീര്‍ന്നിരിക്കുന്നു ഈ രോഗങ്ങളും വേദനകളും ആശുപത്രിവാസവുമെല്ലാം...
വേദനകള്‍ ഇല്ലാത്ത ആശ്വാസത്തിന്റെ  സ്നേഹത്തിന്റെ ഒരു കാലം....അങ്ങനെ ഒരു കാലം....അത് എന്നും ഒരു സ്വപ്നം മാത്രമായിരുന്നല്ലോ..

നുണയാന്‍ ഒരു നിമിഷത്തിന്റെ മധുരവുമില്ലാതെ കടന്നു പോയ ബാല്യം...
ഹോസ്റ്റലിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ എന്നും ഒരു നിഴലായി സൂസി സിസ്റ്റര്‍ ഒപ്പം ഉണ്ടായിരുന്നു...

നന്മയുടെയും ത്യാഗത്തിന്റെയും കഥകള്‍ പറഞ്ഞു തരുമ്പോള്‍ വേദനിക്കുന്നവര്‍ക്കൊപ്പമാണ് ദൈവം എപ്പോഴും ഉണ്ടാവുക എന്ന് പല തവണ സൂസിസിസ്റ്റര്‍ പറഞ്ഞപ്പോള്‍

 “ എനിക്കും വേദനയുണ്ട് സിസ്റ്റര്‍,  അച്ഛനും അമ്മയും എന്നെ അവര്‍ക്കൊപ്പം വിദേശത്തേക്ക് കൊണ്ടു പോയില്ലല്ലോ  , അപ്പോള്‍ ദൈവം ന്റെ ഒപ്പവും ഉണ്ടാകുമോ സിസ്റ്റര്‍ ” എന്ന് ചോദിച്ചതും   ‘‘ഉണ്ടാകുമല്ലോ...കുട്ടി എന്തിനാ വിഷമിക്കുന്നേ,സിസ്റ്റര്‍ ഇല്ലേ എപ്പോഴും കൂടെ...ദൈവമാ പറഞ്ഞത് എന്നോട് എപ്പോഴും മാലൂട്ടിയ്ക്കു കൂട്ടായി ഒപ്പം നടക്കണമെന്ന് ’’ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നതും മനസ്സില്‍ ഇപ്പോഴും പച്ച പുതച്ചു കിടക്കുന്ന ഓര്‍മ്മകള്‍ തന്നെയാ ...

ആര്‍ത്തുല്ലസിക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ പലപ്പോഴും അവര്‍ക്കൊപ്പം ഒരു ചിരി തുന്നി ചേര്‍ക്കാന്‍ എത്ര പ്രയാസപ്പെട്ടിരിക്കുന്നു...

എന്നിട്ടും, ഇത്തിരി വയ്യാണ്ടായപ്പോള്‍ ഒരു സ്നേഹാന്വേഷണത്തിനു പോലും കാത്തു നില്‍ക്കാതെ  എവിടെയോ പോയി അകന്നിരിക്കുന്നു പല കൂട്ടുകാരും.......

ഇപ്പോള്‍, ഈ മരുന്നുകളോട് മല്ലിടുമ്പോള്‍ വീണ്ടും ഒറ്റയ്ക്കായ പോലെ...
ഒരു സ്നേഹാന്വേഷണത്തിന്റെ ഒരു മേഘതുണ്ട് എങ്കിലും ഇവിടേക്ക് വന്നിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കും പോലെ ഈ മനസ്സ്..

ജനാല പഴുതിലൂടെ അരിച്ചിറങ്ങിയ നേരിയ വെളിച്ചത്തെ കാര്‍മേഘങ്ങള്‍ മറയ്ക്കും പോലെ...മഴയുടെ വരവാകും..

വല്ലപ്പോഴുമെത്തുന്ന ഈ ചാറ്റമഴ ന്റെ സുഖവിവരങ്ങള്‍ അറിയാന്‍ വരുന്നതാകുമോ..
പണ്ട് എത്ര മഴത്തുള്ളികളെയാ ഈ കൈക്കുമ്പിളില്‍ ഏറ്റു വാങ്ങിയിട്ടുള്ളത്..ഇനി എന്നാണ് എനിക്കാവുക വീണ്ടും ഈ മഴയെ ഒന്നു തൊട്ടു തലോടി നടക്കാന്‍.....

ഓര്‍ക്കുമ്പോള്‍ ചിരി തോന്നുകയാ...ഈ വേദനകള്‍ക്കിടയിലും സ്വപ്നം കാണുന്ന ഒരു പാഴ്ജന്മം തന്നെയിത്...
ന്റെ ശ്വാസത്തില്‍ പോലും ഇപ്പോള്‍ മരുന്നിന്റെ ഗന്ധമാ എന്നിട്ടും ഇപ്പോഴും കൂരിരുട്ടില്‍ മിന്നുന്ന നക്ഷത്രങ്ങളെ പോലെ എത്രയാ ന്റെ എണ്ണിയാലൊടുങ്ങാത്തെ സ്വപ്നങ്ങള്‍.....

വാതിലിനരികില്‍ ഒരു കാല്‍ പെരുമാറ്റം കേട്ടാല്‍ വെറുതെ തോന്നും ന്റെ വിശേഷങ്ങള്‍ തിരക്കാന്‍ വരുന്ന സ്നേഹമുള്ള ഒരാളാകുമെന്ന്...

കൈനിറയെ പുഷ്പങ്ങളുമായി വന്ന്, ഒക്കെ പെട്ടെന്ന് ഭേദമാകും എന്ന് പറഞ്ഞ് നെറ്റിയില്‍ ഒന്ന് മൃദുവായി തലോടി പോകുന്ന ഒരു സ്നേഹസ്വരം മനസ്സിലെവിടെയോ കേള്‍ക്കും പോലെ...

ഇഷ്ടവിഭവങ്ങളുമായി വന്നെത്തുന്ന ,സ്നേഹത്തോടെ ഇറ്റു കണ്ണീര്‍ മാറ്റി വയ്ക്കുന്ന  അച്ഛനും അമ്മയും.....
 ഒക്കെ വെറും സ്വപ്നങ്ങളാണെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പലപ്പോഴും എല്ലാറ്റിനോടും .....എല്ലാവരോടും ദേഷ്യം തോന്നാറുണ്ട്..

അപ്പോള്‍, മേശ മേലിരുന്ന് തുറിച്ചു നോക്കി കൊഞ്ഞനം കാട്ടുന്ന പല നിറത്തിലും മണത്തിലുമുള്ള ഗുളികകള്‍ എടുത്ത് ഈ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിയും ..

ആരോടെന്നില്ലാതെ മനസ്സില്‍ പിണങ്ങും...


എന്നിട്ട്, ഇത്തിരി കണ്ണീര്‍ പൊടിയുമ്പോള്‍ വെറുതെ നഷ്ടങ്ങളെ ഏറ്റുവാങ്ങുന്ന ഈ കൈവെള്ളയിലേക്ക് നോക്കിയിരിക്കും..

അപ്പോള്‍ മനസ്സില്‍ തെളിയുന്നത് ശാലൂന്റെ മുഖമാ ..എന്നോ അവള്‍ പറഞ്ഞ ...അവളുടെ ശബ്ദമാ അപ്പോള്‍ കൂട്ടിനു വരിക..

“നിന്റെ കൈവെള്ള നിറയെ നേരിയ വരകളാ...കണ്ടാല്‍ ദൈവം തെറ്റും ശരിയും ഇട്ടു കളിച്ച പോലെ ചിതറിയ വരകള്‍..അതാവും ഈ ഒറ്റപ്പെടലിന്റെയും വേദനയുടെയും  വലയില്‍ കുടുങ്ങി മാലൂ നീയിങ്ങനെ ജന്മം തീര്‍ക്കണത്” എന്ന്  അവള്‍ വീണ്ടും അടുത്തിരുന്ന് പറഞ്ഞ് ആശ്വസിപ്പിക്കും പോലെ തോന്നും...

ഒറ്റപ്പെടലും വേദനകളും ഇല്ലാഞ്ഞിട്ടും അവള്‍ എന്തിനാ .പോകണമെന്ന് തോന്നിയപ്പോള്‍ പോയത്...ഒരു ഷാളിന്റെ തുമ്പത്ത് ഇത്തിരി വേദനയുടെ കുരുക്കിട്ട്...അവളും ഇപ്പോള്‍ മറ്റൊരു വേദനാവുകയാ ഓര്‍ക്കുമ്പോള്‍.....

സിസ്റ്റര്‍ ജെസീന്തയുടെ ശബ്ദമാണ് വീണ്ടും ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്...“ആഹാ! എന്താ ജനാലയിലൂടെ കാണുന്നത്..ഇന്നും വന്നുവോ  കിന്നാരം പറയാന്‍ മേഘങ്ങളും പറവകളും..അവ എന്താണു പറഞ്ഞത് ....വിഷമിക്കണ്ട ഒരു കാറ്റടിച്ചു പോകുന്ന മഴ മേഘം പോലെ ഈ അസുഖമൊക്കെ മാറൂന്നു തന്നെയല്ലേ....”

ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ പോലെ സിസ്റ്ററുടെ  വാക്കുകള്‍ തൊട്ടുരുമ്മിയപ്പോള്‍ , അസ്തമയത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നട്ടം തിരിയുന്ന മനസ്സിനു ഒരു കാട്ടു വള്ളിപ്പടര്‍പ്പ് ഇട്ടു തരും പോലെ ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന സിസ്റ്ററിനെയാണ്കണ്ടത് ....

കടുത്ത വേനലിലെ മഴചാറ്റല്‍ പോലെ വന്നെത്തുന്ന സിസ്റ്ററുടെ ഈ വാക്കുകള്‍ക്ക് പകരം നല്‍കാന്‍ മുഖത്ത് ഒരു ചിരി തുന്നിച്ചേര്‍ക്കാന്‍ പ്രയാസപ്പെടുകയായിരുന്നു അപ്പോള്‍ മാലുവും.........

14 comments:

 1. വന്നു...
  സാരില്ലാട്ടോ...
  വിഷമിക്കണ്ടാട്ടോ...

  ReplyDelete
 2. വെള്ളരിപ്രാവ് വന്നൂല്ലോ....സന്തോഷായി ട്ടാ,,,,

  ReplyDelete
 3. ഒറ്റപ്പെടലുകളുടെ വേദന കടുത്തതായിരിയ്ക്കും. ചിലര്‍ വേദനകളെ പരാചയപ്പെടുത്താന്‍ സ്വയം ഇല്ലാതാകും, മറ്റുചിലര്‍ സ്വയം വേദനിച്ചു നടക്കും.. വളരെ നന്നായിട്ടുണ്ട് ടീച്ചര്‍..

  ReplyDelete
 4. ഒരു ചാറ്റല്‍ മഴ പുറത്ത് ആരവമിട്ടാല്‍ അമ്മേ നിയ്ക്കിന്ന് സ്കൂളില്‍ പോണ്ട എന്ന് പറഞ്ഞിരുന്ന ബാല്യം..
  അമ്മയുടെ വഴക്ക് കേട്ടാല്‍ നിയ്ക്ക് പനി ഉണ്ടമ്മേ എന്ന് പറഞ്ഞിരുന്ന ബാല്യം..
  ആ മടി പനി ഇന്നും ന്റ്റെ അടുത്ത കൂട്ടുകാരിയാ..
  ആ ആലസ്യത്തില്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട് ഒരു രോഗം വന്നു കിടക്കാനെന്ന്...
  ആ അവസ്ത്ഥ ഇങ്ങനെ ആയിരിയ്ക്കുമെന്ന് ഞാനിപ്പോള്‍ അറിയുന്നൂ...
  ന്നാലും ആ കിളികളുടെ കൂട്ട് ഇഷ്ടപ്പെടും പോലെ..

  ReplyDelete
 5. ഒരു പാട് കിളികളുണ്ട്‌ സൌഹൃദത്തിന്റെ പാട്ടുമായി പുലരികളെ കുളിര്‍പ്പിക്കാന്‍ ..

  ഒരു വിളിപ്പാകലെ ഒരു പാട് സ്നേഹങ്ങള്‍...

  എന്നും പുഞ്ചിരി നേരുന്നു...

  ReplyDelete
 6. നന്ദി....മധുജിക്കും അനിത്സിനും...വര്‍ഷിണിക്കും

  ReplyDelete
 7. ചിലര്‍ അങ്ങനെയാ...

  പല നോവുകളും നൊമ്പരങ്ങളായ് പെയ്തൊഴിഞ്ഞു പോയെങ്കിലെന്ന് വെറുതെ ആശിക്കും. വേദനകളില്‍ ഒറ്റയ്ക്കാവുമ്പോള്‍ ചുറ്റുമുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ തന്റെ സ്വന്തമായെങ്കിലെന്ന് വെറുതെ മോഹിക്കും. ചാറ്റല്‍ മഴയോടും ഇളം തെന്നലിനോടും കോടമഞ്ഞിനോടും എല്ലാം പ്രണയം തോന്നും..

  ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നവരുടെ , അല്ല.. ജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നിയവരുടെ പാഴ്കിനാവായി സ്വയം വിധിയെ പഴിക്കുമെങ്കിലും ശുഭപ്രതീക്ഷയെ കൈ വിടാന്‍ ഞാനോ നിങ്ങളോ ഒരുക്കമല്ല താനും..!!

  നന്നായിരിക്കുന്നു എന്ന് തന്നെ പറയാം.. അഭിനന്ദനങ്ങള്‍..!!

  ReplyDelete
 8. Ottapedalin anantha sathyangalil ottakirunnu dhahikkunnavark, oralenkilum kanum kootayi....,

  ReplyDelete
 9. ഒറ്റപെടലിന്‍റെ വേദന
  അത് അനുഭവിച്ചു അറിഞ്ഞവര്‍ക്കെ അതെത്ര കഠിനം ആണ് എന്ന് അറിയൂ.
  നന്നായി എഴുതി..
  എല്ലാ വിധ ആശംസകളും

  ReplyDelete
 10. ടീച്ചറെ നന്നായിട്ടൂണ്ടു....

  ReplyDelete
 11. ഒറ്റപ്പെടലിന്റെ തീക്ഷ്‌ണവേദന അനുഭവിക്കുന്ന, രോഗശയ്യയില്‍ അവസാന നാളുകള്‍ തള്ളിവിടുന്ന ഒരുകുട്ടിയുടെ സാധാരണ ദിവസം! അതില്‍ അസാധാരണം കൊണ്ടുവരാത്തതാണ് കഥയെ സുന്ദരമാക്കിയത്. തീവ്രവേദന ശുഭാപ്‌തിവിശ്വാസം ചോര്‍ത്തിക്കളയും. സംഭാഷണങ്ങളിലാകെ അശുഭചിന്തകള്‍ നിറയും. ഒളിപ്പിച്ചുപിടിച്ച നിരാശ ഇടക്കിടെ പുറത്തുചാടും. ഇതെല്ലാം ഈ കഥയില്‍ കൊണ്ടുവന്നിട്ടുണ്ട്.
  നഷ്‌ടങ്ങളെ മാത്രം ഏറ്റുവാങ്ങുന്ന കൈവെള്ളയെന്ന പ്രയോഗം സരളമായ പദങ്ങളില്‍ വായനക്കാരന് അശുഭചിന്തയുടെ ഒരുധാര പകര്‍ന്നു കൊടുക്കുന്നു.

  ReplyDelete
 12. ഒറ്റപ്പെടലിന്റെ വേദന ശക്തമായി അവതരിപ്പിച്ചു.
  ആരും ഇങ്ങനെ ഒറ്റപ്പെടാതിരിക്കട്ടെ. എന്ന പ്രാര്‍ത്ഥന മാത്രം.

  ReplyDelete
 13. ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ പോലെ സിസ്റ്ററുടെ വാക്കുകള്‍ തൊട്ടുരുമ്മിയപ്പോള്‍ , അസ്തമയത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നട്ടം തിരിയുന്ന മനസ്സിനു ഒരു കാട്ടു വള്ളിപ്പടര്‍പ്പ് ഇട്ടു തരും പോലെ ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന സിസ്റ്ററിനെയാണ്
  കണ്ടത് .... വേദനകള്‍ക്കിടയിലും സ്വപ്നം കാണുന്ന ഒരു പാഴ്ജന്മം തന്നെയിത്...
  teekshnamaaya anubavangal samvedana kshadayode pakarnnu nalkuna katha ..abinandanangal. minu.

  ReplyDelete

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...