Tuesday, September 21, 2010

ജീവിതചിത്രം...


  തന്‍ വരവിനു സ്വാഗതമോതുവാന്‍
മഞ്ഞിന്‍ മുത്തുമായി നിന്ന
പുല്‍ക്കൊടിയോട് സൂര്യന്‍
മൃദുവായി മന്ത്രിച്ചു...
എനിക്ക് പിറകെ വരുവത്
ഇരുട്ടാണെന്ന്.

തന്‍ വരവില്‍ ഗര്‍വ്വോടെ
വിലസിയ ആമ്പലിനോട്
നിലാവ് മന്ത്രിച്ചു...
എനിക്ക് പിറകെ വരുന്നത്
പകലാണെന്ന്.


വെളിച്ചത്തിനും ഇരുട്ടിനും മദ്ധ്യേ
ആകാശ സീമകള്‍ തുടുത്തപ്പോള്‍
ചക്രവാളം മന്ത്രിച്ചു ഇത്
തൃസന്ധ്യതന്‍ നിര്‍വൃതിയെന്ന്..


ചുണ്ടുകളില്‍ പുഞ്ചിരി പൊഴിയവേ
മനസ്സു മന്ത്രിച്ചു ഇനി വരുവത്
വിടപറയലിന്‍ വേദനയെന്ന്...


കണ്‍കളില്‍ അരുണാഭപടര്‍ന്നപ്പോള്‍
പ്രണയം മന്ത്രിച്ചു പിറകെ വരുന്നത്
കണ്ണീര്‍മഴ തന്‍ മുകിലാണെന്ന്...


ഇതാ..
നിനവിന്‍ പടിയിലൂടെത്തി
നീയും ജീവിതത്തെയറിയുക..


സ്വന്തമാകും വരെയുള്ള
നിന്നിലെ മധുരനൊമ്പരം
മാത്രമാണീ പ്രണയം ..


എത്ര മോഹവര്‍ണ്ണങ്ങള്‍ ചാര്‍ത്തിയാലും,
എത്ര സുസ്മേരത്തിന്‍ പട്ടുടുപ്പിച്ചാലും,
എത്ര വര്‍ണ്ണ കനവിന്‍ ഗോവണിയേറിയാലും,


ഇല്ലില്ല..നിനക്ക് വരയ്ക്കാനാവില്ല..
പൂര്‍ണ്ണമാവില്ല നിന്‍
“ജീവിത ചിത്രം



Friday, September 10, 2010

പുഴയും ഞാനും.....




വെറുതെ ചിരിച്ചും 
പാടിയും നിലവിളിച്ചും
കാലത്തിന്‍ കൈവഴികളില്‍
ഏതോ തേടി തേടാതെയും 
എന്തോ നേടി നേടാതെയും
ഒഴുകുമീ പുഴയും ഞാനും
ഒരുപോലെ..

 തലോടി പായുമീ സൌഹൃദ 
കാറ്റില്‍  മന്ദഹാസത്തില്‍
കുഞ്ഞോളങ്ങള്‍ തീര്‍ത്തും
  തീരത്തു ചരിത്രം കോറിയിട്ടും

വിധി തന്‍ പാറക്കെട്ടില്‍ തട്ടി
തടഞ്ഞാലുമതുമൊരു ജയത്തിന്‍
ചവിട്ടു പടിയായ് കണ്ടും

 കൂര്‍ത്ത പരുക്കന്‍ വാക്കാല്‍
ദുഃഖ പെരുമഴ തന്‍ 
കുത്തൊഴുക്കിലകപ്പെട്ടാലും

മന്ദഹാസം പൊഴിച്ചും
സ്നേഹമര്‍മ്മരം ചൊരിഞ്ഞും
കളകളം പാടിയും...

ഒരു കുളിരായ് പിടച്ചിലായ്
ഒഴുകിയൊഴുകിയെന്നാലും
ഞാനുമീ  പുഴ പോല്‍
ഒടുവില്‍
ചെന്നെത്തുന്നതോ
സങ്കടപ്പെരുംകടലില്‍....



Tuesday, September 7, 2010

ധന്യമീ യാത്ര.....


  
മരണത്തെ നേരിണ്ടേടത്
ഒരുങ്ങി ഉണര്‍ന്ന 
മനസ്സോടെയാണ്....

ചോദ്യശരങ്ങള്‍ക്ക് മുന്നില്‍
ഒരു നനുത്ത പുഞ്ചിരി മാത്രം
ഒരുക്കി വയ്ക്കണം....

പിന്നെ,

പെയ്തു തോര്‍ന്ന പേമാരിയ്ക്കു ശേഷം
പുലര്‍ന്ന പകല്‍ വെളിച്ചം പോലെ 
തരളമായി അനുഭവപ്പെടുന്ന
നിശ്ശബ്ദതയിലേക്ക്.....

തന്നെയും തന്റേടത്തെയും വെളിവാക്കി
ശാന്തമായ് കൃതാര്‍ത്ഥമായ് കണ്‍ ചിമ്മി
നോവ് ഒരു കവിളിറക്കി.....

ഒച്ചയുണ്ടാകാതെ മെല്ലെ മെല്ലെ
നടന്നു പോകണം....




**********



Saturday, September 4, 2010

ഇത്തിരിയിത്തിരി....



ഇത്തിരി വെട്ടത്തിനാല്‍
ജന്മം പൂണ്ടതാണീ
നിഴല്‍...

ഇത്തിരി സ്നേഹത്താല്‍
ഉയിര്‍ കൊണ്ടതാണീ
സൌഹൃദം...

ഇത്തിരി വാക്കിനാല്‍
ചവര്‍ക്കുന്നതാണീ
പരിഭവം...

ഇത്തിരി നോവിനാല്‍
പൊള്ളുന്നതാണീ
നെഞ്ചകം...

 ഇത്തിരി മൌനത്താല്‍
വിങ്ങുന്നതാണീ
ചിന്തകള്‍...

ഇത്തിരി നിനവിനാല്‍
പെയ്യുന്നതാണീ
മിഴിനീര്‍...




ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...