Friday, November 5, 2010

കാതങ്ങള്‍ക്കപ്പുറം..

കാലമാകുന്ന ചിലന്തി വലയില്‍
കുടുങ്ങിയാണ് ഓര്‍മ്മകള്‍
നിശ്ചലമായതെന്ന്
ഞാന്‍ പറഞ്ഞില്ല...

വിധിയുടെ പാതയില്‍
മുള്ളാണി വിതറിയത്
ചിരി കെടുത്താനാണെന്ന്
ഞാന്‍ വിശ്വസിക്കുന്നില്ല..

ഒരു ചരടില്‍ മറഞ്ഞിരുന്ന്
കഴുത്തു ഞെരിച്ചമര്‍ത്തിയത്
വിഷസര്‍പ്പമായിരുന്നെന്ന്
ഞാന്‍ പരിതപിക്കുന്നില്ല....

സുഖദുഃഖങ്ങള്‍ ഏറ്റു വാങ്ങി
വിധിക്കൊത്തു ചലിക്കേണ്ടവര്‍
എന്ന പ്രമാണവും
ഞാന്‍ തള്ളിക്കളയുന്നില്ല...

അപ്പുറം,

ഒരു വിളിപ്പാടകലെ..
ഒരു തുളസിത്തറയും
ഒരു കെടാവിളക്കും
ഇത്തിരി ചാറ്റല്‍മഴയും
ഇപ്പോഴും എപ്പോഴും
ഇനിയുമെനിക്ക്
തുണയായുണ്ട്.....


Sunday, October 31, 2010

നറുവെട്ടം...

ഓര്‍മ്മകള്‍ക്ക് കൂട്ടായി
വാക്കുകള്‍ പരതുമ്പോള്‍

അക്ഷരം മന്ത്രിച്ചു

ഓര്‍മ്മകളെല്ലാം

 നിശ്വാസങ്ങള്‍  മാത്രം...

സ്നേഹത്തണല്‍ നല്‍കിയ 
നോവാം നിഴല്‍ മന്ത്രിച്ചു 
നോവുകള്‍ നാളെയുണരേണ്ട
 ഓര്‍മ്മകള്‍ മാത്രം..

നഷ്ടസ്വപ്നത്തിന്‍
കാര്‍മുകില്‍ പടര്‍ന്നപ്പോള്‍
കണ്ണീര്‍മഴ മന്ത്രിച്ചു 
വെയിലത്തെത്തും
വെറും ചാറ്റല്‍മഴ മാത്രം..

ഇത്തിരി വെട്ടവുമായി
മിന്നാമിനുങ്ങു ചൊല്ലി
സ്വപ്നം വിറ്റു വെറുതെ ചിരിക്കും
നീയും എന്നെപ്പോലൊരു
മിന്നാമിന്നി മാത്രം....


ഇത്തിരി വെളിച്ചം തേടി
 പറന്നുയരും ചിറകടിക്കും
കൌതുകമുണര്‍ത്തി
ജീവിതം
കരിഞ്ഞു വീഴ്ത്തും
ഈയാംപാറ്റകള്‍ മന്ത്രിച്ചു
ഇത്തിരിയുള്ളോരീ ജീവിതം
നറു വെളിച്ചം
മോഹിക്കാന്‍ മാത്രം..

  മറ്റുള്ളവര്‍ക്കായ്
സ്വയം ഉരുകിതീരുമൊരു
മെഴുകുതിരി മന്ത്രിച്ചു


പ്രവാസി നീയും എന്നെ പോല്‍
മറ്റുള്ളവര്‍ക്കായ് പ്രകാശിച്ചു
എരിഞ്ഞടങ്ങും വെറുമൊരു
മെഴുകുതിരി മാത്രം..


Thursday, October 28, 2010

നീയും........
തനിയെ ഇരുന്നു വെറുതെ
ഓര്‍മ്മകള്‍ക്ക് വാക്കുകള്‍
പരതുമ്പോള്‍
അക്ഷരം മന്ത്രിച്ചു
നീ വിഢ്ഢി ....

ഇത്തിരി സ്നേഹത്തിന്‍
തണലില്‍ നിന്‍
വാക്കിന്‍ നോവിന്‍
നിഴല്‍  പടര്‍ന്നപ്പോള്‍
മനസ്സു മന്ത്രിച്ചു
നീ വിഢ്ഢി...

മനസ്സില്‍ വെറുതെയീ
സ്മൃതി പടര്‍ന്നപ്പോള്‍
കണ്ണീര്‍മഴ ചൊല്ലി
നീ വിഢ്ഢി...

എവിടെയുമെന്നും
പരാജിതയായപ്പോള്‍
മനസ്സു മന്ത്രിച്ചു മെല്ലെ
നീ വിഢ്ഢി...

ഇത്തിരി വെട്ടവുമായി
മിന്നും മിന്നാമിനുങ്ങു ചൊല്ലി
നിരാശ ഏറ്റുവാങ്ങിയെന്നാലും
വെറുതെ മിന്നി ചിരിക്കാത്ത
നീ വിഢ്ഢി ...

ഒന്നിനു പിറകെ മറ്റൊന്നായി
പറന്നുയരും ഈയാമ്പാറ്റകള്‍
എന്നോടു മന്ത്രിച്ചു....

ഇത്തിരി വെട്ടം
കണ്ടു മോഹിക്കും
പറന്നുയരും കരിഞ്ഞു വീഴും
ഞങ്ങളെ പോല്‍
നീയും വിഢ്ഢി...


Tuesday, September 21, 2010

ജീവിതചിത്രം...


  തന്‍ വരവിനു സ്വാഗതമോതുവാന്‍
മഞ്ഞിന്‍ മുത്തുമായി നിന്ന
പുല്‍ക്കൊടിയോട് സൂര്യന്‍
മൃദുവായി മന്ത്രിച്ചു...
എനിക്ക് പിറകെ വരുവത്
ഇരുട്ടാണെന്ന്.

തന്‍ വരവില്‍ ഗര്‍വ്വോടെ
വിലസിയ ആമ്പലിനോട്
നിലാവ് മന്ത്രിച്ചു...
എനിക്ക് പിറകെ വരുന്നത്
പകലാണെന്ന്.


വെളിച്ചത്തിനും ഇരുട്ടിനും മദ്ധ്യേ
ആകാശ സീമകള്‍ തുടുത്തപ്പോള്‍
ചക്രവാളം മന്ത്രിച്ചു ഇത്
തൃസന്ധ്യതന്‍ നിര്‍വൃതിയെന്ന്..


ചുണ്ടുകളില്‍ പുഞ്ചിരി പൊഴിയവേ
മനസ്സു മന്ത്രിച്ചു ഇനി വരുവത്
വിടപറയലിന്‍ വേദനയെന്ന്...


കണ്‍കളില്‍ അരുണാഭപടര്‍ന്നപ്പോള്‍
പ്രണയം മന്ത്രിച്ചു പിറകെ വരുന്നത്
കണ്ണീര്‍മഴ തന്‍ മുകിലാണെന്ന്...


ഇതാ..
നിനവിന്‍ പടിയിലൂടെത്തി
നീയും ജീവിതത്തെയറിയുക..


സ്വന്തമാകും വരെയുള്ള
നിന്നിലെ മധുരനൊമ്പരം
മാത്രമാണീ പ്രണയം ..


എത്ര മോഹവര്‍ണ്ണങ്ങള്‍ ചാര്‍ത്തിയാലും,
എത്ര സുസ്മേരത്തിന്‍ പട്ടുടുപ്പിച്ചാലും,
എത്ര വര്‍ണ്ണ കനവിന്‍ ഗോവണിയേറിയാലും,


ഇല്ലില്ല..നിനക്ക് വരയ്ക്കാനാവില്ല..
പൂര്‍ണ്ണമാവില്ല നിന്‍
“ജീവിത ചിത്രംFriday, September 10, 2010

പുഴയും ഞാനും.....
വെറുതെ ചിരിച്ചും 
പാടിയും നിലവിളിച്ചും
കാലത്തിന്‍ കൈവഴികളില്‍
ഏതോ തേടി തേടാതെയും 
എന്തോ നേടി നേടാതെയും
ഒഴുകുമീ പുഴയും ഞാനും
ഒരുപോലെ..

 തലോടി പായുമീ സൌഹൃദ 
കാറ്റില്‍  മന്ദഹാസത്തില്‍
കുഞ്ഞോളങ്ങള്‍ തീര്‍ത്തും
  തീരത്തു ചരിത്രം കോറിയിട്ടും

വിധി തന്‍ പാറക്കെട്ടില്‍ തട്ടി
തടഞ്ഞാലുമതുമൊരു ജയത്തിന്‍
ചവിട്ടു പടിയായ് കണ്ടും

 കൂര്‍ത്ത പരുക്കന്‍ വാക്കാല്‍
ദുഃഖ പെരുമഴ തന്‍ 
കുത്തൊഴുക്കിലകപ്പെട്ടാലും

മന്ദഹാസം പൊഴിച്ചും
സ്നേഹമര്‍മ്മരം ചൊരിഞ്ഞും
കളകളം പാടിയും...

ഒരു കുളിരായ് പിടച്ചിലായ്
ഒഴുകിയൊഴുകിയെന്നാലും
ഞാനുമീ  പുഴ പോല്‍
ഒടുവില്‍
ചെന്നെത്തുന്നതോ
സങ്കടപ്പെരുംകടലില്‍....Tuesday, September 7, 2010

ധന്യമീ യാത്ര.....


  
മരണത്തെ നേരിണ്ടേടത്
ഒരുങ്ങി ഉണര്‍ന്ന 
മനസ്സോടെയാണ്....

ചോദ്യശരങ്ങള്‍ക്ക് മുന്നില്‍
ഒരു നനുത്ത പുഞ്ചിരി മാത്രം
ഒരുക്കി വയ്ക്കണം....

പിന്നെ,

പെയ്തു തോര്‍ന്ന പേമാരിയ്ക്കു ശേഷം
പുലര്‍ന്ന പകല്‍ വെളിച്ചം പോലെ 
തരളമായി അനുഭവപ്പെടുന്ന
നിശ്ശബ്ദതയിലേക്ക്.....

തന്നെയും തന്റേടത്തെയും വെളിവാക്കി
ശാന്തമായ് കൃതാര്‍ത്ഥമായ് കണ്‍ ചിമ്മി
നോവ് ഒരു കവിളിറക്കി.....

ഒച്ചയുണ്ടാകാതെ മെല്ലെ മെല്ലെ
നടന്നു പോകണം....
**********Saturday, September 4, 2010

ഇത്തിരിയിത്തിരി....ഇത്തിരി വെട്ടത്തിനാല്‍
ജന്മം പൂണ്ടതാണീ
നിഴല്‍...

ഇത്തിരി സ്നേഹത്താല്‍
ഉയിര്‍ കൊണ്ടതാണീ
സൌഹൃദം...

ഇത്തിരി വാക്കിനാല്‍
ചവര്‍ക്കുന്നതാണീ
പരിഭവം...

ഇത്തിരി നോവിനാല്‍
പൊള്ളുന്നതാണീ
നെഞ്ചകം...

 ഇത്തിരി മൌനത്താല്‍
വിങ്ങുന്നതാണീ
ചിന്തകള്‍...

ഇത്തിരി നിനവിനാല്‍
പെയ്യുന്നതാണീ
മിഴിനീര്‍...
Monday, August 23, 2010

ഓർമ്മയിലെ ഓണനാളുകൾ.....
പണ്ട് ,അത്തം നാള്‍ മുതല്‍ എന്നും മുറ്റത്ത് പൂവിടീല്‍ പതിവായിരുന്നു...
അതിരാവിലെ എഴുന്നേറ്റ് തൊടിയിലും പാതയോരത്തുമായി നില്‍ക്കുന്ന തുമ്പയും തെറ്റിയും മറ്റു പൂക്കളും ശേഖരിച്ച് ഒരു പൂവിടീല്‍...
നല്ല
രസമായിരുന്നു ആ നാളുകള്‍...പൂവേ പൊലി...എന്ന് പാടി കൊണ്ടായിരുന്നു അന്ന് പൂ പറിച്ചിരുന്നത്..പൂപൊലി പാടിയില്ലെങ്കില്‍ പുക്കളെല്ലാം വാടി പോകുമെന്നാ മുത്തശ്ശി പറഞ്ഞിരുന്നത്..പൂവിടീല്‍ മാത്രമല്ല, പത്തുനാളും ഉണ്ടാകും നല്ല സദ്യയും...

അത്തം പിറന്നാല്‍ പിന്നെ അടുക്കളയില്‍ അമ്മിണീയമ്മയും മുത്തശ്ശിയും കൂടി ആകെ ബഹളം തന്നെയാവും..പാടത്തെ പണിക്കാരും പറമ്പിലെ പണിക്കാരും എല്ലാരുമെത്തും സദ്യയുണ്ണാന്‍....

ജോലിക്കാര്‍ ഉണ്ടായിരുന്നെങ്കിലും സദ്യവട്ടത്തിനു വേണ്ട മത്തനും പച്ചക്കായും മുരിങ്ങയും വെണ്ടയും വെള്ളരിയും പാവലും പയറും ഒക്കെ പറമ്പില്‍ നിന്നു കൊണ്ടു വരിക എന്റെയും മുത്തച്ഛന്റെയും ജോലി തന്നെയായിരുന്നു...
അന്നൊക്കെ സ്കൂളില്‍ നിന്നും കൂട്ടുകാരുമായിട്ടായിരുന്നു ഓടിയെത്തുക മുത്തശ്ശി തയ്യാറാക്കുന്ന സദ്യയുണ്ണാന്‍..
വടക്കേലെ ഗോപലന്‍ നായരെ കൊണ്ട് മൂവാണ്ടന്‍ മാവിന്റെ ചില്ലയില്‍ ഒരു ഊഞ്ഞാല്‍ ഇടീയ്ക്കുക മുത്തച്ഛന്റെ പതിവായിരുന്നു...ചിങ്ങം പുലര്‍ന്നാല്‍ പിന്നെ ഊഞ്ഞാല്‍ റെഡിയായിയിരുന്നു...സ്കൂള്‍ വിടാന്‍ നോക്കിയിരിക്കും ഊഞ്ഞാലാട്ടത്തിനു ...ദേവുവും രാധയും മാലുവും രഘുവും രാജുവും എല്ലാവരും ഒത്തു കൂടുമായിരുന്നു ..ഊഞ്ഞാലിന്‍ ആയത്തില്‍ ചെന്ന് മൂവാണ്ടാന്‍ മാവിന്റെ ചാഞ്ഞചില്ലയിലെ മാവില പിച്ചുക അതായിരുന്നു കൂട്ടുകാരുമായി ചേര്‍ന്നുള്ള ഊഞ്ഞാലാട്ടത്തിലെ മത്സരം...

രാത്രിയില്‍ വീണ്ടും തുമ്പി തുള്ളലിനായി എല്ലാവരും ഒന്നിച്ചു കൂടും..അപ്പോള്‍ തുള്ളാനായി എപ്പോഴും ഇരിക്കുക അമ്മിണിയമ്മയായിരുന്നു...തുമ്പിപ്പാട്ടിന്റെ ആരവത്തില്‍ തുള്ളിയുറയുന്ന അമ്മിണിയമ്മ അവസാനം ബോധരഹിതയാകുമ്പോള്‍ പലപ്പോഴും പേടിയും തോന്നിയിരുന്നു...എന്തു രസമായിരുന്നു ആ ദിനങ്ങള്‍..
അന്നൊക്കെ ഒരോ ഓണവും വന്നെത്താന്‍ ദിനങ്ങള്‍ എണ്ണിയെണ്ണി ഒരുപാട് കാത്തിരിക്കുമായിരുന്നു...

ഉത്രാട നാളിലും തിരുവോണ നാളിലും പുതിയ പട്ടു പാവാടയും ബ്ലൌസ്സും തന്നെ ഞാന്‍
അണിയണം എന്നത് മുത്തശ്ശിയ്ക്ക് നിര്‍ബന്ധം ആയിരുന്നു.അതിനായി നേരത്തെ
തന്നെ മുത്തശ്ശി എനിയ്ക്കുള്ള ഓണക്കോടി തുന്നിച്ചു വയ്ക്കുമായിരുന്നു.തിരുവോണ നാളില്‍ മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പമിരുന്നായിരുന്നു ഓണ സദ്യയുണ്ടിരുന്നത്..


ഒരിക്കല്‍ കിണറ്റിനരികത്തു തലചുറ്റി വീണ മുത്തശ്ശിയുടെ മിഴികള്‍ എന്നന്നേയ്ക്കുമായി അടഞ്ഞപ്പോള്‍..ആള്‍ക്കൂട്ടത്തില്‍ ഞാന്‍ തനിച്ചായ പോലെ...തറവാട്ടിലേക്ക് വിതുമ്പുന്ന ഏകാന്തത കടന്നു വന്നപോലെ.. മുത്തശ്ശി പോയതില്‍ പിന്നെ എപ്പൊഴും സങ്കടം തന്നെയായിരുന്നു..അപ്പൊഴാണ് സ്കൂള്‍ ഹോസ്റ്റലിലേക്ക് എന്നെ പറിച്ചു നട്ടത്....

പിന്നീടു കടന്നു വന്നിട്ടുള്ള ഒരു ഓണത്തിനോടും ഒരിക്കലും ഒരു ഇഷ്ടം മനസ്സില്‍ തോന്നിയിട്ടില്ല.....കാരണം, മുത്തശ്ശിയില്ലാത്ത ഓണം...മാത്രമല്ല, അത്രനാളും കൂടെയിരുന്ന് പഠിച്ചും ചിരിച്ചും തമാശകള്‍ പങ്കു വച്ചും കഴിയുന്ന കൂട്ടുകാര്‍ ഓണാഘോഷ തിമര്‍പ്പില്‍ പിരിഞ്ഞ് പോയി ഓണക്കോടികളുമായി വീണ്ടും വന്നെത്തുമ്പോള്‍...എന്നും മനസ്സില്‍ ഓണത്തിനോട് ദേഷ്യം തന്നെയായിരുന്നു...
എല്ലാ കുട്ടികളും പോയി കഴിഞ്ഞാലും തന്നെ കൂട്ടി കൊണ്ട് പോകാന്‍ മുത്തച്ഛന്‍ വരിക ഏറെ വൈകിയായിരുന്നു..ഒറ്റയ്ക്ക് ചെല്ലാമെന്നു പറഞ്ഞാലും മുത്തച്ഛന്‍ കേള്‍ക്കില്ല.
“വരാന്‍ ഇത്തിരി വൈകിയാലും മുത്തച്ഛന്‍ വന്നിട്ട് നീ വീട്ടില്‍ പോയാല്‍ മതി
എന്നായിരുന്നു” അച്ഛന്റെയും നിര്‍ദ്ദേശം..മുത്തച്ഛനെയും കാത്ത് ഹോസ്റ്റല്‍ റൂമിന്റെ ജനലഴികളിലൂടെ മിഴികള്‍ പായിച്ച് നില്‍ക്കുന്നതു കാണുമ്പോള്‍ എന്നും ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നത് സൂസി സിസ്റ്റര്‍ ആയിരുന്നു..
“ഒരിക്കലും നമ്മുടെ വിഷമങ്ങളെ കുറിച്ച് മാത്രം ഓര്‍ക്കരുത്. നമ്മെക്കാള്‍ പലതരത്തില്‍ വിഷമങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ നമ്മുടെ ചുറ്റും ഉണ്ട്.   നമ്മുടെയീ വിദ്യാലയത്തിലുണ്ട്.അവരെ കുറിച്ച് ഓര്‍ക്കണം..അപ്പോഴീ വിഷമങ്ങളും ഒറ്റപ്പെടലും ഒന്നുമല്ലാതായി തീരും” എന്നൊക്കെ പറഞ്ഞായിരുന്നു സൂസി സിസ്റ്റര്‍ ആശ്വസിപ്പിച്ചിരുന്നത്...
സിസ്റ്ററുടെ വാക്കുകള്‍ ശരിയാണെന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട്...

തറവാട്ടില്‍ ചെന്നാലും ഇപ്പോള്‍ ആരോടാ മനസ്സു തുറന്നൊന്നു സംസാരിക്കുക..
അവധി പെട്ടെന്നു തീരണേ എന്ന പ്രാര്‍ത്ഥനയായിരിക്കും മനസ്സില്‍... മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍ .. തന്റെ കഥകള്‍ കേള്‍ക്കാന്‍ എന്തു ഉത്സാഹമായിരുന്നു മുത്തശ്ശിക്ക്...
തന്നെ തനിച്ചാക്കി വിദേശത്തു പോയി നില്‍ക്കുന്ന അച്ഛനെയും അമ്മയെയും മുത്തശ്ശി മാത്രമേ കുറ്റപ്പെടുത്താറുണ്ടായിരുന്നുള്ളൂ...ഏട്ടനുമായി അവര്‍ വിദേശത്തേക്ക് പോയപ്പോള്‍ ഒരുപാടു സങ്കടം തോന്നിയിരുന്നു...അന്നൊക്കെ മുത്തശ്ശിയുടെ മടിയില്‍ തല ചായ്ച്ച് ഒരുപാടു കരഞ്ഞിരുന്നു..എന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ച് “മോള്‍ക്ക് മുത്തശ്ശിയില്ലേടാ....എന്തിനാ അവരൊക്കെ..ഈ മുത്തശ്ശിയുടെ പൊന്നൂ മീനാക്ഷിക്കുട്ടി അല്ലേ നീയ്” എന്നു പറഞ്ഞ് എന്റെ നെറുകെയില്‍ മുത്തശ്ശി തലോടി ആശ്വസിപ്പിക്കുമായിരുന്നു...
 
“ആ കുട്ടിയോടൊപ്പം ഒരു ഓണം കൂടാനെങ്കിലും മാധവനും രമയും വന്നെങ്കില്‍...നമ്മളും ഇനി എത്രകാലമാ ജീവിക്കണത്...തറവാട്ടില്‍ വരണമെന്ന ഒരു മോഹവും അവര്‍ക്കില്ലാണ്ടായല്ലോ എന്റീശ്വരന്മാരെ ”എന്ന് പലപ്പോഴും മുത്തച്ഛനോട് മുത്തശ്ശി പരിഭവം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്...
പണ്ട് തറവാട്ടിന്റെ കോലായ്മേല്‍ ഇരുന്നാല്‍ അതു വഴി കടന്നു പോകുന്നവരെ കാണാം.. കോലായയുടെ ഒരു വശത്തായിരുന്നു മുത്തച്ഛന്റെ ചാരു കസേര കിടന്നിരുന്നത്...അവിടിരുന്നാല്‍ മതിയായിരുന്നു നല്ല തണുത്ത കാറ്റേല്‍ക്കാന്‍...
 ഇന്ന്, തറവാട് ഇടിച്ച് നിരത്തി അച്ഛന്‍ പണി കഴിപ്പിച്ച ഇരുനില മാളികയാണിവിടെ...തൊടിയില്‍ പാവലും അച്ചിങ്ങയും മത്തനും ഒന്നും കാണാനില്ല...മുറ്റത്തെ തുളസി തറയ്ക്ക് മുന്‍പിലായിരുന്നു പണ്ട് പൂക്കളം ഒരുക്കിരുന്നത്...അവിടിപ്പോള്‍തുളസിത്തറയില്ല..മുറ്റം നിറയെ സിമന്റിട്ടിരിക്കയാണ്...അതിര്‍ത്തി തിരിച്ചിരുന്ന കയ്യാലയ്കിരുവശവും അന്ന് തുമ്പയും തൊട്ടാവാടിയും ഉണ്ടായിരുന്നു...ആ സ്ഥാനത്ത് ഇന്ന് വന്‍ മതിലാണ്..

ഈ മാളികയുടെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് ...
വിലക്കയറ്റത്തിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്ന പച്ചക്കറികള്‍ വാങ്ങി ഗ്യാസ് അടുപ്പില്‍ വേവിച്ച് സദ്യയൊരുക്കി പേപ്പര്‍ വാഴയിലയില്‍ വിളമ്പുമ്പോള്‍ ഓര്‍ത്തു പോകയാണ് ഞാന്‍...... എനിക്കു നഷ്ടമായ എന്റെ ഓര്‍മ്മയിലെ ആ നല്ല ഓണ നാളുകള്‍......

Monday, August 16, 2010

പ്രിയ സ്വപ്നമേ.....(കവിത)


കണ്ണീര്‍ മുത്തിന്‍ തിളക്കം 
എനിക്കെന്റെ കണ്‍കളിലുണ്ട്

വെയിലത്തെത്തും മഴചാറ്റല്‍ പോല്‍
എന്റെ അധരങ്ങളില്‍ ചിരിയുണ്ട്

വേടന്റെ പിടിയിലമര്‍ന്ന മാന്‍പേട പോല്‍
എന്റെ സ്വരത്തില്‍ ഇടര്‍ച്ചയുണ്ട്

അലകളുയരുന്ന സാഗരം പോലെ
എന്റെ മനസ്സില്‍ നഷ്ടസ്വപ്നങ്ങളുണ്ട്

നീ വരിക..എന്റെ സ്വപ്നമേ..

ഇനിയുമെന്നെയുറങ്ങാന്‍
അനുവദിക്കുക..

ഞാന്‍ അറിയാതിരുന്ന
എന്നെ അറിയാതിരുന്ന
ഞാന്‍ കാണാതിരുന്ന
 എന്നെ കാണാതിരുന്ന

എന്റെ പ്രിയ സ്വപ്നമേ!!
നീ നിശ്ശബ്ദമായി നീ വരിക.

ഒരു മരണ ദൂതനായ് വന്ന്
എന്നെ പുണരുക..


Thursday, August 12, 2010

ഒരു മാത്രയൊരുമാത്ര....(കവിത)
നിദ്ര കൈവിട്ട ഒരു രാവു കൂടി,
ഇതാ ആഗതമായിരിക്കുന്നു...

വിരസമായ പകലില്‍....
ഇടറാത്ത  മനസ്സും
തളരാത്ത ചിന്തയും പാദവും ഊന്നി 
ഞാന്‍ നടന്നു കയറി...

എന്നത്തേയും പോലെയിന്നും..
ഏകയായിരുന്നു ഞാന്‍...

ഇഷ്ടികയാല്‍ മനോഹരമായ മാളിക പണിയും പോലെ
എന്റെ മനസ്സില്‍ ഓര്‍മ്മകള്‍ അടുക്കിയടുക്കി
ഞാനൊരു   സ്വപ്നകൊട്ടാരം തീര്‍ത്തു...
 
കാറ്റത്തു കൊഴിഞ്ഞ വീണ കരിയില പോലെ,
വെളിച്ചം തേടി ചെന്ന ഈയാം പാറ്റപോലെ,
ഇത്തിരി വെട്ടം നല്‍കുന്ന മെഴുകുതിരി പോലെ,
സുഗന്ധം പരത്തി കൊഴിയുന്ന പൂവ് പോലെ,

എനിക്കു മേല്‍...
സ്വപ്നങ്ങള്‍ വര്‍ഷിക്കാന്‍ മഴമേഘങ്ങള്‍ കാത്തു നിന്നു...

ഇനി,
എന്റെ ചിന്തകളില്‍ മാറാല പട്ടു പുതയ്ക്കും മുമ്പ്,
എന്റെ കണ്ണുകളില്‍ അന്ധത മൂടും മുമ്പ്,
എന്റെ പാദങ്ങളില്‍  വിഷം തീണ്ടും മുമ്പ്,
എന്റെ കൈകള്‍ തളരും മുമ്പ്,

ഒരു മാത്രയൊരുമാത്ര മുമ്പ്
ഞാന്‍ അവസാനിച്ചിരുന്നെങ്കില്‍....

Tuesday, August 10, 2010

മിഴിയാർദ്രമായീ.....(കവിത)


മനസ്സാം നെരിപ്പോടില്‍ 
നീറിപുകയുമൊരു അഴല്‍
കെടുത്തുവതിനായി
നീ തരിക
കൈക്കുമ്പിള്‍ നിറയെ
കനിവും സ്നേഹവും....

നെറ്റിമേല്‍ സ്വേദബിന്ദു
പോല്‍ തളിര്‍ക്കുമൊരു
വ്യാകുലതകളെയാകവെ
നിന്‍ അധരങ്ങളാല്‍ 
ഒപ്പിയെടുക്കുക....

കണ്ണീര്‍ പൊഴിക്കുമെന്‍
മിഴികളിലാര്‍ദ്രമായി
നിന്‍ സ്നേഹത്തിന്‍
ജ്വാല പടര്‍ത്തുക.....

Monday, July 26, 2010

മറുവാക്ക്.........(കവിത)


നിന്റെ ഓര്‍മ്മകള്‍ക്ക് ഒരു
മറുവാക്ക് ഇനി ഞാന്‍
കണ്ടെത്തുവതെങ്ങെനെ.....?

എന്റെ പ്രാണവായുവിലെന്നും
പിണക്കം കൊണ്ടിരിക്കുന്ന
ബോധമെന്നോ.....?

എതിര്‍ പാട്ട് കാതോര്‍ത്ത്
കാണാമറയത്തിരിക്കുന്ന
പൂങ്കുയിലെന്നോ....?

പയ്യെ പതുങ്ങി വന്നെന്നെ
തൊട്ടു തലോടി പോകുന്ന
മന്ദാനിലനെന്നോ....?

വെയിലത്തൊരു മഴചാറ്റല്‍
പോല്‍ വന്നെത്തിടുന്ന
നിനവുകളെന്നോ...?

ഒരു വിളിപ്പാടകലയെന്നോ..
ഒരു വിരല്‍ത്തുമ്പിനരികിലെന്നോ..
ഒരു മൌനത്തിന്‍ വിങ്ങലെന്നോ
ഒരു ഹൃത്തിന്‍ നൊമ്പരമെന്നോ.....
ഒരു കണ്ണീരിന്‍ ഈറനെന്നോ...
ഒരു ഓര്‍മ്മ തന്‍ നീറ്റലെന്നോ..

നിന്റെ ഓര്‍മ്മകള്‍ക്കൊരു
മറുവാക്ക് ഇനി ഞാന്‍
കണ്ടെത്തുവതെങ്ങെനെ.....?Friday, July 23, 2010

ഒരു പിടി ചാരം മാത്രം.......(കവിത)

ഒരു ദിവാസ്വപ്നത്തിലേറി
നിന്‍ പടി വാതിക്കലണയവേ
അറിഞ്ഞില്ല വെറുപ്പിന്‍ വിഷ
വിത്തു നീ മനസ്സില്‍ സൂക്ഷിപ്പത്.


ശകാര കൂരമ്പുകളാലെ നീയെന്‍
മാനസത്തില്‍ അഗ്നി പടര്‍ത്തവേ
ആ‍ ജ്വാലയില്‍ വീണു പിടയുമെന്‍
മിഴികളോ ചുവന്നു തുടുക്കുന്നു....


കൂട്ടരൊടൊത്തു ഞാന്‍ കൂടവേ
ആരായുന്നവര്‍ എങ്ങു നീന്നു
ലഭിച്ചതാണീ മിഴികളില്‍
അരുണാഭ വര്‍ണ്ണം....?


കത്തി പുകയുമെന്‍  മനസ്സിന്‍ 
നൊമ്പരം കണ്ടറിഞ്ഞില്ലാരും
ചെറുപുഞ്ചിരി വൃഥാ വിടര്‍ത്തിയ-
ന്നവരോടു യാത്രമൊഴി ചൊല്‍കെ


വെറുതെ നിനച്ചു പോയി  ഞാന്‍
ഒരു സാന്ത്വനമായി നീയെന്‍
ചാരത്തണഞ്ഞെങ്കില്‍.......


അറിയുന്നു ഞാന്‍...
ഇല്ല നിനക്കാവില്ല വേദന
നിത്യവും കാര്‍ന്നു തളരുമീ മന-
മിതില്‍ കാരുണ്യ ലേപം പുരട്ടുവാന്‍
ഇന്നെന്‍ മനസ്സിന്‍ -
കനവുകളോ കെട്ടു പോയ്‌,
ഓര്‍മ്മകള്‍ തന്‍ ബാക്കി പത്രം പോല്‍
ഇനിയൊരു പിടി ചാരം മാത്രം ഞാന്‍....

ഇനിയെത്ര കാതം.......(കവിത)

വിങ്ങുമെന്‍ നൊമ്പരങ്ങളെ
വിസ്മൃതിയിലാഴ്ത്താന്‍ ശ്രമിക്കവെ
കൂര്‍ത്ത ദംഷ്ട്രകളുമാ‍യവ
ഒന്നൊന്നായെന്‍ നിനവിന്‍
പടിയിറങ്ങിയെത്തുന്നു...


ഭീകര സത്വമായ് അട്ടഹസിക്കുന്നവ
വേട്ടനായായ് പുനര്‍ജനിക്കുന്നവ
ക്ഷണത്തില്‍ മാര്‍ജ്ജാരനായ് തീര്‍-
ന്നെന്‍ ചിന്തകളെ നക്കി തുടയ്ക്കുന്നു.


പിന്നെയോ, മൂഷികനായവതരിച്ചെന്‍
പ്രണയമാം മാനസം ചുരണ്ടെടുക്കുന്നവ
ഏതോ നിഗൂഢതയിലോടിയൊളിക്കുന്നു
പിന്നിട്ട പന്ഥാവിനെ വെറും കനവായ്
തീര്‍ത്തീടാനിനിയെത്ര കാതം ഞാന്‍
സ്മൃതികള്‍ താണ്ടണം....


പതിയെ തഴുകുമാ മൃത്യുവിന്‍ പദ-
സ്വനം കാതോര്‍ത്തൊരെന്‍
മിഴികളോ കനക്കുന്നു.....സ്വന്തം.........(കവിത)

നിശതന്‍ ഇരുളിലേക്കിന്നെന്‍
മിഴികള്‍ പായവേ 
വെണ്‍മതി തന്‍ നറുവെട്ടം
കൂട്ടായ് വന്നെനിക്ക്......


അശ്രുവാലെന്‍ മിഴികള്‍
ഘനീഭവിക്കവേ കിനാവിന്‍
സ്മിതമെന്‍ അധരത്തില്‍
കൂട്ടായ് തീര്‍ന്നെനിക്ക്........


രൌദ്രവേഷങ്ങളെന്‍ ചുറ്റും
പേതുള്ളിയലറവേ 
മനമതിന്‍ തുടികൊട്ടും താളവും
നടനമായി തീര്‍ന്നെനിക്ക്.....


വണ്ടിക്കാള പോലെ ഞാനീ
നുകം പേറി തളരവേ ഒരു
വിളിപ്പാടകലെ ആറടിമണ്ണ്
സ്വന്തമായി
കൂട്ടായി തീര്‍ന്നെനിക്ക്.....


നിന്റെ ഒരു വാക്ക്...........(കവിത)

നിന്റെ,
ഒരു വാക്ക്
എന്നില്‍ വസന്തത്തിന്റെ
പൂക്കള്‍ കൊഴിച്ചു....


നിന്റെ ,
ഒരു നോക്ക്
എന്റെ പ്രണയത്തിന്റെ
കൂടു തകര്‍ത്തു.....


നിന്റെ ,
ഒരു യാത്ര
എന്നെ കണ്ണീരിലാഴ്ത്തി


പിന്നെ......


നിങ്ങളുടെ കൂട്ടായ ചര്‍ച്ച
എന്റെ ശ്വാസനാളത്തെ മുറുക്കി....


ആദ്യം പ്രണയം തന്നവന്‍
കണ്ണുകള്‍ മൂടിക്കെട്ടാന്‍
സാക്ഷി നിന്നു........


അനുഭവങ്ങളുടെ കോടതി
എന്നെ അലയാന്‍ വിധിച്ചു.


ദുഖഃത്തിന്റെ കല്ലറയില്‍ വീണു ഞാന്‍
സത്യത്തിന്റെ മുത്തു പരതുന്നു... 

സൌഹൃദം...........(കവിത)

തുറന്നിട്ട വാതായനങ്ങളിൽ
ഒരു തുടം സ്നേഹവുമായി
വന്നത് കണ്ട് ആദ്യം
അമ്പരക്കുന്നു......

പിന്നെയവ.....
സന്തോഷത്തിന്റെ
സാഫല്യത്തിന്റെ
സന്താപത്തിന്റെ
നാനാർഥങ്ങളായി
മാറുന്നു.....

അവിടെ കണ്ട
പുഞ്ചിരിയും........

സന്തോഷത്തിന്റെ
സാഫല്യത്തിന്റെ
സന്താപത്തിന്റെ
നാനാർഥങ്ങളായി
മാറുന്നു.....

എന്നാൽ.....
വാക്കുകളാവട്ടെ...
സ്വാംശീകരണത്തിന്റെ
പ്രത്യാശയുടെ ....
ദുഃഖത്തിന്റെ
കണ്ണുനീരിൽ
കുളിപ്പിക്കുന്നു..

കണ്ട് ....
നിൽക്കുന്നവരോ...
അടക്കം പറയുന്നു...
പരിഹസിക്കുന്നു

പിന്നെ...അവർ
വേദനയിൽ നീറും
മനസ്സിനെ
ഒരിക്കൽ കൂടി
മുക്കി താഴ്ത്തി
അട്ടഹസിക്കുന്നു

എനിക്ക് നക്ഷത്രമാകേണ്ട.....

എനിക്ക്,
നക്ഷത്രമായി മാറേണ്ട
ഭൂമിയെ പട്ടുപുതച്ചുറക്കുന്ന
  പുല്‍ക്കൊടി ആയാല്‍ മതി...

എനിക്ക്....
താഴ്വരയിലെ ശാന്തതയില്‍

 ഭൂമി തന്‍ തുടിപ്പിനു കാതോര്‍ക്കണം.

മലകളില്‍ നിന്നൊഴുകുന്ന
ചന്ദനക്കാറ്റിനെ ചുംബിക്കണം

വല്ലപ്പൊഴുമെത്തുന്ന
ഇടയന്റെ ഗാനം കേള്‍ക്കണം

നടക്കാന്‍ തുടങ്ങുന്ന
കുട്ടിയുടെ പാദതാഡനമേല്‍ക്കണം
അവന്....
മുള്ളു കൊണ്ട നീറ്റലിനു മരുന്നാകണം

ചക്രവാളം നെയ്യുന്ന
ചുവന്ന തൂവാലയില്‍ ചിത്രമാകണം

നിലാവിന്റെ നീലക്കണ്ണുകളില്‍
ആര്‍ദ്രമായി മുത്തണം

വസന്തമെത്തുന്നത്
കിളികളിലൂടെ കേള്‍ക്കണം

എനിക്ക്...
അന്തമില്ലാത്ത നാളുകളിലെ
നക്ഷത്ര ജഡമാവണ്ട

ഒരു ദിവസത്തെ
പുല്‍ക്കൊടിയായാല്‍ മതി.....

Thursday, July 22, 2010

സാക്ഷി.....(കവിത)

 നിന്റെ
കണ്‍കോണിലുറഞ്ഞ
സഹതാപത്തിന്‍ വേലിയേറ്റം
ഞാന്‍ കണ്ടിരുന്നു....

നിന്റെ 

വാചലതയില്‍ ചിതറിയ
 സ്നേഹാക്ഷരങ്ങള്‍
 ഞാന്‍ കേട്ടിരുന്നു...

നിന്റെ 

ഭാവത്തില്‍ ഈണമേകിയ
സൌഹൃദ ഇഴകള്‍
  ഞാന്‍ കണ്ടിരുന്നു.....

പിന്നെ, എന്നോ...

യാത്രമൊഴിയില്‍

 ഒറ്റപ്പെടുന്നവന്റെ വേദന
നിന്റെ കണ്‍കളില്‍
ഞാന്‍ കണ്ടിരുന്നു...


വിധിയുടെ

മണല്‍ക്കാറ്റില്‍
സ്വപ്നങ്ങള്‍ തകര്‍ന്നപ്പോള്‍
മൊഴികളില്‍ വിങ്ങലും,

 ഭാവങ്ങളില്‍ നിരാശയും,
പാദങ്ങളില്‍ ഇടര്‍ച്ചയും,

 ഞാന്‍ അറിഞ്ഞിരുന്നു

പക്ഷേ ഇന്ന്,

നിന്റെ കണ്‍കളില്‍

തിളങ്ങുന്നത് 
അഹന്തയുടെ മുത്തുകളാണ്!

 നിന്റെ മൊഴികള്‍
ചിതറുന്നത് 
സമ്പത്തിന്റെ കൂരമ്പാണ്!

 സൌഹൃദത്തില്‍
ഇഴ നെയ്യുന്നത്
ഗര്‍വ്വിന്റെ നൂലാണ്!

 ഇതിനു ഞാനാവട്ടെ,
വെറും സാക്ഷി!!!


 ഇങ്ങനെയിങ്ങനെ ..

സ്നേഹമഴ ചൊരിഞ്ഞ
പ്രിയ സൌഹൃദമേ

നിന്നെ
ഞാനിന്ന് തിരിച്ചറിയുന്നു!!!

Sunday, July 18, 2010

കടൽക്കരയിൽ...............(കവിത)
കടല്‍ത്തീരത്തെത്തിയ നേരം
കാഴ്ചകള്‍ നിരവധി കണ്ടൂ ഞാന്‍


നര്‍മ്മഭാഷണത്തിലോ ചിലര്‍
തമ്മില്‍ ചിരിച്ചു തിമിര്‍ക്കുന്നു
നുരയിടും ജന്മവ്യഥകളില്‍ ലയിച്ചു
മ്ലാനനേത്രവുമായീ ചിലരും..


അലഞൊറിയും പ്രണയക്കടലില്‍
മുങ്ങി തൊട്ടുരുമ്മിയിരുന്നു ചിലര്‍
വിരലുകള്‍ കോര്‍ത്തു  മിഴികളുടക്കി 
 നവലോകം തീര്‍ക്കുന്നു......


അമ്മായി,നാത്തൂന്‍ പോര്‍ക്കഥയോ
ചിലര്‍ മെല്ലെ പതിതന്‍ കാതിലോതുന്നു
കടക്കെണി തന്‍ വ്യഥയോതി ചിലര്‍
ജീവിത കണക്കുകള്‍ നിരത്തുന്നു...


തരുണികളോ, കുതിര്‍ന്ന മണ്ണില്‍
പേരുകളെഴുതി തിരയെ വരവേല്‍ക്കുന്നു
 വിരുതന്മാരോ ചുറ്റി നടന്നു
കളിയായ് വാക്കുകള്‍ ചൊല്ലുന്നു...


ജീവിതസായാഹ്ന പോരാട്ടമാടുന്നവര്‍
ഗതകാലസ്മൃതികള്‍ അയവിറക്കുന്നു
അവര്‍ തന്‍ കണ്‍കളില്‍ കണ്ണീരും 
ഇന്നലെകളില്‍ കൊഴിഞ്ഞു വീണ
സ്വപ്നവും വീര്യവുമുണരുന്നു ....


തിരയിലേറി തീരത്ത് വിരുന്നെത്തും 
ചില കരിഞണ്ടുകള്‍ക്കൊപ്പമോടും 
കരിമാടിക്കുട്ടന്മരോ കടലില്‍ ചാടി 
മറിയുന്നു വികൃതികള്‍ പലവിധം കാട്ടുന്നു.


ഈറന്‍ പൂഴിയില്‍ പടുത്തുയര്‍ത്തിയ
മാളിക കുഞ്ഞു മനസ്സുകള്‍ കണ്മുന്നിലതു
തകരുന്നതു കാണ്‍കെ ചിണുങ്ങുന്നു
നിരാശയില്‍ മുങ്ങി താഴുന്നു.കൂരയില്‍ പട്ടിണി നീറ്റുവത് ഓര്‍ത്തിട്ടോ
കളിവാക്ക് ചൊല്ലാനറിയാഞ്ഞോ
കളിയാടീടാന്‍ അറിയാഞ്ഞോ
  ചിലര്‍ കടല വിറ്റു നടക്കുന്നു.

മാനവര്‍ തന്‍ ചേഷ്ടകള്‍ കണ്ടിട്ടോ
ആഴി അലകളാല്‍ താളം പിടിക്കുന്നു
കടല്‍ക്കാകള്‍ നൃത്തം വയ്ക്കുന്നു.

സൂര്യ രഥമുരുണ്ടു പോകവേ
ഭൂമിപെണ്ണിന്‍ കണ്‍കള്‍ ചുവക്കുന്നു
കാഴ്ചകള്‍ കണ്ടു നടന്നു ഞാനും
തിരികെ യാത്ര ചൊല്ലുന്നു....

Saturday, July 17, 2010

മിഴികളിൽ......(കവിത)

നോക്കുവിൻ കൂട്ടരേ, നിങ്ങളെൻ മിഴികളിൽ
നനവാർന്നു തളരുമെൻ മിഴികളിൽ........

നിലാവിൽ ഈറനാകുമെൻ മിഴികളിൽ
സ്മൃതികളാൽ ജ്വലിക്കുമെൻ മിഴികളിൽ......

മൂകമായ് നിത്യം പിടയുമെൻ മിഴികളിൽ
ഓർമ്മകൾ ഇമവെട്ടുമെൻ മിഴികളിൽ......

കിനാക്കളൊഴിഞ്ഞൊരെൻ മിഴികളിൽ
ആർദ്രമായ് കേഴുമെൻ മിഴികളിൽ

ശാപവചസ്സേറ്റു വിങ്ങുമെൻ മിഴികളിൽ
കരുണ തേടിയുഴറുമെൻ മിഴികളിൽ...

ഇനിയെത്ര കാതമിനിയെത്ര കാതമെന്ന്
ശ്വാസനിശ്വാസം തേടുമെൻ മിഴികളിൽ

നോക്കുവിൻ കൂട്ടരേ, നിങ്ങളെൻ മിഴികളിൽ
നനവാർന്നു തളരുമീ മിഴികളിൽ........ .....

Saturday, July 10, 2010

മാപ്പ്.............

എൻ സ്വരത്തിൽ മാത്രമൊതുങ്ങും
കയർപ്പിൽ വേദനിച്ചുവോ നിൻ മനം
മാപ്പു തരിക വേഗം നിൻ ഓർമ്മകളാം
ചിമിഴു പാത്രങ്ങളിലോ നനവൂറുന്നു....

ഓർമ്മകൾ നിനക്കുമുണ്ടാവാം ..
വർണ്ണകനവു പകർന്നതല്ലേ എന്നും
വാക്കുകൾ കൂട്ടിയിണക്കി നീയെന്നും
സാന്ത്വനമായിയണഞ്ഞതല്ലേ...

കാണുന്നുവോ നീ , സ്നേഹവരൾ
ച്ചയിൽ ഇതൾ വാടി വീഴുമെൻ
സ്വപ്നമഞ്ചലിലേറി ഞാൻ തപ്ത
നിശ്വാസങ്ങൾ ഉതിർക്കവേ ..

ദുഃഖതാപത്താൽ കത്തിക്കാളും നിൻ
ഓർമ്മയാം കരിമുകിലിതാ പെയ്തിറങ്ങു
ന്നൊരു കണ്ണീർമഴയായി....

എരിഞ്ഞടങ്ങുമെൻ മോഹചിറകിൽ
സപ്തവർണ്ണം ചാലിക്കാനിനിയും നീ

അണഞ്ഞീടിൽ ഇല്ല
നിനക്കേകുവാനിനി

നനവൂറാത്ത കണ്ണുകളും..
കനമില്ലാത്ത മനവും..
ഇടറാത്ത പാദവും...
തളരാത്ത കൈകളും..

Wednesday, July 7, 2010

ശാന്തി തീരത്തിലേക്ക്...(കവിത)
ഈ കണ്ണീര്‍പ്പന്തലില്‍ എന്തേ വന്നു നീ
പാടിപ്പറന്നു വളര്‍ന്നൊരെന്‍ പൈങ്കിളീ
കൂടെയീ യാത്രതന്‍ അന്ത്യം വരെ നിന്‍

കൂട്ടിനു വന്നവരെങ്ങു പോയെന്‍ സഖി....

കൂടെ നടന്നു നിന്‍ മനമില്‍ വൃഥാ‌
കിനാക്കള്‍ വിതച്ചു രസിച്ചവരെങ്ങോ
കൂട്ടായിന്നു കാണേണ്ട വേളയിലേതോ
ഇരുള്‍ക്കാട്ടില്‍ ഉപേക്ഷിച്ചകന്നുവോ..

കാണുന്നു ഞാന്‍ നിന്‍ ആര്‍ദ്രമാം

മിഴികളിന്നാദ്യമായ് എന്നെ തേടുവതും
രാത്രി തന്‍ സങ്കല്പനങ്ങളില്‍ നീയെന്‍
കാലൊച്ചയ്ക്കായെന്നും കാതോര്‍പ്പതും..

നിത്യവും നിന്‍ നയനങ്ങളീറനാകവെ

വഹ്നി ജ്വാലയായ് ആഴി തന്‍
അലകളായ് മാടി വിളിച്ചതില്ലേ ഞാന്‍
എന്തേ നീയെന്‍ പദസ്വനം കേട്ടതില്ല.

നിനകേകാം ഞാന്‍ ശാന്തി ഇന്നെന്‍
വിരല്‍ത്തുമ്പിന്‍ നനുത്ത സ്പര്‍ശത്തിനാല്‍ യാത്രയാകാമിന്നു നമുക്കാ തീരം തേടി

നടകൊള്‍വൂ നീയെന്‍ ശാന്തതയിലലിയൂ..

വാനില്‍ നീങ്ങുമീ കാര്‍മുകില്‍ ശകലങ്ങള്‍
കണ്‍ചിമ്മി ആരവ തുടിതാളം തുടരവേ,
വരൂ സഖീ...യാത്രയാവാം നമുക്കിനി
മൃതിയാം ശാന്തി തീരത്തിലേക്ക്.......

Friday, July 2, 2010

നിന്റെ ഓർമ്മയ്ക്കായ്.....(കവിത)
സ്നേഹത്തിന്‍ ഹരിശ്രീ പഠിപ്പിച്ച നിന്റെ
ഓര്‍മ്മകള്‍ക്ക് നാദമേകാന്‍ 

നിന്റെ കണ്ണുകളുടെ അഗാധങ്ങളില്‍ നിന്നും
എനിയ്ക്കൊരു മണിമുത്തു തരിക.

എന്റെ മരവിച്ച മനസ്സിന്റെ ഉള്ളില്‍

 പുതു മഴയുടെ കുളിരുമായി ആഴ്ന്നിറങ്ങിയ 
നിന്റെ ഒര്‍മ്മകള്‍ക്ക് നിറം പകരാന്‍
എനിയ്കൊരു ഛായ കൂട്ടിന് നിറം തരിക.

എന്റെ കരിയുന്ന സ്വപ്നങ്ങള്‍ക്ക്

 പ്രത്യാശയുടെ നിറം പകര്‍ന്ന
നിന്റെ ഓര്‍മ്മകള്‍ക്ക് പൂമണം വീശുവാന്‍
  നിന്റെ മനസ്സിന്റെ മണിമുറ്റത്ത് 

എനിക്കൊരു പൂമരം തരിക.

ദുഃഖാര്‍ദ്രമാം എന്റെ നിദ്രയറ്റ രാവുകളിലേക്ക്
ദേശാടന പക്ഷിയെ പോലെ ചേക്കേറിയ
നിന്റെ ഒര്‍മ്മയ്ക്ക് ഞാനെന്റെ
മുറ്റത്തൊരു നിശാഗന്ധി നടുന്നു.

കാഞ്ഞിരം പോലെ കയ്പേറിയ 

എന്റെ ജീവിതത്തിലേക്ക്
മധുരം പകര്‍ന്നിട്ടു വേര്‍പ്പെട്ടുപോയ
നിന്റെ ഓര്‍മ്മകള്‍ക്കായി 

 ഞാനെന്റെ മുറ്റത്തൊരു മധുരനാരകം നടുന്നുTuesday, June 29, 2010

ഇനി ഞാന്‍ നടക്കട്ടെ....(കവിത)

ചുറ്റിലും....
മൌനം മണലായ് തിളയ്ക്കുന്നു.

കാനല്‍ ജലത്തിന്റെ വശ്യതയില്‍
ഗ്രീഷ്മ ചിത്തം പതയ്ക്കുന്നു...

കര്‍മ്മപാശങ്ങള്‍ കുരുക്കുന്ന
തൂവലില്‍ തണലറ്റ
കനല്‍ വീണ പാതയില്‍
എന്നില്‍ നിന്നെന്നിലേക്കെത്ര കാതം??


ഇനി നടക്കട്ടെ.....
അവസാന തിരിയും 

കരിന്തിരി കത്തുന്നു....

ഇരുള്‍ വിഴുങ്ങും മുമ്പ്

മറവിയിലൊതുങ്ങാം....

നിറം കെട്ട
ഉപചാര വാക്കുകളില്‍

ഉണ്മയെ അടക്കാം...

ഭൂതകാലത്തിന്റെ 

ഭൂമി ശാസ്ത്രങ്ങള്‍ നാം
നാളെ തിരുത്തിക്കുറിക്കാം......

അപ്പോഴും..

എനിക്കു എനിക്കുമിടയിലുള്ള
മൌനമെല്ലാം നിനക്കുള്ളതാണ്.....

Saturday, June 26, 2010

എനിക്ക് നഷ്ടപ്പെട്ടത്.......(കവിത)

എനിക്ക്,
നഷ്ടപ്പെട്ടത്..
ചങ്ങാതിയെ മാത്രമായിരുന്നില്ല
മാരിയായി എന്നിലേക്ക് പെയ്തിറങ്ങുന്ന
മൃദു മന്ത്രണം കൂടിയായിരുന്നു...

നഷ്ടപ്പെട്ടത്..
മനസ്സ് മാത്രമായിരുന്നില്ല
സ്വാന്തനം അലയായെത്തും
മഹാസാഗരം കൂടിയായിരുന്നു...

നഷ്ടപ്പെട്ടത്..
പുലരികൾ മാത്രമായിരുന്നില്ല`
മനസ്സിൽ ഉതിർന്ന വർണ -
പ്രതീക്ഷകൾ കൂടിയായിരുന്നു...

നഷ്ടപ്പെട്ടത്..
ഉദ്യാനം മാത്രമായിരുന്നില്ല
നറുമണം ചൊരിയും മോഹ
സൂനങ്ങള്‍ കൂടിയായിരുന്നു...

നഷ്ടപ്പെട്ടത്..
തെന്നൽ മാത്രമായിരുന്നില്ല
കുളിർമ്മയോലും സ്നേഹ-
സാന്ത്വനം കൂടിയായിരുന്നു...

നഷ്ടപ്പെട്ടത്..
പകലുകള്‍ മാത്രമായിരുന്നില്ല
ഉണർവ്വിൽ ഞാൻ കാണും
കിനാക്കൾ കൂടിയായിരുന്നു...

നഷ്ടപ്പെട്ടത്..
സന്ധ്യ മാത്രമായിരുന്നില്ല
നൊമ്പരത്താൽ വിങ്ങും
ചക്രവാളം കൂടിയായിരുന്നു...

നഷ്ടപ്പെട്ടത്..
രാത്രി മാത്രമായിരുന്നില്ല
താരം പോൽ മിന്നി തെളിയും
ഓർമ്മകൾ കൂടിയായിരുന്നു....

നഷ്ടപ്പെട്ടത്..
ദിനങ്ങൾ മാത്രമായിരുന്നില്ല
വാസരത്താൽ പൊലിയും എൻ
ജീവിതം കൂടിയായിരുന്നു......

Monday, June 14, 2010

എന്റെ ശാലുവിന്......(കവിത)

വെറുതേ സ്മരിക്കുന്നു ഞാൻ
സഖീ....നീ........
ഇന്നെൻ കിനാവിൽ വന്നെങ്കിൽ.
ആർദ്രമായി തൊട്ടു വിളിച്ചെങ്കിൽ
കാതിൽ പരിഭവം പൊഴിച്ചുവെങ്കിൽ

സൌഹൃദത്തിൻ ഈണം
നാം ദിനവും പകർന്നതല്ലേ.....

നിൻ മിഴിയിലൊളിയ്ക്കുമാ-
മൌനം ഞാൻ തേടിയിട്ടും
മറുമൊഴിയായൊരു സ്മിതം
നീ എൻ നേർക്കു നീട്ടിയിട്ടും

എന്തേ നിൻ നൊമ്പരത്തിന-
നർഥമീ ഞാൻ കണ്ടതില്ല..

നിദ്രതൻ കാലെച്ചയ്ക്കായ് ഞാൻ
കാതോർക്കും വേളയിൽ ...

കാതങ്ങൾക്കപ്പുറത്തു നിന്നും
ഒരു നേർത്ത സ്വരമായി നീ-
യെൻ ചാരെയണഞ്ഞിട്ടും

എന്തേ നിൻചിത്തത്തിൽ വി-
ങ്ങുമാ നൊമ്പരം സഖിയാം
എന്നോടു നീ ഓതിയില്ല......

എല്ലാം ഒടുക്കാൻ നീ നിനച്ച
നേരം...

ഒരു മാത്ര നീയെന്നെ .....
സ്മരിച്ചുവെങ്കിൽ....

നിൻ വിരൽത്തുമ്പെനിക്കായ്
ചലിച്ചുവെങ്കിൽ.....

ആരുമറിയാതെ പോയ്
മറഞ്ഞോ നീ .....
എന്നെയീ തപ്തനിശ്വാസത്തിൻ..
വഴിയിലോ വിട്ടെറിഞ്ഞു.........
.

അകാലത്തിൽ മരണം വരിച്ച എന്റെ പ്രിയ ചങ്ങാതി ശാലുവിന്റെ ഓർമ്മയ്ക്കായ്......

Saturday, May 29, 2010

നീ ആരാണ്....(കവിത)

നീ ആരാണ്...?
ഓര്‍ക്കാപ്പുറത്ത് എന്‍

നിനവില്‍ നീ തെളിയുന്നു....

എന്റെ,

കനവിന്‍ ഗോവണിയിലൂടെ
മനസ്സിന്‍ വാതില്‍പ്പഴുതിലൂടെ
ചുവടു പിഴയ്ക്കാതെ നീ
എന്നിലെത്തുന്നു.......

ഇന്ന്,

ദുഃഖസാഗരം അലതല്ലുന്ന

നിന്‍ കണ്‍കള്‍
എനിക്കു കാണാം....

വേദനതുടിക്കുന്ന നിന്‍

ചിരിയില്‍ നിന്നും 
നിശാപുഷ്പം വിരിയുന്നത്
എനിക്ക് കാണാം....

നിന്നെ ഞാന്‍ അറിയുന്നു......

പാത വക്കിലെ 

പകിട്ടണിയാത്ത
തുമ്പയായ്.....

കാറ്റില്‍ പാറി നടക്കും’
അപ്പൂപ്പന്‍ താടിയായ്...

കണ്ണന്‍ മറന്ന് പോയ
രാധയായ്.....

ഇടയന്‍ ഉപേക്ഷിച്ച
വേണുവായ്......

വെളിച്ചം കൊതിച്ച
ഈയാം പാറ്റയായ്.....

ഇണയെ പിരിഞ്ഞ
ചക്രവാകമായ്......

ഞാന്‍ നിന്നെയും
നീ എന്നെയും
അറിയുന്നു.........

Saturday, May 22, 2010

എന്തേ നീ......(കവിത)

എന്തിനിന്നു നീ വെറുതെ
എത്തിയീ സങ്കട ഭാണ്ഡം
മെല്ലെ ചികയുന്നു........?

കനകമയമാം മോഹങ്ങൾ
പടിയിറങ്ങിയതു കണ്ടെൻ-
വിങ്ങും മനസ്സിന്റെ വ്യഥ
നീയെന്തേ അഴിക്കുന്നു...?

കണ്ണീർ കുടിച്ചു നടക്കുമീ
മൌനത്തിനും നവപുലരി
കളെന്തിനു വെറുതെ നീ
കിനാവായി നൽകിടുന്നു....?

മനസ്സാം ശവപ്പറമ്പിൽ
തപ്തനിശ്വാസങ്ങൾ ഒഴുകി
നട കൊൾവതു കണ്ടു നീ
എന്തേ സ്തബ്ധയായിടുന്നു...?

നിരാശയിൽ നിന്നഥാ പറന്ന്
നീങ്ങീ കവിത തൻ ലോകത്ത്
പുത്തൻ പുലരികൾ തേടുവത്
കണ്ടു ചിരിക്കുന്നുവോ നീ.....

Thursday, May 20, 2010

വര്‍ണ്ണങ്ങള്‍....(കവിത)

ആഗോള തലത്തില്‍
സാമ്പത്തിക മാന്ദ്യവും,
സാംക്രമിക രോഗങ്ങളും,
രാഷ്ട്രീയ കോമരങ്ങളും,
സാഹിത്യ പ്രേമികളും,
പെറ്റു പെരുകുന്ന
കാലമാണിത്........


വര്‍ണ്ണങ്ങള്‍ തോന്നുംവിധം
വരകളില്‍ ചാലിച്ചാല്‍
ജീവഭാവമുണര്‍ത്തുന്ന
ചിത്രങ്ങളാകുമെന്നും....


വര്‍ണ്ണങ്ങള്‍ ഭാവനയില്‍
വരികളില്‍ ചാലിച്ചാല്‍
ജീവഭാവമുണര്‍ത്തുന്ന
സാഹിത്യമാകുമെന്നും...


എന്നെ പഠിപ്പിച്ചത് കാലം..


വര്‍ണ്ണങ്ങളുമായി സംഗീത
പടവുകള്‍ കയറിയപ്പോള്‍
കൈവന്നത് ഗായികപ്പട്ടം..


വര്‍ണ്ണങ്ങള്‍ വ്യഥയില്‍
ചാലിച്ച് കാവ്യലോകത്ത്
എത്തിയപ്പോള്‍ കൈവന്നത്
കവയിത്രിപ്പട്ടം..


വര്‍ണ്ണങ്ങള്‍ താളങ്ങളിലും
മുദ്രകളിലും തുടിച്ചപ്പോള്‍
കൈവന്നത് നല്ലൊരു
നര്‍ത്തകിപ്പട്ടം......


ഇന്നിപ്പോള്‍ ..


വിചാരണകളേതുമില്ലാതെ
അസ്തമയം കാത്തിരിക്കുമ്പോള്‍
ദയാവധം തേടുന്നയീ
മനസ്സില്‍.....വീണ്ടും ,
കണ്ണീരില്‍ ചാലിച്ച
കവിത പിറക്കുന്നത്
ഞാന്‍ അറിയുന്നു...............

ഓലപ്പുരയിൽ പെയ്തിറങ്ങിയ സ്നേഹ മഴ...(കഥ)

മനസ്സിലെ ചെരാതില്‍  ഇപ്പോഴും ഇത്തിരി ഓര്‍മ്മകളുടെ വെട്ടം ചുറ്റും പടര്‍ത്തുന്ന ഒരു കാലം....


അന്ന് , ആ ഓലപ്പുരയിലെ ക്ലാസ്സ് മുറിയില്‍ ആരൊക്കെയാണ് എന്നോടൊപ്പം ഉണ്ടായിരുന്നു എന്നോ......


മനസ്സ് പ്രക്ഷുബ്ദമായിരുന്നെങ്കിലും വിഷാദത്തിന്റെ വേലിയേറ്റത്തെ മറച്ച് സദാ പുഞ്ചിരി പൊഴിച്ചു കൊണ്ടു നടക്കുന്ന ദേവൂ ആയിരുന്നു താന്‍..ഒപ്പം കുപ്പി വള കിലുക്കം പോലെ സംസാരിക്കുന്ന സീനത്ത്...... എപ്പോഴും തമാശകള്‍ മാത്രം പറയുകയും എന്തിനേയും അത്ഭുതം കലര്‍ന്ന ചിരിയോടും കൂടിമാത്രം നേരിടുകയും ചെയ്യുന്ന സബീന , കുട്ടി താറാവേ എന്ന വിളി പേരില്‍ അറിയപ്പെടുന്ന ബീന, പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നുറക്കെ പ്രഖ്യാപിച്ച് നടക്കുന്ന ജലജ, ക്ലാസ്സ് തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ഉറക്കം തൂങ്ങി തുടങ്ങുന്ന രേഖ, കൃഷ്ണപുരം സ്വദേശി അച്ഛായന്‍ ഡേവിഡ്, കുട്ടിച്ചെക്കന്‍ എന്ന പേരില്‍ വിലസുന്ന രാജീവ് ,നമ്പൂതിരി അല്ല എങ്കിലും ഒരു നമ്പുതിരി മോഡലില്‍ ശൃംഗാര ചിരിയുമായെത്തി നിമിഷ കവിതകളുടെ തുണ്ടുകള്‍ പെണ്ണുങ്ങള്‍ക്ക് വാരി വിതറുന്ന ജഗദീഷ്...പിന്നെ ..മണികണ്ഠന്‍, രാജൂ,വേണു, അങ്ങനെ ഒരുപാടു നല്ല കൂട്ടുകാര്‍ക്കിടയിലേക്കാണ് ഒരു നാള്‍ പുതിയതായി അവനും വന്നത്..“അഭി”.


ചാര നിറമുള്ള നീളന്‍ കൈയുള്ള ഷര്‍ട്ടും, കറുത്ത ഫ്രെയിമുള്ള കണ്ണടയും, കുറ്റിതാടിയും,അനുസരണയില്ലാതെ പാറി പറന്നു കിടന്ന മുടിയും, ചുമലില്‍ തൂങ്ങി കിടക്കുന്ന തുണിസഞ്ചിയും...കണ്ടാല്‍ ഒരു ബുജി ലുക്ക് തോന്നുന്നതു കൊണ്ടാവണം ഏവരും അവനെയൊന്നു ശ്രദ്ധിച്ചു...അവന്‍ ഏല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു എന്നു പറയുന്നതാവും ശരി.


ഇടവേളയില്‍ തന്നെ സബീനയും മറ്റും അവനോടു കൂട്ടു കൂടാന്‍ ചെന്നു.പക്ഷേ, എന്തോ അവനിത്തിരി തലക്കനമുള്ള കൂട്ടത്തിലാണെന്നു തോന്നിയതു കൊണ്ടാവാം എല്ലാവരും പരിചയപ്പെട്ടപ്പോഴും അവനോട് പരിചയം ഭാവിക്കാതെ താന്‍ ഒഴിഞ്ഞു മാറിയത്......


അന്നു ഞാന്‍ മറ്റാരെയും പോലെ ആയിരുന്നില്ല.. ജീവിതത്തിന്റെ ഒരദ്ധ്യായം കോടതി മുറിയ്ക്കുള്ളില്‍ കീറീ മുറിക്കപ്പെടുന്നതിന്റെ നീറ്റലുമായിട്ടായിരുന്നു കൂട്ടുകാര്‍ക്കിടയില്‍ കഴിഞ്ഞിരുന്നത്..പല കൂട്ടുകാര്‍ക്കും അത് അറിയുകയും ചെയ്യുമായിരുന്നു..അതു കൊണ്ടു തന്നെയാവണം കൂട്ടുകാരെല്ലാം എപ്പൊഴും നിഴലായി എനിക്കു ചുറ്റും ഉണ്ടായിരുന്നത്...


അന്നൊക്കെ ഒഴിവു ദിനത്തെ ഒരിക്കലും ഇഷ്ടമായിരുന്നില്ല..“ഒക്കെ മറക്കാന്‍ എപ്പോഴും തിരക്കുകളില്‍ അലയണമെന്ന്” സീനത്ത് പറയുമായിരുന്നു എപ്പോഴും...


ഒരു ഒഴിവു ദിനത്തെ കൊല്ലാന്‍ വേണ്ടിയായിരുന്നു യഥാര്‍ഥത്തില്‍ ആധുനിക കവിതയെ കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചത്...അതിനായിട്ടായിരുന്നു സീനത്തുമായി പബ്ലിക്ക് ലൈബ്രറിയുടെ പടവുകള്‍ കയറി ചെന്നത്...


സെമിനാര്‍ തുടങ്ങും മുന്‍പ് തന്നെ അഭിയും അവിടെ എത്തിയിരുന്നു... അഭിയുമായി പരിചയപ്പെടുന്നത് അന്നാണ്...അക്ഷരങ്ങളെയും ഓഷോയെയും സ്നേഹിക്കുന്ന അഭി വളരെ കുരച്ചു സമയം കൊണ്ടു തന്നെ നല്ല ചങ്ങാതിയായി എന്നു പറയുന്നതാവും കൂടുതല്‍ ശരി......പിന്നിടുള്ള ദിവസങ്ങളില്‍ ക്ലാസ്സിലെ ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും അവന്‍ നല്ലൊരു അനുജനായി മാറുകയായിരുന്നു..


കോടതിയില്‍ പോകാന്‍ മനസ്സു കൂട്ടാക്കാത്തപ്പോല്‍ മനസ്സിനു ധൈര്യമേകിയിരുന്നത് എന്നും കൂട്ടുകാരുടെ ആശ്വാസവാക്കുകളായിരുന്നു....


ഒരു പാശ്ചാത്യകഥ വിവര്‍ത്തന്നം ചെയ്യുന്നതിന്റെ തിരക്കില്‍പ്പെട്ട് ഗ്രന്ഥശാലയുടെയും മറ്റും പ്രവര്‍ത്തനങ്ങളുമായി ഓടീ നടന്ന അഭിയ്ക്ക് പലപ്പോഴും ക്ലാസ്സില്‍ എത്താന്‍ കഴിയുമായിരുന്നില്ല...അവന്റെ ക്ലാസ്സിലേക്കുള്ള വരവ് തീരെ കുറഞ്ഞു... അഥവാ എത്തിയാലോ...
മിക്കവാറും ഉച്ചയ്ക്ക് ഊണു നേരത്താവും അവന്റെ വരവ്..അവനറിയാമായിരുന്നു അതാണവിടുത്തെ ഏറ്റവും രസകരമായതും സന്തോഷം നിറഞ്ഞതുമായ സമയം എന്ന്....


പുസ്തകം തുറന്നാല്‍ അപ്പോഴെ ഉറക്കമാണെങ്കിലും രേഖ വരുന്നത് തലയണയ്ക്കു സമമായ ഒരു ചോറു പൊതിയുമായിട്ടായിരുന്നു..സബീനയാകട്ടെ എപ്പോഴും പെറോട്ടയും ചിക്കനുമായിട്ടാവും എത്തുക. ആ ചിക്കനും പൊറോട്ടയും മിക്കവാറും ഊണു സമയത്തിനു മുമ്പു തന്നെ വിരുതന്മാര്‍ അടിച്ചു മാറ്റുക പതിവായിരുന്നു.ജലജ കൂട്ടുകാര്‍ക്കായി കൊണ്ടു വരുന്നത് മരച്ചീനിയും മുളകരച്ചതുമായിരുന്നു..പലരും ചോറു പൊതിയില്ലാതെയാവും വരുന്നത് .. പൊതിയുമായി എത്തുന്നവര്‍ എല്ലാവരുമായി പങ്കിട്ടു കഴിച്ചു തീര്‍ക്കും അതായിരുന്നു അന്നത്തെ പതിവ്...


ക്ലാസ്സില്‍ വരാത്തതിനെ കുറിച്ച് തിരക്കുന്നവരോട് അഭി പറയുന്നത് “ചെയ്തു തീര്‍ക്കാന്‍ ഒരുപാടു ജോലിയുണ്ട് ..ഈ ഓലപ്പുര ഒരു സര്‍ക്കസ് കൂടാരമല്ലേ..ഇവിടെ വല്ലപ്പോഴും കടന്നു വന്ന് നിങ്ങളെ ഒക്കെ ചിരിപ്പിക്കുന്ന കോമാളിയാകാനാണെനിക്കിഷ്ടം” എന്നായിരുന്നു.


പലപ്പോഴും അവനോട് ഞാന്‍ പറയുമായിരുന്നു “നീ വരേണ്ടടാ എന്നും ..നീ ഈ ഓലപ്പുരയില്‍ സമയം കളയേണ്ടവനല്ല..നീ കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കേണ്ടവനാണ്..ഇവിടെ കിട്ടുന്ന നോട്ട്സ് ഞാന്‍ കാര്‍ബണ്‍ കോപ്പി ചെയ്തു തരാം നിനക്ക് ” എന്ന്...അതു പോലെ തന്നെ അവന്‍ വരുമ്പോഴൊക്കെ നോട്ട്സ് നല്‍കുകയും ചെയ്തിരുന്നു....


ഒരിക്കല്‍ പതിവു പോലെ ഒരു ഉച്ച നേരത്ത് അവന്‍ എത്തി...പതിവില്ലാതെ അന്ന് അവന്റെ മുഖത്ത് ഒരു സംഭ്രമം നിഴലിച്ചിരുന്നു...അന്ന് അവന്‍ അവിടെ എത്തിയത് എല്ലാവരോടും യാത്ര ചോദിക്കാന്‍ വേണ്ടിയായിരുന്നു..


“ജീവിതം നാം കണക്കു കൂട്ടും പോലെ ഒന്നുമല്ല..പഠിത്തം ഒക്കെ ഉപേക്ഷിച്ച് ഞാനും പോകയാണ് മരുഭൂമിയിലേക്ക്..നാളെയാണ് പോകുന്നത്..നില്‍ക്കാന്‍ സമയമില്ല..എടീ ദേവൂച്ചി..ദേ..ഇതാ എന്റെ മാര്‍ക്ക് ലിസ്റ്റുകള്‍..നീ എനിക്കു കൂടി പരീക്ഷാഫീസ് അടയ്ക്കണം .പറ്റുമെങ്കില്‍ ഞാന്‍ വരാം ... പരീക്ഷ എഴുതാന്‍ ശ്രമിക്കാം ”.....


എന്തോ...അവന്റെ ആ യാത്ര ചോദിപ്പില്‍ എല്ലാവര്‍ക്കും വിഷമം തോന്നി...”നീ വരണം..മറക്കരുത്...ഞങ്ങളെ ആരെയും..”എന്നു പറഞ്ഞ എന്റെ കൈ പിടിച്ച് “ഈ നനുത്ത സൌഹൃദം എന്നുമുണ്ടാകും ഈ കോമാളിയുടെ മനസ്സില്‍ എന്ന് ”പറഞ്ഞ തിരിഞ്ഞു നടന്നപ്പോള്‍ അവന്റെ കണ്ണൂകള്‍ ഈറനണീഞ്ഞിരുന്നുവോ....


അഭിയുടെ യാത്രയുടെ നൊമ്പരം മായും മുമ്പ് തന്നെ വളരെ താമസിയതെ മറ്റൊരു നഷ്ടം കൂടി എനിക്ക് ഉണ്ടായി..എന്നും നിറസൌഹൃദം നല്‍കിയിരുന്ന സീനത്തും പഠിത്തം പാതി വഴിയില്‍ നിര്‍ത്തി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവളുടെ ഭര്‍ത്താവിനടുത്തേക്ക് പോയി..


അപ്പോഴാണ് കൂട്ടുകര്‍ക്കിടയില്‍ താന്‍ തികച്ചും ഒറ്റപ്പെടലിന്റെ വിങ്ങള്‍ അനുഭവിച്ചത്.....ജലജയും രേഖയും എപ്പോഴും നിഴലായി ഒപ്പം ണ്ടായിരുന്നെങ്കിലും സീനത്തിന്റെ യാത്ര എന്നെ വല്ലാതെ വേദനിപ്പിച്ചു..


സൌഹൃദത്തിന്റെ സന്ദേശങ്ങളായി പിന്നെയെപ്പോഴോ അഭിയുടെയും സീനത്തിന്റെയും രണ്ടു മൂന്നു കത്തുകള്‍ എന്നെ തേടി എത്തിയപ്പോള്‍ എന്തു സന്തോഷമായിരുന്നു.. ...മരുഭൂമിയില് ചെയ്ത് ബിസിനസുകളുടെ തകര്‍ച്ചയെ കുറിച്ചുള്ള വേദനയെ കുറിച്ച് മനസ്സ് തുറന്ന് അഭി എഴുതിയപ്പോള്‍ അവനു വേണ്ടുന്ന ഉപദേശങ്ങള്‍ മറുകുറിയായി നല്‍കുമ്പോള്‍ തികച്ചും ഞാന്‍ അവന്റെ ചേച്ചിയായി മാറുകയായിരുന്നു.....


പിന്നെയെന്നോ ,ദിവസങ്ങള്‍ കൊഴിഞ്ഞപ്പോള്‍ പിന്നെ ആ സൌഹൃദങ്ങള്‍ ജീവിതതിരക്കില്‍പ്പെട്ട് എവിടെയാണെന്നോ എന്തായി തീര്‍ന്നോ എന്നോ ഒരു വിവരവും പരസ്പരം ഇല്ലാതായി....


അന്ന്, പഠിത്തം കഴിഞ്ഞ് എല്ലാവരും പല വഴികളില്‍ പിരിഞ്ഞു പോയി..അപ്പോഴും രേഖയും ജലജയുമായി താന്‍ വേര്‍പ്പെടാത്ത ഒരു സൌഹൃദം കാത്തു സൂക്ഷിച്ചിരുന്നു..


ജീവിതത്തില്‍ വേദനകള്‍ അധികമായി തോന്നുമ്പോള്‍ പലപ്പോഴും ചെയ്യുന്നത് കണ്ണടച്ച് മനസ്സിനെ ആ ഓലപ്പുരയിലെ ക്ലാസ്സ് മുറികളില്‍ കൊണ്ടിരുത്തും.


കൂട്ടുകാരുമായി അവിടുത്തെ നിമിഷങ്ങള്‍ പങ്കു വയ്ക്കും.അതിനാല്‍ ഇന്നും എന്റെയീ മനസ്സില്‍ എന്നും പച്ചപ്പു പോലെ ആ സൌഹൃദങ്ങളുടെ ഓര്‍മ്മകള്‍ ജീവിക്കുന്നു.... ജീവിതത്തില്‍ നല്ല സുഖമുള്ള പൊട്ടിച്ചിരികളും ഓര്‍മ്മകളും നല്‍കിയ ആ കൂട്ടുകാരെ എന്നും അന്വേഷിച്ചു കൊണ്ടിരുന്നു എങ്കിലും ആരെ കുറിച്ചും ഒരു അറിവും കിട്ടിയിരുന്നില്ല..


അങ്ങനെയിരിക്കെയായാണ് ഒരിക്കല്‍ ജോലി സ്ഥലത്ത് ഒരു ഫോണ്‍ കാള്‍ എന്നെ അന്വേഷിച്ച് വ്ത്തിയത്.... ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ ഫോണ്‍ കാള്‍ എത്തിയത്..അങ്ങേ തലയ്ക്കല്‍ കേട്ട ശബ്ദത്തിന്റെ ഉടമയെ അവള്‍ക്ക് തിരിച്ചറിയാനായില്ല...


നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം അഭി അവളെ വീണ്ടും തിരക്കി കണ്ടെത്തി വിളിച്ചിരിക്കുന്നു.....


“എടീ ,ദേവൂച്ചീ..ഇതു ഞാനാടീ..നിന്റെ കുഞ്ഞനുജന്‍ അഭി.കുറച്ചു നാളത്തെ ശ്രമഫലമായിട്ടാ ദേവൂച്ചി നിന്നെ ഞാന്‍ കണ്ടെത്തിയത് നാളെ തിരിച്ചു വീണ്ടും വിദേശത്തേക്ക് പോകയാ .ഇനി വരുമ്പോള്‍ തീര്‍ച്ചയായും കാണാം .പിന്നെ,ഞാന്‍ എത്തുമ്പോഴേക്ക് നമ്മുടെ കൂട്ടുകാരെ ഒക്കെ ഒന്നു കണ്ടെത്തുമോ ദേവൂച്ചീ ”എന്ന് അവന്‍ പറഞ്ഞപ്പോള്‍ തീര്‍ത്തും വിശ്വസിക്കാനായില്ല.വീട്ടു വിശേഷം പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തിട്ടും താന്‍ കണ്ടത് സ്വപ്നമോ എന്ന ചിന്തയിലായിലാണ്ടു നിന്നു പോയി....


അവന്‍ പറഞ്ഞതു പോലെ കണ്ടെത്തണം ഓരോരുത്തരെയായി.അതിനായി പഴയ ഡയറി പൊടി തട്ടിയെടുത്തു..പിരിയുന്നതിനു മുമ്പ് കൂട്ടുകാര്‍ എഴുതിയ അഡ്രസ്സിലേക്ക് ഓരോ കത്തുകള്‍ “ഈ കത്ത് കിട്ടിയാലുടന്‍ താഴെ കാണുന്ന നമ്പരില്‍ ഒന്നു വിളിക്കൂ” എന്ന് എഴുതി ഞാനെന്റെ മൊബൈല്‍ നമ്പരും എഴുതി അയച്ചു .


തുടര്‍ന്നുള്ള ദിവസങ്ങളില്‍ നെഞ്ചിടിപ്പോടെ ഫോണ് കാളുകള്‍ക്കുമായി കാത്തിരുന്നു....സന്തോഷത്തിന്റെ.....ആഹ്ലാദത്തിന്റെ അലയൊലികളായി കൂട്ടുകാരുടെ വിളികള്‍ ഓരോ ദിനവും തേടിയെത്തി..
എല്ലാവരോടും അഭിയെ കുറിച്ച് അവള്‍ പറഞ്ഞു..അവന്‍ വിദേശത്ത് തന്നെയാണ് ..അശരണര്‍ക്ക് താങ്ങും തണലുമായി അവന്‍ ജീവിക്കുന്നു...വ്യവസായ പ്രമുഖനാണിന്നവന്‍ അവനെ കുറിച്ച് പറയുമ്പോള്‍ ആയിരം നാവുള്ള പോലെ വാചാലയായി ...അഭിയുടെ ഓരോ ഉയര്‍ച്ചയിലും ഇത്രയധികം സന്തോഷപ്പെടുന്ന ഒരു മനസ്സു വേറെ ഉണ്ടാവില്ല....


രണ്ടു വര്‍ഷത്തിനകം എത്തിയ അഭി കണ്ടത് ഒപ്പം പഠിച്ച എല്ലാവരേയും കൂട്ടി അവനു വേണ്ടി കാത്തിരിക്കുന്ന ദേവൂച്ചിയെ തന്നെയാണ്.നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അന്ന് എല്ലാവരും ഒന്നിച്ചു കൂടി ...
വിശേഷങ്ങള്‍ പങ്കു വച്ചു ...


അന്ന് , “ദേവൂച്ചീ ഒരു പ്രശ്നങ്ങള്ക്കും നിന്നെ തളര്‍ത്താന്‍ കഴിയരുത്... നീ വിഷമിച്ചിരിക്കേണ്ടവളല്ല.....നീ ഉയര്‍ത്തെഴുന്നേല്‍ക്കണം..നീ തോല്‍ക്കാന്‍ പാടില്ല..നിന്റെ ചിന്തകള്‍ക്ക് നീ അക്ഷരപിറവി നല്‍കണം ...അത് നിനക്ക് വേദനകളെ കുഴിച്ചു മൂടാന്‍ സഹായകമാകും...”എന്നു പറഞ്ഞ് അഭി അന്ന് ആശ്വാസമേകി.


എല്ലാ കൂട്ടുകാരെയും കണ്ടെത്താന്‍ പറഞ്ഞതിലൂടെ പകരമായിട്ടാവാം ഇന്ന് തനിക്കു കൂട്ടായി നിറസൌഹൃദത്തിന്റെ ഒരു ലോകം തന്നെ അഭി എനിക്കെന്റെ വിരല്‍ത്തുമ്പില്‍ നല്‍കിയിരിക്കുന്നു... സീനത്തും പഴയ സൌഹൃദങ്ങളുമെല്ലാം ഒരു വിളിപ്പുറത്തകലെ തന്നെ ഇന്ന് എനിക്കൊപ്പം ഉണ്ട്....


പ്രക്ഷുബ്ദമായ എന്റെ മനസ്സില്‍ ഇന്നും അഭിയുടെ വാക്കുകള്‍ എപ്പോഴും അലയായെത്തുന്നു ......
ആ സ്നേഹമഴ കൈക്കുമ്പിളില്‍ കോരിയെടുത്ത് അതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് ഞാന്‍ എന്റെ എഴുത്തിനു ശക്തിയേകുന്നു...
ഓലപ്പുരയില്‍ പെയ്തിറങ്ങിയ ആ സ്നേഹമഴയില്‍ ഇപ്പോള്‍ ഞാന്‍ എന്ന ദേവൂ ആവോളം നനയുകയാണ്...


ആ സ്നേഹമഴ നിലച്ചാല്‍ ഒരു പക്ഷേ.. ഈ ദേവൂന്റെ തൂലിക നിശ്ചലമായേക്കാം..........

എന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...