Friday, November 28, 2014

അടയാള വാക്കുകള്‍

നിന്നിലേക്കുള്ള
അടയാള വാക്കുകള്‍
മറവിയുടെ ആഴങ്ങളിലേക്ക്
ഇനി ഉപേക്ഷിക്കയാണ്

മൌനത്തിന്‍റെ
രുചി ഭേദങ്ങളില്‍ നിന്നും
നിന്നിലേക്കെത്തിച്ചേരാന്‍
ഇഷ്ടങ്ങളും
സമവാക്യങ്ങളും
ചോദിച്ചറിഞ്ഞ്
ആരോരുമറിയാതെ
നിനക്കായി മാത്രം
കൊരുത്തു വച്ച
അടയാളവാക്കുകള്‍

ഒറ്റയില പൊട്ടായി
നെഞ്ചിനുള്ളില്‍ ചേര്‍ത്ത്
വിശുദ്ധിയുടെ മിന്നുന്ന
സ്നേഹകുപ്പായമണിയിച്ച്
ചിതറി പോകുന്ന
മഴകൂട്ടത്തിനും
വഴുതി വീഴുന്ന
മിഴിനീരിനും
കടം നല്‍കാതെ
വെള്ള കടലാസില്‍
എഴുതി വയ്ക്കാതെ
കാത്തു വച്ച
അടയാളവാക്കുകള്‍

ഓര്‍മ്മകളില്‍ പൂക്കുന്ന
സമയ മണികള്‍
വിലപിക്കാത്ത
വേനലിലേക്ക്
നീരുവറ്റി പോയ
പൂക്കളിലേക്ക്
പാതിയോളം വന്നെത്തി
മുറിഞ്ഞു പോകുന്ന
ഉപ്പു തിരകളിലേക്ക്
ഇനി അടയാളവാക്കുകള്‍
ഉപേക്ഷിക്കയാണ്

Sunday, November 2, 2014

പറയാന്‍ ബാക്കി വച്ചത് ....

ഇവിടെ ഞാന്‍ മരണപ്പെട്ടിരിക്കുന്നു
ഓക്കുമരങ്ങള്‍ ഇലപൊഴിക്കുന്ന ശിശിരത്തില്‍
നനഞ്ഞ മണ്ണില്‍ മുഖംചേര്‍ത്ത് മയങ്ങുന്ന
ഓരോ നഷ്ടങ്ങളുടെയും കറുപ്പും വെളുപ്പും
വേര്‍തിരിക്കാതെ ഒച്ചയില്ലാതെ കാഴ്ചയില്ലാതെ
ഇനിയെനിക്ക് വായിച്ചെടുക്കാം


വസന്തത്തിന്‍റെ നിറവില്‍ പൂത്തുലയുന്ന
സായന്തനത്തിന്‍റെ ഗര്‍ഭത്തില്‍ നിന്നിറ്റുവീഴുന്ന
ചുവപ്പിന്‍റെ പകര്‍ച്ചയിലേക്ക്
ഇനി ഓര്‍മ്മകളുടെ കനംപേറുന്ന
മേഘരൂപങ്ങളായി ഒഴുകിനടക്കാം


വര്‍ഷകാല കരിമുകിലുകള്‍
ഒളിപ്പിച്ചുവയ്ക്കുന്ന നക്ഷത്രപ്പൊട്ടുകളെ
തൊട്ടു നോക്കി കുതിക്കുന്ന
മിന്നല്‍പ്പിണരായി വല്ലപ്പോഴും
പടര്‍ന്നിറങ്ങി ഭൂമിയെ തൊട്ടുപോകാം


കരുതലും സ്നേഹവും കാത്തു വയ്ക്കുന്ന
ഓര്‍മ്മകളുടെ ഒച്ചയില്ലായ്മയിലേക്ക്
നടന്നുപോയ വാക്കുകളുടെ
മധുരം നുകരാനായിനി കാത്തു നില്‍ക്കാതെ
തിരിഞ്ഞു നടക്കാത്ത നിഴലുകള്‍ക്കൊപ്പം
ഞാനിവിടെ മരണപ്പെട്ടിരിക്കുന്നു .
...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...