Monday, March 16, 2015

കണിക്കൊന്ന പൂക്കുമ്പോള്‍ ....

വേനല്‍ കനക്കുന്ന നേരത്ത് മുറ്റത്ത്
കണിയൊരുക്കീടുന്ന കൊന്നപ്പൂവേ
കാണുന്നുവോ നീയും നാടിന്‍റെ പേകോലം
കേഴുന്നുവോ നീയും നാളെയെ ഓര്‍ക്കുമ്പോള്‍

നാടു ഭരിക്കുന്ന കാട്ടാളരെ കണ്ടിട്ടോ
നാടു മുടിക്കുന്ന നിയമങ്ങള്‍ കേട്ടിട്ടോ
കേരള മണ്ണില്‍ പിറന്നു പോയതോര്‍ത്തിട്ടോ
ലജ്ജിക്കുന്നുവോ നീയും പൊന്‍ പൂവേ

നാടായ നാടെല്ലാം പൂത്തു തളിര്‍ത്തു നീ
ഇത്തിരി സുഗന്ധവും പേറി നില്‍ക്കേ
കാണാത്ത കാഴ്ചകള്‍ കണ്ടു മടുത്തു നീ
പൊഴിഞ്ഞു പോകയോ പൊന്‍പൂവേ

വേനല്‍ കനക്കുന്ന നേരത്ത് മുറ്റത്ത്
കണിയൊരുക്കീടുന്ന കൊന്നപ്പൂവേ
കാണുന്നുവോ നീയും നാടിന്‍റെ പേകോലം
കേഴുന്നുവോ നീയും നാളെയെ ഓര്‍ക്കുമ്പോള്‍

Monday, March 9, 2015

അകലങ്ങള്‍ മായുമ്പോള്‍ ......

ഒരേ തണല്‍ ചുവട്ടിലാണ് നാം
വിരുന്നെത്തുന്ന കാറ്റ്
മുന്നിലെത്തുന്ന കാഴ്ചകള്‍
എല്ലാം എല്ലാം നാം ഒരുമിച്ച്
കാണുന്നു കേള്‍ക്കുന്നു
എന്നിട്ടും
ചങ്ങാത്തത്തിന്‍റെ
ചങ്ങാടത്തിലേറാതെ
നീ നീയായും
ഞാന്‍ ഞാനായും മാത്രം
നില്‍ക്കുന്നതെന്താണ്
പുഴകള്‍ ചെറു മത്സ്യങ്ങളെ
പോറ്റുന്നത് പോലെ
നീ മനസ്സില്‍ അകലങ്ങള്‍
കാത്തു വയ്ക്കുന്നതെന്തിനാണ്
നോക്കൂ,
നമുക്ക് മുന്നില്‍ ...
എരിയുന്ന പകല്‍
ഒടുങ്ങുന്ന ഹരിതം
കലരുന്ന വിഷം
മറയുന്ന മലകള്‍
മരിക്കുന്ന പുഴകള്‍
കാലംതെറ്റിയ വര്‍ഷം
കണ്ടിട്ടും കാണാതെ
കേട്ടിട്ടും കേള്‍ക്കാതെ
വാക്ശരങ്ങളെയ്യാതെ
വര്‍ണ്ണങ്ങളില്‍ മാത്രം
നീ അകലങ്ങള്‍ മാത്രം
സൂക്ഷിക്കുന്നതെന്തിനാണ്
നീ നീയായും
ഞാന്‍ ഞാനായും മാത്രം
നില്‍ക്കുന്നതെന്താണ്
തോളോടു തോള്‍ ചേരാം
കൈകള്‍ കോര്‍ക്കാം
അണി നിരക്കാം
ഭാരതാംബ തന്‍ മക്കളായിടാം
നവ ഭാരത ശില്പികളായിടാം 
അറുത്തു മാറ്റിടാം,അധികാരത്തിന്‍
കറപുരണ്ട കറുത്ത കൈയുകള്‍ ,
കൊന്നൊടുക്കിടാം
വിഷം തീണ്ടിയ നീച മനസ്സുകള്‍ .
നട്ടു നനയ്ക്കാം നമുക്കീ മണ്ണിനെ
മരങ്ങള്‍ നടാം തണലുകള്‍ വളര്‍ത്താം
മണ്ണിതിലങ്ങനെ സ്വര്‍ഗ്ഗം തീര്‍ത്തീടാം

Tuesday, March 3, 2015

മൌനം വാചാലമാകുമ്പോള്‍.....

ദേ, നോക്കൂ,
എന്നു പറഞ്ഞു
ഒറ്റദ്വീപിന്‍റെ പടവുകള്‍
ചൂണ്ടിക്കാട്ടി തരുന്ന
ചില മൌനങ്ങളുണ്ട്

വേരാഴങ്ങള്‍
കണ്ടെത്താനാവാത്ത
വന്മരങ്ങളെ പോലെ
വെയിലേറ്റങ്ങളെ മുഴുവന്‍
ഉള്ളിലേക്ക് ആവാഹിച്ച്
വിങ്ങുന്ന പകലിന്‍റെ
എണ്ണിയാലൊടുങ്ങാത്ത
കഥകളുടെ വാക്കുകളിലേക്ക്

തണല്‍ പരത്തി
നിഴല്‍ വീഴ്ത്തി
പരിഭവം ചൊല്ലി
അകന്നു പോകുന്ന
കാറ്റിന്‍റെ മടിത്തട്ടില്‍
മരണപ്പെട്ടു പോകുന്ന
പുഴയുടെ നൊമ്പരങ്ങള്‍
പകര്‍ത്താത്ത ആള്‍ത്തിരക്കിന്‍റെ
വക്കുകള്‍ക്കുള്ളിലേക്ക്

ദൂരമില്ലായ്മയുടെ
ദൂരമറിയാതെ
ദൂരമാണെന്‍റെ ദൂരം
എന്നുറക്കെ പറഞ്ഞ്
ഒറ്റദ്വീപിന്‍റെ
അമരക്കാരനായി
ചോദ്യങ്ങളുടെ
ഉത്തരം തേടാതെ
ആശ്ചര്യങ്ങളുടെ
അര്‍ത്ഥത്തിലേറാതെ
നോവിന്‍റെ ഉറവകളിലേക്ക്

ദേ, നോക്കൂ,
എന്നു പറഞ്ഞു
ഒറ്റദ്വീപിന്‍റെ പടവുകള്‍
ചൂണ്ടിക്കാട്ടി തരുന്ന
ചില മൌനങ്ങളുണ്ട്

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...