Thursday, April 16, 2015

മൌനം വീണ്ടും മഴയായ് ...

മൌനങ്ങള്‍
ഇറങ്ങി പോയത്
ഒച്ചയനക്കങ്ങള്‍
മുറികള്‍ തോറും
കയറിയിറങ്ങിയപ്പോഴാണ്

വീടു ഉണര്‍ന്നത്
വിരല്‍ത്തുമ്പിലും
കാതോരത്തും
ചേക്കേറിയിരുന്ന
സ്വരങ്ങള്‍ മുഖാമുഖം
കാഴ്ച നിറച്ചപ്പോഴാണ്

കമ്പിത്തിരികളും
പൂത്തിരികളും
രാവിന്‍റെ മുറ്റത്ത്
നൃത്തമാടിയപ്പോഴാണ്
മനസ്സുകളില്‍ പൂക്കാലം
വിരുന്നെത്തിയത്

ആള്‍ക്കൂട്ടത്തില്‍
തനിച്ചാക്കി
വീണ്ടുംആരവങ്ങള്‍
പടിയിറങ്ങുമ്പോള്‍
ഇറങ്ങിയ പോയ
മൌനം
വീണ്ടും മഴയായ് ...

Wednesday, April 15, 2015

പ്രിയ രാവേ,

പ്രിയ രാവേ,
ഉറക്കത്തിന്‍റെ കുഞ്ഞുതോണിയിലേറി
നിന്നോടൊപ്പം ഞാനും മഴ നനയുകയായിരുന്നു 
നിഴല്‍ ചിത്രംവരയാത്ത ചില്ലകള്‍ നീട്ടി
നീ കാറ്റിനോട് സങ്കടം പറയുമ്പോള്‍ 
ഇറ്റിറ്റു വീഴുന്ന ഒരോ മഴത്തുള്ളിയും
കൈക്കുമ്പിളിലേക്ക് ഏറ്റു വാങ്ങി
ഞാനോ, മേഘകൂടാരത്തില്‍
മഴചിറകുകള്‍ക്ക് മേല്‍ കുട നിവര്‍ത്തുന്ന
ഒരു നക്ഷത്രത്തെ തേടുകയായിരുന്നു

Sunday, April 12, 2015

മറവികളിങ്ങനെയാണ്

ചില മറവികളിങ്ങനെയാണ്
നിനച്ചിരിക്കാത്ത നേരങ്ങളിലാവും 
അനുവാദത്തിനായി ഒട്ടും കാത്തു നില്‍ക്കാതെ
ഓര്‍മ്മകളിലേക്ക് ഇരച്ചു കയറി
തിരയുപേക്ഷിച്ച ഞണ്ടുകള്‍ പോലെ 
മനസ്സിന്‍റെ ഭിത്തിയിലൂടങ്ങനെ ഓടി നടന്ന്‍
മറവികളിലെക്ക് ചെന്ന് മറയുന്നത്

Monday, April 6, 2015

നേരായ്.....കാവലായ്.....

വെയില്‍
വിരലുകള്‍
നഖങ്ങള്‍ നീട്ടി
ആക്രമിച്ചപ്പോഴും

വിശപ്പിന്‍റെ
ആളല്‍
സിരകളില്‍
കത്തി പടര്‍ന്നപ്പോഴും

കാര്‍ന്നു തിന്നുന്ന
വാര്‍ധക്യ വേരുകള്‍
കാല്‍പ്പാദങ്ങളില്‍
കനം തൂങ്ങിയപ്പോഴും

മങ്ങിയ കാഴ്ചയെ
വട്ടം പിടിച്ച്
അടുത്ത് വരുന്ന
വാഹന ശ്രദ്ധയെ
പിടിച്ചുലയ്ക്കാന്‍
പാകത്തില്‍

ചുളിവുകള്‍
വല വിരിച്ച
കറുത്ത കൈകളില്‍
മുറുക്കി പിടിച്ചിരുന്നു
"ഊണ് റെഡി'
എന്നൊരു
പരസ്യ പലക..

അയാള്‍
പാറാവുകാരനാണ്!!
മനസ്സിന്‍റെ
മേന്മയില്‍
ദാരിദ്ര്യത്തെ
തോല്പിക്കുന്ന
പാറാവുകാരന്‍!

Sunday, April 5, 2015

ഇടറുന്ന വഴികളില്‍....

ഇടറുന്ന വഴികളില്‍
കുറുകുന്ന നേരങ്ങളില്‍
മുറുകുന്ന ഓര്‍മ്മകളില്‍
തെളിയുന്നു ബന്ധങ്ങള്‍
മറയുന്നു ബന്ധനങ്ങള്‍
മൌനം പതയ്ക്കുന്നു ,,
കുന്നിമണികള്‍ കൂട്ടി
ബാല്യം കടന്നതും
വിരല്‍ത്തുമ്പിനാല്‍
അക്ഷരം കോര്‍ത്തെടുത്തതും
അറിവിന്‍റെ നുകം പേറി
നാളുകള്‍ താണ്ടിയതും
വരയുന്നു ചിത്രങ്ങള്‍
കാണുന്നു നേര്‍ കാഴ്ചകള്‍
പ്രണയം കനക്കുന്ന
പ്രാണന്‍റെ നീറ്റലുകള്‍
കനവിന്‍റെ നിറം കെട്ട
നേരിന്‍റെ തേങ്ങലുകള്‍
വാക്കിന്‍റെ ഉള്ളറിഞ്ഞ്
തപം താണ്ടി കനവു വറ്റിച്ച്
ജീവിത പാഠം പഠിച്ചു ജീവന്‍
തളര്‍ന്നു തുരുമ്പിച്ചു വീഴ്കെ
പെറ്റു പെരുകുവാനിനി
ഇമകളില്‍ തുളുമ്പുവാന്‍
കണ്ണീരിന്‍ പേറ്റു നോവില്ല
ഇനിയില്ല നിമിനേരം
ഇനിയില്ല രാപ്പകലുകള്‍
ഇടറുന്നു വഴികള്‍
കുറുകുന്നു നേരങ്ങള്‍
കാണാതെ കാണുന്നു
വിജന പാതയിലെങ്ങോ
തെളിയുന്നു മറയുന്നു
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ .. 

Friday, April 3, 2015

ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം .. ....

ഇനി ഞാന്‍ പൊന്നേ,
ഉണര്‍ന്നിരിക്കാം
കിനാക്കാഴ്ചകള്‍
കാണാതെ നീ
ഉണരും വരേക്കും .
നിലാപ്പെണ്ണിനോടു
കലഹിച്ചു വീഴുമാ
നിഴല്‍പാതികളെങ്ങോ
വിടചൊല്ലും നേരം
ജാലക പാളികള്‍
മെല്ലെ തുറക്കവേ
വെയില്‍ കൈകള്‍
പൊന്നേ,പുണരുകയാണോ
ദിശ തേടി പായും
കാറ്റിന്‍റെ പാട്ടില്‍
അറിയാതെയെന്നോ
നീ താളം നിറച്ചോ
പൊരുളറിയാ
വാക്കിന്‍റെ വക്കില്‍
പൊന്നേ,നീയെന്തേ
മിഴികള്‍ നിറച്ചോ
ഇനി ഞാന്‍ പൊന്നേ,
ഉണര്‍ന്നിരിക്കാം
നിന്‍ കരളിലെ
കനല്‍ച്ചൂടില്‍
ഒരു കുളിരായ്
പെയ്തു നിറയാന്‍ .

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...