Monday, July 26, 2010

മറുവാക്ക്.........(കവിത)


നിന്റെ ഓര്‍മ്മകള്‍ക്ക് ഒരു
മറുവാക്ക് ഇനി ഞാന്‍
കണ്ടെത്തുവതെങ്ങെനെ.....?

എന്റെ പ്രാണവായുവിലെന്നും
പിണക്കം കൊണ്ടിരിക്കുന്ന
ബോധമെന്നോ.....?

എതിര്‍ പാട്ട് കാതോര്‍ത്ത്
കാണാമറയത്തിരിക്കുന്ന
പൂങ്കുയിലെന്നോ....?

പയ്യെ പതുങ്ങി വന്നെന്നെ
തൊട്ടു തലോടി പോകുന്ന
മന്ദാനിലനെന്നോ....?

വെയിലത്തൊരു മഴചാറ്റല്‍
പോല്‍ വന്നെത്തിടുന്ന
നിനവുകളെന്നോ...?

ഒരു വിളിപ്പാടകലയെന്നോ..
ഒരു വിരല്‍ത്തുമ്പിനരികിലെന്നോ..
ഒരു മൌനത്തിന്‍ വിങ്ങലെന്നോ
ഒരു ഹൃത്തിന്‍ നൊമ്പരമെന്നോ.....
ഒരു കണ്ണീരിന്‍ ഈറനെന്നോ...
ഒരു ഓര്‍മ്മ തന്‍ നീറ്റലെന്നോ..

നിന്റെ ഓര്‍മ്മകള്‍ക്കൊരു
മറുവാക്ക് ഇനി ഞാന്‍
കണ്ടെത്തുവതെങ്ങെനെ.....?Friday, July 23, 2010

ഒരു പിടി ചാരം മാത്രം.......(കവിത)

ഒരു ദിവാസ്വപ്നത്തിലേറി
നിന്‍ പടി വാതിക്കലണയവേ
അറിഞ്ഞില്ല വെറുപ്പിന്‍ വിഷ
വിത്തു നീ മനസ്സില്‍ സൂക്ഷിപ്പത്.


ശകാര കൂരമ്പുകളാലെ നീയെന്‍
മാനസത്തില്‍ അഗ്നി പടര്‍ത്തവേ
ആ‍ ജ്വാലയില്‍ വീണു പിടയുമെന്‍
മിഴികളോ ചുവന്നു തുടുക്കുന്നു....


കൂട്ടരൊടൊത്തു ഞാന്‍ കൂടവേ
ആരായുന്നവര്‍ എങ്ങു നീന്നു
ലഭിച്ചതാണീ മിഴികളില്‍
അരുണാഭ വര്‍ണ്ണം....?


കത്തി പുകയുമെന്‍  മനസ്സിന്‍ 
നൊമ്പരം കണ്ടറിഞ്ഞില്ലാരും
ചെറുപുഞ്ചിരി വൃഥാ വിടര്‍ത്തിയ-
ന്നവരോടു യാത്രമൊഴി ചൊല്‍കെ


വെറുതെ നിനച്ചു പോയി  ഞാന്‍
ഒരു സാന്ത്വനമായി നീയെന്‍
ചാരത്തണഞ്ഞെങ്കില്‍.......


അറിയുന്നു ഞാന്‍...
ഇല്ല നിനക്കാവില്ല വേദന
നിത്യവും കാര്‍ന്നു തളരുമീ മന-
മിതില്‍ കാരുണ്യ ലേപം പുരട്ടുവാന്‍
ഇന്നെന്‍ മനസ്സിന്‍ -
കനവുകളോ കെട്ടു പോയ്‌,
ഓര്‍മ്മകള്‍ തന്‍ ബാക്കി പത്രം പോല്‍
ഇനിയൊരു പിടി ചാരം മാത്രം ഞാന്‍....

ഇനിയെത്ര കാതം.......(കവിത)

വിങ്ങുമെന്‍ നൊമ്പരങ്ങളെ
വിസ്മൃതിയിലാഴ്ത്താന്‍ ശ്രമിക്കവെ
കൂര്‍ത്ത ദംഷ്ട്രകളുമാ‍യവ
ഒന്നൊന്നായെന്‍ നിനവിന്‍
പടിയിറങ്ങിയെത്തുന്നു...


ഭീകര സത്വമായ് അട്ടഹസിക്കുന്നവ
വേട്ടനായായ് പുനര്‍ജനിക്കുന്നവ
ക്ഷണത്തില്‍ മാര്‍ജ്ജാരനായ് തീര്‍-
ന്നെന്‍ ചിന്തകളെ നക്കി തുടയ്ക്കുന്നു.


പിന്നെയോ, മൂഷികനായവതരിച്ചെന്‍
പ്രണയമാം മാനസം ചുരണ്ടെടുക്കുന്നവ
ഏതോ നിഗൂഢതയിലോടിയൊളിക്കുന്നു
പിന്നിട്ട പന്ഥാവിനെ വെറും കനവായ്
തീര്‍ത്തീടാനിനിയെത്ര കാതം ഞാന്‍
സ്മൃതികള്‍ താണ്ടണം....


പതിയെ തഴുകുമാ മൃത്യുവിന്‍ പദ-
സ്വനം കാതോര്‍ത്തൊരെന്‍
മിഴികളോ കനക്കുന്നു.....സ്വന്തം.........(കവിത)

നിശതന്‍ ഇരുളിലേക്കിന്നെന്‍
മിഴികള്‍ പായവേ 
വെണ്‍മതി തന്‍ നറുവെട്ടം
കൂട്ടായ് വന്നെനിക്ക്......


അശ്രുവാലെന്‍ മിഴികള്‍
ഘനീഭവിക്കവേ കിനാവിന്‍
സ്മിതമെന്‍ അധരത്തില്‍
കൂട്ടായ് തീര്‍ന്നെനിക്ക്........


രൌദ്രവേഷങ്ങളെന്‍ ചുറ്റും
പേതുള്ളിയലറവേ 
മനമതിന്‍ തുടികൊട്ടും താളവും
നടനമായി തീര്‍ന്നെനിക്ക്.....


വണ്ടിക്കാള പോലെ ഞാനീ
നുകം പേറി തളരവേ ഒരു
വിളിപ്പാടകലെ ആറടിമണ്ണ്
സ്വന്തമായി
കൂട്ടായി തീര്‍ന്നെനിക്ക്.....


നിന്റെ ഒരു വാക്ക്...........(കവിത)

നിന്റെ,
ഒരു വാക്ക്
എന്നില്‍ വസന്തത്തിന്റെ
പൂക്കള്‍ കൊഴിച്ചു....


നിന്റെ ,
ഒരു നോക്ക്
എന്റെ പ്രണയത്തിന്റെ
കൂടു തകര്‍ത്തു.....


നിന്റെ ,
ഒരു യാത്ര
എന്നെ കണ്ണീരിലാഴ്ത്തി


പിന്നെ......


നിങ്ങളുടെ കൂട്ടായ ചര്‍ച്ച
എന്റെ ശ്വാസനാളത്തെ മുറുക്കി....


ആദ്യം പ്രണയം തന്നവന്‍
കണ്ണുകള്‍ മൂടിക്കെട്ടാന്‍
സാക്ഷി നിന്നു........


അനുഭവങ്ങളുടെ കോടതി
എന്നെ അലയാന്‍ വിധിച്ചു.


ദുഖഃത്തിന്റെ കല്ലറയില്‍ വീണു ഞാന്‍
സത്യത്തിന്റെ മുത്തു പരതുന്നു... 

സൌഹൃദം...........(കവിത)

തുറന്നിട്ട വാതായനങ്ങളിൽ
ഒരു തുടം സ്നേഹവുമായി
വന്നത് കണ്ട് ആദ്യം
അമ്പരക്കുന്നു......

പിന്നെയവ.....
സന്തോഷത്തിന്റെ
സാഫല്യത്തിന്റെ
സന്താപത്തിന്റെ
നാനാർഥങ്ങളായി
മാറുന്നു.....

അവിടെ കണ്ട
പുഞ്ചിരിയും........

സന്തോഷത്തിന്റെ
സാഫല്യത്തിന്റെ
സന്താപത്തിന്റെ
നാനാർഥങ്ങളായി
മാറുന്നു.....

എന്നാൽ.....
വാക്കുകളാവട്ടെ...
സ്വാംശീകരണത്തിന്റെ
പ്രത്യാശയുടെ ....
ദുഃഖത്തിന്റെ
കണ്ണുനീരിൽ
കുളിപ്പിക്കുന്നു..

കണ്ട് ....
നിൽക്കുന്നവരോ...
അടക്കം പറയുന്നു...
പരിഹസിക്കുന്നു

പിന്നെ...അവർ
വേദനയിൽ നീറും
മനസ്സിനെ
ഒരിക്കൽ കൂടി
മുക്കി താഴ്ത്തി
അട്ടഹസിക്കുന്നു

എനിക്ക് നക്ഷത്രമാകേണ്ട.....

എനിക്ക്,
നക്ഷത്രമായി മാറേണ്ട
ഭൂമിയെ പട്ടുപുതച്ചുറക്കുന്ന
  പുല്‍ക്കൊടി ആയാല്‍ മതി...

എനിക്ക്....
താഴ്വരയിലെ ശാന്തതയില്‍

 ഭൂമി തന്‍ തുടിപ്പിനു കാതോര്‍ക്കണം.

മലകളില്‍ നിന്നൊഴുകുന്ന
ചന്ദനക്കാറ്റിനെ ചുംബിക്കണം

വല്ലപ്പൊഴുമെത്തുന്ന
ഇടയന്റെ ഗാനം കേള്‍ക്കണം

നടക്കാന്‍ തുടങ്ങുന്ന
കുട്ടിയുടെ പാദതാഡനമേല്‍ക്കണം
അവന്....
മുള്ളു കൊണ്ട നീറ്റലിനു മരുന്നാകണം

ചക്രവാളം നെയ്യുന്ന
ചുവന്ന തൂവാലയില്‍ ചിത്രമാകണം

നിലാവിന്റെ നീലക്കണ്ണുകളില്‍
ആര്‍ദ്രമായി മുത്തണം

വസന്തമെത്തുന്നത്
കിളികളിലൂടെ കേള്‍ക്കണം

എനിക്ക്...
അന്തമില്ലാത്ത നാളുകളിലെ
നക്ഷത്ര ജഡമാവണ്ട

ഒരു ദിവസത്തെ
പുല്‍ക്കൊടിയായാല്‍ മതി.....

Thursday, July 22, 2010

സാക്ഷി.....(കവിത)

 നിന്റെ
കണ്‍കോണിലുറഞ്ഞ
സഹതാപത്തിന്‍ വേലിയേറ്റം
ഞാന്‍ കണ്ടിരുന്നു....

നിന്റെ 

വാചലതയില്‍ ചിതറിയ
 സ്നേഹാക്ഷരങ്ങള്‍
 ഞാന്‍ കേട്ടിരുന്നു...

നിന്റെ 

ഭാവത്തില്‍ ഈണമേകിയ
സൌഹൃദ ഇഴകള്‍
  ഞാന്‍ കണ്ടിരുന്നു.....

പിന്നെ, എന്നോ...

യാത്രമൊഴിയില്‍

 ഒറ്റപ്പെടുന്നവന്റെ വേദന
നിന്റെ കണ്‍കളില്‍
ഞാന്‍ കണ്ടിരുന്നു...


വിധിയുടെ

മണല്‍ക്കാറ്റില്‍
സ്വപ്നങ്ങള്‍ തകര്‍ന്നപ്പോള്‍
മൊഴികളില്‍ വിങ്ങലും,

 ഭാവങ്ങളില്‍ നിരാശയും,
പാദങ്ങളില്‍ ഇടര്‍ച്ചയും,

 ഞാന്‍ അറിഞ്ഞിരുന്നു

പക്ഷേ ഇന്ന്,

നിന്റെ കണ്‍കളില്‍

തിളങ്ങുന്നത് 
അഹന്തയുടെ മുത്തുകളാണ്!

 നിന്റെ മൊഴികള്‍
ചിതറുന്നത് 
സമ്പത്തിന്റെ കൂരമ്പാണ്!

 സൌഹൃദത്തില്‍
ഇഴ നെയ്യുന്നത്
ഗര്‍വ്വിന്റെ നൂലാണ്!

 ഇതിനു ഞാനാവട്ടെ,
വെറും സാക്ഷി!!!


 ഇങ്ങനെയിങ്ങനെ ..

സ്നേഹമഴ ചൊരിഞ്ഞ
പ്രിയ സൌഹൃദമേ

നിന്നെ
ഞാനിന്ന് തിരിച്ചറിയുന്നു!!!

Sunday, July 18, 2010

കടൽക്കരയിൽ...............(കവിത)
കടല്‍ത്തീരത്തെത്തിയ നേരം
കാഴ്ചകള്‍ നിരവധി കണ്ടൂ ഞാന്‍


നര്‍മ്മഭാഷണത്തിലോ ചിലര്‍
തമ്മില്‍ ചിരിച്ചു തിമിര്‍ക്കുന്നു
നുരയിടും ജന്മവ്യഥകളില്‍ ലയിച്ചു
മ്ലാനനേത്രവുമായീ ചിലരും..


അലഞൊറിയും പ്രണയക്കടലില്‍
മുങ്ങി തൊട്ടുരുമ്മിയിരുന്നു ചിലര്‍
വിരലുകള്‍ കോര്‍ത്തു  മിഴികളുടക്കി 
 നവലോകം തീര്‍ക്കുന്നു......


അമ്മായി,നാത്തൂന്‍ പോര്‍ക്കഥയോ
ചിലര്‍ മെല്ലെ പതിതന്‍ കാതിലോതുന്നു
കടക്കെണി തന്‍ വ്യഥയോതി ചിലര്‍
ജീവിത കണക്കുകള്‍ നിരത്തുന്നു...


തരുണികളോ, കുതിര്‍ന്ന മണ്ണില്‍
പേരുകളെഴുതി തിരയെ വരവേല്‍ക്കുന്നു
 വിരുതന്മാരോ ചുറ്റി നടന്നു
കളിയായ് വാക്കുകള്‍ ചൊല്ലുന്നു...


ജീവിതസായാഹ്ന പോരാട്ടമാടുന്നവര്‍
ഗതകാലസ്മൃതികള്‍ അയവിറക്കുന്നു
അവര്‍ തന്‍ കണ്‍കളില്‍ കണ്ണീരും 
ഇന്നലെകളില്‍ കൊഴിഞ്ഞു വീണ
സ്വപ്നവും വീര്യവുമുണരുന്നു ....


തിരയിലേറി തീരത്ത് വിരുന്നെത്തും 
ചില കരിഞണ്ടുകള്‍ക്കൊപ്പമോടും 
കരിമാടിക്കുട്ടന്മരോ കടലില്‍ ചാടി 
മറിയുന്നു വികൃതികള്‍ പലവിധം കാട്ടുന്നു.


ഈറന്‍ പൂഴിയില്‍ പടുത്തുയര്‍ത്തിയ
മാളിക കുഞ്ഞു മനസ്സുകള്‍ കണ്മുന്നിലതു
തകരുന്നതു കാണ്‍കെ ചിണുങ്ങുന്നു
നിരാശയില്‍ മുങ്ങി താഴുന്നു.കൂരയില്‍ പട്ടിണി നീറ്റുവത് ഓര്‍ത്തിട്ടോ
കളിവാക്ക് ചൊല്ലാനറിയാഞ്ഞോ
കളിയാടീടാന്‍ അറിയാഞ്ഞോ
  ചിലര്‍ കടല വിറ്റു നടക്കുന്നു.

മാനവര്‍ തന്‍ ചേഷ്ടകള്‍ കണ്ടിട്ടോ
ആഴി അലകളാല്‍ താളം പിടിക്കുന്നു
കടല്‍ക്കാകള്‍ നൃത്തം വയ്ക്കുന്നു.

സൂര്യ രഥമുരുണ്ടു പോകവേ
ഭൂമിപെണ്ണിന്‍ കണ്‍കള്‍ ചുവക്കുന്നു
കാഴ്ചകള്‍ കണ്ടു നടന്നു ഞാനും
തിരികെ യാത്ര ചൊല്ലുന്നു....

Saturday, July 17, 2010

മിഴികളിൽ......(കവിത)

നോക്കുവിൻ കൂട്ടരേ, നിങ്ങളെൻ മിഴികളിൽ
നനവാർന്നു തളരുമെൻ മിഴികളിൽ........

നിലാവിൽ ഈറനാകുമെൻ മിഴികളിൽ
സ്മൃതികളാൽ ജ്വലിക്കുമെൻ മിഴികളിൽ......

മൂകമായ് നിത്യം പിടയുമെൻ മിഴികളിൽ
ഓർമ്മകൾ ഇമവെട്ടുമെൻ മിഴികളിൽ......

കിനാക്കളൊഴിഞ്ഞൊരെൻ മിഴികളിൽ
ആർദ്രമായ് കേഴുമെൻ മിഴികളിൽ

ശാപവചസ്സേറ്റു വിങ്ങുമെൻ മിഴികളിൽ
കരുണ തേടിയുഴറുമെൻ മിഴികളിൽ...

ഇനിയെത്ര കാതമിനിയെത്ര കാതമെന്ന്
ശ്വാസനിശ്വാസം തേടുമെൻ മിഴികളിൽ

നോക്കുവിൻ കൂട്ടരേ, നിങ്ങളെൻ മിഴികളിൽ
നനവാർന്നു തളരുമീ മിഴികളിൽ........ .....

Saturday, July 10, 2010

മാപ്പ്.............

എൻ സ്വരത്തിൽ മാത്രമൊതുങ്ങും
കയർപ്പിൽ വേദനിച്ചുവോ നിൻ മനം
മാപ്പു തരിക വേഗം നിൻ ഓർമ്മകളാം
ചിമിഴു പാത്രങ്ങളിലോ നനവൂറുന്നു....

ഓർമ്മകൾ നിനക്കുമുണ്ടാവാം ..
വർണ്ണകനവു പകർന്നതല്ലേ എന്നും
വാക്കുകൾ കൂട്ടിയിണക്കി നീയെന്നും
സാന്ത്വനമായിയണഞ്ഞതല്ലേ...

കാണുന്നുവോ നീ , സ്നേഹവരൾ
ച്ചയിൽ ഇതൾ വാടി വീഴുമെൻ
സ്വപ്നമഞ്ചലിലേറി ഞാൻ തപ്ത
നിശ്വാസങ്ങൾ ഉതിർക്കവേ ..

ദുഃഖതാപത്താൽ കത്തിക്കാളും നിൻ
ഓർമ്മയാം കരിമുകിലിതാ പെയ്തിറങ്ങു
ന്നൊരു കണ്ണീർമഴയായി....

എരിഞ്ഞടങ്ങുമെൻ മോഹചിറകിൽ
സപ്തവർണ്ണം ചാലിക്കാനിനിയും നീ

അണഞ്ഞീടിൽ ഇല്ല
നിനക്കേകുവാനിനി

നനവൂറാത്ത കണ്ണുകളും..
കനമില്ലാത്ത മനവും..
ഇടറാത്ത പാദവും...
തളരാത്ത കൈകളും..

Wednesday, July 7, 2010

ശാന്തി തീരത്തിലേക്ക്...(കവിത)
ഈ കണ്ണീര്‍പ്പന്തലില്‍ എന്തേ വന്നു നീ
പാടിപ്പറന്നു വളര്‍ന്നൊരെന്‍ പൈങ്കിളീ
കൂടെയീ യാത്രതന്‍ അന്ത്യം വരെ നിന്‍

കൂട്ടിനു വന്നവരെങ്ങു പോയെന്‍ സഖി....

കൂടെ നടന്നു നിന്‍ മനമില്‍ വൃഥാ‌
കിനാക്കള്‍ വിതച്ചു രസിച്ചവരെങ്ങോ
കൂട്ടായിന്നു കാണേണ്ട വേളയിലേതോ
ഇരുള്‍ക്കാട്ടില്‍ ഉപേക്ഷിച്ചകന്നുവോ..

കാണുന്നു ഞാന്‍ നിന്‍ ആര്‍ദ്രമാം

മിഴികളിന്നാദ്യമായ് എന്നെ തേടുവതും
രാത്രി തന്‍ സങ്കല്പനങ്ങളില്‍ നീയെന്‍
കാലൊച്ചയ്ക്കായെന്നും കാതോര്‍പ്പതും..

നിത്യവും നിന്‍ നയനങ്ങളീറനാകവെ

വഹ്നി ജ്വാലയായ് ആഴി തന്‍
അലകളായ് മാടി വിളിച്ചതില്ലേ ഞാന്‍
എന്തേ നീയെന്‍ പദസ്വനം കേട്ടതില്ല.

നിനകേകാം ഞാന്‍ ശാന്തി ഇന്നെന്‍
വിരല്‍ത്തുമ്പിന്‍ നനുത്ത സ്പര്‍ശത്തിനാല്‍ യാത്രയാകാമിന്നു നമുക്കാ തീരം തേടി

നടകൊള്‍വൂ നീയെന്‍ ശാന്തതയിലലിയൂ..

വാനില്‍ നീങ്ങുമീ കാര്‍മുകില്‍ ശകലങ്ങള്‍
കണ്‍ചിമ്മി ആരവ തുടിതാളം തുടരവേ,
വരൂ സഖീ...യാത്രയാവാം നമുക്കിനി
മൃതിയാം ശാന്തി തീരത്തിലേക്ക്.......

Friday, July 2, 2010

നിന്റെ ഓർമ്മയ്ക്കായ്.....(കവിത)
സ്നേഹത്തിന്‍ ഹരിശ്രീ പഠിപ്പിച്ച നിന്റെ
ഓര്‍മ്മകള്‍ക്ക് നാദമേകാന്‍ 

നിന്റെ കണ്ണുകളുടെ അഗാധങ്ങളില്‍ നിന്നും
എനിയ്ക്കൊരു മണിമുത്തു തരിക.

എന്റെ മരവിച്ച മനസ്സിന്റെ ഉള്ളില്‍

 പുതു മഴയുടെ കുളിരുമായി ആഴ്ന്നിറങ്ങിയ 
നിന്റെ ഒര്‍മ്മകള്‍ക്ക് നിറം പകരാന്‍
എനിയ്കൊരു ഛായ കൂട്ടിന് നിറം തരിക.

എന്റെ കരിയുന്ന സ്വപ്നങ്ങള്‍ക്ക്

 പ്രത്യാശയുടെ നിറം പകര്‍ന്ന
നിന്റെ ഓര്‍മ്മകള്‍ക്ക് പൂമണം വീശുവാന്‍
  നിന്റെ മനസ്സിന്റെ മണിമുറ്റത്ത് 

എനിക്കൊരു പൂമരം തരിക.

ദുഃഖാര്‍ദ്രമാം എന്റെ നിദ്രയറ്റ രാവുകളിലേക്ക്
ദേശാടന പക്ഷിയെ പോലെ ചേക്കേറിയ
നിന്റെ ഒര്‍മ്മയ്ക്ക് ഞാനെന്റെ
മുറ്റത്തൊരു നിശാഗന്ധി നടുന്നു.

കാഞ്ഞിരം പോലെ കയ്പേറിയ 

എന്റെ ജീവിതത്തിലേക്ക്
മധുരം പകര്‍ന്നിട്ടു വേര്‍പ്പെട്ടുപോയ
നിന്റെ ഓര്‍മ്മകള്‍ക്കായി 

 ഞാനെന്റെ മുറ്റത്തൊരു മധുരനാരകം നടുന്നുഎന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...