Sunday, June 28, 2015

സഖിയോട്‌.....

കേള്‍ക്കാത്ത പാട്ടിന്‍റെ
ഈണം തേടുമ്പോള്‍
അറിയാതെ മനമൊന്നു
താളം തുള്ളിയോ

പറയാത്ത വാക്കിന്‍റെ
ദൂതു പോകുമ്പോള്‍
കാണാ കിനാവിലെ
കാഴ്ചകള്‍ കണ്ടുവോ

വരയാത്ത ചിത്രത്തിന്‍
തെളിമയോര്‍ക്കുമ്പോള്‍
ഇട നെഞ്ചിലാഴത്തില്‍
നിറങ്ങള്‍ തുളുമ്പിയോ
എഴുതാത്ത പ്രണയത്തിന്‍
കടലു കാണുമ്പോള്‍
ഈറന്‍ മിഴികളില്‍
ചെംചായം പൂശിയോ

ഇഷ്ട വഴികളില്‍ .......

ഇഷ്ടമെന്നു ചൊല്ലുമ്പോഴും
മനസ്സ് ഗ്രഹിക്കാനാവാതെ
ഇഷ്ടക്കേടിന്‍റെ പക്ഷികള്‍
കൂടൊരുക്കാന്‍ കാത്തിരിക്കുന്നു
ശരിയെന്നു പറയുമ്പോഴും
തെറ്റുകള്‍ ചികയുന്ന
വിദ്വേഷത്തിന്‍റെ
നിഴലിലുടക്കി മിഴികളില്‍
ചോരത്തുടിപ്പുകള്‍ ഉണര്‍ന്നിരിക്കുന്നു
നേരുകള്‍ തിരഞ്ഞു തിരഞ്ഞ്
നെറിക്കെടുകള്‍ നിവര്‍ത്തിയ
നിയമങ്ങളുടെ കനം പേറിയ
പാഥേയം പൊതിഞ്ഞ വാക്കുകളില്‍
സത്യം ഇടറി വീണിരിക്കുന്നു .
വിശപ്പിന്‍റെ ഉത്തരം തേടിയ
പരാതിപ്പെട്ടികള്‍ തുറക്കാത്ത
കാണാത്ത ദൈവങ്ങളെ നോക്കി
കാണിക്കവഞ്ചികളോരോന്നും
കാവല്‍ നില്‍ക്കുന്നു
ചില്ലയോടു മൊഴി ചൊല്ലിയ
ഇലയെ തഴുകിയ കാറ്റിന്‍റെ
കാതില്‍ പരിഭവം ചൊല്ലുന്നു
വെയിലിന്‍റെ ചുംബനങ്ങള്‍

ഒറ്റ നടപ്പുകളില്‍ .....

ഏകാന്തതയുടെ
അഗ്നി പർവതങ്ങൾ
കുമിഞ്ഞു കൂടും പോലെ ....
ഹൃദയ ഗ്രാഫിലെ
കണക്കുകളില്‍
മഴ പെയ്ത്തിന്‍റെ
കൂട്ടിക്കിഴിക്കലുകള്‍
ഹൃദയം പൊള്ളി
അടരുമ്പോഴും
എന്തു കുളിരാണെന്ന്
പറഞ്ഞ് നിനക്കായി
വെറുതെയെങ്കിലും
ഒരു നുണ മാറ്റി വച്ചിരുന്നു
ഇനി വയ്യ ...
യാത്രയുടെ
അനിവാര്യതയില്‍
ഇഷ്ടങ്ങളുടെ
നുണ കുപ്പായങ്ങള്‍
അഴിച്ചു വച്ച്
കിനാവുകളുടെ
നിഴൽ കൂത്തുകളോട്
യാത്ര ചോദിച്ച്
.
പിടഞ്ഞൊടുങ്ങുന്ന
രാവിനെ സാക്ഷിയാക്കി 
------------

ആതുരാലയങ്ങളില്‍ .......

വിധി തൂക്കിലേറ്റിയ
നിശ്വാസങ്ങള്‍
തളര്‍ന്നുറങ്ങും
മരണ ഗന്ധങ്ങളില്‍
മുഖം മറച്ച്
ആരോ നിഴലായ്
ഒപ്പം നടക്കും
ഉരുകുന്ന
പ്രാര്‍ത്ഥനകളില്‍
ഇടറുന്ന
നിലവിളിയില്‍
വറ്റാത്ത
സ്നേഹത്തിന്‍റെ
മെഴുകുതിരികള്‍
പ്രത്യാശയുടെ
ദീപവുമായി
സാക്ഷ്യം ചൊല്ലും
നോവുണ്ണുന്ന
ഓരോ ഹൃദയങ്ങളിലും
കണ്ടു മറക്കാത്ത മുഖങ്ങളും
കേട്ട് മടുക്കാത്ത ശബ്ദങ്ങളും
കുന്തിരിക്കം പുകച്ച്
ഓര്‍മ്മകളുടെ ചിത്രം തുന്നും
ഓര്‍മ്മിക്കപ്പെടാത്ത
ഒരു ദിനത്തിന്‍റെ വെയിലിഴകളില്‍
ഒടുവിലത്തെ ഒരിറ്റു ശ്വാസവും
പിണങ്ങിയകലുമ്പോഴും
വിടര്‍ന്നു നില്‍പ്പുണ്ടാകും
മറവിയുടെ ആഴങ്ങളിലേക്ക്
കൊഴിഞ്ഞു വീഴാന്‍ പാകത്തില്‍
ഇന്നലെയുടെ ഇത്തിരി കരുതലില്‍
നട്ടു നനച്ചൊരു പനിനീര്‍ച്ചെടി ....

ചുവപ്പ് ....പച്ച.....കാവി....

നാടുണരാന്‍ കാടുണ്ട്
കാട്ടിലോ പച്ചപ്പിന്‍റെ വേരുണ്ട്
പ്രാണനില്‍ സ്പന്ദനമുണ്ട്
സ്പന്ദനങ്ങളിലോ തിളച്ചോടുന്ന 
ചുവന്ന ചോരയുണ്ട്
പച്ചപ്പിന്‍റെ കുളിര്‍മയില്‍
പ്രണയത്തിന്‍റെ ചുവപ്പില്‍
നീയിങ്ങനെ നാളുകള്‍
നീക്കിടുമ്പോള്‍
എന്തിനു മര്‍ത്ത്യാ ...
നീ വീണ്ടും
ഈ നാടു മുടിക്കും
കാപാലികര്‍ക്കായ്
പച്ച , ചുവപ്പ്
കാവിയെന്നോതി
ആവേശത്തിന്‍
അടിപിടി
കലപില
കൂട്ടിടുന്നു

Sunday, June 21, 2015

ഇവള്‍ ...അവള്‍....എന്നും അബല....

ഇഷ്ടങ്ങളില്‍
നിന്നും 
തിരസ്കൃതയായവള്‍

നോവിന്‍
മേച്ചില്‍പ്പുറങ്ങളില്‍
പുഞ്ചിരി നട്ടു
നനച്ചവള്‍
പ്രാതലിനും
ഉച്ചയൂണിനും
ചായക്കോപ്പയിലും
പ്രിയരുടെ
ഇഷ്ടം മാത്രം
പാകപ്പെടുത്തുന്നവള്‍
ഇണയായ്
നിഴലായ്
നിറ ദീപമായി
വാത്സല്യമായി
സ്നേഹമായി
സഹനമായി
കണ്ണീരായി
ഇന്നും
ഇനിയും
ഇതിഹാസങ്ങളിലും

അറിയുക നീ ,,,,,

ഇന്നീ ഭൂമിയില്‍
നേരുകളൊക്കെയും
അകന്നേ പോയ്‌
കാപട്യത്തിന്‍
കറുത്ത വേരുകള്‍
മാനവ ചിന്തകളില്‍
ഉറച്ചേ പോയ്‌
പച്ചപ്പുകള്‍
കാര്‍ന്നു തിന്നു
മഴയും കാറും
എങ്ങോ പോയ്‌
കനക കതിരുകള്‍
വിളഞ്ഞൊരു പാടം
നിരന്നു ലസിക്കും
കൂറ്റന്‍ ഫ്ലാറ്റുകളായ്
വയറു പിളര്‍ന്നു
ചത്തു മലര്‍ന്ന
പുഴകളോ
പാതിവഴിയില്‍
മാഞ്ഞേ പോയ്‌
ഓലപ്പീലിയും
ഓലപ്പന്തും
നീട്ടിയ നാളുകള്‍
ഓര്‍മ്മകളായ്‌
എങ്ങോ
എവിടെയോ എല്ലാം
മറഞ്ഞിടുമ്പോള്‍
അറിയുക നീ...
ഉള്‍ച്ചൂടില്‍
പുകയുമൊരു
വേനലും
വേവലാതിയും
വിഷാംശം
തിന്നു മദിച്ചു
പുളച്ചുണരും
ദീനങ്ങളും
പതിയിരുപ്പുണ്ട്
എങ്ങോ വറുതി നാളുകളും ....

കവിതയോട് പറയാനുള്ളത് ...

നീ വരൂ ,
പെയ്യാന്‍ മടിക്കുന്ന
ജൂണ്‍ മഴ കാത്തുകാത്ത്
മിഴികളുടക്കാതെ
ഞാനിവിടെ കാത്തിരിക്കാം
നക്ഷത്രപ്പൊട്ടണിഞ്ഞ
നിശയുടെ മാറിലേക്ക്
തലചായ്ച്ചു മയങ്ങാന്‍
നിലാവെത്തുന്ന നേരം
മുട്ടിയുരുമ്മുന്ന
നിഴലിന്‍റെ താളുകളാല്‍
കിനാവിന്‍റെ
മാല കോര്‍ക്കാന്‍
ഞാന്‍ ഉണര്‍ന്നിരിക്കാം
ഇലകളെയും പൂക്കളെയും
ഉമ്മ വച്ചു മയങ്ങുന്ന
മഞ്ഞുത്തുള്ളികളെ
തൊട്ടെടുത്ത്
പ്രണയം നുകര്‍ന്ന
കവിള്‍ത്തടങ്ങളില്‍
വിരിയുന്ന നുണക്കുഴികളില്‍
ചേക്കേറുന്ന
ചുവന്ന ചായം ചാലിച്ച്
ഇരുള്‍ തൊപ്പി മാറ്റിയെത്തുന്ന
പകലിനു സമ്മാനമേകാം
ഇന്നലെയുടെ നനവുകളെ
അധരങ്ങളാല്‍ ഒപ്പിയെടുക്കാം
മിഴിത്തുമ്പിലുടക്കുന്ന
വാചാലതകളെ
വിരല്‍ത്തുമ്പുകളില്‍
കോര്‍ത്തെടുത്ത്
തകര്‍ത്തു പെയ്യുന്ന
മഴമേഘം പോലെ
പെയ്തൊഴിയാനായി
നീയെന്നിലേക്ക്
പടര്‍ന്നിറങ്ങുന്നതും കാത്ത്
പ്രിയ കവിതേ.....നീ വരൂ ,
ഇനിയും ഞാന്‍ കാത്തിരിക്കാം

നാം മൌനം വാചാലമാക്കിയവര്‍....

നാം
മൗനം
വാചാലമാക്കിയവരാണ്
പറഞ്ഞു പറഞ്ഞ് 
വാക്കുകള്‍
നഷ്ടമായപ്പോള്‍
ഉള്ളനക്കങ്ങളിലെ
പരിഭവങ്ങളുടെ
മഹാ വനങ്ങളില്‍
ഒളിഞ്ഞിരുന്ന്
മറുവാക്കുകള്‍ തേടി
നിശ്ശബ്ദതയെ വിരുന്നൂട്ടി
കാണാതെ കണ്ട്
നൊന്ത് നൊന്ത്
നോവിന്‍
പെരുക്കങ്ങളെ
പോറ്റിയൂട്ടുമ്പോള്‍
നാം വീണ്ടും
മൗനത്തെ
വാചാലമാക്കുകയാണ്

ജീവിതവേവുകളില്‍ .....

മരണത്തിന്‍റെ മണമാണ്
ജീവിതത്തിന്,
നോവിന്‍റെ രുചിയും
കൈവെള്ളയിലകപ്പെട്ട
പക്ഷിക്കുഞ്ഞിന്‍റെ ഹൃദയം പോലെ
പിടച്ചിലുണ്ടാകും ,
നനഞ്ഞു പോയ
മരത്തിന്‍റെ ഇലത്തുമ്പുകളെ
പൊള്ളിക്കാനെത്തുന്ന വെയില്‍ പോലെ
കിനാക്കളെ കാത്തു വയ്ക്കുമത്
ഉള്ളം കൈയില്‍ നിറച്ച വെള്ളം പോലെ
എത്ര ചേര്‍ത്ത് പിടിച്ചാലും
അറിയാതെയറിയാതെ
ഊര്‍ന്നൂര്‍ന്ന് നഷ്ടമാകുന്ന
ഇഷ്ടങ്ങളെ അണച്ചു പിടിക്കും
ഒരില കൊഴിയും പോലെ
നിനച്ചിരിക്കാത്ത നേരം
മണ്ണിലേക്ക് മടങ്ങും
പിന്നിട്,
എന്നോ പങ്കിട്ട നിമിഷങ്ങളുടെ
വാക്കായി
പുഞ്ചിരിയായി
വെയിലായി മഴയായി
ഇഷ്ട മനസ്സുകളിലെ ഓര്‍മകളിലേക്ക്
അലസമായ തെന്നല്‍ പോലെ
വന്നെത്തി തിരികെ പോകും ......

പുനര്‍ജനിയില്‍ ....

അവസാന വരിയെഴുതി 
തീരാറാകുമ്പോഴാവും
എന്‍റെയീ നേര്‍ത്തവിരലുകളിലേക്ക് 
മരവിപ്പ് പടര്‍ന്നെത്തുന്നത്

അപ്പോഴും ,
നീയെന്നെ വായിച്ചു തീര്‍ന്നിട്ടുണ്ടാവില്ല
പെയ്തു തോരാന്‍ മടിക്കുന്ന മഴ പോലെ
നിന്‍റെ മിഴികളെന്നെ കാത്തിരിക്കുമ്പോഴാവും
പ്രിയരില്‍ നിറയുന്ന തോരാ മഴയായി
ഓര്‍മ്മകളില്‍ നിറഞ്ഞ് ഞാന്‍ മണ്ണിലേക്ക് മടങ്ങുന്നത്
നിന്‍റെ ചിന്തകളില്‍ കാളുന്ന ചിതയെരിയാതെ
മറുവാക്കുകളില്ലാതെ നിമിഷങ്ങളെണ്ണുമ്പോഴാവും
മിഴിക്കോണിലുറയുന്ന നനവുകളിലേക്ക്
വരച്ചു തീര്‍ക്കാനാവാത്തൊരു
പ്രണയമായി ഞാന്‍ പുനര്‍ജനി നേടുന്നത്

Tuesday, June 16, 2015

നിനവുകള്‍ ഉണരുമ്പോള്‍ .......

ഏകാന്തതയുടെ വലയില്‍
കുടുങ്ങുമ്പോഴാണ്
ഇരുളിലാണ്ടു പോയ
നനവുള്ള ഓര്‍മ്മകളുടെ
ആകാശങ്ങളിലേക്ക് 
വിരുന്നു പോകുന്നത്
മരിച്ചു വീണ
നിമിഷങ്ങളുടെ
ഗോവണി ചാരി വച്ച്
മിന്നി മിന്നി തെളിയുന്ന
ഓരോ നക്ഷത്രങ്ങളെയും
മിഴികളില്‍
ചേര്‍ത്തു വയ്ക്കും
പതം പറഞ്ഞതും
പരിഭവം പറഞ്ഞതുമായ
പ്രിയമായ ശബ്ദശകലങ്ങളെ
കാതുകളിലേക്ക് കോര്‍ത്തെടുത്ത്
വീണ്ടുമൊരു പുഞ്ചിരിയുടെ
ഭാരമില്ലായ്മയ്ക്ക്
കടം നല്‍കും
മൂടി പുതച്ചു കിടക്കുന്ന
പൊട്ടിപ്പോയ ഇഷ്ടങ്ങളുടെ
ഒറ്റ മരക്കഥകളെല്ലാം
നോവുകളുടെ ഭൂപടങ്ങളില്‍
ചിതലുറുമ്പുകളാല്‍
വരച്ചു ചേര്‍ക്കും
ഏകാന്തതയുടെ വലയില്‍
കുടുങ്ങുമ്പോഴാണ്
ഇരുളിലാണ്ടു പോയ
നനവുള്ള ഓര്‍മ്മകളുടെ
ആകാശങ്ങളിലേക്ക്
വിരുന്നു പോകുന്നത്

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...