Sunday, June 21, 2015

കവിതയോട് പറയാനുള്ളത് ...

നീ വരൂ ,
പെയ്യാന്‍ മടിക്കുന്ന
ജൂണ്‍ മഴ കാത്തുകാത്ത്
മിഴികളുടക്കാതെ
ഞാനിവിടെ കാത്തിരിക്കാം
നക്ഷത്രപ്പൊട്ടണിഞ്ഞ
നിശയുടെ മാറിലേക്ക്
തലചായ്ച്ചു മയങ്ങാന്‍
നിലാവെത്തുന്ന നേരം
മുട്ടിയുരുമ്മുന്ന
നിഴലിന്‍റെ താളുകളാല്‍
കിനാവിന്‍റെ
മാല കോര്‍ക്കാന്‍
ഞാന്‍ ഉണര്‍ന്നിരിക്കാം
ഇലകളെയും പൂക്കളെയും
ഉമ്മ വച്ചു മയങ്ങുന്ന
മഞ്ഞുത്തുള്ളികളെ
തൊട്ടെടുത്ത്
പ്രണയം നുകര്‍ന്ന
കവിള്‍ത്തടങ്ങളില്‍
വിരിയുന്ന നുണക്കുഴികളില്‍
ചേക്കേറുന്ന
ചുവന്ന ചായം ചാലിച്ച്
ഇരുള്‍ തൊപ്പി മാറ്റിയെത്തുന്ന
പകലിനു സമ്മാനമേകാം
ഇന്നലെയുടെ നനവുകളെ
അധരങ്ങളാല്‍ ഒപ്പിയെടുക്കാം
മിഴിത്തുമ്പിലുടക്കുന്ന
വാചാലതകളെ
വിരല്‍ത്തുമ്പുകളില്‍
കോര്‍ത്തെടുത്ത്
തകര്‍ത്തു പെയ്യുന്ന
മഴമേഘം പോലെ
പെയ്തൊഴിയാനായി
നീയെന്നിലേക്ക്
പടര്‍ന്നിറങ്ങുന്നതും കാത്ത്
പ്രിയ കവിതേ.....നീ വരൂ ,
ഇനിയും ഞാന്‍ കാത്തിരിക്കാം

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...