Sunday, October 1, 2017

ജാലകങ്ങള്‍....


എന്നിലേക്കെത്തുന്ന
എല്ലാ ജാലകങ്ങളും
നിനക്കിനി അടയ്ക്കുകയോ
തുറന്നിടുകയോ ചെയ്യാം.

എങ്കിലും,

ഒരിറ്റു കാഴ്ചയുടെ
ഉറവയിലേക്ക്
നീ മാറ്റിവയ്ക്കപ്പെടുന്ന
ഔദാര്യത്തിലൂടെ
ഞാനെന്റെ വെയിലിനെയും
നിലാവിനെയുംനക്ഷത്രങ്ങളെയും
പൂക്കളെയും തൊട്ടുരുമിയീ
നെഞ്ചോടുചേർത്തുവയ്ക്കും

എന്നിട്ട്,

കുരുക്കിട്ട്
വരിഞ്ഞുമുറുക്കുന്ന
മഞ്ഞച്ചരടിന്റ
തുലാസ്സുകളിലെന്റെ
കിനാക്കളുടെ ഭാരമളന്ന്
എത്രയോവട്ടം ഞാൻ
തൂങ്ങിമരിച്ചതും
ഉയിർത്തെഴുന്നേറ്റതുമായ
കഥകളോരോന്നും
ഒരു തുണ്ടുനിലാവിന്റെ
ജാലകങ്ങളിലൂടെ ഞാൻ
കവിതകൾക്കു സമ്മാനിക്കും.

അപ്പോൾ,

എല്ലാ നേരുകളും
ഒരു തുറന്നപുസ്തകമാകും
ഓർമ്മകളുടെ പിന്നാമ്പുറത്ത്
മേഞ്ഞുനടക്കുന്ന പഴമകളെ
സുവർണലിപിയാലന്ന്
നീ വായിക്കേണ്ടതുണ്ട്.

എല്ലാ പഴുതുകളും
അടയുമ്പോൾ
നാളെ നാവുവരണ്ട്
നീ അവശനാകുമ്പോൾ
ഒരിക്കലെങ്കിലും
നിനക്കു വായിക്കാൻ
വേവുപാകത്തിലാവും
ഞാൻ എഴുതിവച്ചിരിക്കുക.

ആദ്യം വരൾച്ചയുടെ
ജാതകക്കെട്ടുകൾ
നീ തുറന്നുനോക്കുക ,
വരുംനാളെകളിലേക്ക്
ഒഴുകിയെത്താൻ
പാകത്തിലന്ന്
എല്ലാ ജാലകങ്ങളും
നീ തുറന്നിടാൻ ശ്രമിക്കുക

മരുഭൂമികളിൽ
മഞ്ഞുപൊഴിയുന്ന
ജാലകക്കാഴ്ചകളെല്ലാം
അന്നെങ്കിലും നിന്നിലുണരട്ടെ...

Saturday, September 30, 2017

കടല്‍ കാണുന്നവര്‍....

വീണ്ടും നോവാഴങ്ങളിലേക്ക് മുങ്ങുകയാണെന്ന് അറിയാതല്ലയീ നടത്തം ..
ഇപ്പോള്‍ ,പ്രിയരെല്ലാം കൂടുതൽ മിഴിവോടെ
ഓര്‍മ്മയില്‍ തെളിയുകയാണ്.. ഒന്നും ഓര്‍ക്കരുതെന്നും ബാക്കിപ്പോന്ന ഇത്തിരി ദൂരത്തിലേക്ക് നടന്നു ചെല്ലാന്‍ ആരുടെയും ഓര്‍മ്മകളൊന്നും ആവശ്യമില്ലാന്നു എത്രവട്ടമീ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതാണ് ..എന്നിട്ടും,
കൂട്ടുകാരുമൊത്തു കഴിഞ്ഞ ഓരോനിമിഷങ്ങളും.. അന്ന്, ഞങ്ങള്‍ക്കിടയിലേക്ക് അറിയാതെ വിരുന്നെത്തുന്ന പൊട്ടിച്ചിരികളും കൂടുതൽ തെളിമയോടെ മനസ്സിലങ്ങനെ ചിത്രം വരയുകയാണ് .. എവിടെയാവും ഇപ്പോള്‍ എല്ലാവരും ,,,
പിരിയുമ്പോള്‍ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു..
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൂടണം ..വിശേഷങ്ങള്‍ അറിയാന്‍ കൂടെക്കൂടെ വിളിക്കണം ...ആദ്യമൊക്കെ വിളിയും വിശേഷങ്ങളും ഒക്കെ അറിഞ്ഞിരുന്നു ..ഇപ്പൊ വിളിയുമില്ല ...കൂടലുമില്ല ...

ഒറ്റയ്ക്കാവുന്ന നേരങ്ങളിൽ എന്‍റെ മൗനങ്ങൾക്ക് ആയിരം നാവുമുളയ്ക്കുന്നുവോ .. വെറുതെയെങ്കിലും നഷ്ടങ്ങളെയെല്ലാം മനസ്സിലേക്ക് ഉരുട്ടിക്കയറ്റി വീണ്ടും ഉപ്പു രുചിക്കുന്നുവോ... മറവിയിലേക്ക് മനപ്പൂര്‍വം ഉപേക്ഷിച്ച എത്ര വാക്കുകള്‍ ....സ്വരങ്ങള്‍ ...ഇതൊക്കെയാരാണിപ്പോള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത് ...
കൺമുനകോർക്കുന്ന ഓരോ വസ്തുവിലും ഇത്ര കൂടുതൽ ദൃശ്യഭംഗി പണ്ട് തോന്നാതിരുന്നതെന്താണ് ..?
ഈ നോവിന്റെ സഹനത്തിലും ഇഷ്ടസ്വരങ്ങളെയും മുഖങ്ങളെയും വീണ്ടും കേൾക്കാനും കാണാനും കൊതിക്കുന്നതെന്തിനാണ് ഇനിയും.?
ചെറിയൊരു ഇരുൾപാതിയെയും നിഴലുകളെയും താനിപ്പോള്‍ വല്ലാതെ ഭയന്നു തുടങ്ങിയോ ...?
എന്തിനാണിപ്പോൾ ഓരോ ശ്വാസനിശ്വാസവേഗങ്ങളിലേക്കും കാതുകളിങ്ങനെ ഒരു ഭയപ്പാടോടെ ചേര്‍ത്തുവയ്ക്കുന്നത് ...
യാത്രയുടെ നാൾവഴികള്‍ അവസാനിക്കാറായെന്ന് അറിഞ്ഞപ്പോഴും എന്താണ് മിഴികള്‍ തുളുമ്പാതിരുന്നത്..ഒരു കണ്ണീര്‍ നനവിലൂടെ പോലും ഇനിയും തോല്‍ക്കരുതെന്നു ആരെങ്കിലും മനസ്സിലിരുന്ന് പിറുപിറുക്കുന്നുണ്ടോ...
ഓരോ ദിനവും അവസാനിക്കുമ്പോൾ നോവുകൾ പടര്‍ന്നേറുകയാണ് ..ആരോടാണ് എല്ലാമൊന്നു പറയുക...തിരക്കിന്‍റെയും വെട്ടിപ്പിടിക്കലിന്‍റെയും നെട്ടോട്ടത്തിനിടയില്‍ ആര്‍ക്കാണ് ഇതൊക്കെ കേള്‍ക്കാന്‍ നേരവും മനസ്സും ...
ഇന്നൊരു കടല്‍ കാണണം ....കടല്‍ പോലെ ഒന്നുറക്കെ കരയാന്‍ ശ്രമിക്കണം ...ഇനിയുമേറുന്ന നോവുകളെ കാത്തിരിക്കേണ്ടതുണ്ട് ...ഒന്നുമില്ലാത്തവന്റെ നിസ്സഹായതയില്‍ തലചായ്ച്ച് ഒരു പുഞ്ചിരി വെട്ടത്തിന്‍റെ കരളുറപ്പില്‍ ഇനിയും പോകേണ്ടതുണ്ട് ... ....

Saturday, September 23, 2017

എനിക്കിനി,,,,,

എനിക്കിനി
ഒരു കാഴ്ചയോളം
ദൂരത്തായി
ആകാശംവേണം

എന്റെ
നിറകണ്ണോളം
ആഴത്തിൽ
നക്ഷത്രങ്ങളെ
തുന്നിപ്പിടിപ്പിക്കണം
ഒരു നെടുവീർപ്പിനാൽ
ഉള്ളംപൊള്ളാതെ
വെയിലോർമ്മകളിലൂടെ
വെറുതെ നടക്കണം
ഒരു കഥയുടെ
പുഞ്ചിരിച്ചെപ്പോളം
നടന്നുചെന്ന്
തോരാമഴ നനയണം
നാലുചുമരുകളാൽ
നിറം പുരളാത്ത
ചിന്തകളിലൂടെ
മിന്നാമിന്നികൾപോലെ
മെല്ലെ പാറണം
രണ്ടുപാദം
ദൂരത്തിലേക്ക്
ഓടിപ്പോകുന്ന
മറവിയെപ്പോലും
നെഞ്ചോടുചേർത്തുപിടിക്കണം
കത്തിത്തീരാത്ത കനവുകളുടെ
ഭൂപടങ്ങളെല്ലാംവരയാനായി
കരിപിടിക്കാത്തയിത്തിരി
ഭൂമി സ്വന്തമാക്കണം
ഇതല്ലാതെയിനിയെന്ത്..?
മറ്റൊന്നുംവേണ്ട
എനിക്കിനി..

Wednesday, February 22, 2017

തനിച്ചു നടക്കുമ്പോള്‍ ....

തനിച്ചു നടക്കുമ്പോൾ
മനസ്സെപ്പോഴും
ഒരു മഴയെ
വകഞ്ഞുമാറ്റാനാവതെ
ചേർത്തുപിടിച്ചിട്ടുണ്ടാകും


തനിച്ചിരിക്കുമ്പോൾ

ചിന്തകളെല്ലാം
നേർത്തുപോകുന്ന
പുഴകളുടെ
കഥകളോടൊപ്പം
സഞ്ചരിക്കുന്നുണ്ടാകും

തനിച്ചു കാണുമ്പോഴൊക്കെയും

കടലിലെ ഓരോ തിരയും
തന്നിലേക്കിറങ്ങിവാ എന്ന്
ഉറക്കെ വിളിക്കുന്നുണ്ടാകും

തനിച്ചിറങ്ങിപ്പോയ

ഓരോകിനാക്കളുടെയും
കാലൊച്ചകൾ കാതോർത്താൽ
ഉള്ളംകൈയിലാരുടെയോ
നനുത്തൊരു സ്പർശം
തുടിക്കുന്നതറിയാം.

അപ്പോഴാണറിയുക,

ഉള്ളിലൊരു മഴയും

മഴനിറച്ച ഒരു കടലും
ഉരുകിവീഴാൻ പിടയുന്ന
നക്ഷത്രത്തിനെപ്പോലെ
ഒരു മനസ്സുംകൂട്ടായുണ്ടെന്ന്...കാത്തിരുപ്പ് .....

വൈഗ ഓണ്‍ ലൈനില്‍ പ്രസിദ്ധികരിച്ചത്

കാത്തിരുന്നവന്റെ
തീക്കണ്ണുകൾക്ക് മുന്നിലേക്ക്
ഇലകൾ കൊഴിഞ്ഞുവീഴുകയും
കാറ്റ് അന്ത്യകർമ്മങ്ങൾ നടത്തുകയും
ചെയ്തുകൊണ്ടേയിരുന്നു


കാതോർത്തിരുന്നവന്റെ
കൂർത്തകാതുകളിലേക്ക്
ഒരിക്കലും വന്നെത്തിയില്ല
കുടഞ്ഞെറിഞ്ഞ കരിമുകിലിൻറെ
രോദനങ്ങളുയർത്തിയ തായമ്പകൾ.


യൗവനതീക്ഷ്ണതയിൽ

ചുട്ടെരിക്കപ്പെടാനായി
നേർച്ചയർപ്പിച്ച സ്വപ്നങ്ങളുടെ
വിങ്ങലുകൾക്ക് അകമ്പടിയായി
ലഹരിമൂത്ത അധരങ്ങളെല്ലാം
ഒളിയിടങ്ങളിലെവിടെയോ
സദാ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു.

ഇന്നത്തെപോലെ...

ഇനിയും വരുംനാളുകളിലും
എങ്ങുമീ കോലാഹലങ്ങൾ
പാതയോരങ്ങളിൽ നിന്നും
വൃക്ഷത്തണലുകളിൽ നിന്നും
നാൽക്കവലകളുടെ മുറ്റങ്ങളിൽ
ഇത്തിരി ചോരയിറ്റിച്ച്
മരണക്കിണറുകളിലേക്കിവിടെ
ചൂഴ്ന്നിറങ്ങും....കാത്തിരിക്കാം...

ഉണ്ണ്യേട്ടനും മീരയും പിന്നെ കത്തും ,....

ഉണ്ണ്യേട്ടാ ,

ഇന്ന് കത്ത് കിട്ടിയപ്പോ എല്ലാരും എന്നെ കളിയാക്കിട്ടോ . "നിങ്ങക്ക് പറയാനുള്ളത് ഫോണിലൂടെ പറഞ്ഞൂടെ എന്തിനാ കത്ത് " ന്ന്പറഞ്ഞിട്ട് .
കത്ത് വായിക്കുന്നതിന്റെ സുഖമൊന്നു വേറെയാന്ന് പറഞ്ഞ് ഞാനവർക്ക് മറുപടി കൊടുത്തു.

അല്ല പിന്നെ,അവർക്കറിയോ ഉണ്യേട്ടന്റെ കത്തിനായുള്ള ന്‍റെ കാത്തിരിപ്പും,കത്ത് വീണ്ടുംവീണ്ടും വായിക്കുമ്പോഴുള്ള സന്തോഷവും ഒക്കെ. സന്തോഷം മാത്രമല്ലട്ടാ എന്തു ആത്മബലവുമാണെന്നോ ഉണ്യേട്ടന്റെ വാക്കുകൾ നൽകുന്നത്.ഒറ്റയ്ക്കല്ലാന്നൊരു തോന്നൽ,ഏതു സങ്കടങ്ങളുംപങ്കുവയ്ക്കാനൊരു ആൾ.. ശരിക്കും ഉണ്യേട്ടാ ,സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുകന്നത് ഒരു ഭാഗ്യം തന്ന്യാല്ലേ...

ദേ ,ഇന്നുംസ്കൂളിലെത്താൻ വൈകിട്ടാ. എന്താചെയ്ക എല്ലാ പണികളും തീർത്ത് ഓടിക്കിതച്ചു ചെന്നപ്പോ എട്ടിന്റെ ലൗലി പോയി പിന്നെ വന്നത് മോളിക്കുട്ടിയാ. എന്തു തിരക്കായിരുന്നുവെന്നോ. എങ്ങനെയെങ്കിലും തൂങ്ങിപ്പിടിച്ചങ്ങു ചെന്നപ്പോഴേക്കും ഹെഡ്മാസ്റ്റർ വക ശകാരം.
വൈകിട്ട് വരുംവഴി അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ ചെന്നപ്പോഴാ കുട്ടേട്ടനെ കണ്ടത്. അച്ഛൻ ഇന്നലെയും മദ്യപിച്ച് കവലയിൽ ബഹളം കൂട്ടി പോലും. കേട്ടപ്പോ ഭൂമിപ്പിളർന്ന് ഞാനങ്ങ് താഴ്ന്നുപോകണപോലെ തോന്നി. ഇപ്പോ സമയം 9 ആകുന്നു ഇതുവരെ സനു എത്തിട്ടില്ല.അവനീയിടെയായി കൂട്ടുകാരൊടൊപ്പം കറക്കംതന്നെ.ഞാൻ പറഞ്ഞാലവൻ ഒന്നും കേൾക്കില്ല.
മിന്നാമിന്നികൾ നൃത്തംവയ്ക്കണ മുറ്റം പോലുമില്ലാന്ന് എഴുതി കണ്ടല്ലോ .എന്തിനാ മിന്നാമിന്നി. ഒന്നു കണ്ണടച്ചിരുന്നപ്പോരേ.ഈറൻമുടിത്തുമ്പിൽ തുളസിക്കതിർച്ചൂടി, നെറ്റിമേൽ ഭസ്മക്കുറി തൊട്ട മീര ..... ദേ നോക്ക്, മുന്നിലെത്തില്ലേ....ങേ.
അതേ ഒറ്റയ്ക്കാണെന്നു കരുതി അലസതയൊന്നും വേണ്ട ട്ടാ. സമയത്ത് ഭക്ഷണമൊക്കെ കഴിക്കണം.
അതേ ഇപ്പോ അമ്മക്ക് ഭക്ഷണവുംമരുന്നും ഒക്കെ കൊടുക്കാനുള്ള നേരായി. ബാക്കി പിന്നെ അടുത്ത കത്തിൽ എഴുതാം ട്ടാ..

 സ്നേഹപൂർവം,
 ഉണ്യേട്ടന്റെ മീര.

രക്തസാക്ഷി ..

തിരക്കിന്റെ ലോകത്ത് പേരുകേട്ട പിടിയാട്രിഷ്യന്റയും മന:ശസ്ത്രവിദഗ്ദ്ധയുടെയും ഏകമകളാണവൾ... ഒറ്റപ്പെടലിൻറെ നാലു ചുമരുകൾക്കുള്ളിൽ നിന്നവൾ പാറി വീണത്, അച്ഛൻ നൽകിയ കമ്പ്യൂട്ടറിനുള്ളിലെ വിശാലമായ സൗഹൃദയവലയത്തിലേക്കായിരുന്നു.... വർണശലഭം പോലവൾ അവിടെ പാറിപ്പറന്നു....
സൗഹൃദങ്ങൾ ചിലന്തികളെ പോലെയവിടെ കെണികളൊരുക്കി കാത്തിരിപ്പുണ്ടായിരുന്നു.. ദിവസങ്ങള്‍ പോകെ വലയിൽകുടുങ്ങിപ്പോയ നിസ്സഹായയായ ചെറുപ്രാണിയെപ്പോലെയായി അവൾ... ... ഒന്നുറക്കെ കരയാനാവാതെ, വല്ലാതെ ശ്വാസംമുട്ടിയ നാൾ.... തനിക്ക് വാത്സല്യം നിഷേധിച്ച് ഒറ്റപ്പെടുത്തിയവരോട് ഉള്ളിൻറെയുള്ളിൽ അവൾ പ്രതിഷേധത്തിന്റെ ജ്വാലയായി..... രക്ഷനേടാനായി ഉറച്ച മനസ്സുമായി മേഘപാളികളിലേക്കവൾ പറന്നകന്നു..... വരും നാളിലെ ഓര്‍മ്മകളിലേക്ക് മഹാപ്രളയമായി പെയ്തൊഴിയാൻ.....

Saturday, November 12, 2016

മിന്നാമിന്നി ......

ഓര്‍ത്തു വയ്ക്കുവാന്‍
നല്ലൊരു ഈരടിയല്ല ഞാന്‍ !

കാത്തു വയ്ക്കുവാനൊരു
മയില്‍പ്പീലിയുമല്ല ഞാന്‍ ...!!
നിന്‍ മിഴിക്കോണില്‍
മയങ്ങും ലാവണ്യമല്ല ഞാന്‍!
രാവിന്‍ നിലാവഴകില്‍
തെളിയും താരവുമല്ല ഞാന്‍!!
ഈ ജീവിതവീഥിയില്‍
ഈ കണ്ണീര്‍ നനവിതില്‍
വിതയില്ലാ കവിതയും
കഥയില്ലാ കഥനവുമായി
നടന്നു തീര്‍ക്കും വെറുമൊരു
മിന്നാമിന്നിയാണു ഞാന്‍ ..
പാവം, വെറുമൊരു
മിന്നാമിന്നിയാണു ഞാന്‍,,,,

Monday, October 24, 2016

മമ ഭാരതമേ സ്വസ്തി

അമ്മേ ! ഭാരതാംബേ ! പൊറുക്കുക
കുരുക്ഷേത്രഭൂമിയാണിവിടം
ധർമ്മാധർമ്മ നെരിപ്പോടുകളിൽ
കനലുകളെങ്ങും പുകയുന്നു.

ആത്മബന്ധങ്ങളിരുളിൽ

വേരാഴങ്ങൾപിഴുതെറിയുന്നു
ഭയമറ്റ കഴുകൻകണ്ണുമായാരോ
പെൺമക്കളെ വേട്ടയാടുന്നു.

വഴിയോരങ്ങളിലെങ്ങും 

ശവംനാറിപ്പൂക്കൾ പൂക്കുന്നു
മതഭ്രാന്തർതൻ തേരോട്ടങ്ങൾ
ചിന്തയിൽ വളവുകൾതീർക്കുന്നു.

മരിച്ചുവീഴുമീ കാടിൻമക്കൾ

നാടിൻ രോദനമായി മാറുന്നു
പട്ടിണി കശക്കിച്ചുരുട്ടിയ മുല-
ഞെട്ടുകളോ കണ്ണീരിൻചാലാകുന്നു.

ഉടുതുണി മാറ്റിയുടുത്തു വരും

ഋതുവിൻ ചേഷ്ടകൾ കാൺകെ
വരൾച്ച മലമടക്കുകൾ തോറും
അപായച്ചങ്ങല നിവർത്തുന്നു

മണ്ണിൽ പൊന്നുവിളഞ്ഞൊരാ

സുവർണനാളുകളെങ്ങോ പോയ്
പരിഷ്കൃതരായ് തീർന്നവരോ
പൈദാഹം വിഷത്താൽകെടുത്തുന്നു .

അഹിംസയിലൂന്നിയ ദേശസ്നേഹികൾ

പൊരുതിനേടിയ സ്വാതന്ത്ര്യത്താൽ
തെരുവോരങ്ങളിൽ ചോരത്തിളപ്പുകൾ
ചുംബന കാഹളം മുഴക്കുന്നു.

മറഞ്ഞു നമ്മുടെ കോമള നാളുകൾ

മറന്നു നമ്മുടെ സംസ്കാരങ്ങൾ
മതമാത്സര്യത്തിരികൾ കെടുത്തുക
മമ ഭാരതമേ സ്വസ്തിയെന്നോതുക നാം ,
മമ ഭാരതമേ സ്വസ്തിയെന്നോതുക നാം.

ഓര്‍മ്മപെരുക്കങ്ങളില്‍

നീ കേള്‍ക്കാത്ത ശബ്ദത്തില്‍
നീ കാണാത്ത അകലത്തില്‍
പകലിന്‍റെ ആളലുകളില്‍ വെന്തും
രാവിന്‍റെ കിതപ്പുകളില്‍ മയങ്ങിയും
ഇന്നലെയുടെ പാതിമയക്കത്തില്‍
ഞെട്ടറ്റു പോയ ഒരുകരിയിലയുണ്ട്

വേരുകളുടെ രഹസ്യങ്ങള്‍തേടാനോ
തായ്ത്തടിയുടെ ഇറുങ്ങിയ 
ഞരമ്പുകള്‍ക്കുള്ളില്‍
പിടഞ്ഞോഴുകുന്ന നനവുകളുടെ 
പ്രണയമറിയാനോ മെനക്കെടാതെ 
മണ്ണകത്തളങ്ങളിലേക്ക് 
കമഴ്ന്നു നോക്കാതെ 
ചിറകു നിവര്‍ത്താതെ
പലവഴിതേടിനടന്നു  
പകച്ചിരുണ്ടുപോയകറയുമായ് 
ഓടിവന്നെത്തുന്ന കരക്കാറ്റിന്‍റെ
പീഡനങ്ങള്‍ക്കൊടുവില്‍വിറങ്ങലിച്ച് 
അന്ത്യയുറക്കത്തിനായ് 
സെമിത്തേരിയിലെ
മീസാന്‍ക്കല്ലുകള്‍ക്ക് മുകളിലേക്ക്
കൊത്തിവച്ച അക്ഷരപാതികളിലേക്ക്
ചുംബനചൂടുമായ് 
കൊഴിഞ്ഞുവീഴുകയാണ്
നീ കേള്‍ക്കാത്ത ശബ്ദത്തില്‍
നീ കാണാത്ത അകലത്തില്‍
പകലിന്‍റെ ആളലുകളില്‍ വെന്തും
രാവിന്‍റെ നിലാകിതപ്പുകളില്‍മയങ്ങിയും
ഇന്നലെയുടെ പാതിമയക്കത്തില്‍
ഞെട്ടറ്റു പോയ ഒരുകരിയില.

Sunday, October 23, 2016

ഒറ്റവാക്കിന്‍റെ കവിതയായിടാന്‍.

ഹേ! കവേ,
കാവ്യലഹരിയുടെ
ഒറ്റക്കുതിപ്പിലലിഞ്ഞു
നീയുറക്കെ പാടുമ്പോള്‍
നിന്‍റെ ഇടനെഞ്ചിലെ ലഹളയില്‍
വാക്കിന്‍റെ പുളകങ്ങളാര്‍ക്കുന്നത്
ഞാനറിയുന്നു..


നരനനുത്തുതുടുത്ത താടിമേല്‍
വിരലിനാല്‍ മെല്ലെ തൊട്ട്
കണ്ണിമയിറുക്കിപ്പൂട്ടി
ഇരുളിലാരെയോ തേടി
നീ വീണ്ടും ഒരു നിറവിനായ്
കളങ്ങള്‍ ഒരുക്കുമ്പോള്‍
നിന്‍ ചിന്തകളില്‍ അലകളാര്‍ക്കുന്നത്
ഞാന്‍ കേള്‍ക്കുന്നു...

നിന്‍റെ കാഴ്ചകളിലേക്ക്
ഒരു ഇരയെകോര്‍ത്തുവയ്ക്കാന്‍
കറുപ്പു പടര്‍ന്ന നിന്‍റെ ചുണ്ടുകളിലേക്ക്
ഒരു വരിയിലൊരു കൊടുങ്കാറ്റായി മാറിടാന്‍
അര്‍ത്ഥമില്ലാവിദ്വേഷത്തിന്‍റെ മാറാല പിടിച്ച
നിന്‍റെ ചിന്തകളിലേക്ക് പെയ്തുപെയ്തൊഴിഞ്ഞു
ഒരുമഴവില്ലായി വിരിഞ്ഞിടാന്‍

ഹേ, കവേ...
കാത്തിരിക്കുന്നു ഞാന്‍,
നിന്‍റെ രസനയില്‍ നുണയുന്ന
ഒറ്റവാക്കിന്‍റെ കവിതയായിടാന്‍.....

ജാലകങ്ങള്‍....

എന്നിലേക്കെത്തുന്ന എല്ലാ ജാലകങ്ങളും നിനക്കിനി അടയ്ക്കുകയോ തുറന്നിടുകയോ ചെയ്യാം. എങ്കിലും, ഒരിറ്റു കാഴ്ചയുടെ ഉറവയിലേക്ക് നീ മാറ...