Thursday, May 31, 2018

നീ മാത്രമാണെന്ന്......

ഒരു കടൽ കാണുമ്പോൾ
പലവഴി തിരിഞ്ഞലത്തെത്തിയ
നദികളുടെ ഒച്ചിഴച്ചിലിന്റെ
നൊമ്പരത്തെപ്പറ്റി
തിരകളോടു ചോദിക്കുക

ഒരു പൂമരം കാണുമ്പോൾ
മുറുകെപുണർന്ന്
പൂക്കളിറുത്തു വിതറുന്ന
തെന്നലിന്റെ
രഹസ്യമൊഴിയെന്തെന്ന്
മറ്റാരും കേൾക്കാതെ
നീ ഇലകളോടു ആരായുക .

ഒരു തൊട്ടാവാടിയെ
തൊടും മുന്നേ നീ
വർണങ്ങൾ തേടിപ്പോയ
ശലഭചിറകുകൾക്ക്
ഭാരമുണ്ടോന്ന്
കാട്ടുപ്പൂക്കളോടു
മറക്കാതെ ചോദിക്കുക

ഒരു കുയിലിന്
എതിർപ്പാട്ട് പാടുംമുമ്പ്
തേനുണ്ണാനെത്തിയ
കരിവണ്ടിന്റെ
മൂളിപ്പാട്ടുകൾക്കൊപ്പം
ഇതൾ പൊഴിച്ചതാരെന്ന്
നിന്നെ വന്നു പുണരുന്ന
വെയിൽനിഴലുകളോട്
അന്വേഷിക്കുക..

തിരകളും, ഇലകളും
കാട്ടുപ്പൂക്കളും,
ഇതളുമപ്പോൾ
നിന്നോടു പറയും
നോവും മൊഴിയും
വേവും നിഴലും
നീയാണെന്ന്
നീ മാത്രമാണെന്ന്.

No comments:

എന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...