Friday, February 27, 2015

കുഞ്ഞികവിതകള്‍ ....

ഞാൻ 

വിവര്‍ത്തനം ചെയ്യുവതെങ്ങനെ ഞാന്‍ 
കിനാവിനാല്‍ മുറിവേറ്റൊരു ഹൃദയത്തെ 
വരച്ചു തീര്‍ക്കുവതെങ്ങനെ ഞാന്‍ 
കരിമഷി പടര്‍ന്നൊരു മിഴികളെ....


നാളെകള്‍


നോക്കൂ, നമ്മെ നോക്കി 

കാത്തു നില്‍ക്കയാണങ്ങനെ 
ദിനങ്ങളോരോന്നും.. 
മിന്നിമിന്നി മരിക്കുന്ന 
നക്ഷത്രങ്ങളെ പോലുള്ള 
ഓരോ കിനാക്കളെയും
കൈവെളളയിലൊതുക്കി പിടിച്ച്..

നിന്നിലലിയാന്‍

നിന്നില്‍ നിറയുന്ന ഓര്‍മ്മകളിലെന്നെ 
അടയാളപ്പെടുത്താന്‍ മാത്രമായിരുന്നു 
കാവ്യവസന്തത്തിന്‍റെ വഴിത്താരകളില്‍ 
തണലായ്‌ നിഴലായ്‌ തലോടലായ് 
ഞാനൊരു വാകമരം നട്ടത് .

ഇരുളിനൊളിവില്‍

പാതി ചാരിയ വാതില്‍പ്പാളിയില്‍ 
പാതിരാക്കാറ്റെത്തുമ്പോള്‍
പാതി വിടര്‍ന്ന മിഴികളാലെന്നെ 
പാരിജാതപ്പെണ്ണ്‍ വിളിച്ചിടുന്നു

Tuesday, February 17, 2015

മൂന്നു കവിതകള്‍

ഞാന്‍
----------
കളിയുണ്ട് ചിരിയുണ്ട്
കളിവാക്കുകളുണ്ട്
കാണാക്കടവിലെ
കനവിന്‍റെ മുറ്റത്ത്
കണ്ണീര്‍ച്ചാലുകളേറെയുണ്ട്...

നമ്മില്‍ 
--------------


നിന്നിലുമെന്നിലും

ഒരു നുണയുണ്ട്‌

പ്രതീക്ഷയെന്ന നുണ

നിന്നിലെ ഞാന്‍ 
-------------------------
ഒരു നേരായ് 
നീയെന്നില്‍ നിറയുമ്പോള്‍ 
ഒരു നോവായ്‌ 
എന്നെ ഞാന്‍ അറിയുന്നു.....

വേര്‍പാടിന്‍റെ തീരങ്ങളില്‍

ആരും കാണാതെ
വേരടരുകള്‍ മുറുകെ
കെട്ടിപിടിച്ചിരുന്നിട്ടും
ഇല കൊഴിയുന്നതു കണ്ട്
ഓര്‍മ്മഭാരങ്ങളില്ലാത്ത കാറ്റ് 
പൊട്ടിച്ചിരിച്ചിരിക്കാം

ചിന്തകളുടെ ചുഴികളില്‍പ്പെട്ട്
ആഴ്ന്നു പോയ മുഖങ്ങള്‍ക്ക്
ഓര്‍മ്മ പിടച്ചിലുകളുടെ
ഇടവേളകള്‍
മൌനത്തിന്‍റെ ഇലച്ചീന്തില്‍
ബലി നല്‍കിയിരിക്കാം

അല്പായുസ്സിന്‍റെ യാത്രയില്‍
ഒരു മഴത്തുള്ളിയായ്
ഒരു കുളിരായ്
പിടഞ്ഞു വീഴാന്‍
മേഘരൂപങ്ങളിലൊളിച്ച്
ശബ്ദങ്ങളില്ലാതെ
ഒരു പുഴ കാത്തിരിക്കുന്നുണ്ടാവാം

ബോണ്‍ സായികള്‍ ...

നുള്ളിയെറിഞ്ഞവന്‍റെ
തീക്കണ്ണിലേക്ക് നോക്കി 
അപമാന ഭാരം ചുമന്ന്‍
പാവമാ, കുഞ്ഞു വൃക്ഷം
ഒരു മാത്രയെങ്കിലും
വിലപിച്ചിട്ടുണ്ടാകാം.

സ്വപ്നപാതയിലൊരു
പടര്‍ മരമായ്
ഒരു കിളിക്കുഞ്ഞിന്,
ഒരു പദയാത്രികന്,
തണലിന്‍റെ കുളിര്
കരുതി വച്ചിട്ടുണ്ടാകാം

കാറ്റിന്‍ ഊഞ്ഞാലില്‍
ആടി തിമിര്‍ക്കാന്‍,
ഇത്തിരി മണ്‍കൂനയില്‍
നിന്നടര്‍ന്നു മാറാന്‍,
ഭൂമി തന്‍ മാറിലായ്
പറ്റിച്ചേര്‍ന്നാഴത്തില്‍
വേരാഴ്ത്തി പടരാന്‍,
ഒരു കുഞ്ഞു നോവിന്‍
കണ്ണീരൊഴുകുന്നുണ്ടാവാം

ഉള്ളിലൂറുന്ന ഉറവകളില്‍
കലമ്പുന്ന രോഷങ്ങളില്‍
ഏറെ കൊതിയോടെ
കാത്തു വയ്ക്കുന്നുണ്ടാവാം
നിലാവല തന്‍ തഴുകലില്‍
നിഴല്‍ ചുറ്റി നില്‍ക്കും
ഒരു വന്മര ചിത്രം ......

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...