Monday, December 31, 2012

ഇന്നിന്റെ താളുകള്‍ മറിയുമ്പോള്‍......

ആഹ്ലാദാരവങ്ങളോടെ വരവേറ്റ വര്‍ഷത്തെ
ആദരവോടെ ഓര്‍മ്മകള്‍ക്കുള്ളില്‍
കബറടക്കുന്നതിന്റെ നിമിഷങ്ങള്‍
പടിവാതിലില്‍ എത്തി നില്‍ക്കയാണ്...

എത്ര വേഗമാണ് ഒരാണ്ടു നല്‍കിയ
സ്വപ്നങ്ങളുടെയും മോഹഭംഗങ്ങളുടെയും
വിലക്കയറ്റത്തിന്റെയും പീഢനപരമ്പരകളുടെയും
സുനാമി തിരകളെ സുമനസ്സുകള്‍
ഓര്‍മ്മകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചകന്ന്
പുത്തന്‍ പ്രത്യാശകളുടെ ആഹ്ലദത്തേരിലേറുന്നത്..

സ്വപ്നങ്ങളുടെയും വേദനകളുടെയും
കരിന്തിരി നീറി പുകയുന്നുണ്ട് ഇപ്പോഴും ചില താളുകളില്‍...
വേദനയുടെ കറുപ്പും അനുരാഗത്തിന്റെ ചുവപ്പും
കലര്‍ന്ന അക്കങ്ങളിലൂടെ
നീ വര്‍ഷവും ഗ്രീഷ്മവും ഹേമന്തവും
ശരത്കാലവും സമ്മാനിച്ച് നടന്നകലുമ്പോള്‍
എപ്പോഴൊക്കെയോ വിധിയുടെ പടവുകളില്‍
നീ തടവിലാക്കിയ കിനാക്കളെ തച്ചുടച്ചതിന്റെ
ചില്ലുകള്‍ പാദങ്ങളില്‍ മുള്ളു കൊണ്ട നീറ്റല്‍ പോലെ
മനസ്സില്‍ പുകയുന്നുണ്ട്...

അതുകൊണ്ടു തന്നെ,
നീ പുതിയ താളുകളില്‍
പുതിയ രൂപത്തില്‍ കടന്നു വരുമ്പോള്‍
വീണ്ടും പ്രതീക്ഷയുടെ ഒരു ചെരാതു പോലും
മനസ്സില്‍ കൊളുത്തി വയ്ക്കാന്‍ എനിക്ക് കഴിയുന്നില്ല...
നീ നല്‍കുന്ന പുലരികളില്‍
സന്തോഷത്തിന്റെ ഒരു ചെറുസുഖവും
കിനാക്കളുടെ നോവും നുണയാന്‍ ഞാന്‍ ഒരുക്കമാണ്...
ഒരു മഴപ്പാറ്റ പോലെ നിന്നില്‍ ഓര്‍മ്മയാകുവാനും....

Saturday, December 29, 2012

ഇത് കേരളം...

തീരത്തെ 
കാര്‍ന്നെടുക്കുന്നതിനായി
ആര്‍ത്തലച്ചെത്തും
തിരമാലകളെക്കാള്‍..


സര്‍വ്വസംഹാര

താണ്ഡവമായൊടുക്കും
അഗ്നിജ്വാലകളെക്കാള്‍..

മേഘഗര്‍ജ്ജനം മുഴക്കി

മിന്നല്‍പ്പിണരുകള്‍
വേരോടിച്ച് എത്തുമാ 
പേമാരിയേക്കാള്‍..

ആഞ്ഞുവീശീ

തട്ടിത്തെറുപ്പിച്ച് 
പാഞ്ഞടുക്കും
കൊടുങ്കാറ്റിനേക്കാള്‍..


നീ ഭയക്കുക

ഇത് ..കേരളം 
കേരളം ...

മാതൃഹത്യ ചെയ്ത
പരശുരാമന്‍
വീണ്ടെടുത്തതാണീ
കേരളം.....

രാത്രി തന്‍
അന്ത്യയാമത്തില്‍
കുക്കുട വേഷം പൂകി
പാവമാം മുനിപത്നിയെ
പ്രാപിച്ച ദേവനെ
വേവേന്ദ്രനായി
വാഴ്ത്തി പാടുന്നതാണീ
കേരളം....

പതിനാറായിരത്തെട്ടു
സഖിമാരൊത്ത്
കേളികളാടി 

നടക്കുമാ ദേവനു 
പുണ്യതുളസിയാല്‍
ഹാരമര്‍പ്പിയ്ക്കുന്നതാണീ
കേരളം...

പത്നിയെ അഗ്നിയില്‍
വിശുദ്ധിതന്‍ മാറ്റുരച്ചിട്ടും
രാജനായി വാഴ്ന്നീടാന്‍
വനത്തിനുപേക്ഷിച്ച
ശ്രീരാമനെ

വാഴ്ത്തുന്നതാണീ
കേരളം....

മത്സ്യഗന്ധിയാം
കന്യകയെ കേവലമൊരു
കേവഞ്ചിയില്‍ പുകമറ
തീര്‍ത്ത് കവര്‍ന്നെടുത്ത
പരാശരമുനിയെ
വാഴ്ത്തുന്നതാണീ
കേരളം.....

വേളി കഴിച്ചൊരു
പാവം പെണ്ണിനെ
അന്‍പാലൊന്നു
പിന്തിരിഞ്ഞു
നോക്കീടാതെ
നടന്നകന്ന 

സ്വാമിയെ
സാമൂഹ്യ

പരിഷ്കര്‍ത്താവായി
വാഴ്ത്തുന്നതാണീ
കേരളം...


പീഢനപരമ്പരകള്‍
അരങ്ങേറുമ്പോള്‍
കണ്ണുകള്‍ വിടര്‍ത്തു
കാതോര്‍ത്ത് നടക്കൂ

നഖങ്ങള്‍ക്ക്
മൂര്‍ച്ച കൂട്ടൂ...

നടവഴികള്‍ തന്‍
പാതയോരങ്ങളില്‍
ഭാഷണങ്ങളില്‍
പതുങ്ങിയിരിക്കും
നരഭോജികളെ 
തിരിച്ചറിയൂ... 

പിച്ചിച്ചീന്തൂ വലിച്ചെറിയൂ
കൊന്നു കൊലവിളിക്കൂ

നശിക്കട്ടെ
നരാധമന്മാര്‍

രക്ഷ നേടട്ടെ 
അബലകളെന്നു
മുദ്ര ചാര്‍ത്തിയ 
പാവം മഹിളകള്‍
ഇത് കേരളം കേരളം...

Tuesday, December 25, 2012

ഹേ!! ഡിസംബര്‍ !! അറിയുന്നുവോ നീ..

വേനലിന്റെ
കണ്ണീര്‍ ചുമന്ന്
പുലരി മഞ്ഞിലും
ധൂമങ്ങളെ പായിച്ച്
ഇലച്ചാര്‍ത്തുകളോട്
കിന്നരിച്ചു പായുന്ന
കുസൃതിക്കാറ്റിലും

ഹേ !! ഡിസംബര്‍
നിന്നെ ഞാന്‍ അറിയുന്നു...


പോയ ദിനങ്ങളില്‍
എന്നോ തേടിയണഞ്ഞ
സന്തോഷസന്താപങ്ങളില്‍
ലാഭനഷ്ടതുലാസ്സുകളില്‍
കൂട്ടുകൂടി വേര്‍പിരിഞ്ഞ
പ്രണയസൌഹൃദങ്ങളില്‍
ഇഴചേര്‍ത്ത് തുന്നിയോരു
വര്‍ണ്ണാഭയാര്‍ന്ന നിന്‍
ഉടയാട വലിച്ചെറിയുമ്പോള്‍

ഹേ!! ഡിസംബര്‍
അറിയുന്നുവോ നീ..

ക്ഷണിക ഭ്രമങ്ങളില്‍
ഉന്മത്തരായ നരാധമന്മാര്‍
തകര്‍ത്തെറിഞ്ഞൊരു
പാവമാം പെണ്ണിന്റെ 

നോവും ദീനരോദനവും
കനിവൂറും നന്മനസ്സുകളില്‍
അലയടിച്ചുയരും ആധിയും 
പ്രതിഷേധ പ്രകമ്പനവും..


Sunday, December 23, 2012

..

നോവിന്‍ മിന്നല്‍പ്പിണര്‍
മണിനാഗം പോല്‍ 
മനസ്സില്‍ ചുറ്റുപിണയുന്നു.. 

അകാരണമായൊരു ഭയം
ശ്വാസ നിശ്വാസങ്ങളില്‍

ചിറകൊതുക്കി 
ഇഴഞ്ഞു നീങ്ങുന്നു..

ഘടികാരത്തിന്‍ നേര്‍ത്ത
ഒച്ച ആയുസ്സിനെ മെല്ലെ

ഭയാനകമായി 
കൊന്നു തിന്നുന്നു..

മറവിയിലൊളിക്കാത്ത 

ചിന്തകള്‍ പിന്നിട്ട വഴികളില്‍
ആരും കാണാതെ 
തമ്മില്‍ കലഹിക്കുന്നു ..

ഗുല്‍മോഹറിന്‍ പൂക്കളെ

ഉമ്മ വച്ച് ഇന്നലെയുടെ 
പ്രണയം ഉറങ്ങുന്നു..

പുഞ്ചിരിയില്‍ വീണ്ടും 

വേദനയുടെ നുര തിരയിളക്കം..

 

Monday, December 17, 2012

..


വാക്കുകള്‍ക്കതീതമായി 
നോവിനെ പ്രണയിക്കുന്ന മനസ്സ്..
ചുറ്റും ഓര്‍മ്മകളാകുന്ന വണ്ടത്താന്റെ നൃത്തം ...
വേനല്‍ രാവുകളിലൊങ്ങോ 

പാതിമുറിഞ്ഞ കിനാവിന്റെ നിഴലാട്ടം...
മുന്നില്‍ നരച്ച സ്വപ്നങ്ങളുടെ 

കൊഴിഞ്ഞ ഇലകള്‍ വീണ നടപ്പാത..
പുനര്‍ജ്ജനി തേടി വീണ്ടും 

പാവമൊരു ആത്മാവിന്റെ ഞരക്കം...

Wednesday, December 5, 2012

...........

എന്നെ മൂടിയ വെള്ളാരങ്കല്ലുകള്‍ക്ക് മേല്‍
ഓര്‍മ്മകളൂടെ നനവാര്‍ന്ന മിഴികളില്‍
എന്നെ നിറച്ച് നീ നല്‍കിയ
ചുവന്ന റോസാപ്പൂക്കളിന്നു വാടി തുടങ്ങി..
നിന്നിലെ നിറഞ്ഞ ഓര്‍മ്മകള്‍ പോലെ....

Thursday, November 22, 2012

യാത്രാമൊഴി....

നിലയ്ക്കാത്ത ഘടികാരങ്ങള്‍
ഒരു പകലിന്റെ സമൃദ്ധിയെ
ധൂര്‍ത്തടിക്കുമ്പോള്‍,
ഞാന്‍ യാത്രയാകും
നക്ഷത്ര ലോകത്തിനുമപ്പുറം
ഓര്‍മ്മകള്‍ക്കന്യമായ 
ഒരു ലോകത്തില്‍...
തെന്നലിന്റെ ഗീതത്തിനൊപ്പം
അപ്പൂപ്പന്‍ താടി പോല്‍ പാറി പറക്കും
പുല്‍ക്കൊടികളില്‍ മുഖം ചേര്‍ത്തു മയങ്ങും
ഉണര്‍ത്താനെത്തുന്ന തുലാമഴയില്‍ 
അലിഞ്ഞലിഞ്ഞ് ഒരു ദാഹജലമായി തീരും...

Monday, November 5, 2012

എഴുതിയത് എന്തിനെന്നറിയില്ല

എഴുതിയത് എന്തിനെന്നറിയില്ല
വെറുതെ പറഞ്ഞു പോയ അക്ഷരങ്ങളില്‍
എവിടെയൊക്കെയോ ജീവിച്ചിരുന്നു....

ഇന്നലെയുടെ താളുകളില്‍ കോറിയിട്ട
വരികളില്‍ എന്തിനെയോ തിരയുമ്പോള്‍
അലസമായ് പടര്‍ന്ന മഷിത്തുള്ളികളില്‍
നിന്റെ ഓര്‍മ്മകളുടെ ഗന്ധമായിരുന്നു...

ഉത്തരം നല്‍കാതെ ബാക്കി വച്ച കടങ്കഥയായ്

അറിയാതെ നോവിക്കുന്ന കട്ടുറുമ്പായ്
തിരയുണര്‍ത്തി പടര്‍ന്ന ശ്വാസവേഗങ്ങളില്‍
നിന്റെ ഓര്‍മ്മകളുടെ ഗന്ധമായിരുന്നു...

ഇനിയും മൌനസരോവരത്തില്‍ ആഴ്ന്നിറങ്ങി
വേരൂന്നി നിവര്‍ന്ന് സൂര്യനെ കണ്‍പാര്‍ത്ത്
വിരിയുമൊരു ചെന്താമരയായി വിടര്‍ന്നിടട്ടെ..

Monday, October 15, 2012

കാവ്യക്കൂട്ടുകള്‍....

 എന്റെ ബാല്യം 
------------------
എന്റെ ഓര്‍മ്മയിലൂടെ 
ഒഴുകി നടക്കുന്നു
പിന്നിട്ട ബാല്യത്തിന്‍ 
കൊതുമ്പുവള്ളം.


ഓര്‍മ്മപ്പെയ്ത്ത്
-----------------

ഓര്‍മ്മ പെയ്ത്തില്‍
ഉയിര്‍ക്കൊള്ളുന്നു
ഒരു ചെറു കണ്ണീര്‍പ്പുഴ


നിഴലിനോട്..
--------------------
മൌനം പതിയിരിയ്ക്കുമീ
വിജനപാതയില്‍
മിഴികോണുകളുടക്കി
നില്‍ക്കുവതാരാണ്
ഇമ ചിമ്മാതെയെന്‍ 
മിഴികള്‍ തിരഞ്ഞിടുമ്പോള്‍
മറയുന്നു പിന്നെയും 
ബാക്കിയാവുന്നു ഞാനും



നീയും ഞാനും...
----------------
  
വക്കു പൊട്ടിയ മനസ്സും
പിഞ്ഞിക്കീറിയ കിനാക്കളും
വഹിച്ച്അറിഞ്ഞു അറിയാതെയും
സുഖമായൊഴുകുന്നു


നാളെകള്‍..
------------------

ഉരുകിത്തിരുന്ന
മെഴുകുതിരികള്‍ പോല്‍
എനിയ്ക്കും നിനക്കും മുന്നില്‍
നാ‍ളെകള്‍ നിരന്നുനില്‍ക്കുന്നു
ഇത്തിരി പ്രകാശം ചുരത്തി
ജീവിച്ചു മരിയ്ക്കുന്ന നാളെകള്‍



 

Sunday, October 14, 2012

നിന്റെ പ്രണയം...


നീ തിരഞ്ഞില്ലേ
നിന്റെ പ്രണയം
ഞാനെവിടെയാണ്
സൂക്ഷിച്ചതെന്ന്...
കൈക്കുമ്പിളില്‍
ഞാന്‍ ഏറ്റു വാങ്ങിയ
മഴത്തുള്ളികളിലായിരുന്നു
നിന്റെ പ്രണയം
ഞാന്‍ കാത്തു വച്ചത്...

കൌതുകം നിറച്ച്
മനസ്സു നിറച്ച്
കൈവിരലുകളിലൂടെ
ഞാനറിയാതെ
ആ മഴത്തുള്ളികള്‍
ചോര്‍ന്നു പോയി....

Monday, October 8, 2012

കിനാമഴ വന്നെത്തുമ്പോള്‍...

മഴ ചിലപ്പോള്‍ വല്ലാതെ
മറ്റാരും കാണാതെ
കൊട്ടിപ്പാടി പെയ്തൊഴിയും
ഈ മനസ്സില്‍....

ഉള്ളില്‍ അലതല്ലുന്ന താപം
നിശ്ശബ്ദമായി കടന്നു വന്ന്
മനസ്സിന്റെ ഗോവണിയില്‍
തിമിര്‍ത്ത് പെയ്തൊഴിയും...

കണ്ണുകളിലുറവകള്‍ ഒഴുക്കി
ഇടിനാദാരവമില്ലാതെ
ഓര്‍മ്മമഴ മനസ്സില്‍
പെയ്തൊഴിയുമ്പോള്‍..

പീലി നിവര്‍ത്തിയാടുന്നത്
നീ ബാക്കി വച്ച് പോയ
നമ്മുടെ കിനാക്കളാണ്..
ഗുല്‍മോഹര്‍ തണല്‍ വിരിച്ച
നമ്മുടെ സായന്തനങ്ങളാണ്...

Saturday, October 6, 2012

അലിഞ്ഞലിഞ്ഞില്ലാതാകുമ്പോള്‍.....

മസ്തിഷ്കത്തില്‍ തുള വീഴ്ത്തി നീയെന്നില്‍ ഓടി നടക്കുവത് ഞാനറിയുന്നു...
നിന്നോടൊപ്പം സവാരിയ്ക്കിറങ്ങാന്‍ എനിക്കിഷ്ടമാണ്..
എനിക്ക് നിന്നോടൊത്ത്....
മാമലകളുടെ താഴ്വാരങ്ങളില്‍ 

ഒരു കുഞ്ഞരുവിയായി ഒഴുകേണം..
മലരുകള്‍ തിങ്ങുന്ന പുങ്കാവനത്തില്‍

ഒരു ശലഭമായി പാറി പറക്കേണം..
ഹരിതവനങ്ങളില്‍ 

ഒരു കുളിര്‍മഴയായി പെയ്തിറങ്ങേണം...
വസന്തമെത്തുമ്പോള്‍ 

ഒരു കോകിലമായി പാടേണം...
വിടര്‍ന്ന മുല്ലമൊട്ടുകളെ ഉമ്മ വച്ച് 

ഒളിക്കുന്ന മിന്നാമിന്നിയാകേണം....
പ്രണയം പോലെ വിരിഞ്ഞു കൊഴിഞ്ഞു
പോകുമൊരു പനിനീര്‍പൂവായി വിടരേണം...

Wednesday, October 3, 2012

മൃത്യു ദൂതന്‍...

ഇവിടെ എവിടെയോ
പതിയിരുപ്പുണ്ട്..
വിരല്‍ത്തുമ്പുകള്‍
കോര്‍ക്കാതെ നടപ്പുണ്ട്..
 
ആരുമേ കാണാതെ
പോയൊരു മുഖം..
ആരുമേ കേള്‍ക്കാതെ
പോയൊരു ശബ്ദം..
ഇതു വരെ സൌഹൃദം
നുണയാത്ത ഒരു ഹൃദയം..

അരികിലോ അകലെയോ
നിന്നിലോ എന്നിലോ
കടലിനയ്ക്കരെയോ ഇക്കരെയോ
ഒരു വിളിപ്പാടകലയോ
ഒളി ചിന്നും ചന്ദ്രനുമപ്പുറം..
രഹസ്യമോതും താരകള്‍ക്കുമപ്പൂറം..
നാലു ചുമരുകള്‍ക്കുമപ്പുറം..

എവിടെയോ...എങ്ങു നിന്നോ

എന്നൊപ്പം നിന്നൊപ്പം
കാലത്തിനൊപ്പം അവനും .
....





Tuesday, October 2, 2012

നാളെകള്‍...

ഉരുകിത്തിരുന്ന
മെഴുകുതിരികള്‍ പോലെ
എനിയ്ക്കും നിനക്കും

 മുന്നില്‍ നാ‍ളെകള്‍ 
കാത്തു നില്‍ക്കുന്നു...
ഇത്തിരി പ്രകാശം 

ചുറ്റും വിതറി
ജീവിച്ചു മരിയ്ക്കുന്ന 

മെഴുകുതിരികള്‍.

കിനാവിലിന്നും...

ജീവിതം 
മേന്മയുള്ളതാണെന്ന്
നീ ചൊല്ലിടുമ്പോള്‍
കിനാവാണതിലും 
മേന്മയേറിയതെന്ന് 
മറ്റൊരുവള്‍ ചൊല്ലിടുന്നു..

പറയുവിന്‍ കൂട്ടരേ....

ജീവിതമോ കിനാവോ
നാളെയോ പ്രതീക്ഷയോ
പ്രണയമോ മോഹമോ അതല്ല
ഉറക്കം വിട്ടുണരലോ നന്നെന്ന്....



മൌനത്തിന്‍ പൂത്താലം

സ്വപ്നത്തിന്റെ വഴികളിലൂടെത്ര
തവണ ഞാന്‍ കാലിടറി വീണിരിക്കുന്നു,
എന്നിട്ടും 
എന്തേ നീയെന്‍ കിനാവഴികളില്‍
വീണ്ടുമെന്‍ മനം കൊരുക്കുന്നു...

മൌനത്തിന്‍ പൂത്താലം നീ നല്‍കേണ്ടതില്ല
കൊഴിഞ്ഞ കാലത്തിന്‍ പൂക്കളാല്‍
മെനഞ്ഞൊരു പൂവിരിയല്ലോ
എനിക്ക് സ്വന്തം...




നിന്നോട് പറയുവാന്‍...

നീ എന്നെ കുറിച്ച്
ഓര്‍ത്തു വച്ചത് നേരു തന്നെ..

പുലര്‍മഞ്ഞിലും 

ചാറ്റല്‍മഴയിലും
ചക്രവാളത്തിലും 
നിലാവിലും
മൌനത്തീരത്തിലും
നീ കണ്ടുമുട്ടിയതും
കാവ്യ വീഥിയില്‍
മിഴികള്‍ ഉടക്കി നിന്നതും
നീ വായിച്ചു പോയതും

എന്നെ തന്നെയാണ്....

എന്നാല്‍... നീ 
അറിയാത്തതൊന്നുണ്ട്.

കുരിശിലേറ്റ ക്രിസ്തുവിനെ പോലെ
നിന്റെ സ്മൃതിയില്‍ ലയിക്കുകയാണ്
ഞാനെന്ന്..........


ഓര്‍മ്മകള്‍...


മഞ്ഞും മഴയും 
തളിരും നിലാവും
പങ്കിടുന്നു 
നിന്നോര്‍മ്മകള്‍..

ഈറന്‍ മുകിലുകള്‍
കവര്‍ന്നെടുത്ത
മാരിവില്ലിലെ 
സപ്തവര്‍ണ്ണങ്ങള്‍
പങ്കിടുന്നു 
എന്‍ ഓര്‍മ്മകളും......



യാത്രയാകുമ്പോള്‍...

ഒരുനാളുച്ചച്ചൂടില്‍ പതുങ്ങി 
പതുങ്ങി വന്നെന്നെ
മരണം തൊട്ടു വിളിച്ചിടുമ്പോള്‍
ഒപ്പം നടക്കും ഞാനവന്‍ തന്‍ നാട്ടിലേക്ക്
മൌനത്തിന്‍ തീരത്തിലേക്ക്....
നെടുതായി കാട്ടുമരങ്ങള്‍ തിങ്ങിടും
വഴിയിലൂടെന്നെയവന്‍ കൊണ്ടു പോയിടുമ്പോള്‍
ഭയം കൊണ്ടു ഞാനെന്‍ മിഴികളടയ്ക്കും
പേടിയാണവയുടെ ഇരുട്ടുകളെനിക്ക്
പേടിയാണിവയിലെ കളകൂജനങ്ങള്‍.


Friday, September 28, 2012

നാളെകളില്‍...

ഒരു മിന്നാമിനുങ്ങിനെ
എനിക്ക് കടം തരിക..
നിന്റെ വിസ്മയം തുളുമ്പുന്ന
മിഴികളെ ഇനിയും
ഞാന്‍ കാണട്ടെ...

ഒരു മഴവില്ലിനെ
എനിക്ക് കാട്ടി തരിക
നിന്റെ പ്രണയം വിടര്‍ന്ന്‍
മടങ്ങി പോയ മനസ്സ്
ഞാന്‍ കണ്ടിടട്ടെ..

Wednesday, September 26, 2012

മൃത്യു വന്നു വിളിച്ചിടുമ്പോള്‍...

മതഭേദങ്ങള്‍ കൊടികുത്തി
വാണരുളും പടിപ്പുര വാതിലുകള്‍
എനിയ്ക്ക് തുറന്നിടേണ്ട..

സ്ത്രീത്വം നീറിപ്പുകഞ്ഞൊടുങ്ങും
ഇല്ലത്തിന്‍  അകത്തളങ്ങള്‍
എനിയ്ക്ക് കടക്കേണ്ടതില്ല..

ജാതി കോമരങ്ങള്‍ ഉറഞ്ഞു
തുള്ളിയാടും കാവുകള്‍
എനിയ്ക്ക് തീണ്ടേണ്ടതില്ല...

ഇന്നലെകളിന്‍ ആഢ്യത്വം
നാവടക്കി കിടക്കും
കോവിലകത്തിന്‍ ഇടനാഴികള്‍
എനിയ്ക്ക് കാണേണ്ടതില്ല...
 
ആചാരാനുഷ്ഠാനങ്ങള്‍
കൊമ്പുകോര്‍ത്ത്  പിടഞ്ഞു
മരിക്കും ഉടവാളെനിക്ക്
സ്വന്തമാക്കേണ്ടതില്ല....

അര്‍ത്ഥമില്ലാ കാമനകള്‍
പതുങ്ങി വന്നെത്തും
നിലവറത്താഴുകളെനിക്ക്
തുറക്കേണ്ടതില്ല.....

നിന്‍ മനസ്സിന്‍
മുറ്റത്തൊരു തുളസിത്തറയും
അതിലൊരു കൃഷ്ണത്തുളസിയും
ഇമവെട്ടുമൊരു ചെരാതും
ഒരു കിണ്ടി ദാഹജലവും
എനിയ്ക്കായ്...എനിയ്ക്കായ്...

Tuesday, September 25, 2012

അനുരാഗ പടവില്‍.....

അനുരാഗ പടവിലെന്‍ കാലൊച്ച കേട്ട നാള്‍
രാഗവിവശയായി തീര്‍ന്നുവോ തോഴി നീ..?


ദലമര്‍മ്മരങ്ങള്‍ നിന്‍ കാതില്‍ ഇക്കിളിക്കൂട്ടിയോ
ഇളം തെന്നല്‍ നിന്‍ മൃദുമേനി തഴുകിയുണര്‍ത്തിയോ.....

അകലെയെന്നാലും ഞാന്‍ നിന്‍ അരികിലില്ലയോ
നിന്‍ അധരങ്ങള്‍ രാഗപ്പൂമ്പൊടി പകര്‍ന്നുവോ


കുളിര്‍ നെറ്റി വിയര്‍പ്പാല്‍ നനഞ്ഞതെന്തേ 

നിന്‍ മിഴികളിലെന്‍ മുഖം തുളുമ്പിയെന്നോ..

നിദ്രയില്‍ നിന്നരികില്‍ ഞാനണഞ്ഞതില്ലയോ
നിന്‍ മാനസകിനാക്കള്‍ ശ്രുതിമീട്ടി പാടിയെന്നോ

നിന്‍ നേര്‍ത്ത വിരലുകളാല്‍ തംബുരു മീട്ടവേ
എന്‍ പ്രണയവീചിയില്‍ നീയലിഞ്ഞോ....

Saturday, September 22, 2012

ഓര്‍മ്മകള്‍ വേട്ടയാടുമ്പോള്‍...

ചില ഓര്‍മ്മകള്‍ 
ഒരുനാളും പിരിയാതെ
ഒരു പിശാചു പോലെന്റെ 

പിന്നാലെ പാഞ്ഞു നടക്കുന്നു,

തൊട്ടു തലോടി പായുന്ന

തെന്നല്‍ പോലെ...
ഒളിഞ്ഞു വന്നെന്നെ

 എന്നെ ചുഴലുന്നു...

ശ്വാസ വേഗങ്ങളിലൂടെ

ഞാനറിയാതെ
എന്റെ പ്രാണനില്‍
കടന്നു കയറി
വല്ലാതെ പൊള്ളിക്കുന്നു..


മറവിയുടെ ആഴ-
ക്കയത്തില്‍ മുങ്ങിത്തപ്പി
വിഷസ്മരണകളുടെ 
ചഷകം തീര്‍ത്ത്
എന്റെ അധരങ്ങളീലേക്ക്
അടുപ്പിക്കുന്നു....

ഓര്‍മ്മ പിശാചിന്റെ 

വലയിലകപ്പെട്ട്
കിതച്ചും ഗതികെട്ടും 
ഞാനലയുകയാണ്...

നാളെയുടെ വേഗങ്ങളിലേക്ക്..

നിങ്ങളിലേക്ക് ഞാനീ 
ഓര്‍മ്മപിശാചിനെ 
എടുത്തെറിയുകയാണ്..

 

Friday, September 21, 2012

എന്റെ നിദ്രയില്‍..

വേദനയുടെ 
ശ്വാസവേഗങ്ങളറിയാതെ
ഇന്നിനി എനിയ്ക്കൊന്നു ഉറങ്ങണം..

രാപ്പാടികള്‍ പ്രാര്‍ത്ഥനാമന്ത്രണം തുടരട്ടെ
നക്ഷത്രങ്ങള്‍ കാവല്‍ വിളക്ക് തെളിയിക്കട്ടെ...

ഇഷ്ടങ്ങള്‍ നഷ്ടപ്പെട്ടൂര്‍ന്നിറങ്ങിപ്പോയ
കൈവെള്ള പാതി ഇനിയും തുറന്നു വച്ച്


സ്വപ്നങ്ങള്‍ വിരുന്നിനു പോയി മടങ്ങാത്ത
മിഴികളില്‍ നക്ഷത്ര ഭൂപടം സ്വപ്നം കണ്ട്...

കാലം തലോടി കടന്ന മുടിയിഴകളില്‍

ബാല്യത്തിന്റെ നഷ്ടം ചേര്‍ത്ത് കെട്ടി..

എന്റെ ഈ നിദ്രയ്ക്ക് മേല്‍ ഭയനകമായ 

ഈ വാഴ്ത്തലുകളെല്ലാം വ്യര്‍ത്ഥം...  

ആശ്ചര്യങ്ങള്‍ ആവാഹിക്കാന്‍ 
കാക്കുന്ന ചുണ്ടുകളിലേക്ക് പകരട്ടെ...

ഈ നിദ്ര വെറും ശ്മശാനത്തിലേക്കല്ല.....

ഏകാന്തതയുടെ ഒറ്റവാക്ക്

എനിക്കായി പകര്‍ന്ന് തന്ന
ഒരു ഇന്ദ്രജാലക്കാരന്റെ പക്കലിലേക്ക്.....







Tuesday, September 18, 2012

കണ്ടുവോ നിങ്ങളെന്‍ കിനാവിനെ......



പുറത്തു നല്ല ഇരുട്ടായിരുന്നു...
അക്ഷരങ്ങളെ തേടുന്ന മനസു പോലെ
മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നുണ്ടായിരുന്നു .
പലതതവണ താക്കീത് നല്‍കിയതാണ്
കൈത്തുമ്പില്‍ നിന്നൂര്‍ന്ന് പോയ പട്ടം പോല്‍
നീയും ദിശറിയാതെ എങ്ങോ പോയി ഒടുങ്ങുമെന്ന്
വ്യര്‍ത്ഥമാണീ യാത്രയെന്ന്...

എങ്കിലും,
സ്വകാര്യം പറഞ്ഞെത്തിയ ചാറ്റല്‍മഴയ്ക്കൊപ്പം
വിസ്മയം കാട്ടിയ മേഘനാദത്തോടൊപ്പം
വിരുന്നെത്തിയ രാപ്പാടിപ്പാട്ടിനൊപ്പം
രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ
അവള്‍ എന്നെ വിട്ടു ഇറങ്ങി പോയി
നിശ്ശബ്ദതയില്‍ അവളുടെ പദനിസ്വനം
അലിഞ്ഞലിഞ്ഞ് അവളെനിക്ക് അന്യയായി...

എന്നാല്‍...
നിങ്ങള്‍ക്കു ചിലപ്പോള്‍ അവളെ കാണാം
ഒരു വടക്കന്‍ കാറ്റ് വീശിയെത്തുമ്പോള്‍
ഓര്‍മ്മകളുടെ ചിലന്തി അവളില്‍ വല നെയ്യുമ്പോള്‍
വേദനയുടെ മാരിയില്‍ അവള്‍ മുങ്ങിനിവരുമ്പോള്‍
ഒരു മൌനത്തിന്റെ മേലാപ്പു മാറ്റി 
അവളിതു വഴി വരാം....
എന്റെ സ്വപ്നം....അവളിതു വഴി വന്നേക്കാം
ഒരൊച്ചയുമില്ലാതെ തനിയ്ക്കു തന്നെ കാതോര്‍ത്തു
നിങ്ങളിരിക്കുമ്പോള്‍......

Sunday, September 16, 2012

മൌനത്തില്‍ മുഖം ചേര്‍ക്കുമ്പോള്‍...

പൂത്തു നിന്ന വാകമരത്തിന്റെ നിഴലില്‍
നീ ഉപേക്ഷിച്ചകന്നവയെന്തെല്ലാമാണ്...

സൌഹൃദത്തിന്റെ അധരങ്ങളില്‍
നിന്നൊരു സാന്ത്വനം....

സഹതാപത്തിന്റെ മിഴിക്കോണില്‍
നിറഞ്ഞൊരു കണ്ണീര്‍ക്കണം..

വിരഹത്തീയില്‍ വെന്തു വീണ
അരുണാഭയാര്‍ന്ന മോഹപ്പൂക്കള്‍....

ഇനിയൊരു കാലവും ഓര്‍മ്മയില്‍

ഞാനിവയെ നിറയ്ക്കില്ല......

വാക്കുകളെ കൈവെള്ളയിലൊതുക്കി

മൌനത്തിന്റെ വാല്മീകത്തില്‍
എന്നിലേക്കു തന്നെ മുഖം ചേര്‍ത്തു ഞാനിരിയ്ക്കും

എന്തിനെന്നോ എന്റെ ഹൃദയതാളത്തില്‍

ഉയരുന്ന നിശ്ശബ്ദതയ്ക്ക് കാതോര്‍ക്കാന്‍....

Friday, September 14, 2012

കാവ്യസന്ധ്യ,


മൌനം 
പതിയിരിക്കുന്നൊരെന്‍ 
വിജനപാതയില്‍
മിഴികോണുകള്‍ ഉടക്കി 

നില്‍ക്കുവതാരാണ്
ഇമ ചിമ്മാതെയെന്‍ 

മിഴികള്‍ തിരഞ്ഞിടുമ്പോള്‍
മറയുന്നു പിന്നെയും 

ബാക്കിയാവുന്നു ഞാനും.....

 * * * * * * * * * *


ഇന്നലെ പിണങ്ങി 
പോയോരു കാലം 
ഇന്നൊരു മഴതേരിന്‍
ഓര്‍മ്മയിലേറി വന്നണയുമ്പോള്‍
ഇത്തിരി കരിവളത്തുണ്ടും
കലങ്ങിയ കരിമഷിക്കണ്ണും
മാനം കാണാതൊരു മയില്‍പ്പീലിയും
നിന്‍ നേര്‍ക്കു നീട്ടുന്നു
ഒരു കൊച്ചു സൌഹൃദത്തിന്‍
മങ്ങിപ്പോയൊരു നേര്‍ച്ചിത്രം....

* * * * * * * * * * * *

ഞാന്‍ ....
നിശ്ശബ്ദതയുടെ കാവല്‍ക്കാരി
മൌനത്തിന്റെ ഊടുവഴികളില്‍
സ്വപ്നഗോവണികള്‍ കാണാം
അതിലേറിയാല്‍ കണ്ണീര്‍പെയ്തില്‍
വീണുടഞ്ഞ കിനാക്കള്‍ കാണാം...


* * * * * * * * *  


Friday, August 3, 2012

പറയുവതെന്തു ഞാന്‍.....

നിന്റെ ...
കണ്മുനകളില്‍,
ഒരു ചിരിയില്‍,
ഒരു വിരല്‍ സ്പര്‍ശത്തില്‍,
പൂത്തുലയുന്നതെന്താണ്..?

ഓര്‍മ്മകളുടെ
നൈരന്തര്യത്തില്‍
നീ കാത്തു വയ്ക്കും
കിനാക്കളോ...


ശാപജന്മത്തിന്‍
ഹോമാഗ്നിയില്‍
നിന്നുയരുന്ന
വിതുമ്പലുകളോ..

സ്നേഹനിരാസങ്ങള്‍
ഇലപൊഴിച്ച
കാലത്തിന്‍
ചിത്രങ്ങളോ...?

Thursday, July 26, 2012

അന്തിചുവപ്പിനെ കാതോര്‍ക്കുമ്പോള്‍....

ഒരു പ്രഭാതം വേണം
ഇനിയുമെനിക്ക്
നിന്‍ ചൊടിയിലൊരു
ഹിമകണമായി
ചേര്‍ന്നിരിക്കാന്‍.... 

ഒരു മഴ നനയേണം
ഇനിയുമെനിക്ക്
ഓര്‍മ്മകളാല്‍
മഴനൂലിലൊരു
ഊഞ്ഞാലു കെട്ടാന്‍..... 

ഒരു കിനാവു കാണേണം
ഇനിയുമെനിക്ക്
നിലാവില്‍ നനയുന്ന
രാപ്പാടി തന്‍ പാട്ട്
കാതോര്‍ക്കാന്‍.... 

ഒരു സായന്തനം വേണം
ഇനിയുമെനിക്ക്
അന്തിചുവപ്പിനെ
ചുംബിച്ചുണര്‍ത്തുന്ന
ഇളംതെന്നലായി മാറീടാന്‍.. 

ഒരു നിലാവില്‍
മുങ്ങി നിവരണം
ഇനിയുമെനിക്ക്
മിന്നിതിളങ്ങുമൊരു
താരകമായി നിന്നെ
നോക്കി നിന്നീടാന്‍.....

Wednesday, June 27, 2012

നാളെയുടെ നേര്‍വഴികളില്‍

നീയോര്‍ക്കുക...


നിന്‍ കണ്‍കളിലെ
തീജ്ജ്വാലയില്‍ വീണു
പിടഞ്ഞ് ചിറകറ്റു മരിക്കുന്ന
ഈയാമ്പാറ്റകളല്ല
ഇനിയെന്റെ സ്വപ്നങ്ങള്‍....

നിന്റെ മുള്‍വാക്കുകളില്‍
കോര്‍ത്തു മുറിവേറ്റു സ്പന്ദനം
നിലച്ചു പോകുമെന്ന്
ഭയന്നൊളിക്കുന്ന ഭീരുവല്ല
ഇനിയെന്റെ ഹൃദയം..

നിന്റെ താഢനത്തിന്റെ
നൊമ്പരത്താല്‍ വിങ്ങി
നിലവിളിക്കുന്നവയല്ല
ഇനിയെന്റെ മിഴികള്‍...

അറിയുക....ഞാന്‍ 

ഫീനിക്സ് പക്ഷിയാണ്...

നീ തച്ചുടച്ചെറിഞ്ഞ

എന്റെ  സ്വപ്നങ്ങളുടെ
ചാരക്കൂട്ടില്‍ നിന്നും
ഉയിര്‍ത്തെഴുന്നെറ്റ
ഫീനിക്സ് പക്ഷി.....




Wednesday, June 20, 2012

സനാഥത്വത്തില്‍ അനാഥത്വം പേറുന്നവര്‍..




അരണ്ട വെളിച്ചത്തില്‍ ഒഴിഞ്ഞ ദിക്കില്‍
ഒച്ചയനക്കങ്ങളില്ലാതെ തിരക്കുകളില്ലാതെ
ഓര്‍മ്മകളുടെ മാത്രം ബാക്കിപത്രത്തില്‍
മിഴിനീരുപ്പു വറ്റിച്ചിരിക്കുന്നു ഒരമ്മ.....

ഇടനേരമല്പം മൌനവേളയില്‍
അമ്മ തന്‍ പഴ മനസ്സില്‍
മടക്കു നിവര്‍ത്തി തെളിയുന്നു ..

കാല്‍ത്തള കിലുങ്ങിക്കിലുങ്ങി
ആര്‍ത്ത് കൊഞ്ചി ചിരിച്ച്
തന്‍ മക്കള്‍ തിമിര്‍ത്തുണര്‍ന്ന്
കൊഴിഞ്ഞു പോയ കാലം...

പാദങ്ങളൊന്നിടറി വീണിടാതെ
പൈദാഹ കയ്പേതുമറിയിയ്ക്കാതെ
വെയിലും മഴയും തളര്‍ത്തിടാതെ
ഒക്കത്തെടുത്തോമനിച്ചു ആറ്റുനോറ്റ്
തന്‍ മക്കളെ കാത്ത് കാത്തോരു കാലം..
ദീനരായ് അവരൊന്നു ഞരങ്ങുമ്പോള്‍
കണ്ണിമ ചിമ്മാതെ താങ്ങായ് കാവലായ്
ചുണ്ടില്‍ വാത്സല്യ ദുഗ്ദ്ധത്താല്‍  തേനൂട്ടി
തന്‍ മാറിന്‍ ചൂടിന്‍ താരാട്ടിനാലുറക്കി
കാത്തു കാത്തങ്ങനെ ജീവന്റെ ജീവനായ്
തന്‍ മക്കളെ പോറ്റിയോരു കാലം..

ഇന്നേതോ ദൂരസ്ഥരാണവര്‍ മക്കള്‍
പരിഷ്കാര മക്കളായി മാറിയോര്‍
ക്ലാവു പിടിച്ചൊരു ഓട്ടു പാത്രത്തെ
പോലെ ഓര്‍ക്കാറില്ല കാണാറില്ല
തേടാറില്ലവര്‍  പാവമീ അമ്മയെ..

തന്‍ മക്കളെ ഒരു കണ്‍പാര്‍ത്തീടാമെന്നൊരു
കിനാവല്ല ;അനാഥത്വം പീള കെട്ടുമാ മിഴികളില്‍
തെളിവതിപ്പോഴും ഒരു മുലപ്പാലിന്‍ നേരു മാത്രം
സ്നേഹമുലപ്പാലിന്‍ നേരു മാത്രം...

Sunday, June 17, 2012

കാവ്യം പിറന്ന വഴിയില്‍...

കണ്ടറിഞ്ഞതിലധികവും
പെയ്യാന്‍ വിതുമ്പുന്ന
കാര്‍മുകിലായിരുന്നു...

കേട്ടറിഞ്ഞതിലധികവും
കൊഴിഞ്ഞ പൂക്കളുടെ
വിലാപങ്ങളായിരുന്നു....

വായിച്ചതിലധികവും
ചില ഓര്‍മ്മകളുടെ
പിന്‍വിളിയായിരുന്നു....

എഴുതിയതിലധികവും
ഇന്നലെയുടെ മുള്ളിന്റെ
നീറ്റലുകളായിരുന്നു....
  
 

Friday, June 1, 2012

ഒരു കൈയ്യൊപ്പിലൂടെ....




അലീനാ ,
നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു...
പിന്നെ, ഞാന്‍ പേടിച്ചിരുന്നു, ഒരു പക്ഷേ, മൊബൈലില്‍ കൂടി നിന്റെ നേര്‍ത്ത സ്വരമായിരിക്കുമോ എന്നെ തേടിയെത്തുന്നതെന്ന്.. .

കാരണം ,അല്പ നിമിഷത്തേക്ക് നിന്റെ സ്വരം കേള്‍ക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് നിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക്  വിരല്‍ത്തുമ്പു കൊണ്ട് നീയെനിക്കായി നിന്റെ ഹൃദയഭാഷയില്‍ പകര്‍ന്നു തരുന്നത് തന്നെയാണ്..അങ്ങനെ എങ്കില്‍ ആ വരികളിലൂടെ   കൂടെ കൂടെ എനിക്ക് കണ്ണോടിക്കാമല്ലോ.....


പ്രതീക്ഷിച്ചതു പോലെ ഇന്ന്, നിന്റെ കത്ത് കിട്ടിയപ്പോള്‍ ഇനിയും മരിക്കാത്ത കുറെ ഓര്‍മ്മകളും സൌഹൃദത്തിന്റെ മധുരിമയും വീണ്ടും എന്റെ മനസ്സിലേക്ക് കടന്നു വരും പോലെ...
 നമ്മള്‍ നടന്നു പതിഞ്ഞ പാതകള്‍ ഇന്ന് എനിക്ക് വല്ലാതെ അന്യമായിരിക്കുന്നു., ഇവിടെ, ഈ  തിരക്കില്‍ ഞാനും അറിയാതെ ഒഴുകി പോകും പോലെ...
അമ്പലക്കുളവും ആല്‍ത്തറയും ആലിലകളും നമ്മോടു കഥ പറഞ്ഞ കാലം എത്ര സുന്ദരമായിരുന്നൂന്ന് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്..

പലപ്പോഴും പല നൊമ്പരങ്ങളും എന്നെ തേടി വീണ്ടും
എത്തുമ്പോഴെല്ലാം ആ വേദനകള്‍ ഞാന്‍ മറക്കുന്നത് നാം ഒരുമിച്ചു പങ്കിട്ട സായന്തനങ്ങളുടെ ഓര്‍മ്മയിലാണ്..

അന്ന് ,ജീവിതഭാരങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഭാണ്ഡക്കെട്ടുകളുമായി  എന്നെ തിരഞ്ഞു വന്നപ്പോള്‍..
ആ ഭാണ്ഡക്കെട്ടുകള്‍  എത്രയോ തവണ നമ്മള്‍ ഒരുമിച്ചിരുന്നു ചികഞ്ഞു നോക്കിയിരിക്കുന്നു.

അപ്പോഴെല്ലാം  ആലിലകള്‍ അവയുടെ   ഇളം കാറ്റിന്റെ തലോടലിലൂടെ നമ്മുടെ വേദനകള്‍ ഒപ്പിയെടുത്തിരുന്നില്ലേ ...

ഇവിടെയിപ്പോള്‍, ഈ നാലു ചുമരുകള്‍ക്കുള്ളില്‍  ജീവിതം തളച്ചിടുമ്പോള്‍ ആകാശത്തെയും നക്ഷത്രങ്ങളെയും കാണാന്‍ അനുവാദമില്ലാതെ  ,ഒന്നു പൊട്ടിച്ചിരിക്കാനാവാതെ..ഒരു  മൂളിപാട്ടുപാടാതെ... തമാശ പറയാതെ ..നിശ്ശബ്ദമായ് ..യാന്ത്രികമായ  ഈ ജീവിതത്തില്‍ പണ്ടേപ്പോലെ നിമിഷങ്ങള്‍ കൊണ്ടു സൌഹൃദം പണിയാന്‍ എനിക്ക് കഴിയുന്നില്ല ...

എപ്പോഴൊക്കെയോ എന്തൊക്കെയോ എന്നില്‍ നിന്ന് ഞാനറിയാതെ എനിക്ക് നഷ്ടമായിരിക്കുന്നു..
ആ നല്ല സായാഹ്നങ്ങളും പ്രസരിപ്പാര്‍ന്ന പുലരികളും..

നാട്ടിലെ പോലെ അല്ല ഇവിടം...അസഹ്യമായ ചൂടില്‍ വെന്തുരുകുമ്പോള്‍ ശരീരത്തു നിന്നുയരുന്നത് വിയര്‍പ്പാണെന്ന് പറയുന്നതെങ്ങനെ..സത്യത്തില്‍ അതു കണ്ണുനീരു തന്നെയാണ്...

ആരും കാണാതെ ആ കണ്ണീര് മറയ്ക്കുമ്പോള്‍ തോന്നാറുണ്ട് ആ കണ്ണീരിന്റെ നനവു മാറ്റുന്നത് ചില മുഖങ്ങളുടെയും പ്രതീക്ഷകളുടെയും തലോടലാണെന്ന്.
“നീ പോയി രക്ഷപ്പെട്ടാല്‍ ഒക്കെ ശരിയാവും ..എന്ന്‍ നല്ല നാളെ സ്വപ്നം കണ്ട് എന്നില്‍ എല്ലാ പ്രതീക്ഷയും കാത്തു വയ്ക്കുന്ന  അമ്മയുടെ കണ്ണിലെ ഈറനും വാക്കുകളും ,  ചിരിക്കുന്ന കൂടപ്പിറപ്പുകളുടെ മുഖങ്ങളുമാണെന്ന്..മഴയും വെയിലും കൊള്ളാതെ കയറി കിടക്കാനായി മനസ്സില്‍ കൂടുകെട്ടിയ   ഒരു കുഞ്ഞു വീടിന്റെ ചിത്രമുണ്ട് ഇപ്പോഴും ഇനിയും വരച്ചു തീര്‍ക്കാന്‍ കഴിയാതെ...

പണ്ട്, വിശപ്പിന്റെ മുറവിളി എന്നെ തേടിയെത്തുമ്പോള്‍ അമ്മ വിളമ്പിത്തന്ന കഞ്ഞിയുടെ സ്വാദ്  ഏറ്റവും ഞാനറിയുന്നത് ഇപ്പോഴാണെന്ന് പറയാം...

 ജോലി ചെയ്ത്  തളര്‍ന്ന് മടങ്ങി വന്ന് ഒരു കുളിയും  കഴിഞ്ഞു വരുമ്പോഴാണ് അടുത്ത മല്ലയുദ്ധം തുടങ്ങുന്നത് കുബ്ബൂസുമായി..  ഒക്കെ കഴിച്ചു കഴിച്ചു മടുത്തു....

 ഇതൊക്കെ വായിക്കുമ്പോള്‍ നിനക്കെന്റെ മനസ്സ് വായിക്കാന്‍ കഴിയും എന്നോര്‍ക്കുമ്പോള്‍ വല്ലാത്തെ ആശ്വാസമുണ്ട്..


എല്ലാ വേദനകള്‍ക്കും മുന്നില്‍ പതറാതിരിക്കാന്‍ നീയെനിക്ക് ആത്മവിശ്വാസം പകര്‍ന്നു തരണം.. എന്റെ സ്വപ്നങ്ങള്‍ എനിക്ക് ശരശയ്യ ഒരുക്കുമ്പോള്‍ നീയെനിക്ക് തുണയായി നില്‍ക്കുമല്ലോ..മറ്റൊന്നും ഞാന്‍ ചോദിക്കുന്നില്ല ..നിന്റെ സൌഹൃദം ഒഴികെ..

അറിയാതെ എങ്കിലും നിന്നെയും ഞാന്‍ വേദനിപ്പിച്ചുവല്ലോ എന്നോര്‍ക്കുമ്പോള്‍ എവിടെയോ  നോവുന്നുണ്ട് ഇന്നും...
 ഞാനിവിടം പരിചയപ്പെട്ടു വരുന്നേയുള്ളൂ..നീയെനിക്കിനിയും മുടങ്ങാതെ എഴുതണേ...നീ ഉത്സവം കാണാന്‍ പോകാറുണ്ടോ...
ഞാനില്ലാത്ത എത്ര ഉത്സവങ്ങള്‍ കടന്നു പോയി ല്ലേ...

നീയും സുജയും കൂടി എന്നെ പറ്റി എന്തു പറഞ്ഞു ചിരിച്ചൂന്നാ നീ എഴുതീരിക്കുന്നത്...പരദൂഷണം നിന്റെ നിഘണ്ടുവില്‍ സ്ഥാ‍നം പിടിച്ചുവോ..മറുപടിയ്ക്കു കാത്തിരിക്കുന്നു...വൈകിപ്പോകരുതേ...
                      
                        എന്ന്,
സ്നേഹപൂര്‍വം,
.................

Friday, May 25, 2012

നിലാവ് മൌനം പുതച്ചുറങ്ങുമ്പോള്‍......

അസ്തമയത്തിന്റെ ആകാശമേലാപ്പിലേക്ക് നോക്കിയിരുന്നപ്പോള്‍ രവിയുടെ മനസ്സില്‍ ഒടുക്കവും തുടക്കവുമില്ലാത്ത ഓര്‍മ്മകളുടെ മേഘക്കീറുകള്‍ ഒഴുകി നടക്കയായിരുന്നു..

ഗീതുവിനെ ആദ്യമായി കണ്ട നിമിഷം ഇപ്പോള്‍ കൂടുതല്‍ തെളിമയോടെ ഉണരുകയാണ്... അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം പീലി നിവര്‍ത്തിയതെപ്പോഴാണ്....

പ്രണയകാലത്തെ ദിനങ്ങള്‍ ..ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവസുറ്റ ദിനങ്ങളായിരുന്നു അന്ന്...എപ്പോഴും ശ്വാസനിശ്വാസങ്ങളുടെ ഓരോ മാത്രയിലും അവള്‍ നിറഞ്ഞു നിന്നു...ചെറുകാറ്റില്‍ പോലും പാറി പറക്കുന്ന അവളുടെ അലസമായ മുടിയിഴകള്‍..വിടര്‍ന്ന കണ്ണുകള്‍...വശ്യതയാര്‍ന്ന ചിരി, ഇമ്പമാര്‍ന്ന സ്വരം ഒക്കെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...

ഒരു ദിവസം അവളെയൊന്നു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മനസ്സാകെ വീര്‍പ്പുമുട്ടലിന്റെ കാര്‍മേഘങ്ങള്‍ നൊമ്പരം വര്‍ഷിക്കുമായിരുന്നു...സ്നേഹം വന്നു പൊതിയുമ്പോഴും ,പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും പിണക്കങ്ങളുടെ കുത്തിയൊലിപ്പിലും അകപ്പെട്ടിട്ടുണ്ട്..
പക്ഷേ, ആ പിണക്കങ്ങളൊക്കെ വീണ്ടുമൊരു സ്നേഹത്തിന്റെ വലയില്‍ വീഴ്ത്താന്‍ ഒരു നോട്ടമോ ഒരു കണ്ണീര്‍ത്തുള്ളിയോ മാത്രം മതിയായിരുന്നു...

അന്ന്, പൊള്ളുന്ന വേനല്‍ പ്രതീക്ഷിക്കാത്തൊരു മഴയായി തീരും പോലെയായിരുന്നു വീട്ടുകാരോട് എത്ര പൊരുതിയിട്ടും കൂട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ ഒരു താലി ചരടില്‍ കോര്‍ത്ത് അവളെ സ്വന്തമാക്കിയത്  ... 
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെ നിര്‍വൃതിയുടെയും മേഘപഞ്ഞിക്കെട്ടുകള്‍  തെളിഞ്ഞ ആകാശത്ത്  ഒഴുകി നടക്കുന്നതു പോലെ ദിനങ്ങളങ്ങനെ ഓടി മറയുകയായിരുന്നു.. 

 മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ വിരുന്നെത്തുന്ന അണ്ണാറക്കണ്ണന്മാരെ കുറിച്ചും ആദ്യമായി വിരിഞ്ഞ പനിനീര്‍പൂവിനെ കുറിച്ചും അവള്‍ വാചാ‍ലയാകുന്നത്...  ഓര്‍ക്കാപ്പുറത്ത് വിരുന്നെത്തുന്ന മഴയില്‍ കളിവള്ളമുണ്ടാക്കി അവള്‍ രസിക്കുന്നത് കാണുമ്പോള്‍ അവളെ കളിയാക്കുന്നത്..അങ്ങനെയങ്ങനെ ഓര്‍മ്മകളുടെ പടവുകള്‍ കയറിയിറങ്ങുമ്പോള്‍ എന്തെല്ലാം ചിത്രങ്ങളാ മനസ്സില്‍ മറഞ്ഞു കിടക്കുന്നത് കാണുന്നത്...

എല്ലാം എത്ര വേഗമാണ് മാറി മറിഞ്ഞത്...ശ്രീക്കുട്ടിയുടെ വരവാണോ അവളെ തന്നില്‍ നിന്നും അകറ്റിയത്..അമ്മയായപ്പോള്‍ അവളുടെ സ്നേഹം നഷ്ടപ്പെട്ടിരുന്നോ തനിക്ക്...അങ്ങനെ പറഞ്ഞൊഴിയാന്‍ കഴിയുമോ.? ഓഫീസില്‍ നിന്നും കൊണ്ടു വരുന്ന ഫയലുകളുടെയും കമ്പ്യൂട്ടറിന്റെയും  ടി വിയുടെയും മുന്നിലായി സമയം മാറ്റി വച്ചപ്പോള്‍ അവളെ കുറിച്ച് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നതല്ലേ വാസ്തവം..
അപ്പോഴൊക്കെ,  അവള്‍ വിശേഷങ്ങള്‍ പങ്കിടാന്‍ അടുത്ത് എത്തുമ്പോള്‍ ഒരു തരം ഈര്‍ഷ്യായിരുന്നില്ലേ മനസ്സില്‍ തോന്നിയിരുന്നത്.സ്നേഹമൊക്കെ കാറ്റിലൊരില പോലെ പറന്നകലുകയായിരുന്നില്ലേ.... “ഈ കുഞ്ഞിനെ എങ്കിലും ഇത്തിരി നേരം നോക്കരുതോ രവിയേട്ടാ“ എന്നവള്‍ പരിഭവം പറയുമ്പോഴൊക്കെ “നിനക്ക് പിന്നെയെന്താ പണി” എന്ന് പകരത്തിനു പകരമായി നല്‍കിയല്ലേ അവളെ നിശ്ശബ്ദയാക്കിരുന്നത്.

വല്ലാത്ത ക്ഷീണം തീരെ വയ്യാത്തതു പോലെ നമുക്കൊന്ന് ആശുപത്രി വരെ പോയാലോ  രവിയേട്ടാ എന്നവള്‍ ആവശ്യപ്പെട്ടപ്പോഴും “എനിക്ക് ലീവെടുക്കാന്‍ കഴിയില്ല നീ അപ്പുറത്തെ ശാന്തചേച്ചിയുമായി പോയി വാ” എന്നല്ലേ അന്ന് മറുപടി നല്‍കിയത്..പിന്നെ , അസുഖത്തെ കുറിച്ച് അവള്‍ പറയുമ്പോഴൊക്കെ “ഒക്കെ നിന്റെ തോന്നലാ നിനക്കൊന്നും ഇല്ല” എന്ന് പറഞ്ഞൊഴിഞ്ഞത് എന്തിനായിരുന്നു....അതില്‍ പിന്നെ ഒന്നും അവള്‍ പറഞ്ഞതുമില്ലല്ലോ..അല്ല, അവളോട് തിരക്കിയതുമില്ല എന്ന് പറയുന്നതാവില്ലേ അതിന്റെ ശരി...

പ്രണയത്തിന്റെ നാളുകളില്‍ അവള്‍ക്ക് ഒരു ചെറിയ തല വേദന എന്ന് കേട്ടാല്‍ പോലും ഉടനെ ഡോക്ടനെ കാണാന്‍ പോകാമെന്ന് പറഞ്ഞ് വാശി പിടിച്ചയാളായിരുന്നില്ലേ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ഒരു സങ്കടവും കുറ്റബോധവും കലര്‍ന്ന മലവെള്ളപാച്ചിലില്‍ അകപ്പെട്ടപോലെയായി...

ചെറിയ കാര്യങ്ങള്‍ക്ക് പോലും തുടരെ തുടരെ ഓഫീസിലേക്ക് വിളിക്കുന്ന ശീലം അവള്‍ക്ക്  പിടിപ്പെട്ടപ്പോഴാണ് വീട്ടിലെ നമ്പര്‍ കണ്ടാലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ ആയത്..രണ്ടു വിളിയില്‍ കൂടുതല്‍ വരുമ്പോള്‍ ഫോണ്‍ സൈലന്റിലേക്ക് മാറ്റുകയായിരുന്നു പതിവ്...

വൈകിട്ട് ഒരു മീറ്റിങില്‍ പങ്കെടുക്കുമ്പോഴാണ് അവളുടെ വിളി വന്നത്. പെട്ടെന്ന് ഫോണ്‍ സൈലന്റിലേക്ക് മാറ്റി.. മീറ്റിംഗ് തീര്‍ന്ന ശേഷവും വീട്ടിലേക്ക് ഒന്ന് തിരിച്ചു വിളിക്കാന്‍ ഓര്‍ത്തില്ല...അവള്‍ തന്നു വിടുന്ന ലിസ്റ്റിലെ സാധങ്ങളോ മരുന്നോ വാങ്ങാന്‍ പറയാ‍നാവും വിളിച്ചതെന്നു മനസ്സില്‍ കണ്ടു..“അല്ലെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വീട്ടിലുള്ളവരെപ്പറ്റി ഒരു ചിന്തയുമില്ല“ എന്നുള്ളൊരു  പരിഭവം അവള്‍ക്ക് നിലവിലുണ്ടായിരുന്നല്ലോ എപ്പോഴും ..

വീട്ടുവാതിക്കല്‍ എത്തിയപ്പോഴെ അവളോട് വല്ലാത്ത ദേഷ്യമാ തോന്നിയത്..സന്ധ്യ കഴിഞ്ഞിട്ടും വിളക്ക് തെളിയിക്കാതെ ഇവള്‍ ശാന്ത ചേച്ചിയോട് കാര്യം പറഞ്ഞിരിക്കുന്നുണ്ടാവും ..അപ്പോഴാണ് ഗായത്രി  ഓടി വന്നു പറയുന്നത് “അമ്മയും ഗീത്വേച്ചിയും വൈകിട്ട് എ കെ ആശുപത്രിയില്‍ പോയതാ ഇതു വരെ വന്നില്ല”..വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ തൊണ്ട ഇടറി പോയിരുന്നുവോ...അവരിപ്പോഴിങ്ങെ
ത്തും എന്ന ചിന്തയായിരുന്നുവോ എന്നിട്ടും അവിടം വരെ ഒന്നു പോകാന്‍ വീണ്ടും വൈകിയത്...

ഐ സി യൂവിനു മുന്നില്‍ വിതുമ്പി നില്‍ക്കുന്ന ശാന്തചേച്ചി “എനിക്കൊന്നും അറിയില്ല മോനേ“ എന്ന് പറഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചുകുട്ടിയുടെ ഭാവത്തില്‍ പകച്ചു  നില്‍ക്കാനേ കഴിഞ്ഞുള്ളൂ...

”രോഗത്തിന്റെ അവസ്ഥ നിങ്ങളെ അറിയ്ക്കാന്‍ വേണ്ടിയാണ് നിങ്ങളെ കാണണം, നിങ്ങളെയും കൂട്ടിയേ ഇനി വരാവൂ എന്ന് ഞാന്‍ ഗീതുവിനോട് പറഞ്ഞത് , മരുന്ന് പോലും മുടങ്ങരുത് എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നതാണല്ലോ...“ ഡോക്ടര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ വാടിത്തളര്‍ന്ന് ഒരു പരാതി പോലും പറയുവാന്‍ ശക്തിയില്ലാതെ അവള്‍ കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സ് കുറ്റബോധത്തിന്റെ ശരപഞ്ജരത്തില്‍ കുടുങ്ങി പോയി കഴിഞ്ഞിരുന്നു .

തിരക്കുകള്‍ക്കിടയ്ക്ക് പലപ്പോഴും അവളോടു കാണിച്ച അവഗണനയാവും ഒന്നും പറയാതെ സ്വയം സഹിച്ച് അവളെ നിശ്ശബ്ദയാക്കിയത് ..ഓര്‍ക്കുമ്പോള്‍ അവളോട് അകാരണമായ ഒരു ദേഷ്യം തോന്നും പോലെ..ഒന്നുറക്കെ കരയാന്‍ പോലും കഴിയുന്നില്ലല്ലോ  ഇപ്പോള്‍... കത്തിയെരിയുന്ന ഓര്‍മ്മകള്‍ ഒരു ആര്‍ത്തനാദമായി മാറുമ്പോള്‍ അങ്ങ് അകലെ നിലാപുഞ്ചിരി തൂകി ആകാശത്തിലെ  നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ ഗീതു എന്ന നക്ഷത്രവും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു....

Wednesday, May 2, 2012

‘വേനലില്‍‘ മഞ്ഞു പെയ്യുമ്പോള്‍....

യാത്രയില്‍ പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള്‍ മനസില്‍ വീണ്ടും വല്ലാത്തൊരു  ഭയം നിഴലിക്കും പോലെ..മനസ്സില്‍ മരിച്ചു കിടക്കുന്ന മുഖങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും ജീവന്‍ വയ്ക്കുകയാണോ..ട്രെയിനിന്റെ ചൂളം വിളി ഒരു നേര്‍ത്ത തേങ്ങലായി തീരും പോലെ....

എന്റെ മനസ്സില്‍ വല്ലാത്തൊരു ബലം നിറച്ച് പതച്ചു പൊന്തുന്നത് നിന്റെ വാക്കുകളാണ്..
“ നീ , നോക്ക് ...എല്ലാം ഭേദമായിരിക്കുന്നു..ഇനി പഴയതു പോലെ തിരിച്ചു വരണം നീ...ഇനിയും ഈ മൌനവ്രതം നിനക്ക് ഒട്ടും ചേരുന്നതല്ല..വീണ്ടും നീയെന്താണിത്ര ആലോചിച്ചു കൂട്ടുന്നത്..നോക്ക്, ആരുമില്ലാന്ന നിന്റെ വിചാരം വെറുതെയായില്ലേ , ഞാനുണ്ടായിരുന്നില്ലേ നിനക്കൊപ്പം എപ്പോഴും..ഇനിയുമുണ്ടാകും ..ഒരു നിഴലു പോലെ എന്നും....”അവളുടെ വാക്കുകള്‍ മറക്കാന്‍ കഴിയുന്നില്ല..ശരിയാണ് നിന്നെ പോലൊരു കൂട്ടുകാരി..ഏതു പുണ്യപ്രവര്‍ത്തിയുടെ തീരത്തു നിന്നാവും നിന്നെ ഞാന്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും...തീര്‍ച്ചയായും ഞാന്‍ അര്‍ഹിക്കാത്ത ഒരു മഹാഭാഗ്യമാണു നീ...

 മാഞ്ഞു പോയ ഓരോ നിമിഷങ്ങളും പെയ്തൊഴിയുന്ന മഴയുടെ ബാക്കിയെന്ന പോലെ മനസ്സിലിപ്പോഴും ഇറ്റിറ്റ് നില്‍ക്കയാണ്..

വേദനയുടെ ഏതോ ഒരു നിമിഷത്തിലെ പാതിമയക്കത്തിലാണ് അടഞ്ഞു പോകുന്ന വാതിലിന്റെ പിന്നാമ്പുറത്ത് നിന്റെ മുഖം ഞാന്‍ കണ്ടത്...നീയും എന്നെ കണ്ടിരുന്നുവോ..ബോധം മങ്ങി തുടങ്ങിയ വേളയിലും നിന്റെ മുഖം നേരിയ ഒരു നൂലായി മനസ്സില്‍ ഇഴഞ്ഞു നീങ്ങിയിരുന്നു...
സ്വബോധത്തിലേക്ക് തിരിച്ചു വന്നപ്പോഴും നിന്റെ ഓര്‍മ്മകളുടെ തരികളാണ് എന്റെ കണ്‍പീലികളെ തട്ടി ഉണര്ത്തിയത്.അപ്പോഴാണ് ആര്‍ദ്രമായൊരു വിളിയും പുഞ്ചിരിയുമായി നീയെന്റെ അരികിലെത്തിയത്..

വേദനയുടെ കൊടുമുടി കീഴടക്കി ഞാന്‍ കഴിഞ്ഞ  അവസ്ഥയിലും എന്റെ നേര്‍ക്ക് വന്ന നിന്റെ തെളിയുന്ന പുഞ്ചിരിയെ കെട്ടു പോകാന്‍  തുടങ്ങുന്ന ഒരു തിരിനാളത്തിന്റെ അരികില്‍ നില്‍ക്കുന്ന കൊച്ചു കുട്ടിയുടെ വിസ്മയങ്ങളായിട്ടാ എനിയ്ക്ക് തോന്നിയിരുന്നത്..

അന്നെല്ലാം  ഒരു കരച്ചിലിന്റെ വക്കിലൂടെ മരുന്നുകളുടെ മണമോടെ ഉറങ്ങുകയും ഉറക്കമുണരുകയും ചെയ്യുന്ന എന്നിലേക്ക് പുഞ്ചിരിയും ചാഞ്ഞിരുന്ന് ആശ്വാസം പകര്‍ന്ന ഒരു തോളും പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഒരു  കൈവിരല്‍ത്തുമ്പും നീയെനിക്കേകിയപ്പോള്‍ അതാണെന്നെ വീണ്ടും വീണ്ടും ജീവിതത്തിലേക്ക് ഉണരാന്‍ പ്രേരിപ്പിച്ചത്... ....

നീ പറഞ്ഞതു പോലെ രോഗത്തിന്റെ വേദനകള്‍ കെട്ടി വരിഞ്ഞ് ശ്വാസം മുട്ടിച്ച  രാത്രികള്‍ ഇന്നെന്നെ വിട്ടു പോയിരിക്കുന്നു...നീയും നിന്റെ കൂട്ടുകാരും പലപ്പോഴായി പകര്‍ന്നു തന്ന ജീവരക്തത്തിന്റെ തണലില്‍ ഞാനിന്ന് ഉന്മേഷവതിയാണ്...

ഇപ്പോഴെന്റെ ഓര്‍മ്മകള്‍ സമ്പന്നമാകുന്നത് അടുത്ത ദിനം പഠിപ്പിക്കേണ്ട പാഠങ്ങളിലെ കഥാപാത്രങ്ങളും കവികളും നിരന്നാണ്...കഴിഞ്ഞു പോയ നാളുകളിലെ വേദനയുടെ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ പണിപ്പെട്ടൊരു ചിരി പടുത്തുയര്‍ത്താന്‍ ഞാന്‍ ശ്രമിക്കയാണ്...എങ്കിലും നീ പറഞ്ഞതു പോലെ , സ്വപ്നങ്ങളുടെ വളകിലുക്കം എനിക്കിന്ന് കേള്‍ക്കാന്‍ കഴിയുന്നു....

രോഗത്തിന്റെ ഭാണ്ഡക്കെട്ടിറക്കി വച്ച എന്നെ ഒരു മഹാത്ഭുതമായി വരവേല്‍ക്കുന്ന കണ്ണുകളെയും കഴിഞ്ഞതിനെ കുറിച്ച് അറിയാവുന്നതും അറിഞ്ഞുകൂടാത്തതുമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നവരെ  എനിക്ക് ചുറ്റും പലപ്പോഴും കാണുന്നുണ്ട്..അവരറിയാതെ അവര്‍ക്ക് നേരേ ഗൂഢസ്മിതം ഉതിര്‍ത്ത് അവരില്‍  ഒരാളായി ഞാനും മാറുമ്പോള്‍ ഇനിയും ഒരു തിരിച്ചു പോക്ക് വീണ്ടും ഞാന്‍ കാതോര്‍ക്കുന്നില്ല....

ഇന്ന് , എന്നെ വലം വയ്ക്കുന്ന നിന്റെ ഓര്‍മ്മകളും , ഏകാന്തതയില്‍ എന്നെ തേടിയെത്തുന്ന നിന്റെ സ്വരവും ജനാലയിലൂടെ കടന്നു വന്ന് എന്നെ   തൊട്ടു തലോടുന്ന ഇളം കാറ്റും, ഓടി നടക്കുന്ന മേഘകീറുകളും, തൊടിയില്‍ മുഴങ്ങി കേള്‍ക്കുന്ന കുഞ്ഞാറ്റക്കിളികളുടെ സംഗീതവും കേട്ടും കണ്ടും അറിഞ്ഞും ഞാനുമുണ്ടാകും ഇനിയുമെന്നും..

Saturday, April 28, 2012

ഓര്‍മ്മകളുടെ വേരുകള്‍ തേടി....

ഏകാന്തതയുടെ ചുരത്തില്‍
മാനസ ഗോവണിയില്‍
ഓര്‍മ്മകളുടെ അധിനിവേശം ..

മറവിയുടെ വിഹായസ്സില്‍
നൂല്‍ പൊട്ടിയൊരു പട്ടം
മാടി വിളിക്കുന്നു..

കാലം കൈമാറിയ

ഇടവഴികളില്‍ പദനിസ്വനങ്ങള്‍
കരിയില മൂടി കിടക്കുന്നു...

മഞ്ഞണിഞ്ഞ നിലാവിന്റെ

നേര്‍ത്ത നിഴലനക്കങ്ങള്‍
വിതുമ്പലോളമെത്തുന്നു..

പകല്‍ത്തളങ്ങളുടെ 

ആഴക്കയത്തില്‍ നിപതിച്ച്
കാലം വിതുമ്പുന്നു..



Tuesday, April 10, 2012

മഴവില്ലുകളുണ്ടാകുന്നത്......


ഓര്‍മ്മകളുടെ നൈരന്തര്യമാണ്
ചിന്തകള്‍ക്ക്  കനമേകിയത് !

മിഴികളുടെ തിളക്കമാണ്
ചുണ്ടുകളെ നിശ്ശബ്ദയാക്കിയത്!

പ്രണയത്തിന്റെ തീക്കനലാണ്
കണ്ണുകളെ ഈറനാക്കിയത് !

കളിവാക്കിന്റെ ആഴമാണ്
മനസ്സിനെ ഏകാന്തമാക്കിയത് !

 വിസ്മൃതിയുടെ നിറക്കൂട്ടുകളാണ്
നിമിഷങ്ങളെ സ്മൃതികളാക്കിയത് !

കിനാവിന്റെ മഴവെള്ളപ്പാച്ചിലാണ്
മോഹങ്ങളെ അനാഥമാക്കിയത് !



Tuesday, March 27, 2012

അസ്വസ്ഥതകളുടെ നിഴല്‍പ്പാടുകള്‍.......


ഓര്‍മ്മ, 
ചിതലരിച്ചു തുടങ്ങിയ 
ഒരു പുസ്തകം!

പുറന്താളില്‍

നിറപ്പകിട്ടേകുന്ന
മൗന നിമിഷങ്ങള്‍ !

അകത്താളുകളില്‍

നിറയെ പൊള്ളുന്ന 
ജീവിത സമസ്യകള്‍ !!

ഓര്‍മ്മ, 

അസ്വസ്ഥതകളുടെ 
നിഴല്‍പ്പാടിനൊരു ചെപ്പ് !
  

ചിമിഴില്‍  ഇന്നും,
നഷ്ടസ്വപ്നങ്ങളുടെ 

ജ്വലിക്കുന്ന നാളങ്ങള്‍!

ഓര്‍മ്മ,

നിറം മങ്ങിയ ഒരു ചിത്രം!
വിധി വരച്ചിട്ട
പറക്കാനാവാത്ത 
നൊമ്പരക്കിളികള്‍ !!


ഓര്‍മ്മ ,
നെരിപ്പോടിനുള്ളിലെ 
ധൂമം ചുരുള്‍ നിവര്‍ത്തുന്ന
മാഞ്ഞു പോയ കാലം !!


ഓര്‍മ്മ ,
വര്‍ഷമേഘമായി മാറി
ഇടിനാദമുതിര്‍ക്കാനാവാതെ

തൊണ്ടയില്‍ കുരുങ്ങി
പോയ നേര്‍ത്ത നിലവിളി !!





Sunday, March 18, 2012

ഓര്‍മ്മയുടെ താളുകളില്‍.......

കാലം ഇര തേടുന്ന 
മാര്‍ജ്ജാരനെ
പോല്‍ പതുങ്ങി വന്ന്
മസ്തിഷ്കത്തെ കാര്‍ന്ന്
തിന്നുന്നതറിയാതെയല്ല ,
മാനം കാണാതെയൊരു
മയില്പീലിത്തുണ്ട് ഇന്നും
കാത്തു വയ്ക്കുന്നത്....


ശ്വാസവേഗങ്ങളുടെ ഗതി
മാറുന്നതറിയാതെയല്ല
ഓര്‍മ്മയുടെ കയങ്ങളില്‍
ആഴ്ന്നു പോകുന്നത്..


മൂടുപടങ്ങള്‍ തിരഞ്ഞ്
ഇന്നലെയുടെ തണലുകള്‍
പിന്‍ കാഴ്ചകളായി
അകലുന്നതറിയാതെയല്ല
മൌനത്തിലൊളിക്കുന്നത്...

 
വാക്കിന്‍ വര്‍ണ്ണ നൂലാല്‍
നെയ്ത വലക്കണ്ണിയില്‍
പരല്‍മീനുകളെ പോല്‍
കുരുങ്ങി കിടക്കുന്നതെന്താവാം...

ചിതറി വീണു പോയ ഓര്‍മ്മകളോ...
സ്നേഹനിരാസങ്ങളുടെ നിമിഷങ്ങളോ.....

Thursday, March 15, 2012

വേറിട്ട പാതയില്‍....

സൌഹൃദം...

നിന്നില്‍ നിന്ന് എന്നിലേക്കുള്ള
സമദൂരമാണീ സൌഹൃദം....


പുനര്‍ജ്ജനി....

ചിന്തകള്‍ പകര്‍ത്തുമ്പോള്‍
വാക്കുകള്‍ ജനിക്കും പോല്‍
ഓര്‍മ്മകള്‍ ഉണരുമ്പോള്‍
നീയും പുനര്‍ജ്ജനിക്കുന്നു....

ഏകരാവില്ല

കുളിരോലും നിറനിലാവും
ഉപ്പിന്‍ രുചിയേറും വ്യഥയും
പിന്നിട്ട കാലത്തിന്‍ ഓര്‍മ്മയും
നിഴലായ് കൂടെയുള്ളപ്പോള്‍ 
ഏകരാവില്ലാരുമീ മണ്ണില്‍...

മൌനസഞ്ചാരം...

നിന്റെ ഓര്‍മ്മകള്‍ എന്നില്‍ 
മൌനം നിറയ്ക്കുമ്പോള്‍ 
എന്റെ ഓര്‍മ്മകള്‍ നിന്നില്‍
 നിശ്ശബ്ദത തേടുന്നു.

ഇന്നലെകളില്‍

നടന്നു മറഞ്ഞ വഴികളില്‍
മിഴികള്‍ തിരയുന്നത്
നീയെന്റെ കൈകോര്‍ത്ത
നിമിഷങ്ങളെയല്ല
വീണടിഞ്ഞു കിടക്കുന്ന
കരിയിലകളെയാണ്..


Sunday, February 19, 2012

നിന്നോട് പറയാനുള്ളത്......

മടക്കയാത്ര ചൊല്ലുകയാണ്...

എനിക്കായ് പിറന്ന് മരിച്ച ദിനങ്ങളോടും,
തണല്‍ വീശി  നടന്നു തളര്‍ന്ന ഹൃദയങ്ങളോടും,
നടന്നകന്ന അന്യമായ  ജീവിത പാതകളോടും,
കുളിരേകാതെ പോയ ചാറ്റല്‍ മഴയോടും,

പേടിച്ചുണര്‍ത്തിയ മേഘനാദത്തോടും,
ഒഴുകി പരന്നു വരണ്ട് മരിച്ച നദികളോടും,
കാലം തെറ്റി വന്നെത്തിയ വര്‍ഷത്തോടും,

തൊട്ടുരുമ്മി ചുംബിച്ച് പൊടുന്നനെ 
പിണങ്ങിപ്പോയ തിരമാലകളോടും,

ഇനി മടക്കയാത്ര ചൊല്ലുകയാണ്...

പറയാതെ കാത്തു വച്ച ഇത്തിരി വാക്കുകളും,
നല്‍കാതെ ഒളിപ്പിച്ച  പുഞ്ചിരിയും,
നിറം മങ്ങിയ വര്‍ണ്ണ സ്വപ്നങ്ങളും,
കൈക്കുമ്പിളില്‍ നിറച്ച്....

ഓര്‍മ്മകളുടെ നൈര്യന്തരത്തില്‍
കണ്ണീരുപ്പിന്റെ രുചി നിറച്ച്,
ഇനി യാത്ര ചൊല്ലുകയാണ്...
ഒരു മടക്കയാത്ര......

Wednesday, January 18, 2012

നിശ്വാസങ്ങളില്‍ തലചായ്ക്കുമ്പോള്‍......

തെക്കേ ദിക്കിലൊഴിഞ്ഞ കോണിലായി
പടര്‍ന്നു പന്തലിച്ചൊരു മാവിന്‍ ചില്ലമേല്‍
അരുമയായ് ആഹ്ലാദചിത്തയായ്
ഉല്ലാസമോടെ കഴിഞ്ഞതാണു  ഞാന്‍...

ഋതുക്കള്‍ തന്‍ ചക്രമുരുണ്ടു പോകേ ,
ചുവന്നു തുടുത്തു മധുരം കിനിഞ്ഞു
തുടുത്തൊരെന്‍ മേനിയില്‍ മിഴിയുടക്കി
വിരുന്നെത്തിയൊരു കാക്കച്ചി..

ഭയന്നു വിറച്ചു ഞാന്‍ മിഴികള്‍ പൂട്ടവേ ,
കൂര്‍ത്ത കൊക്കുകളാലെന്‍ മേനിയെ 
കൊത്തി നുറുക്കി രസിക്കുന്നുവോ...

വേദന കാര്‍ന്നു പിടഞ്ഞൊരു മാത്രയില്‍
ഒരു പിടച്ചിലിന്‍ ഞരക്കത്തില്‍
കിഴക്കന്‍ തൊടിയിലെ കരിയിലക്കാട്ടിന്‍
പട്ടു മെത്തയില്‍ വീണു പോയീ ഞാന്‍..

കേണു വിളിച്ചു ആര്‍ദ്രമായ്
മണ്ണില്‍  മുഖം ചേര്‍ത്ത്
ഭൂമിതന്‍ സ്പന്ദനം കാതോര്‍ത്ത്

മിഴി പൂട്ടി കിടന്നന്നു മയങ്ങവേ,

ആ വഴി യാത്ര വന്നോരു
നീര്‍കുടമേന്തും മഴമേഘതരുണികള്‍
നേര്‍ത്ത മഴനൂലിന്‍ തൂവലാലെന്‍

കണ്‍പീലിയില്‍ മെല്ലെ തഴുകിയുണര്‍ത്തവേ ,

ഞെട്ടിയുണര്‍ന്നു ഞാന്‍ പരതുമ്പോള്‍
സൂര്യാംശു രാഗകതിരാലെന്‍
മെയ്യില്‍ ഹാരമണിയിച്ചു.....

കോരിത്തരിച്ചു  ഞാന്‍ വിസ്മയത്തിലാഴ്കവേ,
മെല്ലെയെന്‍ പാദങ്ങളാ മണ്ണില്‍ ചൂഴ്ന്നു പോയീ,
മെയ്യില്‍ തളിരില ചാര്‍ത്തുകള്‍ മൊട്ടിട്ടു
തണല്‍ വീശി ഞാനും കണ്‍പാര്‍ത്തു നില്‍ക്കേ,
മന്ദാനിലന്‍ വന്നെന്നെ തൊട്ടുരുമിയുമ്മവച്ചു...

ദിനരാത്രങ്ങളങ്ങനെ പിന്നില്‍ മറയവേ,
മൊട്ടിട്ടെന്നിലും കായ്കനികള്‍
മൂത്തു പഴുത്തൊരാ മാങ്കനികള്‍ 
മാടി വിളിച്ചിടുമ്പോള്‍ വിരുന്നെത്തുന്നിതാ

കാക്കച്ചിയും കിളികളും
അണ്ണാറക്കണ്ണനും കോകില ജാലവും...

ചാഞ്ഞ ചില്ലമേലിരുന്നൊരു കുയിലമ്മ 
തന്‍ പാട്ടിനെതിര്‍ പാട്ട് കാതോര്‍ത്ത്
ഉച്ചത്തില്‍ കൂകി വിളിയ്ക്കുമ്പോള്‍
മേലാകെ കോരിത്തരിച്ചിടുന്നു..

ആ കൊമ്പില്‍ ഈ കൊമ്പില്‍
അണ്ണാറക്കണ്ണന്മാര്‍ ഓടിയും ചാടിയും
കണ്ണാരം പൊത്തിക്കളിച്ചിടുമ്പോള്‍
മേലാകെ ഇക്കിളിയായിടുന്നു ..

ഊഞ്ഞാലായത്തില്‍ പാറി പറക്കും
കിളികള്‍ കലപില നാദം മുഴക്കുമ്പോള്‍
പാട്ടുകള്‍ പാടി രസിച്ചിടുമ്പോള്‍
നൃത്തമാടുമീ ഞാനും....

മൂവന്തി നേരം വിരുന്നെത്തും
മിന്നാമിന്നികളെന്നെ
മുത്തമിട്ടു പാറി പറന്നിടുമ്പോള്‍
മേലാകെ കുളിര്‍കോരി നിന്നിടുന്നു...

ആഹ്ലാദാരവ തേരിലീ വിധം നീങ്ങവേ ,
വന്നൂ നാലഞ്ചാളുകള്‍ എന്നരികില്‍
വലം വച്ചവരോരോന്നു പുലമ്പിടുമ്പോള്‍
പകച്ചു സ്തബ്ധയായി നിന്നു പോയ് ...

ആപത്തടുത്തെന്നറിഞ്ഞു വിറപൂണ്ട്
നിശ്ശബ്ദയായ് തേങ്ങി കരഞ്ഞു നിന്നീടവേ
കേട്ടു ഞാന്‍ ദിക്കുകള്‍ പൊട്ടുമാറുച്ചത്തില്‍
മഴു തന്‍ കര്‍ണ്ണ കഠോരമാം ആരവം...

തൊട്ടടുത്തു നിന്നോരു സഖി തന്‍
ശാഖകള്‍ വെട്ടേറ്റു നുറുങ്ങി വീഴുന്നിതാ..

ഇളം കാറ്റേകി സാന്ത്വനിപ്പിക്കാ‍നാവാതെ
ഒരു തുള്ളി അന്ത്യതീര്‍ത്ഥം നല്‍കുവാനാകാതെ
മൂകയായി വിതുമ്പി നിന്നു പോയി ഞാനും...

ഇത്തിരി കനിവിനായി നിശ്ശബ്ദയായി കേഴവേ,
വരും ദിനമോര്‍ത്ത്
കണ്ണീര്‍ വാര്‍ക്കവേ,
 
അറിയുന്നു ഞാനും ,
നാളെയാ മാനുഷ്യര്‍ ദുരയാല്‍

തച്ചുടയ്ക്കുമീ മഴു തന്‍ മൂര്‍ച്ചയില്‍ 

നിപതിച്ചു പോകുമീ
തണല്‍ വീശി നിന്ന ഞാനും.....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...