Wednesday, September 26, 2012

മൃത്യു വന്നു വിളിച്ചിടുമ്പോള്‍...

മതഭേദങ്ങള്‍ കൊടികുത്തി
വാണരുളും പടിപ്പുര വാതിലുകള്‍
എനിയ്ക്ക് തുറന്നിടേണ്ട..

സ്ത്രീത്വം നീറിപ്പുകഞ്ഞൊടുങ്ങും
ഇല്ലത്തിന്‍  അകത്തളങ്ങള്‍
എനിയ്ക്ക് കടക്കേണ്ടതില്ല..

ജാതി കോമരങ്ങള്‍ ഉറഞ്ഞു
തുള്ളിയാടും കാവുകള്‍
എനിയ്ക്ക് തീണ്ടേണ്ടതില്ല...

ഇന്നലെകളിന്‍ ആഢ്യത്വം
നാവടക്കി കിടക്കും
കോവിലകത്തിന്‍ ഇടനാഴികള്‍
എനിയ്ക്ക് കാണേണ്ടതില്ല...
 
ആചാരാനുഷ്ഠാനങ്ങള്‍
കൊമ്പുകോര്‍ത്ത്  പിടഞ്ഞു
മരിക്കും ഉടവാളെനിക്ക്
സ്വന്തമാക്കേണ്ടതില്ല....

അര്‍ത്ഥമില്ലാ കാമനകള്‍
പതുങ്ങി വന്നെത്തും
നിലവറത്താഴുകളെനിക്ക്
തുറക്കേണ്ടതില്ല.....

നിന്‍ മനസ്സിന്‍
മുറ്റത്തൊരു തുളസിത്തറയും
അതിലൊരു കൃഷ്ണത്തുളസിയും
ഇമവെട്ടുമൊരു ചെരാതും
ഒരു കിണ്ടി ദാഹജലവും
എനിയ്ക്കായ്...എനിയ്ക്കായ്...

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...