Wednesday, October 15, 2014

ആത്മാവിലെ ചിത

എന്‍റെ മറവിയുടെ
ഒന്നാം ജാലക വാതിലൂടെ
കാണുന്ന ഒറ്റ മരക്കൊമ്പില്‍
നിന്നെ തൂക്കി കൊല്ലാന്‍
ഇനി ഞാന്‍ വിധിക്കയാണ്

കടന്നു പോയൊരു
വസന്തകാല നിറവിന്‍റെ
ഒടുവിലെ  പേരില്ലാത്തൊരു
ദിനത്തെ ചുംബിച്ചുറക്കിയ
അസ്തമയ ചുവപ്പ്
കട്ടെടുത്ത് നിനക്ക് ഞാന്‍
ചുവന്നപ്പട്ട്  പുതയ്ക്കയാണ്

ഓര്‍മ്മകളുടെ
കാഞ്ഞിരമര നുറുങ്ങുകള്‍
പെറുക്കിയെടുത്ത്
അടുക്കിയൊതുക്കി
നിനക്ക് ഞാന്‍
പട്ടട ഒരുക്കുകയാണ്

ഹൃദയത്തിന്‍റെ
അടുപ്പ്കല്ലിന്മേല്‍
തിളച്ചു തൂകുന്ന
നോവുകളുടെ
അഗ്നിനാവുകള്‍
ചൂഴ്ന്നെടുത്ത്
ഞാന്‍ നിനക്കായി
നല്കയാണ്

ഇനി നിനക്ക്
കത്തിയൊടുങ്ങാം
നീലമേഘം തേടി
വാനിലുയര്‍ന്നു ചെല്ലാം  
പിന്നെപ്പിന്നെ
എന്‍റെ മനസ്സിന്‍റെ
ഒന്നാം വാതില്‍ തുറക്കുന്ന
മിഴികളിലൂടെ നിനക്കെന്നും
എന്നില്‍ പെയ്തിറങ്ങാം  

Saturday, October 11, 2014

മിന്നുന്ന നക്ഷത്രങ്ങള്‍

രാപ്പകലിന്‍റെ
ഓളപ്പരപ്പുകളില്‍
കാണാക്കര തേടുന്ന
പൊങ്ങുത്തടികള്‍
വറ്റുന്ന പുഴയുടെ
നേരറിയാതെ
നീന്തി തുടിക്കുന്ന
പരല്‍ മീനുകള്‍
ഒരു നുലിഴയുടെ
പിടിവള്ളിയില്‍
ഉയരം തേടുന്ന
കടലാസ്സു പട്ടങ്ങള്‍
ശൂന്യതയുടെ
കിനാക്കാഴ്ചകളില്‍
കൊഴിഞ്ഞു വീഴുന്ന
കരിയിലകള്‍
ഒരു നിശ്വാസത്തിന്‍റെ
ഉഷ്ണക്കാറ്റില്‍
നുരഞ്ഞു പതഞ്ഞു
പെയ്തൊഴിയുന്ന
വര്‍ഷമേഘങ്ങള്‍
കാലം തേടുന്ന
മരണ കാലങ്ങളിലെ
നരച്ച ഓര്‍മ്മകളിലെന്നും
മിന്നുന്ന നക്ഷത്രങ്ങള്‍

Thursday, October 9, 2014

വിടവാങ്ങല്‍

 
അയാള്‍ ചിന്താമഗ്നനായിരുന്നു
നല്ല വായനക്കാരനും
നല്ല  കേള്‍വിക്കാരനും
ഒരിക്കല്‍ പോലും അയാള്‍
ഒന്നും എഴുതി വച്ചിട്ടില്ല
ഒന്നും പറഞ്ഞിട്ടുമില്ല
ആരോടും കടം വാങ്ങിയിട്ടും
ആരോടും കയര്‍ത്തിട്ടുമില്ല
എന്നിട്ടും എപ്പോഴോ
അയാള്‍ നട്ടു വളര്‍ത്തിയ
ഒരു പനിനീര്‍ച്ചെടി
മോഷ്ടിക്കപ്പെട്ടിരിക്കുന്നു
അയാളോ ആറു മണിയുടെ
തീവണ്ടിയില്‍ എവിടേക്കോ
യാത്ര പോയിരിക്കുന്നു







പ്രിയ മരണങ്ങള്‍

മൌനം
ഒരു കടലാണ്
ഞാനതില്‍
മുങ്ങുകയാണ്

 കാഴ്ച
ചിറകടികള്‍
നേര്‍ത്ത് നേര്‍ത്ത്
വേനല്‍ വരമ്പത്ത്

നനഞ്ഞ മണ്ണില്‍
മുഖം പൊത്തി
ശ്വാസവേഗം
കരിഞണ്ടുകള്‍

ഒറ്റകുതിപ്പില്‍
ഉപ്പുനീരാവോളം
മോന്തി കുടിച്ച്
മുത്തു തേടുന്ന
ചിപ്പികള്‍

നിമിഷദൂരങ്ങള്‍
കാണാമറയത്ത്
കറുത്ത ആകാശം
വരയുമ്പോള്‍
യാത്രയാവുന്നു
പ്രിയ മരണങ്ങള്‍











Wednesday, October 8, 2014

അതി ജീവനത്തിലേക്ക്

ഇനി
അതിജീവനത്തിന്‍റെ
നാള്‍ വഴികളാണ്

ഇന്നലെകളുടെ
വേനലുകളില്‍    
ഓർമ്മകള്‍
മേഞ്ഞു നടക്കട്ടെ

കടല്‍ തേടി
വഴി പിരിയുന്ന
പുഴയുടെ
നൊമ്പരം കണ്ട്
പൊട്ടിച്ചിരിക്കുന്ന
താന്തോന്നിക്കാറ്റ്
ഇനിയും
നമ്പ്യാര്‍വട്ടത്തോടും
പൂത്തുമ്പിയോടും
കഥകള്‍ പറയട്ടെ

മരിച്ചു വീണ
ഇലകളില്‍
ജലഞരമ്പുകള്‍
പരതുന്ന  
വെയില്‍പ്പക്ഷി
വേരാഴങ്ങളില്‍
മുഖമമര്‍ത്തുമ്പോള്‍
കാറ്റും തണലും
കുളിരും തേടി
പകലറുതികള്‍
വിരുന്നെത്തട്ടെ

ഓര്‍മ്മകളില്‍
ഘനം തൊടുമ്പോള്‍
ആര്‍ത്തലച്ച്
പെയ്തൊഴിയാം

വര്‍ഷമേഘമായ്
നേരായ് നിറവായ്‌
ഉള്‍ക്കുളിരായ്
ഇന്നലെകളുടെ
നാളെകളുടെ
പാദങ്ങളില്‍
അലിഞ്ഞ്
ഓര്‍മ്മകളില്‍
മേഞ്ഞു നടക്കാം



Tuesday, October 7, 2014

ഇനിയെന്‍റെ വാക്കുകളെ .....



ഇനി എന്‍റെ വാക്കുകളെ 
ആത്മാവിനാല്‍ നീ 
ചുംബിക്കുക ... 
.
നീയവയെ,
നിറയുന്ന ഓര്‍മ്മകളുടെ
തെളിച്ചത്തില്‍ 
വിവസ്ത്രമാക്കുക
.
മങ്ങാത്ത 
ഇഷ്ടങ്ങളുടെ നേരിനാല്‍ 
ഗാഢമായി പുണര്‍ന്ന്‍
പ്രണയ പരിഭവങ്ങളുടെ
നിശ്വാസങ്ങളാല്‍ പൊള്ളിക്കുക

കടുത്ത മറവിയുടെ 
നഖക്ഷതങ്ങളാല്‍ 
മുറിവേല്‍പ്പിക്കുക

പിന്നെ പിന്നെ ,
ഹൃദയത്തിന്‍റെ 
മൂന്നാം അറയിലേക്ക്
കടുത്ത ഏകാന്തതയുടെ 
വാതില്‍ തള്ളിത്തുറന്ന്‍
ശലഭച്ചിറകിനെക്കാള്‍ 
മിനുമിനുത്ത 
എന്‍റെ വാക്കുകളെ 
നീ ഒതുക്കി വയ്ക്കുക ....


ഇനി എന്‍റെ വാക്കുകളെ 
ആത്മാവിനാല്‍ നീ 
ചുംബിക്കുക ... 
.



Monday, October 6, 2014

ഞാനും യാത്രയാവുകയാണ്..

ഇന്നലെയുടെ
അദ്ധ്യായങ്ങളിലെവിടെയോ
എഴുതി ചേര്‍ത്ത വാക്കുകളില്‍
ഒതുങ്ങി പതുങ്ങി നടന്ന
മൌനം ഒപ്പിയെടുത്ത്
ഞാനെന്‍റെ നൊമ്പരങ്ങളെല്ലാം
നെഞ്ചോടു ചേര്‍ത്തു പിടിക്കുകയാണ്

ഒറ്റപ്പെടലിന്‍റെ പൊള്ളലേറ്റ്
അടര്‍ന്നു പോകുന്ന നിശ്വാസങ്ങളില്‍
ഓര്‍മ്മകളുടെ നിഴല്‍ തുണ്ടുകള്‍
വരച്ചു ചേര്‍ത്ത് ഇനി  ഞാനെന്‍റെ
കിനാക്കളെ കണ്ടെടുക്കയാണ്  

പരിഭവത്തിന്‍റെ ഊരാക്കുടുക്കിട്ട്
വല്ലാതെ  വരിഞ്ഞു മുറുക്കുമ്പോഴും
ഒരു വിളിപ്പാടകലെയായി
ഒരു ഇഷ്ടത്തിന്‍റെ തോണിയേറുന്ന
നിന്‍റെപ്രണയത്തെ  മാത്രം
കാതോര്‍ത്തിരിക്കുകയാവാം  

തിരസ്ക്കരണത്തിന്‍റെ
ഒന്നാം പാതയിലേക്ക് തുറക്കുന്ന
ഊടുവഴിയിലേക്ക് ഉപേക്ഷിക്കയാണ്
ഞാനെന്‍റെ വാചാലതകളെ
ഇനി ഇല്ല ഒന്നുമില്ലായിരുന്നെന്നൊരു
പൊളി വാക്കിന്‍റെ തണലു തേടാതെ
കണ്ണിര്‍മഴ പെയ്ത്തില്‍ നനയുവാനായി
ഇന്ന്‍ ഞാനും  യാത്രയാവുകയാണ്..

നിന്നോട് പറയാനുള്ളത്.

ഓരോ മൌനങ്ങളിലും
അലിഞ്ഞുരുകുന്ന
ഓര്‍മ്മകളുണ്ടാവണം
ഓരോ ഓര്‍മ്മകളിലും 
ആര്‍ത്തലയ്ക്കുന്ന
ഈര്‍ഷ്യകളുണ്ടാവണം


ഓരോ ഈര്‍ഷ്യകളിലും
ഉടഞ്ഞു പോകാത്ത
ഇഷ്ടങ്ങളുണ്ടാവണം

ഓരോ ഇഷ്ടങ്ങളിലും
അടരാതെ മുറുകുന്ന
നിശ്വാസങ്ങളുണ്ടാവണം
ഓരോ നിശ്വാസങ്ങളിലും
നോവിന്‍ പെരുക്കങ്ങളുടെ
കത്തുന്ന കനലുകളുണ്ടാവണം
ഓരോ കനലിലും
നീറിനീറിയൊടുങ്ങുന്ന
പാഴ് ജന്മമായി തീരണം

Sunday, October 5, 2014

കാവല്‍ക്കാരി

കനവുകള്‍
വിരുന്നു പോയി 
മടങ്ങി വരാത്ത
കൊട്ടാരത്തിന്‍റെ
കാവല്‍ക്കാരിയാണ് നീ


നിരാസങ്ങളുടെ
തുരുത്തുകളില്‍ നിന്നും
വിഷാദ ഗാനം
കേള്‍ക്കാന്‍
നീ ഉണര്‍ന്നിരിക്കുക

ശിരസ്സറ്റു പോയ
ദിനങ്ങളെ
കൈകളില്‍ ചേര്‍ത്ത്
നോവിന്‍റെ
ഉപ്പുത്തീരം തേടി
നീ യാത്രയാകാതിരിക്കുക

നിഴലിന്‍റെ
മറുകരയില്‍
മറഞ്ഞിരിക്കുന്ന
വിധിയുടെ
പാതാള ചുഴികളിലേക്ക്
ശിരോ വസ്ത്രം നീക്കി
നീ നടന്നു കൊള്ളുക

നീ കാവല്‍ക്കാരിയാണ്!!

കനവുകള്‍
വിരുന്നു പോയി
മടങ്ങി വരാത്ത
കൊട്ടാരത്തിന്‍റെ
കാവല്‍ക്കാരി !!

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...