Thursday, May 20, 2010

ഓലപ്പുരയിൽ പെയ്തിറങ്ങിയ സ്നേഹ മഴ...(കഥ)

മനസ്സിലെ ചെരാതില്‍  ഇപ്പോഴും ഇത്തിരി ഓര്‍മ്മകളുടെ വെട്ടം ചുറ്റും പടര്‍ത്തുന്ന ഒരു കാലം....


അന്ന് , ആ ഓലപ്പുരയിലെ ക്ലാസ്സ് മുറിയില്‍ ആരൊക്കെയാണ് എന്നോടൊപ്പം ഉണ്ടായിരുന്നു എന്നോ......


മനസ്സ് പ്രക്ഷുബ്ദമായിരുന്നെങ്കിലും വിഷാദത്തിന്റെ വേലിയേറ്റത്തെ മറച്ച് സദാ പുഞ്ചിരി പൊഴിച്ചു കൊണ്ടു നടക്കുന്ന ദേവൂ ആയിരുന്നു താന്‍..ഒപ്പം കുപ്പി വള കിലുക്കം പോലെ സംസാരിക്കുന്ന സീനത്ത്...... എപ്പോഴും തമാശകള്‍ മാത്രം പറയുകയും എന്തിനേയും അത്ഭുതം കലര്‍ന്ന ചിരിയോടും കൂടിമാത്രം നേരിടുകയും ചെയ്യുന്ന സബീന , കുട്ടി താറാവേ എന്ന വിളി പേരില്‍ അറിയപ്പെടുന്ന ബീന, പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നുറക്കെ പ്രഖ്യാപിച്ച് നടക്കുന്ന ജലജ, ക്ലാസ്സ് തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ഉറക്കം തൂങ്ങി തുടങ്ങുന്ന രേഖ, കൃഷ്ണപുരം സ്വദേശി അച്ഛായന്‍ ഡേവിഡ്, കുട്ടിച്ചെക്കന്‍ എന്ന പേരില്‍ വിലസുന്ന രാജീവ് ,നമ്പൂതിരി അല്ല എങ്കിലും ഒരു നമ്പുതിരി മോഡലില്‍ ശൃംഗാര ചിരിയുമായെത്തി നിമിഷ കവിതകളുടെ തുണ്ടുകള്‍ പെണ്ണുങ്ങള്‍ക്ക് വാരി വിതറുന്ന ജഗദീഷ്...പിന്നെ ..മണികണ്ഠന്‍, രാജൂ,വേണു, അങ്ങനെ ഒരുപാടു നല്ല കൂട്ടുകാര്‍ക്കിടയിലേക്കാണ് ഒരു നാള്‍ പുതിയതായി അവനും വന്നത്..“അഭി”.


ചാര നിറമുള്ള നീളന്‍ കൈയുള്ള ഷര്‍ട്ടും, കറുത്ത ഫ്രെയിമുള്ള കണ്ണടയും, കുറ്റിതാടിയും,അനുസരണയില്ലാതെ പാറി പറന്നു കിടന്ന മുടിയും, ചുമലില്‍ തൂങ്ങി കിടക്കുന്ന തുണിസഞ്ചിയും...കണ്ടാല്‍ ഒരു ബുജി ലുക്ക് തോന്നുന്നതു കൊണ്ടാവണം ഏവരും അവനെയൊന്നു ശ്രദ്ധിച്ചു...അവന്‍ ഏല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു എന്നു പറയുന്നതാവും ശരി.


ഇടവേളയില്‍ തന്നെ സബീനയും മറ്റും അവനോടു കൂട്ടു കൂടാന്‍ ചെന്നു.പക്ഷേ, എന്തോ അവനിത്തിരി തലക്കനമുള്ള കൂട്ടത്തിലാണെന്നു തോന്നിയതു കൊണ്ടാവാം എല്ലാവരും പരിചയപ്പെട്ടപ്പോഴും അവനോട് പരിചയം ഭാവിക്കാതെ താന്‍ ഒഴിഞ്ഞു മാറിയത്......


അന്നു ഞാന്‍ മറ്റാരെയും പോലെ ആയിരുന്നില്ല.. ജീവിതത്തിന്റെ ഒരദ്ധ്യായം കോടതി മുറിയ്ക്കുള്ളില്‍ കീറീ മുറിക്കപ്പെടുന്നതിന്റെ നീറ്റലുമായിട്ടായിരുന്നു കൂട്ടുകാര്‍ക്കിടയില്‍ കഴിഞ്ഞിരുന്നത്..പല കൂട്ടുകാര്‍ക്കും അത് അറിയുകയും ചെയ്യുമായിരുന്നു..അതു കൊണ്ടു തന്നെയാവണം കൂട്ടുകാരെല്ലാം എപ്പൊഴും നിഴലായി എനിക്കു ചുറ്റും ഉണ്ടായിരുന്നത്...


അന്നൊക്കെ ഒഴിവു ദിനത്തെ ഒരിക്കലും ഇഷ്ടമായിരുന്നില്ല..“ഒക്കെ മറക്കാന്‍ എപ്പോഴും തിരക്കുകളില്‍ അലയണമെന്ന്” സീനത്ത് പറയുമായിരുന്നു എപ്പോഴും...


ഒരു ഒഴിവു ദിനത്തെ കൊല്ലാന്‍ വേണ്ടിയായിരുന്നു യഥാര്‍ഥത്തില്‍ ആധുനിക കവിതയെ കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചത്...അതിനായിട്ടായിരുന്നു സീനത്തുമായി പബ്ലിക്ക് ലൈബ്രറിയുടെ പടവുകള്‍ കയറി ചെന്നത്...


സെമിനാര്‍ തുടങ്ങും മുന്‍പ് തന്നെ അഭിയും അവിടെ എത്തിയിരുന്നു... അഭിയുമായി പരിചയപ്പെടുന്നത് അന്നാണ്...അക്ഷരങ്ങളെയും ഓഷോയെയും സ്നേഹിക്കുന്ന അഭി വളരെ കുരച്ചു സമയം കൊണ്ടു തന്നെ നല്ല ചങ്ങാതിയായി എന്നു പറയുന്നതാവും കൂടുതല്‍ ശരി......പിന്നിടുള്ള ദിവസങ്ങളില്‍ ക്ലാസ്സിലെ ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും അവന്‍ നല്ലൊരു അനുജനായി മാറുകയായിരുന്നു..


കോടതിയില്‍ പോകാന്‍ മനസ്സു കൂട്ടാക്കാത്തപ്പോല്‍ മനസ്സിനു ധൈര്യമേകിയിരുന്നത് എന്നും കൂട്ടുകാരുടെ ആശ്വാസവാക്കുകളായിരുന്നു....


ഒരു പാശ്ചാത്യകഥ വിവര്‍ത്തന്നം ചെയ്യുന്നതിന്റെ തിരക്കില്‍പ്പെട്ട് ഗ്രന്ഥശാലയുടെയും മറ്റും പ്രവര്‍ത്തനങ്ങളുമായി ഓടീ നടന്ന അഭിയ്ക്ക് പലപ്പോഴും ക്ലാസ്സില്‍ എത്താന്‍ കഴിയുമായിരുന്നില്ല...അവന്റെ ക്ലാസ്സിലേക്കുള്ള വരവ് തീരെ കുറഞ്ഞു... അഥവാ എത്തിയാലോ...
മിക്കവാറും ഉച്ചയ്ക്ക് ഊണു നേരത്താവും അവന്റെ വരവ്..അവനറിയാമായിരുന്നു അതാണവിടുത്തെ ഏറ്റവും രസകരമായതും സന്തോഷം നിറഞ്ഞതുമായ സമയം എന്ന്....


പുസ്തകം തുറന്നാല്‍ അപ്പോഴെ ഉറക്കമാണെങ്കിലും രേഖ വരുന്നത് തലയണയ്ക്കു സമമായ ഒരു ചോറു പൊതിയുമായിട്ടായിരുന്നു..സബീനയാകട്ടെ എപ്പോഴും പെറോട്ടയും ചിക്കനുമായിട്ടാവും എത്തുക. ആ ചിക്കനും പൊറോട്ടയും മിക്കവാറും ഊണു സമയത്തിനു മുമ്പു തന്നെ വിരുതന്മാര്‍ അടിച്ചു മാറ്റുക പതിവായിരുന്നു.ജലജ കൂട്ടുകാര്‍ക്കായി കൊണ്ടു വരുന്നത് മരച്ചീനിയും മുളകരച്ചതുമായിരുന്നു..പലരും ചോറു പൊതിയില്ലാതെയാവും വരുന്നത് .. പൊതിയുമായി എത്തുന്നവര്‍ എല്ലാവരുമായി പങ്കിട്ടു കഴിച്ചു തീര്‍ക്കും അതായിരുന്നു അന്നത്തെ പതിവ്...


ക്ലാസ്സില്‍ വരാത്തതിനെ കുറിച്ച് തിരക്കുന്നവരോട് അഭി പറയുന്നത് “ചെയ്തു തീര്‍ക്കാന്‍ ഒരുപാടു ജോലിയുണ്ട് ..ഈ ഓലപ്പുര ഒരു സര്‍ക്കസ് കൂടാരമല്ലേ..ഇവിടെ വല്ലപ്പോഴും കടന്നു വന്ന് നിങ്ങളെ ഒക്കെ ചിരിപ്പിക്കുന്ന കോമാളിയാകാനാണെനിക്കിഷ്ടം” എന്നായിരുന്നു.


പലപ്പോഴും അവനോട് ഞാന്‍ പറയുമായിരുന്നു “നീ വരേണ്ടടാ എന്നും ..നീ ഈ ഓലപ്പുരയില്‍ സമയം കളയേണ്ടവനല്ല..നീ കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കേണ്ടവനാണ്..ഇവിടെ കിട്ടുന്ന നോട്ട്സ് ഞാന്‍ കാര്‍ബണ്‍ കോപ്പി ചെയ്തു തരാം നിനക്ക് ” എന്ന്...അതു പോലെ തന്നെ അവന്‍ വരുമ്പോഴൊക്കെ നോട്ട്സ് നല്‍കുകയും ചെയ്തിരുന്നു....


ഒരിക്കല്‍ പതിവു പോലെ ഒരു ഉച്ച നേരത്ത് അവന്‍ എത്തി...പതിവില്ലാതെ അന്ന് അവന്റെ മുഖത്ത് ഒരു സംഭ്രമം നിഴലിച്ചിരുന്നു...അന്ന് അവന്‍ അവിടെ എത്തിയത് എല്ലാവരോടും യാത്ര ചോദിക്കാന്‍ വേണ്ടിയായിരുന്നു..


“ജീവിതം നാം കണക്കു കൂട്ടും പോലെ ഒന്നുമല്ല..പഠിത്തം ഒക്കെ ഉപേക്ഷിച്ച് ഞാനും പോകയാണ് മരുഭൂമിയിലേക്ക്..നാളെയാണ് പോകുന്നത്..നില്‍ക്കാന്‍ സമയമില്ല..എടീ ദേവൂച്ചി..ദേ..ഇതാ എന്റെ മാര്‍ക്ക് ലിസ്റ്റുകള്‍..നീ എനിക്കു കൂടി പരീക്ഷാഫീസ് അടയ്ക്കണം .പറ്റുമെങ്കില്‍ ഞാന്‍ വരാം ... പരീക്ഷ എഴുതാന്‍ ശ്രമിക്കാം ”.....


എന്തോ...അവന്റെ ആ യാത്ര ചോദിപ്പില്‍ എല്ലാവര്‍ക്കും വിഷമം തോന്നി...”നീ വരണം..മറക്കരുത്...ഞങ്ങളെ ആരെയും..”എന്നു പറഞ്ഞ എന്റെ കൈ പിടിച്ച് “ഈ നനുത്ത സൌഹൃദം എന്നുമുണ്ടാകും ഈ കോമാളിയുടെ മനസ്സില്‍ എന്ന് ”പറഞ്ഞ തിരിഞ്ഞു നടന്നപ്പോള്‍ അവന്റെ കണ്ണൂകള്‍ ഈറനണീഞ്ഞിരുന്നുവോ....


അഭിയുടെ യാത്രയുടെ നൊമ്പരം മായും മുമ്പ് തന്നെ വളരെ താമസിയതെ മറ്റൊരു നഷ്ടം കൂടി എനിക്ക് ഉണ്ടായി..എന്നും നിറസൌഹൃദം നല്‍കിയിരുന്ന സീനത്തും പഠിത്തം പാതി വഴിയില്‍ നിര്‍ത്തി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവളുടെ ഭര്‍ത്താവിനടുത്തേക്ക് പോയി..


അപ്പോഴാണ് കൂട്ടുകര്‍ക്കിടയില്‍ താന്‍ തികച്ചും ഒറ്റപ്പെടലിന്റെ വിങ്ങള്‍ അനുഭവിച്ചത്.....ജലജയും രേഖയും എപ്പോഴും നിഴലായി ഒപ്പം ണ്ടായിരുന്നെങ്കിലും സീനത്തിന്റെ യാത്ര എന്നെ വല്ലാതെ വേദനിപ്പിച്ചു..


സൌഹൃദത്തിന്റെ സന്ദേശങ്ങളായി പിന്നെയെപ്പോഴോ അഭിയുടെയും സീനത്തിന്റെയും രണ്ടു മൂന്നു കത്തുകള്‍ എന്നെ തേടി എത്തിയപ്പോള്‍ എന്തു സന്തോഷമായിരുന്നു.. ...മരുഭൂമിയില് ചെയ്ത് ബിസിനസുകളുടെ തകര്‍ച്ചയെ കുറിച്ചുള്ള വേദനയെ കുറിച്ച് മനസ്സ് തുറന്ന് അഭി എഴുതിയപ്പോള്‍ അവനു വേണ്ടുന്ന ഉപദേശങ്ങള്‍ മറുകുറിയായി നല്‍കുമ്പോള്‍ തികച്ചും ഞാന്‍ അവന്റെ ചേച്ചിയായി മാറുകയായിരുന്നു.....


പിന്നെയെന്നോ ,ദിവസങ്ങള്‍ കൊഴിഞ്ഞപ്പോള്‍ പിന്നെ ആ സൌഹൃദങ്ങള്‍ ജീവിതതിരക്കില്‍പ്പെട്ട് എവിടെയാണെന്നോ എന്തായി തീര്‍ന്നോ എന്നോ ഒരു വിവരവും പരസ്പരം ഇല്ലാതായി....


അന്ന്, പഠിത്തം കഴിഞ്ഞ് എല്ലാവരും പല വഴികളില്‍ പിരിഞ്ഞു പോയി..അപ്പോഴും രേഖയും ജലജയുമായി താന്‍ വേര്‍പ്പെടാത്ത ഒരു സൌഹൃദം കാത്തു സൂക്ഷിച്ചിരുന്നു..


ജീവിതത്തില്‍ വേദനകള്‍ അധികമായി തോന്നുമ്പോള്‍ പലപ്പോഴും ചെയ്യുന്നത് കണ്ണടച്ച് മനസ്സിനെ ആ ഓലപ്പുരയിലെ ക്ലാസ്സ് മുറികളില്‍ കൊണ്ടിരുത്തും.


കൂട്ടുകാരുമായി അവിടുത്തെ നിമിഷങ്ങള്‍ പങ്കു വയ്ക്കും.അതിനാല്‍ ഇന്നും എന്റെയീ മനസ്സില്‍ എന്നും പച്ചപ്പു പോലെ ആ സൌഹൃദങ്ങളുടെ ഓര്‍മ്മകള്‍ ജീവിക്കുന്നു.... ജീവിതത്തില്‍ നല്ല സുഖമുള്ള പൊട്ടിച്ചിരികളും ഓര്‍മ്മകളും നല്‍കിയ ആ കൂട്ടുകാരെ എന്നും അന്വേഷിച്ചു കൊണ്ടിരുന്നു എങ്കിലും ആരെ കുറിച്ചും ഒരു അറിവും കിട്ടിയിരുന്നില്ല..


അങ്ങനെയിരിക്കെയായാണ് ഒരിക്കല്‍ ജോലി സ്ഥലത്ത് ഒരു ഫോണ്‍ കാള്‍ എന്നെ അന്വേഷിച്ച് വ്ത്തിയത്.... ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ ഫോണ്‍ കാള്‍ എത്തിയത്..അങ്ങേ തലയ്ക്കല്‍ കേട്ട ശബ്ദത്തിന്റെ ഉടമയെ അവള്‍ക്ക് തിരിച്ചറിയാനായില്ല...


നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം അഭി അവളെ വീണ്ടും തിരക്കി കണ്ടെത്തി വിളിച്ചിരിക്കുന്നു.....


“എടീ ,ദേവൂച്ചീ..ഇതു ഞാനാടീ..നിന്റെ കുഞ്ഞനുജന്‍ അഭി.കുറച്ചു നാളത്തെ ശ്രമഫലമായിട്ടാ ദേവൂച്ചി നിന്നെ ഞാന്‍ കണ്ടെത്തിയത് നാളെ തിരിച്ചു വീണ്ടും വിദേശത്തേക്ക് പോകയാ .ഇനി വരുമ്പോള്‍ തീര്‍ച്ചയായും കാണാം .പിന്നെ,ഞാന്‍ എത്തുമ്പോഴേക്ക് നമ്മുടെ കൂട്ടുകാരെ ഒക്കെ ഒന്നു കണ്ടെത്തുമോ ദേവൂച്ചീ ”എന്ന് അവന്‍ പറഞ്ഞപ്പോള്‍ തീര്‍ത്തും വിശ്വസിക്കാനായില്ല.വീട്ടു വിശേഷം പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തിട്ടും താന്‍ കണ്ടത് സ്വപ്നമോ എന്ന ചിന്തയിലായിലാണ്ടു നിന്നു പോയി....


അവന്‍ പറഞ്ഞതു പോലെ കണ്ടെത്തണം ഓരോരുത്തരെയായി.അതിനായി പഴയ ഡയറി പൊടി തട്ടിയെടുത്തു..പിരിയുന്നതിനു മുമ്പ് കൂട്ടുകാര്‍ എഴുതിയ അഡ്രസ്സിലേക്ക് ഓരോ കത്തുകള്‍ “ഈ കത്ത് കിട്ടിയാലുടന്‍ താഴെ കാണുന്ന നമ്പരില്‍ ഒന്നു വിളിക്കൂ” എന്ന് എഴുതി ഞാനെന്റെ മൊബൈല്‍ നമ്പരും എഴുതി അയച്ചു .


തുടര്‍ന്നുള്ള ദിവസങ്ങളില്‍ നെഞ്ചിടിപ്പോടെ ഫോണ് കാളുകള്‍ക്കുമായി കാത്തിരുന്നു....സന്തോഷത്തിന്റെ.....ആഹ്ലാദത്തിന്റെ അലയൊലികളായി കൂട്ടുകാരുടെ വിളികള്‍ ഓരോ ദിനവും തേടിയെത്തി..
എല്ലാവരോടും അഭിയെ കുറിച്ച് അവള്‍ പറഞ്ഞു..അവന്‍ വിദേശത്ത് തന്നെയാണ് ..അശരണര്‍ക്ക് താങ്ങും തണലുമായി അവന്‍ ജീവിക്കുന്നു...വ്യവസായ പ്രമുഖനാണിന്നവന്‍ അവനെ കുറിച്ച് പറയുമ്പോള്‍ ആയിരം നാവുള്ള പോലെ വാചാലയായി ...അഭിയുടെ ഓരോ ഉയര്‍ച്ചയിലും ഇത്രയധികം സന്തോഷപ്പെടുന്ന ഒരു മനസ്സു വേറെ ഉണ്ടാവില്ല....


രണ്ടു വര്‍ഷത്തിനകം എത്തിയ അഭി കണ്ടത് ഒപ്പം പഠിച്ച എല്ലാവരേയും കൂട്ടി അവനു വേണ്ടി കാത്തിരിക്കുന്ന ദേവൂച്ചിയെ തന്നെയാണ്.നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അന്ന് എല്ലാവരും ഒന്നിച്ചു കൂടി ...
വിശേഷങ്ങള്‍ പങ്കു വച്ചു ...


അന്ന് , “ദേവൂച്ചീ ഒരു പ്രശ്നങ്ങള്ക്കും നിന്നെ തളര്‍ത്താന്‍ കഴിയരുത്... നീ വിഷമിച്ചിരിക്കേണ്ടവളല്ല.....നീ ഉയര്‍ത്തെഴുന്നേല്‍ക്കണം..നീ തോല്‍ക്കാന്‍ പാടില്ല..നിന്റെ ചിന്തകള്‍ക്ക് നീ അക്ഷരപിറവി നല്‍കണം ...അത് നിനക്ക് വേദനകളെ കുഴിച്ചു മൂടാന്‍ സഹായകമാകും...”എന്നു പറഞ്ഞ് അഭി അന്ന് ആശ്വാസമേകി.


എല്ലാ കൂട്ടുകാരെയും കണ്ടെത്താന്‍ പറഞ്ഞതിലൂടെ പകരമായിട്ടാവാം ഇന്ന് തനിക്കു കൂട്ടായി നിറസൌഹൃദത്തിന്റെ ഒരു ലോകം തന്നെ അഭി എനിക്കെന്റെ വിരല്‍ത്തുമ്പില്‍ നല്‍കിയിരിക്കുന്നു... സീനത്തും പഴയ സൌഹൃദങ്ങളുമെല്ലാം ഒരു വിളിപ്പുറത്തകലെ തന്നെ ഇന്ന് എനിക്കൊപ്പം ഉണ്ട്....


പ്രക്ഷുബ്ദമായ എന്റെ മനസ്സില്‍ ഇന്നും അഭിയുടെ വാക്കുകള്‍ എപ്പോഴും അലയായെത്തുന്നു ......
ആ സ്നേഹമഴ കൈക്കുമ്പിളില്‍ കോരിയെടുത്ത് അതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് ഞാന്‍ എന്റെ എഴുത്തിനു ശക്തിയേകുന്നു...
ഓലപ്പുരയില്‍ പെയ്തിറങ്ങിയ ആ സ്നേഹമഴയില്‍ ഇപ്പോള്‍ ഞാന്‍ എന്ന ദേവൂ ആവോളം നനയുകയാണ്...


ആ സ്നേഹമഴ നിലച്ചാല്‍ ഒരു പക്ഷേ.. ഈ ദേവൂന്റെ തൂലിക നിശ്ചലമായേക്കാം..........

2 comments:

  1. Kalalaya Jeevitham Orthupoyi.Sarikkum Nostalgia Ennu Parayam. Ithupole Etra Sauhrudangal Ente Jeevithathilum undu. SN Colegel. Very Good Teacher. Keep on Writing

    ReplyDelete
  2. പ്രതികരണത്തിനു നന്ദി....

    ReplyDelete

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...