Thursday, May 6, 2010

ജീവിതസന്ധ്യയിൽ.....(കഥ)

തുലാപാതി തകര്‍ത്തു പെയ്യുകയാണ്..മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിന്നും മാങ്ങകള്‍ വീണ് അങ്ങിങ്ങായി ഓടുകള്‍ പലതും പൊട്ടി കിടക്കുകയാണ്..മുറികള്‍ പലതും ചോരുന്നു.എന്തു ചെയ്യാന്‍... ചെറിയ പണികള്‍ക്കൊന്നും ആളെ കിട്ടാനില്ലാത്ത കാലം...


ഈ നാലുക്കെട്ടിന്റെ അകത്തളങ്ങളില്‍ തളയ്ക്കപ്പെട്ടിരിക്കയല്ലേ ഈ ജന്മം...നടുമുറ്റത്ത് ചിന്നിച്ചിതറിയും കുമിളകള്‍ പൊട്ടിച്ചും മഴത്തുള്ളികള്‍ തിമിര്‍ക്കുന്നു....


എന്തേ..സാധനങ്ങള്‍ വാങ്ങാനായി പോയ ജാനു വൈകുന്നു ..അവളെ കാണുന്നില്ലല്ലോ ..
ഈ നാലു ചുമരുകള്‍ക്കുള്ളില്‍ ആകെ ഒരു ആശ്വാസം അവളാണ്.
“മാനം കറുക്കുന്നല്ലോ ജാനുവേ...ഇന്നിനി പോകണ്ടാട്ടോ”.. എന്നു പറഞ്ഞിട്ടും ..’‘അമ്മയ്ക്ക് മരുന്നു തീര്‍ന്നില്ലേ അതും കൂടി വാങ്ങി മഴ തുടങ്ങും മുന്നേ പോയി വരാം‘’എന്നു പറഞ്ഞു പോയതാണവള്‍.
മഴയുടെ സംഗീതം കേള്‍ക്കാന്‍ കാതോര്‍ക്കാന്‍ ശ്രമിച്ചിട്ടും ..മനസ്സിനെന്തോ ഒരു ഭയം...
യാത്ര പറഞ്ഞു പോകുന്നവര്‍ മടങ്ങി വരാന്‍ വൈകുമ്പോള്‍ മനസ്സ് വല്ലതെ പിടയും..ശ്വാസത്തിനു കനമേറുന്നതു പോലെ .....മനസ്സ് എങ്ങനെ പിടയാതിരിക്കും ...കൊല്ലങ്ങള്‍ക്ക് മുമ്പ് .....


ഇതു പോലെ ഒരു മഴച്ചാറ്റലിലേക്ക് യാത്ര പറഞ്ഞു പോയതല്ലേ...
ഇക്കാലമത്രയും കാത്തിരുന്നില്ലേ...എന്നിട്ടും ..എന്തു സംഭവിച്ചു എന്നോ..എവിടെയാണെന്നൊ ഒരറിവു പോലും ആര്‍ക്കും കിട്ടിയിട്ടില്ല...


അന്ന് അടുക്കള തിണ്ണയില്‍ പാത്രം മെഴുകിയിരിക്കുമ്പോഴാന് അദ്ദേഹം വന്നു പറഞ്ഞത് ..
‘‘സുമതിയേ ..ഗുരുവായൂരപ്പനെ കാണണമെന്ന് നിരീച്ചിട്ട് കുറച്ചധികമായീട്ടോ...നാളെ അതിരാവിലെ തന്നെ പുറപ്പെടണമെന്നാ കരുതണേ’’..പറഞ്ഞ പോലെ തന്നെ അതിരാവിലെ പുറപ്പെടുകയും ചെയ്തു അദ്ദേഹം... പ്രാതല്‍ കഴിഞ്ഞു പോയാല്‍ പോരേ എന്നു ചോദിച്ചതാണ്..എന്നിട്ടും അത് കേള്‍ക്കാത്ത ഭാവത്തില്‍ ചാറ്റല്‍മഴയിലേക്ക് അദ്ദേഹം നടന്നു പോകുന്ന ഓര്‍മ്മ ഇപ്പോഴും കണ്മുന്നിലുണ്ട്...വേദന നിറഞ്ഞതാണെങ്കിലും .....
ആ ഓര്‍മ്മകള്‍ ആണല്ലോ തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചതും..


“പണിക്കര്‍ സാറിന്റെ വിവരം വല്ലതും കിട്ടിയോ സുമതിയേ..“എന്ന് ചില അന്വേഷണക്കാരും തിരോധാനത്തെ കുറിച്ച് നാട്ടില്‍ പരന്ന കഥകളും... അന്നൊക്കെ പലതവണ ആത്മഹത്യയെ കുറിച്ച് ചിന്തിപ്പിക്കാതിരുന്നില്ല....
മൂന്നു പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം അതിനു ധൈര്യം നല്‍കിയില്ല...
പിന്നെ മനസ്സില്‍ കനം വച്ചത് എന്തെന്നില്ലാത്ത.. ആരോടെന്നില്ലാത്ത പക ആയിരുന്നു....
തന്നെ ഒറ്റപ്പെടുത്തി പോയ ഭര്‍ത്താവിനോട്....വേദന നല്‍കിയ ദൈവത്തോട്..ഇല്ലാത്ത കഥകള്‍ പാടി നടക്കുന്ന നാട്ടുകാരോട്...ഇവയെല്ലാം സമ്മാനിച്ചത് ...സുമതി , നീ തോല്‍ക്കാന്‍ പാടില്ല എന്ന ഒരു തോന്നല്‍... അല്ല വാശിയായിരുന്നു.....ആരുടെ മുന്നിലും തോല്‍ക്കാന്‍ മനസ്സ് അനുവദിച്ചില്ല .....


പറക്കമുറ്റാത്ത മൂന്നു കുട്ടികള്‍...അവര്‍ക്ക് വേണ്ടിയായി പിന്നീടുള്ള ജീവിതം..പശുക്കളെ വളര്‍ത്തിയും തുന്നല്‍ പണി ചെയ്തും മക്കളെ അല്ലല്‍ കൂടാതെ വളര്‍ത്തി.


വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കൊഴിഞ്ഞു വീണത്..മൂന്നു പേര്‍ക്കും തരക്കേടില്ലാത്ത ഉദ്യോഗം ലഭിച്ചപ്പോള്‍ മനസ്സിനു വല്ലാത്ത സമാധാനം തോന്നിയിരുന്നു..തന്റെ ചുമലിലെ ഭാരം ഇറക്കി വച്ച പോലെ ഒരു ആശ്വാസമായിരുന്നു തോന്നിയത്...
മൂത്തവനായ സുകുവിന്റെ വിവാഹമായപ്പോള്‍ എല്ലാവരും പറഞ്ഞു “മരുമകള്‍ വരികയല്ലേ..സുമതിക്കിനി വിശ്രമിക്കാം“ എന്ന് പക്ഷേ, വേണുവിന്റെ വിവാഹവും പെട്ടെന്നു തന്നെ തീരുമാനിക്കപ്പെട്ടപ്പോള്‍ ജോലിയ്ക്ക് പോകേണ്ട സൌകര്യം പറഞ്ഞ് സുകു ടൌണീലേക്ക് വീടു മാറിയിരുന്നു...


വേണുവിന്റെ ഭാര്യ നഗരത്തിലെ രണ്ടുനില വീട്ടില്‍ എല്ലാ സുഖസൌകര്യങ്ങളോടും കൂടി കഴിഞ്ഞ പെണ്ണായിരുന്നു...അവള്‍ക്ക് ഈ നാലുക്കെട്ടുമായി പെരുത്തപ്പെടാന്‍ കഴിഞ്ഞില്ല..അവരുടെ ജീവിതത്തില്‍ നീരസത്തിന്റെ താളം കേട്ടു തുടങ്ങിയപ്പോള്‍ അവനും ടൌണീലേക്ക് താമസം മാറി...


അപ്പോഴും ഇളയവന്‍ രവി കൂടെയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു...എന്നാല്‍ വിദേശത്ത് ജോലി അവനെ തേടി എത്തിയപ്പോള്‍ ... ഈ നാലുക്കെട്ടില്‍ തനിച്ചായി താന്‍...


ഒരിക്കല്‍ പോലും മക്കള്‍ അവരുടെ വീട്ടിലേക്ക് വിളിച്ചില്ല..രാവിലെ തന്നെ എല്ലാവരും ഓഫീസിലേക്കും കുട്ടികള്‍ സ്കൂളിലേക്കും പോയി കഴിഞ്ഞാല്‍ അമ്മ തനിച്ചാകും വയ്യാതെങ്ങാനും ആയി പോയാല്‍ അവിടെ ആരുമില്ലല്ലോ മാത്രമല്ല ഒറ്റയ്ക്കിരുന്നാല്‍ അമ്മയ്ക്കു മടുപ്പു തോന്നും ....എന്നായിരുന്നു അവരുടെ ന്യായീകരണം...


ഇനിയെത്ര നാള്‍.. എല്ലാവരൊടൊപ്പം കഴിയാന്‍ മോഹമില്ലാതില്ല..പക്ഷേ,ഒക്കെ മനസ്സില്‍ തന്നെ സൂക്ഷിക്കയാണ്...സാരമില്ല..ഒരിക്കലും എനിക്കു വേണ്ടി ഞാന്‍ ജീവിച്ചിട്ടില്ലല്ലോ...സ്വന്തമായി ഒരു ആഗ്രഹമോ ..ഇഷ്ടമോ ഇതുവരെ നോക്കിയിട്ടില്ല..വിവാഹത്തിനു മുമ്പ് അച്ഛനെയും അമ്മയെയും അനുസരിച്ചു കഴിഞ്ഞു..പിന്നീട് ..വിവാഹ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്...പിന്നെ മക്കള്‍ക്കു വേണ്ടിയായി ജീവിതം......


ഇപ്പോഴിതാ ..വാര്‍ദ്ധക്യത്തിന്റെതായ ചില അസ്വസ്ഥകളില്‍പ്പെട്ട് വേദനിക്കുമ്പോള്‍ ..
ഞാനറിയുന്നുണ്ട്...എന്റേത് മാത്രമായി കരുതിയവയെല്ലാം അന്യമായിരിക്കുന്നു.....


ഇന്ന്, മഴ കാക്കുന്ന വേഴാമ്പലിനെ പോലെ ..ആയി തീര്‍ന്നിരിക്കുന്നു തന്റെ മക്കള്‍...അവര്‍ കാത്തിരിക്കയാണ് ഈ കണ്ണൊന്നടഞ്ഞിട്ടു വേണം ഈ നാലുകെട്ടും പറമ്പും സ്വന്തമാകാന്‍....


“അമ്മേ..എന്തുട്ടായിത് കാണണത്.. എന്തിനായീ കോലായ്മേല്‍ ഇരിക്കണത്....തണുപ്പു തട്ടൂല്ലേ..എന്തു പണിയായിത്....” ജാനുവിന്റെ ശബ്ദം ...ഓ ..അവള്‍ വന്നുവോ...സമാധാനമായി....
ജാനുവിനെ കൂട്ടിനായി കിട്ടിയത് തന്റെ മുജ്ജന്മ സുകൃതം .........

2 comments:

Anonymous said...

റ്റീച്ചൂസേ വളരെ നന്നായിരിക്കുന്നു....ഒറ്റപ്പെട്ടുപോയ സുമതി എന്തെല്ലാമോ ഓര്‍മ്മിപ്പിക്കുന്നു

ബഷീര്‍ ജീലാനി said...

ഇഷ്ടപ്പെട്ടു കേട്ടോ
ആശംസകള്‍

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...