Wednesday, April 2, 2014

അസ്വസ്ഥത തീണ്ടുമ്പോള്‍.........



കണ്ണാടി നോക്കാതെ


കവിടി നിരത്താതെ 


അസ്വസ്ഥതയുടെ 

പടവുകള്‍ 

പറഞ്ഞു തരും 

ഒറ്റ ദ്വീപിന്‍റെ 

നടുവിലാണെന്ന്


ആരോടെന്നില്ലാതെ

കയര്‍ക്കും 

കല്ലുകള്‍ നുള്ളിയെടുത്ത്

ദൂരേക്ക് ഏറിയും


നിസ്സഹായതയുടെ 

തുമ്പുക്കെട്ടി 

കൃഷ്ണതുളസിക്കതിര്‍

പോലൊരു 

നനുത്ത പുഞ്ചിരി

അണിയും 


വെയില്‍ ചൂടില്‍

നീരാടുന്ന 

തണല്‍ മരങ്ങളെ

മനസ്സ് കൊണ്ടു 

തൊട്ടറിയും


ഒറ്റ തുരുത്തിന്‍റെ

ഈറന്‍ തീരങ്ങളില്‍

മുത്തുകളില്ലാതെ

വിശ്രമിക്കുന്ന 

ചിപ്പികളെ 

ആര്‍ദ്രമായി കണ്ടറിയും 


അവ്യക്ത

മര്‍മ്മരങ്ങള്‍ 

തലച്ചോറിനുള്ളില്‍ 

കരിവണ്ടുകളായി

പറന്നു നടക്കും 


വേരുകള്‍ തേടുന്ന 

ചിന്തകളുടെ

എട്ടുകാലികള്‍

മനസ്സിലാകെ 

പരക്കം പാഞ്ഞ്‍ 

വലകള്‍ തിര്‍ക്കും


അന്ന്

ഉന്മാദത്തിന്‍റെ

ഇറയത്ത്‌

ഉണക്കാനിട്ടിരിക്കുന്ന

ഒരു ഹൃദയമാവും 

നീലിച്ച ഞരമ്പുകളില്‍ 

സ്പന്ദനം തേടി 

അലയുന്നത്.....

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...