ഇനി യാത്ര
കവിതയുടെ
തായ് വേരുകള്‍
തേടിയാണ്
ഹൃദയത്തിന്‍റെ
അടുപ്പുക്കല്ലില്‍
തിളച്ചു പൊന്തുന്ന
കിനാക്കളുടെ
വേവു നോക്കി
എപ്പോഴും
പകച്ചിരിപ്പുണ്ട്
ദൂരം കൊതിക്കുന്ന
ഒരു കൊടുങ്കാറ്റ് .
പുകപിടിച്ച
ചുമരുകള്‍ക്കുള്ളില്‍
ചുടു നിശ്വാസങ്ങളുടെ
വിയര്‍പ്പകറ്റാന്‍
ജീവനൂതി പുകച്ച
പ്രണയത്തിന്റെ
കനലുകള്‍
നക്കി തുടയ്ക്കുന്നു
ഒരു ഭാഗ്യ ജാതകം .
ചെമ്പക ചോട്ടില്‍
മുളപൊട്ടിയ
കാട്ടു ചെടിയുടെ
ഇലത്തുമ്പില്‍
മുത്തമിടുന്ന
നിറമുള്ള
തുമ്പിപ്പെണ്ണിനു
വിരുന്നെത്തിയ
തെന്നലിന്‍റെ
സാരോപദേശം..
ഇരുളിന്‍റെ
മറവിലെന്നോ
ക്ലാവ് ചുംബിച്ച
ഒട്ടു കിണ്ടിയിലെ
വിഷാദം തേടുന്നു
അകത്തളത്തില്‍
എവിടെയോ
ഇലക്കുമ്പിളില്‍
ചൂടാറ്റുന്ന
നരച്ച ഓര്‍മ്മകള്‍
ഇരുളും
വെളിച്ചവും
ഊറി ചിരിക്കുന്ന
നദിയോരത്ത്
ഇണ ചേര്‍ന്ന്‍
ഭാഷയില്ലാത്ത
നുണകളുടെ
ഒഴുക്കില്‍പ്പെട്ട്
ഒരു കടലിരമ്പം
കാത്ത് കാത്ത്
വെറുതെ
വേനല്‍പ്പാതകളില്‍
മരിച്ചു വീഴുന്നു
പുനര്‍ജ്ജനി
തേടാത്ത
തണല്‍ മരങ്ങള്‍ ...
3 comments:
കവിത വായിച്ചു
ആശംസകള്‍
നല്ല ചിന്തകൾ..
നുണകളുടെ മറവിൽ വെറുതെയുള്ള കാത്തിരിപ്പും
എല്ലാം വളരെ നന്നായി
ഭാഷയില്ലാത്ത നുണകൾ
നന്നായി എഴുതി
ശുഭാശംസകൾ....
Post a Comment