Thursday, April 29, 2010

ജീവതാളം...

തുരുമ്പിച്ച ജനലഴികളില്‍ പിടിച്ച് അയാള്‍ അകലേക്ക് നോക്കിയിരുന്നു.അവിടേ സമാന്തരങ്ങളായി പോകുന്ന പാളങ്ങള്‍ അയാള്‍ക്ക് കാണാം.അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടികളും തന്റെ ജീവിതയാത്രയുടെ കാതം കുറയ്ക്കും പോലെ അയാള്‍ക്കു തോന്നി...


ഇതു പോലെ ഒരു തീവണ്ടി കടന്നു പോയപ്പോഴാണ് ,ബാല്യത്തില്‍ എങ്ങനെയോ ഒറ്റപ്പെട്ട് അയാള്‍ എത്തിയത് . ചൊവ്വയൂര്‍ ഗ്രാമത്തിലെ ആ റെയില്‍വേ സ്റ്റേഷനില്‍...


വിശന്നു പൊരിഞ്ഞ് ഒരു മൂലയില്‍ ഒതുങ്ങി കൂടിയിരുന്നു കരയുന്ന ആ ബാലനെ കണ്ടെത്തിയത് അവിടെ ഒരു ചെറിയ ഹോട്ടല്‍ നടത്തുന്ന സുപ്പയ്യ ആയിരുന്നു.സുപ്പയ്യയുടെ ചുവന്നു കലങ്ങിയ കണ്ണുകളും വലിയ മീശയും ഒക്കെ ആ ബാലനില്‍ പേടിയുണര്‍ത്തി എങ്കിലും ചൂടു പാറുന്ന ചായയുമായി സുപ്പയ്യ വിളിച്ചപ്പോള്‍ അവന്‍ കൂടെ ചെന്നു.


അയാള്‍ അവന് രാമു എന്നു പേരിട്ടു. വയറു നിറയെ ഭക്ഷണം നല്‍കി.തല ചായ്ച്ചു റങ്ങാന്‍ ഹോട്ടലിന്റെ പിറകില്‍ കുറച്ച് സ്ഥലവും ഒരു കീറ പായയും നല്‍കി.....
പിന്നീടു പയ്യെ പയ്യെ അവന്‍ കണ്ടു , ആ ചുവന്നു കലങ്ങിയ കണ്ണുകളില്‍ സ്നേഹത്തിന്റേയും വാത്സല്യത്തിന്റെയും തിളക്കം...


ദിവസങ്ങള്‍ കൊഴിഞ്ഞു വീഴവേ...ഏകനായ സുപ്പയ്യക്ക് രാമുവും ,രാമുവിനു സുപ്പയ്യയും ആരൊക്കെയോ ആയി മാറുകയായിരുന്നു...
അവന്‍ അയാളുടെ സഹായി ആയി മാറി.ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് ചായ എടുത്തു കൊടുക്കാനും ഗ്ലാസ് കഴുകാനും അവന്‍ ശീലിച്ചു.പിന്നെ, പിന്നെ , സ്റ്റേഷനില്‍ ഓരോ വണ്ടി എത്തുമ്പോഴും അവന്‍ പലഹാരങ്ങള്‍ വില്‍ക്കാന്‍ പോയി തുടങ്ങി....


ഒരു പ്രഭാതത്തില്‍ കടയില്‍ സുപ്പയ്യയെ കാണാനില്ല.അന്വേഷിച്ചു ചെന്ന രാമു കണ്ടത് വഴിയില്‍ എഴുന്നേല്‍ക്കാന്‍ വയ്യാതെ തളര്‍ന്നു കിടക്കുന്ന സുപ്പയ്യയെ ആണ്.സുപ്പയ്യ കിടപ്പിലായതോടെ കട നടത്തിപ്പിന്റെ ചുമതല രാമുവിനായ . സുപ്പയ്യയുടെ അവസ്ഥ അവനെ തളര്‍ത്തി എങ്കിലും സുപ്പയ്യയുടെ വാക്കുകള്‍ അവന് മനോബലം നല്‍കി...


“ ഈ പാളത്തിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയുമാണു നമ്മുടെ ജീവിതം..കടന്നു വരുന്ന ഓരോ തീവണ്ടിയിലുമാണു നാം നമ്മുടെ സ്വപ്നം വിതയ്ക്കേണ്ടത്.അതിന്റെ സംഗീതമാണ് നമ്മുടെ ജീവതാളം.ആ താളം കാതോര്‍ത്ത് നീ അവിടെ എത്തണം.പതിവു പോലെ ആഹാരം വില്‍ക്കാന്‍”


സുപ്പയ്യയുടെ ഈ വാക്കുകള്‍ ഒരു മന്ത്രം പോലെ അവന്റെ മനസ്സില്‍ പ്രതിധ്വനിച്ചു...


അന്നു മുതല്‍ ഓരോ തീവണ്ടി എത്തുന്ന സമയത്തും ആവശ്യമായ ആഹാര സാധനങ്ങളുമായി സ്റ്റേഷനില്‍ അവന്‍ എത്തി തുടങ്ങി....
ഒരു മകന്റെ വാത്സല്യത്തോടെ അവന്‍ സുപ്പയ്യെ ശുശ്രൂഷിച്ചു എങ്കിലും , അധികം താമസിയാതെ അവനെ തനിച്ചാക്കി സുപ്പയ്യ യാത്രയായി...


വീണ്ടും അനാഥനായി മാറിയ അവന്‍.സുപ്പയ്യയുടെ ഓര്‍മ്മകളില്‍ ആ കട നടത്തി വന്നു .
എന്നും നാലു മണിയ്ക്കുള്ള തീവണ്ടി കടന്നു പോകുന്ന ശബ്ദം കേട്ടാണ അവന്‍ ഉറക്കം ഉണരുക.
അന്നും അവന്‍ ഉണര്‍ന്നു.പക്ഷേ ,ശരീരം അനക്കാന്‍ കഴിയുന്നില്ല.മേലാസകലം വേദന കൊണ്ട് പുളയും പോലെ അവനു തോന്നി.


തീരെ അവശനായ അവന്‍ അന്നു തന്നെ അടുത്തുള്ള വൈദ്യരെ പോയി കണ്ടു.വൈദ്യരാണ് ടൌണിലെ വലിയ ആശുപത്രിയിലേക്ക് അവനെ വിട്ടത്.അവിടെ വച്ച് അവന്‍ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞു.


തനിക്കിനി ഈ യാത്ര അധികം ഇല്ല..ഏതു നേരത്തും മരിച്ചു പോകാം.തന്റെ മജ്ജയിലാകെ അര്‍ബുദം എന്ന മാരക രോഗം പടര്‍ന്നിരിക്കുന്നു എന്ന സത്യം അവനെ വേദനിപ്പിച്ചു.


ആശുപത്രി കിടക്കയിലായ അവന്‍ അവിടെ കിടന്ന് അവന്‍ അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടിയുടെ ചൂളം വിളിയിലൂടെയും തന്റെ ജീവിത ചക്രം നീങ്ങുന്നതറിഞ്ഞൂ.


കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ താളവും അവന്‍ തന്റേ നെഞ്ചിടിപ്പിന്റെ.....
ജീവന്റെ താളമായി അവനു തോന്നി....അവനത് ഏറ്റുവാങ്ങുകയായിരുന്നു.....

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...