Friday, April 30, 2010

വഴിക്കണ്ണുമായ്.......

മതിലിനപ്പുറം നിരത്തില്‍ ചീറിപ്പായുന്ന വണ്ടികളുടെ നിലവിളികള്‍ മാത്രം...എല്ലാം കൂടി കേള്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു വിങ്ങല്‍ പോലെ ...ശ്വാസത്തിനു കനം പോലെ... മേയുന്ന ആട്ടിന്‍ പറ്റങ്ങളെ പോലെ ആകാശത്ത് ഭംഗിയുള്ള മേഘകൂട്ടങ്ങളും, ഇളം കാറ്റില്‍ നൃത്തം വയ്ക്കുന്ന വയലേലകളും കശുമാവുകള്‍ തണലൊരുക്കുന്ന ഇടവഴികളും ഒക്കെയുള്ള തന്റെ ചെമ്പേരി ഗ്രാമം എത്ര സുന്ദരമായിരുന്നു..


അതിരാവിലെ എഴുന്നേറ്റ് രാമേട്ടന്റെ കടയില്‍ ചെന്നു ഒരു ചൂടു ചായ കുടിക്കുന്നതും, ഉച്ചയൂണിനു ശേഷം ഒരു ഉറക്കവും, വൈകുന്നേരം പാടവരമ്പത്തു കൂടെ നടന്നു ചെന്ന് ക്ഷേത്രമുറ്റത്തെ അരയാലിന്‍ ചോട്ടില്‍ കൂട്ടുകാരുമായി നാട്ടു വിശേഷങ്ങള്‍ പങ്കിട്ടിരിയ്ക്കുലും..അതൊക്കെ ആയിരുന്നു വര്‍ഷങ്ങളായുള്ള ശീലങ്ങള്‍.....
ഇപ്പോള്‍ ,ആ പതിവുകളൊക്കെ നഷ്ടമായിരിക്കുന്നു.


തറവാടിന്റെ വരാന്തയില്‍ കിടക്കുന്ന ചാരു കസേരയില്‍ ഇരുന്നു കിളികളുടെയും ഇലകളുടെയും സംഗീതം കാതോര്‍ക്കാന്‍ കഴിഞ്ഞിരുന്ന നാളുകള്‍..വിശാലമായ പറമ്പിലൂടെ അപ്പുവിനെ കൈപിടിച്ചു നടത്തിയ കാലങ്ങള്‍..


തകര്‍ന്നടിഞ്ഞു വീണ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പെറുക്കിയെടുത്ത പൊട്ടാത്ത ഇഷ്ടികകള്‍ പോലെ അപ്പുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ രാഘവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു..


അപ്പുവിനു ആറു മാസം മാത്രം പ്രായമുള്ളപ്പോഴാണ് കടുത്ത ജ്വരം പിടിപെട്ട് അവന്റെ അമ്മ ജാനു മരിക്കുന്നത്...“കുട്ടിയ്ക്ക് ഒരു അമ്മയുടെ പരിചരണം വേണം, അതിനായി നീ ഒരു വിവാഹത്തിനു തയ്യാറാവൂ രാഘവാ” എന്ന് പറഞ്ഞ് എല്ലാവരും അന്ന് ഒരുപാട് തവണ നിര്‍ബന്ധിച്ചിരുന്നു...ജാനുവിന്റെ സ്ഥാനത്ത് മറ്റൊരാള്‍...അങ്ങനെ ഒരു ചിന്ത ഒരിക്കലും സഹിക്കാനാവുന്നതായിരുന്നില്ല, മാത്രമല്ല, ഇനി വരുന്നവര്‍ തന്റെ മകനെ സ്നേഹിച്ചില്ലെങ്കിലൊ എന്നൊക്കെയോര്‍ത്ത് വീണ്ടും ഒരു വിവാഹത്തിനു മനസ്സു വന്നില്ല. അപ്പൂവിന് അച്ഛനും അമ്മയും ഒക്കെ താന്‍ തന്നെയായിരുന്നു..


അമ്മയില്ലാത്തതിന്റെ വേദന അവനെ അലട്ടിയിരുന്നുവോ...
അപ്പുവിന്റെ ജന്മദിനങ്ങളീല്‍ അവന്റെ കൈപിടിച്ച് അമ്പല നടയില്‍ കൊണ്ടു പോയി അവന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി വഴിപാടുകള്‍ നടത്തിയതും, അറിവിന്റെ ആദ്യാക്ഷരങ്ങള്‍ അവന്റെ നാവില്‍ എഴുതിച്ചതും, പുത്തന്‍ ഉടുപ്പുകള്‍ അണിയിച്ച് ആദ്യമായി വിദ്യാലയത്തിലേക്ക് കൈപിടിച്ച് കൊണ്ടു പോയതും, പട്ടണത്തിലെ കലാലയത്തില്‍ ചേര്‍ന്നപ്പോള്‍ ഭയന്നു നിന്ന അപ്പുവിന്റെ കൈപിടിച്ചു കലാലയത്തിന്റെ പടികള്‍ കയറി ചെന്നതും, ഉദ്യോഗത്തില്‍ പ്രവേശിക്കാനുള്ള കടലാസ്സ് കിട്ടിയപ്പോള്‍ അച്ഛനെ ഒറ്റയ്ക്കാക്കി എങ്ങനെ ദൂരേക്ക് പോകുമെന്നു പറഞ്ഞ് പോകാന്‍ വിസമ്മതിച്ച അവന്റെ കൈപിടിച്ച് ഉദ്യോഗത്തിന്റെ പടവുകള്‍ കയറുന്നതിനായി യാത്രയാക്കിയതും , ജാനുവിന്റെ ശ്രാദ്ധകര്‍മ്മങ്ങള്‍ക്കൊന്നും ഒരു മുടക്കവും വരുത്താതെ അവന്റെ കൈകളില്‍ വച്ച് ബലിച്ചോറ് അര്‍പ്പിച്ചതുമായ നാളുകള്‍ ഓരോന്നായി രാഘവന്‍ ഓര്‍ത്തു....


അപ്പുവിന്റെ ഉയര്‍ച്ചയ്ക്കും ആഗ്രഹങ്ങള്‍ക്കും മാത്രമാണെന്നും രാഘവന്‍ മുന്‍തൂക്കം നല്‍കിയിരുന്നത്. ‘അച്ഛനിവിടെ ഒറ്റയ്ക്ക് കഴിഞ്ഞാല്‍ ശരിയാവില്ല.ഈ ഗ്രാമത്തില്‍ വന്ന് താമസിക്കാന്‍ ഞങ്ങള്‍ക്കും കഴിയില്ല , ഇവിടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടില്ല ..അതിനൊക്കെ പറ്റിയത് ടൌണ്‍ തന്നെയാണ്..എന്തു സൌകര്യമാണെന്നോ അവിടെ ..അതിനാല്‍ ഈ തറവാട് വിറ്റ് പുതിയ ഫ്ലാറ്റ് വാങ്ങാം..”എന്നൊക്കെ കാര്യകാരണങ്ങള്‍ നിരത്തി വളരെ ലാഘവത്തോടെ തറവാട് വില്‍ക്കുന്നതിനെ കുറിച്ചു പറഞ്ഞപ്പോള്‍ അവന്റെ ഓരോ വാക്കും നെഞ്ചിനകത്ത് കനലു കോരിയിടുന്ന പോലെയുള്ള നീറ്റലാണു ഉണ്ടാക്കിയത്..പിന്നീട് ,ആലോചിച്ചപ്പോള്‍ അവന്റെ മനസ്സു വേദനിപ്പിക്കാനും തോന്നിയില്ല....


ഫ്ലാറ്റിലേക്ക് താമസം മാറ്റിയാല്‍ പിന്നെ കൊച്ചുമക്കള്‍ക്കൊരു കൂട്ടായി, അവരുടെ കളിയും ചിരിയും കണ്ട് എന്നും എല്ലാവരുമൊപ്പം സന്തോഷമായി കഴിയാമല്ലോ എന്ന് ആലോചിച്ച് മനസ്സിനെ സമാധാനിപ്പിച്ചിരുന്നു....പക്ഷേ,


“ഫ്ലാറ്റിലെ ജീവിതം അച്ഛനു വല്ലാതെ മടുപ്പുണ്ടാക്കും .എല്ലാവരും സ്കൂളിലും ഓഫീസിലുമായി പോയാല്‍ അച്ഛനവിടെ ആരും കൂട്ടില്ലല്ലോ.ഒന്നു വയ്യാതായാല്‍ ആരാ ഉണ്ടാവുക..”എന്നൊക്കെ അപ്പു പറയുന്നത് കേട്ടപ്പോള്‍ ...അവന്റെ അഭിപ്രായത്തിനു എതിരു നില്‍ക്കാതെ, ഓണത്തിനു അവന്‍ നല്‍കിയ പുത്തന്‍ ഉടുപ്പും മുണ്ടും ധരിച്ച് വിങ്ങുന്ന മനസ്സുമായി അവനൊപ്പം പടികള്‍ ഇറങ്ങി ....മനസ്സില്‍ തികട്ടി വന്ന വേദന ഒട്ടും പുറത്തു കാട്ടാതിരിക്കാന്‍ നന്നേ പാടുപ്പെട്ടു..... തിരിഞ്ഞൊന്നു തൊടിയിലേക്ക് നോക്കുക കൂടി ചെയ്തില്ല....നോക്കിയിരുന്നെങ്കില്‍ വിങ്ങി പൊട്ടുമായിരുന്നു മനസ്സ് ..മുന്നിലേക്ക് നടക്കാന്‍ പാദങ്ങള്‍ക്ക് ശക്തി കിട്ടിയിരുന്നില്ല.. പടിപ്പുരയിറങ്ങുമ്പോള്‍ അവന്റെ കൈകള്‍ സഹായിച്ചിരുന്നുവോ....


അപ്പുവിനൊത്ത് അവന്റെ അരികിലിരുന്ന് യാത്ര ചെയ്തപ്പോള്‍ മനസ്സിനു എന്തോ ഒരു സന്തോഷം തോന്നി...യാത്രയ്ക്കൊടുവില്‍ വണ്ടിയില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടുന്ന തന്നെ സഹായിക്കാന്‍...ഇവിടേക്ക് പടികള്‍ ചവിട്ടി കയറുവാന്‍ വിഷമിക്കുന്ന തന്റെ പാദങ്ങള്‍ക്ക് ഊര്‍ജ്ജം പകരുവാന്‍ അപ്പുവിന്റെ കൈകള്‍ തനിക്ക് താങ്ങായതും... ഓര്‍ത്തപ്പോള്‍ രാഘവനു തന്റെ പൊന്നു മകന്‍ അപ്പുവിനെ വീണ്ടും കാണാന്‍ കൊതിയായി... .


ജീവിത തിരക്കുകളില്‍ ഓടീ നടക്കുന്ന മകന്‍ ഒരു മാത്ര എങ്കിലും ഒരു നോക്കു കാണാന്‍ ഈ വൃദ്ധസദനത്തിന്റെ പടികള്‍ കയറി വന്നിരുന്നെങ്കില്‍ എന്ന് ഓര്‍ത്തപ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.........




(‘പുനര്‍ജ്ജനി‘യില്‍ വച്ച് ഞാന്‍ പരിചയപ്പെട്ട ഒരു അപ്പൂപ്പന്റെ വേദനയില്‍ നിന്നൊരേട്.....)

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...