Thursday, March 29, 2018

ഇത് വെറും കാട്ടുപൂവ്

എന്നെ
ഓർക്കുമ്പോൾ
തിരക്കുകൾ മാറ്റിവച്ച്
നീയൊരു കടൽത്തീരത്തേക്ക്
ചെല്ലുക ,

എത്ര പ്രക്ഷുബ്ധമെങ്കിലും
നിന്റെ കാൽപാദങ്ങളെ തഴുകാൻ
പൊട്ടിച്ചിരിച്ച്
ഓടിയെത്തുന്നുണ്ടാകും
തിരമാലകൾ ,

പിന്തിരിയരുത്......മെല്ലെ ,
നിന്റെ കൈക്കുമ്പിളിൽ
ആ തിരമാലകളെ നീ
കോരിനിറയ്ക്കുക...

എന്നോടു സംസാരിക്കണമെന്ന്
നിന്റെ മനസ്സു തുടിക്കുമ്പോൾ,
നീയൊരു പുല്ലാങ്കുഴൽ വാങ്ങുക..

മേലാകെ നോവുതുളകളുണ്ടെങ്കിലും
നിന്റെ അധരസ്പർശത്താലത്
ഉതിർക്കുന്ന മധുരഗാനത്തിന്റെ
ആഴങ്ങളിലേക്ക് ,
നീ നിന്റെ കാതുകളെ
ഇത്തിരി നേരമെങ്കിലും
തുറന്നുവയ്ക്കുക ..

നീയെന്നെ മറക്കാൻ
ആഗ്രഹിക്കുമ്പോൾ,
രാവു വിഴുങ്ങിയ
ആകാശക്കീറിന്റെ
അരികിലേക്ക്
നിന്റെ നോട്ടമെത്തിക്കുക..

എത്ര ദൂരത്താകിലും,
എത്ര ഉരുകിപിടഞ്ഞാലും,
നിന്റെ കാഴ്ചകളുടെ
ഉള്ളനക്കങ്ങളിലേക്കെത്താൻ
മിന്നിത്തെളിയുന്ന
ഒരു നക്ഷത്രത്തെ
നിനക്കു കാണാനാകും .

ഇത് വെറുമൊരു
കാട്ടുപൂവിൻ മർമ്മരങ്ങൾ ,
നിന്റെ നോട്ടമെത്താത്ത
ഒരു മനസ്സിലെന്നും
വിടരുന്ന ഒരു കാട്ടുപൂവിൻ
വെറും ജല്പനങ്ങൾ......

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...