Thursday, March 29, 2018

പുനർജനിയിൽ


വായിക്കപ്പെടാതെ
മാറ്റിവയ്ക്കപ്പെടുന്ന
സ്വപ്നങ്ങളിലേക്ക്
എനിക്കൊരു
മഴയായി
പെയ്തിറങ്ങണം.
പൊള്ളാതെ
പൊള്ളിക്കുന്ന
വെയിലേറ്റങ്ങളെല്ലാം
തന്നിലേക്കാവാഹിച്ച്
പുഞ്ചിരിച്ച്
ഒന്നുമറിയാത്തതുപോൽ
തലയാട്ടുന്ന
ദലങ്ങളിലേക്ക്
ഒരു മർമ്മരത്തിന്റെ
നനവായി ഒട്ടിച്ചേരണം.
ശലഭങ്ങൾ
വിരുന്നു വരാത്ത
കാട്ടുപൂവിന്റെ
നൊമ്പരത്തിലേക്ക്
ഒരു മഞ്ഞിൻ കുളിരായ്
ചേർന്നു കിടക്കണം.
വരളുന്ന മണ്ണിന്റെ
ഗർഭങ്ങളിൽ
കെട്ടിപ്പുണർന്നു കിടക്കുന്ന
വേരുകളിലേക്ക്
നീരായി
ഇറങ്ങിച്ചെല്ലണം.
മാറ്റിവരയാനാവാത്ത
മഴവില്ലിൻ
ചിറകിനഴകിലേക്ക്
വേർതിരിക്കാനാവാത്ത
ഒരു നിറമായി
ചേർന്നലിഞ്ഞ്
വീണ്ടും മറയണം.

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...