Monday, September 30, 2013

ഇനിയെത്ര കാതം ...

അല്പം
പരിഭ്രമത്തെ
ഒതുക്കി വച്ച്
ഏറെ
ശ്രദ്ധിച്ചായിരുന്നു
യാത്ര..

പിന്തിരിഞ്ഞൊന്നു
നോക്കാതെ
മുഖാമുഖം കണ്ടിട്ടും
ഉരിയാടാതെ
മുന്നോട്ടായിരുന്നു
ലക്‌ഷ്യം..

എന്നിട്ടും ...
കൊഴിഞ്ഞ ഇലയുടെ
തോണിയിൽ
പറ്റിച്ചേർന്നുള്ള
ഈ യാത്ര
ഇനിയെത്ര കാതം ...

ഓരോ ശ്വാസവേഗവും
ഓരോ കാഴ്ചയും
ഓരോ ഇഷ്ടവും
ഇനി എത്ര കാതം...

വളഞ്ഞു
പുളഞ്ഞൊഴുകുന്ന
പുഴയിലെ ഓളത്തിൽ
വീണ്ടും മുന്നോട്ട്..

പാവം കട്ടുറുമ്പ്!!!

Thursday, September 26, 2013

ഒടുവിലത്തെ നോക്കും വാക്കും പുഞ്ചിരിയും ......

എന്നിലെ
ഒടുവിലത്തെ
വാക്കും നീ
എടുത്തു കൊള്ളുക..

അണിവിരലിൽ
ന്റെ കിനാനൂൽ
കോര്ത്ത് കെട്ടി
മിഴിയിടറാതെ
ദര്ഭ കൊരുത്ത്
കൊള്ളുക....

ഓർമ്മകളിൽ
നിറയുന്ന ദാഹം
കെടുത്താൻ
ഓട്ടുക്കിണ്ടിയിൽ
ഇത്തിരി ജലം
കരുതുക..

പങ്കിടാതെ
ബാക്കിയായ
ഇഷ്ട വാക്കുകളുടെ
ചോറുരുളകൾക്ക് മേൽ
കണ്‍നീരിന്റെ
നിഴലനക്കത്തിൽ
കറുത്ത എള്ളുകൽ
നുള്ളിയിടുക..

ഇനി ഒരു മാത്ര
മിഴികളടയ്ക്കുക..

എന്നിലെ
ഒടുവിലത്തെ
നോക്കും വാക്കും
പുഞ്ചിരിയും നീ
എടുത്തു കൊള്ളുക..

Wednesday, September 4, 2013

ഇനിയീ കരം ഗ്രഹിക്കൂ

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്,
ഇണയായ് തണലായ്,
എന്നും നിഴലായ് ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

തമ്മിൽഅണിവിരൽ
കോർത്തു നടക്കാം..
നൊമ്പര നൂൽപാലം
എത്തിടും നേരം
കണ്ണീര്‍കടലിലാഴാതെ
വീഴാതെ പകുത്തെടുക്കാം
ഇനിയുമീ ദുഃഖഭാണ്ഡങ്ങള്‍...

ഇന്നിന്റെ ചക്രവാള
ചെമപ്പു കാണാം
മിഴികളെഴുതും കിനാക്കളും
ചുണ്ടിലൊളിക്കും പുഞ്ചിരിയും
ഒരു ചുംബനച്ചൂടിൽ പകുത്തിടാം
വിയർപ്പിൻ കുളിരിൽമയങ്ങീടാം...

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്,
ഇണയായ് തണലായ്,
എന്നും നിഴലായ് ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

Tuesday, September 3, 2013

ഒരു നിശാഗന്ധിയായ്

വഴികളേറെ നടന്നു
തളര്ന്നതല്ലേ ..
കഥകളേറേ കേട്ടു
കഴിഞ്ഞതല്ലേ ..
നാദങ്ങൾ
കേള്ക്കാതെ കേട്ടും
നിറ ഭേദങ്ങൾ
കാണാതെ കണ്ടും
ഇരുമിഴിയറിയാതെ
രണ്ടായ് പിരിഞ്ഞതല്ലേ ....

കരിമഷി കണ്ണിലൊളിച്ചും
കരിവള കൊഞ്ചി ചിരിച്ചും
വാക്കിന്റെ ശകലവും
നോക്കിന്റെ പൊരുളും
പാടത്തും വരമ്പത്തും
പാറും പൂത്തുമ്പികൽ
ആരുമേ കാണാതെ
കിന്നാരം ചൊല്ലിതല്ലേ ....

നിലാപ്പക്ഷി നീട്ടുന്ന
ചിറകിൻതണലിലായ്
മഞ്ഞു പ്പൂമെത്തയിൽ
ഒരു നിശാഗന്ധിയായ്
നീ കണ്‍ തുറന്നതല്ലേ ....

നാളെയുടെ നാളമായ്
വിട പറയാൻവെമ്പുന്ന
ഇരുളിനെ നോക്കി നീ
പരിഭവക്കൂട്ടു നിറച്ചതല്ലേ.....

നാദങ്ങൾകേള്ക്കാതെ കേട്ടും
നിറ ഭേദങ്ങൾകാണാതെ കണ്ടും
ഇരുമിഴിയറിയാതെ പറയാതെ
രണ്ടായ് പിരിഞ്ഞതല്ലേ .....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...