Friday, June 1, 2012

ഒരു കൈയ്യൊപ്പിലൂടെ....



അലീനാ,
നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു...
പിന്നെ, ഞാന്‍ പേടിച്ചിരുന്നു, ഒരു പക്ഷേ, മൊബൈലില്‍ കൂടി നിന്റെ നേര്‍ത്ത സ്വരമായിരിക്കുമോ എന്നെ തേടിയെത്തുന്നതെന്ന്.. .
കാരണം ,അല്പ നിമിഷത്തേക്ക് നിന്റെ സ്വരം കേള്‍ക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് നിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക്  വിരല്‍ത്തുമ്പു കൊണ്ട് നീയെനിക്കായി നിന്റെ ഹൃദയഭാഷയില്‍ പകര്‍ന്നു തരുന്നത് തന്നെയാണ്..അങ്ങനെ എങ്കില്‍ ആ വരികളിലൂടെ   കൂടെ കൂടെ എനിക്ക് കണ്ണോടിക്കാമല്ലോ.....

പ്രതീക്ഷിച്ചതു പോലെ ഇന്ന്, നിന്റെ കത്ത് കിട്ടിയപ്പോള്‍ ഇനിയും മരിക്കാത്ത കുറെ ഓര്‍മ്മകളും സൌഹൃദത്തിന്റെ മധുരിമയും വീണ്ടും എന്റെ മനസ്സിലേക്ക് കടന്നു വരും പോലെ...

നമ്മള്‍ നടന്നു പതിഞ്ഞ പാതകള്‍ ഇന്ന് എനിക്ക് വല്ലാതെ അന്യമായിരിക്കുന്നു., ഇവിടെ, ഈ  തിരക്കില്‍ ഞാനും അറിയാതെ ഒഴുകി പോകും പോലെ...

അമ്പലക്കുളവും ആല്‍ത്തറയും ആലിലകളും നമ്മോടു കഥ പറഞ്ഞ കാലം എത്ര സുന്ദരമായിരുന്നൂന്ന് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്..

പലപ്പോഴും പല നൊമ്പരങ്ങളും എന്നെ തേടി വീണ്ടും
എത്തുമ്പോഴെല്ലാം ആ വേദനകള്‍ ഞാന്‍ മറക്കുന്നത് നാം ഒരുമിച്ചു പങ്കിട്ട സായന്തനങ്ങളുടെ ഓര്‍മ്മയിലാണ്..

അന്ന് ,ജീവിതഭാരങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഭാണ്ഡക്കെട്ടുകളുമായി  എന്നെ തിരഞ്ഞു വന്നപ്പോള്‍..
ആ ഭാണ്ഡക്കെട്ടുകള്‍  എത്രയോ തവണ നമ്മള്‍ ഒരുമിച്ചിരുന്നു ചികഞ്ഞു നോക്കിയിരിക്കുന്നു.
അപ്പോഴെല്ലാം  ആലിലകള്‍ അവയുടെ   ഇളം കാറ്റിന്റെ തലോടലിലൂടെ നമ്മുടെ വേദനകള്‍ ഒപ്പിയെടുത്തിരുന്നില്ലേ ...
ഇവിടെയിപ്പോള്‍, ഈ നാലു ചുമരുകള്‍ക്കുള്ളില്‍  ജീവിതം തളച്ചിടുമ്പോള്‍ ആകാശത്തെയും നക്ഷത്രങ്ങളെയും കാണാന്‍ അനുവാദമില്ലാതെ  ,ഒന്നു പൊട്ടിച്ചിരിക്കാനാവാതെ..ഒരു  മൂളിപാട്ടുപാടാതെ... തമാശ പറയാതെ ..നിശ്ശബ്ദമായ് ..യാന്ത്രികമായ  ഈ ജീവിതത്തില്‍ പണ്ടേപ്പോലെ നിമിഷങ്ങള്‍ കൊണ്ടു സൌഹൃദം പണിയാന്‍ എനിക്ക് കഴിയുന്നില്ല ...

എപ്പോഴൊക്കെയോ എന്തൊക്കെയോ എന്നില്‍ നിന്ന് ഞാനറിയാതെ എനിക്ക് നഷ്ടമായിരിക്കുന്നു..
ആ നല്ല സായാഹ്നങ്ങളും പ്രസരിപ്പാര്‍ന്ന പുലരികളും..


നാട്ടിലെ പോലെ അല്ല ഇവിടം...അസഹ്യമായ ചൂടില്‍ വെന്തുരുകുമ്പോള്‍ ശരീരത്തു നിന്നുയരുന്നത് വിയര്‍പ്പാണെന്ന് പറയുന്നതെങ്ങനെ..സത്യത്തില്‍ അതു കണ്ണുനീരു തന്നെയാണ്...


ആരും കാണാതെ ആ കണ്ണീര് മറയ്ക്കുമ്പോള്‍ തോന്നാറുണ്ട് ആ കണ്ണീരിന്റെ നനവു മാറ്റുന്നത് ചില മുഖങ്ങളുടെയും പ്രതീക്ഷകളുടെയും തലോടലാണെന്ന്.

“നീ പോയി രക്ഷപ്പെട്ടാല്‍ ഒക്കെ ശരിയാവും ..എന്ന്‍ നല്ല നാളെ സ്വപ്നം കണ്ട് എന്നില്‍ എല്ലാ പ്രതീക്ഷയും കാത്തു വയ്ക്കുന്ന  അമ്മയുടെ കണ്ണിലെ ഈറനും വാക്കുകളും ,  ചിരിക്കുന്ന കൂടപ്പിറപ്പുകളുടെ മുഖങ്ങളുമാണെന്ന്..

മഴയും വെയിലും കൊള്ളാതെ കയറി കിടക്കാനായി മനസ്സില്‍ കൂടുകെട്ടിയ   ഒരു കുഞ്ഞു വീടിന്റെ ചിത്രമുണ്ട് ഇപ്പോഴും ഇനിയും വരച്ചു തീര്‍ക്കാന്‍ കഴിയാതെ...

പണ്ട്, വിശപ്പിന്റെ മുറവിളി എന്നെ തേടിയെത്തുമ്പോള്‍ അമ്മ വിളമ്പിത്തന്ന കഞ്ഞിയുടെ സ്വാദ്  ഏറ്റവും ഞാനറിയുന്നത് ഇപ്പോഴാണെന്ന് പറയാം...

ജോലി ചെയ്ത്  തളര്‍ന്ന് മടങ്ങി വന്ന് ഒരു കുളിയും  കഴിഞ്ഞു വരുമ്പോഴാണ് അടുത്ത മല്ലയുദ്ധം തുടങ്ങുന്നത് കുബ്ബൂസുമായി..  ഒക്കെ കഴിച്ചു കഴിച്ചു മടുത്തു....


ഇതൊക്കെ വായിക്കുമ്പോള്‍ നിനക്കെന്റെ മനസ്സ് വായിക്കാന്‍ കഴിയും എന്നോര്‍ക്കുമ്പോള്‍ വല്ലാത്തെ ആശ്വാസമുണ്ട്..

എല്ലാ വേദനകള്‍ക്കും മുന്നില്‍ പതറാതിരിക്കാന്‍ നീയെനിക്ക് ആത്മവിശ്വാസം പകര്‍ന്നു തരണം.. എന്റെ സ്വപ്നങ്ങള്‍ എനിക്ക് ശരശയ്യ ഒരുക്കുമ്പോള്‍ നീയെനിക്ക് തുണയായി നില്‍ക്കുമല്ലോ..മറ്റൊന്നും ഞാന്‍ ചോദിക്കുന്നില്ല ..നിന്റെ സൌഹൃദം ഒഴികെ..

അറിയാതെ എങ്കിലും നിന്നെയും ഞാന്‍ വേദനിപ്പിച്ചുവല്ലോ എന്നോര്‍ക്കുമ്പോള്‍ എവിടെയോ  നോവുന്നുണ്ട് ഇന്നും...

ഞാനിവിടം പരിചയപ്പെട്ടു വരുന്നേയുള്ളൂ..നീയെനിക്കിനിയും മുടങ്ങാതെ എഴുതണേ...നീ ഉത്സവം കാണാന്‍ പോകാറുണ്ടോ...
ഞാനില്ലാത്ത എത്ര ഉത്സവങ്ങള്‍ കടന്നു പോയി ല്ലേ...

നീയും സുജയും കൂടി എന്നെ പറ്റി എന്തു പറഞ്ഞു ചിരിച്ചൂന്നാ നീ എഴുതീരിക്കുന്നത്...പരദൂഷണം നിന്റെ നിഘണ്ടുവില്‍ സ്ഥാ‍നം പിടിച്ചുവോ..മറുപടിയ്ക്കു കാത്തിരിക്കുന്നു...വൈകിപ്പോകരുതേ...
                      
                        എന്ന്,
സ്നേഹപൂര്‍വം,
.................






Friday, May 25, 2012

നിലാവ് മൌനം പുതച്ചുറങ്ങുമ്പോള്‍......

അസ്തമയത്തിന്റെ ആകാശമേലാപ്പിലേക്ക് നോക്കിയിരുന്നപ്പോള്‍ രവിയുടെ മനസ്സില്‍ ഒടുക്കവും തുടക്കവുമില്ലാത്ത ഓര്‍മ്മകളുടെ മേഘക്കീറുകള്‍ ഒഴുകി നടക്കയായിരുന്നു..

ഗീതുവിനെ ആദ്യമായി കണ്ട നിമിഷം ഇപ്പോള്‍ കൂടുതല്‍ തെളിമയോടെ ഉണരുകയാണ്... അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം പീലി നിവര്‍ത്തിയതെപ്പോഴാണ്....

പ്രണയകാലത്തെ ദിനങ്ങള്‍ ..ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവസുറ്റ ദിനങ്ങളായിരുന്നു അന്ന്...എപ്പോഴും ശ്വാസനിശ്വാസങ്ങളുടെ ഓരോ മാത്രയിലും അവള്‍ നിറഞ്ഞു നിന്നു...ചെറുകാറ്റില്‍ പോലും പാറി പറക്കുന്ന അവളുടെ അലസമായ മുടിയിഴകള്‍..വിടര്‍ന്ന കണ്ണുകള്‍...വശ്യതയാര്‍ന്ന ചിരി, ഇമ്പമാര്‍ന്ന സ്വരം ഒക്കെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...

ഒരു ദിവസം അവളെയൊന്നു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മനസ്സാകെ വീര്‍പ്പുമുട്ടലിന്റെ കാര്‍മേഘങ്ങള്‍ നൊമ്പരം വര്‍ഷിക്കുമായിരുന്നു...സ്നേഹം വന്നു പൊതിയുമ്പോഴും ,പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും പിണക്കങ്ങളുടെ കുത്തിയൊലിപ്പിലും അകപ്പെട്ടിട്ടുണ്ട്..
പക്ഷേ, ആ പിണക്കങ്ങളൊക്കെ വീണ്ടുമൊരു സ്നേഹത്തിന്റെ വലയില്‍ വീഴ്ത്താന്‍ ഒരു നോട്ടമോ ഒരു കണ്ണീര്‍ത്തുള്ളിയോ മാത്രം മതിയായിരുന്നു...

അന്ന്, പൊള്ളുന്ന വേനല്‍ പ്രതീക്ഷിക്കാത്തൊരു മഴയായി തീരും പോലെയായിരുന്നു വീട്ടുകാരോട് എത്ര പൊരുതിയിട്ടും കൂട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ ഒരു താലി ചരടില്‍ കോര്‍ത്ത് അവളെ സ്വന്തമാക്കിയത്  ... 
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെ നിര്‍വൃതിയുടെയും മേഘപഞ്ഞിക്കെട്ടുകള്‍  തെളിഞ്ഞ ആകാശത്ത്  ഒഴുകി നടക്കുന്നതു പോലെ ദിനങ്ങളങ്ങനെ ഓടി മറയുകയായിരുന്നു.. 

 മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ വിരുന്നെത്തുന്ന അണ്ണാറക്കണ്ണന്മാരെ കുറിച്ചും ആദ്യമായി വിരിഞ്ഞ പനിനീര്‍പൂവിനെ കുറിച്ചും അവള്‍ വാചാ‍ലയാകുന്നത്...  ഓര്‍ക്കാപ്പുറത്ത് വിരുന്നെത്തുന്ന മഴയില്‍ കളിവള്ളമുണ്ടാക്കി അവള്‍ രസിക്കുന്നത് കാണുമ്പോള്‍ അവളെ കളിയാക്കുന്നത്..അങ്ങനെയങ്ങനെ ഓര്‍മ്മകളുടെ പടവുകള്‍ കയറിയിറങ്ങുമ്പോള്‍ എന്തെല്ലാം ചിത്രങ്ങളാ മനസ്സില്‍ മറഞ്ഞു കിടക്കുന്നത് കാണുന്നത്...

എല്ലാം എത്ര വേഗമാണ് മാറി മറിഞ്ഞത്...ശ്രീക്കുട്ടിയുടെ വരവാണോ അവളെ തന്നില്‍ നിന്നും അകറ്റിയത്..അമ്മയായപ്പോള്‍ അവളുടെ സ്നേഹം നഷ്ടപ്പെട്ടിരുന്നോ തനിക്ക്...അങ്ങനെ പറഞ്ഞൊഴിയാന്‍ കഴിയുമോ.? ഓഫീസില്‍ നിന്നും കൊണ്ടു വരുന്ന ഫയലുകളുടെയും കമ്പ്യൂട്ടറിന്റെയും  ടി വിയുടെയും മുന്നിലായി സമയം മാറ്റി വച്ചപ്പോള്‍ അവളെ കുറിച്ച് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നതല്ലേ വാസ്തവം..
അപ്പോഴൊക്കെ,  അവള്‍ വിശേഷങ്ങള്‍ പങ്കിടാന്‍ അടുത്ത് എത്തുമ്പോള്‍ ഒരു തരം ഈര്‍ഷ്യായിരുന്നില്ലേ മനസ്സില്‍ തോന്നിയിരുന്നത്.സ്നേഹമൊക്കെ കാറ്റിലൊരില പോലെ പറന്നകലുകയായിരുന്നില്ലേ.... “ഈ കുഞ്ഞിനെ എങ്കിലും ഇത്തിരി നേരം നോക്കരുതോ രവിയേട്ടാ“ എന്നവള്‍ പരിഭവം പറയുമ്പോഴൊക്കെ “നിനക്ക് പിന്നെയെന്താ പണി” എന്ന് പകരത്തിനു പകരമായി നല്‍കിയല്ലേ അവളെ നിശ്ശബ്ദയാക്കിരുന്നത്.

വല്ലാത്ത ക്ഷീണം തീരെ വയ്യാത്തതു പോലെ നമുക്കൊന്ന് ആശുപത്രി വരെ പോയാലോ  രവിയേട്ടാ എന്നവള്‍ ആവശ്യപ്പെട്ടപ്പോഴും “എനിക്ക് ലീവെടുക്കാന്‍ കഴിയില്ല നീ അപ്പുറത്തെ ശാന്തചേച്ചിയുമായി പോയി വാ” എന്നല്ലേ അന്ന് മറുപടി നല്‍കിയത്..പിന്നെ , അസുഖത്തെ കുറിച്ച് അവള്‍ പറയുമ്പോഴൊക്കെ “ഒക്കെ നിന്റെ തോന്നലാ നിനക്കൊന്നും ഇല്ല” എന്ന് പറഞ്ഞൊഴിഞ്ഞത് എന്തിനായിരുന്നു....അതില്‍ പിന്നെ ഒന്നും അവള്‍ പറഞ്ഞതുമില്ലല്ലോ..അല്ല, അവളോട് തിരക്കിയതുമില്ല എന്ന് പറയുന്നതാവില്ലേ അതിന്റെ ശരി...

പ്രണയത്തിന്റെ നാളുകളില്‍ അവള്‍ക്ക് ഒരു ചെറിയ തല വേദന എന്ന് കേട്ടാല്‍ പോലും ഉടനെ ഡോക്ടനെ കാണാന്‍ പോകാമെന്ന് പറഞ്ഞ് വാശി പിടിച്ചയാളായിരുന്നില്ലേ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ഒരു സങ്കടവും കുറ്റബോധവും കലര്‍ന്ന മലവെള്ളപാച്ചിലില്‍ അകപ്പെട്ടപോലെയായി...

ചെറിയ കാര്യങ്ങള്‍ക്ക് പോലും തുടരെ തുടരെ ഓഫീസിലേക്ക് വിളിക്കുന്ന ശീലം അവള്‍ക്ക്  പിടിപ്പെട്ടപ്പോഴാണ് വീട്ടിലെ നമ്പര്‍ കണ്ടാലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ ആയത്..രണ്ടു വിളിയില്‍ കൂടുതല്‍ വരുമ്പോള്‍ ഫോണ്‍ സൈലന്റിലേക്ക് മാറ്റുകയായിരുന്നു പതിവ്...

വൈകിട്ട് ഒരു മീറ്റിങില്‍ പങ്കെടുക്കുമ്പോഴാണ് അവളുടെ വിളി വന്നത്. പെട്ടെന്ന് ഫോണ്‍ സൈലന്റിലേക്ക് മാറ്റി.. മീറ്റിംഗ് തീര്‍ന്ന ശേഷവും വീട്ടിലേക്ക് ഒന്ന് തിരിച്ചു വിളിക്കാന്‍ ഓര്‍ത്തില്ല...അവള്‍ തന്നു വിടുന്ന ലിസ്റ്റിലെ സാധങ്ങളോ മരുന്നോ വാങ്ങാന്‍ പറയാ‍നാവും വിളിച്ചതെന്നു മനസ്സില്‍ കണ്ടു..“അല്ലെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വീട്ടിലുള്ളവരെപ്പറ്റി ഒരു ചിന്തയുമില്ല“ എന്നുള്ളൊരു  പരിഭവം അവള്‍ക്ക് നിലവിലുണ്ടായിരുന്നല്ലോ എപ്പോഴും ..

വീട്ടുവാതിക്കല്‍ എത്തിയപ്പോഴെ അവളോട് വല്ലാത്ത ദേഷ്യമാ തോന്നിയത്..സന്ധ്യ കഴിഞ്ഞിട്ടും വിളക്ക് തെളിയിക്കാതെ ഇവള്‍ ശാന്ത ചേച്ചിയോട് കാര്യം പറഞ്ഞിരിക്കുന്നുണ്ടാവും ..അപ്പോഴാണ് ഗായത്രി  ഓടി വന്നു പറയുന്നത് “അമ്മയും ഗീത്വേച്ചിയും വൈകിട്ട് എ കെ ആശുപത്രിയില്‍ പോയതാ ഇതു വരെ വന്നില്ല”..വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ തൊണ്ട ഇടറി പോയിരുന്നുവോ...അവരിപ്പോഴിങ്ങെ
ത്തും എന്ന ചിന്തയായിരുന്നുവോ എന്നിട്ടും അവിടം വരെ ഒന്നു പോകാന്‍ വീണ്ടും വൈകിയത്...

ഐ സി യൂവിനു മുന്നില്‍ വിതുമ്പി നില്‍ക്കുന്ന ശാന്തചേച്ചി “എനിക്കൊന്നും അറിയില്ല മോനേ“ എന്ന് പറഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചുകുട്ടിയുടെ ഭാവത്തില്‍ പകച്ചു  നില്‍ക്കാനേ കഴിഞ്ഞുള്ളൂ...

”രോഗത്തിന്റെ അവസ്ഥ നിങ്ങളെ അറിയ്ക്കാന്‍ വേണ്ടിയാണ് നിങ്ങളെ കാണണം, നിങ്ങളെയും കൂട്ടിയേ ഇനി വരാവൂ എന്ന് ഞാന്‍ ഗീതുവിനോട് പറഞ്ഞത് , മരുന്ന് പോലും മുടങ്ങരുത് എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നതാണല്ലോ...“ ഡോക്ടര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ വാടിത്തളര്‍ന്ന് ഒരു പരാതി പോലും പറയുവാന്‍ ശക്തിയില്ലാതെ അവള്‍ കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സ് കുറ്റബോധത്തിന്റെ ശരപഞ്ജരത്തില്‍ കുടുങ്ങി പോയി കഴിഞ്ഞിരുന്നു .

തിരക്കുകള്‍ക്കിടയ്ക്ക് പലപ്പോഴും അവളോടു കാണിച്ച അവഗണനയാവും ഒന്നും പറയാതെ സ്വയം സഹിച്ച് അവളെ നിശ്ശബ്ദയാക്കിയത് ..ഓര്‍ക്കുമ്പോള്‍ അവളോട് അകാരണമായ ഒരു ദേഷ്യം തോന്നും പോലെ..ഒന്നുറക്കെ കരയാന്‍ പോലും കഴിയുന്നില്ലല്ലോ  ഇപ്പോള്‍... കത്തിയെരിയുന്ന ഓര്‍മ്മകള്‍ ഒരു ആര്‍ത്തനാദമായി മാറുമ്പോള്‍ അങ്ങ് അകലെ നിലാപുഞ്ചിരി തൂകി ആകാശത്തിലെ  നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ ഗീതു എന്ന നക്ഷത്രവും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു....

Wednesday, May 2, 2012

‘വേനലില്‍‘ മഞ്ഞു പെയ്യുമ്പോള്‍....

യാത്രയില്‍ പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള്‍ മനസില്‍ വീണ്ടും വല്ലാത്തൊരു  ഭയം നിഴലിക്കും പോലെ..മനസ്സില്‍ മരിച്ചു കിടക്കുന്ന മുഖങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും ജീവന്‍ വയ്ക്കുകയാണോ..ട്രെയിനിന്റെ ചൂളം വിളി ഒരു നേര്‍ത്ത തേങ്ങലായി തീരും പോലെ....

എന്റെ മനസ്സില്‍ വല്ലാത്തൊരു ബലം നിറച്ച് പതച്ചു പൊന്തുന്നത് നിന്റെ വാക്കുകളാണ്..
“ നീ , നോക്ക് ...എല്ലാം ഭേദമായിരിക്കുന്നു..ഇനി പഴയതു പോലെ തിരിച്ചു വരണം നീ...ഇനിയും ഈ മൌനവ്രതം നിനക്ക് ഒട്ടും ചേരുന്നതല്ല..വീണ്ടും നീയെന്താണിത്ര ആലോചിച്ചു കൂട്ടുന്നത്..നോക്ക്, ആരുമില്ലാന്ന നിന്റെ വിചാരം വെറുതെയായില്ലേ , ഞാനുണ്ടായിരുന്നില്ലേ നിനക്കൊപ്പം എപ്പോഴും..ഇനിയുമുണ്ടാകും ..ഒരു നിഴലു പോലെ എന്നും....”അവളുടെ വാക്കുകള്‍ മറക്കാന്‍ കഴിയുന്നില്ല..ശരിയാണ് നിന്നെ പോലൊരു കൂട്ടുകാരി..ഏതു പുണ്യപ്രവര്‍ത്തിയുടെ തീരത്തു നിന്നാവും നിന്നെ ഞാന്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും...തീര്‍ച്ചയായും ഞാന്‍ അര്‍ഹിക്കാത്ത ഒരു മഹാഭാഗ്യമാണു നീ...

 മാഞ്ഞു പോയ ഓരോ നിമിഷങ്ങളും പെയ്തൊഴിയുന്ന മഴയുടെ ബാക്കിയെന്ന പോലെ മനസ്സിലിപ്പോഴും ഇറ്റിറ്റ് നില്‍ക്കയാണ്..

വേദനയുടെ ഏതോ ഒരു നിമിഷത്തിലെ പാതിമയക്കത്തിലാണ് അടഞ്ഞു പോകുന്ന വാതിലിന്റെ പിന്നാമ്പുറത്ത് നിന്റെ മുഖം ഞാന്‍ കണ്ടത്...നീയും എന്നെ കണ്ടിരുന്നുവോ..ബോധം മങ്ങി തുടങ്ങിയ വേളയിലും നിന്റെ മുഖം നേരിയ ഒരു നൂലായി മനസ്സില്‍ ഇഴഞ്ഞു നീങ്ങിയിരുന്നു...
സ്വബോധത്തിലേക്ക് തിരിച്ചു വന്നപ്പോഴും നിന്റെ ഓര്‍മ്മകളുടെ തരികളാണ് എന്റെ കണ്‍പീലികളെ തട്ടി ഉണര്ത്തിയത്.അപ്പോഴാണ് ആര്‍ദ്രമായൊരു വിളിയും പുഞ്ചിരിയുമായി നീയെന്റെ അരികിലെത്തിയത്..

വേദനയുടെ കൊടുമുടി കീഴടക്കി ഞാന്‍ കഴിഞ്ഞ  അവസ്ഥയിലും എന്റെ നേര്‍ക്ക് വന്ന നിന്റെ തെളിയുന്ന പുഞ്ചിരിയെ കെട്ടു പോകാന്‍  തുടങ്ങുന്ന ഒരു തിരിനാളത്തിന്റെ അരികില്‍ നില്‍ക്കുന്ന കൊച്ചു കുട്ടിയുടെ വിസ്മയങ്ങളായിട്ടാ എനിയ്ക്ക് തോന്നിയിരുന്നത്..

അന്നെല്ലാം  ഒരു കരച്ചിലിന്റെ വക്കിലൂടെ മരുന്നുകളുടെ മണമോടെ ഉറങ്ങുകയും ഉറക്കമുണരുകയും ചെയ്യുന്ന എന്നിലേക്ക് പുഞ്ചിരിയും ചാഞ്ഞിരുന്ന് ആശ്വാസം പകര്‍ന്ന ഒരു തോളും പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഒരു  കൈവിരല്‍ത്തുമ്പും നീയെനിക്കേകിയപ്പോള്‍ അതാണെന്നെ വീണ്ടും വീണ്ടും ജീവിതത്തിലേക്ക് ഉണരാന്‍ പ്രേരിപ്പിച്ചത്... ....

നീ പറഞ്ഞതു പോലെ രോഗത്തിന്റെ വേദനകള്‍ കെട്ടി വരിഞ്ഞ് ശ്വാസം മുട്ടിച്ച  രാത്രികള്‍ ഇന്നെന്നെ വിട്ടു പോയിരിക്കുന്നു...നീയും നിന്റെ കൂട്ടുകാരും പലപ്പോഴായി പകര്‍ന്നു തന്ന ജീവരക്തത്തിന്റെ തണലില്‍ ഞാനിന്ന് ഉന്മേഷവതിയാണ്...

ഇപ്പോഴെന്റെ ഓര്‍മ്മകള്‍ സമ്പന്നമാകുന്നത് അടുത്ത ദിനം പഠിപ്പിക്കേണ്ട പാഠങ്ങളിലെ കഥാപാത്രങ്ങളും കവികളും നിരന്നാണ്...കഴിഞ്ഞു പോയ നാളുകളിലെ വേദനയുടെ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ പണിപ്പെട്ടൊരു ചിരി പടുത്തുയര്‍ത്താന്‍ ഞാന്‍ ശ്രമിക്കയാണ്...എങ്കിലും നീ പറഞ്ഞതു പോലെ , സ്വപ്നങ്ങളുടെ വളകിലുക്കം എനിക്കിന്ന് കേള്‍ക്കാന്‍ കഴിയുന്നു....

രോഗത്തിന്റെ ഭാണ്ഡക്കെട്ടിറക്കി വച്ച എന്നെ ഒരു മഹാത്ഭുതമായി വരവേല്‍ക്കുന്ന കണ്ണുകളെയും കഴിഞ്ഞതിനെ കുറിച്ച് അറിയാവുന്നതും അറിഞ്ഞുകൂടാത്തതുമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നവരെ  എനിക്ക് ചുറ്റും പലപ്പോഴും കാണുന്നുണ്ട്..അവരറിയാതെ അവര്‍ക്ക് നേരേ ഗൂഢസ്മിതം ഉതിര്‍ത്ത് അവരില്‍  ഒരാളായി ഞാനും മാറുമ്പോള്‍ ഇനിയും ഒരു തിരിച്ചു പോക്ക് വീണ്ടും ഞാന്‍ കാതോര്‍ക്കുന്നില്ല....

ഇന്ന് , എന്നെ വലം വയ്ക്കുന്ന നിന്റെ ഓര്‍മ്മകളും , ഏകാന്തതയില്‍ എന്നെ തേടിയെത്തുന്ന നിന്റെ സ്വരവും ജനാലയിലൂടെ കടന്നു വന്ന് എന്നെ   തൊട്ടു തലോടുന്ന ഇളം കാറ്റും, ഓടി നടക്കുന്ന മേഘകീറുകളും, തൊടിയില്‍ മുഴങ്ങി കേള്‍ക്കുന്ന കുഞ്ഞാറ്റക്കിളികളുടെ സംഗീതവും കേട്ടും കണ്ടും അറിഞ്ഞും ഞാനുമുണ്ടാകും ഇനിയുമെന്നും..

Friday, April 27, 2012

ഓര്‍മ്മകളുടെ വേരുകള്‍ തേടി....

ഏകാന്തതയുടെ ചുരത്തില്‍
മാനസ ഗോവണിയില്‍
ഓര്‍മ്മകളുടെ അധിനിവേശം ..

മറവിയുടെ വിഹായസ്സില്‍
നൂല്‍ പൊട്ടിയൊരു പട്ടം
മാടി വിളിക്കുന്നു..

കാലം കൈമാറിയ

ഇടവഴികളില്‍ പദനിസ്വനങ്ങള്‍
കരിയില മൂടി കിടക്കുന്നു...

മഞ്ഞണിഞ്ഞ നിലാവിന്റെ

നേര്‍ത്ത നിഴലനക്കങ്ങള്‍
വിതുമ്പലോളമെത്തുന്നു..

പകല്‍ത്തളങ്ങളുടെ 

ആഴക്കയത്തില്‍ നിപതിച്ച്
കാലം വിതുമ്പുന്നു..



Tuesday, April 10, 2012

മഴവില്ലുകളുണ്ടാകുന്നത്......


നിന്റെ ഓര്‍മ്മകളുടെ നൈരന്തര്യമാണ്
എന്റെ ചിന്തകള്‍ക്ക്  കനമേകിയത് !

നിന്റെ മിഴികളുടെ തിളക്കമാണ്
 എന്റെ ചുണ്ടുകളെ നിശ്ശബ്ദയാക്കിയത്!

നിന്റെ പ്രണയത്തിന്റെ തീക്കനലാണ്
എന്റെ കണ്ണുകളെ ഈറനാക്കിയത് !

 നിന്റെ കളിവാക്കിന്റെ ആഴമാണ്
എന്റെ മനസ്സിനെ ഏകാന്തമാക്കിയത് !

നിന്റെ വിസ്മൃതിയുടെ നിറക്കൂട്ടുകളാണ്
എന്റെ നിമിഷങ്ങളെ സ്മൃതികളാക്കിയത് !

നിന്റെ കിനാവിന്റെ മഴവെള്ളപ്പാച്ചിലാണ്
എന്റെ മോഹങ്ങളെ അനാഥമാക്കിയത് !



Sunday, April 1, 2012

മൌനത്തിന്റെ സാക്ഷ്യപത്രം...

ഇന്നലെയുടെ ജാലകപ്പടിമേലിരുന്ന
വിഹ്വലതകള്‍ യാത്രയാവുകയാണ്..


വേറിട്ടു പോയ സ്വപ്നങ്ങള്‍
നിറഞ്ഞു കവിഞ്ഞ് ഒഴുകിയ 

സ്നേഹപുഴപോലെ നേര്‍ക്കുകയാണ്...

പറയാതെ പോയ വാക്കുകള്‍
കാലിനു നീറ്റലായ മുള്ളുപോലെ 

കരളിനെ കൊത്തി വലിക്കയാണ്..

കര്‍ക്കിടകത്തില്‍ വിരുന്നെത്തിയ
മിന്നല്‍പ്പിണരുകള്‍ പോലെ 

ചിന്തകള്‍ മസ്തിഷകത്തില്‍
വിള്ളല്‍ വീഴ്ത്തുകയാണ്...

വേനലില്‍ ഉയര്‍ത്തെഴുന്നേറ്റ
കാട്ടുതീ പോലെ
നൊമ്പരം ജീവനില്‍
കത്തി പടരുകയാണ്...


മഞ്ഞിന്‍ പുതപ്പണിഞ്ഞ
നേര്‍കാഴ്ച പോലെ 
ശ്വാസനിശ്വാസങ്ങളില്‍
ഓര്‍മ്മ  നിറയുകയാണ്..

ഇനി മടങ്ങുകയാണ്...


ഒന്നും വരയ്ക്കാനാകാതെ,

ഛായക്കൂട്ടുകള്‍ ബാക്കി വച്ച്,
ചെറു നിലവിളക്കിന്റെ
സാക്ഷ്യപത്രത്തില്‍ ഒപ്പു വച്ച്,


നേര്‍ത്ത പട്ടുശീലയില്‍
പുഞ്ചിരിയും മിഴിയും മറച്ച്,
മൌനത്തിന്റെ കരിമ്പുകയില്‍
അലിഞ്ഞലിഞ്ഞ് ചേരുകയാണ്...




Tuesday, March 27, 2012

അസ്വസ്ഥതകളുടെ നിഴല്‍പ്പാടുകള്‍.......


ഓര്‍മ്മ, 
ചിതലരിച്ചു തുടങ്ങിയ 
ഒരു പുസ്തകം!

പുറന്താളില്‍

നിറപ്പകിട്ടേകുന്ന
മൗന നിമിഷങ്ങള്‍ !

അകത്താളുകളില്‍

നിറയെ പൊള്ളുന്ന 
ജീവിത സമസ്യകള്‍ !!

ഓര്‍മ്മ, 

അസ്വസ്ഥതകളുടെ 
നിഴല്‍പ്പാടിനൊരു ചെപ്പ് !
  

ചിമിഴില്‍  ഇന്നും,
നഷ്ടസ്വപ്നങ്ങളുടെ 

ജ്വലിക്കുന്ന നാളങ്ങള്‍!

ഓര്‍മ്മ,

നിറം മങ്ങിയ ഒരു ചിത്രം!
വിധി വരച്ചിട്ട
പറക്കാനാവാത്ത 
നൊമ്പരക്കിളികള്‍ !!


ഓര്‍മ്മ ,
നെരിപ്പോടിനുള്ളിലെ 
ധൂമം ചുരുള്‍ നിവര്‍ത്തുന്ന
മാഞ്ഞു പോയ കാലം !!


ഓര്‍മ്മ ,
വര്‍ഷമേഘമായി മാറി
ഇടിനാദമുതിര്‍ക്കാനാവാതെ

തൊണ്ടയില്‍ കുരുങ്ങി
പോയ നേര്‍ത്ത നിലവിളി !!





Sunday, March 18, 2012

ഓര്‍മ്മയുടെ താളുകളില്‍.......

കാലം ഇര തേടുന്ന 
മാര്‍ജ്ജാരനെ
പോല്‍ പതുങ്ങി വന്ന്
മസ്തിഷ്കത്തെ കാര്‍ന്ന്
തിന്നുന്നതറിയാതെയല്ല ,
മാനം കാണാതെയൊരു
മയില്പീലിത്തുണ്ട് ഇന്നും
കാത്തു വയ്ക്കുന്നത്....


ശ്വാസവേഗങ്ങളുടെ ഗതി
മാറുന്നതറിയാതെയല്ല
ഓര്‍മ്മയുടെ കയങ്ങളില്‍
ആഴ്ന്നു പോകുന്നത്..


മൂടുപടങ്ങള്‍ തിരഞ്ഞ്
ഇന്നലെയുടെ തണലുകള്‍
പിന്‍ കാഴ്ചകളായി
അകലുന്നതറിയാതെയല്ല
മൌനത്തിലൊളിക്കുന്നത്...

 
വാക്കിന്‍ വര്‍ണ്ണ നൂലാല്‍
നെയ്ത വലക്കണ്ണിയില്‍
പരല്‍മീനുകളെ പോല്‍
കുരുങ്ങി കിടക്കുന്നതെന്താവാം...

ചിതറി വീണു പോയ ഓര്‍മ്മകളോ...
സ്നേഹനിരാസങ്ങളുടെ നിമിഷങ്ങളോ.....

Thursday, March 15, 2012

വേറിട്ട പാതയില്‍....

സൌഹൃദം...

നിന്നില്‍ നിന്ന് എന്നിലേക്കുള്ള
സമദൂരമാണീ സൌഹൃദം....


പുനര്‍ജ്ജനി....

ചിന്തകള്‍ പകര്‍ത്തുമ്പോള്‍
വാക്കുകള്‍ ജനിക്കും പോല്‍
ഓര്‍മ്മകള്‍ ഉണരുമ്പോള്‍
നീയും പുനര്‍ജ്ജനിക്കുന്നു....

ഏകരാവില്ല

കുളിരോലും നിറനിലാവും
ഉപ്പിന്‍ രുചിയേറും വ്യഥയും
പിന്നിട്ട കാലത്തിന്‍ ഓര്‍മ്മയും
നിഴലായ് കൂടെയുള്ളപ്പോള്‍ 
ഏകരാവില്ലാരുമീ മണ്ണില്‍...

മൌനസഞ്ചാരം...

നിന്റെ ഓര്‍മ്മകള്‍ എന്നില്‍ 
മൌനം നിറയ്ക്കുമ്പോള്‍ 
എന്റെ ഓര്‍മ്മകള്‍ നിന്നില്‍
 നിശ്ശബ്ദത തേടുന്നു.

ഇന്നലെകളില്‍

നടന്നു മറഞ്ഞ വഴികളില്‍
മിഴികള്‍ തിരയുന്നത്
നീയെന്റെ കൈകോര്‍ത്ത
നിമിഷങ്ങളെയല്ല
വീണടിഞ്ഞു കിടക്കുന്ന
കരിയിലകളെയാണ്..


Sunday, February 19, 2012

നിന്നോട് പറയാനുള്ളത്......

മടക്കയാത്ര ചൊല്ലുകയാണ്...

എനിക്കായ് പിറന്ന് മരിച്ച ദിനങ്ങളോടും,
തണല്‍ വീശി  നടന്നു തളര്‍ന്ന ഹൃദയങ്ങളോടും,
നടന്നകന്ന അന്യമായ  ജീവിത പാതകളോടും,
കുളിരേകാതെ പോയ ചാറ്റല്‍ മഴയോടും,

പേടിച്ചുണര്‍ത്തിയ മേഘനാദത്തോടും,
ഒഴുകി പരന്നു വരണ്ട് മരിച്ച നദികളോടും,
കാലം തെറ്റി വന്നെത്തിയ വര്‍ഷത്തോടും,

തൊട്ടുരുമ്മി ചുംബിച്ച് പൊടുന്നനെ 
പിണങ്ങിപ്പോയ തിരമാലകളോടും,

ഇനി മടക്കയാത്ര ചൊല്ലുകയാണ്...

പറയാതെ കാത്തു വച്ച ഇത്തിരി വാക്കുകളും,
നല്‍കാതെ ഒളിപ്പിച്ച  പുഞ്ചിരിയും,
നിറം മങ്ങിയ വര്‍ണ്ണ സ്വപ്നങ്ങളും,
കൈക്കുമ്പിളില്‍ നിറച്ച്....

ഓര്‍മ്മകളുടെ നൈര്യന്തരത്തില്‍
കണ്ണീരുപ്പിന്റെ രുചി നിറച്ച്,
ഇനി യാത്ര ചൊല്ലുകയാണ്...
ഒരു മടക്കയാത്ര......

Wednesday, January 18, 2012

നിശ്വാസങ്ങളില്‍ തലചായ്ക്കുമ്പോള്‍......

തെക്കേ ദിക്കിലൊഴിഞ്ഞ കോണിലായി
പടര്‍ന്നു പന്തലിച്ചൊരു മാവിന്‍ ചില്ലമേല്‍
അരുമയായ് ആഹ്ലാദചിത്തയായ്
ഉല്ലാസമോടെ കഴിഞ്ഞതാണു  ഞാന്‍...

ഋതുക്കള്‍ തന്‍ ചക്രമുരുണ്ടു പോകേ ,
ചുവന്നു തുടുത്തു മധുരം കിനിഞ്ഞു
നില്‍ക്കുമെന്‍ മേനിയില്‍ മിഴിയുടക്കി
കൊതിപൂണ്ട് വിരുന്നെത്തിയൊരു കാക്കച്ചി..

ഭയന്നു വിറച്ചു ഞാന്‍ മിഴികള്‍ പൂട്ടവേ ,
കൂര്‍ത്ത കൊക്കുകളാലെന്‍ മേനിയെ 
കൊത്തി നുറുക്കി രസിക്കുന്നുവോ...

വേദന കാര്‍ന്നു പിടഞ്ഞൊരു മാത്രയില്‍
ഒരു പിടച്ചിലിന്‍ ഞരക്കത്തില്‍
കിഴക്കന്‍ തൊടിയിലെ കരിയിലക്കാട്ടിന്‍
പട്ടു മെത്തയില്‍ വീണു പോയീ ഞാന്‍..

കേണു വിളിച്ചു ആര്‍ദ്രമായ്
മണ്ണില്‍  മുഖം ചേര്‍ത്ത്
ഭൂമിതന്‍ സ്പന്ദനം കാതോര്‍ത്ത്

മിഴി പൂട്ടി കിടന്നന്നു മയങ്ങവേ,

ആ വഴി യാത്ര വന്നോരു
നീര്‍കുടമേന്തും മഴമേഘതരുണികള്‍
നേര്‍ത്ത മഴനൂലിന്‍ തൂവലാലെന്‍

കണ്‍പീലിയില്‍ മെല്ലെ തഴുകിയുണര്‍ത്തവേ ,

ഞെട്ടിയുണര്‍ന്നു ഞാന്‍ പരതുമ്പോള്‍
സൂര്യാംശു രാഗകതിരാലെന്‍
മെയ്യില്‍ ഹാരമണിയിച്ചു.....

കോരിത്തരിച്ചു  ഞാന്‍ വിസ്മയത്തിലാഴ്കവേ,
മെല്ലെയെന്‍ പാദങ്ങളാ മണ്ണില്‍ ചൂഴ്ന്നു പോയീ,
മെയ്യില്‍ തളിരില ചാര്‍ത്തുകള്‍ മൊട്ടിട്ടു
തണല്‍ വീശി ഞാനും കണ്‍പാര്‍ത്തു നില്‍ക്കേ,
മന്ദാനിലന്‍ വന്നെന്നെ തൊട്ടുരുമിയുമ്മവച്ചു...

ദിനരാത്രങ്ങളങ്ങനെ പിന്നില്‍ മറയവേ,
മൊട്ടിട്ടെന്നിലും കായ്കനികള്‍
മൂത്തു പഴുത്തൊരാ മാങ്കനികള്‍ 
മാടി വിളിച്ചിടുമ്പോള്‍ വിരുന്നെത്തുന്നിതാ

കാക്കച്ചിയും കിളികളും
അണ്ണാറക്കണ്ണനും കോകില ജാലവും...

ചാഞ്ഞ ചില്ലമേലിരുന്നൊരു കുയിലമ്മ 
തന്‍ പാട്ടിനെതിര്‍ പാട്ട് കാതോര്‍ത്ത്
ഉച്ചത്തില്‍ കൂകി വിളിയ്ക്കുമ്പോള്‍
മേലാകെ കോരിത്തരിച്ചിടുന്നു..

ആ കൊമ്പില്‍ ഈ കൊമ്പില്‍
അണ്ണാറക്കണ്ണന്മാര്‍ ഓടിയും ചാടിയും
കണ്ണാരം പൊത്തിക്കളിച്ചിടുമ്പോള്‍
മേലാകെ ഇക്കിളിയായിടുന്നു ..

ഊഞ്ഞാലായത്തില്‍ പാറി പറക്കും
കിളികള്‍ കലപില നാദം മുഴക്കുമ്പോള്‍
പാട്ടുകള്‍ പാടി രസിച്ചിടുമ്പോള്‍
നൃത്തമാടുമീ ഞാനും....

മൂവന്തി നേരം വിരുന്നെത്തും
മിന്നാമിന്നികളെന്നെ
മുത്തമിട്ടു പാറി പറന്നിടുമ്പോള്‍
മേലാകെ കുളിര്‍കോരി നിന്നിടുന്നു...

ആഹ്ലാദാരവ തേരിലീ വിധം നീങ്ങവേ ,
വന്നൂ നാലഞ്ചാളുകള്‍ എന്നരികില്‍
വലം വച്ചവരോരോന്നു പുലമ്പിടുമ്പോള്‍
പകച്ചു സ്തബ്ധയായി നിന്നു പോയ് ...

ആപത്തടുത്തെന്നറിഞ്ഞു വിറപൂണ്ട്
നിശ്ശബ്ദയായ് തേങ്ങി കരഞ്ഞു നിന്നീടവേ
കേട്ടു ഞാന്‍ ദിക്കുകള്‍ പൊട്ടുമാറുച്ചത്തില്‍
മഴു തന്‍ കര്‍ണ്ണ കഠോരമാം ആരവം...

തൊട്ടടുത്തു നിന്നോരു സഖി തന്‍
ശാഖകള്‍ വെട്ടേറ്റു നുറുങ്ങി വീഴുന്നിതാ..

ഇളം കാറ്റേകി സാന്ത്വനിപ്പിക്കാ‍നാവാതെ
ഒരു തുള്ളി അന്ത്യതീര്‍ത്ഥം നല്‍കുവാനാകാതെ
മൂകയായി വിതുമ്പി നിന്നു പോയി ഞാനും...

ഇത്തിരി കനിവിനായി നിശ്ശബ്ദയായി കേഴവേ,
വരും ദിനമോര്‍ത്ത്
കണ്ണീര്‍ വാര്‍ക്കവേ,
 
അറിയുന്നു ഞാനും ,
നാളെയാ മാനുഷ്യര്‍ ദുരയാല്‍

തച്ചുടയ്ക്കുമീ മഴു തന്‍ മൂര്‍ച്ചയില്‍ 

നിപതിച്ചു പോകുമീ
തണല്‍ വീശി നിന്ന ഞാനും.....

Wednesday, January 11, 2012

പെയ്തൊഴിയാതെ...


ഇനിയും പച്ചപ്പുമാറാത്ത ചില ഓര്‍മ്മകളുടെ വല കൊണ്ട് മനസ്സിനെ തളച്ചിട്ടിരിക്കയാണ് എപ്പോഴും..കരിമഷി പുരളാത്ത കണ്ണുകളില്‍ വിഹ്വലതയുടെ നേരിയ ഭയം നിഴലിക്കും പോലെ..ചിന്തകളില്‍ വേദനയുടെ വേലിയേറ്റവും..

പുഞ്ചിരിയോടെ കടന്നു വന്ന്‍ ക്ഷേമാന്വേഷണങ്ങള്‍ക്കൊടുവില്‍ സ്നേഹത്തോടെ കൈപിടിച്ച് ഒരു ഇഞ്ചക്ഷനും നല്‍കി നഴ്സ് തിരികെ നടന്നപ്പോള്‍  വേദനയില്‍ നിന്ന് മോചനം നേടാനാണ്  ജനാലയിലൂടെ റോഡിലേക്ക് ശ്രദ്ധിച്ചത്.

അവിടെ എവിടെക്കോ ഓടിയോടി പാഞ്ഞു നടക്കുന്ന ആളുകളെ നോക്കിയിരുന്നപ്പോള്‍ മെല്ലെ മെല്ലെ മനസ്സ് മറ്റൊരു ലോകത്തേക്ക് പിന്തിരിഞ്ഞു നടക്കയായിരുന്നു..

ഒരിക്കല്‍ ഇതുപോലെ പാഞ്ഞു പോകുന്ന കൂട്ടത്തില്‍ ഒരാളായിരുന്നല്ലോ .ജോലി കിട്ടിയപ്പോള്‍ എന്തു സന്തോഷമായിരുന്നു. അതിരാവിലെ എഴുന്നേറ്റ് പ്രാതലും ഉച്ചഭക്ഷണവും ഒരുക്കി പെട്ടെന്ന് ഒരുങ്ങീ ഒരോട്ടമായിരുന്നു ബസ് സ്റ്റോപ്പിലേക്ക് .
നഗര തിരക്കിലൂടെ ഓടി നടക്കുന്ന ഈ ആളുകളും  അതു പോലെ തന്നെയാകുമോ? പ്രാരാബ്ദകെട്ടുകളെ അല്പം മറന്ന് സമയത്തിനു ഓഫീസിലെത്താന്‍ കഴിയുമോ എന്ന ഒറ്റ ചിന്തയുടെ ഊഞ്ഞാലായത്തില്‍ ആയിരിക്കുമോ ഇപ്പോള്‍ ഇവരുടെ മനസ്സും..

രേണുവിന്റെ ചിരിക്കുന്ന മുഖമാണപ്പോള്‍ മനസ്സിലെത്തിയത്..അവളുടെ അമ്മയാണവള്‍ക്ക്  പാചകം ചെയ്ത് ഭക്ഷണം പാത്രത്തിലാക്കി കൊടുത്തു വിടുന്നത് .വീട്ടിലെ ഒരു ജോലിയും ചെയ്യാതിരുന്നിട്ടും രേണുവും ഓടി കിതച്ച് തന്നെയാണല്ലോ ബസ് സ്റ്റോപ്പിലെത്തുക.അമ്മ പൊതിക്കെട്ടി കൊടുക്കുന്ന ഉച്ചഭക്ഷണത്തിന്റെ രുചിയെ കുറിച്ച് അവള്‍ പലപ്പോഴും വാചാലയാകാറുണ്ട്. അപ്പോഴൊക്കെ അകാരണമായ ഒരു അസൂയ അവളോട് തോന്നിയിരുന്നു..

അവളിപ്പോള്‍ എന്തു ചെയ്യുകയാവും..വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതകാരിയായിരുന്നു രേണു..അവളുടെ സംസാരശൈലിയോടു തോന്നിയ ഇഷ്ടമായിരുന്നു അവളുടെ കൂട്ടുകാരിയാക്കി മാറ്റിയത്.ചെറിയ ഒരു മഴയില്‍ പോലും വീണു പോകാവുന്ന ഒരു കാട്ടുപുല്‍ച്ചെടിയായിരുന്നു രേണുവിനെ കണ്ടുമുട്ടും വരെ എന്നു വേണമെങ്കില്‍ പറയാം.


“ആളിക്കത്തുന്ന അഗ്നിയിലേക്ക് മനുഷ്യന്‍ കല്‍ക്കരി വാരിയിടുമ്പോള്‍ കൂടുതല്‍ വേഗതയില്‍ മുന്നോട്ടു പോകുന്ന തീവണ്ടിയെ നീ കണ്ടിട്ടില്ലേ , അതു പോലെ നിന്റെ മനസ്സിന്റെ സങ്കടങ്ങളെ പെരുപ്പിക്കുന്ന സങ്കടങ്ങള്‍ ഒന്നിനു പിറകെ വന്നു ചേരുമ്പോള്‍ തളര്‍ന്നു വീഴാതെ മുന്നോട്ടു തന്നെ പോകണം ,ലക്ഷ്യം കണ്ടെത്തണം.” 

തളര്‍ന്നു പോകുന്ന പല ഘട്ടങ്ങളിലും അവളുടെ വാക്കുകളുടെ സാമിപ്യത്തിനു മനസ്സിനു ധൈര്യം തരാന്‍ സാധിച്ചിട്ടുണ്ട്.
പക്ഷേ,ഇപ്പോള്‍ അവള്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് നടുവില്‍ നിശ്ശബ്ദത ഭിത്തി കെട്ടിരിക്കുന്നതു പോലെ..

അന്ന് പതിവിലും നേരത്തെ ഓഫീസിലെത്തിയ ആശ്വാസമായിരുന്നു..
'ആഹാ !! ഗുഡ് മോര്‍ണിംഗ് ,എന്തേ പതിവില്ലാതെ രാവിലെ തന്നെ ?' രേണുവിന്റെ  ചോദ്യം കേട്ടാണ് മുഖമുയര്‍ത്തി നോക്കിയത്.നീയും ഇന്ന് എന്തേ നേരത്തെ എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ്


‘ഹും! വേണ്ട മോളെ, ചോദ്യം ഒന്നും ഇങ്ങോട്ടു വേണ്ട അതെ, ഇന്നു  വ്യാഴാഴ്ചയല്ലേ നമ്മടെ സ്വന്തം കൃഷ്ണന്‍ കുട്ടീനെ കാണുന്ന ദിവസം .അതിനാല്‍ മൂപ്പരെ ചെന്നു കണ്ട് ഒരു തൂളസി മാലയും വാങ്ങി ആ കഴുത്തിലണിയിച്ചിട്ടാ ഈ രേണു വരുന്നത്’ എന്ന് അവള്‍ പറഞ്ഞപ്പോള്‍ കൌതുകത്തോടെ അവളെ തന്നെ നോക്കിയിരുന്നു പോയി..

എപ്പോഴും അവള്‍ അങ്ങനെതന്നെയാണല്ലോ..മനസ്സ് വായിച്ചെടുക്കാന്‍ മിടുക്കി തന്നെയാണവള്‍...
പലപ്പോഴും മുഖഭാവത്തില്‍ നിന്നു തന്നെ  മനസ്സ് രേണു വായിച്ചെടുക്കും.
ഇത്തിരി ചന്ദനം ഈ നെറ്റിയിലും കിടക്കട്ടെ എന്ന് പറഞ്ഞ് അവള്‍ ചന്ദനമിട്ടു തന്നപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് അടുത്ത ചോദ്യം അവള്‍ തൊടുത്തു വിട്ടത്..‘എന്തേ,മുഖം വല്ലതെ ..വയായ്ക വല്ലതും '..
പെട്ടെന്ന് ഒന്നുമില്ലാന്ന് പറഞ്ഞൊഴിയാനാ തോന്നിയത്.


അവളുടെ വാക്കുകളില്‍ സ്നേഹമാണെങ്കിലും ആ ചോദ്യം  കൂടുതല്‍ സങ്കടത്തിലാക്കുകയാണ് ചെയ്തത്..
കിട്ടിയ മറുപടിയില്‍ വിശ്വസിച്ചതു കൊണ്ടാകുമോ വീണ്ടും ജോലി ഭാരത്തെ കുറിച്ചും ഒരിക്കലും കൂട്ടി കിട്ടാത്ത ശമ്പളത്തെ കുറിച്ചും  പിന്നെയും എന്തൊക്കെയോ രേണു പറഞ്ഞു കൊണ്ടിരുന്നത്...അവള്‍ പറയുന്നതൊന്നും ശ്രദ്ധിക്കാനുള്ള മനസ്സായിരുന്നില്ല അപ്പോള്‍..
അതുകൊണ്ടു തന്നെയാണല്ലോ പ്രിയ സുഹൃത്തായിരുന്നിട്ടും രേണുവില്‍ നിന്നു പോലും അന്നത് മറച്ചു വച്ചത് എന്നിട്ടും.....

മനസ്സിലപ്പോഴും അലയടിച്ചു കൊണ്ടിരുന്നത് തന്നെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ഒരു ദുരന്തത്തിന്റെ നിമിഷങ്ങളായിരുന്നു....ഇനി എത്ര നാള്‍ ഇങ്ങനെ... എന്ന ചിന്ത മാത്രമായിരുന്നു..വല്ലാത്ത ഒരു വിങ്ങലില്‍ കുടുങ്ങി പിടയുകായിരുന്നു അപ്പോള്‍ മനസ്സ്...  


എപ്പോഴാണ് ഈ നാലു ചുമരുകള്‍ക്കുളളില്‍ എത്തപ്പെട്ടതെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മ്മയില്‍ എത്തുന്നില്ല..
‘ഇനി പറയാന്‍ പോകുന്നത്  മീര മനസ്സിരുത്തി കേള്‍ക്കണം. എത്രയും വേഗം ഒരു ഓപ്പറേഷന്‍ കൂടിയേ തീരൂ. ഒരു അത്ഭുതം സംഭവിക്കാം, ഇന്നത്തെ അവസ്ഥയില്‍ നിന്ന് മീരയ്ക്ക് ഓവര്‍കം ചെയ്യാന്‍ കഴിയും, അതിനു മീരയുടെ മനസ്സാന്നീധ്യമാണ് ആവശ്യം , എന്നാലേ മരുന്നുകള്‍ക്ക് ഗുണമുണ്ടാകൂ‘ എന്ന ഡോക്ടറുടെ ആമുഖം കേട്ടപ്പോള്‍ നില തെറ്റിയ ഒരു സങ്കടം മുന്നില്‍ കണ്ട്  എന്തും സഹിക്കാനുള്ള ഒരു ഉള്‍ക്കരുത്ത് തേടുകയായിരുന്നു മനസ്സ്..

ചെയ്തു പോയ ഏതു അപരാധത്തിന്റെ നിഴലാകാം ഇപ്പോഴും പിന്തുടരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടി  മനസ്സ് നടന്നകന്നു പോയ നാളുകളീലേക്ക് പലവട്ടം തിരിച്ചു പോയി..
പക്ഷേ, ഒറ്റപ്പെടലിന്റെ പല തുരുത്തുകളില്‍ പോലും പകച്ചു നിന്നതല്ലാതെ ആരോടും ഒരു വെറുപ്പിന്റെയോ ദേഷ്യത്തിന്റെയോ ശേഷിപ്പുകള്‍ ഒന്നും  ഇന്നു വരെ മനസ്സില്‍ പറ്റി ചേര്‍ന്നതായി  കണ്ടെത്താനായില്ല....

എല്ലാവരെയും ഒന്നും അറിയിക്കണ്ടാന്ന് കരുതി ഇത്ര നാള്‍ ഒളിപ്പിച്ച ഒരു സങ്കടം പെട്ടെന്ന് കടലായി വന്ന് കടപുഴക്കി കൊണ്ടു പോയ ദിനങ്ങളാണിത്,

എന്നിട്ടും കണ്ണുകളെ വിടര്‍ത്തി പിടിച്ച് കണ്ണുനീരൊളിപ്പിച്ചു മറ്റുള്ളവര്‍ക്ക് നേരെ പുഞ്ചിരി നല്‍കാന്‍ കഴിയുന്നൂ എന്ന് ഓര്‍ത്തപ്പോള്‍ വല്ലാത്ത ഒരാശ്വാസം തന്നെ, എന്നാലും ,കുറച്ചു നാളായി വേദന ഉരുകുന്ന മനസ്സില്‍ വളര്‍ന്നു വന്ന മൌനത്തെ തെറ്റിദ്ധരിച്ച ചില മുഖങ്ങള്‍ ഒരു വിങ്ങലായി നിറയാറുണ്ട് പലപ്പോഴും.

സൂചി മുനകള്‍ നല്‍കുന്ന മയക്കമാണ് ഓര്‍മ്മകളെ താഴിട്ട് പൂട്ടാന്‍ ഇന്നു സഹായവുമായെത്തുന്നത്.. എന്നിട്ടും, കണ്ണുകള്‍ അടയ്ക്കാന്‍ തീരെ കഴിയാത്തത് പോലെ..പീലികള്‍ക്കിടയില്‍ ഭാരം കണക്കെ കുറേയേറെ ഓര്‍മ്മകളെ തിരുകി വച്ചിരിക്കയല്ലേ..
തുന്നിക്കെട്ടിയ ഹൃദയധമനികളുമായി പിന്നിട്ട വഴികളിലൂടെ ഒരു മാനസ സഞ്ചാരം...

അതും ഇനി എത്രനാള്‍ ..മെല്ലെ മെല്ലെ കണ്ണുകള്‍ അടഞ്ഞു പോകയാണ്...ദൈവമെഴുതിയ ഒരു  കണ്ണീര്‍ത്തുള്ളിക്കഥയായി വീണ്ടും....

Saturday, December 31, 2011

മൗനം വല നെയ്യുന്ന നിമിഷങ്ങളില്‍....

മൗനം...
വെറും ശൂന്യതയല്ല
അറിയാതെയത്
നിശ്ശബ്ദതയുടെ കയങ്ങളില്‍
മനസ്സ് കാര്‍ന്നു തിന്നുന്നു!

നിമിഷം...

വെറും നിസ്സാരനല്ല,
അറിയാതെയത്
ഒപ്പം ചുവടുറപ്പിച്ച്
ആയുസ്സ് കൊന്നു തിന്നുന്നു!



ഓര്‍മ്മ...
വെറും ഭൂതകാലമല്ല,
അറിയാതെയത്
അപ്പൂപ്പന്‍താടി പോല്‍
പാറി പറന്നുയര്‍ന്ന്
മിഴികള്‍ക്ക് നിറം ചാലിക്കുന്നു!


കണ്ണീര്‍..
വെറും നീരുറവയല്ല
അറിയാതെയത്
വേദനകളില്‍ പൂഞ്ചോലയായി
ജീവനില്‍ തൊട്ടു തലോടുന്നു!


സൗഹൃദം...
വെറും ചങ്ങാത്തമല്ല
അറിയാതെയത്
പാറി വീണ് തൊട്ടുരുമ്മി
ഓര്‍മ്മകളിലെന്നും
മഴത്തുള്ളികളായി നിറയുന്നു!!! 







Tuesday, December 27, 2011

ഒരു ശിശിരത്തിന്‍ ഓര്‍മ്മയില്‍...

സൂചിമുനകളാല്‍ കോര്‍ത്ത
ചിത്രപണികളുള്ള
മനോഹരമായൊരു
ക്യാന്‍വാസ് ....


നഷ്ടപ്പെടുന്ന നിമിഷങ്ങളില്‍
ശ്വാസനിശ്വാസങ്ങളില്‍
പുനര്‍ജ്ജനിക്കുന്ന
ജീവന്റെ സ്പന്ദനം.....


ഈ ശിശിരത്തില്‍,
ഒരു വിരല്‍ത്തുമ്പിനപ്പുറം
സൌഹൃദത്തിന്റെ
നേര്‍ത്ത മഞ്ഞിന്‍ പുതപ്പ്..


വേദനകളുടെ നിറവിലും
ശ്വാസനിശ്വാസങ്ങളുടെ
നേരിയ ഇടവേളകളിലെ
നിശ്ശബ്ദതയില്‍ പോലും...


മറവിയില്‍ ഒടുങ്ങാത്ത
നിന്റെ അവ്യക്ത രൂപം...


ഓര്‍മ്മകളില്‍
ഉപ്പുനീര്‍ ഇറ്റിച്ച്


വാക്കുകളില്‍
മഴവില്ല് ചാലിച്ച്


എന്നോ കരുതി വച്ച
ഒരു നിറക്കൂട്ട്..


നനുത്ത കൈത്തലം
ആര്‍ദ്രമായ് നീട്ടി
നീയിതു വാങ്ങൂ...


സ്നേഹത്തിന്റെ
പഴയ താളുകളിലെ
സ്വപ്നശകലങ്ങള്‍ക്ക്
നീയിതു നല്‍കൂ..


മരണത്തെക്കാള്‍
ഭയാനകമായ
മൗനം ഒരുക്കുന്ന 
മലവെള്ളപാച്ചിലില്‍
ഇനി ഞാന്‍ നടന്നിറങ്ങട്ടെ..
ഒരു കളിമണ്‍ക്കട്ടയായ്
മണ്ണിലലിഞ്ഞിടട്ടെ.....



Saturday, December 17, 2011

സ്മൃതിസ്പര്‍ശത്തിലൂടെ.....

കടമെടുത്തെ ശ്വാസത്തില്‍
ഓടി മറയുന്നത്
നിഴലനക്കങ്ങള്‍ !

ഭൂതകാലത്തിന്‍ താളുകളില്‍
പട്ടു പുതയ്ക്കുന്നു
നഷ്ടസ്വപ്നത്തിന്‍ മാറാല..


വര്‍ത്തമാനത്തെ ഈറനണിയിച്ച
വിഷവാക്കുകളില്‍
ഒരു കുഞ്ഞുനോവിന്റെ
പുനര്‍ജ്ജനി..

സ്മൃതിയാം പൊടിക്കാറ്റില്‍
മിഴികള്‍ ചുവന്നു തുടുക്കുമ്പോള്‍
പ്രണയബോധത്തിന്റെ
കള്ളിമുള്‍ച്ചെടിയില്‍
മനസ്സുടക്കി....

ഭൂതകാലത്തിന്‍ ചാറ്റല്‍ മഴയില്‍,
പഴകിയ ഓര്‍മ്മകളുടെ
തൂവല്‍ സ്പര്‍ശത്തിലേറി,
നീയെന്നെ തേടി വരുമ്പോള്‍
കരുതി വയ്ക്കാം നിനക്കായി...

ചിതയില്‍ ചന്ദന ഗന്ധത്തില്‍
ഉയര്‍ന്ന നിശ്വാസങ്ങളും
കനവുകളും ചെറു പുഞ്ചിരിയും
ദ്രവിച്ചു പോയോരു  ഹൃദയത്തിന്‍ വിലാപഘോഷവും....


Tuesday, December 6, 2011

ഋതു മര്‍മ്മരത്തിനൊരു മൌനം.........

സ്വപ്നങ്ങളുടെയും
വിഹ്വലതകളുടെയും
തീജ്ജ്വാലയില്‍
മൌനം 
തിളയ്ക്കുകയാണ്...

പങ്കിട്ട വാക്കുകളില്‍
കാനല്‍ ജലത്തിന്റെ
വശ്യത കണ്ട്
ഋതുക്കള്‍ മറയുകയാണ്..

ഭൂപാള രാഗത്തില്‍
എന്നോ ഉയിര്‍കൊണ്ട
ജീര്‍ണ്ണ ഗര്‍ത്തങ്ങളില്‍ 
നിപതിച്ച് ഒരു വന്‍മരം
കടപുഴകുകയാണ്...

ചുറ്റും പ്രളയം കിനാവു
തകര്‍ത്താടുമ്പോഴും
വഴുതി വീണുടയുന്ന
വാക്കിലും പോരിലും 
കനിവിനായി കേഴുന്ന
ജന്മാന്തരങ്ങള്‍....

അതെ ,
സ്വപ്നങ്ങളുടെയും 
വിഹ്വലതകളുടെയും
തീജ്ജ്വാലയില്‍ 
ഒരു പ്രളയ കിനാവില്‍ 
ഒരു പിടി മണ്ണില്‍
മൌനം തിളയ്ക്കുകയാണ്...

Sunday, December 4, 2011

ജീവിതം...


ഇന്നലെകളുടെ
വേരുകളില്‍ ചവിട്ടി
ഇന്നിന്റെ പച്ചപ്പില്‍
നിലയുറപ്പിച്ച്
നാളെയെന്ന ശൂന്യതയിലേക്ക്
വെറും സ്വപ്നങ്ങളുടെയും
പ്രതീക്ഷകളുടെയും
മിന്നായത്തില്‍
ഒരു യാത്ര....

Wednesday, November 23, 2011

തണല്‍ വഴിയിലെ പയ്യാരങ്ങള്‍......










അന്തിച്ചുവപ്പിന്റെ
വിഷാദ നിറം പോലെയീ
മിഴികള്‍ തുടുക്കയാണ്...

അകലെ കുട നിവര്‍ത്തിയ
ഗുല്‍മോഹറിന്‍ ദലച്ചാര്‍ത്തും
രക്തച്ചുവപ്പുള്ള പൂക്കളും
കാലടികള്‍ മറയ്ക്കയാണ്...

സ്മരണയുടെ മഞ്ചാടിക്കുന്നില്‍
അശ്രു പൂവിട്ട കാഴ്ചകളില്‍
തണലായി നീങ്ങുന്നത്
നിഴല്‍ച്ചിത്രം മാത്രം...

ഇനിയും കുടിയിറങ്ങാത്ത
വ്യഥയുടെ നിശ്വാസവും
നിഗൂഢമാം നിശ്ശബ്ദതയും
ഫണമുയര്‍ത്തിയാടുമ്പോള്‍...

അന്തിക്കാറ്റിനെ തൊട്ടുരുമ്മി
ഇത്തിരി പായാരം തമ്മിലോതി
വിരല്‍ത്തുമ്പില്‍ വിരല്‍ കോര്‍ത്ത്
കാതങ്ങള്‍ താണ്ടാനും,

ഒടുങ്ങുന്ന പകലോന്റെ 
കനലിലുണരുന്ന ധൂമത്തില്‍
തോളോടുത്തോള്‍ ചാരി
ജീവിതയാനം പങ്കിടാനും,

ഇരുള്‍ വിഴുങ്ങിയ
പരുക്കന്‍ കൈത്തലത്തെ
ഇനി കാത്തു നില്‍ക്കുന്നില്ല .

മുറ്റത്തെ തുളസിത്തറയേയും
മണ്‍ചെരാതിനെയും
നിഴലിനെയും സാക്ഷിയാക്കി

കാലം നടക്കൊള്ളുകയാണ്,

ഓര്‍മ്മച്ചെപ്പില്‍ എന്നോ
മാനം കാണാതെ കാത്തു സൂക്ഷിച്ച
ഒരു മയില്‍പ്പീലിത്തുണ്ടുമായി...

Sunday, October 30, 2011

ഋതുഭേദങ്ങള്‍ കൈകോര്‍ക്കുമ്പോള്‍........



നീലാകാശവും താരകങ്ങളും
ഒരു വിളിപ്പാടകലെ
കൈനീട്ടുകയാണ്...
തുള വീണ ഹൃദയധമനിയെ
മുരളികയാക്കി
ഋതുക്കള്‍ പാടി
തുടങ്ങുകയായി...

മുഖത്ത് തേച്ച ചായങ്ങളും
പുഞ്ചിരിയുടെ പടച്ചട്ടയും 
അഴിച്ചു വയ്ക്കാന്‍ നേരമായി....

വിധി വിതറിയ മുള്ളാണിയില്‍
ചവിട്ടി നിന്ന്
ശ്വാസത്തിന്റെ
അവതാളത്തിനൊത്ത്
ആടി തിമിര്‍ക്കണം


ഓര്‍മ്മകളും സ്വപ്നങ്ങളും
കെട്ടടങ്ങുന്ന ധൂമത്തിലൂടെ
നിഴലനക്കങ്ങള്‍ ഇല്ലാതെ

തുലാമഴയില്‍ ഈറനണിഞ്ഞ്
മേഘഗര്‍ജ്ജനവും മിന്നല്‍പ്പിണരും
സാക്ഷിയാക്കിയിനി
അരങ്ങൊഴിയണം....

Thursday, September 22, 2011

മൌനത്തിനു നീ കാവലാളാകണം..


വെയില്‍ മങ്ങിയുണരും പോലെ
മിന്നി മായുന്ന സ്മിതം
കണ്ണീര്‍ വര്‍ഷം പോലെ
പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍
മഴവില്ലു പോലെ മായുന്ന സൌഹൃദങ്ങള്‍
കണ്‍കളില്‍ ഉറഞ്ഞു കൂടുന്ന കാര്‍മേഘങ്ങള്‍... 


മനസ്സിന്റെ ഇമകളില്‍ 
 കൂട്ടി മുട്ടുന്ന നഷ്ടതുലാസുകള്‍
ഉച്ചിയില്‍ മരിച്ചു വീഴുന്ന സൂര്യന്‍
മസ്തിഷ്കത്തില്‍ ഉറഞ്ഞു കൂടുന്ന നിസ്സംഗത
  
ഈ മൌനം ഭേദിക്കാന്‍ 
ഉറങ്ങുന്ന എനിക്ക് നീ കാവലാളാകണം.
ഇനി ഞാന്‍ ഉറങ്ങട്ടെ,
നീ ഉണര്‍ന്നിരിക്കുമ്പോള്‍!!!

Tuesday, September 13, 2011

ഒരു മയില്‍പ്പീലി തുണ്ടും വളപ്പൊട്ടുകളും.....

നിര്‍മ്മലയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി . തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങീട്ട് നേരം എത്രയായെന്നോ...?

ഉറക്കം കിട്ടുന്നേയില്ല..സ്ഥലം മാറി കിടന്നതു കൊണ്ടാണെന്ന് പറയാന്‍ കഴിയുമോ..ഇതിനു മുമ്പ് എത്രയോ തവണ ഈ വീട്ടില്‍ അന്തിയുറങ്ങീയിരിക്കുന്നു.

പക്ഷേ, അന്നൊക്കെ , ഈ വീടിന്റെ ഇടനാഴികളില്‍ , അകത്തളങ്ങളില്‍ നിശ്ശബ്ദതയും ഇരുട്ടും ഇങ്ങനെ കട്ടിപിടിച്ചിട്ടുണ്ടായിരുന്നില്ല..അന്നൊന്നും ഒരിക്കലും ശ്വാസത്തിനിത്ര കനം തോന്നിയിരുന്നുമില്ല..
ഒരാശ്വാസത്തിനായി ജനാല മെല്ലെ തുറന്നു..

മുറ്റം നിറയെ ഭാമേടത്തിയുടെ കൂട്ടുകാരായ പരിജാതവും കുടമുല്ലയും നമ്പ്യാര്‍വട്ടവും കനകാംബരവും എന്തിനോടോ പിണങ്ങി നില്‍ക്കും പോലെ...

കണ്ണുകളെ മെല്ലെ ആകാശത്തിലേക്ക് പായിച്ചു . 
ഒഴുകി നടക്കുന്ന മേഘചിന്തുകളില്‍ ആട്ടിന്‍ കൂട്ടങ്ങളെയും ആനക്കൂറ്റന്മാരെയും കുതിരയെയും കാണാന്‍ പഠിപ്പിച്ചത് പണ്ട് ഭാമേടത്തിയായിരുന്നു... 

ഇന്ന് അവയെ ഒന്നും കാണാന്‍ കഴിയുന്നേയില്ല...ആകാശത്തും മേഘക്കീറുകള്‍ ചെന്നായയുടെ രൂപം കൊത്തി മിനുക്കും പോലെയാ തോന്നുന്നത്..
വല്ലാത്തൊരു സങ്കടം തോന്നി നിര്‍മ്മലയ്ക്ക്..
കരച്ചിലിന്റെ വക്കിലൂടെ മനസ്സ് നടന്നു പോകുമ്പോള്‍ കാണുന്നത് ഭാമേടത്തിയുടെ മുഖമാണ്..

പുറം കവിഞ്ഞു കിടക്കുന്ന ഈറന്‍ തലമുടി വിടര്‍ത്തിയിട്ട് തുമ്പു മാത്രം കെട്ടി അതിലൊരു കൃഷ്ണതുളസി ചൂടി, നെറ്റിയില്‍ ഭസ്മം കൊണ്ടൊരു കുറി വരച്ച് , ചിരിയ്ക്കുമ്പോള്‍ നുണക്കുഴികള്‍ തെളിയുന്ന കവിളുകളുള്ള  ഭാമേടത്തി. 
വല്ലപ്പോഴുമെത്തുമ്പോള്‍ ഭാമേടത്തി പറയുന്ന കഥകളിലൂടെയും കവിതകളിലൂടെയും പിച്ച വച്ചാണ് താനിന്ന് സാഹിത്യ ലോകത്ത് പാറിക്കളിക്കുന്നത് എന്നു കൂടി ഓര്‍ത്തപ്പോള്‍ നിര്‍മ്മലയ്ക്ക് സങ്കടം സഹിക്കാനായില്ല..ആ ഓര്‍മ്മകളില്‍ കണ്ണുകള്‍ കൂടുതല്‍ കൂടുതല്‍ ഈറനണിയുകയാണ്.
ഒരിക്കല്‍ വല്ലാതെ മോഹിച്ച ഒരു ജോലി നഷ്ടപ്പെട്ടു പോയതിനെ കുറിച്ച്  പറഞ്ഞ് സങ്കടപ്പെട്ടപ്പോള്‍ ഭാമേടത്തി നല്‍കിയ ഉപദേശത്തെ കുറിച്ച് നിര്‍മ്മല ഓര്‍ത്തു....
“ഒക്കെ ഓരോ ജീവിതമാണ് കുട്ടിയേ, ഇതിനൊന്നും ഒരിക്കലും കരയേണ്ട കാര്യമേയില്ല..എന്തിനെയും മുന്‍ കൂട്ടി കാണാന്‍ പഠിക്കണം .എന്നിട്ട്, മനസ്സിനെ ധൈര്യപ്പെടുത്തണം..നമ്മുടെ കണ്ണുനീര്‍ അത് വെറുതെ കളയാനുള്ളതല്ല..നമ്മുടെ ജീവിതത്തില്‍ എന്നും നമുക്ക് കൂട്ടായി സന്തോഷത്തിലും സങ്കടത്തിലും ഒപ്പം ഉണ്ടാവുക കണ്ണുനീരു മാത്രമാ..സ്വന്തംനിഴല്‍ പോലും കണ്ണീരിനൊപ്പമാകില്ല..കാരണം നിഴലിനു കൈതാങ്ങായി വെളിച്ചമുണ്ടാകണ്ടേ..അതുകൊണ്ട് കണ്ണീരിനു മുന്തിയ സ്ഥാനം തന്നെ നീ നല്‍കണം..അതങ്ങനെ പാഴാക്കരുത്.. സ്വപ്നങ്ങള്‍ ധാരാളം കാണണം. സ്വപ്നങ്ങളെ ഉളം കൈയിലിട്ട് നീ അമ്മാനമാടണം. ഒരിക്കല്‍  കണ്ട സ്വപ്നങ്ങള്‍ തന്നെ വീണ്ടും കണ്ടെന്ന് വരില്ല..അതിനാല്‍ ഓരോ സ്വപ്നങ്ങളേയും മനസ്സു കൊണ്ട് താലോലിക്കണം...
 ചില സ്വപ്നങ്ങള്‍  കൈയില്‍ നിന്ന് വഴുതി വീണ് നഷ്ടപ്പെട്ടേക്കാം . എങ്കിലും ,അവയ്ക്കായി കണ്ണീര്‍ പൊഴിക്കരുത്...”
ഭാമേടത്തി അന്ന് ഇതൊക്കെ പറയുമ്പോള്‍ എന്ത് മൂര്‍ച്ചയായിരുന്നു ആ സ്വരത്തിന്...എന്തു തെളിച്ചമായിരുന്നു ആ കണ്ണുകള്‍ക്ക് ...


എന്നും ഭാമേടത്തിയുടെ ആശ്വാസവചനങ്ങള്‍ക്ക് ഒരു ചാറ്റല്‍ മഴ നനയുന്നതിന്റെ സുഖമുണ്ടായിരുന്നു.ഇന്ന് ഭാമേടത്തിയുടെ മനസ്സിനു ആശ്വാസത്തിന്റെ ഒരു കുളിര്‍മ കോരിയിടാന്‍  ഒരു പേമാരി  പെയ്യിച്ചാലും മതിയാകില്ലല്ലോ...
“ഭാമേടത്തിക്ക് ന്റെ നിമ്മിക്കുട്ടീയെ ഒന്നു കാണണം നീ വരില്ലേ താമസിയാതെ.” എന്ന് രണ്ടു വരിയില്‍ ഒതുക്കിയ കത്ത് കിട്ടിയപ്പോള്‍ മനസ്സിനൊരു ആധിയായിരുന്നു എന്താവാം കാര്യമെന്ന് പലവുരു ചിന്തിച്ചു ... 
ലീവ് കിട്ടണമെങ്കില്‍ പ്രയാസം തന്നെ. അന്നു മുതല്‍ പിന്നെ ആഴ്ചാവസാനം ആവാനുള്ള കാത്തിരിപ്പായിരുന്നു...
ചാരിയിരുന്ന വാതില്‍ മെല്ലെ  തുറന്ന് നിര്‍മ്മല  ശബ്ദം വയ്ക്കാതെ വീടിനുളളിലേക്ക് കയറിയത് ഭാമേടത്തിയെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി തന്നെയായിരുന്നു...
 തെക്കേ മുറിയുടെ അടുത്ത് ഒച്ചയുണ്ടാക്കാതെ നടന്നത് കണ്ടിട്ട് ഭാമേടത്തിയുടെ ഓമനപ്പൂച്ച വരെ അസൂയയോടെ നോക്കും പോലെ നിര്‍മ്മലയ്ക്ക് തോന്നി . തെക്കേമുറിയിലേക്ക് പതിയെ നോക്കിയപ്പോള്‍ കണ്ട രൂപം....
ഹോ ! അത് മനസ്സില്‍ നിന്ന് പറിച്ചു കളയാന്‍ പറ്റണില്ല  ..    ‘ന്താ ഇങ്ങനെ’   ‘ എന്താ പറ്റിയത് ന്റെ ഭാമേടത്തിയേ ’എന്ന് അലറി വിളിക്കയായിരുന്നു നിര്‍മ്മല...
“ഒന്നുമില്ലെന്റെ കുട്ടിയ്യ്യേ. ശാസ്ത്രത്തിന്റെ  ചില കൈവേലകളാണ്..രണ്ടു മൂന്ന് കീമോ കഴിഞ്ഞപ്പോള്‍ ഇങ്ങനെയായതാണ്. 

അല്ലേലും ഇനി എന്തിനാണെന്റെ  കുട്ടിയേ പഴുത്തു തുടങ്ങുന്ന ഈ തലയ്ക്ക് അലങ്കാരമായി തലമുടിയൊക്കെ.. ഒക്കെ കൊഴിഞ്ഞു പോകയാണ് ന്റെ കുട്ടിയേ ,ദിനങ്ങളും സമയവും എല്ലാം . നീ വന്നൂല്ലോ...എനിക്ക് കാണാന്‍ കഴിയൂന്ന് നിരീച്ചതല്ല. യാത്രാക്ഷീണമുണ്ടാകും ന്റെ കുട്ടിക്ക്, പോയി കുളിച്ച് ആഹാരം കഴിച്ചു വരൂ..എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണം .”

  
നിറഞ്ഞു കവിയുന്ന കണ്ണുകളെ ഒളിപ്പിക്കാനായി...പെട്ടെന്ന് മനസ്സിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടാനായി ..നിര്‍മ്മലയെ  അവിടുന്ന് ഒഴിവാക്കാന്‍ പറയുന്നതു പോലെ തോന്നി ആ വാക്കുകള്‍ 
എങ്കിലും , കരയുന്ന മുഖം പിടിച്ചുയര്‍ത്തിയ ഭാമേടത്തിയില്‍ നിര്‍മ്മല കണ്ടു , ആദ്യമായി ഭാമേടത്തിയുടെ കണ്ണുകള്‍ നനയുന്നത്.
വടക്കിനിയില്‍ ചെന്നപ്പോള്‍ ദേവകിയമ്മയാണ് ഭാമേട്ടത്തിയുടെ അവസ്ഥയെ കുറിച്ച് വിസ്തരിച്ച് പറഞ്ഞത്..‘ഒക്കെ അറിഞ്ഞിട്ടും കൊണ്ടു നടക്കായായിരുന്നൂന്ന് ആരോടും പറയാതെ..ഒക്കെ വൈകി പോയീന്നാ ഡോക്ടര്‍ പറയുന്നേ ’എന്ന് കൂടി കേട്ടപ്പോള്‍  ദൈവങ്ങള്‍ കാട്ടുന്ന ക്രൂരതയോര്‍ത്ത് അവിടിരുന്ന് കരയുകയായിരുന്നു നിര്‍മ്മല..
കുറെ കഴിഞ്ഞ് മനസ്സൊന്ന് പാകപ്പെടുത്തി കുളിച്ച് വന്നപ്പോഴേക്കും ഭാമേടത്തി മയക്കത്തിലായി...
വിളിച്ചുണര്‍ത്താന്‍ തോന്നിയില്ല...
ഇപ്പോഴും ഭാമേട്ടത്തി സ്വപ്നങ്ങള്‍ കാണുന്നുണ്ടാകുമോ....?? 
ഇനിയും ദേശാടനപക്ഷികളെ പോലെ സ്വപ്നങ്ങള്‍ പറന്ന് വന്ന് ആ മനസ്സിലിപ്പോഴും കൂടു കൂട്ടി തിരിച്ചു പോയിരിക്കുമോ  തിരിച്ചു വരാത്ത അതിഥികളെ പോലെ..പാവം ഭാമേടത്തി ഇന്ന്  മരണത്തിലേക്ക് ഒഴുകി പോകുന്ന ഒരു രൂപമായി മാറിയ പോലെ.. ...


Sunday, September 11, 2011

ഒരു രാത്രിമഴയുടെ ബാക്കിപത്രം....

സൂര്യന്‍ ആഴിയുടെ ആഴങ്ങളില്‍
താഴ്ന്നു പോയിരിക്കുന്നു...
ഇത്തിരി
നിലാവിനെയും
നക്ഷത്രങ്ങളെയും
ഇന്നും വെറുതെ കൊതിച്ചു...

കാര്‍മേഘകൂട്ടം
നിലാത്തുണ്ടും
നക്ഷത്ര ചിന്തും
 സ്വന്തമാക്കി ആര്‍ത്തട്ടഹസിച്ചു
തിമിര്‍ത്തു പെയ്യുകയാണ്..

ഇര തേടിപ്പോയ അമ്മപക്ഷി
ഇത്തിരി മുമ്പെങ്കിലും
ചെന്നെത്തിയിട്ടുണ്ടാകുമോ..

വല്ലാതെ കട്ടപിടിച്ച ഈ രാവില്‍ 
പെയ്തിറങ്ങുന്നൊരീ മഴയില്‍
ഘോര നഖരങ്ങളെ  ഭയന്ന്
ദിക്കറിയാതെയവള്‍ പറന്ന് 
തണുത്ത് വിറങ്ങലിച്ചിട്ടുണ്ടാകുമോ.. 
  
      പാവം പക്ഷിക്കുഞ്ഞുങ്ങള്‍ ..!