Monday, August 23, 2010

ഓർമ്മയിലെ ഓണനാളുകൾ.....




പണ്ട് ,അത്തം നാള്‍ മുതല്‍ എന്നും മുറ്റത്ത് പൂവിടീല്‍ പതിവായിരുന്നു...
അതിരാവിലെ എഴുന്നേറ്റ് തൊടിയിലും പാതയോരത്തുമായി നില്‍ക്കുന്ന തുമ്പയും തെറ്റിയും മറ്റു പൂക്കളും ശേഖരിച്ച് ഒരു പൂവിടീല്‍...
നല്ല
രസമായിരുന്നു ആ നാളുകള്‍...പൂവേ പൊലി...എന്ന് പാടി കൊണ്ടായിരുന്നു അന്ന് പൂ പറിച്ചിരുന്നത്..പൂപൊലി പാടിയില്ലെങ്കില്‍ പുക്കളെല്ലാം വാടി പോകുമെന്നാ മുത്തശ്ശി പറഞ്ഞിരുന്നത്..പൂവിടീല്‍ മാത്രമല്ല, പത്തുനാളും ഉണ്ടാകും നല്ല സദ്യയും...

അത്തം പിറന്നാല്‍ പിന്നെ അടുക്കളയില്‍ അമ്മിണീയമ്മയും മുത്തശ്ശിയും കൂടി ആകെ ബഹളം തന്നെയാവും..പാടത്തെ പണിക്കാരും പറമ്പിലെ പണിക്കാരും എല്ലാരുമെത്തും സദ്യയുണ്ണാന്‍....

ജോലിക്കാര്‍ ഉണ്ടായിരുന്നെങ്കിലും സദ്യവട്ടത്തിനു വേണ്ട മത്തനും പച്ചക്കായും മുരിങ്ങയും വെണ്ടയും വെള്ളരിയും പാവലും പയറും ഒക്കെ പറമ്പില്‍ നിന്നു കൊണ്ടു വരിക എന്റെയും മുത്തച്ഛന്റെയും ജോലി തന്നെയായിരുന്നു...
അന്നൊക്കെ സ്കൂളില്‍ നിന്നും കൂട്ടുകാരുമായിട്ടായിരുന്നു ഓടിയെത്തുക മുത്തശ്ശി തയ്യാറാക്കുന്ന സദ്യയുണ്ണാന്‍..
വടക്കേലെ ഗോപലന്‍ നായരെ കൊണ്ട് മൂവാണ്ടന്‍ മാവിന്റെ ചില്ലയില്‍ ഒരു ഊഞ്ഞാല്‍ ഇടീയ്ക്കുക മുത്തച്ഛന്റെ പതിവായിരുന്നു...ചിങ്ങം പുലര്‍ന്നാല്‍ പിന്നെ ഊഞ്ഞാല്‍ റെഡിയായിയിരുന്നു...സ്കൂള്‍ വിടാന്‍ നോക്കിയിരിക്കും ഊഞ്ഞാലാട്ടത്തിനു ...ദേവുവും രാധയും മാലുവും രഘുവും രാജുവും എല്ലാവരും ഒത്തു കൂടുമായിരുന്നു ..ഊഞ്ഞാലിന്‍ ആയത്തില്‍ ചെന്ന് മൂവാണ്ടാന്‍ മാവിന്റെ ചാഞ്ഞചില്ലയിലെ മാവില പിച്ചുക അതായിരുന്നു കൂട്ടുകാരുമായി ചേര്‍ന്നുള്ള ഊഞ്ഞാലാട്ടത്തിലെ മത്സരം...

രാത്രിയില്‍ വീണ്ടും തുമ്പി തുള്ളലിനായി എല്ലാവരും ഒന്നിച്ചു കൂടും..അപ്പോള്‍ തുള്ളാനായി എപ്പോഴും ഇരിക്കുക അമ്മിണിയമ്മയായിരുന്നു...തുമ്പിപ്പാട്ടിന്റെ ആരവത്തില്‍ തുള്ളിയുറയുന്ന അമ്മിണിയമ്മ അവസാനം ബോധരഹിതയാകുമ്പോള്‍ പലപ്പോഴും പേടിയും തോന്നിയിരുന്നു...എന്തു രസമായിരുന്നു ആ ദിനങ്ങള്‍..
അന്നൊക്കെ ഒരോ ഓണവും വന്നെത്താന്‍ ദിനങ്ങള്‍ എണ്ണിയെണ്ണി ഒരുപാട് കാത്തിരിക്കുമായിരുന്നു...

ഉത്രാട നാളിലും തിരുവോണ നാളിലും പുതിയ പട്ടു പാവാടയും ബ്ലൌസ്സും തന്നെ ഞാന്‍
അണിയണം എന്നത് മുത്തശ്ശിയ്ക്ക് നിര്‍ബന്ധം ആയിരുന്നു.അതിനായി നേരത്തെ
തന്നെ മുത്തശ്ശി എനിയ്ക്കുള്ള ഓണക്കോടി തുന്നിച്ചു വയ്ക്കുമായിരുന്നു.തിരുവോണ നാളില്‍ മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പമിരുന്നായിരുന്നു ഓണ സദ്യയുണ്ടിരുന്നത്..


ഒരിക്കല്‍ കിണറ്റിനരികത്തു തലചുറ്റി വീണ മുത്തശ്ശിയുടെ മിഴികള്‍ എന്നന്നേയ്ക്കുമായി അടഞ്ഞപ്പോള്‍..ആള്‍ക്കൂട്ടത്തില്‍ ഞാന്‍ തനിച്ചായ പോലെ...തറവാട്ടിലേക്ക് വിതുമ്പുന്ന ഏകാന്തത കടന്നു വന്നപോലെ.. മുത്തശ്ശി പോയതില്‍ പിന്നെ എപ്പൊഴും സങ്കടം തന്നെയായിരുന്നു..അപ്പൊഴാണ് സ്കൂള്‍ ഹോസ്റ്റലിലേക്ക് എന്നെ പറിച്ചു നട്ടത്....

പിന്നീടു കടന്നു വന്നിട്ടുള്ള ഒരു ഓണത്തിനോടും ഒരിക്കലും ഒരു ഇഷ്ടം മനസ്സില്‍ തോന്നിയിട്ടില്ല.....കാരണം, മുത്തശ്ശിയില്ലാത്ത ഓണം...മാത്രമല്ല, അത്രനാളും കൂടെയിരുന്ന് പഠിച്ചും ചിരിച്ചും തമാശകള്‍ പങ്കു വച്ചും കഴിയുന്ന കൂട്ടുകാര്‍ ഓണാഘോഷ തിമര്‍പ്പില്‍ പിരിഞ്ഞ് പോയി ഓണക്കോടികളുമായി വീണ്ടും വന്നെത്തുമ്പോള്‍...എന്നും മനസ്സില്‍ ഓണത്തിനോട് ദേഷ്യം തന്നെയായിരുന്നു...
എല്ലാ കുട്ടികളും പോയി കഴിഞ്ഞാലും തന്നെ കൂട്ടി കൊണ്ട് പോകാന്‍ മുത്തച്ഛന്‍ വരിക ഏറെ വൈകിയായിരുന്നു..ഒറ്റയ്ക്ക് ചെല്ലാമെന്നു പറഞ്ഞാലും മുത്തച്ഛന്‍ കേള്‍ക്കില്ല.
“വരാന്‍ ഇത്തിരി വൈകിയാലും മുത്തച്ഛന്‍ വന്നിട്ട് നീ വീട്ടില്‍ പോയാല്‍ മതി
എന്നായിരുന്നു” അച്ഛന്റെയും നിര്‍ദ്ദേശം..മുത്തച്ഛനെയും കാത്ത് ഹോസ്റ്റല്‍ റൂമിന്റെ ജനലഴികളിലൂടെ മിഴികള്‍ പായിച്ച് നില്‍ക്കുന്നതു കാണുമ്പോള്‍ എന്നും ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നത് സൂസി സിസ്റ്റര്‍ ആയിരുന്നു..
“ഒരിക്കലും നമ്മുടെ വിഷമങ്ങളെ കുറിച്ച് മാത്രം ഓര്‍ക്കരുത്. നമ്മെക്കാള്‍ പലതരത്തില്‍ വിഷമങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ നമ്മുടെ ചുറ്റും ഉണ്ട്.   നമ്മുടെയീ വിദ്യാലയത്തിലുണ്ട്.അവരെ കുറിച്ച് ഓര്‍ക്കണം..അപ്പോഴീ വിഷമങ്ങളും ഒറ്റപ്പെടലും ഒന്നുമല്ലാതായി തീരും” എന്നൊക്കെ പറഞ്ഞായിരുന്നു സൂസി സിസ്റ്റര്‍ ആശ്വസിപ്പിച്ചിരുന്നത്...
സിസ്റ്ററുടെ വാക്കുകള്‍ ശരിയാണെന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട്...

തറവാട്ടില്‍ ചെന്നാലും ഇപ്പോള്‍ ആരോടാ മനസ്സു തുറന്നൊന്നു സംസാരിക്കുക..
അവധി പെട്ടെന്നു തീരണേ എന്ന പ്രാര്‍ത്ഥനയായിരിക്കും മനസ്സില്‍... മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍ .. തന്റെ കഥകള്‍ കേള്‍ക്കാന്‍ എന്തു ഉത്സാഹമായിരുന്നു മുത്തശ്ശിക്ക്...
തന്നെ തനിച്ചാക്കി വിദേശത്തു പോയി നില്‍ക്കുന്ന അച്ഛനെയും അമ്മയെയും മുത്തശ്ശി മാത്രമേ കുറ്റപ്പെടുത്താറുണ്ടായിരുന്നുള്ളൂ...ഏട്ടനുമായി അവര്‍ വിദേശത്തേക്ക് പോയപ്പോള്‍ ഒരുപാടു സങ്കടം തോന്നിയിരുന്നു...അന്നൊക്കെ മുത്തശ്ശിയുടെ മടിയില്‍ തല ചായ്ച്ച് ഒരുപാടു കരഞ്ഞിരുന്നു..എന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ച് “മോള്‍ക്ക് മുത്തശ്ശിയില്ലേടാ....എന്തിനാ അവരൊക്കെ..ഈ മുത്തശ്ശിയുടെ പൊന്നൂ മീനാക്ഷിക്കുട്ടി അല്ലേ നീയ്” എന്നു പറഞ്ഞ് എന്റെ നെറുകെയില്‍ മുത്തശ്ശി തലോടി ആശ്വസിപ്പിക്കുമായിരുന്നു...
 
“ആ കുട്ടിയോടൊപ്പം ഒരു ഓണം കൂടാനെങ്കിലും മാധവനും രമയും വന്നെങ്കില്‍...നമ്മളും ഇനി എത്രകാലമാ ജീവിക്കണത്...തറവാട്ടില്‍ വരണമെന്ന ഒരു മോഹവും അവര്‍ക്കില്ലാണ്ടായല്ലോ എന്റീശ്വരന്മാരെ ”എന്ന് പലപ്പോഴും മുത്തച്ഛനോട് മുത്തശ്ശി പരിഭവം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്...
പണ്ട് തറവാട്ടിന്റെ കോലായ്മേല്‍ ഇരുന്നാല്‍ അതു വഴി കടന്നു പോകുന്നവരെ കാണാം.. കോലായയുടെ ഒരു വശത്തായിരുന്നു മുത്തച്ഛന്റെ ചാരു കസേര കിടന്നിരുന്നത്...അവിടിരുന്നാല്‍ മതിയായിരുന്നു നല്ല തണുത്ത കാറ്റേല്‍ക്കാന്‍...
 ഇന്ന്, തറവാട് ഇടിച്ച് നിരത്തി അച്ഛന്‍ പണി കഴിപ്പിച്ച ഇരുനില മാളികയാണിവിടെ...തൊടിയില്‍ പാവലും അച്ചിങ്ങയും മത്തനും ഒന്നും കാണാനില്ല...മുറ്റത്തെ തുളസി തറയ്ക്ക് മുന്‍പിലായിരുന്നു പണ്ട് പൂക്കളം ഒരുക്കിരുന്നത്...അവിടിപ്പോള്‍തുളസിത്തറയില്ല..മുറ്റം നിറയെ സിമന്റിട്ടിരിക്കയാണ്...അതിര്‍ത്തി തിരിച്ചിരുന്ന കയ്യാലയ്കിരുവശവും അന്ന് തുമ്പയും തൊട്ടാവാടിയും ഉണ്ടായിരുന്നു...ആ സ്ഥാനത്ത് ഇന്ന് വന്‍ മതിലാണ്..

ഈ മാളികയുടെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് ...
വിലക്കയറ്റത്തിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്ന പച്ചക്കറികള്‍ വാങ്ങി ഗ്യാസ് അടുപ്പില്‍ വേവിച്ച് സദ്യയൊരുക്കി പേപ്പര്‍ വാഴയിലയില്‍ വിളമ്പുമ്പോള്‍ ഓര്‍ത്തു പോകയാണ് ഞാന്‍...... എനിക്കു നഷ്ടമായ എന്റെ ഓര്‍മ്മയിലെ ആ നല്ല ഓണ നാളുകള്‍......

3 comments:

INDIAN said...

athe... Onam nashtamayikkondirikkunnu....
ormakalil othungiya onam..!!
aa grihathurathwam thottunarthi ee varikal..
nannayirikkunnu..
aashamsakal...!!

അനില്‍കുമാര്‍ . സി. പി. said...

ജീവിതത്തിന്റെ ഒത്തിരി കയ്പുകള്‍ക്കിടയില്‍ ഓര്‍ത്തു വെക്കാന്‍ ഇന്നലയുടെ മധുരമുള്ള ഓര്‍മ്മകളാവും പലപ്പോഴും കൂട്ട് - ഇത്തരം നല്ല ഓര്‍മ്മകള്‍.

Unknown said...

പ്രിയ മിനു ചേച്ചി pls do the next step-Grant admin privileges-by the way ->blogger- dashboard ഇല്‍ ബ്ലോഗിന്റെ settings -->Permissions-->Grant admin privileges.also pls give your suggestions by mail to malayalambloghelp@gmail.com

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...