Wednesday, April 6, 2011

ഇന്നലെ പെയ്ത മഴയിൽ....


മഴയുടെ കേളിക്കൊട്ട് സന്ധ്യയ്ക്ക് തന്നെ തുടങ്ങിയിരുന്നു.എവിടെയോ  മഴ പെയ്തു തുടങ്ങിയിട്ടുണ്ട്.മീന സൂര്യന്റെ ചൂടില്‍ ആലസ്യത്തിലാണ്ട  മനസ്സിനു തെല്ലൊരു ആശ്വാസം തന്നെയാണീ  മേഘനാദം..

ഒന്നു തിമിര്‍ത്തു പെയ്തെങ്കില്‍!!!

മഴ എത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ജാലകത്തിലൂടെ മിഴികള്‍ പായിച്ചു..
ഇല്ല്യാ ഇനിയും ഇങ്ങ് എത്തിയിട്ടില്ലല്ലോ.ചെറുങ്ങനെയെങ്കിലും ഇത്തിരി മഴ പെയ്തിരുന്നെങ്കില്‍!!!

മഴകാണാന്‍ പണ്ടെങ്ങും തോന്നിയിട്ടില്ലാത്ത പോലെ വല്ലാത്ത ഒരു ആവേശം തോന്നുന്നു  മനസ്സിനു...അല്ലെങ്കിലും കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഞാനിപ്പോള്‍ കൂടുതല്‍ ആസ്വാദ്യതയോടെ വരവേല്‍ക്കുയാണല്ലോ..

മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെ മിന്നാമിനുങ്ങുകള്‍ പാറി നടക്കുകയാണ്..ഈ മഴയുടെ വരവ് അവയെ പേടിപ്പെടുത്തുന്നുണ്ടാകുമോ.എന്താകാം തങ്ങളില്‍ തങ്ങളില്‍ അവര്‍  പറയുന്നത്...ഒരു തുള്ളി വെളിച്ചം മിന്നിച്ച്  തമ്മില്‍ത്തമ്മില്‍ സ്നേഹമാകുമോ പങ്കു അവര്‍  വയ്ക്കുന്നത്..അവര്‍ക്കും ഉണ്ടാകുമോ പിണക്കങ്ങളും ഇണക്കങ്ങളും...

കുട്ടിക്കാലത്ത് മിനാമിങ്ങുകളെ കണ്ടാലുടന്‍ അവയെ പിടിക്കാന്‍ ഇരുട്ടിനെ വക വയ്ക്കാതെ വേലിക്കലേക്ക് പാഞ്ഞിരുന്ന എന്നെ പിടിച്ചു നിര്‍ത്തിയത്   മുത്തശ്ശി പറഞ്ഞ കഥയാണ്..

ജീവിച്ച്  കൊതി തീരാതെ മരിച്ചവരുടെ ആത്മാക്കളാണ് മിന്നാമിന്നികാളായി പുനര്‍ജ്ജനിക്കുക. രാത്രി കാലങ്ങളില്‍ അവ ഇഷ്ടമുള്ളവരുടെ വീട്ടുമുറ്റത്തത്   പാറി പറന്നെത്തും ..ഇങ്ങനെ ആ മുത്തശ്ശി പറഞ്ഞതു  കേട്ടതില്‍ പിന്നെ  എന്തു പേടിയായിരുന്നു  സന്ധ്യ ആയാല്‍ പുറത്തേക്ക്  ഒന്നു നോക്കാന്‍ പോലും ..രാത്രിയെ തന്നെ അന്ന് ഭയപ്പെട്ടിരുന്നു എന്നു വേണമെങ്കില്‍ പറയാം...

“അതൊക്കെ മുത്തശ്ശി വെറുതെ കഥ പറഞ്ഞതല്ലെ  കുട്ട്യെ..ന്റെ കുട്ടി അതൊന്നും കേട്ട് പേടിക്കാണ്ടാട്ടൊ....ആ മിന്നാമിനുങ്ങുകള്‍ പാവങ്ങളാ.. “ എന്ന് പറഞ്ഞ് അമ്മ എത്ര തവണ സമാധാനിപ്പിച്ചിരുന്നു....എന്നാലും ആത്മാക്കളുടെ കഥ ഒരിക്കലും മനസ്സില്‍ നിന്ന് മാറിയിട്ടുണ്ടായിരുന്നില്ല...

ഓര്‍മ്മകളെ ഈറനണിയിക്കും പോലെ  ചാറ്റല്‍ മഴ മുഖത്ത് വീണപ്പോഴാണ് മഴയുടെ വരവ് അറിഞ്ഞത്....എന്തോ, മനസ്സിലെവിടെയോ ആ ചാറ്റലിനോട്  ഇത്തിരി ദേഷ്യം തോന്നി...“എന്തേ , ഈ മഴ കുറച്ച് നേരത്തെ വന്നില്ല....ഈ മഴയില്‍ ഭൂമിയെ പോലെ ന്റെ മനസ്സിനെയും കുളുര്‍പ്പിക്കാമായിരുന്നില്ലേ...

മഴയത്ത് വീശിയടിക്കുന്ന കാറ്റില്‍  മൂവാണ്ടന്‍ മാവിന്റെ ശിഖരങ്ങള്‍ നൃത്തമാടുന്നതു കാണാന്‍  എന്തൊരു ഭംഗിയാ.....ഇലകള്‍ മര്‍മ്മരത്തിലുടെ മഴയുടെ സംഗീതത്തിനൊത്ത് ഗാനം ആലപിക്കുന്നുണ്ടാകുമോ.... അതു കേട്ട് ആ തളിരലകള്‍ കുണുങ്ങി ചിരിക്കുകയാവാം ല്ലേ....അതൊ, മഴ ഏറ്റു വാങ്ങാതെ അപരിചിതയെ പോലെ  മാറി നില്‍ക്കുന്ന എന്നെ  കളിയാക്കുകയാണോ...

ഇരുട്ടില്‍ ഒളിച്ചു കളി നടത്തിരുന്ന  ആ മിന്നാമിനുങ്ങുകള്‍ എവിടെ...? കഷ്ടം! തന്നെ ആ പാവങ്ങള്‍  ഇപ്പോള്‍ എവിടെ പോയി ഒളിച്ചിട്ടുണ്ടാവും..സന്ധ്യാനേരങ്ങളില്‍ ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ എനിക്കെന്നും കൂട്ടിനുണ്ടാവുന്നത് അവരാണ് ..മിന്നിമിന്നി പറന്നു നടക്കുന്ന  അവയെ നോക്കിയിരിക്കുമ്പോള്‍ മനസ്സ് മറ്റൊരു ലോകത്താവും....അവയോടൊത്ത് പലപ്പോഴും ഞാനും മിന്നിമിന്നി പറന്നു നടക്കാറുണ്ട്...

മഴ കൂടി കൂടി വരികയാണ്..... ഈ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് ഓടിയിറങ്ങി ചെന്ന്  മഴയെ ഏറ്റു വാങ്ങാനാ ഇപ്പോള്‍ ന്റെ മനസ്സ് കൊതിക്കുന്നത്....

ഭൂമിപെണ്ണിനോട്  വെറുതെ ഒരു  അസൂയ  തോന്നും പോലെ.....മെല്ലെ കതകു തുറന്ന് ബാല്‍ക്കണിയില്‍ ചെന്നു നിന്ന് കൈകള്‍ നീട്ടി ഞാന്‍ ആ മഴയെ തൊട്ടു നോക്കി.

“വയ്യാത്ത കുട്ടിയല്ല്യോ നീയ്...ന്തിനാ പ്പോ ഈ മഴയത്ത് വന്നു നില്‍ക്കണത് ..
ചാറല്‍ വീഴും അകത്തു വാ കുട്ടിയ്യേ...മഴ കണ്ട് അധിക നേരം നില്‍ക്കണ്ടാ” ഉണ്ണിയമ്മയുടെ ശബ്ദം..
”ഇത്തിരി മഴ ഞാന്‍ എന്റെ കൈക്കുമ്പിളില്‍ വാങ്ങട്ടെന്റെ ഉണ്ണിയമ്മ്യേ..നി എനിക്കിതിനു കഴിഞ്ഞില്ലങ്കില്ലോ...ഉണ്ണിയമ്മ കണ്ടില്ലേ ...എനിക്ക് വേണ്ടിയാ ഇന്ന് ഈ മഴ പെയ്യണത് ..ഉണ്ണിയമ്മ കിടന്നോള്ളൂ ..ഞാന്‍ വന്നേക്കാം”

“ശിവ! ശിവ! ന്റെ കുട്ടി പറേണത് നീ കേള്‍ക്കണില്ലേ...ന്റെ കുട്ടിക്കൊന്നും വരുത്തല്ലേ ഭഗവാനേ“....എന്ന് പറഞ്ഞ് ഉണ്ണിയമ്മ തിരിഞ്ഞ് നടന്ന് പോയപ്പോള്‍ മനസ്സിലെവിടെയോ വല്ലാത്ത ഒരു വിങ്ങല്‍ തോന്നി.

എന്റെ വാക്കുകള്‍ ഉണ്ണിയമ്മയെ വേദനിപ്പിച്ചുവോ...ഒന്നും മനഃപൂര്‍വ്വം പറയുന്നതല്ല..വാക്കുകള്‍ കൊണ്ടു പോലും ആരേയും വേദനിപ്പിക്കരുതെന്നാ എപ്പോഴും വിചാരിക്കുക...പക്ഷേ, എന്നിട്ടും...???

അപ്പോഴും ഇനിയും എനിക്കായി പെയ്തു തോരാത്ത ആ മഴയെ വീണ്ടും ഞാന്‍ കൈകള്‍ നീട്ടി ഒരു പെരുമഴയായി എന്റെ മനസ്സിലേക്ക് ഏറ്റു വാങ്ങുകയായിരുന്നു.....


16 comments:

Anonymous said...

വളരെ നന്നായിട്ടുണ്ട് ടീച്ചറെ..
ആശംസകള്‍..
സ്നേഹത്തോടെ അനില്‍

LasithaShabu said...

റ്റീചൂസിനെന്താ പറ്റിയത്, എന്താ എപ്പോഴും ഇങ്ങനെ പറയുന്നത്, അസ്തമയം എന്തിനാ കാത്തിരിക്കുന്നത്,എന്തിനാ മനസ്സ് ദയാവധം തേടുന്നത്, എപ്പോഴും നേര്‍ത്ത വിങ്ങല്‍ മനസ്സില്‍ ഒളിപ്പിക്കുന്നതെന്തിനാണ്, ഇതൊക്കെ എന്‍റെ ഭാഗത്തു നിന്നുള്ള ചോദ്യങ്ങളാണ്.. കഥ സൂപ്പറാ, ഒരു നോവല്‍ പിറക്കാന്‍ പോകുന്ന തോന്നലാ ഇതു വായിക്കുമ്പോള്‍. ഭാവുകങ്ങള്‍

NPT said...

നന്നായിട്ടുണ്ട് റ്റീച്ചര്‍..!!

വര്‍ഷിണി* വിനോദിനി said...

ഒരു പെരുമഴ നനയാന്‍ കൊതിയാവുണൂ,വരോ ന്റ്റെ കൂടെ..?പിന്നെയ് ഒരു സ്വകാര്യം ഒരു മൂവാണ്ടന്‍ ഉപ്പ് കൂട്ടി കടിച്ച് കഴിയ്ക്കേം ചെയ്യാം..ഒളിച്ചിരിയ്ക്കണ മിന്നാമിന്നികളെ തപ്പി നടക്കേം ചെയ്യാം..ഭൂമി പെണ്ണ് അസൂയകൂട്ടുമ്പോള്‍ വഴക്കിടേം ചെയ്യാം...കൊതിയാവുണൂ, വേഗം വരൂ...!

മഴവില്ലും മയില്‍‌പീലിയും said...

മഴപെയ്യട്ടെ ..മഴ പെയ്യുമ്പോ മിണ്ടാതിരിക്കാം അല്ലങ്കില്‍ വാക്കുകള്‍ നനഞ്ഞ് പോയെങ്കിലൊ?

അനില്‍കുമാര്‍ . സി. പി. said...

ഓർമ്മകളെ ഈറനണിയിക്കുന്നൊരു ചാറ്റൽ മഴ പോലെ ...

Minu Prem said...

വായനാനുഭവം പങ്കു വച്ച എന്റെ ചങ്ങാതികൾക്ക് നന്ദി....

wardah said...

നന്നായിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ വയ്യാ
ഒരു ഇടവ മാസത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

Manoraj said...

വളരെ മികച്ച വായനതരുന്നു. ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിക്കൂടെ ടീച്ചറേ.. ഇത് കണ്ണിനു സ്ട്രെയിന്‍ ഉണ്ടാക്കുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മനസ്സില്‍ പെയ്തിറങ്ങിയ മധുര മഴ...
എങ്കിലും....
മഴ എല്ലാവര്ക്കും ഇത്രമേല്‍ മധുരമയമാകുന്നത് എന്തുകൊണ്ട്?
ആഘോഷങ്ങളില്‍ നമുക്ക് കൂട്ടാകാന്‍ മഴയെ ക്ഷണിക്കാത്തതെന്തേ?
ചോരുന്ന വീട്ടില്‍ മഴയെ ശപിക്കുന്നതെന്തേ?
തോരാത്തമഴയത് നിത്യവൃത്തിക്കാരന്റെ വദനം ഇരുളുന്നതെന്തേ?

Unknown said...

മഴ

ഈ മഴയും മഴ തുള്ളികളും എനിക്കും പ്രിയപെട്ടത്‌ തന്നെ .
ആരുടെതോക്കെയോ അശ്രു കണങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്തു പ്രകൃതി ഒന്നിച്ചു അവ വിണ്ടുകീറിയിരിക്കുന്ന ഭൂമി പെണ്ണിന് നല്‍കുമ്പോള്‍ , അവള്‍ അത് അമൃതം പോലെ പാനം ചെയ്യുമ്പോള്‍ , ആ തുള്ളികള്‍ കൈകുമ്പിളില്‍ ഏറ്റുവാങ്ങാന്‍ മോഹിക്കത്ത്തവര്‍ ആരുണ്ട്‌

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മധുരമഴ...

നന്നായി പറഞ്ഞു.

Abdulla thalikulam said...

മഴയെ കുറിച്ച് പറഞ്ഞു കൊതിപിക്യല്ലേ,,

സരികും മഴയെത്തിരുന്നുഎഴുതിയ കഥപോലെ,, കഥ വായിചുതിര്‍ന്നപോള്‍മഴകൊണ്ട്‌ നനഞുകുളിര്‍ന്ന പ്രതിതി,, സരികും മഴയുള്ള്പോള്‍എഴുതിയതാണോ,, ടിച്ചറുടെ കഥകള്‍ മുന്‍ബും വായിച്ചിട്ടുണ്ട്,,, അതില്‍ നിന്നൊക്കെ വേറിട്ടുനില്കുന്നു ഈകഥ ഇന്നലെ പൈയ്തമഴയില്‍,,, ഇനിയും നല്ല കഥകള്‍കായി കാത്തിരിക്കുന്നു,,,,

Minu Prem said...

വായനാനുഭവം പങ്കു വച്ച കൂട്ടുകാർക്ക് സ്നേഹം നിറഞ്ഞ നന്ദി അറിയിയ്ക്കുന്നു...

മഴയെ കൈക്കുമ്പിളിൽ ഏറ്റു വാങ്ങിയ ശേഷം വന്നിരുന്നു എഴുതിയതു തന്നെയാണീ കഥ...

the man to walk with said...

ഒരു മഴ ഇവിടെ ഈ അടഞ്ഞ മുറിയില്‍ നിറഞ്ഞു പെയ്തു ..
ഇരുണ്ട മഴ പച്ചയില്‍ മിന്നാമിന്നുകള്‍..
മനോഹരമായി
ആശംസകള്‍

Minu Prem said...

ആശംസകൾക്ക് നന്ദി ചങ്ങാതി....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...