നിര്‍മ്മലയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി . തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങീട്ട് നേരം എത്രയായെന്നോ...?
ഉറക്കം കിട്ടുന്നേയില്ല..സ്ഥലം മാറി കിടന്നതു കൊണ്ടാണെന്ന് പറയാന്‍ കഴിയുമോ..ഇതിനു മുമ്പ് എത്രയോ തവണ ഈ വീട്ടില്‍ അന്തിയുറങ്ങീയിരിക്കുന്നു.
പക്ഷേ, അന്നൊക്കെ , ഈ വീടിന്റെ ഇടനാഴികളില്‍ , അകത്തളങ്ങളില്‍ നിശ്ശബ്ദതയും ഇരുട്ടും ഇങ്ങനെ കട്ടിപിടിച്ചിട്ടുണ്ടായിരുന്നില്ല..അന്നൊന്നും ഒരിക്കലും ശ്വാസത്തിനിത്ര കനം തോന്നിയിരുന്നുമില്ല..
ഒരാശ്വാസത്തിനായി ജനാല മെല്ലെ തുറന്നു..
മുറ്റം നിറയെ ഭാമേടത്തിയുടെ കൂട്ടുകാരായ പരിജാതവും കുടമുല്ലയും നമ്പ്യാര്‍വട്ടവും കനകാംബരവും എന്തിനോടോ പിണങ്ങി നില്‍ക്കും പോലെ...
കണ്ണുകളെ മെല്ലെ ആകാശത്തിലേക്ക് പായിച്ചു .
ഒഴുകി നടക്കുന്ന മേഘചിന്തുകളില്‍ ആട്ടിന്‍ കൂട്ടങ്ങളെയും ആനക്കൂറ്റന്മാരെയും കുതിരയെയും കാണാന്‍ പഠിപ്പിച്ചത് പണ്ട് ഭാമേടത്തിയായിരുന്നു...
ഇന്ന് അവയെ ഒന്നും കാണാന്‍ കഴിയുന്നേയില്ല...ആകാശത്തും മേഘക്കീറുകള്‍ ചെന്നായയുടെ രൂപം കൊത്തി മിനുക്കും പോലെയാ തോന്നുന്നത്..
വല്ലാത്തൊരു സങ്കടം തോന്നി നിര്‍മ്മലയ്ക്ക്..
കരച്ചിലിന്റെ വക്കിലൂടെ മനസ്സ് നടന്നു പോകുമ്പോള്‍ കാണുന്നത് ഭാമേടത്തിയുടെ മുഖമാണ്..
പുറം കവിഞ്ഞു കിടക്കുന്ന ഈറന്‍ തലമുടി വിടര്‍ത്തിയിട്ട് തുമ്പു മാത്രം കെട്ടി അതിലൊരു കൃഷ്ണതുളസി ചൂടി, നെറ്റിയില്‍ ഭസ്മം കൊണ്ടൊരു കുറി വരച്ച് , ചിരിയ്ക്കുമ്പോള്‍ നുണക്കുഴികള്‍ തെളിയുന്ന കവിളുകളുള്ള ഭാമേടത്തി.
വല്ലപ്പോഴുമെത്തുമ്പോള്‍ ഭാമേടത്തി പറയുന്ന കഥകളിലൂടെയും കവിതകളിലൂടെയും പിച്ച വച്ചാണ് താനിന്ന് സാഹിത്യ ലോകത്ത് പാറിക്കളിക്കുന്നത് എന്നു കൂടി ഓര്‍ത്തപ്പോള്‍ നിര്‍മ്മലയ്ക്ക് സങ്കടം സഹിക്കാനായില്ല..ആ ഓര്‍മ്മകളില്‍ കണ്ണുകള്‍ കൂടുതല്‍ കൂടുതല്‍ ഈറനണിയുകയാണ്.
ഒരിക്കല്‍ വല്ലാതെ മോഹിച്ച ഒരു ജോലി നഷ്ടപ്പെട്ടു പോയതിനെ കുറിച്ച് പറഞ്ഞ് സങ്കടപ്പെട്ടപ്പോള്‍ ഭാമേടത്തി നല്‍കിയ ഉപദേശത്തെ കുറിച്ച് നിര്‍മ്മല ഓര്‍ത്തു....
“ഒക്കെ ഓരോ ജീവിതമാണ് കുട്ടിയേ, ഇതിനൊന്നും ഒരിക്കലും കരയേണ്ട കാര്യമേയില്ല..എന്തിനെയും മുന്‍ കൂട്ടി കാണാന്‍ പഠിക്കണം .എന്നിട്ട്, മനസ്സിനെ ധൈര്യപ്പെടുത്തണം..നമ്മുടെ കണ്ണുനീര്‍ അത് വെറുതെ കളയാനുള്ളതല്ല..നമ്മുടെ ജീവിതത്തില്‍ എന്നും നമുക്ക് കൂട്ടായി സന്തോഷത്തിലും സങ്കടത്തിലും ഒപ്പം ഉണ്ടാവുക കണ്ണുനീരു മാത്രമാ..സ്വന്തംനിഴല്‍ പോലും കണ്ണീരിനൊപ്പമാകില്ല..കാരണം നിഴലിനു കൈതാങ്ങായി വെളിച്ചമുണ്ടാകണ്ടേ..അതുകൊണ്ട് കണ്ണീരിനു മുന്തിയ സ്ഥാനം തന്നെ നീ നല്‍കണം..അതങ്ങനെ പാഴാക്കരുത്.. സ്വപ്നങ്ങള്‍ ധാരാളം കാണണം. സ്വപ്നങ്ങളെ ഉളം കൈയിലിട്ട് നീ അമ്മാനമാടണം. ഒരിക്കല്‍ കണ്ട സ്വപ്നങ്ങള്‍ തന്നെ വീണ്ടും കണ്ടെന്ന് വരില്ല..അതിനാല്‍ ഓരോ സ്വപ്നങ്ങളേയും മനസ്സു കൊണ്ട് താലോലിക്കണം...
ചില സ്വപ്നങ്ങള്‍ കൈയില്‍ നിന്ന് വഴുതി വീണ് നഷ്ടപ്പെട്ടേക്കാം . എങ്കിലും ,അവയ്ക്കായി കണ്ണീര്‍ പൊഴിക്കരുത്...”
ഭാമേടത്തി അന്ന് ഇതൊക്കെ പറയുമ്പോള്‍ എന്ത് മൂര്‍ച്ചയായിരുന്നു ആ സ്വരത്തിന്...എന്തു തെളിച്ചമായിരുന്നു ആ കണ്ണുകള്‍ക്ക് ...
എന്നും ഭാമേടത്തിയുടെ ആശ്വാസവചനങ്ങള്‍ക്ക് ഒരു ചാറ്റല്‍ മഴ നനയുന്നതിന്റെ സുഖമുണ്ടായിരുന്നു.ഇന്ന് ഭാമേടത്തിയുടെ മനസ്സിനു ആശ്വാസത്തിന്റെ ഒരു കുളിര്‍മ കോരിയിടാന്‍ ഒരു പേമാരി പെയ്യിച്ചാലും മതിയാകില്ലല്ലോ...
“ഭാമേടത്തിക്ക് ന്റെ നിമ്മിക്കുട്ടീയെ ഒന്നു കാണണം നീ വരില്ലേ താമസിയാതെ.” എന്ന് രണ്ടു വരിയില്‍ ഒതുക്കിയ കത്ത് കിട്ടിയപ്പോള്‍ മനസ്സിനൊരു ആധിയായിരുന്നു എന്താവാം കാര്യമെന്ന് പലവുരു ചിന്തിച്ചു ...
ലീവ് കിട്ടണമെങ്കില്‍ പ്രയാസം തന്നെ. അന്നു മുതല്‍ പിന്നെ ആഴ്ചാവസാനം ആവാനുള്ള കാത്തിരിപ്പായിരുന്നു...
ചാരിയിരുന്ന വാതില്‍ മെല്ലെ തുറന്ന് നിര്‍മ്മല ശബ്ദം വയ്ക്കാതെ വീടിനുളളിലേക്ക് കയറിയത് ഭാമേടത്തിയെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി തന്നെയായിരുന്നു...
തെക്കേ മുറിയുടെ അടുത്ത് ഒച്ചയുണ്ടാക്കാതെ നടന്നത് കണ്ടിട്ട് ഭാമേടത്തിയുടെ ഓമനപ്പൂച്ച വരെ അസൂയയോടെ നോക്കും പോലെ നിര്‍മ്മലയ്ക്ക് തോന്നി . തെക്കേമുറിയിലേക്ക് പതിയെ നോക്കിയപ്പോള്‍ കണ്ട രൂപം....
ഹോ ! അത് മനസ്സില്‍ നിന്ന് പറിച്ചു കളയാന്‍ പറ്റണില്ല .. ‘ന്താ ഇങ്ങനെ’ ‘ എന്താ പറ്റിയത് ന്റെ ഭാമേടത്തിയേ ’എന്ന് അലറി വിളിക്കയായിരുന്നു നിര്‍മ്മല...
“ഒന്നുമില്ലെന്റെ കുട്ടിയ്യ്യേ. ശാസ്ത്രത്തിന്റെ ചില കൈവേലകളാണ്..രണ്ടു മൂന്ന് കീമോ കഴിഞ്ഞപ്പോള്‍ ഇങ്ങനെയായതാണ്.
അല്ലേലും ഇനി എന്തിനാണെന്റെ കുട്ടിയേ പഴുത്തു തുടങ്ങുന്ന ഈ തലയ്ക്ക് അലങ്കാരമായി തലമുടിയൊക്കെ.. ഒക്കെ കൊഴിഞ്ഞു പോകയാണ് ന്റെ കുട്ടിയേ ,ദിനങ്ങളും സമയവും എല്ലാം . നീ വന്നൂല്ലോ...എനിക്ക് കാണാന്‍ കഴിയൂന്ന് നിരീച്ചതല്ല. യാത്രാക്ഷീണമുണ്ടാകും ന്റെ കുട്ടിക്ക്, പോയി കുളിച്ച് ആഹാരം കഴിച്ചു വരൂ..എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണം .”
നിറഞ്ഞു കവിയുന്ന കണ്ണുകളെ ഒളിപ്പിക്കാനായി...പെട്ടെന്ന് മനസ്സിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടാനായി ..നിര്‍മ്മലയെ അവിടുന്ന് ഒഴിവാക്കാന്‍ പറയുന്നതു പോലെ തോന്നി ആ വാക്കുകള്‍
എങ്കിലും , കരയുന്ന മുഖം പിടിച്ചുയര്‍ത്തിയ ഭാമേടത്തിയില്‍ നിര്‍മ്മല കണ്ടു , ആദ്യമായി ഭാമേടത്തിയുടെ കണ്ണുകള്‍ നനയുന്നത്.
വടക്കിനിയില്‍ ചെന്നപ്പോള്‍ ദേവകിയമ്മയാണ് ഭാമേട്ടത്തിയുടെ അവസ്ഥയെ കുറിച്ച് വിസ്തരിച്ച് പറഞ്ഞത്..‘ഒക്കെ അറിഞ്ഞിട്ടും കൊണ്ടു നടക്കായായിരുന്നൂന്ന് ആരോടും പറയാതെ..ഒക്കെ വൈകി പോയീന്നാ ഡോക്ടര്‍ പറയുന്നേ ’എന്ന് കൂടി കേട്ടപ്പോള്‍ ദൈവങ്ങള്‍ കാട്ടുന്ന ക്രൂരതയോര്‍ത്ത് അവിടിരുന്ന് കരയുകയായിരുന്നു നിര്‍മ്മല..
കുറെ കഴിഞ്ഞ് മനസ്സൊന്ന് പാകപ്പെടുത്തി കുളിച്ച് വന്നപ്പോഴേക്കും ഭാമേടത്തി മയക്കത്തിലായി...
വിളിച്ചുണര്‍ത്താന്‍ തോന്നിയില്ല...
ഇപ്പോഴും ഭാമേട്ടത്തി സ്വപ്നങ്ങള്‍ കാണുന്നുണ്ടാകുമോ....??
ഇനിയും ദേശാടനപക്ഷികളെ പോലെ സ്വപ്നങ്ങള്‍ പറന്ന് വന്ന് ആ മനസ്സിലിപ്പോഴും കൂടു കൂട്ടി തിരിച്ചു പോയിരിക്കുമോ തിരിച്ചു വരാത്ത അതിഥികളെ പോലെ..പാവം ഭാമേടത്തി ഇന്ന് മരണത്തിലേക്ക് ഒഴുകി പോകുന്ന ഒരു രൂപമായി മാറിയ പോലെ.. ...