Saturday, January 16, 2016

ഓര്‍മ്മകള്‍ തൊട്ടുരുമ്മുമ്പോള്‍

എട്ടുകാലികളെ പോലെയാണ്
ചില ഓര്‍മ്മകള്‍ ..
മറക്കാന്‍ ശ്രമിക്കുന്തോറും
മനസ്സാകെ വലകൾ
തീർത്തു കൊണ്ടിരിക്കും

ഒരായിരം ചോദ്യങ്ങളുമായി
കുണുങ്ങി കുറുമ്പുകാട്ടുന്ന
ഒന്നാം ക്ലാസ്സുകാരിയെ പോലെ
ഏതു തിരക്കിലുമത്
മനസ്സിനെ തൊട്ടുരുമി നില്‍ക്കും

ഉത്തരത്തിൽ പകച്ചിരുന്ന്
ചിലയ്ക്കുന്ന പല്ലിയെ പോലെ,
ഓർക്കാപ്പുറത്ത് പോലുമത്
ഒളിഞ്ഞിരുന്ന് മറയാത്ത
ശബ്ദരൂപങ്ങളെയുണർത്തും

ആലയിൽ പുകഞ്ഞെരിയുന്ന
കെടാത്ത കനലു പോലെ
ഓരോ ശ്വാസനിശ്വാസത്തിലും
ഉണര്‍ന്നുണര്‍ന്ന് മിഴികളിലത്‌
തുളുമ്പി നില്‍ക്കും .

അങ്ങനെയങ്ങനെ
ഒത്തിരിയൊത്തിരി
മറക്കാൻ ശ്രമിക്കുമ്പോഴാണ്
ഓർമ്മകളോരോന്നും
പെയ്തൊഴിയാത്ത മഴയായ്
മനസ്സില്‍ നിറയുന്നത്....

3 comments:

Shahid Ibrahim said...

എട്ടുകാലികളെ പോലെയാണ്
ചില ഓര്‍മ്മകള്‍ .

ഉപമ ഇഷ്ടപ്പെട്ടു.

ajith said...

ഓർമ്മകൾ വേണം. ഇല്ലെങ്കിൽ!!

Bipin said...

കവിത കൊള്ളാം. മഴയായ് നിറയുമ്പോൾ കുളിര് വരുകയും ചെയ്യും.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...