Monday, August 1, 2011

മണല്‍പ്പരപ്പിലേക്ക് ഒരു സ്വപ്നയാത്ര.....


വിളഭൂമിയിലൊരു സ്വര്‍ഗം 
പണിതുയര്‍ത്തുവാന്‍
പളുങ്കുപോലുള്ളൊരു കിനാക്കളെ
മാറോട് ചേര്‍ത്ത് പുണര്‍ന്ന്
ജന്മമേകി നിറ വാത്സല്യം
പകര്‍ന്നൊരു മാതാപിതാക്കളെ
മനസ്സില്‍ കുടിയിരുത്തി
ഉള്ളില്‍ തികട്ടുമൊരു കനലിന്‍
കനം പുഞ്ചിരിയായി ചുണ്ടില്‍ നിറച്ച്
ഒരു യാത്ര....

തണല്‍ മരങ്ങള്‍ 
കാത്തു നില്‍ക്കാത്ത
സ്വേദകണങ്ങള്‍ 
സ്വാഗതമോതുന്ന
ഊഷരഭൂവിലേക്കൊരു യാത്ര...
വെറും മണല്‍പ്പരപ്പിലൂടെ ഒരു യാത്ര...


Saturday, July 30, 2011

ഘടികാരത്തോടിത്തിരി സ്വകാര്യം....





 ഘടികാരത്തോട് എനിക്ക് ദേഷ്യം തോന്നും പോലെ...

തങ്ങളില്‍ പിരിയാത്ത 
സൂചിമുനകളാല്‍
കാലത്തിന്‍ ശിരസ്സില്‍ 
നര പടര്‍ത്തി
ഒരാള്‍ക്കെന്നും മറ്റൊരാള്‍
നിഴലായ് , ചെറു സാന്ത്വനമായ് 
നിശ്ശബ്ദമായി നടന്നു പോകണമീ 
 ജീവിതയാത്രയില്‍...
കലഹിച്ചും പിണങ്ങിയും
ഇത്തിരി ചിണുങ്ങിയും
ഒരു മാത്ര നിന്നിടാതെ
പിന്തിരിഞ്ഞൊന്നു നോക്കിടാതെ
നടന്നു പോകണം നീയും...
 ഓതുന്നിവയെങ്കിലും
മറന്നു പോകാതെന്തെന്നെ
നുള്ളി നോവിച്ചിടാന്‍......

Wednesday, July 27, 2011

ഇവര്‍ പാവം മിന്നാമിന്നികള്‍.....

സന്ധ്യാനേരത്ത് തങ്ങളില്‍ തങ്ങളില്‍ സല്ലപിച്ച് പറന്നു നടക്കുന്ന മിന്നാ‍മിന്നികളെ തേടിയാണ് മിഴികള്‍ ജന്നാലയിലൂടെ ഇറങ്ങി പോയത്..
ഇന്നലെ വരെ മൂളിപ്പാട്ടുമായി ചുറ്റി നടന്ന ചാറ്റല്‍മഴ ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു..
കരിമേഘങ്ങള്‍ ഇപ്പോഴും മടങ്ങിയിട്ടുണ്ടാവില്ല..അതാവും കനത്ത ഇരുട്ട് മുറ്റത്തെ മൂവാണ്ടന്‍ മാവിനെ കരിമ്പടം പുതച്ചിരിക്കുന്നത്..
ഇരുട്ട് .വല്ലാതെ ഭയപ്പെടുത്തും പോലെ...
കാണാമറയത്ത് ഇരുന്ന് തവളകള്‍ വല്ലാതെ സംഗീതം ആലപിക്കുന്നുണ്ട്..
ഇരുട്ടിനെ വകഞ്ഞു മാറ്റി അതാ മിന്നാമിന്നികള്‍ ഇത്തിരി വെട്ടം മിന്നിച്ച് പാറി പറക്കയാണ്..
അവ സ്വപ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പങ്കു വയ്ക്കയായിരിക്കുമോ...
അവയെ തന്നെ നോക്കി നില്‍ക്കാന്‍ എന്തു രസമാ...
അവ ഇങ്ങനെ പാറി നടക്കുന്നതു കാണുമ്പോഴാണ് ഒരിക്കലും ഞാന്‍ ഒറ്റയ്ക്കല്ലാ എന്ന് നന്ദിനിക്കുട്ടിക്ക് തോന്നി പോകുന്നത്...മുന്നില്‍ മിന്നാമിനികള്‍ പാറി പറന്നു നടക്കുമ്പോള്‍ നന്ദിനിക്കുട്ടിയെങ്ങനെയാ ഒറ്റയ്ക്കാവുക..
അതാ..ചാറ്റല്‍മഴ സംഗീതവുമായി വന്നെത്തിരിക്കുന്നു..
കനത്ത ഇരുട്ട് വീണ്ടും ഭയപ്പെടുത്തും പോലെ ...
ഈ ചാറ്റല്‍ മഴ  മിന്നാമിന്നികളെയും ഭയപ്പെടുത്തുമോ ആവോ.....
പാവം മിന്നാമിന്നികള്‍...അവ എവിടെയാവാം ഒളിച്ചിരിക്കയാ ഇപ്പോള്‍....

Tuesday, June 21, 2011

ഇന്നലെകള്‍ക്കൊടുവില്‍....


 ഓര്‍മ്മകളെ
ഇന്നിന്റെ ശവപ്പറമ്പില്‍
അടക്കം ചെയ്ത്..

പുതു പുലരിയെ
കാത്തിരിക്കുമ്പോള്‍ ..

ഇന്ന് രൊക്കം നാളെ കടം 
എന്ന ചോക്കെഴുത്തു പോലെ
പുലരികള്‍ പിന്നെയുമകലെ....


നീളുന്ന നാളെകള്‍ക്കൊടുവില്‍..
കാലത്തിന്‍ താളുകളില്‍
ഒരു ചരമക്കുറിപ്പിനായ്
അക്ഷരങ്ങള്‍ ഒരുങ്ങിയിരിക്കുന്നു ..

Sunday, June 19, 2011

പ്രണയ മരീചികയില്‍....

ജീവിത അദ്ധ്യായത്തില്‍
പ്രണയ മരീചിക
 കണ്ടറിഞ്ഞ്
ഒപ്പു വച്ച്....

നിശ്ശബ്ദ നിലവിളി
കാതോര്‍ത്ത്
ഓര്‍മ്മകളുടെ നുകം പേറി
വിരഹാഗ്നിയില്‍
പുകയുന്ന മനവും
ഇടറുന്ന ശബ്ദവും
നീറുന്ന മിഴികളും
വിറയാര്‍ന്ന വിരലുകളും 
വിങ്ങുന്ന പാദങ്ങളും

പെറുക്കി എടുത്ത്
അവര്‍...

പിന്‍ വിളികളും
തണല്‍ മരങ്ങളും
തണ്ണീര്‍ പന്തലും
കാത്തു നില്‍ക്കാത്ത
ഒറ്റയടി പാതയില്‍
അതിഥികളായി..




Friday, June 10, 2011

നിന്നിലെ പ്രണയം...


ഓരോ 
 ശ്വാസ നിശ്വാസത്തിലും 
എന്നെ തിരയുന്ന
 നിനവുകളാണ്...




Wednesday, May 25, 2011

ഗുല്‍മോഹറിന്‍ തണലില്‍.....

 
ഗുല്‍മോഹര്‍ തണല്‍ വിരിച്ച
തളിരിലകള്‍ മരിച്ചു കിടന്ന
സല്ലാപങ്ങള്‍ തൊട്ടുരുമ്മി നടന്നകന്ന
കരി മഷിയും മൈലാഞ്ചിയും 
കഥ പറഞ്ഞ് പിരിഞ്ഞകന്ന
മിഴിനീര്‍ പെയ്തൊഴിയാത്ത
പന്ഥാവില്‍
ഓര്‍മ്മകളുടെ വേലിയേറ്റം..


വക്കു പൊടിഞ്ഞ സ്ലേറ്റു കഷണവും
ഒളിമങ്ങാത്ത മയില്‍പീലിയും
വീണുടഞ്ഞിട്ടുംപൊട്ടിച്ചിരിക്കുന്ന കരിവളയും
വാക്കുകള്‍ കുരുങ്ങുന്ന അധരവും 
മൌനം കടം കൊണ്ട മനസ്സും
വേര്‍പിരിഞ്ഞ കരങ്ങളും
തമ്മില്‍ത്തമ്മില്‍ കോര്‍ക്കാതെ 
നടക്കാം ..ഇനിയും....
കാലത്തിന്‍ തിരശ്ശീല 
താഴുവോളം....


                                   

Monday, May 9, 2011

നിദ്രയോട്.......


നാളെയുടെ
ജീവനേരങ്ങളിലേക്ക്
ഇന്നലെയുടെ
ഓര്‍മ്മക്കൂട്ട്
മിഴി ചെപ്പില്‍
കരുതി വച്ച്
നിന്റെ
പദനിസ്വനം
കാതോര്‍ത്തിരിക്കുന്നു
ഞാന്‍ !!!



Monday, April 25, 2011

നാലു കവിതകൾ....



 കാലം....

നീ 
ചുവടുറപ്പിക്കാതെ
കടന്നു പോകുമ്പോള്‍
തളിരിടുകയും
പൊഴിയുകയും 
ചെയ്യുന്ന  ഇലകളില്‍
അറിയുന്നു
നിന്നെ ഞാന്‍..





ചാറ്റല്‍ മഴ...

നിനവിന്‍ കാര്‍മുകില്‍
മഴവില്ല് 
വരയുമ്പോള്‍
പെയ്തിറങ്ങുന്ന
മിഴിനീര്‍..








 കടം...


കിനാക്കളും പ്രണയവും
സല്ലാപവും  സ്മിതവും 
കടമെടുത്ത് 
കടമെടുത്ത്
ഞാന്‍  നിന്നോട്
കടപ്പെട്ടിരിക്കുന്നു....







Wednesday, April 6, 2011

ഇന്നലെ പെയ്ത മഴയിൽ....


മഴയുടെ കേളിക്കൊട്ട് സന്ധ്യയ്ക്ക് തന്നെ തുടങ്ങിയിരുന്നു.എവിടെയോ  മഴ പെയ്തു തുടങ്ങിയിട്ടുണ്ട്.മീന സൂര്യന്റെ ചൂടില്‍ ആലസ്യത്തിലാണ്ട  മനസ്സിനു തെല്ലൊരു ആശ്വാസം തന്നെയാണീ  മേഘനാദം..

ഒന്നു തിമിര്‍ത്തു പെയ്തെങ്കില്‍!!!

മഴ എത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ജാലകത്തിലൂടെ മിഴികള്‍ പായിച്ചു..
ഇല്ല്യാ ഇനിയും ഇങ്ങ് എത്തിയിട്ടില്ലല്ലോ.ചെറുങ്ങനെയെങ്കിലും ഇത്തിരി മഴ പെയ്തിരുന്നെങ്കില്‍!!!

മഴകാണാന്‍ പണ്ടെങ്ങും തോന്നിയിട്ടില്ലാത്ത പോലെ വല്ലാത്ത ഒരു ആവേശം തോന്നുന്നു  മനസ്സിനു...അല്ലെങ്കിലും കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഞാനിപ്പോള്‍ കൂടുതല്‍ ആസ്വാദ്യതയോടെ വരവേല്‍ക്കുയാണല്ലോ..

മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെ മിന്നാമിനുങ്ങുകള്‍ പാറി നടക്കുകയാണ്..ഈ മഴയുടെ വരവ് അവയെ പേടിപ്പെടുത്തുന്നുണ്ടാകുമോ.എന്താകാം തങ്ങളില്‍ തങ്ങളില്‍ അവര്‍  പറയുന്നത്...ഒരു തുള്ളി വെളിച്ചം മിന്നിച്ച്  തമ്മില്‍ത്തമ്മില്‍ സ്നേഹമാകുമോ പങ്കു അവര്‍  വയ്ക്കുന്നത്..അവര്‍ക്കും ഉണ്ടാകുമോ പിണക്കങ്ങളും ഇണക്കങ്ങളും...

കുട്ടിക്കാലത്ത് മിനാമിങ്ങുകളെ കണ്ടാലുടന്‍ അവയെ പിടിക്കാന്‍ ഇരുട്ടിനെ വക വയ്ക്കാതെ വേലിക്കലേക്ക് പാഞ്ഞിരുന്ന എന്നെ പിടിച്ചു നിര്‍ത്തിയത്   മുത്തശ്ശി പറഞ്ഞ കഥയാണ്..

ജീവിച്ച്  കൊതി തീരാതെ മരിച്ചവരുടെ ആത്മാക്കളാണ് മിന്നാമിന്നികാളായി പുനര്‍ജ്ജനിക്കുക. രാത്രി കാലങ്ങളില്‍ അവ ഇഷ്ടമുള്ളവരുടെ വീട്ടുമുറ്റത്തത്   പാറി പറന്നെത്തും ..ഇങ്ങനെ ആ മുത്തശ്ശി പറഞ്ഞതു  കേട്ടതില്‍ പിന്നെ  എന്തു പേടിയായിരുന്നു  സന്ധ്യ ആയാല്‍ പുറത്തേക്ക്  ഒന്നു നോക്കാന്‍ പോലും ..രാത്രിയെ തന്നെ അന്ന് ഭയപ്പെട്ടിരുന്നു എന്നു വേണമെങ്കില്‍ പറയാം...

“അതൊക്കെ മുത്തശ്ശി വെറുതെ കഥ പറഞ്ഞതല്ലെ  കുട്ട്യെ..ന്റെ കുട്ടി അതൊന്നും കേട്ട് പേടിക്കാണ്ടാട്ടൊ....ആ മിന്നാമിനുങ്ങുകള്‍ പാവങ്ങളാ.. “ എന്ന് പറഞ്ഞ് അമ്മ എത്ര തവണ സമാധാനിപ്പിച്ചിരുന്നു....എന്നാലും ആത്മാക്കളുടെ കഥ ഒരിക്കലും മനസ്സില്‍ നിന്ന് മാറിയിട്ടുണ്ടായിരുന്നില്ല...

ഓര്‍മ്മകളെ ഈറനണിയിക്കും പോലെ  ചാറ്റല്‍ മഴ മുഖത്ത് വീണപ്പോഴാണ് മഴയുടെ വരവ് അറിഞ്ഞത്....എന്തോ, മനസ്സിലെവിടെയോ ആ ചാറ്റലിനോട്  ഇത്തിരി ദേഷ്യം തോന്നി...“എന്തേ , ഈ മഴ കുറച്ച് നേരത്തെ വന്നില്ല....ഈ മഴയില്‍ ഭൂമിയെ പോലെ ന്റെ മനസ്സിനെയും കുളുര്‍പ്പിക്കാമായിരുന്നില്ലേ...

മഴയത്ത് വീശിയടിക്കുന്ന കാറ്റില്‍  മൂവാണ്ടന്‍ മാവിന്റെ ശിഖരങ്ങള്‍ നൃത്തമാടുന്നതു കാണാന്‍  എന്തൊരു ഭംഗിയാ.....ഇലകള്‍ മര്‍മ്മരത്തിലുടെ മഴയുടെ സംഗീതത്തിനൊത്ത് ഗാനം ആലപിക്കുന്നുണ്ടാകുമോ.... അതു കേട്ട് ആ തളിരലകള്‍ കുണുങ്ങി ചിരിക്കുകയാവാം ല്ലേ....അതൊ, മഴ ഏറ്റു വാങ്ങാതെ അപരിചിതയെ പോലെ  മാറി നില്‍ക്കുന്ന എന്നെ  കളിയാക്കുകയാണോ...

ഇരുട്ടില്‍ ഒളിച്ചു കളി നടത്തിരുന്ന  ആ മിന്നാമിനുങ്ങുകള്‍ എവിടെ...? കഷ്ടം! തന്നെ ആ പാവങ്ങള്‍  ഇപ്പോള്‍ എവിടെ പോയി ഒളിച്ചിട്ടുണ്ടാവും..സന്ധ്യാനേരങ്ങളില്‍ ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ എനിക്കെന്നും കൂട്ടിനുണ്ടാവുന്നത് അവരാണ് ..മിന്നിമിന്നി പറന്നു നടക്കുന്ന  അവയെ നോക്കിയിരിക്കുമ്പോള്‍ മനസ്സ് മറ്റൊരു ലോകത്താവും....അവയോടൊത്ത് പലപ്പോഴും ഞാനും മിന്നിമിന്നി പറന്നു നടക്കാറുണ്ട്...

മഴ കൂടി കൂടി വരികയാണ്..... ഈ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് ഓടിയിറങ്ങി ചെന്ന്  മഴയെ ഏറ്റു വാങ്ങാനാ ഇപ്പോള്‍ ന്റെ മനസ്സ് കൊതിക്കുന്നത്....

ഭൂമിപെണ്ണിനോട്  വെറുതെ ഒരു  അസൂയ  തോന്നും പോലെ.....മെല്ലെ കതകു തുറന്ന് ബാല്‍ക്കണിയില്‍ ചെന്നു നിന്ന് കൈകള്‍ നീട്ടി ഞാന്‍ ആ മഴയെ തൊട്ടു നോക്കി.

“വയ്യാത്ത കുട്ടിയല്ല്യോ നീയ്...ന്തിനാ പ്പോ ഈ മഴയത്ത് വന്നു നില്‍ക്കണത് ..
ചാറല്‍ വീഴും അകത്തു വാ കുട്ടിയ്യേ...മഴ കണ്ട് അധിക നേരം നില്‍ക്കണ്ടാ” ഉണ്ണിയമ്മയുടെ ശബ്ദം..
”ഇത്തിരി മഴ ഞാന്‍ എന്റെ കൈക്കുമ്പിളില്‍ വാങ്ങട്ടെന്റെ ഉണ്ണിയമ്മ്യേ..നി എനിക്കിതിനു കഴിഞ്ഞില്ലങ്കില്ലോ...ഉണ്ണിയമ്മ കണ്ടില്ലേ ...എനിക്ക് വേണ്ടിയാ ഇന്ന് ഈ മഴ പെയ്യണത് ..ഉണ്ണിയമ്മ കിടന്നോള്ളൂ ..ഞാന്‍ വന്നേക്കാം”

“ശിവ! ശിവ! ന്റെ കുട്ടി പറേണത് നീ കേള്‍ക്കണില്ലേ...ന്റെ കുട്ടിക്കൊന്നും വരുത്തല്ലേ ഭഗവാനേ“....എന്ന് പറഞ്ഞ് ഉണ്ണിയമ്മ തിരിഞ്ഞ് നടന്ന് പോയപ്പോള്‍ മനസ്സിലെവിടെയോ വല്ലാത്ത ഒരു വിങ്ങല്‍ തോന്നി.

എന്റെ വാക്കുകള്‍ ഉണ്ണിയമ്മയെ വേദനിപ്പിച്ചുവോ...ഒന്നും മനഃപൂര്‍വ്വം പറയുന്നതല്ല..വാക്കുകള്‍ കൊണ്ടു പോലും ആരേയും വേദനിപ്പിക്കരുതെന്നാ എപ്പോഴും വിചാരിക്കുക...പക്ഷേ, എന്നിട്ടും...???

അപ്പോഴും ഇനിയും എനിക്കായി പെയ്തു തോരാത്ത ആ മഴയെ വീണ്ടും ഞാന്‍ കൈകള്‍ നീട്ടി ഒരു പെരുമഴയായി എന്റെ മനസ്സിലേക്ക് ഏറ്റു വാങ്ങുകയായിരുന്നു.....


Saturday, April 2, 2011

നിലാപ്പൂക്കൾ കൊഴിയുമ്പോൾ....


നിലാവേ , നിന്‍
കലൊച്ച കാതോര്‍ക്കവേ
അറിയുന്നു ഞാന്‍...

  കൊഴിഞ്ഞു പോകും രാവുകള്‍
നീയെനിക്കായി തീര്‍പ്പതും
വിഷാദത്തിന്‍ തിരശ്ശീല
താഴ്ത്തുവതും....

ഒരു വിളിപ്പാടകലെയായി
  കാണ്മൂ ഞാന്‍....

കൌമാരത്തിന്‍ വര്‍ണ്ണാഭയില്‍
കവിളിന്‍ തുടുപ്പും
സ്മിതമൂറും അധര കാന്തിയും

യൌവ്വന നിറവില്‍
കാണ്മൂ ഞാന്‍
 മുത്തശ്ശി തന്‍ ചൊല്ലില്‍
നിഷ്ഠകള്‍ ,ആചാരത്തിന്‍
സമവാക്യങ്ങള്‍....
           
സപ്ത താള ലയമാര്‍ന്നന്നു
ചിലങ്ക കെട്ടിയാടി പാടിയ
 കാലമോ ഒരുമ്മ വച്ച് പായുമ്പോള്‍...

കാണുന്നു ഞാന്‍
ഓരോ നിലാവകലുമ്പോഴും
ഒരു കുഞ്ഞു രാപ്പാടി തന്‍
ഗാനം നിലപ്പതുമീ ജന്മം
നിശബ്ദതയിലാഴുന്നതും.

നിലാവേ...
എന്തിനായി നീ
എനിക്കായ് പ്രണയമേകിയതും
എന്നില്‍ പ്രണയം നിറച്ചതും

മിഴിനീരാലൊരു
മഴവില്ലു തീര്‍പ്പതിനോ..?

ഓര്‍മ്മകളാം 
അലകളേകാനോ..?

ഒരു തുളസിദളമായി 
തളിര്‍ക്കുവതിനോ...?

കൊഴിഞ്ഞു വീഴുന്നൊരു
പൂവായി തീരുവതിനോ..?

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...