Monday, November 25, 2013

കടലാഴങ്ങൾതേടി....

കറുപ്പിന്റെ 
ഒറ്റ കഷണത്തിൽ
ഒളിഞ്ഞ കണ്ണുകൾ
കാത്തു നിന്നു..

കാണാക്കാഴ്ചയിൽ
നേർക്കുനേർ
വിറയാര്ന്ന
സ്വരഭേദത്തിൽ
സത്യമന്ത്രം..

സാക്ഷികൾ
ഇര തേടുന്ന
കഴുക കണ്ണുകളായി..

കറുത്തിരുണ്ട മാനം
വിതുമ്പി നിന്നു..

വാക്ക് ശരങ്ങളിൽ
പശ്ചാത്താപം
തീപ്പൊരിയായി...

കണ്ണുകളിൽമറച്ചു വച്ച
കടലാഴങ്ങൾതേടി
ഇരുമ്പഴികളിൽവീണ്ടും
സത്യം വിറങ്ങലിച്ചു
കിടന്നു....

ഒരു ഒപ്പ് ....

നാദസ്വരങ്ങള്‍
അരങ്ങു വാഴുമ്പോള്‍
ഉണര്ന്ന മനസ്സുകളെ
സാക്ഷിയാക്കി
നിറഞ്ഞ കിനാക്കാഴ്ചയില്‍
വിറയാര്ന്ന കൈവിരലിലൊതുക്കി
ഒരു ഒപ്പ് ....

അപസ്വരങ്ങള്‍
അരങ്ങു തകര്ക്കുമ്പോള്‍
വേര്പ്പെട്ട മനസ്സുകളെ
സാക്ഷിയാക്കി
മങ്ങിയ കിനാക്കാഴ്ചയില്‍
ഉറച്ച കൈവിരലിലൊതുക്കി
ഒരു ഒപ്പ്....

ചിറകുകള്‍ മാത്രം....

കരിനീല കണ്‍കളില്‍ വിടര്‍ന്ന സ്നേഹമോ
വാക്കുകളുടെ മാസ്മരികതയില്‍ 

നീ പകര്‍ന്ന കിനാക്കളോ
പാതിയില്‍ അടര്‍ന്നു പോയ 

പ്രണയത്തിന്റെ കണ്ണീരോ
ഗുല്‍മോഹര്‍പ്പൂക്കള്‍

ഒരുക്കിയ സായന്തനമോ
നിനക്കായിവിടെ ഞാന്‍ കാത്തുവെച്ചിട്ടില്ല

വെളിച്ചത്തെ കണ്ട്
ജീവിതസ്വപ്നങ്ങള്‍ തേടി പറന്നുയര്‍ന്ന്‍
ചിറകറ്റ ഈയാമ്പാറ്റകളുടെ
പട്ടു ചിറകുകള്‍ മാത്രം ഞാന്‍ കാത്തു വയ്ക്കുന്നു....
നീ വരുമ്പോള്‍ നിനക്കായ് ഒരു പുഞ്ചിരിയൊരുക്കാന്‍..

ഓര്മ്മകളുടെ അതിർവരമ്പുകളിൽ ...

ഓര്മ്മകളുടെ അതിർവരമ്പുകളിൽ
മൗനത്തിലൊളിഞ്ഞിരിക്കുന്നത്
ഒരിക്കലും നീയോ ഞാനോ
നാം കണ്ടുമുട്ടാത്ത പ്രണയത്തിന്റെ
പാതയോരത്തെ കാവല്ക്കാരോ അല്ല !
സൗഹൃദത്തിന്റെ ആലയിൽ

നാം അറിയാതെ പുകയുന്ന 
വേദനകളുടെ കനലുകളാണ്,
ഏകാന്തത രാകിമിനുക്കിയ
വാക്കുകളുടെ തിളക്കങ്ങളാണ്!


Sunday, November 10, 2013

ക്യാരംസ് ..

കറുപ്പിനും വെളുപ്പിനും
മധ്യേ മിഴികള്‍ തിരഞ്ഞത്
ചെമപ്പ് മാത്രമായിരുന്നു

കടക്കണ്ണില്‍ ഉന്നം കോര്‍ത്ത്
വിരൽത്തുമ്പില്‍ കാഴ്ച ഒതുക്കി
കാത്തിരുന്നപ്പോഴും
ഒളിക്കണ്ണില്‍ മിന്നി നിന്നത്
ചെമപ്പ് മാത്രമായിരുന്നു..

ചുറ്റും ചിതറിയ കറുപ്പും വെളുപ്പും
ഞൊടിയില്‍ ഭേദിച്ച്
സ്വന്തമാക്കുക എളുപ്പമായിരുന്നില്ല
എന്നിട്ടും,

കണ്ണും മനസ്സും ചൂണ്ടയാക്കി
ജയത്തിന്റെ വലക്കണ്ണിയിലേക്ക്
നിന്നെ കോര്ത്തെടുത്ത്
കരങ്ങളില്‍ ഒതുക്കിയത്
നിന്നിലെ കിനാചെമപ്പ്
എന്റേതു മാത്രം എന്റെ സ്വന്തം
എന്നുറക്കെ പറയാനും കൂടിയായിരുന്നു...

Monday, October 14, 2013

നേരറിവ്....

വേനല്‍
സായാഹ്നങ്ങളില്‍
നിറഞ്ഞ ചിരിയുമായി
ഉന്മേഷതീരം തേടാനോ

ചുണ്ടുകളിൽഅമരുന്ന
ഒരു ചുംബന മുദ്രയാൽ
ഊർന്നൂന്നിറങ്ങി
ഊർജ്ജം നിറയ്ക്കാനോ

സിരകളിൽപടർന്ന്
ഉണർവ്വിന്റെ ജ്വാലയാൽ
നിറവാര്ന്നു പടരുന്ന
ചൂടു പകരാനോ..

ആവി പാറുന്ന
ചായ കപ്പല്ല
മുന്നിലുള്ളത്
ഒഴിഞ്ഞ
സ്ഫടികപാത്രം മാത്രം..

Monday, September 30, 2013

ഇനിയെത്ര കാതം ...

അല്പം
പരിഭ്രമത്തെ
ഒതുക്കി വച്ച്
ഏറെ
ശ്രദ്ധിച്ചായിരുന്നു
യാത്ര..

പിന്തിരിഞ്ഞൊന്നു
നോക്കാതെ
മുഖാമുഖം കണ്ടിട്ടും
ഉരിയാടാതെ
മുന്നോട്ടായിരുന്നു
ലക്‌ഷ്യം..

എന്നിട്ടും ...
കൊഴിഞ്ഞ ഇലയുടെ
തോണിയിൽ
പറ്റിച്ചേർന്നുള്ള
ഈ യാത്ര
ഇനിയെത്ര കാതം ...

ഓരോ ശ്വാസവേഗവും
ഓരോ കാഴ്ചയും
ഓരോ ഇഷ്ടവും
ഇനി എത്ര കാതം...

വളഞ്ഞു
പുളഞ്ഞൊഴുകുന്ന
പുഴയിലെ ഓളത്തിൽ
വീണ്ടും മുന്നോട്ട്..

പാവം കട്ടുറുമ്പ്!!!

Thursday, September 26, 2013

ഒടുവിലത്തെ നോക്കും വാക്കും പുഞ്ചിരിയും ......

എന്നിലെ
ഒടുവിലത്തെ
വാക്കും നീ
എടുത്തു കൊള്ളുക..

അണിവിരലിൽ
ന്റെ കിനാനൂൽ
കോര്ത്ത് കെട്ടി
മിഴിയിടറാതെ
ദര്ഭ കൊരുത്ത്
കൊള്ളുക....

ഓർമ്മകളിൽ
നിറയുന്ന ദാഹം
കെടുത്താൻ
ഓട്ടുക്കിണ്ടിയിൽ
ഇത്തിരി ജലം
കരുതുക..

പങ്കിടാതെ
ബാക്കിയായ
ഇഷ്ട വാക്കുകളുടെ
ചോറുരുളകൾക്ക് മേൽ
കണ്‍നീരിന്റെ
നിഴലനക്കത്തിൽ
കറുത്ത എള്ളുകൽ
നുള്ളിയിടുക..

ഇനി ഒരു മാത്ര
മിഴികളടയ്ക്കുക..

എന്നിലെ
ഒടുവിലത്തെ
നോക്കും വാക്കും
പുഞ്ചിരിയും നീ
എടുത്തു കൊള്ളുക..

Wednesday, September 4, 2013

ഇനിയീ കരം ഗ്രഹിക്കൂ

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്,
ഇണയായ് തണലായ്,
എന്നും നിഴലായ് ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

തമ്മിൽഅണിവിരൽ
കോർത്തു നടക്കാം..
നൊമ്പര നൂൽപാലം
എത്തിടും നേരം
കണ്ണീര്‍കടലിലാഴാതെ
വീഴാതെ പകുത്തെടുക്കാം
ഇനിയുമീ ദുഃഖഭാണ്ഡങ്ങള്‍...

ഇന്നിന്റെ ചക്രവാള
ചെമപ്പു കാണാം
മിഴികളെഴുതും കിനാക്കളും
ചുണ്ടിലൊളിക്കും പുഞ്ചിരിയും
ഒരു ചുംബനച്ചൂടിൽ പകുത്തിടാം
വിയർപ്പിൻ കുളിരിൽമയങ്ങീടാം...

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്,
ഇണയായ് തണലായ്,
എന്നും നിഴലായ് ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

Tuesday, September 3, 2013

ഒരു നിശാഗന്ധിയായ്

വഴികളേറെ നടന്നു
തളര്ന്നതല്ലേ ..
കഥകളേറേ കേട്ടു
കഴിഞ്ഞതല്ലേ ..
നാദങ്ങൾ
കേള്ക്കാതെ കേട്ടും
നിറ ഭേദങ്ങൾ
കാണാതെ കണ്ടും
ഇരുമിഴിയറിയാതെ
രണ്ടായ് പിരിഞ്ഞതല്ലേ ....

കരിമഷി കണ്ണിലൊളിച്ചും
കരിവള കൊഞ്ചി ചിരിച്ചും
വാക്കിന്റെ ശകലവും
നോക്കിന്റെ പൊരുളും
പാടത്തും വരമ്പത്തും
പാറും പൂത്തുമ്പികൽ
ആരുമേ കാണാതെ
കിന്നാരം ചൊല്ലിതല്ലേ ....

നിലാപ്പക്ഷി നീട്ടുന്ന
ചിറകിൻതണലിലായ്
മഞ്ഞു പ്പൂമെത്തയിൽ
ഒരു നിശാഗന്ധിയായ്
നീ കണ്‍ തുറന്നതല്ലേ ....

നാളെയുടെ നാളമായ്
വിട പറയാൻവെമ്പുന്ന
ഇരുളിനെ നോക്കി നീ
പരിഭവക്കൂട്ടു നിറച്ചതല്ലേ.....

നാദങ്ങൾകേള്ക്കാതെ കേട്ടും
നിറ ഭേദങ്ങൾകാണാതെ കണ്ടും
ഇരുമിഴിയറിയാതെ പറയാതെ
രണ്ടായ് പിരിഞ്ഞതല്ലേ .....

Thursday, August 22, 2013

പഴമയിൽ ഇനി തലചായ്ചുറങ്ങാം....

പഴമയുടെ
റാന്തലുകള്ക്ക്
ഇനി തിരി
കൊളുത്താം ..

നിറം കെടാത്ത
സമദൂരങ്ങളുടെ
നിരാസത്തിന്റെ
ഓര്മ്മ താളുകൾ
വായിച്ചെടുക്കാം

ഇന്നലെയുടെ
ഇടവഴികളിൽ
മറവിയിലാണ്ട
നിറവിന്റെ
മുഖചിത്രങ്ങൾ
പെറുക്കിയെടുക്കാം...

അതിജീവനത്തിനു
പാഥേയമായി
പുറന്താളുകൾ
നഷ്ടപ്പെട്ട
ചുവന്ന
കിനാക്കളെ
കുടിയിരുത്താം..

വഴി പിരിഞ്ഞ
വേരുകളിൽ
പച്ചപ്പു തേടുന്ന
മരം പോലെ
ഓർമ്മകളുടെ
വേരുകളിൽ
എന്നെന്നും
അന്തിയുറങ്ങാം ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...