Tuesday, December 31, 2013

ചേര്ത്ത് വയ്ക്കട്ടെ ഇനി എന്നെ ഞാനും ..!!

രാപകലിന്റെ താഴ്വരയിൽ
ഒടുങ്ങുന്ന മറവിയിൽ
ഒരു ആഴി തൻആഴത്തിൽ
ചേര്ത്ത് വയ്ക്കട്ടെ ഇനി എന്നെ ഞാനും !!

നോവിന്റെ കനൽ കാടുകളിൽ
നിറം കെടാത്തെ ഓർമ്മകളിൽ
നിറയെ പൂക്കുന്നു ശോകങ്ങൾ
അടരുന്നു തണൽമരങ്ങൾ..

വാക്കിനാൽ മുറിവേറ്റ രണഭൂമിയിൽ
ചിറകറ്റു പാടുമൊരു കുയിലിന്റെ
ഇടറാത്ത ഗാനത്തിൻ ഈണത്തിൽ
ഉണരുന്നു ഉയരുന്നു തീരാവ്യഥകൾ

വീണുടയുന്ന നിമിഷ മാത്രകളിൽ
അറിയാതെ ഒടുങ്ങുന്ന സ്പന്ദനങ്ങളിൽ
കാണാതെ മറയുന്ന കാഴ്ചവേഗങ്ങളിൾ
നോവുകൾ ഇനിയും പിറക്കാത്ത
കിനാവിന്റെ ഈറ്റില്ലങ്ങളിൽ
ഒരു കുഞ്ഞു തെന്നലായ്
ചേര്ത്ത് വയ്ക്കട്ടെ ഇനി എന്നെ ഞാനും ..!!

നോവുകളുടെ ഈറ്റില്ലത്തിൽ

പകലോര്മ്മ പുതുക്കുന്ന
ചുവന്ന ആകാശത്തിലും
നിലാത്തുടുപ്പിൽനിഴലണിഞ്ഞ
മണ്‍ക്കോണിലും ഒരു കട്ടുറുമ്പ്
വെറുതെ പാഞ്ഞു നടക്കുന്നു...

ചിന്തകളുടെ ഭ്രാന്താലയത്തിൽ
എട്ടുകാലികൾസ്നേഹപശ ചുരത്തി
പ്രണയത്തെ തൂക്ക് കയറാക്കുന്നു .

നോവുകളുടെ ഈറ്റില്ലത്തിൽ
ഒരു തൂലിക മഷിയുണങ്ങാത്ത
സ്വപ്നങ്ങൾ തേടി പായുന്നു..

ചിന്തകളിൽ മുഖം പൊത്തുന്ന
മണ്ണിരകൾ കവിതകളുടെ
പേറ്റു നോവ് ഇളക്കി മറിയ്ക്കുന്നു.

കൈവിട്ടു പോയ സൗഭാഗ്യങ്ങളുടെ
കണക്കെടുപ്പിനായി പിന്നാക്കം
പായുന്നു കുഴിയാനകൽ ...

വെയില്‍പക്ഷി

ഉത്തരങ്ങള്‍ ബാക്കി വച്ച്
പടിയിറങ്ങിയ ഒരു നോവുണ്ട്
വെയില്‍പക്ഷി തിന്ന ഒറ്റച്ചില്ലയുടെ
ഉള്ളിന്റെയുള്ളിലെ പിടച്ചിലില്‍

ഉരുകിത്തീരുന്ന പ്രാണനിലൊരു
തിരി അണയാതെ കത്തുന്നുണ്ട്
കാറ്റായും കുളിരായും നിലാവായും
നീയെന്നെ ചുറ്റി പുണരുമ്പോള്‍

ഭ്രാന്തമായ ജല്പനങ്ങള്‍ക്കപ്പുറം
മിഴികള്‍ തേടുന്ന തീരങ്ങളില്‍
ഇലകള്‍ പൊഴിച്ച വേനലിന്റെ
കാണാ കനവിന്റെ തിരകളുണ്ട്.

Tuesday, December 17, 2013

മിഴികളിൽ...

മിഴികളിൽ...
നിറയാതെ നിറയുന്നു
നിനവിന്റെ നിശ്വാസങ്ങൾ..

മൗനങ്ങളിൽ.........
കേള്ക്കാതെ കേള്ക്കുന്നു
കിനാവിന്റെ ചിറകടികൾ..

വാക്കുകളിൽ ...
പറയാതെ പറയുന്നു
ഇന്നലെയുടെ കുടീരങ്ങൾ...

പൂമരങ്ങളീൽ..
കൊഴിയാതെ കൊഴിയുന്നു
ജീവനസ്പർശമേളങ്ങൾ

കൈക്കുമ്പിളിൽ..
കാണാതെ കാണുന്നു
നീ കടം നല്കിയ
കണ്ണിർമുത്തുകൾ .....

ഓർമ്മകൾ...

കണ്ണീർമഴ
അട്ടഹസിച്ചെത്തുന്ന
നടവഴികളിലാണ്
ഓർമ്മകൾ പൂക്കുന്നതും
കിനാവുകൾ അസ്തമിക്കുന്നതും...

കാറ്റിന്റെ കൈകളിൽ...

ഓര്മ്മകളുടെ
പോസ്റ്റ്മാര്ട്ടത്തിലാണ്
ചാപ്പിളയായി പിറന്ന
മൗനത്തിന്റെ സനാഥത്വം
കണ്ടെത്തിയത്

കാറ്റിന്റെ കൈകളിൽ
പിടഞ്ഞു മരിക്കുമ്പോഴാണ്
നീലവാനം കിനാവു കണ്ട
സങ്കടം തെങ്ങോലകളോട്
കടലാസ്സു പട്ടം പങ്കു വച്ചത്...

തിരകളൊടുങ്ങിയ 

കണ്ണുകളിൽനിന്നും
പൊഴിഞ്ഞ നിനവുകളുടെ 

മുത്തുകളാണ്
സ്നേഹത്തിന്റെ ചെരാതുകളിൽ
എന്നും വിളക്ക് കൊളുത്തിയത്..

കൈയ്യൊപ്പ്....

ഒരോ സൂചിമുനയിലും പ്രാര്ത്ഥനകളിലും
ദൈവത്തിന്റെ കൈയൊപ്പാണ്
നിറയുന്നത് ..

തരിച്ചിറങ്ങുന്ന നേരിയ വേദനയിലും
നിസ്സഹായതയുടെ അകക്കണ്ണില്‍
ആരും കാണാതെ അറിയാതെ
പുഴ ഒഴുകുന്നുണ്ട് ...

മരുന്നു മയക്കുന്ന ഇടനാഴികളില്‍
കാത്തിരിക്കുന്നുണ്ട്
കിനാവെളിച്ചത്തിലെങ്കിലും
സാന്ത്വനസ്പര്ശമായെത്തുന്ന
നിഴലനക്കം ..

തോരാതെ പെയ്യുന്ന ചിന്തകളില്‍
ഉപേക്ഷിച്ച് നടന്നകന്ന
ഇലച്ചാര്‍ത്തുകളില്‍ നിന്നിറ്റു വീഴുന്നു
വീണ്ടും മായാത്ത മര്മ്മരങ്ങളുടെ
പദനിസ്വനങ്ങള്‍ ..

വേദനയുടെ കമാനങ്ങളൊരുക്കി
കാലം കുറിച്ചിട്ട വഴിത്താരകള്‍
അവസാനിക്കുകയായി..

ആരോടാണ് നന്ദി ചൊല്ലുക..
എല്ലാവരോടും എല്ലാവരോടും
പുഞ്ചിരിയുടെ ആമോദവും
കണ്ണിരിന്റെ ഉപ്പും
പകര്ന്ന എല്ലാവരോടും..
നന്ദി നന്ദി നന്ദി..

Monday, December 2, 2013

വയലറ്റുപ്പൂക്കൾ..

നീയെനിക്ക്
ഒരു സായന്തനത്തിന്റെ
ഓര്മ്മയാണ്..

വിരൽത്തുമ്പിലൂടെ
വഴുകി വീണ
അക്ഷരങ്ങളിലെ
ഹൃദയം നിറഞ്ഞ
പ്രണയത്തിന്റെ
കനലാണ്..!!

ഇന്നലെയിലെ
വേനലിനെ മായ്ചു കളയാൻ
മഷിത്തണ്ടു തേടുന്ന
മനസ്സിലെ മായാത്ത
സിന്ദൂരമാണ്..!!

കടലാഴങ്ങളിലലിഞ്ഞ
പുഴയും
മഴമേഘമൊഴിഞ്ഞ
മാനം പെറ്റിട്ട
മഴവില്ലും
വയലറ്റുപ്പൂക്കൾനിറയ്ക്കുന്ന
കിനാവും
മൗനത്തിന്റെ
കൈക്കുമ്പിളിൽ നിറയ്ക്കുന്ന
ഓര്മ്മയാണെനിക്ക് നീ..!!

ഒന്നുറക്കെ പേരു ചൊല്ലി വിളിക്കാനാവാതെ...

ഒന്നുറക്കെ പേരു ചൊല്ലി
വിളിക്കാനാവാതെ...
ഓര്‍മ്മകളില്‍ ഞാന്‍ നിന്നെ
ഒതുക്കി വയ്ക്കുന്നു..

ഒരു വാക്കും മാറ്റി വയ്ക്കാതെ
ഒരു പുഞ്ചിരി കരുതി വയ്ക്കാതെ
ഓര്‍മ്മകളുടെ മേഘക്കെട്ടില്‍
നീ രൂപം കൊള്ളുന്നു...

Sunday, December 1, 2013

വാക്കുകളുടെ തിളക്കങ്ങളാണ്!

ഓര്മ്മകളുടെ അതിർവരമ്പുകളിൽ
മൗനത്തിലൊളിഞ്ഞിരിക്കുന്നത്
ഒരിക്കലും നീയോ ഞാനോ,
നാം കണ്ടുമുട്ടാത്ത പ്രണയത്തിന്റെ
പാതയോരത്തെ കാവല്ക്കാരോ അല്ല !
സൗഹൃദത്തിന്റെ ആലയിൽ
നാം അറിയാതെ പുകയുന്ന
വേദനകളുടെ കനലുകളാണ്,
ഏകാന്തത രാകിമിനുക്കിയ
വാക്കുകളുടെ തിളക്കങ്ങളാണ്!

നിദ്രയിലേക്ക്

കുളിരുമ്മയേകും 
മഴയനക്കങ്ങളെ
ഇരുളിനു കാവലാളാക്കി
വാചാലമാം നിശ്ശബ്ദതകളെ
കിനാചിറകിലേറ്റി
വീണ്ടുമൊരു നിദ്രയിലേക്ക്
കൂടണയുന്നു ഞാനും....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...