Sunday, June 22, 2014

ഏകാന്തതയുടെ പടവുകളില്‍ ...

ഒറ്റപ്പെടലില്‍ എനിക്കെന്നും
ഒരു ആഹ്ലാദമുണ്ട്

പിന്തിരിഞ്ഞു നടക്കാത്ത
ഘടികാരപാദങ്ങള്‍ക്കൊപ്പം
അകന്നു പോകുന്ന
ഓരോ നിമിഷങ്ങളെയും
തെറ്റുന്ന ഹൃദയതാളത്തിനൊപ്പം
മൌനത്തിന്‍റെ വേവു നോക്കി 
പാകപ്പെടുത്തി രുചിക്കാം

വാക്കുകള്‍ക്കുള്ളിലെ
പൊള്ളുന്ന സത്യങ്ങളെ
ആരുമറിയാതെ
ഉള്‍ചൂടാല്‍ തൊട്ടറിയാം

വേരുകളാഴ്ത്താതെ
അകന്നു പോകുന്ന
ഒരോ കിനാക്കളെയും
ഏകാന്തതയുടെ ഒറ്റദ്വീപില്‍
പടര്‍ന്നു പന്തലിക്കുന്ന
നെല്ലിമരങ്ങളായി
മിഴിനീര്‍ നനവില്‍
നട്ടു വളര്‍ത്താം

വിധിയുടെ
താളുകള്‍ക്കിടിയില്‍
നൊമ്പരത്തിന്‍റെ
ശരശയ്യയില്‍
തല ചായ്ച്ചു മയങ്ങാം ...

ഒറ്റപ്പെടലില്‍
എന്നുമെന്നും
ഒരു ആഹ്ലാദമുണ്ട്
 

1 comment:

ajith said...

ഒറ്റയായ ആഹ്ലാദം!

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...