Friday, November 5, 2010

കാതങ്ങള്‍ക്കപ്പുറം..

കാലമാകുന്ന ചിലന്തി വലയില്‍
കുടുങ്ങിയാണ് ഓര്‍മ്മകള്‍
നിശ്ചലമായതെന്ന്
ഞാന്‍ പറഞ്ഞില്ല...

വിധിയുടെ പാതയില്‍
മുള്ളാണി വിതറിയത്
ചിരി കെടുത്താനാണെന്ന്
ഞാന്‍ വിശ്വസിക്കുന്നില്ല..

ഒരു ചരടില്‍ മറഞ്ഞിരുന്ന്
കഴുത്തു ഞെരിച്ചമര്‍ത്തിയത്
വിഷസര്‍പ്പമായിരുന്നെന്ന്
ഞാന്‍ പരിതപിക്കുന്നില്ല....

സുഖദുഃഖങ്ങള്‍ ഏറ്റു വാങ്ങി
വിധിക്കൊത്തു ചലിക്കേണ്ടവര്‍
എന്ന പ്രമാണവും
ഞാന്‍ തള്ളിക്കളയുന്നില്ല...

അപ്പുറം,

ഒരു വിളിപ്പാടകലെ..
ഒരു തുളസിത്തറയും
ഒരു കെടാവിളക്കും
ഇത്തിരി ചാറ്റല്‍മഴയും
ഇപ്പോഴും എപ്പോഴും
ഇനിയുമെനിക്ക്
തുണയായുണ്ട്.....


Sunday, October 31, 2010

നറുവെട്ടം...

ഓര്‍മ്മകള്‍ക്ക് കൂട്ടായി
വാക്കുകള്‍ പരതുമ്പോള്‍

അക്ഷരം മന്ത്രിച്ചു

ഓര്‍മ്മകളെല്ലാം

 നിശ്വാസങ്ങള്‍  മാത്രം...

സ്നേഹത്തണല്‍ നല്‍കിയ 
നോവാം നിഴല്‍ മന്ത്രിച്ചു 
നോവുകള്‍ നാളെയുണരേണ്ട
 ഓര്‍മ്മകള്‍ മാത്രം..

നഷ്ടസ്വപ്നത്തിന്‍
കാര്‍മുകില്‍ പടര്‍ന്നപ്പോള്‍
കണ്ണീര്‍മഴ മന്ത്രിച്ചു 
വെയിലത്തെത്തും
വെറും ചാറ്റല്‍മഴ മാത്രം..

ഇത്തിരി വെട്ടവുമായി
മിന്നാമിനുങ്ങു ചൊല്ലി
സ്വപ്നം വിറ്റു വെറുതെ ചിരിക്കും
നീയും എന്നെപ്പോലൊരു
മിന്നാമിന്നി മാത്രം....


ഇത്തിരി വെളിച്ചം തേടി
 പറന്നുയരും ചിറകടിക്കും
കൌതുകമുണര്‍ത്തി
ജീവിതം
കരിഞ്ഞു വീഴ്ത്തും
ഈയാംപാറ്റകള്‍ മന്ത്രിച്ചു
ഇത്തിരിയുള്ളോരീ ജീവിതം
നറു വെളിച്ചം
മോഹിക്കാന്‍ മാത്രം..

  മറ്റുള്ളവര്‍ക്കായ്
സ്വയം ഉരുകിതീരുമൊരു
മെഴുകുതിരി മന്ത്രിച്ചു


പ്രവാസി നീയും എന്നെ പോല്‍
മറ്റുള്ളവര്‍ക്കായ് പ്രകാശിച്ചു
എരിഞ്ഞടങ്ങും വെറുമൊരു
മെഴുകുതിരി മാത്രം..


Thursday, October 28, 2010

നീയും........




തനിയെ ഇരുന്നു വെറുതെ
ഓര്‍മ്മകള്‍ക്ക് വാക്കുകള്‍
പരതുമ്പോള്‍
അക്ഷരം മന്ത്രിച്ചു
നീ വിഢ്ഢി ....

ഇത്തിരി സ്നേഹത്തിന്‍
തണലില്‍ നിന്‍
വാക്കിന്‍ നോവിന്‍
നിഴല്‍  പടര്‍ന്നപ്പോള്‍
മനസ്സു മന്ത്രിച്ചു
നീ വിഢ്ഢി...

മനസ്സില്‍ വെറുതെയീ
സ്മൃതി പടര്‍ന്നപ്പോള്‍
കണ്ണീര്‍മഴ ചൊല്ലി
നീ വിഢ്ഢി...

എവിടെയുമെന്നും
പരാജിതയായപ്പോള്‍
മനസ്സു മന്ത്രിച്ചു മെല്ലെ
നീ വിഢ്ഢി...

ഇത്തിരി വെട്ടവുമായി
മിന്നും മിന്നാമിനുങ്ങു ചൊല്ലി
നിരാശ ഏറ്റുവാങ്ങിയെന്നാലും
വെറുതെ മിന്നി ചിരിക്കാത്ത
നീ വിഢ്ഢി ...

ഒന്നിനു പിറകെ മറ്റൊന്നായി
പറന്നുയരും ഈയാമ്പാറ്റകള്‍
എന്നോടു മന്ത്രിച്ചു....

ഇത്തിരി വെട്ടം
കണ്ടു മോഹിക്കും
പറന്നുയരും കരിഞ്ഞു വീഴും
ഞങ്ങളെ പോല്‍
നീയും വിഢ്ഢി...


Tuesday, September 21, 2010

ജീവിതചിത്രം...


  തന്‍ വരവിനു സ്വാഗതമോതുവാന്‍
മഞ്ഞിന്‍ മുത്തുമായി നിന്ന
പുല്‍ക്കൊടിയോട് സൂര്യന്‍
മൃദുവായി മന്ത്രിച്ചു...
എനിക്ക് പിറകെ വരുവത്
ഇരുട്ടാണെന്ന്.

തന്‍ വരവില്‍ ഗര്‍വ്വോടെ
വിലസിയ ആമ്പലിനോട്
നിലാവ് മന്ത്രിച്ചു...
എനിക്ക് പിറകെ വരുന്നത്
പകലാണെന്ന്.


വെളിച്ചത്തിനും ഇരുട്ടിനും മദ്ധ്യേ
ആകാശ സീമകള്‍ തുടുത്തപ്പോള്‍
ചക്രവാളം മന്ത്രിച്ചു ഇത്
തൃസന്ധ്യതന്‍ നിര്‍വൃതിയെന്ന്..


ചുണ്ടുകളില്‍ പുഞ്ചിരി പൊഴിയവേ
മനസ്സു മന്ത്രിച്ചു ഇനി വരുവത്
വിടപറയലിന്‍ വേദനയെന്ന്...


കണ്‍കളില്‍ അരുണാഭപടര്‍ന്നപ്പോള്‍
പ്രണയം മന്ത്രിച്ചു പിറകെ വരുന്നത്
കണ്ണീര്‍മഴ തന്‍ മുകിലാണെന്ന്...


ഇതാ..
നിനവിന്‍ പടിയിലൂടെത്തി
നീയും ജീവിതത്തെയറിയുക..


സ്വന്തമാകും വരെയുള്ള
നിന്നിലെ മധുരനൊമ്പരം
മാത്രമാണീ പ്രണയം ..


എത്ര മോഹവര്‍ണ്ണങ്ങള്‍ ചാര്‍ത്തിയാലും,
എത്ര സുസ്മേരത്തിന്‍ പട്ടുടുപ്പിച്ചാലും,
എത്ര വര്‍ണ്ണ കനവിന്‍ ഗോവണിയേറിയാലും,


ഇല്ലില്ല..നിനക്ക് വരയ്ക്കാനാവില്ല..
പൂര്‍ണ്ണമാവില്ല നിന്‍
“ജീവിത ചിത്രം



Friday, September 10, 2010

പുഴയും ഞാനും.....




വെറുതെ ചിരിച്ചും 
പാടിയും നിലവിളിച്ചും
കാലത്തിന്‍ കൈവഴികളില്‍
ഏതോ തേടി തേടാതെയും 
എന്തോ നേടി നേടാതെയും
ഒഴുകുമീ പുഴയും ഞാനും
ഒരുപോലെ..

 തലോടി പായുമീ സൌഹൃദ 
കാറ്റില്‍  മന്ദഹാസത്തില്‍
കുഞ്ഞോളങ്ങള്‍ തീര്‍ത്തും
  തീരത്തു ചരിത്രം കോറിയിട്ടും

വിധി തന്‍ പാറക്കെട്ടില്‍ തട്ടി
തടഞ്ഞാലുമതുമൊരു ജയത്തിന്‍
ചവിട്ടു പടിയായ് കണ്ടും

 കൂര്‍ത്ത പരുക്കന്‍ വാക്കാല്‍
ദുഃഖ പെരുമഴ തന്‍ 
കുത്തൊഴുക്കിലകപ്പെട്ടാലും

മന്ദഹാസം പൊഴിച്ചും
സ്നേഹമര്‍മ്മരം ചൊരിഞ്ഞും
കളകളം പാടിയും...

ഒരു കുളിരായ് പിടച്ചിലായ്
ഒഴുകിയൊഴുകിയെന്നാലും
ഞാനുമീ  പുഴ പോല്‍
ഒടുവില്‍
ചെന്നെത്തുന്നതോ
സങ്കടപ്പെരുംകടലില്‍....



Tuesday, September 7, 2010

ധന്യമീ യാത്ര.....


  
മരണത്തെ നേരിണ്ടേടത്
ഒരുങ്ങി ഉണര്‍ന്ന 
മനസ്സോടെയാണ്....

ചോദ്യശരങ്ങള്‍ക്ക് മുന്നില്‍
ഒരു നനുത്ത പുഞ്ചിരി മാത്രം
ഒരുക്കി വയ്ക്കണം....

പിന്നെ,

പെയ്തു തോര്‍ന്ന പേമാരിയ്ക്കു ശേഷം
പുലര്‍ന്ന പകല്‍ വെളിച്ചം പോലെ 
തരളമായി അനുഭവപ്പെടുന്ന
നിശ്ശബ്ദതയിലേക്ക്.....

തന്നെയും തന്റേടത്തെയും വെളിവാക്കി
ശാന്തമായ് കൃതാര്‍ത്ഥമായ് കണ്‍ ചിമ്മി
നോവ് ഒരു കവിളിറക്കി.....

ഒച്ചയുണ്ടാകാതെ മെല്ലെ മെല്ലെ
നടന്നു പോകണം....




**********



Saturday, September 4, 2010

ഇത്തിരിയിത്തിരി....



ഇത്തിരി വെട്ടത്തിനാല്‍
ജന്മം പൂണ്ടതാണീ
നിഴല്‍...

ഇത്തിരി സ്നേഹത്താല്‍
ഉയിര്‍ കൊണ്ടതാണീ
സൌഹൃദം...

ഇത്തിരി വാക്കിനാല്‍
ചവര്‍ക്കുന്നതാണീ
പരിഭവം...

ഇത്തിരി നോവിനാല്‍
പൊള്ളുന്നതാണീ
നെഞ്ചകം...

 ഇത്തിരി മൌനത്താല്‍
വിങ്ങുന്നതാണീ
ചിന്തകള്‍...

ഇത്തിരി നിനവിനാല്‍
പെയ്യുന്നതാണീ
മിഴിനീര്‍...




Monday, August 23, 2010

ഓർമ്മയിലെ ഓണനാളുകൾ.....




പണ്ട് ,അത്തം നാള്‍ മുതല്‍ എന്നും മുറ്റത്ത് പൂവിടീല്‍ പതിവായിരുന്നു...
അതിരാവിലെ എഴുന്നേറ്റ് തൊടിയിലും പാതയോരത്തുമായി നില്‍ക്കുന്ന തുമ്പയും തെറ്റിയും മറ്റു പൂക്കളും ശേഖരിച്ച് ഒരു പൂവിടീല്‍...
നല്ല
രസമായിരുന്നു ആ നാളുകള്‍...പൂവേ പൊലി...എന്ന് പാടി കൊണ്ടായിരുന്നു അന്ന് പൂ പറിച്ചിരുന്നത്..പൂപൊലി പാടിയില്ലെങ്കില്‍ പുക്കളെല്ലാം വാടി പോകുമെന്നാ മുത്തശ്ശി പറഞ്ഞിരുന്നത്..പൂവിടീല്‍ മാത്രമല്ല, പത്തുനാളും ഉണ്ടാകും നല്ല സദ്യയും...

അത്തം പിറന്നാല്‍ പിന്നെ അടുക്കളയില്‍ അമ്മിണീയമ്മയും മുത്തശ്ശിയും കൂടി ആകെ ബഹളം തന്നെയാവും..പാടത്തെ പണിക്കാരും പറമ്പിലെ പണിക്കാരും എല്ലാരുമെത്തും സദ്യയുണ്ണാന്‍....

ജോലിക്കാര്‍ ഉണ്ടായിരുന്നെങ്കിലും സദ്യവട്ടത്തിനു വേണ്ട മത്തനും പച്ചക്കായും മുരിങ്ങയും വെണ്ടയും വെള്ളരിയും പാവലും പയറും ഒക്കെ പറമ്പില്‍ നിന്നു കൊണ്ടു വരിക എന്റെയും മുത്തച്ഛന്റെയും ജോലി തന്നെയായിരുന്നു...
അന്നൊക്കെ സ്കൂളില്‍ നിന്നും കൂട്ടുകാരുമായിട്ടായിരുന്നു ഓടിയെത്തുക മുത്തശ്ശി തയ്യാറാക്കുന്ന സദ്യയുണ്ണാന്‍..
വടക്കേലെ ഗോപലന്‍ നായരെ കൊണ്ട് മൂവാണ്ടന്‍ മാവിന്റെ ചില്ലയില്‍ ഒരു ഊഞ്ഞാല്‍ ഇടീയ്ക്കുക മുത്തച്ഛന്റെ പതിവായിരുന്നു...ചിങ്ങം പുലര്‍ന്നാല്‍ പിന്നെ ഊഞ്ഞാല്‍ റെഡിയായിയിരുന്നു...സ്കൂള്‍ വിടാന്‍ നോക്കിയിരിക്കും ഊഞ്ഞാലാട്ടത്തിനു ...ദേവുവും രാധയും മാലുവും രഘുവും രാജുവും എല്ലാവരും ഒത്തു കൂടുമായിരുന്നു ..ഊഞ്ഞാലിന്‍ ആയത്തില്‍ ചെന്ന് മൂവാണ്ടാന്‍ മാവിന്റെ ചാഞ്ഞചില്ലയിലെ മാവില പിച്ചുക അതായിരുന്നു കൂട്ടുകാരുമായി ചേര്‍ന്നുള്ള ഊഞ്ഞാലാട്ടത്തിലെ മത്സരം...

രാത്രിയില്‍ വീണ്ടും തുമ്പി തുള്ളലിനായി എല്ലാവരും ഒന്നിച്ചു കൂടും..അപ്പോള്‍ തുള്ളാനായി എപ്പോഴും ഇരിക്കുക അമ്മിണിയമ്മയായിരുന്നു...തുമ്പിപ്പാട്ടിന്റെ ആരവത്തില്‍ തുള്ളിയുറയുന്ന അമ്മിണിയമ്മ അവസാനം ബോധരഹിതയാകുമ്പോള്‍ പലപ്പോഴും പേടിയും തോന്നിയിരുന്നു...എന്തു രസമായിരുന്നു ആ ദിനങ്ങള്‍..
അന്നൊക്കെ ഒരോ ഓണവും വന്നെത്താന്‍ ദിനങ്ങള്‍ എണ്ണിയെണ്ണി ഒരുപാട് കാത്തിരിക്കുമായിരുന്നു...

ഉത്രാട നാളിലും തിരുവോണ നാളിലും പുതിയ പട്ടു പാവാടയും ബ്ലൌസ്സും തന്നെ ഞാന്‍
അണിയണം എന്നത് മുത്തശ്ശിയ്ക്ക് നിര്‍ബന്ധം ആയിരുന്നു.അതിനായി നേരത്തെ
തന്നെ മുത്തശ്ശി എനിയ്ക്കുള്ള ഓണക്കോടി തുന്നിച്ചു വയ്ക്കുമായിരുന്നു.തിരുവോണ നാളില്‍ മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പമിരുന്നായിരുന്നു ഓണ സദ്യയുണ്ടിരുന്നത്..


ഒരിക്കല്‍ കിണറ്റിനരികത്തു തലചുറ്റി വീണ മുത്തശ്ശിയുടെ മിഴികള്‍ എന്നന്നേയ്ക്കുമായി അടഞ്ഞപ്പോള്‍..ആള്‍ക്കൂട്ടത്തില്‍ ഞാന്‍ തനിച്ചായ പോലെ...തറവാട്ടിലേക്ക് വിതുമ്പുന്ന ഏകാന്തത കടന്നു വന്നപോലെ.. മുത്തശ്ശി പോയതില്‍ പിന്നെ എപ്പൊഴും സങ്കടം തന്നെയായിരുന്നു..അപ്പൊഴാണ് സ്കൂള്‍ ഹോസ്റ്റലിലേക്ക് എന്നെ പറിച്ചു നട്ടത്....

പിന്നീടു കടന്നു വന്നിട്ടുള്ള ഒരു ഓണത്തിനോടും ഒരിക്കലും ഒരു ഇഷ്ടം മനസ്സില്‍ തോന്നിയിട്ടില്ല.....കാരണം, മുത്തശ്ശിയില്ലാത്ത ഓണം...മാത്രമല്ല, അത്രനാളും കൂടെയിരുന്ന് പഠിച്ചും ചിരിച്ചും തമാശകള്‍ പങ്കു വച്ചും കഴിയുന്ന കൂട്ടുകാര്‍ ഓണാഘോഷ തിമര്‍പ്പില്‍ പിരിഞ്ഞ് പോയി ഓണക്കോടികളുമായി വീണ്ടും വന്നെത്തുമ്പോള്‍...എന്നും മനസ്സില്‍ ഓണത്തിനോട് ദേഷ്യം തന്നെയായിരുന്നു...
എല്ലാ കുട്ടികളും പോയി കഴിഞ്ഞാലും തന്നെ കൂട്ടി കൊണ്ട് പോകാന്‍ മുത്തച്ഛന്‍ വരിക ഏറെ വൈകിയായിരുന്നു..ഒറ്റയ്ക്ക് ചെല്ലാമെന്നു പറഞ്ഞാലും മുത്തച്ഛന്‍ കേള്‍ക്കില്ല.
“വരാന്‍ ഇത്തിരി വൈകിയാലും മുത്തച്ഛന്‍ വന്നിട്ട് നീ വീട്ടില്‍ പോയാല്‍ മതി
എന്നായിരുന്നു” അച്ഛന്റെയും നിര്‍ദ്ദേശം..മുത്തച്ഛനെയും കാത്ത് ഹോസ്റ്റല്‍ റൂമിന്റെ ജനലഴികളിലൂടെ മിഴികള്‍ പായിച്ച് നില്‍ക്കുന്നതു കാണുമ്പോള്‍ എന്നും ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നത് സൂസി സിസ്റ്റര്‍ ആയിരുന്നു..
“ഒരിക്കലും നമ്മുടെ വിഷമങ്ങളെ കുറിച്ച് മാത്രം ഓര്‍ക്കരുത്. നമ്മെക്കാള്‍ പലതരത്തില്‍ വിഷമങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ നമ്മുടെ ചുറ്റും ഉണ്ട്.   നമ്മുടെയീ വിദ്യാലയത്തിലുണ്ട്.അവരെ കുറിച്ച് ഓര്‍ക്കണം..അപ്പോഴീ വിഷമങ്ങളും ഒറ്റപ്പെടലും ഒന്നുമല്ലാതായി തീരും” എന്നൊക്കെ പറഞ്ഞായിരുന്നു സൂസി സിസ്റ്റര്‍ ആശ്വസിപ്പിച്ചിരുന്നത്...
സിസ്റ്ററുടെ വാക്കുകള്‍ ശരിയാണെന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട്...

തറവാട്ടില്‍ ചെന്നാലും ഇപ്പോള്‍ ആരോടാ മനസ്സു തുറന്നൊന്നു സംസാരിക്കുക..
അവധി പെട്ടെന്നു തീരണേ എന്ന പ്രാര്‍ത്ഥനയായിരിക്കും മനസ്സില്‍... മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍ .. തന്റെ കഥകള്‍ കേള്‍ക്കാന്‍ എന്തു ഉത്സാഹമായിരുന്നു മുത്തശ്ശിക്ക്...
തന്നെ തനിച്ചാക്കി വിദേശത്തു പോയി നില്‍ക്കുന്ന അച്ഛനെയും അമ്മയെയും മുത്തശ്ശി മാത്രമേ കുറ്റപ്പെടുത്താറുണ്ടായിരുന്നുള്ളൂ...ഏട്ടനുമായി അവര്‍ വിദേശത്തേക്ക് പോയപ്പോള്‍ ഒരുപാടു സങ്കടം തോന്നിയിരുന്നു...അന്നൊക്കെ മുത്തശ്ശിയുടെ മടിയില്‍ തല ചായ്ച്ച് ഒരുപാടു കരഞ്ഞിരുന്നു..എന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ച് “മോള്‍ക്ക് മുത്തശ്ശിയില്ലേടാ....എന്തിനാ അവരൊക്കെ..ഈ മുത്തശ്ശിയുടെ പൊന്നൂ മീനാക്ഷിക്കുട്ടി അല്ലേ നീയ്” എന്നു പറഞ്ഞ് എന്റെ നെറുകെയില്‍ മുത്തശ്ശി തലോടി ആശ്വസിപ്പിക്കുമായിരുന്നു...
 
“ആ കുട്ടിയോടൊപ്പം ഒരു ഓണം കൂടാനെങ്കിലും മാധവനും രമയും വന്നെങ്കില്‍...നമ്മളും ഇനി എത്രകാലമാ ജീവിക്കണത്...തറവാട്ടില്‍ വരണമെന്ന ഒരു മോഹവും അവര്‍ക്കില്ലാണ്ടായല്ലോ എന്റീശ്വരന്മാരെ ”എന്ന് പലപ്പോഴും മുത്തച്ഛനോട് മുത്തശ്ശി പരിഭവം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്...
പണ്ട് തറവാട്ടിന്റെ കോലായ്മേല്‍ ഇരുന്നാല്‍ അതു വഴി കടന്നു പോകുന്നവരെ കാണാം.. കോലായയുടെ ഒരു വശത്തായിരുന്നു മുത്തച്ഛന്റെ ചാരു കസേര കിടന്നിരുന്നത്...അവിടിരുന്നാല്‍ മതിയായിരുന്നു നല്ല തണുത്ത കാറ്റേല്‍ക്കാന്‍...
 ഇന്ന്, തറവാട് ഇടിച്ച് നിരത്തി അച്ഛന്‍ പണി കഴിപ്പിച്ച ഇരുനില മാളികയാണിവിടെ...തൊടിയില്‍ പാവലും അച്ചിങ്ങയും മത്തനും ഒന്നും കാണാനില്ല...മുറ്റത്തെ തുളസി തറയ്ക്ക് മുന്‍പിലായിരുന്നു പണ്ട് പൂക്കളം ഒരുക്കിരുന്നത്...അവിടിപ്പോള്‍തുളസിത്തറയില്ല..മുറ്റം നിറയെ സിമന്റിട്ടിരിക്കയാണ്...അതിര്‍ത്തി തിരിച്ചിരുന്ന കയ്യാലയ്കിരുവശവും അന്ന് തുമ്പയും തൊട്ടാവാടിയും ഉണ്ടായിരുന്നു...ആ സ്ഥാനത്ത് ഇന്ന് വന്‍ മതിലാണ്..

ഈ മാളികയുടെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് ...
വിലക്കയറ്റത്തിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്ന പച്ചക്കറികള്‍ വാങ്ങി ഗ്യാസ് അടുപ്പില്‍ വേവിച്ച് സദ്യയൊരുക്കി പേപ്പര്‍ വാഴയിലയില്‍ വിളമ്പുമ്പോള്‍ ഓര്‍ത്തു പോകയാണ് ഞാന്‍...... എനിക്കു നഷ്ടമായ എന്റെ ഓര്‍മ്മയിലെ ആ നല്ല ഓണ നാളുകള്‍......

Monday, August 16, 2010

പ്രിയ സ്വപ്നമേ.....(കവിത)


കണ്ണീര്‍ മുത്തിന്‍ തിളക്കം 
എനിക്കെന്റെ കണ്‍കളിലുണ്ട്

വെയിലത്തെത്തും മഴചാറ്റല്‍ പോല്‍
എന്റെ അധരങ്ങളില്‍ ചിരിയുണ്ട്

വേടന്റെ പിടിയിലമര്‍ന്ന മാന്‍പേട പോല്‍
എന്റെ സ്വരത്തില്‍ ഇടര്‍ച്ചയുണ്ട്

അലകളുയരുന്ന സാഗരം പോലെ
എന്റെ മനസ്സില്‍ നഷ്ടസ്വപ്നങ്ങളുണ്ട്

നീ വരിക..എന്റെ സ്വപ്നമേ..

ഇനിയുമെന്നെയുറങ്ങാന്‍
അനുവദിക്കുക..

ഞാന്‍ അറിയാതിരുന്ന
എന്നെ അറിയാതിരുന്ന
ഞാന്‍ കാണാതിരുന്ന
 എന്നെ കാണാതിരുന്ന

എന്റെ പ്രിയ സ്വപ്നമേ!!
നീ നിശ്ശബ്ദമായി നീ വരിക.

ഒരു മരണ ദൂതനായ് വന്ന്
എന്നെ പുണരുക..


Thursday, August 12, 2010

ഒരു മാത്രയൊരുമാത്ര....(കവിത)




നിദ്ര കൈവിട്ട ഒരു രാവു കൂടി,
ഇതാ ആഗതമായിരിക്കുന്നു...

വിരസമായ പകലില്‍....
ഇടറാത്ത  മനസ്സും
തളരാത്ത ചിന്തയും പാദവും ഊന്നി 
ഞാന്‍ നടന്നു കയറി...

എന്നത്തേയും പോലെയിന്നും..
ഏകയായിരുന്നു ഞാന്‍...

ഇഷ്ടികയാല്‍ മനോഹരമായ മാളിക പണിയും പോലെ
എന്റെ മനസ്സില്‍ ഓര്‍മ്മകള്‍ അടുക്കിയടുക്കി
ഞാനൊരു   സ്വപ്നകൊട്ടാരം തീര്‍ത്തു...
 
കാറ്റത്തു കൊഴിഞ്ഞ വീണ കരിയില പോലെ,
വെളിച്ചം തേടി ചെന്ന ഈയാം പാറ്റപോലെ,
ഇത്തിരി വെട്ടം നല്‍കുന്ന മെഴുകുതിരി പോലെ,
സുഗന്ധം പരത്തി കൊഴിയുന്ന പൂവ് പോലെ,

എനിക്കു മേല്‍...
സ്വപ്നങ്ങള്‍ വര്‍ഷിക്കാന്‍ മഴമേഘങ്ങള്‍ കാത്തു നിന്നു...

ഇനി,
എന്റെ ചിന്തകളില്‍ മാറാല പട്ടു പുതയ്ക്കും മുമ്പ്,
എന്റെ കണ്ണുകളില്‍ അന്ധത മൂടും മുമ്പ്,
എന്റെ പാദങ്ങളില്‍  വിഷം തീണ്ടും മുമ്പ്,
എന്റെ കൈകള്‍ തളരും മുമ്പ്,

ഒരു മാത്രയൊരുമാത്ര മുമ്പ്
ഞാന്‍ അവസാനിച്ചിരുന്നെങ്കില്‍....





Tuesday, August 10, 2010

മിഴിയാർദ്രമായീ.....(കവിത)


മനസ്സാം നെരിപ്പോടില്‍ 
നീറിപുകയുമൊരു അഴല്‍
കെടുത്തുവതിനായി
നീ തരിക
കൈക്കുമ്പിള്‍ നിറയെ
കനിവും സ്നേഹവും....

നെറ്റിമേല്‍ സ്വേദബിന്ദു
പോല്‍ തളിര്‍ക്കുമൊരു
വ്യാകുലതകളെയാകവെ
നിന്‍ അധരങ്ങളാല്‍ 
ഒപ്പിയെടുക്കുക....

കണ്ണീര്‍ പൊഴിക്കുമെന്‍
മിഴികളിലാര്‍ദ്രമായി
നിന്‍ സ്നേഹത്തിന്‍
ജ്വാല പടര്‍ത്തുക.....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...