Tuesday, August 30, 2016

കിനാനോവുകളില്‍ ......

തെന്നലിന്‍റെ
ആലിംഗനങ്ങളില്‍
മതിമറന്ന
മുളങ്കാടുകള്‍
പങ്കിടുന്നു
പരിഭവത്തിന്റെ
മര്‍മ്മരം

ഒരു കടലാഴം

സ്വന്തമെങ്കിലും
ഒറ്റപ്പെടലിന്‍റെ
തീരത്തണിഞ്ഞ
വെണ്‍ശംഖിന്‍റെ
തപസ്സിലുണരുന്നു
ഓങ്കാരമന്ത്രം

ഇരുളിന്റെ

നിഴലനക്കങ്ങളെ
കൈവെള്ളയിലൊതുക്കി
പൊട്ടിച്ചിരിക്കുന്നു
കറുത്തരാവിന്‍റെ
നക്ഷത്രക്കുഞ്ഞുങ്ങള്‍

ചിന്തകളുടെ

ചായക്കൂട്ടുകളില്‍
ഉപ്പുനീര്‍ ചാലിച്ച്
കാലം വീണ്ടും
സമ്മാനിക്കുന്നു
കിനാക്കളുടെ
പേറ്റുനോവ്... 

ഓര്‍മ്മശലഭങ്ങള്‍

ഇരുള്‍ പകുത്ത്
നിലാവ് മുറിച്ച്
കിനാവുകള്‍ കടന്ന്
പറന്നടുക്കുന്നു
നിറം കാത്തു നില്‍ക്കുന്ന
ഓര്‍മ്മ ശലഭങ്ങള്‍

ആയുസ്സിന്‍റെ പകല്‍
കുടിച്ചു വറ്റിച്ച്
അളന്നു മുറിക്കുന്ന
കറുത്ത പുകയാല്‍
ഹൃദയമാപിനിയില്‍
ചായം വരയ്ക്കുന്നു
ചുവന്ന സൂര്യന്‍

മറവിയുടെ
അകത്തളങ്ങളില്‍
ഒളിപ്പിച്ചു വച്ച
ഓട്ടുരുളിയില്‍
പനിച്ച ക്ലാവിന്‍റെ
പ്രണയപ്പനിയില്‍
ഒടുങ്ങുന്നു
നരച്ച ഓര്‍മ്മകള്‍

തണല്‍ച്ചില്ല
തേടിയെത്തിയ
കാറ്റിന്റെ
ഒട്ടനോട്ടത്തില്‍
ദൂരം തേടുന്നു
പിടച്ചിലും
ആഴവും
കാത്തു വയ്ക്കുന്ന
കടലലകള്‍ ....


കവിയോടൊരു വാക്ക്

വാക്കിന്‍റെ നെറുകയില്‍
വിങ്ങലായ് തീര്‍ന്നോനെ
വാക്യത്തിലൊതുങ്ങാതെ
വിരാമമായ് മാരിയോനെ

ഉപമകള്‍ തേടി നീ

ഉണ്മകള്‍ തേടി നീ
ഉയിരിന്‍ പൊരുളറിയാന്‍
ഉണര്‍ന്നിരിക്കുന്നുവോ

അന്തിച്ചുവപ്പിന്‍റെ

ആരവമണിയുമ്പോള്‍
അകലങ്ങളിലെവിടെയോ
അരളികള്‍ പൂക്കുമ്പോള്‍

നിലാവിന്‍റെ തോണിയില്‍

നിഴലിന്‍റെ പാതയില്‍
നറുവെട്ടത്തിലൂറുന്ന
നീറ്റു കവിത പാടിയോ നീ

പശിയൂറും വയറുമായ്

പഴമ്പായയില്‍ നീയും
പകല്‍ വെട്ടവും കാത്ത്
പതറാതെ ഉറങ്ങിയോ

വാക്കിന്‍റെ നെറുകയില്‍

വിങ്ങലായ് തീര്‍ന്നോനെ
വാക്യത്തിലൊതുങ്ങതെ
വിരമമായ് മാറിയോ നീ...

Thursday, March 3, 2016

മുന്നേറുക നാം .....

ഇരുൾ കനക്കുമീ ജീവിത വീഥിയിൽ
ഇടറാതെ പതറാതെ പോവുക നാം
ഇന്നീ കാണും കാഴ്ചകളോരോന്നും
ഇമയനക്കാതെ കോർത്തെടുക്കുക നാം.

കനൽപാതകളിൽ വെന്തുരുകുമ്പോൾ
കഥന തപം ചെയ്തിടാതെ മുന്നേറുക നാം

കരളുരുകുംകാഴ്ചകളിൽ മനമിടറുമ്പോൾ
കരുണ വറ്റാതൊരു കരംനീട്ടുക നാം

നിഴലായ് തണലായ് സാന്ത്വനമാകുന്നോർക്ക്
നിദ്രാഭംഗം വരുത്തിടാതെ കാക്കുക നാം

നാവുകളുതിർക്കുംഒച്ചകളിലെല്ലാം
നേരിൻ ദീപമായ് വിളങ്ങുക നാം...'

Tuesday, March 1, 2016

ഒരു ചുംബന നിറവിൽ.....

ഒറ്റ ചുംബനത്താൽ
ഭൂമി പെണ്ണിന്റെ മാറിൽ
പകൽ ചതുരങ്ങൾ വരയുന്ന
സൂര്യനെ പോലെ
എന്റെയീ കവിതയെ
നീ ചുടു നിശ്വാസങ്ങളാൽ
പൊള്ളിച്ച് അടർത്തി മാറ്റുക

ഒറ്റ ചുംബനത്താൽ
തളിരിലകളെയുണർത്തുന്ന
മഴത്തുള്ളികളെ പോലെ
എന്റെയീ വാക്കിലൊളിഞ്ഞ
പൊരുളുകളെയുണർത്തി
ഹൃദയത്തിൽ നീ കാത്തു വയ്ക്കുക

ക്ഷത്രപെണ്ണുങ്ങൾനോക്കിനിൽക്കെ
നിഴലുംനിലാവുംകെട്ടിപ്പുണർന്ന് 
ഉമ്മകളുതിർത്ത് ഇണചേരുമ്പോള്‍
ചിതറി വീഴുന്ന ഹിമകണങ്ങൾ പോലെ

വാച്യാർത്ഥ നിറവും
വ്യംഗ്യാർത്ഥ പൊരുളും
നിന്നിൽ എന്നും കുളിരു പെയ്യട്ടെ.!!

Saturday, January 16, 2016

ഓര്‍മ്മകള്‍ തൊട്ടുരുമ്മുമ്പോള്‍

എട്ടുകാലികളെ പോലെയാണ്
ചില ഓര്‍മ്മകള്‍ ..
മറക്കാന്‍ ശ്രമിക്കുന്തോറും
മനസ്സാകെ വലകൾ
തീർത്തു കൊണ്ടിരിക്കും

ഒരായിരം ചോദ്യങ്ങളുമായി
കുണുങ്ങി കുറുമ്പുകാട്ടുന്ന
ഒന്നാം ക്ലാസ്സുകാരിയെ പോലെ
ഏതു തിരക്കിലുമത്
മനസ്സിനെ തൊട്ടുരുമി നില്‍ക്കും

ഉത്തരത്തിൽ പകച്ചിരുന്ന്
ചിലയ്ക്കുന്ന പല്ലിയെ പോലെ,
ഓർക്കാപ്പുറത്ത് പോലുമത്
ഒളിഞ്ഞിരുന്ന് മറയാത്ത
ശബ്ദരൂപങ്ങളെയുണർത്തും

ആലയിൽ പുകഞ്ഞെരിയുന്ന
കെടാത്ത കനലു പോലെ
ഓരോ ശ്വാസനിശ്വാസത്തിലും
ഉണര്‍ന്നുണര്‍ന്ന് മിഴികളിലത്‌
തുളുമ്പി നില്‍ക്കും .

അങ്ങനെയങ്ങനെ
ഒത്തിരിയൊത്തിരി
മറക്കാൻ ശ്രമിക്കുമ്പോഴാണ്
ഓർമ്മകളോരോന്നും
പെയ്തൊഴിയാത്ത മഴയായ്
മനസ്സില്‍ നിറയുന്നത്....

Sunday, January 10, 2016

മൌനമേ.....

നീ വരൂ.....
ആകാശം
തൊട്ടുണരുന്ന
കിനാവുകളുടെ
വയലറ്റുപൂക്കൾ പൂക്കുന്ന 
കൊടുമുടികളിലേക്ക്
നമുക്ക് യാത്ര പോകാം


നിറങ്ങളൂറുന്ന മിഴികളിൽ നോക്കി
നോവിൻറെ ഊടുവഴികൾ
മറികടക്കാം


നിശ്വാസങ്ങൾ ഉണരുന്ന
അധരങ്ങളാൽ വാക്കുകളെ
ബന്ധിതരാക്കാം


തപിക്കുന്ന നിമിഷങ്ങളുടെ
മേഘരൂപങ്ങളിൽ ഒളിഞ്ഞിരുന്ന് 
തളരുമ്പോൾ


കുളിരിൻറെ ഗസലുകൾ
പാടിപ്പാടി കെട്ടിപുണരുന്ന
മഴത്തുള്ളികളെപോൽ
ജീവനിലലിഞ്ഞു ചേരാം....

Friday, January 8, 2016

മരണമെത്തുന്ന നേരത്ത് ....

മരണത്തിന്‍റെ
അരികു പറ്റിച്ചേർന്ന്
നടക്കുമ്പോഴാവും
പിണങ്ങിപ്പോയ
ഓർമ്മകൾ പോലും
ഉറുമ്പിൻ നിര പോലെ
വേഗം വേഗം മനസ്സിലേക്ക്
വന്നണയുന്നത്......


വെന്തു പൊള്ളിയതിനെയും
കനലായ് നീറ്റുന്നതിനെയും
വെയിലത്തെത്തുന്നൊരു
ചാറ്റൽ മഴ പോലെ
കണ്ണീരിൽ കുതിർത്തു വയ്ക്കും


കൊഴിഞ്ഞ ഇലകളോടും
പടർമര ചില്ലകളോടും
കാറ്റിൻറെ ചീളുകളോടും
ശംഖിലെ കടലിരമ്പം പോലെ
രഹസ്യമായ് കഥകൾ പറയും


കേട്ടു മറക്കാത്ത ശബ്ദങ്ങള്‍ക്കും
വായിച്ചു മടുക്കാത്ത അദ്ധ്യായങ്ങൾക്കും
എഴുതിത്തീരാത്ത ഏടുകൾക്കും
ശബ്ദം വറ്റിയ അധരങ്ങളാൽ
ചുട്ടുപൊള്ളിക്കാതെ
ചുടുചുംബനം നൽകും....


മരണത്തിന്‍റെ
അരികു പറ്റിച്ചേർന്ന്
നടക്കുമ്പോഴാവും
പിണങ്ങിപ്പോയ
ഓർമ്മകൾ പോലും
ഉറുമ്പിൻ നിര പോലെ
വേഗം വേഗംമനസ്സിലേക്ക്
വന്നണയുന്നത്......

Thursday, August 27, 2015

തോണിക്കാരന്‍ .....




നനഞ്ഞിട്ടും
ഒട്ടും നനയാതെ
പുഞ്ചിരികള്‍
നട്ടു നനച്ചൊരാള്‍

ദാരിദ്ര്യം നീറ്റുന്ന
കിനാവ്രണങ്ങളിലേക്ക്
നേര്‍ത്ത വിളികള്‍
കാത്തു കാത്ത്

വെയിലേറ്റങ്ങളെ
ഒന്നൊന്നായ്
തോളിലേറ്റി

കരുതലായൊരു
തോണിയും
കാവലായൊരു
തുഴയും
കാത്തു വച്ചൊരാള്‍

ഒറ്റ തുഴയുടെ
സ്പന്ദനങ്ങളില്‍
എന്നെന്നും
വിശപ്പിന്‍റെ ആഴം
കാക്കുന്ന കയങ്ങള്‍,
തുള്ളിക്കളിക്കുന്ന
കുഞ്ഞു മത്സ്യങ്ങള്‍,

എന്നാലും ,

കറപുരണ്ട
കറുത്ത ചുണ്ടില്‍
ചിരി പടര്‍ത്തി
വിധിയുടെ
കൊടുംകാറ്റില്‍
ആടിയുലഞ്ഞ്
കരുതലുകള്‍
കാത്തുകാത്തു വച്ച്
അയാള്‍ പോകയാണ്
തോണിക്കാരന്‍!!!

കുട





കുടയൊന്നു വാങ്ങണം
കൂട്ടിനായ് കരുതണം

കരിമേഘമൊന്നിങ്ങു
കൂടെ പോന്നെങ്കിലോ

കടും വെയില്‍ നീളെ
കാത്തു നിന്നീടിലോ

കരുതലായ്‌ തണലായാ
കുടയൊന്നു നിവര്‍ത്തണം

കാത്തിടുക.....

കനവിലെഴുതുന്ന വാക്കല്ല 
കരളുടക്കുന്ന പൊരുളാണ് 
കരം കോര്‍ത്തു പോകെ നീ 
കാതരമായ് കാത്തിടേണ്ടത്...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...