Wednesday, December 28, 2011

ഒരു ശിശിരത്തിന്‍ ഓര്‍മ്മയില്‍...

സൂചിമുനകളാല്‍ കോര്‍ത്ത
ചിത്രപണികളുള്ള
മനോഹരമായൊരു
ക്യാന്‍വാസ് ....


നഷ്ടപ്പെടുന്ന നിമിഷങ്ങളില്‍
ശ്വാസനിശ്വാസങ്ങളില്‍
പുനര്‍ജ്ജനിക്കുന്ന
ജീവന്റെ സ്പന്ദനം.....


ഈ ശിശിരത്തില്‍,
ഒരു വിരല്‍ത്തുമ്പിനപ്പുറം
സൌഹൃദത്തിന്റെ
നേര്‍ത്ത മഞ്ഞിന്‍ പുതപ്പ്..


വേദനകളുടെ നിറവിലും
ശ്വാസനിശ്വാസങ്ങളുടെ
നേരിയ ഇടവേളകളിലെ
നിശ്ശബ്ദതയില്‍ പോലും...


മറവിയില്‍ ഒടുങ്ങാത്ത
നിന്റെ അവ്യക്ത രൂപം...


ഓര്‍മ്മകളില്‍
ഉപ്പുനീര്‍ ഇറ്റിച്ച്


വാക്കുകളില്‍
മഴവില്ല് ചാലിച്ച്


എന്നോ കരുതി വച്ച
ഒരു നിറക്കൂട്ട്..


നനുത്ത കൈത്തലം
ആര്‍ദ്രമായ് നീട്ടി
നീയിതു വാങ്ങൂ...


സ്നേഹത്തിന്റെ
പഴയ താളുകളിലെ
സ്വപ്നശകലങ്ങള്‍ക്ക്
നീയിതു നല്‍കൂ..


മരണത്തെക്കാള്‍
ഭയാനകമായ
മൗനം ഒരുക്കുന്ന 
മലവെള്ളപാച്ചിലില്‍
ഇനി ഞാന്‍ നടന്നിറങ്ങട്ടെ..
ഒരു കളിമണ്‍ക്കട്ടയായ്
മണ്ണിലലിഞ്ഞിടട്ടെ.....10 comments:

 1. വര്‍ത്തമാന അനുഭവമാണ്,
  തയ്ച്ചുചേര്‍ത്ത ധമനി, അതിന്റെ സംഗീതം !
  മറവി ഒരനുഗ്രഹമാണ്
  ഓര്‍മ്മ കണ്ണീരിന്റെ പേമാരി സൃഷ്ടിക്കുന്നിടത്തെല്ലാം !
  എനിക്കെന്റെ സ്വപ്നങ്ങളില്‍ നിന്ന് വേറിട്ട് നിലയില്ല
  സ്വപ്നങ്ങള്‍ക്കൊപ്പം ഞാനും !!

  ReplyDelete
 2. ഏതു പരുപരുത്ത പ്രതലത്തിലും
  തന്റെ ജീവന്‍ കൊണ്ട്
  സുകൃതായനം
  രചിയ്ക്കുന്ന എന്റെ കൂട്ടുകാരീ
  നിനക്കു
  മരണത്തിനപ്പുറത്തുമുണ്ടാവും
  കാത്തിരിയ്ക്കാന്‍
  കാവലിരിയ്ക്കാന്‍
  ആയിരം സ്നേഹനക്ഷത്രങ്ങള്‍.
  എങ്കിലും പറയുന്നു ഞാന്‍.
  ഈ നേരം
  ഇത്തിരിനേരം .....

  പറയൂ
  ഇനിയും ചാവാതെ
  പാപം പെറ്റുകൂട്ടുന്ന
  ഞങ്ങളുടെ
  വേദനയാകാതിരിയ്ക്കാന്‍.....

  ഒരു തളിര്‍ വെട്ടമാക നീ.

  മിനുവിന് സന്തോഷത്തിന്റെ
  സമാധാനത്തിന്റെ
  സര്‍വ്വ ഐശ്വര്യങ്ങളുടെ
  അനേക വര്‍ഷങ്ങള്‍
  നേരുന്നു.
  ഉണ്ടാവും ഉണ്ടാവണം
  എന്നെപ്പോലുള്ളവര്‍ക്കൊപ്പം....
  എപ്പഴും .

  നല്ല ഉള്ളിലേയ്ക്കിറങ്ങുന്ന വരികള്‍...
  സ്നേഹത്തോടെ....

  SIVANSUDHALAYAM

  ReplyDelete
 3. മനോഹരമായ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.പക്ഷെ,ഒരര്‍ഥത്തില്‍ വലിയൊരു വിയോജിപ്പുണ്ട്.
  ".. മരണത്തെക്കാള്‍
  ഭയാനകമായ
  മൗനം.."
  ഉണ്ടോ?

  ReplyDelete
 4. മരണത്തെക്കാള്‍ ഭയാനകമായ മൌനക്കൂട്ടിലേക്ക് ഒന്നും പറയാതെ ഒരു യാത്ര പോലും പറയാതെ ഇറങ്ങി മെല്ലെ നടന്നു പോയ സൌഹൃദങ്ങള്‍ ഉണ്ടാകില്ലേ......

  ReplyDelete
 5. തോന്ന്യാക്ഷരങ്ങളെ...,എനിക്ക് കാവ്യാകാശത്തെ താരമായി തീരണ്ട..
  ഒരു മിന്നാമിന്നിയായി നറു വെട്ടമായി ഞാനുണ്ടാകുമെന്നുമീ ഭൂമിയില്‍...

  ReplyDelete
 6. നന്നായിട്ടുണ്ട് മിനുസേ ...
  ഇത്ര പേടിയാണോ?... ഹി ഹി

  ReplyDelete
 7. ന്റ്റെ സ്നേഹിതയ്ക്ക് ഒരുപാട് സ്നേഹം മാത്രം വര്‍ഷിച്ച്....പുതുവത്സരാശംസകളോടെ...

  വര്‍ഷിണി...!

  ReplyDelete
 8. പുതുവത്സരാശംസകള്‍...

  ReplyDelete
 9. സൌഹൃദം, സ്നേഹം അതിന്റെ ഊഷ്മളതയില്‍ മൌനം മഴവില്ലായ് മാഞ്ഞ് വാചാലതയില്‍ കളിപറഞ്ഞ്, ഭൂതകാലത്തിന്റെ മയില്‍പ്പീലിതുണ്ടുകള്‍ പെറ്റുവോന്ന് കിനാവുകണ്ട് ഇനിയും ഒരുപാട് നാഴികകള്‍ നമുക്ക് മുന്നെയുണ്ട്, കൂടെ ഒരു സഹയാത്രികനായ് നിന്റെ സൌഹൃദവും..

  പുതുവത്സരാശംസകള്‍!

  ReplyDelete

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...