Friday, September 28, 2012

നാളെകളില്‍...

ഒരു മിന്നാമിനുങ്ങിനെ
എനിക്ക് കടം തരിക..
നിന്റെ വിസ്മയം തുളുമ്പുന്ന
മിഴികളെ ഇനിയും
ഞാന്‍ കാണട്ടെ...

ഒരു മഴവില്ലിനെ
എനിക്ക് കാട്ടി തരിക
നിന്റെ പ്രണയം വിടര്‍ന്ന്‍
മടങ്ങി പോയ മനസ്സ്
ഞാന്‍ കണ്ടിടട്ടെ..

Wednesday, September 26, 2012

മൃത്യു വന്നു വിളിച്ചിടുമ്പോള്‍...

മതഭേദങ്ങള്‍ കൊടികുത്തി
വാണരുളും പടിപ്പുര വാതിലുകള്‍
എനിയ്ക്ക് തുറന്നിടേണ്ട..

സ്ത്രീത്വം നീറിപ്പുകഞ്ഞൊടുങ്ങും
ഇല്ലത്തിന്‍  അകത്തളങ്ങള്‍
എനിയ്ക്ക് കടക്കേണ്ടതില്ല..

ജാതി കോമരങ്ങള്‍ ഉറഞ്ഞു
തുള്ളിയാടും കാവുകള്‍
എനിയ്ക്ക് തീണ്ടേണ്ടതില്ല...

ഇന്നലെകളിന്‍ ആഢ്യത്വം
നാവടക്കി കിടക്കും
കോവിലകത്തിന്‍ ഇടനാഴികള്‍
എനിയ്ക്ക് കാണേണ്ടതില്ല...
 
ആചാരാനുഷ്ഠാനങ്ങള്‍
കൊമ്പുകോര്‍ത്ത്  പിടഞ്ഞു
മരിക്കും ഉടവാളെനിക്ക്
സ്വന്തമാക്കേണ്ടതില്ല....

അര്‍ത്ഥമില്ലാ കാമനകള്‍
പതുങ്ങി വന്നെത്തും
നിലവറത്താഴുകളെനിക്ക്
തുറക്കേണ്ടതില്ല.....

നിന്‍ മനസ്സിന്‍
മുറ്റത്തൊരു തുളസിത്തറയും
അതിലൊരു കൃഷ്ണത്തുളസിയും
ഇമവെട്ടുമൊരു ചെരാതും
ഒരു കിണ്ടി ദാഹജലവും
എനിയ്ക്കായ്...എനിയ്ക്കായ്...

Tuesday, September 25, 2012

അനുരാഗ പടവില്‍.....

അനുരാഗ പടവിലെന്‍ കാലൊച്ച കേട്ട നാള്‍
രാഗവിവശയായി തീര്‍ന്നുവോ തോഴി നീ..?


ദലമര്‍മ്മരങ്ങള്‍ നിന്‍ കാതില്‍ ഇക്കിളിക്കൂട്ടിയോ
ഇളം തെന്നല്‍ നിന്‍ മൃദുമേനി തഴുകിയുണര്‍ത്തിയോ.....

അകലെയെന്നാലും ഞാന്‍ നിന്‍ അരികിലില്ലയോ
നിന്‍ അധരങ്ങള്‍ രാഗപ്പൂമ്പൊടി പകര്‍ന്നുവോ


കുളിര്‍ നെറ്റി വിയര്‍പ്പാല്‍ നനഞ്ഞതെന്തേ 

നിന്‍ മിഴികളിലെന്‍ മുഖം തുളുമ്പിയെന്നോ..

നിദ്രയില്‍ നിന്നരികില്‍ ഞാനണഞ്ഞതില്ലയോ
നിന്‍ മാനസകിനാക്കള്‍ ശ്രുതിമീട്ടി പാടിയെന്നോ

നിന്‍ നേര്‍ത്ത വിരലുകളാല്‍ തംബുരു മീട്ടവേ
എന്‍ പ്രണയവീചിയില്‍ നീയലിഞ്ഞോ....

Saturday, September 22, 2012

ഓര്‍മ്മകള്‍ വേട്ടയാടുമ്പോള്‍...

ചില ഓര്‍മ്മകള്‍ 
ഒരുനാളും പിരിയാതെ
ഒരു പിശാചു പോലെന്റെ 

പിന്നാലെ പാഞ്ഞു നടക്കുന്നു,

തൊട്ടു തലോടി പായുന്ന

തെന്നല്‍ പോലെ...
ഒളിഞ്ഞു വന്നെന്നെ

 എന്നെ ചുഴലുന്നു...

ശ്വാസ വേഗങ്ങളിലൂടെ

ഞാനറിയാതെ
എന്റെ പ്രാണനില്‍
കടന്നു കയറി
വല്ലാതെ പൊള്ളിക്കുന്നു..


മറവിയുടെ ആഴ-
ക്കയത്തില്‍ മുങ്ങിത്തപ്പി
വിഷസ്മരണകളുടെ 
ചഷകം തീര്‍ത്ത്
എന്റെ അധരങ്ങളീലേക്ക്
അടുപ്പിക്കുന്നു....

ഓര്‍മ്മ പിശാചിന്റെ 

വലയിലകപ്പെട്ട്
കിതച്ചും ഗതികെട്ടും 
ഞാനലയുകയാണ്...

നാളെയുടെ വേഗങ്ങളിലേക്ക്..

നിങ്ങളിലേക്ക് ഞാനീ 
ഓര്‍മ്മപിശാചിനെ 
എടുത്തെറിയുകയാണ്..

 

Friday, September 21, 2012

എന്റെ നിദ്രയില്‍..

വേദനയുടെ 
ശ്വാസവേഗങ്ങളറിയാതെ
ഇന്നിനി എനിയ്ക്കൊന്നു ഉറങ്ങണം..

രാപ്പാടികള്‍ പ്രാര്‍ത്ഥനാമന്ത്രണം തുടരട്ടെ
നക്ഷത്രങ്ങള്‍ കാവല്‍ വിളക്ക് തെളിയിക്കട്ടെ...

ഇഷ്ടങ്ങള്‍ നഷ്ടപ്പെട്ടൂര്‍ന്നിറങ്ങിപ്പോയ
കൈവെള്ള പാതി ഇനിയും തുറന്നു വച്ച്


സ്വപ്നങ്ങള്‍ വിരുന്നിനു പോയി മടങ്ങാത്ത
മിഴികളില്‍ നക്ഷത്ര ഭൂപടം സ്വപ്നം കണ്ട്...

കാലം തലോടി കടന്ന മുടിയിഴകളില്‍

ബാല്യത്തിന്റെ നഷ്ടം ചേര്‍ത്ത് കെട്ടി..

എന്റെ ഈ നിദ്രയ്ക്ക് മേല്‍ ഭയനകമായ 

ഈ വാഴ്ത്തലുകളെല്ലാം വ്യര്‍ത്ഥം...  

ആശ്ചര്യങ്ങള്‍ ആവാഹിക്കാന്‍ 
കാക്കുന്ന ചുണ്ടുകളിലേക്ക് പകരട്ടെ...

ഈ നിദ്ര വെറും ശ്മശാനത്തിലേക്കല്ല.....

ഏകാന്തതയുടെ ഒറ്റവാക്ക്

എനിക്കായി പകര്‍ന്ന് തന്ന
ഒരു ഇന്ദ്രജാലക്കാരന്റെ പക്കലിലേക്ക്.....







Tuesday, September 18, 2012

കണ്ടുവോ നിങ്ങളെന്‍ കിനാവിനെ......



പുറത്തു നല്ല ഇരുട്ടായിരുന്നു...
അക്ഷരങ്ങളെ തേടുന്ന മനസു പോലെ
മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നുണ്ടായിരുന്നു .
പലതതവണ താക്കീത് നല്‍കിയതാണ്
കൈത്തുമ്പില്‍ നിന്നൂര്‍ന്ന് പോയ പട്ടം പോല്‍
നീയും ദിശറിയാതെ എങ്ങോ പോയി ഒടുങ്ങുമെന്ന്
വ്യര്‍ത്ഥമാണീ യാത്രയെന്ന്...

എങ്കിലും,
സ്വകാര്യം പറഞ്ഞെത്തിയ ചാറ്റല്‍മഴയ്ക്കൊപ്പം
വിസ്മയം കാട്ടിയ മേഘനാദത്തോടൊപ്പം
വിരുന്നെത്തിയ രാപ്പാടിപ്പാട്ടിനൊപ്പം
രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ
അവള്‍ എന്നെ വിട്ടു ഇറങ്ങി പോയി
നിശ്ശബ്ദതയില്‍ അവളുടെ പദനിസ്വനം
അലിഞ്ഞലിഞ്ഞ് അവളെനിക്ക് അന്യയായി...

എന്നാല്‍...
നിങ്ങള്‍ക്കു ചിലപ്പോള്‍ അവളെ കാണാം
ഒരു വടക്കന്‍ കാറ്റ് വീശിയെത്തുമ്പോള്‍
ഓര്‍മ്മകളുടെ ചിലന്തി അവളില്‍ വല നെയ്യുമ്പോള്‍
വേദനയുടെ മാരിയില്‍ അവള്‍ മുങ്ങിനിവരുമ്പോള്‍
ഒരു മൌനത്തിന്റെ മേലാപ്പു മാറ്റി 
അവളിതു വഴി വരാം....
എന്റെ സ്വപ്നം....അവളിതു വഴി വന്നേക്കാം
ഒരൊച്ചയുമില്ലാതെ തനിയ്ക്കു തന്നെ കാതോര്‍ത്തു
നിങ്ങളിരിക്കുമ്പോള്‍......

Sunday, September 16, 2012

മൌനത്തില്‍ മുഖം ചേര്‍ക്കുമ്പോള്‍...

പൂത്തു നിന്ന വാകമരത്തിന്റെ നിഴലില്‍
നീ ഉപേക്ഷിച്ചകന്നവയെന്തെല്ലാമാണ്...

സൌഹൃദത്തിന്റെ അധരങ്ങളില്‍
നിന്നൊരു സാന്ത്വനം....

സഹതാപത്തിന്റെ മിഴിക്കോണില്‍
നിറഞ്ഞൊരു കണ്ണീര്‍ക്കണം..

വിരഹത്തീയില്‍ വെന്തു വീണ
അരുണാഭയാര്‍ന്ന മോഹപ്പൂക്കള്‍....

ഇനിയൊരു കാലവും ഓര്‍മ്മയില്‍

ഞാനിവയെ നിറയ്ക്കില്ല......

വാക്കുകളെ കൈവെള്ളയിലൊതുക്കി

മൌനത്തിന്റെ വാല്മീകത്തില്‍
എന്നിലേക്കു തന്നെ മുഖം ചേര്‍ത്തു ഞാനിരിയ്ക്കും

എന്തിനെന്നോ എന്റെ ഹൃദയതാളത്തില്‍

ഉയരുന്ന നിശ്ശബ്ദതയ്ക്ക് കാതോര്‍ക്കാന്‍....

Friday, September 14, 2012

കാവ്യസന്ധ്യ,


മൌനം 
പതിയിരിക്കുന്നൊരെന്‍ 
വിജനപാതയില്‍
മിഴികോണുകള്‍ ഉടക്കി 

നില്‍ക്കുവതാരാണ്
ഇമ ചിമ്മാതെയെന്‍ 

മിഴികള്‍ തിരഞ്ഞിടുമ്പോള്‍
മറയുന്നു പിന്നെയും 

ബാക്കിയാവുന്നു ഞാനും.....

 * * * * * * * * * *


ഇന്നലെ പിണങ്ങി 
പോയോരു കാലം 
ഇന്നൊരു മഴതേരിന്‍
ഓര്‍മ്മയിലേറി വന്നണയുമ്പോള്‍
ഇത്തിരി കരിവളത്തുണ്ടും
കലങ്ങിയ കരിമഷിക്കണ്ണും
മാനം കാണാതൊരു മയില്‍പ്പീലിയും
നിന്‍ നേര്‍ക്കു നീട്ടുന്നു
ഒരു കൊച്ചു സൌഹൃദത്തിന്‍
മങ്ങിപ്പോയൊരു നേര്‍ച്ചിത്രം....

* * * * * * * * * * * *

ഞാന്‍ ....
നിശ്ശബ്ദതയുടെ കാവല്‍ക്കാരി
മൌനത്തിന്റെ ഊടുവഴികളില്‍
സ്വപ്നഗോവണികള്‍ കാണാം
അതിലേറിയാല്‍ കണ്ണീര്‍പെയ്തില്‍
വീണുടഞ്ഞ കിനാക്കള്‍ കാണാം...


* * * * * * * * *  


ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...